Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 05

ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച ചില തപ്ത ചിന്തകള്‍

വി.എ കബീര്‍ /പുസ്തകം

         പ്രബോധനം ടാബ്ലോയിഡ് രൂപത്തില്‍ പുറത്തിറങ്ങിയ ആദ്യ ലക്കം മുതല്‍ക്കേ സിദ്ദീഖ് ഹസന്‍ അതില്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകള്‍ അന്നും അദ്ദേഹത്തിന്റെ വിഷയത്തിലുള്‍പ്പെട്ടിരുന്നു. മുസ്‌ലിം മജ്‌ലിസെ മുശാവറ രൂപം കൊണ്ട അറുപതുകളില്‍ അതിനെക്കുറിച്ച് ഒരു വിശകലനം അദ്ദേഹം എഴുതിയതായി ഓര്‍ക്കുന്നു. 'ദൈവത്തിന്റെ പാര്‍ട്ടി, പിശാചിന്റെ പാര്‍ട്ടികള്‍' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഒരു കുറിപ്പും ഓര്‍ക്കുന്നുണ്ട്. അതിലെ ചൊടിയുള്ള ഭാഷ ആകര്‍ഷകമായിരുന്നു. 'പ്രബോധനം വളര്‍ത്തിയ കുട്ടി' എന്നാണ് ഈ സമാഹാരത്തിലെ ഒരു ലേഖനത്തില്‍ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഫറോക്ക് റൗദത്തുല്‍ ഉലൂമിലെ വിദ്യാര്‍ഥിയായിരിക്കെ വാരികയുടെ പ്രഥമ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു വന്ന തന്റെ ആ പ്രഥമ രചനയെക്കുറിച്ചും അദ്ദേഹം ഈ ലേഖനത്തില്‍ അനുസ്മരിക്കുന്നുണ്ട്. അറബ് ഉച്ചകോടിയെക്കുറിച്ച് അരനൂറ്റാണ്ടിന് മുമ്പ് എഴുതിയ ആ ലേഖനം ഈ കൃതിയില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. വിദ്യാര്‍ഥി ജീവിതകാലത്തും അധ്യാപക ജീവിതകാലത്തും അദ്ദേഹം എഴുത്ത് തുടര്‍ന്നിരുന്നെങ്കിലും ഒരു എഴുത്തുകാരന്‍ എന്നതിനേക്കാളുപരി കര്‍മരംഗത്തായിരുന്നു കൂടുതലായും പിന്നീടദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ഇക്കാലത്ത് ഒന്ന് രണ്ട് വിജ്ഞേയമായ കൃതികള്‍ അറബിയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റുകയുമുണ്ടായി. എങ്കിലും സിദ്ദീഖ് ഹസന്‍ വരുംകാലങ്ങളില്‍ ഓര്‍ക്കപ്പെടുക ഒരു എഴുത്തുകാരന്‍ എന്ന നിലക്കായിക്കൊള്ളണമെന്നില്ല. കേരള മുസ്‌ലിംകള്‍ക്കും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കാകമാനവും എന്നും അഭിമാനിക്കാവുന്ന സംരംഭങ്ങളുടെ സാരഥി എന്ന നിലക്കായിരിക്കും അദ്ദേഹം ഓര്‍മിക്കപ്പെടുക. ദഅ്‌വത്ത് പത്രാധിപര്‍ മുഹമ്മദ് മുസ്‌ലിം സാഹിബിനെ ഓര്‍മിപ്പിക്കുന്നതാണ് സിദ്ദീഖ് ഹസന്റെ കര്‍മപദ്ധതികള്‍. മുസ്‌ലിം സാഹിബിനെ പോലെ ഒരു പത്രാധിപരായിരുന്നില്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിയ മാധ്യമം പോലുള്ള ഒരു പത്രം സ്ഥാപിച്ചെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന നിസ്സാരമല്ല. കേരളത്തില്‍ തന്നെ വിദ്യാഭ്യാസരംഗത്തും സാമ്പത്തിക രംഗത്തും പല സംരംഭങ്ങളുടെയും പിന്നില്‍ അദ്ദേഹമായിരുന്നു. സാഫി, എ.ഐ.സി.എല്‍ തുടങ്ങിയ അത്തരം സംരംഭങ്ങളുടെ ആനുഷംഗിക പരാമര്‍ശങ്ങള്‍ ഈ സമാഹാരത്തിലെ ചില ലേഖനങ്ങളില്‍ കാണാം. അഖിലേന്ത്യാ തലത്തിലുള്ള 'വിഷന്‍ 2016' എന്ന ബൃഹദ് സംരംഭത്തെക്കുറിച്ചുള്ള വിവരണവും വരുന്നുണ്ട്. ഇങ്ങനെ കര്‍മോന്മാദിയായ ഒരു സമുദായ സ്‌നേഹിയുടെ വിചാരശകലങ്ങള്‍ എന്നതാണ് 'ഇന്ത്യന്‍ മുസ്‌ലിംകള്‍ അതിജീവനത്തിന്റെ വഴികള്‍' എന്ന ഈ ലേഖന സമാഹാരത്തിന്റെ പ്രസക്തി. ആദര്‍ശപരവും ഭൗതികവുമായ അതിജീവനത്തിന്റെ വഴികളെക്കുറിച്ചാണ് ഈ ലേഖനങ്ങള്‍ ആലോചിക്കുന്നത്. ചിന്തയും ചര്യയും അങ്ങനെ ഒന്നിച്ചു മേളിച്ചപ്പോഴുണ്ടായ അനുഭവ രസങ്ങളും ഈ സമാഹാരത്തെ സമ്പന്നമാക്കുന്നുണ്ട്. വിദ്യാര്‍ഥി ജീവിതം മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീറും അഖിലേന്ത്യാ അസി. അമീറും ആയ കാലയളവിനുള്ളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളുടെ ആവശ്യം മാനിച്ചും ചില വിശേഷാല്‍ പതിപ്പുകള്‍ക്ക് വേണ്ടിയും എഴുതപ്പെട്ടവയാണ് ഇതിലെ മിക്ക ലേഖനങ്ങളും.

