Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

നിയമനിര്‍മാണവും ജുഡീഷ്യറിയും

ഡോ. മുഹമ്മദ് ഹമീദുല്ല /പഠനം

         നിയമങ്ങള്‍ രണ്ട് രീതിയില്‍ നിര്‍മിക്കപ്പെടാം. പരമ്പരാഗത ആചാരങ്ങളനുസരിച്ച് നമുക്ക് ലഭ്യമായ നിയമങ്ങളാണ് ഇതിലൊന്ന്. അവ ഏത് കാലത്താണ് ഉണ്ടായതെന്നോ, ആരാണ് അവ ഉണ്ടാക്കിയതെന്നോ നമുക്ക് അറിയില്ല. അറിയപ്പെടുന്ന നിയമജ്ഞരോ രാജാക്കന്മാരോ ഭരണാധികാരികളോ തങ്ങളുടെ പ്രജകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങളാണ് രണ്ടാമത്തെ ഇനം. ചിലപ്പോള്‍ നിയമം കൊണ്ടുവന്ന വ്യക്തി പറയും, ഈ നിയമം താന്‍ ഉണ്ടാക്കിയതല്ല എന്ന്. അത് ദൈവികനിയമമാണ് എന്നും പ്രഖ്യാപിക്കും. ദൈവികവും ദൈവികമല്ലാത്തതുമായ നിയമങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. ആചാര നിബദ്ധമായി നമുക്ക് ലഭിച്ച നിയമങ്ങള്‍ ഒരുപക്ഷേ ഭാഗികമായി ദൈവികമായിരിക്കാം. ഒരു പ്രവാചകന്‍ വഴിയായിരിക്കാം അവ മനുഷ്യസമൂഹത്തിന് ലഭിച്ചിരിക്കുക. പക്ഷേ ആ നിയമങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ അവയുടെ കണ്ണികള്‍ പലതും അറ്റുപോവുകയും ആചാരങ്ങളോടൊപ്പം സ്ഥാനം പിടിക്കുകയും ചെയ്തിരിക്കാം.

അപ്പോള്‍ മറ്റൊരു രീതിയിലും നിയമത്തെ വിഭജിക്കാവുന്നതാണ്-ദൈവനിര്‍മിതവും മനുഷ്യനിര്‍മിതവും. നിയമം പഠിക്കുമ്പോള്‍ നാം മൗലികമായി ഓര്‍ത്തുവെക്കേണ്ട ഒരു വസ്തുതയുണ്ട്. ഒരു നിയമം ഉണ്ടാക്കപ്പെട്ട് കഴിഞ്ഞാല്‍ ആ നിയമത്തെ പിന്നീട് മാറ്റുന്നതോ തിരുത്തുന്നതോ ആദ്യ നിയമനിര്‍മാതാവിന് തത്തുല്യമോ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാമാണികമോ ആയ ഒരു നിയമസ്രോതസ്സ് ആയിരിക്കണം. ഉദാഹരണത്തിന്, ഒരു സര്‍വകലാശാലയില്‍ ഒരു പ്രഫസര്‍ നല്‍കിയ ഉത്തരവ് തിരുത്താനോ മാറ്റാനോ ആ സ്ഥാപനത്തിലെ വിദ്യാര്‍ഥിക്കോ പ്യൂണിനോ അധികാരമില്ല. വൈസ് ചാന്‍സലര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രധാനമന്ത്രി പോലെ പ്രഫസറേക്കാള്‍ അധികാരമുള്ള ഒരാള്‍ക്കേ ആ ഉത്തരവ് തിരുത്താനോ റദ്ദാക്കാനോ ഉള്ള അധികാരമുള്ളൂ. പദവിയിലും അധികാരത്തിലും തന്നെക്കാള്‍ താഴെയുള്ള ഒരാള്‍ ആ ഉത്തരവില്‍ കൈവെക്കാന്‍ പാടില്ല.

