Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 27

ഇസ്‌ലാമിക ധനവിനിമയ ശാസ്ത്രത്തിന്റെ അനിവാര്യത

സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി

സ്‌ലാമിക് ബാങ്കിംഗിനെ അധികരിച്ച് എഴുതിയ മുഖക്കുറിപ്പും ഇസ്‌ലാമിക് ഫിനാന്‍സിനെ വിശകലനം ചെയ്തുകൊണ്ടുള്ള അഭിമുഖവും ചാള്‍സ് രാജകുമാരന്റെ പ്രഭാഷണവും ശ്രദ്ധേയമായി (ലക്കം 2829).
ആരോഗ്യം, തൊഴില്‍, ഭക്ഷണം, പഠനം തുടങ്ങിയ സാധാരണ ജനങ്ങളുടെ അടിസ്ഥാന ജീവിതോപാധികളെ വേണ്ടുംവിധം പൂര്‍ത്തീകരിക്കാന്‍ നിലവിലുള്ള പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതിക്ക് സാധിക്കുകയില്ല. പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെയും ബാങ്കിന്റെയും തികഞ്ഞ സാന്നിധ്യം അനിവാര്യം തന്നെയാണ്. 1970-ന് ശേഷം ലോകത്ത് വളര്‍ന്നുവന്ന ഇസ്‌ലാമിക് ബാങ്കുകളും അതിന്റെ മറ്റു ഘടനകളും ഒരുതരത്തിലുള്ള ഉലച്ചിലുമേല്‍ക്കാതെ ശക്തമായി നിലനിന്നു പോരുന്നത് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയുടെ സുനിശ്ചിത വിജയത്തെയാണ് ഓര്‍മിപ്പിക്കുന്നത്.
ഏതൊരു സമൂഹത്തിന്റെയും ജീവനാഡിയായ സാമ്പത്തിക ഇടപാടുകള്‍ തീര്‍ച്ചയായും നീതിയിലും നന്മയിലുമധിഷ്ഠിതമാവേണ്ടതുണ്ട്. പലിശാധിഷ്ഠിത സാമ്പത്തിക സംവിധാനത്തിന് ബദലായി ഇസ്‌ലാമിക് ബാങ്കിംഗ് ആവിഷ്‌കരിച്ച പദ്ധതിയാണ് 'ലാഭ നഷ്ട വീതം വെക്കല്‍' (പ്രോഫിറ്റ് ആന്റ് ലോസ് ഷെയറിംഗ്). ഇതുതന്നെയാണ് ഇസ്‌ലാമിക സാമ്പത്തിക സംവിധാനത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്.
പരമ്പരാഗതമായി ലോകത്ത് നിലവിലുള്ള സാമ്പത്തിക വ്യവസ്ഥിതി ലോകര്‍ക്കേല്‍പിച്ച ആഘാതങ്ങള്‍ ചെറുതല്ല. തൊഴിലില്ലായ്മയാണ് അതില്‍ പ്രധാനം. നിലവിലെ സാമ്പത്തിക സംവിധാനത്തിന്റെ ഫലമായി ലോകം കണ്ട തൊഴിലില്ലായ്മയുടെ പ്രത്യാഘാതങ്ങളും പ്രശ്‌നങ്ങളും ദുരന്തങ്ങളും അപഗ്രഥിക്കുന്ന, ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക വിഭാഗം പ്രഫസറായിരുന്ന ഹാന്‍സ് സിംഗറിന്റെ 'മെന്‍ വിതൗട്ട് വര്‍ക്', 'അണ്‍എപ്ലോയിമെന്റ് ആന്റ് അണ്‍എപ്ലോയിഡ്' എന്നീ ഗ്രന്ഥങ്ങള്‍ പ്രസ്തുത വിഷയകമായി ഉള്‍ക്കനമുള്ള നിരീക്ഷണങ്ങള്‍ നല്‍കുന്നവയാണ്.
ഇസ്‌ലാമിന്റെ ധനവിനിമയ ശാസ്ത്രത്തെ കുറിച്ച് അന്താരാഷ്ട്ര ബാങ്കിംഗ് സമൂഹം ഇന്ന് ഗൗരവപൂര്‍വം പഠിച്ചുവരികയാണ്.

