Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 26

ഹാജറ സമാധാനിച്ചു; ഉപേക്ഷിച്ചവന്റെ ദൈവം തന്നെയല്ലേ ഉപേക്ഷിക്കപ്പെട്ടവളുടെയും

ജിബ്രാന്‍ /റീഡിംഗ് റൂം

         ഇബ്‌റാഹീം പ്രവാചകന്‍ ഭാര്യ ഹാജറയെയും മകന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിച്ച ചരിത്രം കുട്ടിക്കാലത്ത് ഒരുപാട് വായിച്ചിട്ടുണ്ട്. മുസ്‌ലിം എഴുത്തുകാര്‍ തന്നെ മലയാളത്തില്‍ ഒട്ടേറെ ഈ ചരിത്രത്തെ എഴുതിയിട്ടുണ്ട്. ഇബ്‌റാഹീം കുടുംബത്തിന്റെ പരിചിത ചരിത്രത്തോട് വിയോജിക്കുന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ടെങ്കിലും പ്രശസ്ത എഴുത്തുകാരി സാറാ ജോസഫിന്റെ 'ആതി' എന്ന നോവലില്‍ വിവരിച്ച ആ ചരിത്ര ആഖ്യാനത്തിന്റെ മനോഹാരിത മറ്റൊരു എഴുത്തിലും കണ്ടിട്ടില്ല. 'ആതി' എന്ന നോവല്‍ വികസിക്കുന്ന ഗ്രാമത്തിലെ കഥാകാരന്‍ നൂര്‍ മുഹമ്മദിന്റെ നാവിലൂടെയാണ് ഹാജറയിലൂടെയും ഇസ്മാഈലിലൂടെയും അന്നോളം ആള്‍താമസമില്ലാത്ത മക്കയില്‍ ഒരു നാഗരികതയുണ്ടായ ചരിത്രം സാറാ ജോസഫ് സുന്ദരമായ ഭാഷയില്‍ വര്‍ണിക്കുന്നത്. ഇബ്‌റാഹീം കുടുംബത്തിന്റെ ചരിത്രം സ്മരിക്കുന്ന ഈ ദുല്‍ഹജ്ജ് മാസത്തില്‍ ജിബ്രാന്‍, നോവലിലെ ആ ഭാഗം പകര്‍ത്തിയെഴുതുകയാണ്.

ഹാഗാര്‍. ഇസ്മാഈലിന്റെ അമ്മ.

അവളുടെ ഭര്‍ത്താവ് അതിരാവിലെ അവളെ വിളിച്ചുണര്‍ത്തി. കുറച്ച് അപ്പവും കുറേ ഈന്തപ്പഴവും ഒരു തോല്‍ക്കുടം നിറയെ വെള്ളവും എടുത്ത് അവളുടെ കൈയില്‍ കൊടുത്തു. എന്റെ പിന്നാലെ വരൂ. നിന്റെ മകനെയും എടുത്തോളൂ. അയാള്‍ തന്റെ ഒട്ടകത്തിന്റെ പുറത്ത് കേറി.

മൊട്ടക്കുന്നുകളും മുള്‍ച്ചെടികളും പൊടിക്കാറ്റും മാത്രമുള്ള മരുഭൂമിയിലൂടെ ഏറെ ദൂരം അവര്‍ സഞ്ചരിച്ചു. ഘോരമായ മരുഭൂമിയുടെ നടുക്കെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു.

ഇവിടെ നില്‍ക്കുക. എന്നിട്ടയാള്‍ അതിവേഗം തന്റെ ഒട്ടകത്തെയും ഓടിച്ച് തിരിച്ചുപോയി.

അവള്‍ വിളിച്ചു ചോദിച്ചു. ഞങ്ങളെ ഉപേക്ഷിക്കുകയാണോ?

അയാള്‍ തിരിഞ്ഞു നോക്കിയില്ല.