ഈ തത്ത്വം വളരെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കാന്‍ പോന്നതാണ്. ഈയടിസ്ഥാനത്തില്‍, ദൈവത്താല്‍ നിര്‍മിതമായ ഒരു നിയമം ദൈവത്തിനേ തിരുത്താന്‍ അധികാരമുള്ളൂ. മനുഷ്യനത് തിരുത്താന്‍ മുതിരരുത്. തിരുത്താന്‍ തുനിയുന്ന പക്ഷം അവനെ നാസ്തികനായി കാണേണ്ടിവരും. ദൈവികനിയമങ്ങള്‍ വരുന്നത് പ്രവാചകന്മാര്‍ വഴിയാണ്. ദൈവിക വെളിപാടുകള്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ പ്രവാചകന്മാര്‍ അവരുടെ അറിവും യുക്തിയും ഉപയോഗിച്ച് നിലപാടുകള്‍ പ്രഖ്യാപിക്കാറുണ്ട്. പദവിയില്‍ തത്തുല്യത ഉള്ളതുകൊണ്ട് മറ്റൊരു പ്രവാചകന് ഈ നിലപാടുകള്‍/നിയമങ്ങള്‍ തിരുത്താന്‍ അനുവാദമുണ്ട്. അതേസമയം പ്രവാചകനേക്കാള്‍ താഴ്ന്ന പദവിയിലുള്ള രാജാവോ നിയമജ്ഞനോ പരിഷ്‌കര്‍ത്താവോ ഒന്നും പ്രവാചകനെ തിരുത്താന്‍ ഇറങ്ങിപ്പുറപ്പെടരുത്. പ്രവാചകനെ തിരുത്തുക പ്രപഞ്ചനാഥനായ ദൈവം തന്നെയായിരിക്കും.

നിയമഭേദഗതിക്കും ഒരു അടിസ്ഥാനമുണ്ട്. ഉദാഹരണത്തിന്, തോറയിലെ ഒരു നിയമത്തെ ബൈബിളിനോ ഖുര്‍ആനോ ഭേദഗതി ചെയ്യാം. കാരണം യഥാര്‍ഥ ബൈബിളും ഖുര്‍ആനും ദൈവിക നിയമങ്ങളുടെ സമാഹാരങ്ങളാണ്. അതുപോലെ മോസസിന്റെയും യേശുവിന്റെയും അധ്യാപനങ്ങളില്‍ മുഹമ്മദ്‌നബിക്ക് മാറ്റങ്ങള്‍ വരുത്താം. അപ്പോള്‍ പ്രവാചകന്മാര്‍ കൊണ്ടുവന്ന ഒരു നിയമത്തെ മാറ്റുന്നത് ഒന്നുകില്‍ ദൈവമായിരിക്കണം; അല്ലെങ്കില്‍ ദൈവിക നിര്‍ദേശപ്രകാരം മറ്റു പ്രവാചകന്മാരായിരിക്കണം.

ഈ തത്ത്വങ്ങള്‍ മുമ്പില്‍വെച്ച് ഇസ്‌ലാമിക നിയമസംഹിത എങ്ങനെ വികസിച്ചുവന്നു എന്നാണ് നാം പരിശോധിക്കുന്നത്. ഹിറാ ഗുഹയില്‍വെച്ച് പ്രവാചകന് ആദ്യവെളിപാട് ലഭിച്ചത് മുതല്‍ അവിടുന്ന് മരണപ്പെടുന്നത് വരെയുള്ള 23 വര്‍ഷമാണ് ഇതിന്റെ ആദ്യഘട്ടം. നിയമത്തിന്റെ അടിസ്ഥാന സ്രോതസ്സായ ഖുര്‍ആന്‍ ഒറ്റയടിക്ക് ഒന്നിച്ചിറങ്ങുകയോ പ്രവാചകന്‍ മൂസാക്ക് ലഭിച്ചത്‌പോലെ ഏതാനും ഫലകങ്ങളായി നല്‍കപ്പെടുകയോ അല്ല ഉണ്ടായിട്ടുള്ളത്. 23 വര്‍ഷക്കാലത്തിനിടക്ക് പല സന്ദര്‍ഭങ്ങളിലായി ഖുര്‍ആന്‍ ഘട്ടംഘട്ടമായി അവതരിക്കുകയായിരുന്നു.

