Prabodhanm Weekly

Pages

Search

2019 മെയ് 31

3104

1440 റമദാന്‍ 26

പടിക്കു പുറത്തു നില്‍ക്കുന്ന പ്രവാസികള്‍

ഇനാമുര്‍റഹ്മാന്‍

         ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലിടം സുഊദി അറേബ്യയാണ്. ചരിത്രത്തിലാദ്യമായി അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനും തൊഴില്‍ മേഖല ശുദ്ധീകരിക്കുന്നതിനുമായി നിതാഖാത് അഥവാ പദവി ശരിപ്പെടുത്തല്‍ എന്ന പേരില്‍ സുഊദി ഭരണകൂടം നടത്തിയ ശുദ്ധികലശം വിജയകരമായി നടപ്പാക്കിയത് അടുത്തിടെയാണ്. പദവി ശരിയാക്കാന്‍ അധികൃതര്‍ അനുവദിച്ച ഇളവു കാലം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത് ഇന്ത്യക്കാരായിരുന്നു. നിതാഖാതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച തൊഴില്‍ മന്ത്രാലയം തന്നെ ഔദ്യോഗികമായി ഇന്ത്യന്‍ എംബസിയെ അറിയിച്ചതാണിക്കാര്യം. അത് എംബസിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സുഊദിക്കു പിറകെ ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ ഈ ശുദ്ധീകരണ പ്രക്രിയയും സ്വദേശിവത്കരണവും ശക്തമായ രീതിയില്‍ നടപ്പാക്കി തുടങ്ങിയിരിക്കുന്നു. മറ്റു രാജ്യങ്ങളും ഈ മാര്‍ഗം അധികം വൈകാതെ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ സാധാരണ തൊഴിലാളികളല്ലാത്ത വൈറ്റ് കോളര്‍ ജോലിയും ചെറുകിട കച്ചവടവുമൊക്കെയായി കഴിഞ്ഞു കൂടുന്ന പ്രവാസികളെ അത് ഗുരുതരമായി ബാധിക്കും. ഇവരൊക്കെ തിരിച്ചു വന്നാല്‍ സര്‍ക്കാര്‍ എന്തു ചെയ്യും? പുനരധിവാസ പാക്കേജ് പേരിനെങ്കിലും നടപ്പാക്കാന്‍ നമ്മുടെ ഭരണകൂടം എന്തു നടപടികള്‍ സ്വീകരിക്കും? ഈ വക ചോദ്യങ്ങള്‍ക്കൊന്നും സാമാന്യം തൃപ്തികരമായ ഒരു മറുപടി നല്‍കാന്‍ നമ്മുടെ സര്‍ക്കാര്‍ തയാറാവുമെന്ന് കരുതിയെങ്കില്‍ തെറ്റി. അങ്ങനെയൊരു ബേജാറൊന്നും സര്‍ക്കാറിനോ ബന്ധപ്പെട്ടവര്‍ക്കോ ഇല്ല. പുനരധിവാസ പാക്കേജൊക്കെ തയാറാക്കണമെങ്കില്‍ കൃത്യമായ വിവരങ്ങള്‍ വേണമല്ലോ. കൃത്യമായ കണക്കു പോട്ടെ. ഏകദേശ കണക്കെങ്കിലും വേണമല്ലോ. എത്ര പേരെ ഗള്‍ഫിലെ തൊഴില്‍ പരിഷ്‌കരണങ്ങള്‍ ബാധിക്കും, തിരിച്ചു വരുന്നവര്‍ എത്രയുണ്ടാവും എന്നിത്യാദി കണക്കുകളൊക്കെ ഇതിനാവശ്യമാണ്. എന്നാല്‍ അങ്ങനെയൊരു കണക്കും എവിടെയും ലഭ്യമല്ല എന്നതാണ് വസ്തുത. ഉംറ വിസ, ഫ്രീ വിസ, സന്ദര്‍ശക വിസ എന്ന പേരിലൊക്കെ ഗള്‍ഫിലെത്തി ഇവിടെ അനധികൃതമായി തങ്ങിയിരുന്നൊരു കാലത്ത് ഇങ്ങനെയൊരു കണക്കെടുപ്പ് അത്ര എളുപ്പം സാധ്യമല്ലായിരുന്നു. എന്നാലിതൊന്നും നടക്കാത്ത, എല്ലാം ഓണ്‍ലൈനായി രേഖപ്പെടുത്തുന്ന ഇക്കാലത്തും പ്രവാസികളുടെ കൃത്യമായ കണക്കെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ മെനക്കെടാത്തതിന്റെ കാരണം അധികൃതര്‍ക്കു മാത്രം മനസ്സിലാവുന്ന ഗണിത ശാസ്ത്രമാണ്. 