അതിഭയങ്കരമായ ഈ വിജനതയില്‍ എന്നെയും നമ്മുടെ കുഞ്ഞിനെയും ഉപേക്ഷിച്ചിട്ട് എന്തുകൊണ്ട് തിരിച്ചുപോകുന്നു?

അയാള്‍ തിരിഞ്ഞുനോക്കിയില്ല.

''ഞാനെന്തു ചെയ്തു? എന്റെ തെറ്റെന്താണ്? അതെങ്കിലും പറയൂ. അതറിയാനുള്ള അവകാശം പോലും എനിക്കില്ലേ?''

ഹാഗാര്‍ ഉറക്കെ നിലവിളിച്ചു.

അയാളില്‍നിന്ന് ഒരുത്തരവും കിട്ടിയില്ല. മരുക്കാറ്റില്‍ അയാളുടെ ചുവപ്പു മേലാട പൊങ്ങിപ്പറക്കുന്നതു കണ്ട് നിരാശയോടെ അവള്‍ നിലത്തിരുന്നു.

എന്റെ കൈയില്‍ ഒന്നുമില്ല.

ഉണ്ടായിരുന്നതത്രയും ഇതുവരെയുള്ള യാത്രയില്‍ തന്നെ തിന്നു തീര്‍ത്തു. ഇനിയുള്ളത് കുറച്ച് ഈന്തപ്പഴം മാത്രം. തോല്‍ക്കുടത്തില്‍ കാല്‍ഭാഗം വെള്ളം മാത്രം. സൂര്യനോ, എന്റെയും കുഞ്ഞിന്റെയും മേല്‍ തീ കോരിയിടുന്നു. എന്റെ അകവും പുറവും വെന്തുകഴിഞ്ഞു. ചുട്ടുപഴുത്ത മണല്‍പ്പരപ്പ് വറചട്ടിയിലെന്നോണം എന്നെ പൊരിയ്ക്കുന്നു. പോയ്മറയുന്നവനേ, നിന്റെ കടിഞ്ഞൂല്‍ പുത്രനെ ഞാനെങ്ങനെ കാക്കും?

മണല്‍ക്കുന്നിനപ്പുറത്ത് അയാളുടെ ചുവപ്പുമേലാടയുടെ അവസാനക്കാഴ്ചയും മറഞ്ഞുപോവുകയാണ്.

ഹാഗാര്‍ ശബ്ദം മുഴുവനുമെടുത്ത് ഉറക്കെ വിളിച്ചു ചോദിച്ചു.

''ദൈവമാണോ ഇത് കല്‍പിച്ചത്?''

കുന്നിനു മുകളില്‍ അയാള്‍ തന്റെ ഒട്ടകത്തെ പിടിച്ചുനിര്‍ത്തി. എന്നിട്ട് തിരിഞ്ഞുനോക്കി.

''അതെ! ഇത് ദൈവത്തിന്റെ നിശ്ചയമാണ്.''

കുന്നിറങ്ങി അയാള്‍ മറയും വരെ അവള്‍ കുഞ്ഞിനെയും മാറത്തടുക്കി നോക്കിക്കൊണ്ടുനിന്നു. അപ്പോള്‍ കനത്ത പൊടിക്കാറ്റ് വീശുകയും കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അവള്‍ ഭൂമിയിലേക്ക് കുനിയുകയും ചെയ്തു. കാറ്റ് ശമിച്ചപ്പോള്‍ മുഖത്തും മുടിയിലും ശിരോവസ്ത്രങ്ങളിലും പൊടിമൂടിയ അവളെക്കണ്ട് കുഞ്ഞ് ഭയന്ന് നിലവിളിച്ചു.

