Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 05

ഹയ്യ് ബ്‌നു യഖ്ദാന്‍

ഇബ്‌നു തുഫൈല്‍ /നോവല്‍-3

         സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്റെ നെഞ്ചിനുള്ളില്‍ അത്തരമൊരു അവയവം സ്ഥിതി ചെയ്യുന്നതായി അവനു തോന്നി. കൈകള്‍, കാലുകള്‍, ചെവികള്‍, കണ്ണുകള്‍ തുടങ്ങിയ തന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തനിക്കു തടസ്സപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. അതിന്റെയര്‍ഥം ഈ അവയവങ്ങളൊന്നും ഇല്ലെങ്കിലും തനിക്ക് നിലനില്‍ക്കാന്‍ കഴിയുമെന്നാണല്ലോ. എന്നാല്‍, നെഞ്ചിനകത്ത് സ്ഥിതി ചെയ്യുന്ന ആ അവയവം കൂടാതെ ഇമ വെട്ടാന്‍ പോലും സാധ്യമാവുകയില്ലെന്ന് അതിനെപ്പറ്റി ചിന്തിച്ചപ്പോള്‍ അവന് ബോധ്യപ്പെട്ടു. കാട്ടുമൃഗങ്ങളുമായി പോരടിക്കേണ്ടിവരുന്ന സമയങ്ങളില്‍, അവയുടെ കൊമ്പുകള്‍ തുളഞ്ഞുകേറി ആ അവയവത്തിനു ക്ഷതമേല്‍പ്പിക്കുമെന്ന ഭയത്താലാവണം, നെഞ്ചിന്റെ രക്ഷക്കായി താന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്താറുള്ളത്.

ഇവ്വിധം ചിന്തിച്ചപ്പോള്‍, ക്ഷതം സംഭവിച്ച ആ അവയവം നെഞ്ചിനുള്ളില്‍ തന്നെയാണെന്ന് അവന്‍ ഉറപ്പിച്ചു. അതിനെ പരിശോധിച്ചുനോക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. അതിനു പറ്റിയ കേട് എന്തുതന്നെയായാലും, സാധ്യമെങ്കില്‍, താനത് നീക്കുക തന്നെ ചെയ്യും.

അപ്പോള്‍ തന്റെ നീക്കം രോഗത്തേക്കാള്‍ ഗുരുതരമാവുകയും അതൊരു എടുത്തുചാട്ടം മാത്രമായി കലാശിക്കുകയും ചെയ്താലോ എന്നൊരു ഭയം അവനെ പിടികൂടി. അതിനാല്‍, ചത്തുപോയ ഏതെങ്കിലും മൃഗം സുഖം പ്രാപിച്ച് പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നിട്ടുണ്ടോ എന്ന് ഓര്‍മയില്‍ പരതി നോക്കി. പക്ഷേ, അത്തരം ഒരു സംഭവവും ഓര്‍ത്തെടുക്കാന്‍ സാധിക്കുകയുണ്ടായില്ല. എന്തായാലും അവളെ ആ നിലയില്‍ അവിടെ ഉപേക്ഷിക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ലഭിക്കാന്‍ പോകുന്നില്ല. ഭാഗ്യവശാല്‍ പ്രസ്തുത അവയവം കണ്ടെത്താനും അതിന്റെ കേടുപാട് തീര്‍ക്കാനും സാധിച്ചാല്‍ പ്രതീക്ഷക്കു വകയുമുണ്ട്.

അങ്ങനെ അവളുടെ മാറിടം കീറി പരിശോധിക്കുവാന്‍ അവന്‍ തീരുമാനിച്ചു. അതിനുവേണ്ടി ഉറപ്പുള്ള കല്‍ചീളുകളും ഉണങ്ങിയ മുളംചീന്തുകളും ഒരുക്കി. അവ ഏതാണ്ട് കത്തിയെപ്പോലെയിരുന്നു. അതുപയോഗിച്ച് വാരിയെല്ലുകളുടെ ഇടയില്‍ കൂടി കീറി മാംസം മുറിച്ച് ഡയഫ്രം വരെ എത്തി. അത് വളരെ ശക്തിയുള്ള ഒന്നായിരുന്നു. ഇത്ര ഉറപ്പുള്ള ഒരാവരണം അതുപോലുള്ള ഒരവയവത്തിനല്ലാതെ ഉണ്ടാവുകയില്ലെന്ന അവന്റെ ഊഹം ശക്തിപ്പെട്ടു. അതിനപ്പുറം എത്താനായാല്‍ തീര്‍ച്ചയായും അതു കണ്ടെത്താന്‍ സാധിക്കും. അതു കുത്തിപ്പൊളിക്കാന്‍ അവന്‍ ശ്രമിച്ചു. പക്ഷേ, ആയുധങ്ങളുടെ അപര്യാപ്തത കാരണം അവന്‍ പ്രയാസപ്പെട്ടു. കല്‍ച്ചീളുകളും മുളംചീന്തുകളും മാത്രമാണല്ലോ അവന്റെ കൈവശം ആകെയുള്ള ആയുധങ്ങള്‍.

