Prabodhanm Weekly

Pages

Search

2014 ജൂലൈ 18

പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തുര്‍ക്കി

ഫഹ്മി ഹുവൈദി /വിശകലനം

         രുന്ന ആഗസ്റ്റ് 10-നു നടക്കാനിരിക്കുന്ന തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാനോട് മത്സരിക്കാന്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ഡോ. അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഒഗ്‌ലു നിര്‍ദേശിക്കപ്പെട്ടത് തുര്‍ക്കി രാഷ്ട്രീയത്തിലെ വിരോധാഭാസമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം ഉര്‍ദുഗാനെതിരെ മത്സരത്തിന് ആളെ നിര്‍ത്തി എന്നതല്ല, മറിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നാഷ്‌നലിസ്റ്റ് മൂവ്‌മെന്റും ഒഗ്‌ലുവിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ യോജിച്ചു എന്നതാണ് ആശ്ചര്യകരം. ഇരു പാര്‍ട്ടികളുടെയും നിലപാടുകളിലെ മലക്കംമറിച്ചിലിന്റെ പ്രതിഫലനവും മറ്റു പല സൂചനകളും അടങ്ങിയ നീക്കമാണിത്. കാരണം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പാരമ്പര്യത്തിന് തികച്ചും വിരുദ്ധമായ നിലപാടിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഡോ. ഒഗ്‌ലു. 1923-ല്‍ കമാല്‍ അത്താതുര്‍ക്ക് രൂപവത്കരിച്ച തീവ്ര സെക്യുലര്‍ കക്ഷിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇസ്‌ലാമിനെയും ഇസ്‌ലാമിക ചിഹ്നങ്ങളെയും കടുത്ത അവജ്ഞയോടെ കാണുന്ന പാര്‍ട്ടിയാണത്. യൂറോപ്പിനെയും പടിഞ്ഞാറിനെയും മാതൃകയാക്കുകയും അറബി ഭാഷയെ വെറുക്കുകയും ചെയ്യുന്ന വിഭാഗം. നാഷ്‌നലിസ്റ്റ് മൂവ്‌മെന്റാണെങ്കില്‍ കടുത്ത മതേതര ചിന്താഗതിയോടൊപ്പം വംശീയ അസഹിഷ്ണുതയും വെച്ചുപുലര്‍ത്തുന്നുണ്ട്. കുര്‍ദ് ആവശ്യങ്ങളെ അപ്പാടെ നിരാകരിക്കുന്നവരും കുര്‍ദുകളുടെ അസ്തിത്വത്തെ പോലും അംഗീകരിക്കാത്തവരുമാണ് ഇവര്‍. 

         ഇരു പാര്‍ട്ടികളുടെയും നോമിനിയായി രംഗത്ത് വരുന്ന ഒഗ്‌ലു നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. സാംസ്‌കാരിക, അക്കാദമിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഇദ്ദേഹത്തിന് രാഷ്ട്രീയ പരിചയമോ അറിയപ്പെടുന്ന കക്ഷി ബന്ധമോ ഇല്ല. ഈജിപ്തില്‍ ജനിച്ചു വളര്‍ന്ന ഒഗ്‌ലു 1966-ലാണ് കയ്‌റോയിലെ ഐനുശ്ശംസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത്. മതവിശ്വാസികളോട് അത്താതുര്‍ക്ക് സ്വീകരിച്ചിരുന്ന കടുത്ത നിലപാടുകളില്‍ നിന്ന് രക്ഷനേടാന്‍ തുര്‍ക്കി പൗരനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് അല്‍ഹാജ് ഇഹ്‌സാന്‍ ഒഗ്‌ലു 1930- കളില്‍ ഈജിപ്തിലേക്ക് ഒളിച്ചോടുകയായിരുന്നു. കയ്‌റോയിലെ ഹില്‍മിയ്യയില്‍ താമസിച്ച അദ്ദേഹം രാജകൊട്ടാരത്തിന്റെ കീഴിലുള്ള ഉസ്മാനി ഗ്രന്ഥശാലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനായി ജോലി ചെയ്തു. 

