Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 27

അമേരിക്കന്‍ മാധ്യമങ്ങള്‍ ഇങ്ങനെയൊക്കെയാണ്....

ഡോ: നസീര്‍ അയിരൂര്‍

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് 1970-ല്‍ പുലിറ്റ്‌സര്‍ പ്രൈസ് നേടിയ പ്രശസ്ത അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ സിമോര്‍ ഹെര്‍ഷ് ഒരിക്കല്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് അഭിപ്രായപ്പെട്ടത് ഏറെ പ്രസക്തമായി തോന്നുന്നു. 90 ശതമാനം അമേരിക്കന്‍ പത്രസ്ഥാപനങ്ങളിലെ എഡിറ്റര്‍മാരെയും പിരിച്ചുവിടണമെന്നും യാതൊരു നിയന്ത്രണത്തിനും അടിമത്തത്തിനും വിധേയരാകാതെ സധൈര്യം പത്രപ്രവര്‍ത്തനം നടത്തുന്നവരെ പ്രൊമോട്ട് ചെയ്യണമെന്നുമാണ് അഭിമുഖത്തില്‍ ഹെര്‍ഷ് അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ താല്‍പര്യങ്ങളോട് ഏറ്റുമുട്ടുകയും ഇസ്‌ലാമുമായി എങ്ങനെയെങ്കിലും ബന്ധപ്പെടുകയും ചെയ്യുന്ന മിക്ക വിഷയങ്ങളിലും സംഭവങ്ങളിലും അമേരിക്കന്‍ മാധ്യമ മേഖല പുലര്‍ത്തുന്ന ഇരട്ടത്താപ്പാവാം സിമോര്‍ ഹെര്‍ഷിനെ ഇത്തരം ഒരു നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. വിയറ്റ്‌നാമിലെ അമേരിക്കന്‍ നരനായാട്ട് പുറം ലോകത്തെത്തിച്ചതിന് സിമോര്‍ ഹെര്‍ഷിന് 1970-ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അന്നുമുതല്‍ തന്നെ സ്വാഭാവിക പരിണതിയെന്നോണം അദ്ദേഹം അമേരിക്കന്‍ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന ഇരയായി മാറിയിരിക്കുകയാണ്. വൈറ്റ് ഹൗസിലിരിക്കുന്നവരുടെ അഭീഷ്ടത്തിനനുസരിച്ച് വാര്‍ത്തകളെ വളച്ചൊടിക്കാനും അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുവാനും കാണിക്കുന്ന അമേരിക്കന്‍ മാധ്യമങ്ങളുടെ 'പ്രൊഫഷണലിസ'ത്തിന് ഉദാഹരണങ്ങള്‍ തേടി അധികം ദൂരമൊന്നും പോകേണ്ടതില്ല എന്നതാണ് യാഥാര്‍ഥ്യം. ഇവിടെയാണ് സിമോര്‍ ഹെര്‍ഷിന്റെ അഭിപ്രായം പ്രസക്തമാകുന്നത്.
ഈ ദുരവസ്ഥ പരിഹരിക്കാന്‍ അദ്ദേഹം മുന്നോട്ട് വെക്കുന്ന പരിഹാരമാര്‍ഗമാണ് മുകളില്‍ സൂചിപ്പിച്ചത്. അമേരിക്കന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി(എ.ബി.സി)യുടെയും ദേശീയ ബ്രോഡ്കാസ്റ്റിംഗ് കമ്പനി(എന്‍.ബി.സി)യുടെയും മുഴുവന്‍ ബ്യൂറോകളും അടച്ചുപൂട്ടി 90 ശതമാനം എഡിറ്റര്‍മാരെയും പിരിച്ചുവിടുക. ഈ ജോലികളില്‍ അമേരിക്കക്ക് പുറത്തുള്ള, മുന്‍വിധികളില്ലാത്തവരെ നിയമിക്കുക. 1960 മുതല്‍ തന്നെ ഹെര്‍ഷിന്റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം അമേരിക്കന്‍ ഭരണകൂടങ്ങളെ ചൊടിപ്പിച്ചിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അമേരിക്കന്‍ ഒഴുക്കിനെതിരെ നീന്തിയ ഹെര്‍ഷ് സ്വാഭാവികമായും ഭീകരതയുടെ ഏജന്റായി ബ്രാന്‍ഡ് ചെയ്യപ്പെട്ടു. ഒബാമക്ക് വേണ്ടി ദാസ്യവേല