ആറ് ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ലേഖനങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരസ്പര ബന്ധിതങ്ങളാണ്. ഇസ്‌ലാം, ഇന്ത്യന്‍ മുസ്‌ലിംകള്‍, ഇസ്‌ലാമിക പ്രസ്ഥാനം എന്നിങ്ങനെ ആദ്യ മൂന്ന് ഭാഗങ്ങളില്‍ വരുന്ന ലേഖനങ്ങളാണ് ഗ്രന്ഥശീര്‍ഷകവുമായി കൂടുതലും ചേര്‍ന്നു നില്‍ക്കുന്നവ. 'ഇസ്‌ലാം' എന്ന തലക്കെട്ടിലുള്ള ഒന്നാം ഭാഗത്ത് വരുന്ന ലേഖനങ്ങള്‍ ഇസ്‌ലാമിനെ ഒരു വിമോചന പ്രത്യയശാസ്ത്രമെന്ന നിലയില്‍ അവതരിപ്പിക്കുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും അനുഷ്ഠാന വിധികള്‍ക്കുമൊപ്പം സകാത്ത്, ഇസ്‌ലാമിക് ബാങ്കിംഗ് തുടങ്ങിയ പ്രയോഗ പാഠങ്ങളിലേക്കും വെളിച്ചം വീശുന്നു. ഇസ്‌ലാമിനെ സംബന്ധിച്ച ഈ കാഴ്ചപ്പാടിലൂടെയാണ് 'ഇന്ത്യന്‍ മുസ്‌ലിംകളെ'യും സമീപിക്കുന്നതെന്ന് ആമുഖത്തില്‍ ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക ദര്‍ശനത്തിന്റെ ഉള്‍സാരം ഗ്രന്ഥകാരന്‍ ഇങ്ങനെ സംഗ്രഹിക്കുന്നു. മുഴുവന്‍ സൃഷ്ടിജാലങ്ങളും ഒരേ ദൈവത്തിന്റെ പ്രജകളും ആജ്ഞാനുവര്‍ത്തികളുമാണ്. മുഴുവന്‍ പ്രപഞ്ചവും ഒരു കുടുംബമാണ്. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളും സഹോദരങ്ങളുമാണ്. എല്ലാ പ്രവാചകന്മാരുടെയും സന്ദേശം ഒന്നുതന്നെ. എല്ലാ വേദഗ്രന്ഥങ്ങളും ഒരേ മാര്‍ഗമാണ് ചൂണ്ടിക്കാണിക്കുന്നത്. ദൈവത്തിന് കീഴ്‌വഴങ്ങിയും പ്രവാചകന്മാരെ പിന്തുടര്‍ന്നും ജീവിക്കുക എന്നതാണ് ഇഹപര വിജയത്തിന്റെയും ശാന്തിയുടെയും നിദാനം. ഇസ്‌ലാമിക ദര്‍ശനം മുന്നോട്ടുവെക്കുന്ന മൂല്യസമുച്ചയം നീതിയെയും സമത്വത്തെയും കേന്ദ്രീകരിക്കുന്നതാണ്.