എത്ര പ്രവാസികളുണ്ട് ഗള്‍ഫില്‍? അതില്‍ എത്ര മലയാളികളുണ്ട്? ഈ ചോദ്യത്തിനുത്തരം തേടിയാല്‍ നിങ്ങള്‍ ചുറ്റിപ്പോകും എന്നുറപ്പ്. കാരണം, ഇത്രയൊക്കെ സംവിധാനങ്ങളുണ്ടായിട്ടും 2014-ലും നമ്മുടെ രാജ്യത്ത് ലഭ്യമായ ഒരു രേഖയിലും പ്രവാസികളുടെ കണക്കില്ല എന്നതു തന്നെ. ആട്ടും തുപ്പും കൊടും തണുപ്പും ചൂടുമൊക്കെ സഹിച്ച്, കിട്ടുന്നത് മിച്ചം വെച്ച്, സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ മാസം തോറും അയക്കുന്ന പണംകൊണ്ടാണ് കേരളം കഞ്ഞി കുടിച്ചുപോകുന്നതെങ്കിലും നമ്മുടെ സംസ്ഥാനത്തുള്ള ഏമാന്മാര്‍ക്കും അറിയില്ല എത്ര പേര്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടെന്ന്! സുഊദി അറേബ്യയില്‍ നിതാഖാതിന്റെ ഭാഗമായി പ്രവാസികള്‍ കൂട്ടത്തോടെ ഒഴിച്ചു പോക്ക് നടത്തുകയും  വിഷയം മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാവുകയും തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ തയാറാക്കണമെന്ന മുറവിളി ഉയരുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ആദ്യമായി ഗള്‍ഫില്‍ എത്ര മലയാളികളുണ്ടെന്ന കണക്കുമായി കേരള പ്രവാസി മന്ത്രി കെ.സി ജോസഫ് പ്രത്യക്ഷപ്പെട്ടത്. 

9500 എന്യൂമറേറ്റര്‍മാരുടെയും 2500 സൂപ്പര്‍വൈസര്‍മാരുടെയും സഹായത്തോടെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് നോര്‍ക ചുട്ടെടുത്ത വിവരങ്ങളെന്നു പറഞ്ഞ് അദ്ദേഹം പ്രഖ്യാപിച്ച കണക്കുകള്‍ കേട്ടപ്പോള്‍ പ്രവാസികള്‍ മൂക്കത്ത് വിരല്‍വെച്ചു. കാരണം, പച്ചക്കറി വാങ്ങുന്നതു പോലും ഓണ്‍ലൈനായ കാലത്ത് സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് തയാറാക്കി നവംബര്‍ മാസത്തില്‍ പ്രവാസി മന്ത്രി പുറത്തുവിട്ട കണക്കുകളിലെ വിവരങ്ങള്‍ അത്ര ജോറായിരുന്നു! സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഒഴികെയുള്ള മുഴുവന്‍ പഞ്ചായത്തുകളില്‍നിന്നും ഒരാളെങ്കിലും തൊഴില്‍തേടി വിദേശത്ത് പോയിട്ടുള്ളതായി സര്‍വേയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ വീടുകളും അരിച്ചുപെറുക്കിയാണ് കണക്കുകള്‍ തയാറാക്കിയതെന്നും പ്രവാസി മന്ത്രി മാധ്യമങ്ങളോട് വെച്ച് കാച്ചിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സര്‍വേ നടന്ന വിവരം കേരളത്തിലുള്ളവരോ പ്രവാസികളോ അറിഞ്ഞിട്ടേയില്ല! രാത്രിയുടെ മറവില്‍ മതിലിന്റെ പുറത്ത് നിന്നാണോ നോര്‍ക പണംകൊടുത്തു വിട്ടവര്‍ കണക്കെടുപ്പ് നടത്തിയത് എന്നറിയില്ല. പ്രവാസികളുടെ എണ്ണത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ നടന്ന ഏക കണക്കെടുപ്പായിരുന്നു ഇതെന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. 

