Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 19

പുഴയൊഴുകും പൂന്തോപ്പ്

കെ. നജാത്തുല്ല /കുറിപ്പ്

         വിശ്വസിക്കുകയും തദനുസൃതം ജീവിതം നയിക്കുകയും ചെയ്തവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ പ്രത്യേകം കവാടങ്ങളുണ്ട്. നമസ്‌കാരക്കാര്‍ക്ക് ബാബുസ്സ്വലാത്ത്, നോമ്പുകാര്‍ക്ക് റയ്യാന്‍, ബാബുല്‍ ജിഹാദ്... ഓരോ കവാടത്തിലൂടെയും ഓരോ വിഭാഗവും ആനയിക്കപ്പെടുന്നു. ചിലര്‍ മുഴുവന്‍ കവാടങ്ങളിലേക്കും വിളിക്കപ്പെടുന്നു. ഏതു കവാടത്തിലൂടെ സ്വര്‍ഗത്തിലെത്തിയാലും അവര്‍ക്കാസ്വദിക്കാനും അനുഭവിക്കാനുമുള്ളത് ഒരേ പുഴ, ഒരേ പൂന്തോപ്പ്...

ആറും ആരാമവും ആര്‍ക്കും പ്രത്യേകമല്ല. അത് പൊതുവാണ്. അറ്റം കാണാത്ത നിരവധി കവാടങ്ങളിലൂടെ ആര്‍ത്തലച്ചുവരുന്ന മനുഷ്യ പ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ ഈ നദീതടത്തിലെ ആരാമത്തിന് സാധിക്കുമോ എന്ന സന്ദേഹത്തിനു തെല്ലും ഇടമില്ല. ആകാശ ഭൂമികളോളം വിശാലമാണത്. തെളിനീരരുവി, പാലൊഴുകും പുഴ, ലഹരി നുണയാന്‍ മദ്യനദി, പൂന്തേനരുവി, കുതിച്ചൊഴുകുന്നവ... ഇങ്ങനെ പോകുന്നു സ്വര്‍ഗത്തിലെ ജലാശയങ്ങളെക്കുറിച്ച ഖുര്‍ആന്റെ വര്‍ണനകള്‍-ഭാവനകളല്ല, യാഥാര്‍ഥ്യങ്ങള്‍. സ്വര്‍ഗീയാരാമങ്ങളുടെ താഴ്ഭാഗത്തുകൂടി അവ ഒഴുകിക്കൊണ്ടിരിക്കുന്നു. അതില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച് വളര്‍ന്നു നില്‍ക്കുന്ന ചെറുതും വലുതുമായ ചെടികളും മരങ്ങളും. അവയില്‍ ഫലങ്ങളും പൂക്കളും പൂമ്പാറ്റകളും. അവ വിരിക്കുന്ന സുഖസുന്ദമായ ശീതളഛായ. ജീവിതം സുകൃതമാക്കിയവര്‍ക്കായി ഇവയെല്ലാം അല്ലാഹു തയാറാക്കി വെച്ചിരിക്കുന്നു. അതിനപ്പുറമുള്ള കാര്യങ്ങള്‍, അലൗകികവും അതീന്ദ്രിയവുമായ ഈ നദികളെയും പൂന്തോട്ടങ്ങളെയും കുറിച്ച അറിവുകള്‍ സ്വര്‍ഗനാഥന്റെ അടുത്ത് മാത്രമാണ്.

സ്വര്‍ഗീയ ജലാശയത്തെക്കുറിച്ച സ്വപ്നങ്ങളും പ്രതീക്ഷകളും ഏതൊരു മനുഷ്യനെയും പ്രചോദിപ്പിക്കുന്നതാണ്. ഒരു പുഴ, അതിനോടനുബന്ധിച്ച് സമൃദ്ധമായ, ഹരിതാഭമായ പ്രകൃതി. ആരെയും ആകര്‍ഷിക്കുന്ന, ഹരം പിടിപ്പിക്കുന്ന പ്രകൃതിയുടെ മനോഹരമായ ദൃശ്യാനുഭവങ്ങള്‍. ക്രൂരമായ ഹൃദയം കൊണ്ടുനടക്കുന്നവനെ പോലും തരളിതമാക്കാന്‍ കുതിച്ചോടുന്ന ഒരരുവിക്കും അതിനെ ഉപജീവിക്കുന്ന മനോഹരമായ നദീതടത്തിനും സാധിക്കുന്നു. അതുകൊണ്ടായിരിക്കാം സ്വര്‍ഗീയ സുഖത്തെ വിശേഷിപ്പിക്കുന്നിടത്ത് താഴ്‌വാരങ്ങളില്‍ പുഴയൊഴുകും പൂന്തോപ്പെന്ന് വിശദീകരിക്കുന്നത്. എത്രയെത്ര കഥകളാണ്, കവിതകളാണ്, യാത്രാ വിവരണങ്ങളാണ്, സാഹിത്യ സൃഷ്ടികളാണ് ആറിന്റെ തീരത്ത് സൗന്ദര്യമാസ്വദിച്ച് സ്തംഭിച്ചു നിന്നിട്ടുള്ളത്. ഭൂമിയിലെ പറുദീസയെന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങളിലെല്ലാം ഒരു പുഴയില്ലാതിരുന്നിട്ടില്ല.