വിശുദ്ധ ഖുര്‍ആന്റെ കേന്ദ്ര പ്രമേയം മനുഷ്യനാണെന്നും മാനവിക മൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ് അതിന്റെ ലക്ഷ്യമെന്നും സമര്‍ഥിക്കുന്നതാണ് 'മാനവികതയുടെ വേദം' എന്ന ലേഖനം. ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ പുണ്യവും മാനവിക മൂല്യങ്ങളും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്ന് വേദസൂക്തങ്ങളുടെ പിന്‍ബലത്തോടെ ഗ്രന്ഥകാരന്‍ തെളിയിച്ച് കാട്ടുന്നു.

'ഇന്ത്യന്‍ മുസ്‌ലിംകള്‍' എന്ന രണ്ടാം ഭാഗത്ത് മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍, അസമില്‍ മുസ്‌ലിംകള്‍ നേരിടുന്ന നിലനില്‍പിന്റെ ഭീഷണികള്‍, നീതിനിഷേധം, മുസ്‌ലിം സംഘടനകളുടെ ഐക്യം, ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ദാരുണാവസ്ഥകള്‍ എന്നിവ വിശകലനം ചെയ്യുന്ന പത്ത് ലേഖനങ്ങള്‍ വായിക്കാം. ഇഛാശക്തിയുണ്ടെങ്കില്‍ ഈ ദയനീയാവസ്ഥ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ ശുഭപ്രതീക്ഷ പങ്കുവെക്കുന്നു. വ്യര്‍ഥമായ കേവല വിലാപങ്ങളില്‍ നിന്ന് മാറി ഭാവിയെ സംബന്ധിച്ച് ശുഭപ്രതീക്ഷയും കര്‍മോര്‍ജവും നല്‍കുന്നു എന്നതാണ് ഈ ലേഖനങ്ങളുടെ ഫലശ്രുതി.

'ഇസ്‌ലാമിക പ്രസ്ഥാനം' എന്ന ശീര്‍ഷകത്തില്‍ വരുന്ന ആറ് ലേഖനങ്ങള്‍ ഗ്രന്ഥകര്‍ത്താവ് പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സംഭാവനകള്‍ അടയാളപ്പെടുത്തുന്നതും പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം ഉദ്‌ബോധന പ്രധാനങ്ങളുമാണ്. ഈ സമാഹാരത്തിലെ ഏറ്റവും വായനാക്ഷമമായ ഭാഗമാണ് 'യാത്ര' എന്ന തലക്കെട്ടിനു താഴെയുള്ള അനുഭവാഖ്യാനങ്ങള്‍. കശ്മീരിലും മുസഫറാബാദിലും ഭൂകമ്പബാധിത പ്രദേശങ്ങളിലും നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനം വിവരിക്കുന്ന ലേഖനങ്ങളില്‍ മാധ്യമങ്ങള്‍ ഭീകരപ്രതിഛായ നല്‍കിയ ഒരു ജനതയുടെ ഉദാരമായ മാനുഷിക മുഖങ്ങള്‍ നാം കണ്ടുമുട്ടുന്നു. നാഴൂരിപ്പാല് കൊണ്ട് എങ്ങനെ നാടാകെ കല്യാണം നടത്താമെന്ന അത്ഭുതം അനാവരണം ചെയ്യുന്നതാണ് 'ഗ്രാമോത്സവമായി മാറിയ സമൂഹ വിവാഹം' എന്ന ലേഖനം.

