Prabodhanm Weekly

Pages

Search

2014 ജൂലൈ 18

കോഴ്‌സുകള്‍ ആവിഷ്‌കരിക്കേണ്ടത് മുഖ്യധാരാ കോഴ്‌സുകള്‍ക്ക് സമാന്തരമായിട്ടല്ല

എ. അനീസുര്‍റഹ്മാന്‍, അല്‍ജാമിഅ ശാന്തപുരം

കോഴ്‌സുകള്‍ ആവിഷ്‌കരിക്കേണ്ടത് 
മുഖ്യധാരാ കോഴ്‌സുകള്‍ക്ക് സമാന്തരമായിട്ടല്ല

         'കേരളത്തിലെ ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസം വര്‍ത്തമാനം, ഭാവി' എന്ന തലക്കെട്ടില്‍ ഇ. യാസിര്‍ എഴുതിയ ലേഖനം (ലക്കം 2854) ശ്രദ്ധേയമായി. ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസ മേഖലയുടെ വര്‍ത്തമാന ചിത്രം വ്യക്തമായി കോറിയിട്ട ലേഖകന്‍, ഇസ്‌ലാമിക കലാലയങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായുള്ള പ്രായോഗിക നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.

         ഇന്നത്തെ ഇസ്‌ലാമിക കലാലയങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിദ്യാര്‍ഥി ക്ഷാമമാണ്. കേവലം പേരുമാറ്റം കൊണ്ട് വിദ്യാര്‍ഥികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുക സാധ്യമല്ല. മുഖ്യധാരയില്‍ നിന്ന് അകന്നു നില്‍ക്കുന്നേടത്തോളം കാലം എത്ര സമഗ്രമായ പരിഷ്‌കരണം ഉണ്ടായാലും തല്‍സ്ഥിതി തുടരുകതന്നെ ചെയ്യും. മുഖ്യധാരാ കോഴ്‌സുകള്‍ക്ക് സമാന്തരമായിട്ടാവരുത് കോഴ്‌സുകളാവിഷ്‌കരിക്കേണ്ടത്. ന്യൂജനറേഷന്‍ കോഴ്‌സുകളുടെ കാലത്ത് പഴയ കോഴ്‌സുകള്‍ പുതിയ കുപ്പിയിലാക്കി കൊടുത്താല്‍ സ്വീകാര്യത ലഭിക്കുമെന്ന ധാരണ അബദ്ധമാണ്. ഇനി അഥവാ അങ്ങനെ ഉണ്ടായെങ്കില്‍ തന്നെ അധികകാലം പിടിച്ചുനില്‍ക്കാന്‍ പറ്റുകയുമില്ല.

         കോഴ്‌സുകളെ ഇസ്‌ലാമികമെന്നും അല്ലാത്തവയെന്നും തതംതിരിക്കാതെ എല്ലാ കോഴ്‌സുകളും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ നല്‍കാനുള്ള ഒരു സംവിധാനത്തിന്റെ ആവശ്യകതയും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു സംവിധാനത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണെങ്കിലും ഈ ലക്ഷ്യം മുന്നില്‍ വെച്ചാവണം നമ്മുടെ സ്ഥാപനങ്ങള്‍ സിലബസുകള്‍ ആവിഷ്‌കരിക്കേണ്ടത്. ഏകീകൃത യൂനിവേഴ്‌സിറ്റി എന്ന ആശയം ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന് ഏറെ സഹായകമാകും.

         ഇതോടൊപ്പം മറ്റൊരു കാര്യവും ചേര്‍ത്തു വായിക്കേണ്ടതുണ്ട്. നിലവില്‍ മുഖ്യധാര കാമ്പസുകളില്‍ മുസ്‌ലിം വിദ്യാര്‍ഥി വിദ്യാര്‍ഥിനികളില്‍ ചെറുതല്ലാത്ത ഒരു വിഭാഗം ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടാന്‍ താല്‍പര്യമുള്ളവരാണ്. 'പ്രോഫ്‌കോണ്‍' പോലെയുള്ള വിദ്യാര്‍ഥി സംഗമങ്ങള്‍ അത്തരമൊരു സൂചനയാണ് നല്‍കുന്നത്. ഇവര്‍ക്കായി വിദൂര പഠന കോഴ്‌സുകളും ഓണ്‍ലൈന്‍ കോഴ്‌സുകളുമെല്ലാം ആവിഷ്‌കരിക്കേണ്ടത് സമുദായത്തിന്റെ ബാധ്യതയാണ്.

