Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 05

സയണിസ്റ്റ് വാദമുഖങ്ങള്‍ പുനര്‍ജനിക്കുന്നു?

ബി. അബ്ദുല്‍ നാസര്‍, തലശ്ശേരി

സയണിസ്റ്റ് വാദമുഖങ്ങള്‍ പുനര്‍ജനിക്കുന്നു?

         ആഗസ്റ്റ് 8-ന് ഇറങ്ങിയ (ലക്കം 48) വിചിന്തനം വാരികയില്‍വന്ന മുഖലേഖനമാണ് ഈ എഴുത്തിനുപ്രേരകം. ലേഖകന്‍ ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി ഗസ്സയിലെ കൂട്ടക്കുരുതിയെക്കുറിച്ചും അതില്‍ അവിടത്തെ പോരാളി സംഘടനയായ ഹമാസിന്റെ സജീവ പങ്കിനെക്കുറിച്ചും വാചാലനാകുന്നുണ്ട്. ലോകം മുഴുവനും, ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ, പ്രകമ്പനം കൊള്ളുന്ന പ്രതിഷേധ പ്രകടനങ്ങളാല്‍ മുഖരിതമാവുന്ന സന്ദര്‍ഭത്തില്‍ ഈ ലേഖനം ആര്‍ക്കുവേണ്ടി എഴുതപ്പെട്ടതാണ്? എല്ലാ മാധ്യമവിചാരണകളിലും ലോക രാഷ്ട്ര ഫോറങ്ങളിലും ഇസ്രയേല്‍-സയണിസ്റ്റ് കൊടും ക്രൂരതയും മനുഷ്യത്വത്തിനെതിരില്‍ നടന്ന കൊടും പാതകവും അപലപിക്കപ്പെടുമ്പോള്‍, വളരെ വേറിട്ട സ്വരം കേള്‍പ്പിക്കുന്നു ലേഖകന്‍.

ലേഖനത്തിന്റെ ഘടന തയാറാക്കിയത് വളരെ കൗശലത്തോടെയാണ്. ആദ്യ ഖണ്ഡികകളില്‍, ഇസ്രയേല്‍ നരമേധത്തില്‍ ദുരിതമനുഭവിച്ചവരെ അല്‍പം അനുസ്മരിക്കുന്നു. വരികള്‍ ഓരോന്നും പിന്നിടവെ തനിനിറം പുറത്തു ചാടുന്നു. ഗസ്സയില്‍ നടന്ന ഓരോ ബോംബാക്രമണത്തിനും മിസൈല്‍ പ്രയോഗത്തിനും കരയാക്രമണത്തിനും ഒരേ ഒരു കാരണം ഹമാസ് എന്ന ഭീകരപ്രസ്ഥാനം ആണത്രെ. ഹമാസ് ഒരു ഭീകര പ്രസ്ഥാനമാണെന്ന് പറയുന്നത് ഇസ്രയേല്‍-സയണിസ്റ്റ് ലോബിയാണ്.  ലേഖകന്‍ പറയുന്നു, ഹമാസ് വിടുന്ന ഓലപ്പടക്കങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തി പോരാട്ടം അവസാനിപ്പിച്ച് ഇസ്രയേല്‍-സയണിസ്റ്റ് ഭീകരതക്കുമുമ്പില്‍ ഫലസ്ത്വീനെ പൂര്‍ണമായും അടിയറവെക്കണമെന്ന്; എന്നാലേ സമാധാനം കൈവരൂപോല്‍! അതാണ് അദ്ദേഹത്തിന്റെ ഭാഷയിലെ ഇസ്‌ലാമിക ജിഹാദ്-കീഴടങ്ങല്‍. എന്നാല്‍ ഫലസ്ത്വീനികള്‍ക്ക്, പ്രത്യേകിച്ച് ഗസ്സക്കാര്‍ക്ക് അറിയാം, എന്താണ് ഭീകരതയെന്നും ആരാണ് ഭീകരര്‍ എന്നും; എന്താണ് പ്രതിരോധം എന്നും ആരാണ് യഥാര്‍ഥ പോരാളികളെന്നും.