വിവിധ സന്ദര്‍ഭങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളും ഈ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നങ്ങളോടുള്ള സ്വന്തം പ്രസ്ഥാനത്തിന്റെ സമീപനങ്ങളും നിലപാടുകളും വ്യക്തമാക്കുന്നതും പില്‍ക്കാലത്ത് കര്‍മമേഖലയായി തെരഞ്ഞെടുത്ത ഉത്തരേന്ത്യയെ കേന്ദ്രീകരിക്കുന്ന 'വിഷന്‍ 2016' പദ്ധതികളെ പരിചയപ്പെടുത്തുന്നതുമാണ് ഈ അഭിമുഖങ്ങളുടെ ഉള്ളടക്കം.

പ്രസ്ഥാനത്തിനകത്തും പുറത്തുമുള്ള വിശിഷ്ട വ്യക്തികളുമായുള്ള ഊഷ്മള ബന്ധവും അവരുടെ ജീവിത സുഗന്ധവും ഒപ്പിയെടുക്കുന്നതാണ് 'അനുസ്മരണം' എന്ന ഭാഗം. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, കെ.സി അബ്ദുല്ല മൗലവി, കെ. മൊയ്തു മൗലവി, കെ.ടി അബ്ദുര്‍റഹീം എന്നീ പ്രസ്ഥാന നേതാക്കള്‍ക്ക് പുറമെ സുലൈമാന്‍ സേഠ്, ഉമര്‍ ബാഫഖി തങ്ങള്‍, സി.എന്‍ അഹ്മദ് മൗലവി, പ്രഫ. വി മുഹമ്മദ്, പ്രഫ. കെ.എ ജലീല്‍ എന്നീ, പ്രസ്ഥാനത്തിന് പുറത്ത് നിന്നുള്ള വ്യക്തികളുമിവിടെ അനുസ്മരിക്കപ്പെടുന്നു. ഇവരൊക്കെയുമായും ഇഴയടുപ്പമുള്ള ബന്ധമുണ്ടായിരുന്നതിനാല്‍ കേവല ചരമോപചാരങ്ങള്‍ക്കപ്പുറം അവരുടെ സ്വകാര്യ ഇടങ്ങളിലെ സൗരഭ്യം വായനക്കാരെ അനുഭവിപ്പിക്കാന്‍ ഗ്രന്ഥകാരന് സാധിക്കുന്നുണ്ട്.

ആനുകാലികങ്ങളില്‍ അപ്പപ്പോള്‍ എഴുതുന്ന ലേഖനങ്ങള്‍ പിന്നീട് സമാഹരിച്ച് പ്രസിദ്ധീകരിക്കുമ്പോള്‍ അവശ്യം നിര്‍വഹിക്കേണ്ട എഡിറ്റിംഗില്‍ സംഭവിച്ച അനാസ്ഥ ഇവിടെ ചൂണ്ടിക്കാണിക്കാതെ വയ്യ. 'ഈ വര്‍ഷാരംഭത്തില്‍ ശാന്തപുരത്ത് ചേര്‍ന്ന' (പേജ് 283), 'ഏറ്റവുമൊടുവില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ്' (പേജ് 303), 'ആത്മാവിന്റെ അകത്തളങ്ങളില്‍ ആയിരം നൊമ്പരങ്ങള്‍ ബാക്കിവെച്ച് മൊയ്തു മൗലവിയും യാത്രയായി' (പേജ് 294) എന്നൊക്കെ എഴുതുന്നതില്‍ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ച സന്ദര്‍ഭത്തില്‍ ഔചിത്യഭംഗമില്ല. പില്‍ക്കാലത്ത് പുസ്തകമാക്കുമ്പോള്‍ അവിടെ കൃത്യമായ തീയതി നല്‍കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ലേഖനം എഴുതിയ വര്‍ഷം അവസാനം ചേര്‍ക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു.

