Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 27

മക്കളോട് ചേര്‍ന്നിരിക്കൂ

ഉസ്താദ് നുഅ്മാന്‍ അലിഖാന്‍

വിചിത്രമായ ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ബയോകെമിസ്ട്രിയില്‍ പി.എച്ച്.ഡിയും ന്യൂക്ലിയര്‍ ഫിസിക്‌സിലോ ഹിസ്റ്ററിയിലോ പൊളിറ്റിക്കല്‍ സയന്‍സിലോ ഡോക്ടറേറ്റും നേടിയിട്ടുണ്ടാവും ഇന്നത്തെ യുവതീയുവാക്കള്‍. എന്നാല്‍, എങ്ങനെയാണ് ഒരു നല്ല ഭര്‍ത്താവാകേണ്ടത്, നല്ല ഭാര്യയാകേണ്ടത് എന്നും പലര്‍ക്കുമറിയില്ല. എങ്ങനെ ഒരു നല്ല അയല്‍ക്കാരനാവണമെന്നു ഒരു തിട്ടവുമില്ല. ഒരു നല്ല മകനോ ഒരു പിതാവോ ആവേണ്ടതെങ്ങനെയെന്നും അറിയില്ല. യഥാര്‍ഥത്തില്‍ ഇതല്ലേ ഒരാളുടെ അടിസ്ഥാന വിദ്യാഭ്യാസമാവേണ്ടത്?  ഒരു നല്ല ഭര്‍ത്താവും അയല്‍ക്കാരനും മകനും, അതിലുപരി നല്ല വ്യക്തിയുമാവല്‍. നമ്മള്‍ മറ്റു രംഗങ്ങളിലെ പഠനം വിദ്യാഭ്യാസമായി കാണുകയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാര്യം വരുമ്പോള്‍ പൊട്ടന്മാരായിപ്പോവുകയും ചെയ്യുന്നു. ഇതിനേക്കാളും ഭ്രാന്തു പിടിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഇത്തരം വിഷയങ്ങളില്‍ അജ്ഞരായവര്‍ മതകാര്യങ്ങളില്‍ ഏറ്റവും അറിവുള്ളവരായിരിക്കും എന്നതാണ്. ഈ മതം നിങ്ങളെ ബഹുമാന്യനായ മനുഷ്യനാക്കി തീര്‍ക്കാന്‍ വന്ന മതമാണ്. ജനങ്ങള്‍ക്ക് ഈ മതത്തെക്കുറിച്ച് അറിയാം. അവര്‍ പഠന ക്ലാസുകളിലും സെമിനാറുകളിലും പങ്കെടുക്കുന്നു, പ്രസംഗങ്ങള്‍ ശ്രവിക്കുന്നു, സൂറത്തുകള്‍ ഹൃദിസ്ഥമാക്കുന്നു, തഫ്‌സീര്‍ പഠിക്കുന്നു, പക്ഷേ അവര്‍ക്ക് അവരുടെ ഭാര്യയോടോ ഉമ്മയോടോ സംസാരിക്കേണ്ടത് എങ്ങനെയെന്നറിയില്ല. പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടു പോവുന്നു, സുബ്ഹാനല്ലാഹ്, ഇതു തീര്‍ച്ചയായും അവിശ്വസനീയമാണ്! ഇതെത്ര പരസ്പര വിരുദ്ധമാണ്!
