Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 27

ഇസ്രയേലിന് നീതീകരണമാകുന്ന ബൈബിളിന്റെ ദുര്‍വ്യാഖ്യാനം

ഡോ. നൈനാന്‍ കോശി

ക്രൈസ്തവ സയണിസം എന്ന പദപ്രയോഗം കേരളത്തില്‍ വളരെ പരിചിതമാണെന്നു തോന്നുന്നില്ല. പശ്ചിമേഷ്യയിലെ രാഷ്ട്രീയവും യുദ്ധങ്ങളും കാതലായ ഇസ്രയേല്‍-ഫലസ്ത്വീന്‍ പ്രശ്‌നവുമൊക്കെ മനസ്സിലാക്കാന്‍ ക്രൈസ്തവ സയണിസത്തെപ്പറ്റിയുള്ള അറിവ് അനുപേക്ഷണീയമാണ്. അത്തരം അറിവ് പകര്‍ന്നു തരുന്നതാണ് വി.എ മുഹമ്മദ് അശ്‌റഫ് രചിച്ച ക്രൈസ്തവ സയണിസം അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം എന്ന ഗ്രന്ഥം.
ഏതാണ്ട് കാല്‍നൂറ്റാണ്ടത്തെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായ ഈ ഗ്രന്ഥം പ്രതിഫലിപ്പിക്കുന്നത് വിവിധ വിഷയങ്ങളിലുള്ള ഗ്രന്ഥകാരന്റെ ആഴമേറിയ പരിജ്ഞാനമാണ്. ആധുനികവും പുരാതനവുമായ മതേതരവും മതപരവുമായ ചരിത്രം, സാമ്രാജ്യത്വ പദ്ധതികള്‍, അമേരിക്കന്‍ വിദേശനയം, പശ്ചിമേഷ്യന്‍ രാഷ്ട്രീയം, ബൈബിള്‍, ഖുര്‍ആന്‍ എന്നീ മേഖലകളിലെല്ലാം ഗ്രന്ഥകാരന്‍ വെളിച്ചം നല്‍കുന്നു. ഇവയുടെ പശ്ചാത്തലത്തിലുള്ള സൂക്ഷ്മതയോടുകൂടിയ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്രൈസ്തവ സയണിസത്തെ വിലയിരുത്തുന്നത്.
ക്രൈസ്തവ സയണിസത്തില്‍ കുറെ അറിവുണ്ടെന്ന് എനിക്ക് അവകാശപ്പെടാമെങ്കിലും, ആ അറിവിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പുതിയൊരു തലത്തിലെത്താന്‍  ഈ പുസ്തകം എന്നെ സഹായിച്ചു. ഈ വിഷയത്തെപ്പറ്റി ഇത്രയും സമഗ്രമായി പ്രതിപാദിക്കുന്ന കൃതികള്‍ ഇംഗ്ലീഷിലും വിരളമാണ്.
ക്രൈസ്തവ സയണിസത്തിന്റെ എല്ലാ മാനങ്ങളും ഈ കൃതി വിശകലനം ചെയ്യുന്നു. ക്രൈസ്തവ സയണിസം ബൈബിളിലെ ചില ഭാഗങ്ങളുടെ സാമ്രാജ്യത്വപരമായ (ദുര്‍) വ്യാഖ്യാനമാണ്. അത് ഇസ്രയേലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇസ്രയേലിന്റെ രൂപവത്കരണത്തിലും ആ രാഷ്ട്രത്തിന്റെ അതിക്രൂരമായ അധിനിവേശങ്ങളുടെ നീതീകരണത്തിലും ഇസ്രയേലിനു പിന്തുണ തേടുന്നതിലുമെല്ലാം ക്രൈസ്തവ സയണിസത്തിന്റെ ദൈവശാസ്ത്രമുണ്ട്.
അത് രക്തദാഹത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന് അശ്‌റഫ് സ്ഥാപിക്കുന്നു. ക്രൈസ്തവ സയണിസം അമേരിക്കന്‍ വിദേശനയത്തില്‍ പ്രത്യക്ഷമായ സ്വാധീനം ചെലുത്തുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ പദ്ധതികളെ പിന്താങ്ങുന്നു. ഇസ്രയേലും അപ്പാര്‍ത്തീഡ് കാലത്തെ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സാധര്‍മ്യം അദ്ദേഹം എടുത്തുകാട്ടുന്നു. സയണിസം ആധുനിക ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്നും ഇസ്രയേല്‍ ഒരു വംശീയ കൊളോണിയല്‍ രാഷ്ട്രമാണെന്നുമുള്ള ഗ്രന്ഥകാരന്റെ നിഗമനങ്ങള്‍ പൂര്‍ണമായും ശരിയാണ്.
