Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 19

'മൗലാനാ സയ്യിദ് ഹാമിദ് ഹുസൈന്‍' - ഒരനുബന്ധം

ഹൈദറലി ശാന്തപുരം /പ്രതികരണം

         'മൗലാനാ സയ്യിദ് ഹാമിദ് ഹുസൈന്‍ (1920-1982)' എന്ന തലക്കെട്ടില്‍ റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ പ്രബോധനത്തില്‍ (ലക്കം 2864) എഴുതിയ വ്യക്തിചിത്രത്തിന് അനുബന്ധമായി ചില കാര്യങ്ങള്‍ കുറിക്കട്ടെ.

ആദ്യമായി, രണ്ട് ചെറിയ പിശകുകള്‍ ചൂണ്ടിക്കാട്ടുന്നു. മരണവര്‍ഷം 1982 അല്ല, 1985 ആണ്. 'ഹജ്ജിന് പോകുന്ന വഴിയില്‍ രിയാദിലുണ്ടായ ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് ഇഹലോകവാസം വെടിഞ്ഞത്'എന്നെഴുതിയതും ശരിയല്ല. ഹജ്ജ് കര്‍മവും മദീനാസന്ദര്‍ശനവും കഴിഞ്ഞ്, തന്റെ മൂത്ത മകന്‍ ലിയാഖത്ത് ഹുസൈന്റെ കൂടെ ജിദ്ദയില്‍ താമസിക്കുന്നതിനിടയില്‍ 1985 സെപ്റ്റംബര്‍ 20-ന് വൈകുന്നേരമുണ്ടായ വാഹനാപകടത്തെതുടര്‍ന്നായിരുന്നു മരണം. അറബ് ന്യൂസ് ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററായിരുന്ന ലിയാഖത്ത് ഹുസൈന്റെ ഒരു സ്‌നേഹിതന്‍ ഓടിച്ചിരുന്ന കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. സിഗ്‌നല്‍ പ്രതീക്ഷിച്ച് കാര്‍ ഒരു ജംഗ്ഷനില്‍ നിര്‍ത്തിയിട്ട സമയത്ത്, ഒരു സുഊദി യുവാവ് ഓടിച്ചിരുന്ന വാഹനം സിഗ്‌നല്‍ നിയമം ലംഘിച്ച് എതിര്‍ദിശയില്‍നിന്ന് വന്ന് കൂട്ടിയിടിക്കുകയായിരുന്നു. പരിക്കുപറ്റിയ മൂന്നുപേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഹാമിദ് ഹുസൈന്‍ സാഹിബിന്റെ പരിക്ക് ഗുരുതരമായിരുന്നുവെങ്കിലും സന്ദര്‍ശകരെ സ്വീകരിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ, പത്ത് മണിക്കൂറുകള്‍ക്കുശേഷം ഹൃദ്രോഗബാധയെ തുടര്‍ന്ന് സ്ഥിതി മോശമാവുകയും അതിരാവിലെ മരണപ്പെടുകയുമാണുണ്ടായത്. ആ വര്‍ഷത്തെ ഹജ്ജില്‍ മൗലാനാ അബുല്ലൈസ് സാഹിബും സംബന്ധിച്ചിരുന്നു. ഹജ്ജ് കഴിഞ്ഞ് രിയാദില്‍ സന്ദര്‍ശനത്തിലായിരുന്ന അദ്ദേഹം ഹാമിദ് ഹുസൈന്‍ സാഹിബിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് ജിദ്ദയിലെത്തുകയും സെപ്റ്റംബര്‍ 23-ന് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍വെച്ച് മഗ്‌രിബ് നമസ്‌കാരാനന്തരം ഹറം ഇമാമിന്റെ നേതൃത്വത്തില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു. 'ജന്നത്തുല്‍ മുഅല്ല' ഖബ്‌റിസ്ഥാനിലാണ് ജനാസ ഖബറടക്കം ചെയ്യപ്പെട്ടത്.