'ഇസ്‌ലാമിക് ബാങ്കിംഗ് സാമ്പത്തിക വളര്‍ച്ചക്ക്' എന്ന ലേഖനം ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗിന്റെ സാധ്യതകള്‍ പഠിക്കാന്‍ മന്‍മോഹന്‍ സിംഗ് ഒരു കമ്മിറ്റിയെ നിയമിച്ച പശ്ചാത്തലത്തില്‍ എഴുതിയാണ്. 2005-ല്‍ എഴുതിയ ഈ ലേഖനം 2014-ല്‍ പുനഃപ്രസിദ്ധീകരിക്കുമ്പോള്‍ ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും അനന്തര നടപടികളും അറിയാനായിരിക്കും വായനക്കാരന് താല്‍പര്യം. എ.ഐ.സി.എല്‍ പോലുള്ള ബാങ്കേതര സ്ഥാപനങ്ങളുടെ പലിശരഹിത സംരംഭങ്ങള്‍ക്കു പോലും തടസ്സം സൃഷ്ടിക്കുകയാണ്  പിന്നീട് റിസര്‍വ് ബാങ്ക് ചെയ്തത്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഇത്തരമൊരു സംരംഭത്തിനെതിരെ സുബ്രഹ്മണ്യ സ്വാമി കോടതിയെ സമീപിക്കുകയുമുണ്ടായി. പില്‍ക്കാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അപ്‌ഡേറ്റ് ചെയ്ത് വേണമായിരുന്നു ഈ ലേഖനം പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. ഇസ്‌ലാമിക് ബാങ്കിംഗിനെക്കുറിച്ച് ഒരു സെമിനാര്‍ നടക്കാന്‍ പോവുന്നതിന്റെ സൂചനക്ക് പകരം ആ സെമിനാറിന്റെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്.

എ.ജെ ഫരീദിയുടെ രാഷ്ട്രീയ സംഘടന മുസ്‌ലിം മജ്‌ലിസ് മുശാവറയല്ല (പേജ് 86), മുസ്‌ലിം മജ്‌ലിസ് ആണ്. അടിയന്തരാവസ്ഥയില്‍ മുഹമ്മദ് യൂസുഫ് സാഹിബ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല (പേജ് 112) എന്ന പരാമര്‍ശം സൂക്ഷ്മമാണോ എന്ന് സംശയമുണ്ട്.അദ്ദേഹത്തെ കൈയാമം വെച്ചതില്‍ മുസ്‌ലിം ലീഗ് നേതാവ് സേഠ് സാഹിബ് അന്ന് പാര്‍ലമെന്റില്‍ പ്രതിഷേധം പ്രകടിപ്പിച്ചതായാണ് ഓര്‍മ. പിന്നീട് ജാമ്യത്തിലിറങ്ങിയോ എന്നറിയില്ല. മിസ പ്രകാരമാണ് അറസ്റ്റ് എങ്കില്‍ ജാമ്യത്തിലിറങ്ങാനും സാധ്യതയില്ല.

അച്ചുപിഴയും ഗ്രന്ഥത്തില്‍ കാണാനുണ്ട്: 'വിശമകരങ്ങളായ പ്രശ്‌നങ്ങള്‍' (പേജ് 321), വേദഗ്രന്ധങ്ങള്‍' (പേജ് 17), 'വാദ്യാര്‍' (പേജ് 99), ആരാധനാനുഷ്ടാനങ്ങള്‍ (ആമുഖം), 'അനുരജ്ഞനം' (പേജ് 108), 'അസ്ഥിത്വം' (പേജ് 173).  'അദ്ദേഹത്തിന്റെ നിയോഗം' എന്നെഴുതേണ്ടിടത്ത് 'വിയോഗം'(പേജ് 290) എന്നുവരെ എഴുതിയിരിക്കുന്നു. ഓടിച്ചുള്ള വായനയില്‍ കണ്ട അബദ്ധങ്ങള്‍ മാത്രമാണിവ. ഇനിയൊരു പതിപ്പ് ഇറങ്ങുകയാണെങ്കില്‍ കുറച്ചുകൂടി അവധാനത പാലിക്കാന്‍ വേണ്ടി കുറിച്ചുവെന്നു മാത്രം. 

പ്രസാധനം: വചനം ബുക്‌സ്, പേജ് 336, വില 280 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /1-3
എ.വൈ.ആര്‍