Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 05

മര്‍ഹൂം അബ്ദുല്‍ അഹദ് തങ്ങള്‍

ടി. ആരിഫലി

         ജനാബ് അബ്ദുല്‍ അഹദ് തങ്ങള്‍ അല്ലാഹുവിലേക്ക് യാത്രയായി. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിന്റെ സൂക്ഷിപ്പുകാരനാണ് സംഭവലോകത്ത് നിന്ന് പടിയിറങ്ങിപ്പോയത്. ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മുഖവുരയില്ലാതെ 'തങ്ങള്‍' ആയിരുന്നു; എടയൂരിലെ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും 'ഓഫീസിലെ തങ്ങളും.' ഓഫീസിലെ തങ്ങള്‍ എന്ന പ്രയോഗം അക്ഷരം പ്രതി ശരിയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ബോധ്യപ്പെടുത്തും. ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ സംസ്ഥാന ഓഫീസുകളിലെല്ലാം നിറഞ്ഞുനിന്ന സ്ഥിര സാന്നിധ്യമാണ് തങ്ങളുടേത്. മലപ്പുറം ജില്ലയിലെ എടയൂരിലാണ് ആദ്യത്തെ ഓഫീസ്. സൗകര്യങ്ങള്‍ എന്നു പറയാന്‍ ഒന്നുമില്ലാത്ത ഇടുങ്ങിയ മുറി. വെറും തറയിലിരുന്ന് എഴുത്തുകുത്തുകള്‍ നടത്തേണ്ട സ്ഥിതി. എല്ലാവിധ അസൗകര്യങ്ങളുടെയും കൂട്ടുകാരനായി, തെളിഞ്ഞ മനസ്സും നിറഞ്ഞ ചിരിയുമായി തങ്ങള്‍ അന്നവിടെയുണ്ട്. പിന്നീട് ഓഫീസ് കോഴിക്കോട്ടേക്ക് മാറി. വെള്ളിമാടുകുന്നിലും കോഴിക്കോട് ഒയാസിസ് കോമ്പൗണ്ടിലും സ്റ്റേഡിയത്തിനടുത്തും ഓഫീസ് പ്രവര്‍ത്തിച്ചപ്പോള്‍ ഭാരവാഹികളും ഓഫീസ് ജീവനക്കാരും പലരും മാറി. അപ്പോഴൊക്കെയും മാറാതെ, ചിരി മായാതെ ഒരാള്‍ മാത്രം അവിടെയുണ്ടായിരുന്നു; തങ്ങള്‍.

അവസാനം സാമാന്യം സൗകര്യപ്രദമായ ഓഫീസ് ഹിറാ സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോഴും തങ്ങള്‍ കൂടെയുണ്ട്. വളരെയടുത്ത കാലത്ത് യാത്ര പ്രയാസമായിത്തീരുന്നതുവരെ ഈ നില തുടരുകയുണ്ടായി. തന്റെ സേവന മേഖലയില്‍ കര്‍മനിരതനായി ജീവിതാന്ത്യം വരെ തുടരണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. കഴിഞ്ഞ മീഖാത്തില്‍ ഈയുള്ളവന്‍ അമീറായി ചുമതലയേറ്റെടുത്ത ഘട്ടത്തില്‍ വിവിധ ചുമതലകള്‍ ഏല്‍പിക്കാന്‍, ബന്ധപ്പെട്ടവരുമായി വ്യക്തിപരമായി സംസാരിച്ചിരുന്നു. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഓഫീസില്‍ വരാനും ഏല്‍പിക്കപ്പെടുന്ന ചുമതലകള്‍ നിര്‍വഹിക്കാനും സാഹചര്യമുണ്ടാവണമെന്നായിരുന്നു അപ്പോള്‍ തങ്ങളുടെ ആവശ്യം.