ഹൃദയം

അവ ഉരച്ചു മൂര്‍ച്ചകൂട്ടി വീണ്ടും ശ്രമം തുടര്‍ന്നു. അവസാനം അത് പിളരുക തന്നെ ചെയ്തു. ആദ്യം കണ്ടത് ശ്വാസകോശമായിരുന്നു. ആദ്യ നോട്ടത്തില്‍, താന്‍ അന്വേഷിക്കുന്ന അവയവം അതാണെന്ന് അവന്‍ തെറ്റിദ്ധരിച്ചു. അത് അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ടുകൊണ്ട്, രോഗം ബാധിച്ച സ്ഥലം എവിടെയെന്ന് പരിശോധിച്ചു. താന്‍ തുറന്ന ദ്വാരത്തിനു അഭിമുഖമായി നില്‍ക്കുന്ന ഭാഗമാണ് ആദ്യം നോക്കിയത്. അത് ഒരു ഭാഗത്തേക്ക് ചെരിഞ്ഞാണ് കിടന്നിരുന്നത്. അതുകൊണ്ടുതന്നെ, താന്‍ അന്വേഷിക്കുന്ന അവയവം അതല്ലെന്ന് അവന്‍ ഉറപ്പിച്ചു. കാരണം പ്രസ്തുത അവയവം വീതിയിലും നീളത്തിലും ശരീരത്തിന്റെ ഒത്ത മധ്യത്തിലായിരിക്കുമെന്ന് അവന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. അവന്‍ അന്വേഷണം തുടര്‍ന്നു. അങ്ങനെ ഹൃദയം കണ്ടെത്തി. ഉറപ്പുള്ള ഒരു ആവരണം കൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു അത്. ശക്തിയുള്ള നാരുകള്‍ കൊണ്ട് ബന്ധിക്കുകയും ചെയ്തിരുന്നു. അവന്‍ തുറന്ന ഭാഗത്ത് ശ്വാസകോശങ്ങള്‍ കൊണ്ട് അത് മറയ്ക്കപ്പെട്ടിരുന്നു.

അവന്‍ സ്വയം പറഞ്ഞു: ''ഈ അവയവം ഞാന്‍ തുറന്ന ഭാഗത്തുള്ള അത്രയും, മറുഭാഗത്ത് കൂടി ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ശരീരത്തിന്റെ ഒത്ത മധ്യത്തിലായിരിക്കും. എങ്കില്‍ സംശയമില്ല ഞാന്‍ അന്വേഷിക്കുന്ന അവയവം ഇതുതന്നെയാണ്. പ്രത്യേകിച്ചും അതിന്റെ കിടപ്പും അതിന്റെ രൂപഭംഗിയും മാംസത്തിന്റെ ഉറപ്പും, മറ്റൊരു അവയവത്തിനും കണ്ടിട്ടില്ലാത്തവിധം ചര്‍മങ്ങള്‍ കൊണ്ടുള്ള സംരക്ഷണവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ അതുതന്നെ ആയിരിക്കാനാണ് സാധ്യത.''

തുടര്‍ന്നു മറ്റേ ഭാഗം കൂടി അവന്‍ പരിശോധിച്ചു. അവിടെയും വാരിയെല്ലുകളുടെ ഉള്‍ഭാഗത്തു കണ്ട ആ ചര്‍മമുണ്ടായിരുന്നു. ആദ്യം തുറന്ന ഭാഗത്ത് കാണപ്പെട്ട അതേ കിടപ്പില്‍ ശ്വാസകോശങ്ങളും. അതോടെ, അവന്‍ ഉറപ്പിച്ചു. താന്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന അവയവം അതു തന്നെ.