മത-വംശീയ-ദേശീയതയുടെ വിളംബരമായിരുന്നു ഇസ്രയേല്‍ രാഷ്ട്രത്തിന്റെ സ്ഥാപനം. ആ നിലയില്‍ ആരൊക്കെ എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും, ആ രാഷ്ട്രത്തിന്റെ സ്വഭാവം ജനാധിപത്യ വിരുദ്ധമാണ്. മുസ്‌ലിം രാജ്യങ്ങളില്‍ ജനാധിപത്യം സാധ്യമല്ലെന്നും പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാഷ്ട്രം ഇസ്രയേലാണെന്നുമുള്ള സങ്കല്‍പത്തിലാണ് പശ്ചിമേഷ്യയെ സംബന്ധിച്ചേടത്തോളം പാശ്ചാത്യ രാഷ്ട്രങ്ങളുടെ നയം. ഇസ്‌ലാം ജനാധിപത്യ വിരുദ്ധമാണെന്ന സിദ്ധാന്തമാണ് ഇതിന്റെ പിന്നില്‍.
രാഷ്ട്ര ഭീകരവാദത്തിന്റെ വേരുകള്‍ ഗ്രന്ഥകര്‍ത്താവ് തേടുന്നുണ്ട്. മുസ്‌ലിംകളെല്ലാം ഭീകരവാദികളാണെന്ന ചില ക്രൈസ്തവ സയണിസ്റ്റ് നേതാക്കളുടെ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഇതു വളരെ പ്രസക്തമാണ്.
ഭീകരവാദം, അവരുടേതും നമ്മുടേതും എന്ന വിഷയത്തെപ്പറ്റി പ്രമുഖ പാകിസ്താനി ചിന്തകന്‍ ഇഖ്ബാല്‍ അഹ്മദ് കോളറാഡോ സര്‍വകലാശാലയില്‍ 1998 ഒക്‌ടോബര്‍ 12-ാം തീയതി ചെയ്ത പ്രസംഗം ശ്രദ്ധേയമായിരുന്നു; ഇന്നും അത് പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു:
1930-കളിലും 1940-കളിലും ഫലസ്ത്വീനിലെ ജൂതപ്പോരാളികളെ ഭീകരവാദികളെന്നു വിളിച്ചു. പിന്നീട് ഒത്തിരി സംഭവങ്ങളുണ്ടായി. 1942 ആയപ്പോഴേക്കും ഹിറ്റ്‌ലര്‍ ജൂതന്മാരുടെ വംശനാശത്തിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ ജൂത ജനതയോട് പാശ്ചാത്യ രാഷ്ട്രങ്ങളില്‍ സഹാനുഭൂതി ഉണ്ടാക്കി. ഭീകരവാദികള്‍ ആയിരുന്ന സയണിസ്റ്റുകള്‍ അപ്പോള്‍ പെട്ടെന്ന് സ്വാതന്ത്ര്യ ഭടന്മാരായിത്തീര്‍ന്നു. മെനാക്കിം ബെഗിന്‍ ഉള്‍പ്പെെടയുള്ള രണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ ബ്രിട്ടന്‍ ഒരു കാലത്ത് ഭീകരവാദികളെന്നു മുദ്രകുത്തിയവരാണ്. അവരെ പിടികൂടി ബ്രിട്ടീഷ് അധികാരികളെ ഏല്‍പിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നുള്ള വാഗ്ദാനങ്ങളും ഉണ്ടായിരുന്നു. എന്റെ ശ്രദ്ധയില്‍പ്പെട്ട ഏറ്റവും വലിയ പ്രതിഫലം മെനാക്കിം ബെഗിന്റെ തലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു ലക്ഷം പൗണ്ടാണ്. അവിടെയാണ് ഭീകരവാദത്തെ രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നതിന്റെ തുടക്കം. ഇന്ന് രാഷ്ട്ര ഭീകരവാദമെന്നത് ഇസ്രയേലിന്റെ നയമാണ്.