ലേഖകന്റെ മറ്റൊരു കണ്ടുപിടുത്തം: ഹമാസ് സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, തകര്‍ന്ന നഗരം കാണിച്ചുകൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഫണ്ട് സ്വരൂപിക്കുന്നതിനും, നേതാക്കളുടെ ആര്‍ഭാടജീവിതത്തിനും ഒളിവുജീവിതത്തിനും പകിട്ടു കിട്ടുന്നതിനും വേണ്ടിയാണത്രെ എപ്പോഴും ഇങ്ങനെ ഇസ്രയേലിനോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. അല്ലാതെ ഫലസ്ത്വീനികളെ രക്ഷിക്കുന്നതിനോ സ്വതന്ത്രരാക്കുന്നതിനോ നാട് സംരക്ഷിക്കുന്നതിനോ വേണ്ടിയല്ല! ശരിയാണ്. ഹമാസ് ജീവിക്കുന്നത് അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിത്തന്നെയാണ്. അവര്‍ കാണുന്ന ഒരു സ്വപ്നമുണ്ട്. ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്ത്വീന്‍. അവിടെ ജൂതരും ക്രൈസ്തവരും മുസ്‌ലിംകളും ഇനി മറ്റാരെങ്കിലുമുണ്ടെങ്കില്‍ അവരും ഒരുമയോടെ ജീവിക്കുന്ന ഫലസ്ത്വീന്‍. അല്ലെങ്കില്‍ ദൈവിക മാര്‍ഗത്തിലുള്ള പോരാട്ടത്തിനിടയിലെ മരണം. അതുവഴി നിത്യസ്വര്‍ഗം. അതാണ് സ്ഥാപക നേതാവ് അഹ്മദ് യാസീനും ഡോ. റന്‍തീസിയും മറ്റ് അനേകായിരം രക്തസാക്ഷികളായ പോരാളികളും അവര്‍ക്ക് പകര്‍ന്ന് നല്‍കിയതും പകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുന്നതും. ഇനിയും അത് തുടരുക തന്നെ ചെയ്യും. അത് 'ആര്‍ഭാട ജീവിത'മാണെങ്കില്‍, 'സ്വാര്‍ഥ താല്‍പര്യ'മാണെങ്കില്‍, അത് അവര്‍ സ്വാഗതം ചെയ്യുന്നു. ഇനിയുമുണ്ട് പരാതികള്‍. ഹമാസ് പോരാളികള്‍ നിര്‍മിക്കുന്ന തുരങ്കം ഭീകരതയാണ് പോലും; അക്രമിക്കാനും ഒളിച്ചിരിക്കാനുമുള്ള തുരങ്കങ്ങള്‍! ഈ വിവരക്കേടില്‍ സഹതപിക്കുക. ഇസ്രയേല്‍ സേനയുടെ അതിക്രമങ്ങളില്‍നിന്നും, ഉപരോധത്തില്‍നിന്നും അല്‍പമെങ്കിലും ഫലസ്ത്വീന്‍ ജനതക്ക് ആശ്വാസം നല്‍കുന്നത് ഈ തുരങ്കങ്ങളാണ്. അഥവാ, അതുവഴി അവശ്യവസ്തുക്കളും മരുന്നുകളും കടത്തിക്കൊണ്ട് വന്നാണ് അവര്‍ പിടിച്ചുനില്‍ക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്? അത് കൂടി നശിപ്പിക്കാനാണല്ലോ സയണിസ്റ്റുകളും അവരുടെ പിണയാളുകളും ശ്രമിക്കുന്നത്.

ഇസ്‌ലാമിസ്റ്റ് ചിന്താഗതിയോടും അതിന്റെ ആശയത്തോടും വിറളിപൂണ്ട് ലേഖകന്‍ എഴുതിയത് ഏറ്റവും കുറഞ്ഞ ഭാഷയില്‍ പറഞ്ഞാല്‍, മനുഷ്യത്വത്തിനെതിരായിപ്പോയി. ഹാ! കഷ്ടം!

ബി. അബ്ദുല്‍ നാസര്‍, തലശ്ശേരി

രണ്ടു തെറ്റുകള്‍

         പ്രബോധനത്തില്‍ പലപ്പോഴും ആവര്‍ത്തിക്കുന്ന രണ്ട് പദങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിക്കാനാണീ ഈ കുറിപ്പ്. ഒന്ന്, ഇമാം അബൂ ഹാമിദ് അല്‍ ഗസാലി. ഇമാം ജനിച്ച പ്രദേശമാണ് ഗസാലഃ. അറബി ഭാഷയില്‍, ജനിച്ച സ്ഥലത്തേക്ക് ചേര്‍ത്ത് പേര്‍ പറയുക പതിവാണ്. അപ്പോള്‍ ഗസാലഃയിലേക്ക് ചേര്‍ത്തി ഗസാലി എന്നാണ് പറയേണ്ടത്. ഗസ്സാലി എന്ന ദ്വിത്വം ഇല്ല. സമകാലീനനായ മര്‍ഹൂം മുഹമ്മദ് അല്‍ ഗസാലിയുടെ പേരിലും ദ്വിത്വമില്ല. ഗസ്സാലി അല്ല, ഗസാലി ആണ് ശരി. കേരളീയരാണ് ഈ ഇരട്ടിപ്പുകാര്‍. അറബികള്‍ ഗസാലി എന്നേ പറയൂ.