ആദ്യ ഘട്ടം

അല്‍അലഖ് അധ്യായത്തിലെ ആദ്യ അഞ്ച് സൂക്തങ്ങള്‍ (96:1-5) അവതരിക്കുമ്പോള്‍ ഇസ്‌ലാമിക നിയമം എന്ന നിലക്ക് പരിചയപ്പെടുത്താന്‍ യാതൊന്നും ഉണ്ടായിരുന്നില്ല. ഖുര്‍ആനിലെയും ഹദീസിലെയും നിയമതത്ത്വങ്ങളെല്ലാം പിന്നീട് വന്ന് ചേര്‍ന്നിട്ടുള്ളതാണ്. അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു: പ്രവാചകത്വത്തിന്റെ ആദ്യ നാളുകളിലെ ഇസ്‌ലാമിക നിയമം എന്തായിരുന്നു? ഖുര്‍ആനിക തെളിവുകളും പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തെക്കുറിച്ച ചരിത്ര വിവരണങ്ങളും വെച്ച് പരിശോധിച്ചാല്‍, മക്കയില്‍ നിലവിലുണ്ടായിരുന്ന ആചാര സമ്പദായങ്ങള്‍ അനുസരിച്ചായിരുന്നു തുടക്കത്തില്‍ മുസ്‌ലിംകളും നീങ്ങിയിരുന്നത് എന്ന് മനസ്സിലാവും. വെളിപാടുകള്‍ വന്നിട്ടില്ലാത്ത സ്ഥിതിക്ക് നിലവിലെ സമ്പ്രദായങ്ങള്‍ തുടരുകയേ നിവൃത്തിയുള്ളൂ. ഹിജ്‌റക്ക് ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മദ്യം വിലക്കിക്കൊണ്ടുള്ള ഖുര്‍ആനിക സൂക്തം അവതരിക്കുന്നത്. അങ്ങനെയൊരു സൂക്തം അവതരിക്കാനുള്ള പ്രത്യക്ഷ കാരണം, മദ്യപിച്ചുകൊണ്ട് നമസ്‌കരിക്കാന്‍ നിന്ന ഒരാള്‍ ഒരു ഖുര്‍ആനിക അധ്യായം പാരായണം ചെയ്തപ്പോള്‍ അതിലെ സൂക്തങ്ങളുടെ ആശയങ്ങള്‍ വികലമാകുംവിധം തെറ്റിച്ച് ഓതിയതാണ്. വിലക്ക് വരുന്നത് വരെ മദ്യം ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. പ്രവാചകന്‍ ജീവിതത്തിലൊരിക്കലും മദ്യം തൊട്ടിരുന്നില്ലെങ്കിലും, അനുയായികള്‍ ചിലര്‍ വിലക്ക് വരുംമുമ്പ് ചെറിയതോതില്‍ മദ്യം സേവിച്ചിരുന്നു. പക്ഷേ നേരത്തെ പറഞ്ഞ സംഭവത്തിന്‌ശേഷം മദ്യം ഉപയോഗിക്കുന്നത് പൂര്‍ണമായി വിലക്കി.

മറ്റു നിയമങ്ങള്‍ക്കും ബാധകമാണ് ഈ തത്ത്വം. ബിംബാരാധന തുടക്കത്തിലേ നിരോധിക്കപ്പെട്ടിരുന്നെങ്കിലും, സമൂഹത്തിലെ മറ്റു തിന്മകളെക്കുറിച്ച് പ്രത്യേക പരാമര്‍ശങ്ങള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. സമൂഹം പൊതുവെ നന്മയായോ തിന്മയായോ കാണുന്ന ഒരുപാട് കാര്യങ്ങളുണ്ടാവും. മോഷ്ടിക്കരുത്, നിരപരാധിയെ വധിക്കരുത്, ആരെയും വഞ്ചിക്കരുത് പോലുള്ള കാര്യങ്ങള്‍. അത്തരം തിന്മകളെ ഏത് സമൂഹവും വെറുക്കുകയും അവ വിലക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്യും. പക്ഷേ ചില വിഷയങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. മദ്യപാനം, പന്നിയിറച്ചി ഭക്ഷിക്കല്‍ പോലുള്ളവ ഉദാഹരണം. ഇത്തരം കാര്യങ്ങളില്‍ ആദ്യകാല മുസ്‌ലിംകള്‍ മക്കക്കാരുടെ ആചാര രീതികള്‍ തന്നെ തുടര്‍ന്നു. മക്കയിലെ ആചാരങ്ങള്‍ താല്‍ക്കാലികമായെങ്കിലും ആദ്യകാല മുസ്‌ലിംകളുടെയും ആചാരങ്ങളായിരുന്നുവെന്നര്‍ഥം; പിന്നെ വെളിപാടുകള്‍ അവതരിക്കുന്ന മുറക്ക് ഈ ആചാരങ്ങളോരോന്നും തിരുത്തപ്പെടുകയോ റദ്ദ് ചെയ്യപ്പെടുകയോ ആണ് ഉണ്ടായത്.