അശ്‌റഫ് പരിശോധിക്കുന്നത് ക്രൈസ്തവ സയണിസത്തിന്റെ ദൈവശാസ്ത്രമാണ്. ഈ ദൈവശാസ്ത്ര വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ സയണിസ്റ്റുകള്‍ ഇസ്രയേലിനു രാഷ്ട്രീയ പിന്തുണ നല്‍കുന്നത്. ക്രൈസ്തവ സയണിസ്റ്റുകളെന്ന് അറിയപ്പെടാത്ത ക്രിസ്ത്യാനികളെയും വാഷിംഗ്ടണിലെ ഭരണാധികാരികളെ മുതല്‍ കേരളത്തിലെ സുവിശേഷ പ്രചാരകരെയും വരെ അതു  സ്വാധീനിക്കുന്നു.
മുഖ്യധാരാ ക്രിസ്തുമതം എന്ന് അറിയപ്പെടുന്നതില്‍, പഴയ-പുതിയ നിയമങ്ങളുടെ ഏറ്റവും വിദ്രോഹകമായ വക്രീകരണമാണ് ക്രൈസ്തവ സയണിസം. ഇത് പ്രധാനമായും മൂന്ന് പ്രമാണങ്ങളെയാണ് ആധാരമാക്കിയിട്ടുള്ളത്:
ഒന്ന്, ജൂതജനതക്ക് -അവര്‍ ജൂതവംശജരാണെന്ന ഒറ്റക്കാരണംകൊണ്ട്- നിത്യമായ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ദൈവം എക്കാലത്തേക്കും, ഫലസ്ത്വീന്‍ ഭൂമിയുടെ പൂര്‍ണ ഉടമസ്ഥാവകാശം നല്‍കിയിരിക്കുന്നു.
രണ്ട്, പഴയനിയമത്തില്‍ ദൈവം ജൂതജനതക്കു നല്‍കിയ വാഗ്ദാനത്തിന്റെ ഫലമായാണ്, ഇന്നത്തെ സയണിസ്റ്റു രാഷ്ട്രമായ ഇസ്രയേല്‍ ജന്മമെടുത്തത്. അതുകൊണ്ട് സയണിസ്റ്റു രാഷ്ട്രം പഴയനിയമത്തിലെ ഇസ്രയേലുമായി നേരിട്ടു ബന്ധമുള്ളതും അതിന്റെ സുരക്ഷിതത്വം യേശുവിന്റെ രണ്ടാമത്തെ വരവിന്റെ അനിഷേധ്യമായ നിമിത്തവുമാണ്.
മൂന്ന്, ഇപ്പോഴത്തെ സയണിസ്റ്റ് ഇസ്രയേല്‍ രാഷ്ട്രത്തെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ക്ക് ദിവ്യശാപം ലഭിക്കും; സയണിസ്റ്റുകളെ പിന്തുണക്കുന്നവര്‍ക്കു ദിവ്യാനുഗ്രഹം ഉണ്ടാകും.
ഈ വ്യാഖ്യാനങ്ങള്‍ക്ക് ഓര്‍ത്തഡോക്‌സ് ജൂതമതത്തിന്റെ പാഠ്യങ്ങളിലോ മുഖ്യധാരാ ക്രിസ്തീയ ചിന്തയിലോ ഒരടിസ്ഥാനവുമില്ല.  വളച്ചൊടിക്കലിന്റെയും അര്‍ധസത്യത്തിന്റെയും, ബൈബിളിന്റെ മനക്ഷോഭമുണ്ടാക്കത്തക്കവിധമുള്ള അതിലളിതവത്കരണത്തിന്റെയും ഫലമാണ് ക്രൈസ്തവ സയണിസം.
യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന്റെ വ്യക്തമായ അടയാളമായി എന്തിനെയെങ്കിലും കാണാമോയെന്ന് വേദപുസ്തകപരമായി പറയാന്‍ സാധ്യമല്ല. കാരണം, യേശുവിന്റെ വാക്കുകളില്‍ തന്റെ അന്തിമ തിരിച്ചുവരവ് -ഒരു കള്ളനെപ്പോലെ- ആര്‍ക്കും ദിവസമോ സ്ഥലമോ അറിയാത്ത വിധമായിരിക്കും. അതുകൊണ്ട് എന്തെങ്കിലും പ്രത്യേക സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി യേശുവിന്റെ രണ്ടാം വരവിനെപ്പറ്റി പറയുന്നത് തെറ്റാണ്. പക്ഷേ, അതാണ് വ്യാജമായ വ്യാഖ്യാനങ്ങളോടെയും വ്യാജമായ പ്രതീക്ഷകള്‍ നല്‍കിയും ക്രൈസ്തവ സയണിസം ചെയ്യുന്നത്.
