Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

നവ സാമൂഹിക മാധ്യമങ്ങളും <br>ഇസ്‌ലാമിക പ്രവര്‍ത്തകരും

ഇബ്‌റാഹീം ശംനാട് /ലേഖനം

         ഇസ്‌ലാമിക ആശയങ്ങളെ ജനമനസ്സുകളിലെത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്ന നിലയില്‍ ആധുനിക മാധ്യമങ്ങളെ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിശിഷ്യ കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ തുടക്ക കാലം മുതല്‍ തന്നെ ഉപയോഗപ്പെടുത്തിയിരുന്നു. നവ സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തെ ശക്തമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. സ്വേഛാധിപത്യ ഭരണകൂടങ്ങളുടെ അടിത്തറ ഇളക്കാനും അവരെ അധികാര സിംഹാസനങ്ങളില്‍ നിന്ന് തൂത്തെറിയാനും പുതിയ ഭരണകര്‍ത്താക്കളെ അവരോധിക്കാനും, വ്യക്തികളെയും സമൂഹങ്ങളെയും തേജോവധം ചെയ്യാനും അവരെ ഉയര്‍ത്തികൊണ്ടുവരാനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുമെല്ലാമുള്ള നവ സാമൂഹിക മാധ്യമങ്ങളുടെ മിടുക്ക് അപാരം തന്നെ. 

ഇന്ന് ലോകത്ത് പ്രചുരപ്രചാരം നേടിയ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ് അപ്, ബ്ലോഗുകള്‍  തുടങ്ങിയ നവ സാമൂഹിക മാധ്യമങ്ങള്‍ ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി ചുരുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഞാനും നിങ്ങളുമടങ്ങുന്ന വ്യക്തികളാണ് ഈ മാധ്യമങ്ങളുടെ പ്രയോക്താക്കളും ഉപഭോക്താക്കളും എന്ന നിലക്ക് ഇസ്‌ലാമിക പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം ഈ നവ സാമൂഹിക മാധ്യമങ്ങളെ  അവഗണിക്കാന്‍ ഒരിക്കലുമാവില്ല.

ഇസ്‌ലാമിക പരിധികളില്‍ നിന്ന് കൊണ്ട്  സമൂഹത്തിന് ഗുണകരമാവും വിധം  സാങ്കേതിക വിദ്യകളെയും മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തുക എന്നതാണ് കാലത്തോടൊപ്പം സഞ്ചരിക്കുന്ന ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള സുചിന്തിത നിലപാട്. അതുകൊണ്ടാണ് സാമ്പത്തിക പരാധീനതകള്‍ക്കിടയിലും അച്ചടി മാധ്യമങ്ങള്‍ അടക്കിവാണിരുന്ന യുഗത്തില്‍ തന്നെ പ്രസ്ഥാനം ആ മേഖലയില്‍ ചുവടുറപ്പിച്ചത്. മീഡിയ ഇപ്പോള്‍ വ്യക്തികളുടെ കൈപ്പിടിയിലേക്ക് വന്നുകൊണ്ടിരിക്കെ, ഓരോരുത്തരും ഈ മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് കരണീയം. 

നടേ സൂചിപ്പിച്ചതും അല്ലാത്തതുമായ നവ സാമൂഹിക മാധ്യമങ്ങളുടെ ഒരു പ്രളയകാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. ഒരേ സമയം ഒരു വ്യക്തിക്ക് നിരവധി പേരുമായി ആശയ വിനിമയം ചെയ്യാന്‍ കഴിയുന്ന ഒരത്ഭുത ലോകം. ഈ അത്ഭുത ലോകത്തിന് മുന്നില്‍ പകച്ച് നില്‍ക്കാതെ എല്ലാ ജന വിഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള ഈ കനകാവസരം പാഴാക്കാതിരിക്കുകയാണ് നവ സാമൂഹിക മാധ്യമ രംഗത്ത് നാം ഏറ്റെടുക്കേണ്ട ഏറ്റവും സുപ്രധാന കര്‍ത്തവ്യം. സൂര്യപ്രകാശം എത്തുന്നേടത്തെല്ലാം ഇസ്‌ലാമിന്റെ പൊന്‍വെളിച്ചം പ്രസരിക്കുമെന്ന പ്രവാചക വചനം എത്ര അന്വര്‍ഥം! 