ഓരോ കാറ്റിലും മരുഭൂമിയുടെ രൂപവും ഭാവവും മാറിക്കൊണ്ടിരുന്നു. ഓരോ കാറ്റിനു ശേഷവും പുതിയ പുതിയ മരുഭൂമികള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അവള്‍ക്ക് കണ്ണുനീര്‍ വറ്റിപ്പോയിരുന്നു. മുലപ്പാലും വറ്റിയിരുന്നു. രക്തവും വറ്റിത്തീരുകയായിരുന്നു. ദൈവത്തിന്റെ അനന്തമായ കാരുണ്യം പോലെ അവളില്‍ സദാ ഒഴുകിക്കൊണ്ടിരുന്ന എല്ലാ നീരൊഴുക്കുകളും വറ്റുകയായിരുന്നു.

ഇസ്മാഈല്‍ വിശന്നു കരഞ്ഞു.

മകനേ, ഈ കൊടുംചൂടില്‍ എന്റെ മുലപ്പാല്‍ വറ്റിത്തീരും മുമ്പ്, കിട്ടാവുന്നത്രയും വലിച്ചൂറ്റി എടുത്തുകൊള്ളുക. അവള്‍ കുഞ്ഞിനെ മാറിടത്തിലൊളിപ്പിച്ചു.

ഇസ്മാഈലിന്റെ വിശപ്പ് ശമിച്ചില്ല.

അവന്റെ ദാഹവും ശമിച്ചില്ല.

അമ്പരപ്പോടെ അവന്‍ അമ്മയെ നോക്കി. വിശന്നും ദാഹിച്ചും കരഞ്ഞു, രാത്രിയില്‍ അവന്‍ ഉറങ്ങി.

രാത്രിയില്‍ അവള്‍ക്കാരുണ്ട് തുണ?

ഈ മരുഭൂമി അവളെ ഇത്രയേറെ ഭയപ്പെടുത്തുമ്പോള്‍ ആരുണ്ട് അവളെ ആശ്വസിപ്പിക്കാന്‍?

വിറയ്ക്കുന്ന അവളുടെ ശരീരത്തിനും അതിലേറെ വിറയ്ക്കുന്ന അവളുടെ മനസ്സിനും എവിടെയുണ്ട് ഒരു താങ്ങ്?

ആകാശം മേല്‍ക്കൂര.

ചുവരുകളില്ലാത്ത അതിവിശാലമായ ഒരു മാളികയാണ് മരുഭൂമി.

ചക്രവാളത്തില്‍ ദൈവത്തിന്റെ കാരുണ്യം കരിമ്പടങ്ങള്‍ തൂക്കിയിടുന്നുണ്ട്. 

നമുക്ക് തണുക്കാതിരിക്കാനാണ്, മകനേ. അവള്‍, തണുപ്പില്‍ താടിയെല്ലുകള്‍ കൂട്ടിയിടിക്കുന്ന കുഞ്ഞിനെ ആശ്വസിപ്പിച്ചു.

രാത്രിയില്‍ അതിശൈത്യമുള്ള കാറ്റ് വീശിക്കൊണ്ടിരുന്നു. പകല്‍ മുഴുവന്‍ കനല്‍പോലെ ജ്വലിച്ച മണല്‍, രാത്രിയില്‍ മഞ്ഞുകട്ടികള്‍പോലെ തണുത്തുറഞ്ഞു.

ഹാഗാര്‍, അവളുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ മാറിടത്തിന്റെ ചൂടില്‍ മകനെ പൊതിഞ്ഞുവെച്ചു.

ശീതക്കാറ്റേ,

മരുപ്പരപ്പേ,

ഇരുട്ടേ,

വിജനതയേ,

ഇവനെ വിഴുങ്ങാന്‍ വാ പിളര്‍ക്കരുതേ.

അവള്‍ക്ക് കലശലായി ദാഹിച്ചുവെങ്കിലും, പിറ്റേന്നത്തെ പകലിന്റെ കൊല്ലുന്ന ചൂടിലേയ്ക്കായി അവള്‍ വെള്ളം കാത്തുവെച്ചു. വിശന്നുവെങ്കിലും അവശേഷിച്ച ഒരേ ഒരു കാരക്ക മകനുവേണ്ടി കരുതിവെച്ചു.