എ. അനീസുര്‍റഹ്മാന്‍, അല്‍ജാമിഅ ശാന്തപുരം

ഈ സാധുക്കളോട് വേണ്ടിയിരുന്നില്ല ഇത്ര വലിയ ക്രൂരത

         ത്തരേന്ത്യയില്‍ നിന്ന് അനാഥ വിദ്യാര്‍ഥികളോടൊപ്പം വന്ന രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള 11 പേര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്ത് ഒരു മാസത്തോളമായി ജയിലിലടച്ചിരിക്കുകയാണ്. അവരില്‍ അധ്യാപകരുമുണ്ട്. ചില സാമൂഹിക പ്രവര്‍ത്തകര്‍ക്കൊപ്പം അവരെ പാലക്കാട് സബ് ജയിലില്‍ സന്ദര്‍ശിച്ചു. ദയനീയമാണ് അവരുടെ സ്ഥിതി. കേരളത്തെ കുറിച്ച് തങ്ങള്‍ കേട്ടിട്ടുള്ളത് സൗഹൃദത്തിനു മുന്‍ഗണന നല്‍കുന്നവരെന്നാണ്. നേരെ മറിച്ചാണ് ഇപ്പോഴുള്ള അനുഭവമെന്നും ഒരു മാസമായി തങ്ങളെ ഒരാളും തിരിഞ്ഞു നോക്കിയില്ല എന്നും റമദാന്‍ മാസം ഇങ്ങനെ കഴിയേണ്ടിവന്നതില്‍ അതിയായ വേദനയുണ്ടെന്നും അവര്‍ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പും സാമൂഹികക്ഷേമ വകുപ്പും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മനുഷ്യാവകാശം എല്ലാവര്‍ക്കും ഒരുപോലെയല്ലേ, അന്യ സംസ്ഥാനക്കാര്‍ ആകുമ്പോള്‍ മറിച്ചാവുന്നതെങ്ങനെ? കുട്ടികളെ കൊണ്ട് വന്നതില്‍ വീഴ്ചയുണ്ടെങ്കില്‍ അതിനു നടപടി എടുക്കുന്നതിനു പകരം ഇത്ര വലിയ കുറ്റം ചുമത്തുകയല്ല വേണ്ടത്. ഈ അനീതിയെ കണ്ടില്ലെന്നു നടിക്കുകയാണ് മുഖ്യധാരാ പാര്‍ട്ടികളും ഉത്തരവാദപ്പെട്ടവരും. ഇതിനെതിരെ പൊതുവികാരം ഉയര്‍ന്നുവരണം. മീഡിയയെ നോക്കിയല്ല ഇക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടത്. നിഷ്പക്ഷവും നീതിപൂര്‍വകവുമായ സമീപനമാണ് പൊതുസമൂഹം നീതിപീഠങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വണ്ടി കയറിയവര്‍ ജീവിതം മുഴുവന്‍ ജയിലറകള്‍ക്കുള്ളില്‍ കഴിയേണ്ടിവരുമോ എന്ന ആശങ്കയിലാണ്. ഒരു ഗതിയുമില്ലാത്ത ഈ സാധുക്കളോട് ഇത്ര വലിയ ക്രൂരത ചെയ്തവരോട് ദൈവം പോലും പൊറുക്കില്ല തീര്‍ച്ച...

എം. സുലൈമാന്‍ പാലക്കാട്

വിശപ്പ് മറന്ന നോമ്പുകാരി

         സ്‌ലാം വിശ്വാസികളില്‍ നട്ടുവളര്‍ത്തുന്ന ശ്രേഷ്ഠ ഗുണങ്ങളില്‍ പ്രധാനമാണ് ദാനശീലം. താനിഷ്ടപ്പെടുന്നത് സ്വന്തം സഹോദരനു വേണ്ടിയും ഇഷ്ടപ്പെടണം. തനിക്ക് നല്‍കപ്പെട്ട സമ്പത്തില്‍നിന്ന് സമസൃഷ്ടികള്‍ക്കും നല്‍കണം. അങ്ങനെ നമസ്‌കാരവും നോമ്പും മറ്റു ആരാധനകളുമെന്ന പോലെ വിശ്വാസിയുടെ ജീവിതത്തില്‍ ദാനശീലവും നിറഞ്ഞുനില്‍ക്കണം.