ഹല്‍ഖാ കേന്ദ്രം ഓഫീസ് തന്നെയാണ് തങ്ങളുടെ പ്രവര്‍ത്തന കേന്ദ്രമായിരുന്നത്. സംഘടനാപരമായ ആവശ്യങ്ങളുമായി ധാരാളം യാത്രകളൊന്നും അദ്ദേഹം നടത്തിയിട്ടില്ല. എന്നാല്‍, കേരളത്തിലെ പ്രസ്ഥാന പ്രവര്‍ത്തനമുള്ള പ്രദേശങ്ങളെക്കുറിച്ചും പ്രവര്‍ത്തകരെക്കുറിച്ചും ഇത്ര ആഴത്തില്‍ അറിവുള്ള വേറെ ഒരാളില്ല; പ്രത്യേകിച്ച് ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളെക്കുറിച്ച്. ഓരോരുത്തരുടെയും സംഘടനാതലത്തിലെ പ്രവര്‍ത്തന പങ്കാളിത്തം മുതല്‍, സ്വഭാവ സവിശേഷതകള്‍ വരെയുള്ള സൂക്ഷ്മമായ കാര്യങ്ങള്‍ പോലും തങ്ങള്‍ മനസ്സിലാക്കിയിരുന്നു.

ഓഫീസിലിരുന്നും ഫയലുകള്‍ സൂക്ഷ്മ പരിശോധന നടത്തിയും സംഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കാനും ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും മാര്‍ഗദര്‍ശനവും നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. അസാധാരണമായ ഈ നേതൃശേഷി പ്രസ്ഥാന ചരിത്രത്തിലെ അപൂര്‍വ മാതൃക തന്നെയാണ്.

പ്രസ്ഥാന സ്ഥാപനങ്ങളുടെ മാതാവെന്ന് പറയാവുന്ന ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് (ഐ.എസ്.ടി) സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനായിരുന്നിട്ടുണ്ട്. പത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന സെക്രട്ടറിയും അസി. അമീറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗമ്യ സാന്നിധ്യമായി ഓഫീസിലിരുന്ന് സ്വന്തം ചുമതലകള്‍ നിര്‍വഹിക്കുക മാത്രമല്ല, മാറിവന്ന തലമുറകള്‍ക്ക് പ്രസ്ഥാനത്തെയും പ്രവര്‍ത്തന സംസ്‌കാരത്തെയും പകര്‍ന്നു നല്‍കുക കൂടി ചെയ്തു അദ്ദേഹം.

കര്‍മസന്നദ്ധതയും സ്ഥിരോത്സാഹവും നേതൃശേഷിയും ഇഴചേര്‍ന്നു നില്‍ക്കുന്ന വ്യക്തിത്വമാണ് തങ്ങളുടേത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഒന്നിലേറെ സമ്മേളനങ്ങളില്‍ അബ്ദുല്‍ അഹദ് തങ്ങള്‍ നാസിമായും ഈയുള്ളവന്‍ അസി. നാസിമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ജമാഅത്ത് പ്രവര്‍ത്തകര്‍ അഭിമാനപൂര്‍വം നെഞ്ചേറ്റിയ ഹിറാ നഗര്‍ സമ്മേളനം അവയിലൊന്നാണ്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചുപോയ ധാരാളം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിലൊന്നും പുറത്ത് നിന്ന് കാണാനാവുംവിധം പ്രത്യക്ഷത്തില്‍ തങ്ങളുടെ ഇടപെടല്‍ ഉണ്ടാവില്ല. എന്നാല്‍ പിന്നില്‍നിന്ന് കരുത്ത് പകര്‍ന്നും ആവേശം നല്‍കിയും അദ്ദേഹമുണ്ടാവും. താങ്ങും തണലുമായിരുന്നു ആ സാന്നിധ്യം. പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു ശാന്തമായ ആ കരുത്ത്. അനുഭവിച്ചുതന്നെ അറിയേണ്ടതാണത്.