രണ്ട്, ജറൂസലമില്‍ സ്ഥിതി ചെയ്യുന്ന പുരാതന പള്ളിയുടെ പേര്‍ ബൈത്തുല്‍ മുഖദ്ദസ് എന്നല്ല. ജറൂസലമിന് അറബിയില്‍ ഖുദുസ് എന്നും മഖ്ദിസ് എന്നും പറയും. പൗരാണികര്‍ മഖ്ദിസ് എന്നാണ് പറഞ്ഞിരുന്നത്. അതിലേക്ക് ചേര്‍ത്ത് മഖ്ദിസിലെ ഗേഹം എന്ന അര്‍ഥത്തില്‍ ബൈത്തുല്‍ മഖ്ദിസ് എന്നു പറയുന്നു. മുഖദ്ദസ് അല്ല.

വിശുദ്ധ ഗേഹം എന്ന അര്‍ഥത്തിലാണെങ്കില്‍ അല്‍ ബൈത്തുല്‍ മുഖദ്ദസ് എന്നാണ് പറയേണ്ടത്, ബൈത്തുല്‍ മുഖദ്ദസ് എന്നല്ല; അല്‍ മസ്ജിദുല്‍ ഹറാം എന്ന പോലെ (വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി പറഞ്ഞിട്ടും അല്‍ മസ്ജിദുല്‍ ഹറാമിനെ 'മസ്ജിദുല്‍ ഹറ'മാക്കുന്ന ചിലരെയും കാണാം).

എം.വി മുഹമ്മദ് സലീം മൊറയൂര്‍, മലപ്പുറം

വിഭജനത്തെക്കുറിച്ച് തന്നെ

         ന്ത്യാ വിഭജനത്തെപ്പറ്റി പല നിരീക്ഷണങ്ങളുണ്ട്-വിഭജനത്തിന് ഉത്തരവാദികള്‍ മുസ്‌ലിം ലീഗും അതുവഴി മുസ്‌ലിംകളുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പലരും പതിവായി പല രീതിയില്‍ ശ്രമിക്കുന്നത്. വിഭജനം അന്നത്തെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടില്‍ അനിവാര്യമായും സംഭവിക്കേണ്ട ഒന്നായിരുന്നോ, അതിന്റെ കാരണക്കാര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിക്കാതെ കാടടച്ച് വെടിവെക്കുന്നത് ശരിയല്ല. തലശ്ശേരി താലൂക്ക് മുസ്‌ലിം ലീഗ് കമ്മിറ്റി 1988-ല്‍ പുറത്തിറക്കിയ സുവനീറില്‍ മയ്യഴിയിലെ വി.സി അഹ്മദ് കുട്ടി എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗം കാണുക:

''.... ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് നാല് ദശകത്തിലേറെയായി- വിഭജിതമായാണ് നാട് സ്വതന്ത്രമായത്. അതിനു ശേഷം ഒരു പുതിയ തലമുറ ഇവിടെ വളര്‍ന്നുകഴിഞ്ഞു. എന്നിട്ടിപ്പോഴും വിഭജനത്തിന്റെ കാരണഭൂതരെ തേടി ഇരുട്ടില്‍ തപ്പുകയാണ് ഒരു കൂട്ടരിവിടെ. വികലാംഗനായ ഒരു കുട്ടി ജനിച്ചാല്‍ ദമ്പതികള്‍ പരസ്പരം പഴിചാരുന്നത് നിരര്‍ഥകമാണ്. വിഭജനത്തിന്റെ പിന്നില്‍ നീണ്ട ഒരു ചരിത്രമുണ്ട്. അതില്‍ ഇവിടത്തെ ഹിന്ദുക്കളും മുസ്‌ലിംകളും ഭാഗഭാക്കാണ്. ആ നീണ്ട ചരിത്രത്തിന്റെ പര്യവസാനമായിരുന്നു വിഭജനം.