നക്ഷത്രങ്ങളുടെ വെളിച്ചം മരുഭൂമിയുടെ വിജനതയെ ഇരട്ടിപ്പിച്ചു.

ദീര്‍ഘനിശ്വാസങ്ങള്‍ പോലെ ഇടയ്ക്കിടെ പൊടിക്കാറ്റ് വീശിക്കൊണ്ടുമിരുന്നു.

നീളംകുറഞ്ഞ രാത്രി ഒരുവിധം അവസാനിച്ചു. നീളംകൂടിയ പകല്‍ കടന്നുവന്നു. ജ്വലിയ്ക്കാവുന്നത്ര ജ്വലിച്ചിട്ട് സൂര്യന്‍ മണല്‍ക്കുന്നുകള്‍ക്കു പിന്നില്‍ മറഞ്ഞു നിന്നു.

അപ്പോഴും മണല്‍ ചുട്ടുപഴുത്തു കിടന്നു.

പിന്നെയും കൊടുംശൈത്യവുമായി രാത്രി വന്നു.

ഹാഗാറിന്റെ കൈയിലെ വെള്ളം തീര്‍ന്നു. അവളുടെ മകന്‍ ദാഹിച്ച് നിലവിളിച്ചു. സാന്ത്വന വാക്കുകള്‍ കൊണ്ട് അവന്റെ ദാഹം മാറ്റാനാവില്ല. കരഞ്ഞു കരഞ്ഞ് അവന്റെ ശബ്ദം ദുര്‍ബലമായിക്കൊണ്ടിരുന്നു. ഒടുവില്‍ അത്, കഴുത്തുഞെരിയ്ക്കപ്പെട്ട ഒരു കിളിയുടെ തൊണ്ടയില്‍ നിന്നെന്നോണം കീകീയെന്ന ഞരക്കം മാത്രമായി.

തോല്‍ക്കുടം പിഴിഞ്ഞ് ഒന്നുരണ്ടുതുള്ളി വെള്ളം അവള്‍ കുഞ്ഞിന്റെ ഉണങ്ങിയ ചുണ്ടില്‍ പുരട്ടി. അവന് മതിയായില്ല. വികൃതമായ ശബ്ദത്തില്‍ അവന്‍ നിര്‍ത്താതെ ഞരങ്ങി.

ഒന്നുകില്‍ കുഞ്ഞ് അല്ലെങ്കില്‍ താന്‍.

ആരാവും ആദ്യം മരിയ്ക്കുക?

കുഞ്ഞാണ് ആദ്യം മരിയ്ക്കുന്നതെങ്കില്‍ ഈ മണല്‍ക്കാട്ടില്‍ ചെറിയൊരു കുഴിയുണ്ടാക്കി തന്റെ കൈകൊണ്ടുതന്നെ അവനെ മറവു ചെയ്യുന്നതോര്‍ത്ത് അവള്‍ നടുങ്ങി. എന്നിട്ട് അവനെ ഇവിടെ ഉപേക്ഷിച്ച് താന്‍ ഈ മരുഭൂമിയില്‍ അലഞ്ഞുതിരിയും! താനാണ് ആദ്യം മരിയ്ക്കുന്നതെങ്കിലോ? മുമ്പത്തേതിനേക്കാള്‍ വലിയ നടുക്കമാണ് അപ്പോള്‍ അവള്‍ക്കുണ്ടായത്. മരുപ്പക്ഷികള്‍ കൊത്തിക്കീറുന്ന തന്റെ ജഡത്തിന്നരികില്‍ അവന്‍ കരഞ്ഞുകൊണ്ടിരിയ്ക്കുന്നതോ, അമ്മയെ അന്വേഷിച്ചുകൊണ്ട് മരുഭൂമിയില്‍ ഇഴഞ്ഞുനടക്കുന്നതോ ഓര്‍ത്ത് ഹാഗാര്‍ ഭയവിഹ്വലയായി.

ഇതോ ദൈവനിശ്ചയം!