ഹൃദയത്തിന്റെ ബാഹ്യാവരണം പൊളിക്കുവാനാണ് അവനാദ്യം ശ്രമിച്ചത്. ഏറെ അധ്വാനിച്ചും ക്ലേശിച്ചും അത് സാധിച്ചു. ഹൃദയത്തെ മറ നീക്കി പരിശോധിച്ചപ്പോള്‍ അതിന്റെ എല്ലാ ഭാഗവും ഉറച്ചു കട്ടിയുള്ളതായി കാണപ്പെട്ടു. അതില്‍ എന്തെങ്കിലും ക്ഷതം പറ്റിയിട്ടുണ്ടോ എന്ന് പരതി നോക്കി. പക്ഷേ, പ്രത്യക്ഷത്തില്‍ യാതൊരു പരിക്കും കാണാന്‍ സാധിച്ചില്ല. കൈകൊണ്ട് ഞെക്കിനോക്കിയപ്പോള്‍ അതിന്റെ അകം പൊള്ളയാണെന്ന് മനസ്സിലായി. താന്‍ അന്വേഷിക്കുന്ന വസ്തു ആ പൊത്തിനകത്തായിരിക്കാമെന്ന് അവന്‍ ഊഹിച്ചു. അങ്ങനെ അത് തുറന്നു നോക്കിയപ്പോള്‍ അതിനകത്ത് രണ്ട് അറകള്‍ കാണപ്പെട്ടു; ഒന്ന് വലത് ഭാഗത്തും മറ്റൊന്ന് ഇടത് ഭാഗത്തും. വലതു ഭാഗത്തെ അറക്കുള്ളില്‍ നിറയെ രക്തമായിരുന്നു. ഇടതു ഭാഗത്തെ അറ തീര്‍ത്തും ശൂന്യവും.

അവന്‍ ആത്മഗതം ചെയ്തു: ''ഞാന്‍ അന്വേഷിക്കുന്ന വസ്തുവിന്റെ ഇരിപ്പിടം ഈ രണ്ടു അറകളില്‍ ഏതെങ്കിലും ഒന്നായിരിക്കണം. വലതുഭാഗത്തെ അറയില്‍ കട്ടപിടിച്ച രക്തമല്ലാതെ മറ്റൊന്നുമില്ല. ശരീരം മുഴുവന്‍ ഈയൊരവസ്ഥയിലായ ശേഷമായിരിക്കണം അത് ഇവ്വിധം ഉറഞ്ഞുപോയത് (ശരീരത്തില്‍നിന്ന് പുറത്തേക്കു ഒഴുകുമ്പോഴാണ് രക്തം കട്ടപിടിക്കുന്നതെന്ന് മുമ്പേ അവന്‍ നിരീക്ഷിച്ചിട്ടുണ്ടായിരുന്നു). ഈ രക്തത്തിന് മറ്റു രക്തങ്ങളില്‍നിന്ന് വ്യത്യാസമൊന്നുമില്ല. എല്ലാ അവയവങ്ങളിലും പൊതുവായി ഉള്ളതാണത്. ഞാന്‍ അന്വേഷിക്കുന്ന വസ്തു ഒരു നിലക്കും ഇതുപോലുള്ള ഒരു പദാര്‍ഥമല്ല. ഈ സ്ഥലത്ത് മാത്രമുള്ള ഒരു പദാര്‍ഥത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. അതില്ലാതെ ഇമവെട്ടുന്ന നേരത്തേക്കുപോലും നിലനില്‍ക്കാന്‍ പറ്റുകയില്ല. ആദ്യം മുതലേ ഞാന്‍ അന്വേഷിച്ചത് അതിനെയാണ്. കാട്ടുമൃഗങ്ങളുമായുള്ള കശപിശക്കിടയില്‍ രക്തം എത്രയോ തവണ എനിക്ക് നഷ്ടപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, എടുത്തുപറയത്തക്ക ഒരു വിഷമവും അതുമൂലം ഉണ്ടായിട്ടില്ല. ജീവിതത്തിലെ ഒരു പ്രവര്‍ത്തനവും അതുമൂലം തടസ്സപ്പെട്ടിട്ടുമില്ല. അതിന്റെയര്‍ഥം ഞാന്‍ അന്വേഷിക്കുന്ന ആ സാധനം ഈ അറയിലുള്ളതല്ലെന്നാണ്. എന്നാല്‍, ഇടതുവശത്തുള്ള അറ ശുദ്ധ ശൂന്യമായിട്ടാണ് കാണുന്നത്. എങ്കിലും അത് ഒരു കാര്യവുമില്ലാതെ ഉണ്ടാക്കപ്പെട്ടതാണെന്ന് ചിന്തിക്കാന്‍ ന്യായമൊന്നും കാണുന്നില്ല. ഓരോ അവയവത്തിനും സ്വന്തമായ എന്തെങ്കിലും ധര്‍മം നിര്‍വഹിക്കാനുണ്ട്, എന്നിരിക്കെ ഹൃദയത്തിന്റെ ഈ അറക്ക് മാത്രം ഉപയോഗമില്ലെന്ന് വരുന്നതെങ്ങനെ? പ്രത്യേകിച്ചും ഇത്രയും മികച്ച ഒരു പഞ്ജരം അതിനുണ്ടായിരിക്കെ. ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആ പദാര്‍ഥം ഒരിക്കല്‍ ഇതിനകത്ത് താമസിച്ചിരിക്കണം. പിന്നീടത് വാസസ്ഥലം വിട്ട് പോയതാവാം. അങ്ങനെയാവും ഈ സ്ഥലം ശൂന്യമായിത്തീര്‍ന്നത്. ആ പദാര്‍ഥം അപ്രത്യക്ഷമായതിനാലാവണം ശരീരത്തിന് ബോധം നഷ്ടപ്പെട്ടതും ചലനം നിലച്ചതും.''