വഅ്‌ള് കൊണ്ട് സംസ്‌കരിക്കപ്പെടുന്നുവോ?

ജാഹിലിയാ കാലം മുതല്‍ക്കേ സജീവമാണ് 'രാക്കഥകള്‍.' ജനങ്ങളെ സംസ്‌കരിക്കുന്നതിനും അവര്‍ക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുന്നതിനും വേണ്ടി നടത്തപ്പെടുന്നവയായിരുന്നു വഅ്‌ള് പരമ്പരകള്‍. മനോഹരമായ ശബ്ദ സങ്കലനം കൊണ്ടും ആംഗ്യ ചേഷ്ടകള്‍ കൊണ്ടും തമാശകള്‍ കൊണ്ടും അവ സമ്പന്നമാക്കും പ്രഭാഷകരും കാഥികന്മാരും. അത് ജനങ്ങള്‍ക്ക് പല തരത്തില്‍ ഉപകാരപ്പെടുന്നത് തന്നെയാണ്. എന്നാല്‍ ഇന്നത്തെ വഅ്‌ള് പരമ്പരകള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നത് എന്താണ്? വഅ്‌ള് കൊണ്ട് ഉണ്ടാകുന്ന നേട്ടമെന്താണ്? സംഭാവനകളുടെയും പണപ്പിരിവുകളുടെയും ബഹളമാണ് വഅ്‌ള് നടക്കുന്ന കേന്ദ്രങ്ങളില്‍ കാണുന്നത്. വഅ്‌ള് കൊണ്ട് ഉണ്ടാകേണ്ട സംസ്‌കരണം നടക്കാതെ പോകുന്നുണ്ടെങ്കില്‍ അതിന് തടസ്സം നില്‍ക്കുന്നതാരാണ്, പ്രഭാഷകരോ, കമ്മിറ്റികളോ?
6666 രൂപക്ക് നേര്‍ച്ച നേര്‍ന്നാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന പണാധിഷ്ഠിത പ്രശ്‌നപരിഹാര പ്രക്രിയകള്‍, മന്ത്രങ്ങള്‍ ആര് പഠിപ്പിച്ചതാണ്? വഅ്‌ള് പരമ്പരകളെ വില കുറച്ച് കാണുകയോ നിരുത്സാഹപ്പെടുത്തുകയോ അല്ല. എന്നാല്‍, വിജ്ഞാനദാഹികളെ, സംസ്‌കരണം ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ഉതകുന്നുണ്ടോ ഇന്നത്തെ വഅ്‌ള് എന്ന് ആലോചിക്കണം.
അബ്ദുര്‍റസാഖ് പുലാപ്പറ്റ