ഇല്ല. ഇതാവില്ല. ഇതിലും വലുതെന്തോ ആയിരിയ്ക്കണം.

ഹാഗാര്‍ എഴുന്നേറ്റു.

ഉപേക്ഷിച്ചവന്റെ ദൈവം തന്നെയാണ് ഉപേക്ഷിയ്ക്കപ്പെട്ടവളുടെ ദൈവവും. 

അന്വേഷിയ്ക്കണം. ജീവന്റെ ഉറവ കണ്ടെത്തണം. ഹാഗാര്‍ അലഞ്ഞു. നിരാശയായി. കുന്നുകള്‍ കയറി. കുന്നുകള്‍ ഇറങ്ങി. പലകുറി തളര്‍ന്നുവീണു. കുഞ്ഞിന്റെ ഞരക്കങ്ങള്‍ അവളുടെ ജീവനെ പലവട്ടം നടുക്കത്തിലാഴ്ത്തി.

കരുണയില്ലാതെ ജ്വലിയ്ക്കുന്ന സൂര്യനോട്, നീതിബോധമില്ലാതെ വീശുന്ന കാറ്റിനോട്, കുഴയുന്ന കാലുകളില്‍ കനല്‍ കോരിയിടുന്ന മണല്‍പ്പരപ്പിനോട് അവള്‍ സംസാരിച്ചു.

അല്‍പം കൂടി ദയ കാണിയ്ക്കൂ. കുറച്ചുകൂടി സമയം അനുവദിയ്ക്കൂ. എന്നോട് സൗഹൃദത്തിലാവൂ...

ഉച്ചതിരിഞ്ഞപ്പോള്‍ ഇസ്മാഈലിന്റെ അനക്കം നിലച്ചു. മരിച്ചെന്നു കരുതി അവനെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി അവള്‍ നടുങ്ങിനിന്നു. നെഞ്ച് പിളര്‍ത്തിക്കൊണ്ട് പുറപ്പെട്ട ഒരു നിലവിളി പാതിയില്‍ മുറിഞ്ഞു. ആരോ അവളുടെ പേര് വിളിച്ചെന്ന് ഹാഗാറിന് തോന്നി.

ആര്? ആരാണ്? ആരാണെന്നെ സഹായിയ്ക്കാനെത്തുന്നത്? അവളുടെ ആഗ്രഹം തന്നെയാണവളെ വിളിച്ചത്. അവള്‍ തന്നെയാണവളെ വിളിച്ചത്. ഭയാനകമാംവിധം വിസ്തൃതമായ വിജന മരുപ്പരപ്പ് അത് സാക്ഷ്യപ്പെടുത്തി.

നെഞ്ചത്തലച്ചുകൊണ്ട് ഹാഗാര്‍ കുഞ്ഞിനു മീതെ കമിഴ്ന്നുകിടന്നു.

അപ്പോള്‍ വീണ്ടും അവളുടെ കുഞ്ഞ് ഞരങ്ങുകയും ആരോ അവളെ പേരെടുത്തു വിളിയ്ക്കുകയും ചെയ്തു. അവള്‍ കുഞ്ഞിനെ വാരിയെടുത്തു. ആരാണെന്നെ വിളിയ്ക്കുന്നതെന്ന നിലവിളിയോടെ അങ്ങുമിങ്ങും ഓടി. ആരുടെ കരുണയുള്ള ഹൃദയത്തിന്റെ മിടിപ്പുകളാണ് ഞാന്‍ കേള്‍ക്കുന്നത്? ആരുടെ കാരുണ്യത്തിന്റെ സുഗന്ധമാണ് കാറ്റിലൂടെ വന്ന് എന്നെ തൊടുന്നത്!~ താങ്ങാനാവാത്ത ഈ ഏകാന്തതയില്‍ ദൈവമേ, അതാരാണ്? ഉളളിലെ കരുത്ത് മുഴുവന്‍ സ്വരൂപിച്ച് കാലുകള്‍ക്ക് കൊടുത്തുകൊണ്ട് ഹാഗാര്‍ ആ മരുഭൂമിയിലിഴഞ്ഞു. ആരാണ്? എവിടെയാണ്?