'നമുക്ക് മുമ്പുള്ളവരുടെ മതശാസനകള്‍' (ശരീഅത്തു മിന്‍ ഖബ്‌ലിനാ) എന്നൊരു കൂട്ടം നിയമങ്ങളെക്കുറിച്ച് ഇസ്‌ലാമിക നിയമഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാറുണ്ട്. ഖുര്‍ആന് മുമ്പുള്ള വേദഗ്രന്ഥങ്ങളിലെ മതശാസനകളാണ് ഉദ്ദേശിക്കുന്നത്. പൂര്‍വ വേദഗ്രന്ഥങ്ങളിലെ അത്തരം മതശാസനകളിലേക്ക് ഖുര്‍ആന്‍ വെളിച്ചം വീശുന്നുണ്ട്, പ്രത്യേകിച്ച് അല്‍അന്‍ആം അധ്യായത്തില്‍ (6:83-90). ഈ സൂക്തങ്ങളില്‍ ഇരുപതോളം പ്രവാചകന്മാരിലേക്ക് സൂചന നല്‍കിയ ശേഷം, അവരുടെ കാല്‍പാടുകള്‍ പിന്‍പറ്റാന്‍ പ്രവാചകന്‍ മുഹമ്മദ് നബി തിരുമേനിയെ ഉപദേശിക്കുന്നു. ഇതിന്റെ പൊരുള്‍ വളരെ വ്യക്തമാണ്. പൂര്‍വവേദ ഗ്രന്ഥങ്ങളിലെ ഏതെങ്കിലും മതശാസനകള്‍ വളച്ചൊടിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യാത്ത വിധത്തില്‍ നമുക്ക് ലഭ്യമായിട്ടുണ്ടെങ്കില്‍ ആ ശാസനകള്‍ പിന്‍പറ്റാന്‍ നാം ബാധ്യസ്ഥരാണ്; ഖുര്‍ആന്‍ ആ നിയമങ്ങള്‍ തിരുത്തുകയോ മാറ്റുകയോ ചെയ്തിട്ടില്ലെങ്കില്‍.

മുന്‍ പ്രവാചകന്മാരുടെ നിയമശാസനകളും ദൈവിക നിയമങ്ങള്‍ തന്നെയാണ്. ദൈവം അവ മാറ്റുന്നില്ലെങ്കില്‍ അവ എക്കാലത്തും പ്രസക്തവും അനുധാവനം ചെയ്യപ്പെടേണ്ടതും തന്നെയായിരിക്കും. മുസ്‌ലിം നിയമജ്ഞര്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ എടുത്ത് പറയാറുണ്ട്. ഉദാഹരണത്തിന്, അല്‍മാഇദ അധ്യായത്തില്‍ (5:45) തോറയിലെ പ്രതിക്രിയാ നടപടികളെക്കുറിച്ച് പറയുന്നു. കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി പോലെ. ജൂതര്‍ക്കുള്ള നിയമമാണത് എന്നതോടൊപ്പം തന്നെ അത് ഇസ്‌ലാമിക നിയമത്തിന്റെ ഭാഗവുമാണ്.