അതുകൊണ്ട് വളരെ അടിസ്ഥാനപരമായ കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോകുന്നത്. അമേരിക്കയിലെ 150 ഓളം സമുദായ കൂട്ടായ്മകളുമായി ഇടപെടാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. മസ്ജിദില്‍ നിന്ന് മസ്ജിദിലേക്ക്, സമുദായ കൂട്ടായ്മകളില്‍നിന്ന് സമുദായ കൂട്ടായ്മകളിലേക്ക് ഞാന്‍ സഞ്ചരിക്കുമ്പോള്‍ ഒരേ കാര്യം, ഒരേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നതാണ് ഞാന്‍ കാണുന്നത്. എന്റെ മക്കളോട് സംസാരിക്കുമോ എന്നു ചോദിച്ചു ആരാണ് എന്റെ അടുത്തേക്ക് വരുന്നതെന്നറിയാമോ? കൗമാരക്കാരുടെ മാതാപിതാക്കള്‍! അവര്‍ പറയുന്നു. ''എന്റെ മകന്‍ എന്നെ തീരെ അനുസരിക്കുന്നില്ല. നിങ്ങളൊന്ന് അവനോടു സംസാരിക്കുമോ?'' അവരുടെ ചോദ്യം കേട്ടാല്‍ ഞാനെന്തോ ഒരു മരുന്നുമായാണ് നടക്കുന്നതെന്നും അവരുടെ മകന്‍ വരുമ്പോള്‍ ഞാനൊന്ന് ഊതിയാല്‍ ഉടന്‍ അവന്‍ ഒരു നല്ല കുട്ടിയായി മാറും എന്നുമാണ് തോന്നുക. നിങ്ങള്‍ക്കു സംസാരിച്ചുകൂടേ എന്നു എന്നോട് ചോദിക്കുമ്പോള്‍, എന്താണ് നിങ്ങള്‍ക്കു സംസാരിച്ചാല്‍ എന്ന് തിരിച്ചുചോദിക്കാന്‍ തോന്നും. അവരോടു സംസാരിക്കാന്‍ സമയം ഉണ്ടായിരുന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു എന്നു ഞാന്‍ തിരിച്ചുചോദിക്കും.
നിങ്ങളുടെ മക്കള്‍ വളരെ കുഞ്ഞായിരുന്നപ്പോള്‍, അവര്‍ക്ക് രണ്ടോ നാലോ വയസായിരുന്നപ്പോള്‍, അവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്ന് നിങ്ങള്‍ക്കറിയാമോ? എനിക്ക് അഞ്ചു മക്കളുണ്ട്. അതുകൊണ്ട് ആധികാരികമായി പറയുന്നു, അവര്‍ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ അംഗീകാരമാണ്. നിങ്ങളെ അഭിമാനിതരാക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ ചെയ്തതൊക്കെ നിങ്ങളെ കാണിക്കണം. ഞാന്‍ പലപ്പോഴും ജോലി സംബന്ധമായി പ്രധാന ഫോണ്‍ സംഭാഷണത്തിലായിരിക്കും. അപ്പോള്‍ രണ്ടു വയസ്സുള്ള എന്റെ മകന്‍ 'ഉപ്പാ, ഉപ്പാ' എന്നു നിര്‍ത്താതെ വിളിച്ച് അടുത്ത് വരും. ഫോണില്‍ സംസാരിക്കുന്നവരോട് കാത്തുനില്‍ക്കാന്‍ പറഞ്ഞിട്ട്, എന്തേ എന്നു മകനോട് ചോദിക്കുമ്പോള്‍, അവന്‍ വെറുതെ പുഞ്ചിരിക്കുന്നു. കാരണം എന്നോട് പറയാന്‍ പ്രത്യേകിച്ചൊന്നുമില്ല എന്നതു തന്നെ. ഞാന്‍ നിര്‍ത്തിവെച്ച സംഭാഷണം തുടരുമ്പോള്‍, അവന്‍ പിന്നെയും വിളി തുടങ്ങുന്നു, 'എന്താ മോനേ,' എന്നു വീണ്ടും ചോദിക്കുമ്പോള്‍, 'ഞാനൊരു കാര്യം കാണിച്ചു തരാം' എന്നു പറയുന്നു. എന്താണെന്നു ചോദിക്കുമ്പോള്‍, ഒരു കൊച്ചു ചാട്ടം കാണിച്ചു തരുന്നു. അപ്പോള്‍ അതാണു കാര്യം. വേറെയൊന്നുമില്ല. പക്ഷേ നിങ്ങള്‍ക്കറിയാമോ ഞാന്‍ അവിടെ എന്താണു ചെയ്യേണ്ടതെന്ന്? 