         റമദാനിലെ ദാനധര്‍മങ്ങള്‍ക്ക് ഏറെ ശ്രേഷ്ഠതയും പുണ്യവുമുണ്ട്. എഴുനൂറ് ഇരട്ടി വരെയാണതിന്റെ പ്രതിഫലം. റമദാനില്‍ ദാധര്‍മങ്ങളുടെ വിഷയത്തില്‍ പ്രവാചകന്റെ മാതൃക അനുകരണീയമാണ്. അടിച്ചു വീശുന്ന കാറ്റുപോലെ ഉദാരനായിരുന്നു നബി(സ). കാരുണ്യവും ദീനാനുകമ്പയും വഴിഞ്ഞൊഴുകുകയും, ഉദാത്ത വികാരങ്ങളും ഉല്‍കൃഷ്ട വിചാരങ്ങളും പൂത്തുലയുകയും ചെയ്തിരുന്നു അന്നത്തെ റമദാന്‍ നാളുകളില്‍.

         ഇമാം മാലിക് മുവത്വയില്‍ രേഖപ്പെടുത്തിയ ഒരു സംഭവം. ഒരഗതി ആഇശ(റ)യുടെ വീട്ടില്‍ ആഹാരം യാചിച്ചെത്തി. നോമ്പ് കാലമായിരുന്നു അത്. ഒരു പത്തിരിയല്ലാതെ വീട്ടിലൊന്നും ഉണ്ടായിരുന്നില്ല. നോമ്പ് തുറക്കാന്‍ സമയമായിരിക്കുന്നു. അതെടുത്തു അഗതിക്ക് കൊടുക്കുവാന്‍ അവര്‍ ഒട്ടും മടിച്ചില്ല.

         ആഇശ(റ)യുടെ ജീവിതത്തില്‍നിന്ന് തന്നെ മറ്റൊരു സംഭവം: മുആവിയ(റ) 80,000 ദിര്‍ഹം ആഇശ(റ)ക്ക് അയച്ചു കൊടുത്തു. ആഇശ(റ) അന്നും വ്രതമെടുത്തിരുന്നു. കീറിത്തുന്നിയ വസ്ത്രമാണവര്‍ ധരിച്ചിരുന്നത്. പെരുന്നാള്‍ ആസന്നമാവുകയാണ്. പക്ഷേ അതൊന്നും ആ മഹതിയുടെ മനസ്സിനെ അലട്ടിയിരുന്നില്ല. കിട്ടിയ പണം ഒന്നും ബാക്കിവെക്കാതെ അഗതികള്‍ക്കും ദരിദ്രര്‍ക്കും വീതിച്ചുകൊടുത്തു. വേലക്കാരി ചോദിച്ചു: ''നോമ്പ് തുറക്കാന്‍ ഒരു ദിര്‍ഹം ബാക്കി വെച്ചെങ്കില്‍ മാംസം വാങ്ങാമായിരുന്നില്ലേ?''

         നോമ്പ് തുറക്കാന്‍ ഒന്നുമില്ലാതിരുന്നിട്ടും ഉള്ള പത്തിരി അഗതിക്ക് ദാനം ചെയ്ത ആ നോമ്പുകാരി, വിശക്കുന്ന സ്വന്തം വയറിന്റെയും തന്റെ പിന്നിയ വസ്ത്രത്തിന്റെയും കാര്യം ഒട്ടും ഓര്‍ത്തില്ല.