വ്യഭിചാരത്തിനുള്ള ശിക്ഷ പ്രഖ്യാപിക്കുന്ന അന്നൂര്‍ അധ്യായത്തിലെ പരാമര്‍ശമാണ് (24:2) മറ്റൊരു ഉദാഹരണം. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ വ്യഭിചാരത്തിലേര്‍പ്പെട്ടാല്‍ ഇരുവരെയും നൂറടി വീതം അടിക്കണമെന്നാണ് അവിടെ പറയുന്നത്. വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ വ്യഭിചാരത്തിലേര്‍പ്പെട്ടാല്‍ എന്ത് ശിക്ഷ നല്‍കണം എന്ന് അവിടെ പറയുന്നില്ല. വിവാഹിതരായ വ്യഭിചാരികള്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടതെന്ന് തോറയിലും ബൈബിളിലും പറയുന്നുണ്ട്. അതുകൊണ്ടാണ് ഖുര്‍ആനത് പരാമര്‍ശിക്കാതെ വിട്ടത്. ഈ ശിക്ഷ പ്രവാചകന്‍ സ്ഥിരീകരിച്ചതായി സ്വഹീഹു ബുഖാരിയില്‍ കാണാം. തോറയിലും ബൈബിളിലും വ്യക്തമായി പരാമര്‍ശിക്കുകയും ഖുര്‍ആന്‍ നിശ്ശബ്ദത പാലിക്കുകയും ചെയ്ത ഏത് പ്രശ്‌നത്തിലും പൂര്‍വ വേദങ്ങളിലെ നിയമം സാധുവായി നിലനില്‍ക്കും. പ്രവാചകനും സച്ചരിതരായ ആദ്യത്തെ നാല് ഖലീഫമാരും മുസ്‌ലിം നിയമജ്ഞരുമെല്ലാം തന്നെ ഈ കുറ്റകൃത്യത്തിന് വധശിക്ഷയാണ് നല്‍കേണ്ടത് എന്ന് പ്രായോഗികമായി കാണിച്ചുതന്നിട്ടുണ്ട്. 'നമുക്ക് മുമ്പുള്ളവരുടെ മതനിയമങ്ങള്‍' ഇസ്‌ലാമിക നിയമത്തിന്റെ ഒരു സ്രോതസ്സാണ് എന്നര്‍ഥം; പഴയ നിയമത്തില്‍ ഒരു മാറ്റവുമില്ല എന്ന് ഖുര്‍ആനും ഹദീസും വെച്ച് സ്ഥിരപ്പെട്ടിരിക്കണമെന്ന് മാത്രം.