'ഓ നന്നായിട്ടുണ്ട്, ഒന്നുകൂടി ചെയ്‌തേ' എന്ന് മകനോട് പറയണം. 'പിന്നെ വിളിക്കാം' എന്നു ഫോണില്‍ സംസാരിക്കുന്നവരോട് പറയണം. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. അവര്‍ ജീവിക്കുന്നതുതന്നെ അതിനാണ്. അംഗീകാരത്തിന് അവര്‍ വില കല്‍പ്പിക്കുന്നു. എനിക്കു മൂന്നു പെണ്‍മക്കളുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്കറിയില്ലേ? ആണ്‍കുട്ടികള്‍ക്ക് വെറുതെ ഇരിക്കാനും പെണ്‍കുട്ടികള്‍ക്ക് വായ അടക്കാനും അറിയില്ല. ഒന്നിലും മൂന്നിലും പഠിക്കുന്ന പെണ്‍കുഞ്ഞുങ്ങളെ ഞാന്‍ സ്‌കൂളില്‍ നിന്ന് തിരിച്ചു കൊണ്ടുവരുമ്പോള്‍, 25 മിനിറ്റ് നീളുന്ന യാത്രക്കിടയില്‍ അവര്‍ ചെയ്യുന്നത് എന്താണെന്നറിയുമോ? ''ഇന്നു ക്ലാസിലെന്താ സംഭവിച്ചതെന്നറിയുമോ ഉപ്പാ, ഞങ്ങളൊരു ദിനോസറിന് നിറം കൊടുത്തു. ഞാനതിന്റെ തലക്ക് റോസു കൊടുത്തു. വാലിന് പച്ചയും.....'' ദ്രുതഗതിയില്‍ ഒട്ടും നിര്‍ത്താതെ, ശ്വാസം പോലുമെടുക്കാതെ അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. ഞാനതു ശ്രദ്ധിച്ചു കേള്‍ക്കണം. 'ആണോ, എന്തേ നീല കൊടുക്കാതിരുന്നത്' എന്നു ചോദിക്കണം.
എന്റെ മൂത്ത മകള്‍ ഹുസ്‌ന ചെറുതായിരിക്കുമ്പോള്‍ അവളുടെ ഏറ്റവും വലിയ വിനോദം വിരല്‍ കൊണ്ടു നിറം കൊടുക്കല്‍ ആയിരുന്നു. അവളുടെ കൈകള്‍ നിറത്തില്‍ മുക്കി കടലാസില്‍ വിരകിത്തേച്ച് അവള്‍ എന്തൊക്കെയോ വരക്കും. എന്നിട്ടു വലിയ ആ കാര്‍ഡു ബോര്‍ഡുമായി എന്റെ അടുത്തു വരും. അതില്‍ നീല നിറം വാരിത്തേച്ചിരിക്കും. ഒന്നും തന്നെ വ്യക്തമായിരിക്കില്ല. ഒരു ചിത്രവും അതില്‍ മുങ്ങിത്തപ്പിയാലും കാണില്ല. പക്ഷേ, അവള്‍ പറയും 'നോക്കൂ ഉപ്പാ, ഞാനെന്താണ് വരച്ചിരിക്കുന്നതെന്ന്?' അപ്പോള്‍ കണ്ണുകളില്‍ താല്‍പര്യം നിറച്ച് ഞാന്‍ പറയും, 'എത്ര മനോഹരം, ഒരു മലയല്ലേ,' അപ്പോള്‍ അവളോ, 'അല്ല അബ്ബാ, അത് ഉമ്മാമ്മയാണ്' എന്നു പറയും. ചിരിയമര്‍ത്തി ''ആണോ, ഉമ്മാമ്മയോടു പറയണ്ട കെട്ടോ'' എന്നു ഞാന്‍ പറയും. അവര്‍ നിങ്ങളുടെ അംഗീകാരത്തിനു വേണ്ടിയാണ് ജീവിക്കുന്നതു തന്നെ എന്ന് നാം മനസ്സിലാക്കണം.
പക്ഷേ കൗമാരക്കാരായ മക്കളുള്ളവരുടെ കാര്യമോ? അവരെ തിരിച്ചു സ്‌കൂളില്‍ നിന്നും കൊണ്ടുവരുമ്പോള്‍ കാറില്‍ വെച്ച് എന്താണ് സ്‌കൂളില്‍ സംഭവിച്ചത് എന്ന് അവര്‍ നിര്‍ത്താതെ സംസാരിക്കാറുണ്ടോ? പറയൂ, അങ്ങനെ സംഭവിക്കാറുണ്ടോ? 'ഇന്നെന്താ സംഭവിച്ചതെന്നറിയാമോ വാപ്പാ, എന്റെ ടീച്ചര്‍ ഇതു പറഞ്ഞു അതു പറഞ്ഞു, എനിക്ക് എ ഗ്രേഡ് കിട്ടി' എന്നൊക്കെ അവര്‍ പറയുമോ? ഇല്ലേയില്ല, അവര്‍ മിണ്ടാറില്ല. നിങ്ങളോ,
'എങ്ങനെയുണ്ടായിരുന്നു മോനേ നിന്റെ ദിവസം?'