ക്രൈസ്തവ സയണിസത്തിന്റെ പ്രത്യയശാസ്ത്രം ക്രിസ്തു ഉപദേശിച്ചതും കാട്ടിത്തന്നതുമായ സ്‌േനഹത്തിനു വിരുദ്ധമാണെന്ന് അശ്‌റഫ് ചൂണ്ടിക്കാണിക്കുന്നു. അതല്ലെങ്കില്‍ സയണിസ്റ്റുകള്‍, ഇസ്രയേലിലുള്ള എല്ലാ ജൂതേതരരോടും സ്‌നേഹപൂര്‍വം പെരുമാറുമായിരുന്നു. വിദ്വേഷമാണ്, സ്‌നേഹമല്ല ക്രൈസ്തവ സയണിസത്തിന്റെ സവിശേഷത. ക്രിസ്തുവിന്റെ പരമമായ സന്ദേശം അനുരഞ്ജനത്തിന്റെതും സമാധാനത്തിന്റെതുമാണ്. അതിനെതിരെയുള്ള ദൈവശാസ്ത്ര ദുര്‍വ്യാഖ്യാനമാണു ക്രൈസ്തവ സയണിസം.
അതുകൊണ്ടുതന്നെയാണ് ക്രിസ്തീയ ചിന്തകര്‍ മൗലിക രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ ചോദ്യങ്ങള്‍ ക്രൈസ്തവ സയണിസത്തോട് ഉന്നയിക്കുന്നത്. അശ്‌റഫ് ഉന്നയിക്കുന്നതും ഇത്തരം ചോദ്യങ്ങളാണ്; രാഷ്ട്രീയവും ദൈവശാസ്ത്രവും പരസ്പരബന്ധിതമാണെന്നറിഞ്ഞു കൊണ്ടുതന്നെ.
പ്രധാന ദൈവശാസ്ത്ര പ്രശ്‌നം ഇതാണ്: ജൂതന്മാര്‍ ഭൂമി കൈവശപ്പെടുത്തിയതിലും ഇസ്രയേലിന്റെ നിര്‍മിതിയിലും ബൈബിളിലെ പ്രവചനമനുസരിച്ചോ ദൈവത്തിന്റെ ഉദ്ദേശ്യത്തിലോ എന്തെങ്കിലും ദൈവശാസ്ത്ര നീതീകരണമുണ്ടോ? ഇല്ലെന്നാണ് ഉത്തരം. യഥാര്‍ഥത്തില്‍ അത്തരം വ്യാഖ്യാനം സുവിശേഷവുമായി പൊരുത്തെപ്പടാത്തതാണ്.
ക്രിസ്തുവിന്റെ പുനരാഗമനം സംബന്ധിച്ച ക്രൈസ്തവ സയണിസത്തിന്റെ വ്യാഖ്യാനത്തിന് യാഥാസ്ഥിതിക ക്രൈസ്തവരില്‍ നല്ല സ്വാധീനമുണ്ട്. ക്രിസ്തുവിന്റെ പുനരാഗമനത്തിനു മുമ്പ് ചില വ്യവസ്ഥകള്‍ പാലിക്കേണ്ടിയിരിക്കുന്നു. പ്രതീകാത്മകമായി ബൈബിളിലുള്ള ചില കാര്യങ്ങളെ സമകാലിക രാഷ്ട്രീയവുമായി ബന്ധിച്ചാണ് ഈ വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ക്രിസ്തു ഭൂമിയിലേക്കു തിരികെ വരും. വ്യവസ്ഥകളില്‍ ഏറ്റവും പ്രധാനം ഇസ്രയേല്‍ രാഷ്ട്രത്തിന്റെ പൂര്‍ണമായ (പുനഃ)സ്ഥാപനമാണ്. ഇപ്പോള്‍ ഈ വ്യവസ്ഥ ഭാഗികമായി മാത്രമേ പാലിക്കപ്പെട്ടിട്ടുള്ളു. അതിര്‍ത്തികള്‍ നിര്‍ണയിച്ചിട്ടില്ലാത്ത ഇസ്രയേലിന് വേദ പുസ്തകത്തിലെ ഭൂമിശാസ്ത്രമനുസരിച്ചുള്ള ഈ പ്രദേശങ്ങള്‍ മുഴുവന്‍ സ്വായത്തമാകണം.