ശബ്ദത്തിന്റെ ഉറവിടം അവള്‍ കണ്ടെത്തുക തന്നെ ചെയ്തു. കുറ്റിക്കാടിനരികിലായി, വിചിത്ര രൂപിയായ ഒരു പറവ, അതിന്റെ ചിറകു കൊണ്ട് നിലത്തു തല്ലുന്ന ഒച്ചയായിരുന്നു അത്. ഹാഗാര്‍... ഹാഗാര്‍...ഹാഗാര്‍... അതിന്റെ കിളുന്തു തൂവലുകള്‍ നാലുപാടും ചിതറിക്കിടന്നിരുന്നു. ചിറകില്‍ ചോര പൊടിഞ്ഞിരുന്നു. എന്നിട്ടും നിര്‍ത്താതെ ഭൂമിയെ തല്ലിത്തുറക്കാനെന്നോണം അത് ചിറകിട്ടടിച്ചു കൊണ്ടിരുന്നു.

ഹാഗാര്‍ അമ്പരന്നു നില്‍ക്കെ, കരിക്കിന്‍കണ്ണ് തള്ളിത്തുറന്ന്, വെള്ളം തുളുമ്പിത്തെറിയ്ക്കും പോലെ ഭൂമിയിലൊരു ഉറവ തുറക്കപ്പെട്ടു! ആ പക്ഷി ആര്‍ത്തിയോടെ വെള്ളം കുടിയ്ക്കുന്നതും വീണ്ടും വീണ്ടും ഉറവയില്‍ മുങ്ങിപ്പൊങ്ങുന്നതും ചിറകു കുടഞ്ഞ് ആനന്ദിയ്ക്കുന്നതും വിശ്വസിയ്ക്കാനാവാതെ അവള്‍ നോക്കിനിന്നു. പൊടുന്നനെ, ഒരു നിലവിളിയോടെ ഹാഗാര്‍, തന്റെ മകനെ ഉറവയില്‍ മുക്കി. വിറയ്ക്കുന്ന കൈകള്‍കൊണ്ട് വെള്ളം കോരിയെടുത്ത് അവന്റെ വായില്‍ നിറച്ചു. വീണ്ടും വീണ്ടും അവള്‍ അവനെ ഉറവയില്‍ മുക്കിക്കൊണ്ടിരുന്നു. ഉറവ നിലച്ചതേയില്ല. അനുനിമിഷം അത് വലുതായിക്കൊണ്ടിരുന്നു. വെള്ളം വന്ന് നിറഞ്ഞുകൊണ്ടേയിരുന്നു. തന്റെ മുലകളില്‍ പാല്‍ നിറയും വരെ അവള്‍ ജലാശയത്തില്‍ മുങ്ങിക്കിടന്നു. വെള്ളം മുലപ്പാലാവുന്നത് അവള്‍ അനുഭവിച്ചറിഞ്ഞു.

വരണ്ട കുന്നുകള്‍ക്കും മുള്‍ച്ചെടികള്‍ക്കും ഇടയില്‍ ഒരു തടാകക്കരയില്‍ മരുഭൂമിയുടെ എകാന്തതയില്‍ അവള്‍ വസിച്ചു. നീരുറവകള്‍ക്കരികില്‍ താമസിയ്ക്കാറുള്ള ഒരു പക്ഷിയാണ് മരുഭൂമിയിലെ ജലസാന്നിധ്യം അവളെ അറിയിച്ചതെന്ന് ഹാഗാര്‍ തിരിച്ചറിഞ്ഞു. ദൈവനിശ്ചയം ഓര്‍ത്ത് ഹാഗാര്‍ വിനീതയായി.