ആ അറയില്‍ മുമ്പ് കുടികൊണ്ടിരുന്ന പദാര്‍ഥം അറക്ക് നാശം ബാധിക്കുന്നതിനു മുമ്പേ കൂടുവിട്ടുപോയതായിരിക്കുമെന്നും ഈ വെട്ടിപ്പൊളിച്ച ശരീരത്തിലേക്ക് ഇനിയൊരിക്കലും അത് തിരിച്ചുവരികയില്ലെന്നും അവന്‍ മനസ്സിലാക്കി.

അങ്ങനെ ആലോചിച്ചപ്പോള്‍ ശരീരം പരിഗണനാര്‍ഹമല്ലാത്ത ഒന്നാണെന്നും അവനു തോന്നി. ഒരിക്കല്‍ ഉണ്ടായിരുന്നതും പിന്നീട് സ്ഥലം വിട്ടതുമായ ആ വസ്തുവിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ശരീരം ഒന്നുമല്ല. അതിനാല്‍ തന്റെ ആലോചനകളത്രയും ആ ഒരു വസ്തുവില്‍ മാത്രം അവന്‍ കേന്ദ്രീകരിച്ചു. അതെന്തായിരുന്നു? അതെങ്ങനെയാണ് നിലനിന്നിരുന്നത്? ശരീരവുമായി അതിനെ ചേര്‍ത്തുനിര്‍ത്തിയത് എന്തായിരുന്നു? എങ്ങോട്ടാണത് പോയത്? ഏതു വഴിയിലൂടെയാണ് പോയത്? എപ്പോഴാണത് ശരീരത്തെ വിട്ടുപിരിഞ്ഞത്? എന്തായിരുന്നു ആ വേര്‍പാടിനു കാരണം? നിര്‍ബന്ധിതാവസ്ഥയില്‍ കൂടുവിടേണ്ടി വന്നതാണോ? അതല്ല, സ്വയം വിട്ടുപോയതാണോ? സ്വയം വിട്ടുപോയതാണെങ്കില്‍ അതിനു രസിക്കാതിരുന്ന എന്ത് കാര്യമാണ് ശരീരത്തില്‍ ഉണ്ടായത്? ഇത്തരം ചിന്തകളാല്‍, ചത്തുപോയ ശരീരത്തെക്കുറിച്ച എല്ലാ ആധികളും അവന്‍ മാറ്റിവെച്ചു. അത് മനസ്സില്‍നിന്ന് തീര്‍ത്തും തുടച്ചുമാറ്റി. കാരണം, തന്നെ അത്യന്തം വാത്സല്യത്തോടെ മുലയൂട്ടി വളര്‍ത്തിയ 'അമ്മ' ആ കൂടുവിട്ടുപോയ പദാര്‍ഥമായിരുന്നുവെന്ന് അവന്‍ മനസ്സിലാക്കിയിരുന്നു. അവളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഉണ്ടായത് ആ പദാര്‍ഥത്തില്‍ നിന്നാണ്; അതിന്റെ ഒരു ഉപകരണം മാത്രമായിരുന്നു ഈ നിശ്ചല ശരീരം. കാട്ടുമൃഗങ്ങളുമായി പോരാടാന്‍ താന്‍ ഉണ്ടാക്കിയ കുറുവടി പോലെയുള്ള ഒരായുധം മാത്രം. ഇങ്ങനെ അവന്റെ ചിന്തയില്‍നിന്ന് ശരീരം പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെട്ടു. അതിനെ നിയന്ത്രിക്കുകയും ചലിപ്പിക്കുകയും ചെയ്തിരുന്ന ആ ഒരു പദാര്‍ഥത്തെക്കുറിച്ചു മാത്രമായി അവന്റെ ആലോചനകള്‍. അതിനെ അന്വേഷിച്ചു കണ്ടുപിടിക്കുക എന്നതല്ലാത്ത മറ്റൊരു ആഗ്രഹവും അവനുണ്ടായിരുന്നില്ല. 

(തുടരും)

വിവ: റഹ്മാന്‍ മുന്നൂര്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /1-3
എ.വൈ.ആര്‍