ഇന്ത്യയുടെ കരട് ഭരണഘടനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'നെഹ്‌റു റിപ്പോര്‍ട്ട്' മുതല്‍ക്കുള്ള ചരിത്ര വസ്തുതകളെങ്കിലും വിശകലനം ചെയ്തു വേണം വിഭജനത്തെ വിലയിരുത്താന്‍. പ്രസ്തുത റിപ്പോര്‍ട്ടില്‍ മുസ്‌ലിംകളുടെ താല്‍പര്യങ്ങള്‍ക്കു മതിയായ സംരക്ഷണം നല്‍കപ്പെട്ടിട്ടില്ലെന്ന അഭിപ്രായത്തില്‍ അതപ്പടി പാസാക്കരുതെന്ന മുസ്‌ലിംകളുടെ അന്നത്തെ അനിഷേധ്യ നേതാവായിരുന്ന മര്‍ഹൂം മൗലാനാ മുഹമ്മദലിയുടെ അപേക്ഷ സ്വീകരിക്കപ്പെടാതെ പോയതും അദ്ദേഹം 'ഇന്നാ ലില്ലാഹി....' ചൊല്ലി ഖേദപൂര്‍വം സ്ഥലം വിട്ടതും ചരിത്ര വസ്തുതയാണ്.

ഇന്നിപ്പോള്‍ ഇവിടെ നടപ്പിലുള്ള ഇംഗ്ലണ്ട് മോഡല്‍ ജനായത്ത വ്യവസ്ഥ തന്നെയായിരുന്നു അന്നും വിഭാവന ചെയ്യപ്പെട്ടിരുന്നത്. ഇംഗ്ലണ്ടില്‍ സ്ഥിരമായ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ലാത്തതിനാല്‍ അവിടെ ഇന്നത്തെ ഭരണകക്ഷി നാളത്തെ പ്രതിപക്ഷവും ഇന്നലത്തെ പ്രതിപക്ഷം ഇന്നത്തെ ഭരണകക്ഷിയുമായി മാറി മാറിവരാന്‍ സാധ്യതയുള്ള പോലെയല്ല ഇന്ത്യയിലെ സ്ഥിതിയെന്നും ഇവിടെ ഭൂരിപക്ഷം എപ്പോഴും ഭൂരിപക്ഷവും ന്യൂനപക്ഷം എപ്പോഴും ന്യൂനപക്ഷവുമാണെന്നും തന്നിമിത്തം ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിന് വ്യവസ്ഥയുണ്ടായിരിക്കണമെന്നുമായിരുന്നു അന്നത്തെ മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാട്. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് നേതാക്കളും അന്നത്തെ മുസ്‌ലിം ലീഗ് നേതാക്കളും തമ്മില്‍ പല തവണ കൂടിക്കാഴ്ചകളും കത്തിടപാടുകളുമെല്ലാം നടന്നെങ്കിലും അവര്‍ക്ക് ഒരു ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചില്ല. അവസാനം ഗത്യന്തരമില്ലാതെ രാജ്യത്തിന്റെ വിഭജനത്തില്‍ ചെന്നെത്തിച്ചു. ഈ സ്ഥിതി വിശേഷത്തില്‍ എത്തിച്ചേര്‍ന്നതിന് ഉത്തരവാദികള്‍ ആരാണെന്നതില്‍ അഭിപ്രായ ഐക്യം കണ്ടെത്തുക എളുപ്പമല്ല. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ അഭിപ്രായത്തില്‍ 'ഹിന്ദുക്കളിലും മുസ്‌ലിംകളിലും വര്‍ഗീയതയുണ്ട്. പക്ഷേ മുസ്‌ലിം വര്‍ഗീയത ഉപരിപ്ലവമാണ്; ഹിന്ദു വര്‍ഗീയത ആഴത്തിലുള്ളതും കൂടുതല്‍ അപകടകരവുമാണ്.'