ഈമാന്‍
പുറമ്പോക്കിലാണ്

'ആത്മീയ വീണ്ടെടുപ്പിന് കുറുക്കുവഴികളില്ല' എന്ന ലേഖനം (ലക്കം 27) ഹൃദയസ്പര്‍ശിയായി. സമകാലിക സാമൂഹിക സാഹചര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് വിശ്വാസിയുടെ സ്വത്വബോധത്തെ തട്ടിയുണര്‍ത്തുകയാണ് ലേഖകന്‍.
നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്... എല്ലാമുണ്ട്. പക്ഷേ, സത്യവിശ്വാസമെവിടെ? ധാര്‍മികതയുടെ ഉരകല്ലില്‍ ഉരസി നോക്കുമ്പോള്‍ ലേഖനം ചൂണ്ടിക്കാട്ടിയതുപോലെ ജീവിതം വേറെ, ധാര്‍മികത വേറെ.
ദുന്‍യാവിന്റെ മായികവലയത്തില്‍ നമ്മുടെ ഈമാനിന്റെ ശക്തിയും ഊര്‍ജവും ചോര്‍ന്നുപോകുന്നു. ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്താവുന്ന, ആത്മാവില്‍ അലിഞ്ഞുചേരുന്ന 'വിശ്വാസം' എത്ര പേര്‍ക്കുണ്ട്?
നാവുകൊണ്ട് ഈമാന്‍ വെളിപ്പെടുത്തുന്നവര്‍, ഹൃദയത്തില്‍ അത് കടക്കാത്തവര്‍, സംസാരത്തില്‍ കളവ് പറയുന്നവര്‍, വിശ്വസിച്ചാല്‍ വഞ്ചിക്കുന്നവര്‍, പിണങ്ങിയാല്‍ തെറി പറയുന്നവര്‍, വാഗ്ദാനം ചെയ്താല്‍ വഞ്ചിക്കുന്നവര്‍... മുനാഫിഖിന്റെ (കപടവിശ്വാസിയുടെ) ലക്ഷണങ്ങളാണിവ. സമകാലിക മുസല്‍മാന്റെ ജീവിതം ഈ ലക്ഷണങ്ങളൊത്തതാണെങ്കില്‍ അവരുടെ ഈമാന്‍ പുറമ്പോക്കിലാണ്. നഷ്ടസ്വര്‍ഗത്തിലേക്കാണ് അവരുടെ യാത്ര.

സലാം എടവനക്കാട്

കരിമണല്‍ ഖനനവും തീര പ്രദേശങ്ങളും

വംബര്‍ 29-ന്റെ മുഖക്കുറിപ്പില്‍ കൊല്ലം ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കരിമണല്‍ ഖനനം നടക്കുന്നതായി പരാമര്‍ശിച്ചിരുന്നു. വന്‍തോതിലുള്ള മണല്‍ ഖനനം സമുദ്രതീരപ്രദേശത്ത് നടത്തുന്നത് സമുദ്രത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും.

അനേകായിരം വര്‍ഷത്തെ സമുദ്രത്തിന്റെ തിരമാലകളുടെയും കാറ്റിന്റെയും, തൊട്ടു ചേര്‍ന്നുള്ള പ്രദേശത്തെ മഴവെള്ളത്തിന്റെ ഒഴുക്കിന്റെ ഗതിയും നിരന്തരമായി കൂടിചേര്‍ന്നുള്ള പ്രവൃത്തിയുടെ ഫലമായി രൂപപ്പെടുന്ന സന്തുലിതാവസ്ഥയില്‍ നിന്നാണ് കടല്‍തീരത്തിന്റെ രൂപം ജന്മമെടുക്കുന്നത്. സമുദ്രത്തില്‍ രൂപം കൊള്ളുന്ന തിരമാലകള്‍ ശക്തി കുറഞ്ഞ് കരയില്‍ എത്തിച്ചേരുന്നത് ആ കരയുടെ പ്രത്യേക രൂപ വിശേഷം കൊണ്ടാണ്. ഇതിനെക്കുറിച്ചുള്ള രണ്ട് ഗവേഷണ പഠനങ്ങള്‍ ഞാനും കൊച്ചി സര്‍വകലാശാലയിലെ ഗണിത വിഭാഗത്തിലെ അധ്യാപകനും ചേര്‍ന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട് (ജേണല്‍ ഓഫ് മാത്മാറ്റിക്കല്‍ ഫിസിക്‌സ്, യു.എസ്.എ 1986).
സമുദ്രകരയില്‍ നടക്കുന്ന വന്‍തോതിലുള്ള ഖനനം, സമുദ്രത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയില്‍ കാര്യമായ വ്യതിയാനം വരുത്തുന്നു. ഇതിന്റെ പ്രത്യാഘാതമായി ആ പ്രദേശത്തും സമീപ പ്രദേശത്തും ഉള്ള സമുദ്ര തിരമാലകളുടെ ശക്തി വര്‍ധിച്ച് അതുമൂലം മഴക്കാലങ്ങളില്‍ കര കടലെടുത്ത് പോകാനുള്ള സാധ്യതയും ഉണ്ട്. കൂടാതെ മണ്ണൊലിപ്പ് വര്‍ധിക്കുകയും സമീപ പ്രദേശത്തുള്ള വളക്കൂറുള്ള മേല്‍മണ്ണ് നഷ്ടപ്പെടുകയും ഇതുമൂലം കൃഷി നശിക്കുകയും ചെയ്യും.
സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ദൂരത്ത് നിന്നുള്ള മണല്‍ഖനനം പാടെ നിരോധിക്കുക തന്നെ വേണം. കേരള സര്‍ക്കാര്‍ ഖനനത്തിനുള്ള അനുവാദം നല്‍കുന്നതിന് മുമ്പ് കേരള ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെയും ദല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എണ്‍വയണ്‍മെന്റിന്റെയും അഭിപ്രായങ്ങള്‍ ആരായേണ്ടതാണ്. സോളിഡാരിറ്റിയുടെ പരിസ്ഥിതി വിഭാഗം ഈ പ്രശ്‌നം പഠിച്ച് പൊതുജനസമ്മര്‍ദം രൂപപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഡോ. ബി.വി ബേബി, കര്‍ണാടക