'കുഴപ്പമില്ല.'
'ഇന്നെന്താ ചെയ്തത്?'
'എന്തൊക്കെയോ'
'ഇനി എന്താ പരിപാടി, എവിടേക്കെങ്കിലും പോവുന്നുണ്ടോ?
'ങാ, എവിടേക്കെങ്കിലും.'
അവന്‍ സംസാരിക്കാറേയില്ല. അവരെ സംസാരിപ്പിച്ചെടുക്കുക എന്നത് പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യല്‍ പോലെയാണ്. അവര്‍ ഒന്നും നിങ്ങളോട് പറയുകയേ ഇല്ല. നിങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ കൂട്ടുകാര്‍ക്ക് ഫോണില്‍ മെസേജയക്കുകയായിരിക്കും. 'എന്റെ ബാപ്പ ഇന്നെന്നോട് ഒരുപാടു ചോദ്യം ചോദിക്കുന്നുണ്ട്. എന്തുപറ്റി എന്നറിയില്ല. നീ വല്ലതും ബാപ്പയോടു പറഞ്ഞോ' എന്ന്.
ഞാന്‍ പറയുന്നത് ലളിതമാണ്. ശൈശവത്തില്‍ അവര്‍ നിങ്ങളുടെ ശ്രദ്ധയും അംഗീകാരവും കൊതിക്കും. അവര്‍ വളരുമ്പോള്‍ നിങ്ങള്‍ അവരുടെ ശ്രദ്ധയും അംഗീകാരവും ആഗ്രഹിക്കും, അവര്‍ കുഞ്ഞായിരിക്കുമ്പോള്‍ അവരെ നിങ്ങള്‍ പരിഗണിച്ചിട്ടില്ലെങ്കില്‍, കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ കളിപ്പാട്ടങ്ങളുമായി അവര്‍ നിങ്ങളുടെ അടുത്തേക്ക് വരുമ്പോള്‍, 'പോ അപ്പുറത്തേക്ക്, ഞാന്‍ വാര്‍ത്ത കാണുകയാണ്,' അല്ലെങ്കില്‍ 'എന്റെ കൂട്ടുകാര്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്, പോയുറങ്ങ്, പുറത്തേക്ക് പോ,' എന്നെല്ലാമുള്ള രീതിയിലാണ് നിങ്ങള്‍ കുഞ്ഞുങ്ങളോട് പെരുമാറുന്നതെങ്കില്‍, അവര്‍ നിങ്ങളുടെ വഴിയിലെ ഒരു തടസ്സമാണെന്നാണെങ്കില്‍... വളര്‍ന്നു വലുതായാല്‍ അവരില്‍ നിന്ന് തിരിച്ചും നിങ്ങള്‍ക്ക് ലഭിക്കുന്നത് അത്തരം മറുപടികള്‍ തന്നെയായിരിക്കും.
ആദ്യം ഒരു ഉപ്പയാവാന്‍ ശ്രമിക്കൂ. ഞാന്‍ മുഴുവന്‍ പുരുഷന്മാരോടാണു പറയുന്നത്. ഒരുപ്പയാവൂ, നിങ്ങളുടെ മക്കളുമൊത്തു സമയം ചെലവഴിക്കൂ. നിങ്ങള്‍ ശരിയായ ഒരു പിതാവും മാതാവുമാകൂ. അങ്ങനെ നിങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ മകന്‍ നിങ്ങളോടൊപ്പം ഉണ്ടാകും.  
(ലോക പ്രശസ്തനായ യുവ അമേരിക്കന്‍ പണ്ഡിതനും ബയ്യിന ഖുര്‍ആന്‍ വിദ്യാലയത്തിന്റെ സ്ഥാപകനുമാണ് ലേഖകന്‍)
വിവ: മലികാ മര്‍യം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/മര്‍യം/88-92
എ.വൈ.ആര്‍