നവ സാമൂഹിക മാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്താണ്? ഒരു വ്യക്തി തന്നെ ലേഖകനും എഡിറ്ററും പത്രാധിപരുമായിത്തീരുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. ഒരര്‍ഥത്തില്‍ ഇത് തന്നെയാണ് അതിന്റെ ദൗര്‍ബല്യവും. ഒരാളുടെ മനസ്സിലുള്ള ആശയം മാലോകരെ അറിയിക്കാന്‍ മറ്റാരെയും ആശ്രയിക്കേണ്ടതില്ല എന്നതാണ് അതിന്റെ ക്രിയാത്മക വശമെങ്കില്‍, അബദ്ധങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് അതിന്റെ പ്രധാന ന്യൂനത. ഈ ന്യൂനതയെ അതിജീവിക്കാന്‍ ടൈപ്പ് ചെയ്ത് കഴിഞ്ഞയുടന്‍ തന്നെ പോസ്റ്റ് ചെയ്യാതെ ഒന്നോ രണ്ടോ ദിവസം കാത്തിരുന്ന് അതിനെ സ്വയം വിലയിരുത്തി മറ്റൊരാളെ കാണിച്ചതിന് ശേഷം പോസ്റ്റ് ചെയ്യുകയാണ് ഉചിതം. 

നമ്മുടെ മേല്‍വിലാസമുള്ള നവ സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കത്തിലും സംവിധാനത്തിലും പരമാവധി മികവ് പുലര്‍ത്താന്‍ നാം ശ്രദ്ധിച്ചേ മതിയാവു. അത് നമ്മുടെ സംസ്‌കാരത്തിന്റെ പ്രതിബിംബമായി മാറുകയാണ്. നമ്മുടെ സാംസ്‌കാരിക ധാര്‍മിക നിലവാരം മനസ്സിലാക്കാനുള്ള ഒരു മാര്‍ഗമായിത്തീര്‍ന്നിരിക്കുകയാണ് ഇത്തരം മാധ്യമങ്ങള്‍. നവ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മുക്തമായി ഓഫ് ലൈനില്‍ ജീവിക്കുക എന്നത് അചിന്തനീയമായ കാര്യമാണെങ്കിലും, നിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും നാം തയാറാവരുത്. 

വാക്കുകള്‍ വാളുകളെക്കാള്‍ മൂര്‍ച്ചയുള്ള ആയുധമാണ് എന്ന് പറയാറുണ്ട്. എഴുതുന്ന പോസ്റ്റുകള്‍ കുറിക്ക് കൊള്ളുന്നതാവണം. നാം പോസ്റ്റ് ചെയ്യുന്ന വാക്കുകള്‍  പ്രയോജനപ്രദമാണോ, മുറിപ്പെടുത്തുന്നതാണോ എന്ന് ആലോചിക്കാതെ പോസ്റ്റിംഗ് നടത്തുന്നത് ഇസ്‌ലാമിക സംസ്‌കാരമുള്ളവരില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല. വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന പഴമൊഴിയെ അന്വര്‍ഥമാക്കുന്ന വിധമുള്ള പരാമര്‍ശം നമ്മില്‍ നിന്നുണ്ടാകാവതല്ല.  