പ്രവാചക വചനങ്ങളും ചര്യയും (ഹദീസ്, സുന്നഃ) ആണ് മറ്റൊരു നിയമസ്രോതസ്സ്. ഈ സ്രോതസ്സ് എന്നെന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണെങ്കിലും, പ്രവാചകന്റെ പരിമിതമായ ജീവിത കാലത്തിനിടയില്‍ അതില്‍ ചില മാറ്റങ്ങളൊക്കെ വരാറുണ്ട്. പ്രവാചകന്റെ മരണത്തോടെ അതില്‍ മാറ്റം വരുത്താനുള്ള എല്ലാ സാധ്യതയും അടയുകയും ചെയ്തു. പ്രവാചകന്റെ ജീവിതകാലത്ത് അദ്ദേഹത്തിന് തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന നിലക്ക് ഏതെങ്കിലും നിയമത്തെ മാറ്റാം എന്നല്ല ഉദ്ദേശിച്ചത്. പ്രവാചകന്‍ പറയുന്നതെല്ലാം ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണെന്നും അത് സ്വാഭിപ്രായമല്ലെന്നും ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ (53:3-4). അപ്പോള്‍ പ്രവാചകന്‍ വഴി നമുക്ക് ലഭിച്ച ചര്യ ഖുര്‍ആന്റെ ഭാഗമല്ലെങ്കിലും, അത് ദിവ്യബോധനത്തിന്റെ തന്നെ അടിസ്ഥാനത്തിലുള്ളതാണ്. ഇത് ഏതൊരു മുസ്‌ലിമിന്റെയും ഉറച്ച ബോധ്യമാണ്. അതേസമയം പ്രവാചക ജീവിതത്തില്‍ വേറെ ചില സന്ദര്‍ഭങ്ങളുണ്ട്. സമൂഹം ഒരു പ്രശ്‌നം അഭിമുഖീകരിക്കുന്നു. ദിവ്യവെളിപാടിലൂടെ അതിന് പരിഹാരം നിര്‍ദേശിക്കപ്പെടുമെന്ന് പ്രവാചകന്‍ പ്രതീക്ഷിക്കുന്നു. പ്രശ്‌നമാകട്ടെ അടിയന്തര പ്രാധാന്യമുള്ളതും അതിലൊരു തീരുമാനമെടുക്കുന്നത് ഒട്ടുംനീട്ടിവെക്കാന്‍ പറ്റാത്തതുമാണ്. എന്നാല്‍ ദിവ്യവെളിപാട് ഉണ്ടാകുന്നുമില്ല. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ പ്രവാചകന്‍ സ്വയം തന്നെ തന്റെ ധിഷണയും യുക്തിയും ഉപയോഗിച്ച് ഒരു പരിഹാരത്തില്‍ എത്തുകയാണ് ചെയ്യുക. പിന്നെ അവതരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഈ നിലപാട് ശരിയാണെന്നോ ശരിയായില്ലെന്നോ പറയും. തീരുമാനം ശരിയാണെങ്കില്‍ അല്ലാഹു നിശ്ശബ്ദത പാലിച്ചെന്നും വരാം. അല്ലാഹുവിങ്കല്‍ നിന്ന് തിരുത്തൊന്നും വരുന്നില്ലെങ്കില്‍ തന്റെ തീരുമാനമനുസരിച്ച് പ്രവാചകന്‍ മുന്നോട്ട് പോവുകയാണ് ചെയ്യുക. പ്രവാചകന്റെ ഈ തീരുമാനത്തെ തിരുത്താന്‍ ദിവ്യവെളിപാടുകള്‍ അവതരിച്ചാലല്ലാതെ സാധ്യവുമല്ല. ഖുര്‍ആനില്‍ നമുക്കതിന് ഉദാഹരണങ്ങള്‍ കണ്ടെത്താനാവും. ബദ്ര്‍ യുദ്ധാനന്തരം തടവുകാരെ എന്ത് ചെയ്യണം എന്ന പ്രശ്‌നം അതിലൊന്നാണ്. നഷ്ടപരിഹാരത്തുക വാങ്ങി തടവുകാരെ വിട്ടയക്കാം എന്നായിരുന്നു പ്രവാചകന്റെ തീരുമാനം. തൊട്ടുടനെ അതിനെ വിമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ സൂക്തമിറങ്ങി (8:68). പ്രവാചകന്റെ വ്യക്തിപരമായ തീരുമാനത്തെ അല്ലാഹു വിമര്‍ശിച്ചെങ്കിലും, അത് അംഗീകരിക്കില്ലെന്നോ തിരുത്തണമെന്നോ പറയുന്നില്ല. യുദ്ധത്തടവുകാരുടെ കാര്യത്തില്‍ മോസസ് പ്രവാചകന് നല്‍കിയിരുന്ന കല്‍പനയെ പുതിയൊരു നിയമത്തിലൂടെ അല്ലാഹു പകരം വെച്ചതായി ഇതിനെ വ്യാഖ്യാനിക്കാം. ഇനി പ്രവാചകന്റെ തീരുമാനത്തെ തിരുത്തണം എന്നാണ് ഖുര്‍ആന്‍ വചനത്തില്‍ ഉള്ളതെങ്കില്‍ പിന്നെ ആ തീരുമാനത്തിന് സാധുത ഉണ്ടാവുകയില്ല.

ഖുര്‍ആനും ഹദീസും ഇസ്‌ലാമിക നിയമത്തിന്റെ സ്രോതസ്സുകളാണെന്ന് നാം പറഞ്ഞു. പക്ഷേ രണ്ടും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. പൂര്‍ണാര്‍ഥത്തില്‍ ദൈവിക നിയമമാണ് ഖുര്‍ആന്‍. അതിന്റെ താഴെയാണ് ഹദീസിന്റെ സ്ഥാനം. പ്രവാചകചര്യയിലൂടെ നമുക്കൊരു നിയമം ലഭിക്കുന്നുണ്ടെങ്കില്‍ അതിന്റെ പദവി ഖുര്‍ആനിക നിയമത്തിന് തുല്യമാണ്. ഉദാഹരണത്തിന്, പ്രവാചകന്റെ ജീവിത കാലത്ത് ഒരാള്‍ പറയുകയാണ്: 'ദൈവിക നിയമസംഹിതയായ ഖുര്‍ആന്‍ ഞാന്‍ അനുസരിച്ചുകൊള്ളാം. പക്ഷേ പ്രവാചകന്റെ നിയമങ്ങള്‍ ഞാന്‍ അനുസരിക്കില്ല. കാരണമത് മനുഷ്യനിര്‍മിത നിയമങ്ങളാണ്.' പ്രവാചകന്റെ ജീവിതകാലത്ത് ഇങ്ങനെ പറയുന്ന ഒരാള്‍ ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് തീര്‍ച്ച. അതേസമയം ഖുര്‍ആന്‍ രേഖപ്പെടുത്തി വെക്കാനും ശേഖരിക്കാനും സംരക്ഷിക്കാനും പ്രവാചകന്‍ തന്നെയാണ് മുന്നിട്ടിറങ്ങിയതും നേതൃത്വം നല്‍കിയതും. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് യാതൊരു മാറ്റവും കൂടാതെ അത് കൈമാറ്റം ചെയ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പ് വരുത്തി. തന്റെ സ്വന്തം വചനങ്ങളുടെയോ ചര്യയുടെയോ കാര്യത്തില്‍ പ്രവാചകന്‍ ഇങ്ങനെയൊരു നിഷ്‌കര്‍ഷ കാണിച്ചിട്ടില്ല. പ്രവാചകന്റെ അനുയായികളാണ് ആ വചനങ്ങളും ചര്യയും ക്രോഡീകരിച്ചതും സംരക്ഷിച്ചതും.