ഇസ്‌ലാമിക് ഫിനാന്‍സിന്റെ പ്രസക്തി

ആഗോള സമ്പദ്ഘടനയുടെ പുരോഗമനത്തിനും വികാസത്തിനും ഇസ്‌ലാമിക് ഫിനാന്‍സ് ഒരു പരിധിവരെ സമൂഹത്തിന് ഗുണം ചെയ്യുമെന്നാണ് ഇതുവരെയുള്ള കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. പലിശ, മറ്റു ദുഷ്പ്രവണതകള്‍ എന്നിവക്ക് ഇസ്‌ലാമിക് ഫിനാന്‍സില്‍ സ്ഥാനമില്ലെന്ന് ആധികാരികമായി അടിവരയിടുന്ന ഈ രീതികളെ ഇന്നത്തെ തലമുറ സ്വാഗതം ചെയ്യുന്നുമുണ്ട്.
ആചാരി തിരുവത്ര, ചാവക്കാട്


എ.പി കുഞ്ഞാമുവിന്റെ 'മുസ്‌ലിം സംഘടനകളും മത സാമൂഹിക പരിസരങ്ങളും' (ലക്കം 2828) എന്ന ലേഖനത്തില്‍ മത സംഘടനകള്‍ രാഷ്ട്രീയത്തിന്റെ രീതികളാണ് അവലംബിക്കുന്നതെന്നും പ്രായോഗിക രാഷ്ട്രീയത്തിന്റെ മീഡിയോക്കര്‍ ശൈലീവത്കരണത്തിലേക്ക് വഴുതിവീഴുന്നതിന്റെ ഭാഗമാണ് അവയുടെ മാധ്യമ കമ്പം എന്നും അഭിപ്രായപ്പെട്ടത് ഏറെ പ്രസക്തമാണ്. അതുകൊണ്ടാണ് ഇത്രയധികം മാനവികത പ്രസംഗിച്ചിട്ടും മാനവ സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്ന തലത്തിലേക്ക് മനുഷ്യന്‍ അധഃപതിക്കുന്നത്.
അബൂഹിമ കാച്ചടി


പ്രബോധനം പതിവായി ശ്രദ്ധിക്കാറുണ്ട്. ഉള്ളടക്കവും രൂപകല്‍പനയും, പ്രത്യേകിച്ച് കവര്‍ നല്ല നിലവാരം പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍.
റഹ്മാന്‍ ചോറ്റൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/മര്‍യം/88-92
എ.വൈ.ആര്‍