ഇതുവരെ പുഴയെ അനുഭവിക്കാത്ത, നഗരത്തില്‍ താമസിക്കുന്ന ഒരു കുഞ്ഞിനെപ്പോലും മോഹിപ്പിക്കാന്‍ സാധിക്കുന്നതാണ് പുഴയും പരിസരവും. അതുകൊണ്ടായിരിക്കുമല്ലോ നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം അവിടെ ലഭിക്കുമെന്ന് പറയുമ്പോഴും സ്വര്‍ഗത്തിന്റെ അടിസ്ഥാന ഭാവം പുഴയായും അതിനോടു ചേര്‍ന്ന തോട്ടമായും അവതരിപ്പിക്കുന്നത്. ഭൂമിയില്‍ എല്ലാം ലഭിക്കുന്നത് നഗരങ്ങളിലാണല്ലോ. 

*****

ഭൂമിയിലെ നദികളുടെ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ക്കൊരു പ്രത്യേകതയുണ്ടായിരുന്നു. അവരുടെ വീടുകള്‍ നദികള്‍ക്കഭിമുഖമായിട്ടായിരിക്കും കെട്ടിയുണ്ടാക്കിയിരിക്കുക. ഓരോ പ്രഭാതത്തിലും പുഴയെ കണ്ടും അതില്‍ മുങ്ങി നിവര്‍ന്നുമാണ് ജീവിതമാരംഭിക്കുക. അവരുടെ ഓരോ സായാഹ്നത്തെയും തഴുകി സജീവമാക്കുന്നത് പുഴയില്‍ നിന്നടിക്കുന്ന നേരിയ മാരുതനാണ്. പുഴയുടെ ശാന്തത, അല്ലെങ്കില്‍ പ്രചണ്ഡ പ്രവാഹം അവരുടെ ജീവിതത്തിന്റെ സംഗീതമാണ്. ഇന്ന് പക്ഷേ പുഴവക്കിലെ വീടുകള്‍ പോലും പുഴയിലേക്കുള്ള അനന്തമായ നോട്ടത്തെ പിന്‍വലിച്ചിരിക്കുന്നു. പുഴയിലേക്ക് തിരിഞ്ഞുനിന്നിരുന്ന ഭവനങ്ങള്‍ റോഡിലേക്കു തിരിച്ചുനിര്‍ത്തി പുനര്‍നിര്‍മിക്കുന്ന സംസ്‌കാരം വല്ല ആപല്‍ സൂചനയുമാണോ? കാണേണ്ടതു കാണാതിരിക്കാനുള്ള സാമൂഹിക വാസ്തുവിദ്യാ ശാസ്ത്രം ഇതിനു പിന്നിലുണ്ടാവുമോ? സ്വര്‍ഗീയ അരുവിക്കും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന പച്ച പട്ടുടുപ്പിനും അഭിമുഖമായി ജീവിതത്തെ തിരിച്ചുനിര്‍ത്തണമെന്നാണ് സ്രഷ്ടാവ് ഉദ്ദേശിക്കുന്നത്.

ആരാണ് സ്വര്‍ഗീയ നദീതട സംസ്‌കാരത്തിലെ മനുഷ്യര്‍? നദീതീരത്ത് വീടുവെച്ചു താമസിക്കുന്നവരായിരിക്കുമോ? ഭൂമിയില്‍ ഒരു പുഴയെ കണ്ടാലറിയാം തീരത്ത് താമസിക്കുന്നവരുടെ സംസ്‌കാരവും ജീവിതവും. ഒരു നാട്ടിലെ മനുഷ്യ ജീവിതം എത്രമേല്‍ പ്രകൃതിക്കനുരൂപമാണെന്നും എത്ര കണ്ട് പ്രകൃതി വിരുദ്ധമാണെന്നും അവിടത്തെ പുഴ പറഞ്ഞുതരും. ഒടിഞ്ഞു വീണ മരത്തലപ്പുകളും ഉപേക്ഷിക്കപ്പെട്ട വസ്തുക്കളും പുഴയൊഴുക്കിലുണ്ടായിരുന്നെങ്കിലും അതിനെ യഥാസ്ഥാനത്ത് നിക്ഷേപിക്കാനുള്ള കരുത്തും പുഴയ്ക്കുണ്ടായിരുന്നു. ഇന്ന് പക്ഷേ പ്ലാസ്റ്റിക് ബാഗുകളില്‍ കെട്ടിയിറക്കപ്പെടുന്ന മാലിന്യങ്ങളും നിരവധി വ്യവസായശാലകള്‍ വിസര്‍ജിക്കുന്ന വസ്തുക്കളുമാണ് പുഴയില്‍ അടിഞ്ഞുകൂടി കിടക്കുന്നത്. മണലൂറ്റിയ ആറുകളില്‍ ചെളി നിറഞ്ഞു. മത്സ്യങ്ങള്‍ ചത്തു മലച്ചു. ഒരു കാര്യം ഉറപ്പ്. ഇതൊന്നും സ്വര്‍ഗത്തിലെ പുഴകളില്‍ നടപ്പിലാവാന്‍ ദൈവം സമ്മതിക്കില്ല. അതുകൊണ്ടുതന്നെ ഭൂമിയിലെ പുഴയെ നശിപ്പിച്ചവര്‍ക്ക് ഈ ആറുകള്‍ക്കക്കരെയും ഇക്കരെയും വീട് വെക്കാനാവില്ല. സ്വര്‍ഗീയ സംസ്‌കാരത്തിലേക്കും പ്രവേശനം ലഭിക്കാന്‍ അവര്‍ക്കര്‍ഹതയുണ്ടാവില്ല.