വിഭജന പ്രമേയം സര്‍വേന്ത്യാ മുസ്‌ലിം ലീഗ് പാസ്സാക്കിയത് 1940-ലാണ്. 1938-ല്‍ ഹിന്ദു മഹാസഭയുടെ ജാഥയിലെ മുദ്രാവാക്യം അന്നത്തെ ഇംഗ്ലീഷ് ദിനപത്രമായിരുന്ന ലിബറേറ്റര്‍ റിപ്പോര്‍ട്ടനുസരിച്ച് 'ഹിന്ദുസ്ഥാന്‍ ഹിന്ദു കാ, നഹീ കിസികാ ബാപ്കാ' (ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണ്; ആരുടെയും അഛന്റേതല്ല) എന്നായിരുന്നു. ജിന്നയും സീതി സാഹിബുമെല്ലാം കോണ്‍ഗ്രസ്സുകാരായിരുന്നു. ജിന്നയുടെ സ്മാരകമായി ഇന്ത്യയിലെ ദേശാഭിമാനികള്‍ നിര്‍മിച്ചതാണ് ബോംബെയിലെ ജിന്നാ ഹാള്‍. കേരളത്തില്‍ സീതി സാഹിബിന്റെ സ്മാരകമായി സീതി സാഹിബ് മെമ്മോറിയലും നിലകൊള്ളുന്നുണ്ട്.

രാജ്യ വിഭജനത്തില്‍ മൂന്ന് കക്ഷികള്‍ പങ്കാളികളാണ്. അന്ന് നാട് ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റ്, ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്, ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗ്. വിഭജനം ഒരു പാപമായിരുന്നെങ്കില്‍ ആ പാപത്തിന്റെ കുരിശ് പേറാന്‍ മൂന്ന് കക്ഷികളും ബാധ്യസ്ഥരാണ്. ആ കുരിശ് മുസ്‌ലിംകളുടെ പിരടിയില്‍ മാത്രം കയറ്റാന്‍ ശ്രമിക്കുന്നത് മുസ്‌ലിംകളോടും ചരിത്രത്തോടും ചെയ്യുന്നതിന്റെ അനന്തരഫലം നിരപരാധികളായ ഇവിടത്തെ മുസ്‌ലിംകളില്‍ ഒരപരാധബോധം നിലനിര്‍ത്തുകയായിരിക്കും. അത് മുസ്‌ലിംകള്‍ക്കോ രാഷ്ട്രത്തിനോ യാതൊരു ഗുണവും ചെയ്യുകയില്ല...'' (തലശ്ശേരി താലൂക്ക് മുസ്‌ലിം ലീഗ് സുവനീര്‍ 1988).

വിഭജനത്തില്‍ മുസ്‌ലിം ലീഗിനുള്ളതിനേക്കാളോ അതിന് സമാനമോ ആയ പങ്ക് കോണ്‍ഗ്രസ്സിനുമുണ്ട്. ദീര്‍ഘകാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് അത് മുസ്‌ലിം ലീഗിന്റെയും അതുവഴി മുസ്‌ലിംകളുടെയും പിരടിയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തങ്ങളുടെ പങ്ക് മൂടിവെക്കാനുള്ള ശ്രമം കൂടിയാണിത്. കോണ്‍ഗ്രസ്സില്‍ എക്കാലവും വര്‍ഗീയ ചിന്താഗതിക്കാര്‍ നുഴഞ്ഞുകയറി തങ്ങളുടെ അജണ്ട സമര്‍ഥമായി നടപ്പാക്കിയിരുന്നു. അവരൊക്കെ കോണ്‍ഗ്രസില്‍ നിന്നിറങ്ങി ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോഴാണ് കോണ്‍ഗ്രസ് ക്ഷയിച്ചതും ബി.ജെ.പി വളര്‍ന്നതും. മൗലാനാ മുഹമ്മദലി, മൗലാനാ ആസാദ് തുടങ്ങിയവര്‍ മുതല്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് വരെയുള്ള പ്രഗത്ഭരോട് കോണ്‍ഗ്രസ് പുലര്‍ത്തിയ ചിറ്റമ്മ നിലപാടിനേക്കാള്‍ എത്രയോ ഇരട്ടിയാണ് പാവപ്പെട്ട മുസ്‌ലിംകളോട് കാണിച്ച ചതിയും ക്രൂരതയും. ഇന്ത്യാ വിഭജനത്തെപ്പറ്റിയുള്ള ശ്രദ്ധേയമായ വ്യത്യസ്ത നിരീക്ഷണങ്ങള്‍ ക്രോഡീകരിച്ച് രേഖയാക്കുന്നത് പില്‍ക്കാലത്ത് ഏറെ ഉപകരിക്കും. ചരിത്രത്തെ വക്രീകരിക്കാനും കാവിവത്കരിക്കാനും തകൃതിയായ ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് വിശേഷിച്ചും.

ത്വാരിഖ് സുല്‍ത്താന്‍ ദുബൈ

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /1-3
എ.വൈ.ആര്‍