ഈ തട്ടിക്കൂട്ടു കണക്കിന്റെ പിറകെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഇന്ത്യയില്‍ നിന്ന് എത്ര പ്രവാസികളുണ്ടെന്നോ അതില്‍ എത്ര മലയാളികളുണ്ടെന്നോ കൃത്യമായ വിവരം എവിടെയുമില്ലെന്ന് അറിയുന്നത്. എല്ലാ രാജ്യങ്ങളുടെയും എംബസികളിലും വിദേശകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിലും വയലാര്‍ജിയുടെ പ്രവാസി വകുപ്പിന്റെ സൈറ്റിലുമൊക്കെ പരതി നോക്കി. ആകെയുള്ളത് പ്രവാസി ഭാരതീയ വകുപ്പിനു വേണ്ടി നാഷണല്‍ ഇന്റമാറ്റിക് സെന്റര്‍ തയാറാക്കിയ ഒരു ഏകദേശ കണക്കാണ്. അത് തന്നെ 2000-നും 2006-നു മിടയിലുള്ളതാണ്. ചില രാജ്യങ്ങളില്‍ 2006 വരെയുള്ള കണക്കുമുണ്ട്. എല്ലാം ഏകദേശ കണക്കുകള്‍! നോര്‍കയുടെ കണക്കു പ്രകാരം കേരളത്തില്‍നിന്നുള്ള 16,25,653 പ്രവാസി മലയാളികളില്‍ മൊത്തം ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ 14,26,740 പേരാണ്. അതായത് 80 ശതമാനം പ്രവാസികളും ഗള്‍ഫില്‍. ഇതില്‍ 5,73,289 പേര്‍ യു.എ.ഇയിലാണ്. സുഊദിയില്‍ 4,50,229 പേരുമുണ്ട്. ബാറ്റയുടെ ചെരിപ്പിന്റെ വില കാണിക്കുന്നതുപോലെ കൃത്യമായ എണ്ണമൊക്കെ നല്‍കി കണക്കിന് വിശ്വാസ്യത നല്‍കാന്‍ നോര്‍ക ശ്രമിച്ചിരുന്നു. എന്നാല്‍, ഈ കണക്കുകള്‍ അബദ്ധ പഞ്ചാംഗമാണെന്ന് ഏതു പ്രവാസി സംഘടനകളും ഒറ്റ ശ്വാസത്തില്‍ പറയും. അതവിടെ നില്‍ക്കട്ടെ. ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള പ്രവാസി ഭാരതീയ വകുപ്പിന്റെ  കണക്കനുസരിച്ച് ഇന്ത്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സുഊദി അറേബ്യ 14.25 ലക്ഷം, യു.എ.ഇ 12 ലക്ഷം, ഒമാന്‍ 3.5 ലക്ഷം, കുവൈത്ത് 2,94,000, ഖത്തര്‍ രണ്ടു ലക്ഷം, ബഹ്‌റൈന്‍ 1,35,000. ഇവിടങ്ങളിലെല്ലാം ഏറ്റവും കൂടുതലുള്ളത് മലയാളികളാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അവരെത്രയുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഇതാണ് ഔദ്യോഗിക കണക്കിന്റെ കോലം. 