അവിടെ നീരോട്ടമുണ്ടെന്നറിഞ്ഞ് നാടോടികളും ഗോത്രവര്‍ഗക്കാരും തേടിവന്നു. അവര്‍ ജലാശയം കണ്ടു. അതിന്റെ കരയില്‍ ഒരു കുഞ്ഞിനെയും മടിയില്‍ വെച്ചിരിയ്ക്കുന്ന ഏകാകിയായ സ്ത്രീയെ കണ്ടു.

''ഞങ്ങള്‍ ഇതില്‍ നിന്ന് കുടിച്ചോട്ടെ?''

നാടോടികള്‍ ചോദിച്ചു. ഹാഗാര്‍ അനുവദിച്ചു.

''ഞങ്ങള്‍ ഇതിന്റെ കരയില്‍ താമസിച്ചോട്ടെ?'' ഗോത്രവര്‍ഗക്കാര്‍ ചോദിച്ചു.,

ജനതകളുടെ ദാഹം ഹാഗാറിന് മനസ്സിലാവും. അതുപോലെ വെള്ളത്തിന്റെ വില അതുല്യമാണെന്നും അവള്‍ക്കറിയാം. ജീവന്റെ രഹസ്യം അതില്‍ എഴുതപ്പെട്ടിരിയ്ക്കുന്നു.

അവള്‍ പറഞ്ഞു. ''എനിയ്ക്ക് വിരോധമില്ല. പക്ഷേ വെള്ളത്തിന്റെ ഉടമസ്ഥ ഞാനായിരിക്കും. അതിന്റെ അമ്മയും പരിപാലകയും ഞാനായിരിക്കും. അധികാരത്തിന്റെ പേരിലല്ല; ജീവന്റെ പേരിലാണ് ഞാന്‍ ഇത് നിങ്ങളോട് പറയുന്നത്. ആദ്യത്തെ തുള്ളി വെള്ളത്തിന്റെ വില എന്റെ കുഞ്ഞിന്റെ ജീവന്റെ വിലയാണെന്നറിഞ്ഞവളാണ് ഞാന്‍. കണ്‍മുന്നിലൊരു തടാകം കണ്ട് മതിമറന്ന് നില്‍ക്കുന്നവരാണ് നിങ്ങള്‍. ആദ്യത്തെ തുള്ളി വെള്ളത്തെക്കുറിച്ച് അറിവില്ലാത്തവരുമാണ്. നിങ്ങള്‍ക്കത് മറക്കാം. ഞാന്‍ മറക്കില്ല. ധൂര്‍ത്ത് ഞാന്‍ അനുവദിയ്ക്കില്ല.''

നാടോടികള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും സമ്മതമായിരുന്നു. അവര്‍ ദാഹപരവശരായിരുന്നു.

''വെള്ളം നീ തന്നെ പരിപാലിയ്ക്കുക. ഞങ്ങള്‍ ഭക്ഷണം തേടിക്കൊണ്ടുവരാം. നീ ഞങ്ങള്‍ക്ക് വെള്ളം തന്നാല്‍ മതി.''

മരുഭൂമിയില്‍ ഒരു ജല ഉടമ്പടിയുണ്ടായി. സഞ്ചാരികള്‍ അവള്‍ക്കും കുഞ്ഞിനും തിന്നാന്‍ കൊടുത്തു. അവര്‍ ദാഹം തീരുവോളം കുടിയ്ക്കുകയും കുളിയ്ക്കുകയും ചെയ്തു.

വെള്ളമുള്ളതുകൊണ്ടുതന്നെ തടാകക്കരയില്‍ കായ്കറികള്‍ നടാമെന്ന് അവള്‍ കണക്കുകൂട്ടി. ഒന്നിച്ചധ്വാനിച്ചാല്‍ ഒരു വിളവെടുപ്പ് നടത്താം. വിളവെടുപ്പുകളെ ഉത്സവങ്ങളാക്കി മാറ്റാം.

***

അങ്ങനെ ഒരു ജനത രൂപം കൊണ്ടു. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /11-17
എ.വൈ.ആര്‍