പ്രവാചകന്റെ അനുയായികള്‍ അവരുടെ വൈജ്ഞാനിക-ധൈഷണിക ശേഷികളില്‍ പല തട്ടിലുള്ളവരായിരിക്കുമല്ലോ. പ്രവാചകന്‍ ഒരു പ്രസ്താവന നടത്തുമ്പോള്‍ ഒരു പ്രവാചക ശിഷ്യന് അത് പൂര്‍ണമായി മനസ്സിലായിട്ടുണ്ടാവും. വേറൊരു ശിഷ്യന് അതത്രത്തോളം മനസ്സിലാകണമെന്നില്ല. അതിന് പല കാരണങ്ങളുണ്ടാവാം. ആദ്യത്തെയാള്‍ നല്ല വിദ്യാസമ്പന്നനായ ഒരാളായിരിക്കാം. മറ്റേയാള്‍ നിരക്ഷരനോ ഗ്രാമീണനോ ആകാം. അല്ലെങ്കില്‍ പ്രവാചകന്‍ എന്തോ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സദസ്സില്‍ ഒരാള്‍ തുമ്മി എന്ന് കരുതുക. അത് കാരണം അയാളുടെ അടുത്തിരിക്കുന്ന ശിഷ്യന്‍ പ്രവാചകന്‍ പറഞ്ഞ ഒന്നോ രണ്ടോ വാക്കുകള്‍ ശരിയായി കേട്ടിട്ടുണ്ടാവില്ല. ഇങ്ങനെ വിട്ടുപോയത് ആ പ്രസ്താവനയിലെ പ്രധാന വാക്കുകളായിരിക്കും ചിലപ്പോള്‍. ഇങ്ങനെ അപൂര്‍ണമായാണ് ആ ശിഷ്യന്‍ ആ പ്രവാചക വചനം റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ ഒരുപാട് അവ്യക്തതകള്‍ ഉണ്ടാവും. ആ ഹദീസ് ആശയപരമായി തെറ്റുമായിരിക്കും.

അതിനാല്‍ പ്രവാചകന്‍ സ്വയം മുന്‍കൈയെടുത്ത് സമാഹരിച്ച് സംരക്ഷിച്ച ഖുര്‍ആനും, പില്‍ക്കാലത്ത് പ്രവാചകന്റെ അനുയായികള്‍ വ്യക്തിപരമായി സമാഹരിച്ച പ്രവാചകചര്യയും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് ഒരു ഹദീസിനെ മുന്‍നിര്‍ത്തി തീരുമാനമെടുക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ നാം അഭിമുഖീകരിക്കുന്നു: ഈ ഹദീസിലെ കല്‍പന പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തിലേക്ക് മാത്രം ബാധകമായിരുന്ന ഒന്നാണോ? പ്രവാചക ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അതിനെ തിരുത്തുന്ന മറ്റൊരു കല്‍പന വന്നിട്ടുണ്ടോ? ആ കല്‍പന ചില പ്രത്യേക വ്യക്തികളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നോ, അതോ എല്ലാവര്‍ക്കും ബാധകമായിരുന്നോ? പ്രവാചക ശിഷ്യന്‍ കേട്ട വചനം ശരിയായ രീതിയില്‍ തന്നെയാണോ രേഖപ്പെടുത്തിയത്, വല്ലതും വിട്ടുപോയിട്ടുണ്ടോ?

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