മുഹമ്മദ് ജഅ്ഫര്‍ ചീഫ് എഡിറ്ററായി പാറ്റ്‌നയില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന റഫീഖ് ഉര്‍ദു മാസിക ഹാമിദ് ഹുസൈന്‍ സാഹിബിന്റെ നിര്യാണശേഷം 'മൗലാനാ സയ്യിദ് ഹാമിദ് ഹുസൈന്‍ നമ്പര്‍' എന്ന പേരില്‍ ഒരു വിശേഷാല്‍ പതിപ്പ് പുറത്തിറക്കുകയുണ്ടായി. 1985 ഡിസംബര്‍, 1986 ജനുവരി ലക്കങ്ങള്‍ സംയോജിപ്പിച്ച് ഇറക്കിയ വിശേഷാല്‍പതിപ്പില്‍ ലേഖനങ്ങളും കവിതകളും അനുഭവവിവരണവുമായി നാല്‍പ്പതോളം പേരുടെ രചനകളുമുണ്ട്. ഹാമിദ് ഹുസൈന്‍ സാഹിബിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ ചില ലേഖനങ്ങളും പ്രഭാഷണങ്ങളും അതില്‍ കാണാം. മകന്‍ ഖാലിദ് ഹുസൈന്‍ 'അബ്ബാജാന്‍' എന്ന തലക്കട്ടിലെഴുതിയ ലേഖനത്തില്‍ പിതാവിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളും അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിത്വവും വിവരിച്ചിട്ടുണ്ട്. ദല്‍ഹിയിലെ 25 വര്‍ഷത്തെ താമസക്കാലത്ത് വീട്ടില്‍നിന്ന് ഓഫീസിലേക്കും തിരിച്ചും അതിശൈത്യവും അത്യുഷ്ണവും അവഗണിച്ചുകൊണ്ട് കാല്‍നടയായാണ് അദ്ദേഹം പോയിരുന്നത്. വീട്ടില്‍നിന്ന് ഓഫീസിലേക്ക് എട്ട് കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. ഏറെ തിരക്കുനിറഞ്ഞ പുരാതന ദല്‍ഹിയിലെ ഗല്ലികളിലൂടെയുള്ള നടത്തം വളരെ സാഹസികമാണ്.

സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന സയ്യിദ് ഹാമിദ് ഹുസൈന്‍ സാഹിബിനെ അടുത്തറിയാന്‍ പല സന്ദര്‍ഭങ്ങളും ഈ കുറിപ്പുകാരന് ലഭിക്കുകയുണ്ടായി. ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ വിദ്യാര്‍ഥി ജീവിതം അവസാനിച്ച ശേഷം ആദ്യമായി ലഭിച്ച പ്രവര്‍ത്തന കേന്ദ്രം അന്തമാന്‍ ദ്വീപായിരുന്നു. 1964-ല്‍ മര്‍ഹൂം പി.കെ ഇബ്‌റാഹീം മൗലവി(മേലാറ്റൂര്‍)യുടെ നേതൃത്വത്തില്‍ സ്റ്റുവര്‍ട്ട് ഗഞ്ചില്‍ സ്ഥാപിക്കപ്പെട്ട മര്‍കസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയിലെ അധ്യാപനത്തിനും പ്രസ്ഥാനപ്രവര്‍ത്തനത്തിനുമാണ് 1965-ല്‍ അങ്ങോട്ട് നിയോഗിക്കപ്പെട്ടത്. 1966 ഏപ്രില്‍ 8-ന് മര്‍കസിന്റെ രണ്ടാം വാര്‍ഷികം നടത്താനും അതില്‍ മുഖ്യാതിഥിയായി മൗലാനാ സയ്യിദ് ഹാമിദ് ഹുസൈന്‍ സാഹിബിനെ പങ്കെടുപ്പിക്കാനും തീരുമാനിക്കപ്പെട്ടു. അന്തമാനിലെ ഇസ്‌ലാമിക പ്രസ്ഥാന ചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായിരുന്നു ഹാമിദ് ഹുസൈന്‍ സാഹിബിന്റെ പതിനഞ്ചു ദിവസം നീണ്ടുനിന്ന പര്യടനം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വ്യക്തികള്‍ക്ക് ഇസ്‌ലാമിനെയും ഇസ്‌ലാമികപ്രസ്ഥാനത്തെയും പരിചയപ്പെടുത്താനും സുപ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതു പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാനും പ്രസ്തുത പര്യടനം സഹായകമായി. ഇതോടനുബന്ധിച്ച് അന്തമാന്റെ വിവിധ ഭാഗങ്ങളില്‍ ജമാഅത്ത് അനുഭാവികളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും മുത്തഫിഖ് ഹല്‍ഖകള്‍ രൂപീകരിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന പി.കെ ഇബ്‌റാഹീം മൗലവിയും നാല് ഹംദര്‍ദുകളുമടങ്ങിയ കേന്ദ്ര ഹല്‍ഖ മാത്രമേ അതുവരെ നിലവിലുണ്ടായിരുന്നുള്ളൂ. പുതുതായി സ്റ്റുവര്‍ട്ട് ഗഞ്ച്, വിംബര്‍ലി ഗഞ്ച്, മണ്ണാര്‍ക്കാട്, ബാംബൂഫ്‌ളാറ്റ്, ഫോണിക്‌സ് ബേ എന്നിവിടങ്ങളില്‍ മുത്തഫിഖ് ഹല്‍ഖകളും മര്‍കസില്‍ വിദ്യാര്‍ഥി ഹല്‍ഖയും രൂപീകരിക്കപ്പെട്ടു.