         മുസ്‌ലിം വൈജ്ഞാനിക ചരിത്രമാണ് അക്മലുദ്ദീന്റെ പഠനമേഖല. ഈ വിഷയത്തില്‍ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഈ യോഗ്യതകളാണ് കാല്‍ നൂറ്റാണ്ടായി ഇസ്തംബൂളിലെ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഹിസ്റ്ററി, ആര്‍ട്ട് ആന്റ് ഇസ്‌ലാമിക് കള്‍ച്ചര്‍ (IRCICA) എന്ന സ്ഥാപനത്തിന്റെ മേധാവിയായി സ്ഥാനം വഹിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. പിന്നീട് 2005-ല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ (ഒ.ഐ.സി) മേധാവി സ്ഥാനത്തേക്ക് തുര്‍ക്കിയുടെ നോമിനിയായി മത്സരിച്ചു. വലിയ ഭൂരിപക്ഷത്തോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് ആ പദവി ഒഴിഞ്ഞത്. 'മിതവാദി മുസ്‌ലിം' ആയി അറിയപ്പെടുന്ന വിധമുള്ളതാണ് കഴിഞ്ഞ കാലങ്ങളിലെ ഒഗ്‌ലുവിന്റെ പ്രവര്‍ത്തനങ്ങള്‍. അറബ്, മുസ്‌ലിം ലോകവുമായി സുദൃഢമായ ബന്ധമുണ്ടദ്ദേഹത്തിന്. ഇസ്‌ലാമിക സംസ്‌കൃതിയില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു അദ്ദേഹം. 

         അറുപത് വയസ്സ് പിന്നിട്ടപ്പോള്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ ഒഗ്‌ലുവിന് തുര്‍ക്കി രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടാകുമെന്ന് ആരും കണക്കുകൂട്ടിയതല്ല. നന്നെ കവിഞ്ഞാല്‍ അങ്കാറ യൂനിവേഴ്‌സിറ്റിയിലോ മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലോ അക്കാദമിക ദൗത്യമാണ്  പ്രതീക്ഷിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നോമിനേഷന്‍ രാഷ്ട്രീയ കോണുകളില്‍ വലിയ അമ്പരപ്പുണ്ടാക്കിയത്. ഒഗ്‌ലുവിന്റെ പ്രവര്‍ത്തന മണ്ഡലം മാറിയതിലല്ല, മറിച്ച് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതില്‍ ഇരു പാര്‍ട്ടികളും എത്തിച്ചേര്‍ന്ന സമവായമാണ് അമ്പരപ്പുണ്ടാക്കുന്നത്. കാരണം അദ്ദേഹത്തിന്റെ അധിക നിലപാടുകളും ഇവരുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ഒഗ്‌ലുവിന്റെ നിലപാടുകളിലല്ല മറിച്ച് ഇരു പാര്‍ട്ടികളുടെയും ആശയങ്ങളിലാണ് മാറ്റമുണ്ടായത്; പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍. നോമിനേഷന്‍ വലിയ പൊട്ടിത്തെറികളാണ് ആ പാര്‍ട്ടിയിലുണ്ടാക്കിയത്. പാര്‍ട്ടിയിലെ തീവ്ര കമാലിസ്റ്റുകള്‍ തീരുമാനത്തെ ശക്തിയായി തള്ളിക്കളയുന്നു. അവരുടെ പാര്‍ലമെന്റ് പ്രതിനിധിയായ നൂര്‍ സീര്‍തല്‍ പറഞ്ഞത്, 'അത്താതുര്‍ക്കിന്റെ പാരമ്പര്യത്തിന് യോജിക്കാത്ത ആളെ തെരഞ്ഞെടുത്തതില്‍ ഞാന്‍ ലജ്ജിക്കുന്നു' എന്നാണ്. പകരം വേറെ ആളെ മത്സരിപ്പിക്കുമെന്ന ഭീഷണിയുമായി പാര്‍ട്ടിയുടെ പാര്‍ലമെന്റഗംങ്ങളും രംഗത്തുണ്ട്. അതിന് നിയമസാധുതയുമുണ്ട്. തുര്‍ക്കി നിയമപ്രകാരം പാര്‍ലമെന്റ് എംപിമാരില്‍ 20 പേരുടെ പിന്തുണയുള്ളയാള്‍ക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. പിന്തുണ രേഖാമൂലം നല്‍കണമെന്നു മാത്രം. ഭിന്നിപ്പ് പാര്‍ട്ടിയുടെ മറ്റു തലങ്ങളിലും പ്രകടമാണ്. ഒഗ്‌ലു പൊതുസമ്മതനാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവിഭാഗം അദ്ദേഹത്തെ സാംസ്‌കാരിക ബുദ്ധിജീവി എന്ന നിലയില്‍ മാത്രമാണ് കാണുന്നത്. തുര്‍ക്കി രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് സ്ഥാനമില്ലെന്നും പറയുന്നു. സജീവ രാഷ്ട്രീയത്തില്‍ പങ്കാളിയാവാതിരിക്കുന്നതിന് ന്യായമായി രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് ഒഗ്‌ലു കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ വിശേഷിച്ചും. 