*****

പുഴയുടെ ഒഴുക്കാണ് മനുഷ്യനെ ജീവിതം പഠിപ്പിച്ചത്. ജീവിത പ്രവാഹവും നദീപ്രവാഹവും തമ്മിലെത്രയോ സാമ്യം. താഴ്ചയിലേക്ക് കുതിച്ചാണ് പുഴ ആശ്ചര്യപ്പെടുത്തുന്നത്. താഴ്മയുടെ മഹിമ പഠിപ്പിച്ചത് ജലത്തിന്റെ ഈ ശേഷി തന്നെ. വീഴ്ചക്കിത്രയും സൗന്ദര്യമുണ്ടെന്നും സ്വന്തം പതനത്തിലാണ് അപരന് വേണ്ടിയുള്ള ഊര്‍ജപ്രവാഹം സാധ്യമാകുന്നതെന്നും, വീണ്ടും കുതിച്ചൊഴുകാമെന്നും പുഴ പഠിപ്പിച്ചു. മുങ്ങാനും പൊങ്ങാനും സാധിക്കുന്നതാണ് ജീവിതം. ഇക്കരെപ്പച്ച തന്നെയാണ് അനുഭവ സത്യമെന്ന് പുഴ നീന്തിക്കടക്കുമ്പോള്‍ ബോധ്യമാവുന്നു. പതയുടെ കാപട്യത്തെ കുറിച്ചും പുഴ പഠിപ്പിച്ചു. നട്ടുച്ച വെയിലിലെ കുളിര്‍മയും സായാഹ്നത്തിലെ പ്രണയിനിയുടെ ഊഷ്മളതയുമാണ് പുഴ. വിയര്‍ത്തൊലിക്കുമ്പോഴും കുളിയുടെ ആശ്വാസം. കിലോ മീറ്ററുകള്‍ പിന്നിട്ട് പുഴ കരകാണാ കടലില്‍ പതിക്കുന്നതോടെ അതിന്റെ നിയോഗം പൂര്‍ത്തിയായി. മണ്ണിലലിഞ്ഞ് ചേര്‍ന്ന്, പുനര്‍ജനിച്ച് മനുഷ്യന്‍ തന്റെ ലക്ഷ്യസ്ഥാനത്തെത്തി- പുഴവക്കില്‍ തന്നെ. നദി അനന്തമായൊഴുകുകയാണ്, ജീവിതവും.

*****

വെള്ളത്തിന്റെ മുകളില്‍ നിന്ന് താഴോട്ടുള്ള ഒഴുക്ക് മാത്രമല്ല നദിയെന്ന് എത്രയോ പേര്‍ പറഞ്ഞിട്ടുണ്ട്. കാലത്തിലൂടെയുള്ള സഞ്ചാരമാണ് നദി. ഒരു പുഴയിലൊരിക്കലേ മുങ്ങാനാവൂ. പൊങ്ങുമ്പോഴേക്കും അത് തീര്‍ത്തും പുതിയൊരു പുഴയായിട്ടുണ്ടാവും. എത്രയോ സംസ്‌കൃതികള്‍ നദീതീരങ്ങളില്‍ വളരുകയും തളരുകയും ചെയ്തു. അഥവാ നദി വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്തു. ജീവിത മാര്‍ഗമായും പരീക്ഷണമായും ശിക്ഷയായും വിമോചനത്തിലേക്കുള്ള രാജവീഥിയായും പുഴ മനുഷ്യ ചരിത്രത്തോടൊപ്പം സഞ്ചരിച്ചു. സ്വര്‍ഗത്തില്‍ ദൈവപ്രീതിയുടെ അനന്ത പ്രവാഹമായി, നാനാ ഭാവ തരംഗിതമായി നദിയുണ്ടാവും.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21/ അല്‍അമ്പിയാഅ്/ 7-10
എ.വൈ.ആര്‍