എന്നാല്‍ സുഊദി അറേബ്യയില്‍ നിതാഖാത് കാലാവധി കഴിഞ്ഞതിനു ശേഷം സുഊദി അധികൃതരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എംബസി പുറത്തു വിട്ട കണക്കനുസരിച്ച് 28 ലക്ഷത്തില്‍ കൂടുതലാണ് ഇന്ത്യക്കാരുള്ളത്. 2013 ഒക്‌ടോബര്‍ വരെയുള്ള കണക്കാണിത്. നിതാഖാത് പ്രഖ്യാപിച്ചതിനു ശേഷം സുഊദിയില്‍ നിന്ന് 1,34,281 പേര്‍ നാട്ടിലേക്ക് വിമാനം കയറിയിട്ടുണ്ട്. എന്നിട്ടും ബാക്കി 28 ലക്ഷം പേരുണ്ടെന്നാണ് കണക്ക്. എന്നാല്‍, സര്‍ക്കാര്‍ കണക്കനുസരിച്ച് സുഊദി അറേബ്യയിലുള്ളത് വെറും 14.25 ലക്ഷം. ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് നിതാഖാത് കാലയളവില്‍ പദവി ശരിയാക്കിയവര്‍ മാത്രം 14 ലക്ഷം പേരുണ്ട്. സുഊദിയില്‍ മലയാളികള്‍ മാത്രം എങ്ങനെ കൂട്ടിയാലും എട്ടു ലക്ഷത്തില്‍ കൂടുതലുണ്ടെന്നാണ് ഇവിടെയുള്ള എല്ലാ പ്രവാസി സംഘടനകളും പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 110 രാജ്യങ്ങളിലാണ് പ്രവാസികളുള്ളത്. അതില്‍ അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ ആളുകളുള്ളത് 11 രാജ്യങ്ങളിലാണ്. ലോകത്ത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവരില്‍ ഏറ്റവും കൂടുതലാളുകളുള്ളത് സുഊദി അറേബ്യയിലാണ്. ഇതുകൊണ്ടാണ് നോര്‍കയുടെ കണക്കുകള്‍ പ്രവാസികളെ ചിരിപ്പിക്കുന്നത്. ഒരു കാര്യത്തില്‍ പ്രവാസി വകുപ്പിന് അഭിമാനിക്കാം. പൊട്ട കണക്കാണെങ്കിലും പേരിന് അങ്ങനെയൊരു രേഖയെങ്കിലും തല്ലി പടച്ചുണ്ടാക്കിയല്ലോ. 

അന്നം തേടിയുള്ള ദേശാടനം തുടങ്ങിയ ആദ്യ നാളുകളില്‍ തന്നെ ഗള്‍ഫില്‍ ഇന്ത്യക്കാരെത്തിയിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തിന് മുമ്പ് ഇന്നത്തെ യു.എ.ഇയിലേക്ക് കുടിയേറ്റം നടന്നു. 1971-ല്‍ യു.എ.ഇ രൂപംകൊണ്ടപ്പോള്‍  ഇങ്ങനെ കുടിയേറിയ ഏതാനും പേര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയതായി രേഖകള്‍ പറയുന്നു. 1925ല്‍ ഗുജറാത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് 2500 കുടുംബങ്ങള്‍ ചേക്കേറിയിട്ടുണ്ട്. ഒമാനിലും ഗുജറാത്തില്‍ നിന്ന് കുടിയേറ്റം നടന്നിട്ടുണ്ട്. എന്നാല്‍, എണ്ണ ചുരത്താന്‍ തുടങ്ങിയതോടെയാണ് ഗള്‍ഫിലേക്ക് പ്രവാസികള്‍ വെട്ടുകിളികള്‍ പോലെ പറന്നെത്തുന്നത്. വിദഗ്ധ തൊഴിലാളികള്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്ക് കുടിയേറിയപ്പോള്‍, അവിദഗ്ധ തൊഴിലാളികളാണ് ഗള്‍ഫിലേക്ക് കൂടുതലും  ഇരച്ചു കയറിയത്. അര നൂറ്റാണ്ട് പിന്നിട്ട് അതിപ്പോഴും തുടരുന്നു. അക്കൂട്ടത്തില്‍ കള്ള ലോഞ്ച് കയറിയും ഉംറ, സന്ദര്‍ശക വിസകളിലെത്തിയുമൊക്കെ ഇവിടെ ജീവിതം കെട്ടിപ്പടുത്തവര്‍ നിരവധി പേരുണ്ട്. വിമാനത്താവളങ്ങളിലൂടെ അനധികൃതമായി ചവിട്ടി കയറ്റിയവരുമുണ്ടായിരുന്നു. 