വിനയം തങ്ങളുടെ വ്യക്തിത്വത്തിന്റെ മുദ്രയും മുദ്രാവാക്യവുമാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യ തലമുറയിലെ അമീറായ ഹാജി സാഹിബിനൊപ്പം പ്രസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്നയാളാണ് തങ്ങള്‍. നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു ഹാജി സാഹിബ്. പിന്നീട് പാണ്ഡിത്യത്തിന്റെ ഗരിമയുള്ള കെ.സി അബ്ദുല്ല മൗലവിയുടെ കൂടെയും, ദാര്‍ശനികതയുടെ ആഴവും പരപ്പുമുള്ള ടി.കെ അബ്ദുല്ലാ സാഹിബിനോടൊപ്പവും, ആക്ടിവിസത്തിന്റെ ആവേശം വിതറിയ സിദ്ദീഖ്ഹസന്‍ സാഹിബിനോട് ചേര്‍ന്നും തങ്ങള്‍ നേതൃനിരയിലുണ്ടായിട്ടുണ്ട്. കൂട്ടത്തില്‍ അഞ്ചാം തലമുറക്കാരനായ എനിക്കൊപ്പവും തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യത്യസ്ത പ്രകൃതവും ശൈലിയുമുള്ള എല്ലാവരെയും അദ്ദേഹം ഉള്‍ക്കൊണ്ടു. സ്‌നേഹബന്ധത്തിന്റെ ചരടുകള്‍ അയഞ്ഞുപോവാതെ കാത്തുസൂക്ഷിച്ചു. അനുസരണശീലമുള്ള നേതാവ് എന്നാണ് അദ്ദേഹത്തെക്കുറിച്ച് പറയേണ്ടത്.

ജീവിതത്തില്‍ ലഭിക്കാനിരുന്ന സൗകര്യങ്ങള്‍ പലതും വേണ്ടെന്നു വെച്ചാണ് ജമാഅത്തെ ഇസ്‌ലാമി ഓഫീസിലേക്ക് തങ്ങള്‍ വരുന്നത്. പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ വിദ്യാര്‍ഥിയായ ചേര്‍ന്ന സയ്യിദ് അബ്ദുല്‍ അഹദ്, പിന്നീട് അവിടത്തെ ഇംഗ്ലീഷ് അധ്യാപകന്‍ കൂടിയാവുകയായിരുന്നു. അന്നത്തെ നിലയില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളയാളായിരുന്നു അദ്ദേഹം. പരേതനായ എം.വി ദേവന്‍ ഉള്‍പ്പെടെ കേരളത്തിലെ പല ഉന്നത വ്യക്തികളും അദ്ദേഹത്തിന്റെ സഹപാഠികളാണ്. ഭൗതികാര്‍ഥത്തില്‍ സാധ്യതകള്‍ ധാരാളം അദ്ദേഹത്തിന്റെ മുമ്പില്‍ തുറന്നുകിടപ്പുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് ഹാജി സാഹിബ് ഓഫീസ് ചുമതലയേല്‍ക്കാന്‍ തങ്ങളെ വിളിക്കുന്നത്. പ്രസ്ഥാന നേതൃത്വത്തിന്റെ വിളികേട്ട്, മറിച്ചൊന്നും ആലോചിക്കാതെ ജീവിതാന്ത്യം വരെ തുടര്‍ന്ന അബ്ദുല്‍ അഹദ് തങ്ങള്‍ പില്‍ക്കാല തലമുറകള്‍ക്കൊക്കെയും വലിയ മാതൃകയാണ് വിട്ടേച്ചുപോയത്.

അഴുക്കു പുരളാത്ത വസ്ത്രം, കറയും കാപട്യവുമില്ലാത്ത മനസ്സ്, ആരെയും ആകര്‍ഷിക്കുന്ന വിനയം, പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പതറിപ്പോവാത്ത കരുത്ത്, ദുഃഖങ്ങള്‍ വന്നുനിറയുമ്പോഴും പുഞ്ചിരി വിടരുന്ന മുഖം... തങ്ങളുടെ വ്യക്തിത്വത്തിന്റെ സമഗ്ര ഭാവങ്ങള്‍ ഏറെയാണ്. നമുക്കെല്ലാം ധാരാളം അനുകരണീയ മാതൃകകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് തങ്ങള്‍ യാത്രയായത്.  ആ മാതൃകകള്‍ സ്വീകരിച്ച്, ഭാവിയിലേക്ക് ആവേശപൂര്‍വം നടക്കാന്‍ നമുക്ക് കഴിയണം. അദ്ദേഹത്തെയും നമ്മെയും അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുമാറാവട്ടെ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /1-3
എ.വൈ.ആര്‍