ചെയ്യുന്നവരായി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകര്‍ മാറി എന്ന് പരിഹസിക്കുന്ന ഹെര്‍ഷ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ചെയ്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നീരസം പ്രകടിപ്പിച്ചു. അമേരിക്കന്‍ ദേശീയ സുരക്ഷാ നയത്തെ കുറിച്ചുള്ള ഒരു പുസ്തക രചനയിലാണ് അദ്ദേഹം ഇപ്പോള്‍. സത്യത്തിന്റെ ഒരംശവും പുറത്ത് വരാത്ത, നിഗൂഢതകളാല്‍ ആവരണം ചെയ്യപ്പെട്ട ഉസാമ ബിന്‍ ലാദന്‍ മരണത്തെ കുറിച്ച് ഒരു പ്രത്യേക അധ്യായം തന്നെ ഈ പുസ്തകത്തിലുണ്ടായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ബിന്‍ലാദന്റെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ തെളിവുസഹിതം വിവരിക്കുന്നതായിരിക്കും പുതിയ പുസ്തകമെന്ന് ഗാര്‍ഡിയന്‍ പത്രത്തിനനുവദിച്ച ഇന്റര്‍വ്യൂവില്‍ ഹെര്‍ഷ് അവകാശപ്പെടുകയുണ്ടായി.
അമേരിക്കന്‍ കാഴ്ചപ്പാടില്‍ സത്യം വിളിച്ചുപറയല്‍ രാജ്യദ്രോഹവും, ജേര്‍ണലിസവും ആക്ടിവിസവും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരാകുമ്പോള്‍ ഭീകരവാദവും, രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കലുമാകുന്നു. അമേരിക്കന്‍ നയങ്ങള്‍ക്ക് ഓശാന പാടുന്ന മാധ്യമപ്പടയുടെ പ്രവര്‍ത്തനം ചിരിക്ക് വകനല്‍കുന്നതാണ്. തിക്ത സത്യങ്ങള്‍ വെളിപ്പെടുത്തിയ അസാഞ്ചിനെ വാഷിംഗ്ടണ്‍ പോസ്റ്റ് ഒരിക്കല്‍ വിലയിരുത്തിയത് 'self styled victim of and imagined international political conspiracy' എന്നാണ്. അതേസമയം, അസാഞ്ചിനെതിരെ ഉറഞ്ഞുതുള്ളുന്ന ഒബാമ ഭരണകൂടം അസാഞ്ചിന് മുമ്പ് തന്നെ ഈ രഹസ്യങ്ങള്‍ പുറത്തുവിട്ട ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങി പതിനഞ്ചോളം പത്രസ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിക്ക് തുനിയുന്നുമില്ല. വാര്‍ത്തകള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരാകുമ്പോള്‍ പരിണതികള്‍ എപ്രകാരമായിരിക്കുമെന്ന് മറ്റുള്ളവരെ പഠിപ്പിക്കലാണ്, അമേരിക്കന്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത രഹസ്യ സ്വഭാവത്തിലും സുരക്ഷയിലും മേരിലാന്‍ഡിലെ ഫോര്‍ട് മെഡേ സൈനിക താവളത്തില്‍ അരങ്ങേറിയ മാനിങ്ങ് വിചാരണ നാടകം. ദുരിത പര്‍വ്വത്തിന്റെ നിരവധി എപ്പിസോഡുകള്‍ നേരിട്ട് കണ്ടതുകൊണ്ടാകണം എഡ്‌വേര്‍ഡ് സ്‌നോഡന്‍ ഹോങ്കോംഗിലേക്ക് കടന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയും ഒപ്പം നില്‍ക്കാത്തവരെയും വേട്ടയാടിപ്പിടിച്ച് ബ്രാന്‍ഡ് ചെയ്ത് വിചാരണ പോലും നടത്താതെ തടവറയില്‍ പാര്‍പ്പിക്കാനും ഇഷ്ടമുള്ള ശിക്ഷ നല്‍കാനും അമേരിക്കക്കുള്ള കൗശലം മറ്റാര്‍ക്കുമില്ല എന്ന് ഉറപ്പ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/മര്‍യം/88-92
എ.വൈ.ആര്‍