         ഉര്‍ദുഗാന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഒഗ്‌ലുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു അപ്രഖ്യാപിത ഘടകം കൂടിയുണ്ട്. ഉര്‍ദുഗാനും എ.കെ പാര്‍ട്ടിക്കുമെതിരെ ശക്തമായി രംഗത്തുള്ള ഇസ്‌ലാമിക വിഭാഗമായി അറിയപ്പെടുന്ന ഫത്ഹുല്ലാ ഗുലന്റെ പിന്തുണയാണത്. വലിയ ശക്തിയല്ലെങ്കിലും അവഗണിക്കാനാവാത്ത ഘടകമാണ് ഗുലന്‍. എന്നാല്‍, ജനസംഖ്യയുടെ 20 ശതമാനം വരുന്ന കുര്‍ദുകളുടെ പിന്തുണ കിട്ടുന്ന ആള്‍ക്ക് വിജയമുറപ്പിക്കാം. കുര്‍ദ് വിരോധികളായ നാഷ്‌നലിസ്റ്റ് പാര്‍ട്ടി ഒഗ്‌ലുവിനെ പിന്തുണക്കുന്നതിനാല്‍ ഒഗ്‌ലുവിനനുകൂലമായി കുര്‍ദുകള്‍ വോട്ടു ചെയ്യാനിടയില്ല.

         ഉര്‍ദുഗാനെ നേരിടാനും ജനങ്ങളെ തൃപ്തിപ്പെടുത്താനുമായി മതവിശ്വാസിയായ, അറബ്-ഇസ്‌ലാമിക ലോകവുമായി നല്ല ബന്ധമുള്ള ഒരാളെ തെരഞ്ഞെടുത്തതിലൂടെ ഇരു കക്ഷികളും തങ്ങളുടെ നിലപാടുകളില്‍ നിന്ന് പിറകോട്ടു പോയി എന്നതാണ് വിഷയത്തിലെ ഏറ്റവും ശ്രദ്ധേയമായ വശം. ഇസ്‌ലാമിക വ്യക്തിത്വം പോലുള്ള ഒഗ്‌ലുവിന്റെ സവിശേഷതകള്‍ ഉര്‍ദുഗാനും അവകാശപ്പെടാവുന്നതേയുള്ളൂ. പക്ഷേ, അതോടൊപ്പം ഉര്‍ദുഗാന് ജനകീയ നേതാവ് എന്ന പരിവേഷമുണ്ട്; കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങളുടെ വലിയ പട്ടികയും മുന്നോട്ടു വെക്കാനുണ്ട്. അതിനാല്‍ ഇരുവരെയും താരതമ്യം ചെയ്യുമ്പോള്‍ എതിരാളിയുടെ സല്‍പേര് ഉര്‍ദുഗാന് ഭീഷണിയാവാന്‍ ഇടയില്ല. ഉര്‍ദുഗാനെ എതിരിടല്‍ ഏറക്കുറെ അസാധ്യമായ ഒരു മേഖലയിലേക്കാണല്ലോ ഒഗ്‌ലു ഇറങ്ങിത്തിരിക്കുന്നത്. മത്സരവും താരതമ്യവും രണ്ടും അപ്രസക്തമാണ് ഇവിടെ. 

വിവ: നാജി ദോഹ
najidoha@gmail.com

Comments

ഖുര്‍ആന്‍ ബോധനം

സൂറ 20 /ത്വാഹാ/ 117-121
എ.വൈ.ആര്‍