മറ്റൊരു വ്യവസ്ഥ, മൂന്നാം ദേവാലയത്തിന്റെ നിര്‍മാണമാണ്. അത് നിര്‍മിക്കേണ്ടതോ ടെമ്പിള്‍ മൗണ്ടില്‍ ഇസ്‌ലാമിന്റെ അതിവിശുദ്ധ സ്ഥലത്തും. ഈ മതമൗലിക വീക്ഷണത്തില്‍, ഈ പ്രദേശത്ത് യുദ്ധങ്ങള്‍ അനിവാര്യമാണ്. പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള തയാറെടുപ്പാണ്.
അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയത്തില്‍ ഈ വേദപുസ്തക വ്യാഖ്യാനത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ഇറാഖ് യുദ്ധത്തെയും  ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളെയും അവര്‍ പിന്താങ്ങുന്നു. പ്രസിഡന്റ് ബുഷ് അവരുടെ പ്രതിനിധിയായാണ് വൈറ്റ് ഹൗസിലുണ്ടായിരുന്നത് എന്നവര്‍ അവകാശപ്പെട്ടിരുന്നു. പ്രസിഡന്റ് ബുഷിന്റെ  ദൈവശാസ്ത്രവും ഇവരുടേതുതന്നെയായിരുന്നു. പ്രസിഡന്റ് ഒബാമ ഇസ്രയേലിന്റെ സുരക്ഷ അതിവിശുദ്ധമാണെന്ന് പ്രഖ്യാപിച്ചു.
ഈ ദൈവശാസ്ത്രത്തില്‍ ഇറാഖ് യുദ്ധവും അധിനിവേശവും അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്രയേലിനോടനുബന്ധിച്ചുതന്നെ രണ്ടു പ്രതീകങ്ങള്‍ ഇവിടെ ഉയര്‍ന്നുനില്‍ക്കുന്നു. ഒന്ന്, ജറൂസലം എന്ന മഹത്തായ നഗരം പൂര്‍ണമായും ജൂതന്മാര്‍ക്ക് അവകാശപ്പെട്ടതെന്നനിലയില്‍. മറ്റേത്, ബാബിലോണ്‍ എന്ന ദുഷ്ട നഗരം (ഇറാഖിനെ പ്രതിനിധാനം ചെയ്യുന്നു). ഒന്ന് പ്രകാശം, മറ്റേത് അന്ധകാരം.
ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റിയുള്ള അവതരണം സാമ്രാജ്യത്വത്തിന്റെയും അധിനിവേശത്തിന്റെയും സുവിശേഷമായിത്തീരുന്നു. യുദ്ധങ്ങളെ അത് നീതീകരിക്കുന്നു.
ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍, രാഷ്ട്രീയമായി, ക്രൈസ്തവ സയണിസത്തോടു ചോദിക്കേണ്ട ചോദ്യം അത് അപ്പാര്‍ത്തീഡിനെ പിന്താങ്ങുന്നുണ്ടോ എന്നതാണ്. വര്‍ണവിവേചന(അുമൃവേലശറ)ത്തിനെ നീതീകരിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ ഡച്ച് റിഫോംഡ് സഭ മെനഞ്ഞെടുത്ത ദൈവശാസ്ത്രത്തോട് ക്രൈസ്തവ സയണിസത്തിന്റെ ദൈവശാസ്ത്രത്തിന് ഒട്ടേറെ സാമ്യങ്ങളുണ്ട്. ഗ്രന്ഥകാരന്‍ ഇത് വിശദമായി പരിശോധിക്കുന്നുണ്ട്.
പ്രസാധനം
സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്
അല്‍ജാമിഅ-ശാന്തപുരം
വിതരണം
ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്
വില: 110

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/മര്‍യം/88-92
എ.വൈ.ആര്‍