അബ്ദുല്‍ ജബ്ബാര്‍, കൂരാരി

കേരളം കലുഷിതമാകുമ്പോള്‍

         മുസ്‌ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യുകയെന്നത് ദേശവ്യാപകമായി സംഘ്പരിവാര്‍ നടത്തുന്ന പ്രചാരണ പരിപാടിയാണ്. ഇതിനു വേണ്ടി ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കുന്നു. മതേതരത്വത്തിന്റെ ശക്തനായ വക്താവായിരുന്ന ടിപ്പുസുല്‍ത്താനെ വര്‍ഗീയവാദിയായിട്ടാണവര്‍ അവതരിപ്പിക്കുന്നത്. 1921-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന കലാപത്തെ ഹിന്ദുക്കളെ കൊന്നുതള്ളുന്ന കലാപമാക്കിയാണ് ചിത്രീകരിച്ചത്. ഇതിലൂടെ ഒരു വിഭാഗം എന്നും വെറുക്കപ്പെടേണ്ടവരാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുക എന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. യഹൂദരുടെ കാര്യത്തില്‍ ഹിറ്റ്‌ലറും ഈ രീതിയായിരുന്നു അവലംബിച്ചത്.  ഹിറ്റ്‌ലറുടെ ആത്മകഥയില്‍ യഹൂദരെക്കുറിച്ച് എഴുതുന്നത് കാണുക: ''വെള്ളം എന്ന വസ്തുവുമായി  ഈ വര്‍ഗത്തിന് തീര്‍ത്തും അടുപ്പമില്ല.കണ്ണടച്ചാല്‍ കൂടി ഒരു യഹൂദന്‍ അടുത്തുവന്നാല്‍ നാറ്റം കൊണ്ട് തിരിച്ചറിയന്‍ കഴിയും... എവിടെ ചീഞ്ഞുനാറുന്ന സാംസ്‌കാരിക വ്രണങ്ങളുണ്ടോ അവയിലെല്ലാം യഹൂദര്‍ എന്ന പുഴുക്കള്‍ ചലം കുടിച്ച് തിമര്‍ക്കുന്ന കാഴ്ച കാണാം.'' ഹിറ്റ്‌ലറുടെ ഈ പ്രചാരണത്തിന്റെ പര്യവസാനം ഹോളോകാസ്റ്റായിരുന്നുവെന്നത് ചരിത്രം.

         'ലൗ ജിഹാദ്', 'ഇന്റലക്ച്വല്‍ ജിഹാദ്' എന്നിവക്കൊടുവില്‍ 'മനുഷ്യക്കടത്തി'ന്റെ പേരില്‍ അനാഥക്കുട്ടികളെയും വേട്ടയാടിക്കൊണ്ട് കേരളത്തിന്റെ പൊതുമണ്ഡലത്തെ ഇക്കൂട്ടര്‍ മലിനമാക്കുകയാണ്. എങ്കിലും നരേന്ദ്രമോദിയുടെ സൂനാമി തിരമാലകളിലും സംഘ്പരിവാറിന്റെ അജണ്ട തെറ്റിച്ച് കേരളം പിടിച്ചുനിന്നത് അത് ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങള്‍ കൊണ്ടാണ്. കേരളം പരമ്പരാഗതമായി കൈമാറിവന്ന പൈതൃകത്തിന്റെ ഫലമാണിത്.

         'പ്രചാരണം ഒരു മാര്‍ഗമാണ്. അതിന്റെ ലക്ഷ്യം യുദ്ധ വിജയമാണ്' എന്ന ഹിറ്റ്‌ലറിന്റെ സിദ്ധാന്തം പ്രാവര്‍ത്തികമാക്കുന്നവര്‍ അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കാര്‍ഡിറക്കിയതിലൂടെ 80 സീറ്റുള്ള സംസ്ഥാനത്ത് ഒരു മുസ്‌ലിമിന് പോലും ഇത്തവണ ജയിക്കാനായില്ലെങ്കില്‍ ഒരു സീറ്റ് പോലുമില്ലാത്ത കേരളത്തില്‍ താമര വിരിയിക്കാന്‍ അതേ കുതന്ത്രങ്ങള്‍ പുറത്തെടുത്താല്‍ അത്ഭുതപ്പെടാനില്ല.

അന്‍വര്‍ സാദത്ത് കുന്ദമംഗലം

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ 20 /ത്വാഹാ/ 117-121
എ.വൈ.ആര്‍