'1984' എന്ന ജോര്‍ജ് ഓര്‍വല്ലിന്റെ പ്രശസ്ത നോവലില്‍ 'നിന്റെ വലിയ സഹോദരന്‍ നിന്നെ സദാ നിരീക്ഷിക്കുന്നുണ്ട്' എന്ന് സ്വേഛാധിപതികളായ ഭരണാധികാരികളെ സൂചിപ്പിക്കുന്ന പരാമര്‍ശം കാണാം. ഇന്ന് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ് ആ പ്രവചനം.  അനാവശ്യമായ ചാറ്റിംഗിലൂടെയും പോസ്റ്റിംഗിലൂടെയും കേസുകളില്‍ കുടുങ്ങിയ എത്രയോ പേര്‍ നമുക്ക് ചുറ്റുമുണ്ട്. സൈബര്‍ ലോകത്തിലൂടെ പരിചയപ്പെട്ട് വൈവാഹിക ബന്ധം വരെ തകര്‍ന്നു പോയവരുടെ കദനകഥകളും നമുക്ക് അന്യമല്ല. 

നമ്മള്‍ എഴുതുന്ന/പറയുന്ന ഓരോ വാക്കും ഒരു മഹത്തായ സന്ദേശം അടങ്ങിയതായിരിക്കണം. എതിരാളികളെ അടച്ചാക്ഷേപിക്കാനുള്ള ഔത്സുക്യത്തോടെ ഒന്നും പോസ്റ്റ് ചെയ്യരുത്. പ്രകോപനപരമായ പ്രതികരണങ്ങള്‍ ഒഴിവാക്കുക. അറിയാത്ത വിഷയത്തില്‍ പ്രതികരിക്കാതിരിക്കുക. അല്ലെങ്കില്‍ പഠിച്ചതിന് ശേഷം മാത്രം പ്രതികരിക്കുക. എന്തെങ്കിലും കിട്ടിയാല്‍ അത് സൂക്ഷ്മമായി പരിശോധിക്കാതെ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്ന പ്രവണതയും നല്ലതല്ല. ബുദ്ധിയുള്ളവന്റെ നാവ് ഹൃദയത്തിന്റെ പിന്നിലായിരിക്കും എന്ന ഹസന്‍ ബസ്വരിയുടെ വാക്യം, നാവിനെ മാത്രമല്ല ആശയ പ്രചാരണോപാധിയായ കൈകളെയും ഉള്‍ക്കൊള്ളുന്നുണ്ട്. 

ഭാഷയുടെ എല്ലാവിധ അതിര്‍വരമ്പുകളും ഉല്ലംഘിച്ച് കൊണ്ട് ചുരുക്കെഴുത്ത്, അപൂര്‍ണമായ വാചകങ്ങള്‍, ഭാഷാ നിയമങ്ങള്‍ പാലിക്കാതെയുള്ള എഴുത്ത് കുത്തുകള്‍ ഇതെല്ലാം നമ്മുടെ ഭാഷാകഴിവുകളെ ജീര്‍ണിപ്പിക്കുമെന്ന് മാത്രമല്ല, അവക്കൊന്നും അമീബയുടെ ആയുസ് പോലും ഉണ്ടാവുകയില്ല എന്നും നാം ഓര്‍ത്തിരിക്കണം. കാലാതിവര്‍ത്തിത്വമുള്ളതാണ് കലയും സാഹിത്യവുമെന്ന പ്രാഥമിക വിവരമെങ്കിലും നമുക്ക് ഉണ്ടാവണം. മനുഷ്യ സമൂഹത്തിന്റെ പൈതൃകങ്ങള്‍ കാലഹരണപ്പെട്ട് പോവാതിരിക്കാനുള്ള രേഖാപരമായ തെളിവുകളാണ് രചനകള്‍ എന്ന ഉത്തമ ബോധ്യത്തോടെയായിരിക്കട്ടെ ഓരോ ഇസ്‌ലാമിക പ്രവര്‍ത്തകനും നവ സാമൂഹിക മാധ്യമങ്ങളെ സമീപിക്കുന്നത്. ഗൗരവമുള്ള വായനക്ക് സമയം കണ്ടെത്തിയാലേ നല്ല രചനകള്‍ ഉണ്ടാവുകയുള്ളൂ എന്ന് ഓര്‍ത്തിരിക്കുക.  

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