അത് പഴയ കഥ. എന്നാലിപ്പോഴോ? തൊഴില്‍ വിസയിലല്ലാതെ ഒരു ഗള്‍ഫ് രാജ്യത്തും പ്രവാസികള്‍ക്ക് തങ്ങാന്‍ കഴിയില്ല. ഈ വിസകളൊക്കെ അതത് രാജ്യങ്ങളുടെ കോണ്‍സുലേറ്റില്‍ നിന്ന് മുദ്രയടിച്ച് വിമാന ടിക്കറ്റ് എടുത്ത് എമിഗ്രേഷന്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് ഓരോരുത്തരും ഇവിടെ എത്തുന്നത്. വിമാനത്തിന്റെ സീറ്റിനടിയിലോ ടോയ്‌ലറ്റിലോ ഒളിച്ചിരുന്നല്ല ആരും വരുന്നത്. എന്നിട്ടും എന്തുകൊണ്ട് പ്രവാസികളുടെ കണക്കില്ല? ഉത്തരം ഒന്നേയുള്ളൂ. പ്രവാസികള്‍ക്കു മാത്രമായി വകുപ്പും അതിന്റെ തലപ്പത്ത് മലയാളി മന്ത്രിയുമുണ്ടായിട്ടും എത്ര പേര്‍ ഇവിടെ ജീവിക്കുന്നു എന്ന് തിട്ടപ്പെടുത്താനാവാത്തത് ഒരു നാണക്കേടായി അധികൃതര്‍ക്ക് തോന്നിയിട്ടില്ല എന്നതാണ് വസ്തുത. 

സാധാരണക്കാരാണ് ഗള്‍ഫിലുള്ള പ്രവാസികളില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ കാനേഷുമാരി കണക്കില്‍ അവര്‍ ഉള്‍പ്പെട്ടുകൊള്ളണമെന്ന് മേലാളന്മാര്‍ക്ക് നിര്‍ബന്ധമില്ല. വിമാന കൂലിയുടെ കാര്യത്തിലും തൊഴില്‍ സുരക്ഷയുടെ കാര്യത്തിലുമൊക്കെ ഈ വേര്‍തിരിവ് പ്രകടമാണ്. ശിക്ഷ കഴിഞ്ഞും മാസങ്ങളും വര്‍ഷങ്ങളുമായി ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ സാധാരണക്കാരായ പ്രവാസികള്‍ കിടക്കേണ്ടി വരുന്നതും ഇക്കാരണത്താലാണ്. അവരുടെ കണക്ക് എടുത്താലും എടുത്തില്ലെങ്കിലും, വോട്ടവകാശം ഉണ്ടായാലും ഇല്ലെങ്കിലും നാട്ടിലുള്ളവനൊക്കെ വെട്ടി വിഴുങ്ങാനുള്ള വക ഇവിടെയുള്ള ഓരോരുത്തനും അയച്ചു കൊടുക്കുമെന്ന് അധികാരികള്‍ക്ക് അറിയാം. എത്ര അവഗണിച്ചാലും ഇടക്കിടെ ഇവിടെ പറന്നിറങ്ങുന്ന വിവിധ കക്ഷി നേതാക്കള്‍ക്ക് മടിശ്ശീലയില്‍ നല്ല കനത്തിലുള്ള കിഴി വെച്ചുകൊടുക്കാനും പാവം പ്രവാസികളുണ്ടാവുമെന്ന് അവര്‍ക്കറിയാം. പിന്നെ എന്തിനാണ് കണക്കുകള്‍? 