1974 നവംബര്‍ 8,9,10 തീയതികളില്‍ ദല്‍ഹിയില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ അഞ്ചാം അഖിലേന്ത്യാ സമ്മേളനത്തിന്റെ നാസിം (കണ്‍വീനര്‍) സയ്യിദ് ഹാമിദ് ഹുസൈന്‍ സാഹിബ് ആയിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ഈയുള്ളവനും ഒരു മാസക്കാലം ജമാഅത്തിന്റെ കേന്ദ്ര ഓഫീസില്‍ കഴിച്ചുകൂട്ടുകയുണ്ടായി. ധാരാളം വിദേശ അതിഥികള്‍ പങ്കെടുത്ത സേമ്മളനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും അതിഥികളുടെ സ്വീകരണം, പരിചരണം മുതലായ കാര്യങ്ങള്‍ക്കുമായി, അന്ന് അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ദല്‍ഹിയില്‍ പോയത്. ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖാ ഓഫീസ് സെക്രട്ടറിയായിരുന്നു അക്കാലത്ത് ഈയുള്ളവന്‍. മൗലാനാ സയ്യിദ് ഹാമിദ് ഹുസൈന്‍ സാഹിബിന്റെ ആസൂത്രണ പാടവവും സ്ഥിരോത്സാഹവും ത്യാഗ സന്നദ്ധതയും നേരിട്ടറിയാന്‍ സാധിച്ചു. സമ്മേളനാവശ്യാര്‍ഥം പല രാത്രികളിലും വീട്ടില്‍ പോകാതെ അദ്ദേഹം ഉറക്കമൊഴിച്ച് പണിയെടുത്തിരുന്നു. ഒരു  ആര്‍ട്ടിസ്റ്റ് കൂടിയായിരുന്ന അദ്ദേഹം സമ്മേളനത്തിനാവശ്യമായ ബാഡ്ജ് തുടങ്ങിയവ സ്വയം ഡിസൈന്‍ ചെയ്യുകയായിരുന്നു.

1975-ലെ അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് തീഹാര്‍ ജയിലില്‍ അടക്കപ്പെട്ട അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബിനെയും ഹാമിദ് ഹുസൈന്‍ സാഹിബ് അടക്കമുള്ള മറ്റു നേതാക്കളെയും സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യം സിദ്ധിക്കുകയുണ്ടായി. അവരെല്ലാം സുസ്‌മേരവദനരായി സ്വീകരിക്കുകയും കേരളത്തിലെ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. അറസ്റ്റും ജയില്‍വാസവും അവരില്‍ യാതൊരു മാറ്റവും ഉണ്ടാക്കിയിരുന്നില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21/ അല്‍അമ്പിയാഅ്/ 7-10
എ.വൈ.ആര്‍