അദൃശ്യനായ ഇന്ദ്രജാലക്കാരന്‍ തന്റെ മാന്ത്രിക വടി കൊണ്ട് തഴുകിയപ്പോള്‍ പേര്‍ഷ്യന്‍ കടല്‍ പിളര്‍ന്ന് പൊന്തിവന്ന അത്ഭുത മണല്‍ക്കാടാണ് അറബ് രാജ്യങ്ങള്‍. അവിടെ ജീവിതം തേടി എത്തിയവന്‍ ഗള്‍ഫുകാരനായി. പതിനായിരങ്ങളുടെ കിനാക്കള്‍ക്ക് ഈ നാടുകള്‍ നിറം പകര്‍ന്നു. കാറ്റു പിടിച്ച കടലില്‍ കരക്കെത്താതെ തകര്‍ന്നുപോയ ജീവിതങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. എന്നാലും പല രാജ്യങ്ങളിലുള്ള കുടുംബങ്ങളില്‍ സുഭിക്ഷതയുടെ പുതു വസന്തം തീര്‍ക്കാന്‍ ഇവിടെ നിന്നു ഒഴുകിയ കണ്ണീരിന്റെ നനവുള്ള പണത്തിനായി. രിയാലും ദീനാറും ദിര്‍ഹവുമൊക്കെ എത്രയോ ജീവിതങ്ങളെ കരക്കടുപ്പിച്ചു. അത് ഇന്നും നിലക്കാത്ത പ്രവാഹമായി തുടരുന്നു. 

നിലവിലുള്ള സാഹചര്യങ്ങളില്‍ ഈ ഒഴുക്ക് ഇനിയും വര്‍ഷങ്ങള്‍ തുടരുക തന്നെ ചെയ്യും. സുഊദി അറേബ്യയിലെ വിവിധ പദ്ധതികള്‍ക്കായി ലക്ഷക്കണക്കിന് വിസകളാണ് അധികൃതര്‍ റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്ക് അനുവദിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനവും ഇന്ത്യയിലെത്തുമെന്നും ആളുകള്‍ ഇവിടെ പറന്നിറങ്ങുമെന്നും തീര്‍ച്ച. ഖത്തറില്‍ 2022-ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളും 2020-ല്‍ ദുബൈയില്‍ നടക്കാന്‍ പോകുന്ന വേള്‍ഡ് എക്‌സ്‌പോയുമൊക്കെ നിരവധി തൊഴിലവസവരങ്ങള്‍ തുറന്നിടുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. ഇവിടെ നിന്നുള്ള പണമൊഴുക്ക് ഇനിയും തുടരുമെന്നതിന്റെ വ്യക്തമായ സൂചകങ്ങളാണിത്. 4.25 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത്. കേരളത്തിലേക്ക് മാത്രം 70000 കോടി രൂപയോളമാണ് വിദേശ നാണ്യം പറന്നെത്തുന്നത്. എന്നിട്ടും നമ്മുടെ സര്‍ക്കാര്‍ കണക്കില്‍ പ്രവാസികളില്ല. എന്നാണാവോ ഇനി അധികൃതര്‍ കണ്ണു തുറക്കുക?

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (1-3)
ടി.കെ ഉബൈദ്‌

ഹദീസ്‌

സകാത്തുല്‍ ഫിത്വ്‌റിന്റെ പൊരുള്‍
സ്വലാഹ് നജീബ്‌