Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

ഇസ്തിഗ്ഫാറിന്റെ സന്ദര്‍ഭങ്ങള്‍

എം.എസ്.എ റസാഖ് / തര്‍ബിയത്ത്

ഏതു സന്ദര്‍ഭത്തിലും അല്ലാഹുവോട് ഇസ്തിഗ്ഫാര്‍ (പാപമോചനം അര്‍ഥിക്കല്‍) ചെയ്യാമെങ്കിലും അതിനു ചില അവസരങ്ങളില്‍ സവിശേഷ പ്രാധാന്യമുണ്ട്. അതിലൊന്നാകുന്നു ഇബാദത്തുകള്‍ അനുഷ്ഠിച്ച ശേഷം. പ്രസ്തുത ഇബാദത്തില്‍ സംഭവിച്ചിരിക്കാനിടയുള്ള വീഴ്ചകളില്‍ നിന്നും പിഴവുകളില്‍നിന്നും പാപമോചനം നടത്തുകയാണതിന്റെ ഒരു ഉദ്ദേശ്യം. അല്ലാഹുവോടുള്ള ബാധ്യത നിര്‍വഹിച്ച ശേഷമുള്ള ഇസ്തിഗ്ഫാറിനു ഏറെ പ്രാധാന്യമുണ്ട്. ഹജ്ജില്‍ ത്വവാഫുല്‍ ഇഫാദ നിര്‍വഹിച്ച ശേഷം ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ''പിന്നീട് ആളുകളെല്ലാം മടങ്ങുന്നതെവിടെ നിന്നാണോ അവിടെ നിന്നുതന്നെ നിങ്ങളും മടങ്ങുകയും അല്ലാഹുവിനോട് പാപമോചനാര്‍ഥന നടത്തുകയും ചെയ്യുക. അല്ലാഹു മാപ്പരുളുന്നവനും ദയാപരനുമാകുന്നു'' (അല്‍ബഖറ 199). അഞ്ച് സമയത്തെ നിര്‍ബന്ധ നമസ്‌കാരാന്തരം മൂന്നുപ്രാവശ്യം ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടല്ലോ. രാത്രിയുടെ അന്ത്യയാമങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന പാപമോചനാര്‍ഥനക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. അങ്ങനെ ചെയ്യുന്നവരെ അല്ലാഹു പ്രത്യേകം വാഴ്ത്തുന്നു. ''അവര്‍ (അല്ലാഹുവിന്റെ ദാസന്മാര്‍) ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാകുന്നു. നാഥാ, നിശ്ചയമായും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുക്കേണമേ, നരകത്തില്‍ നിന്ന് ഞങ്ങളെ നീ കാത്തുകൊള്ളേണമേ. അവര്‍ ക്ഷമാശീലരാകുന്നു. സത്യസന്ധരാകുന്നു. അനുസരണമുള്ളവരാകുന്നു. ഉദാരമതികളാകുന്നു. നിശയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനോട് പാപമോചനമര്‍ഥിക്കുന്നവരുമാകുന്നു'' (ആലുഇംറാന്‍ 16,17). മറ്റൊരിടത്ത് പറയുന്നു: ''ദൈവഭക്തന്മാര്‍ നിശാ വേളകളില്‍ അല്‍പമേ ഉറങ്ങിയിരുന്നുള്ളൂ. രാവിന്റെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടിയിരുന്നു'' (അദ്ദാരിയാത്ത് 17,18).
പ്രവാചകന്‍(സ) അരുള്‍ ചെയ്യുന്നു: ''രാത്രിയുടെ മൂന്നിലൊന്ന് ബാക്കിയുള്ളപ്പോള്‍ നമ്മുടെ നാഥന്‍ ഓരോ രാത്രിയിലും ആകാശ ലോകത്തേക്ക് ഇറങ്ങിവന്ന് പറയും: ഏതൊരുവന്‍ എന്നോട് പ്രാര്‍ഥിക്കുന്നുവോ അവന് ഞാന്‍ ഉത്തരം നല്‍കും; എന്നോട് ചോദിക്കുന്നുവോ അവന് ഞാന്‍ നല്‍കും; എന്നോട് പാപമോചനമര്‍ഥിക്കുന്നുവോ അവന് ഞാന്‍ പൊറുത്തു കൊടുക്കും'' (ബുഖാരി, മുസ്‌ലിം).
വിജ്ഞാന സദസ്സ് പിരിയുമ്പോള്‍ ഇസ്തിഗ്ഫാര്‍ ചെയ്യുന്നത് പ്രവാചക ചര്യയായിരുന്നു. ആഇശ(റ) പറയുന്നു: നബി(സ) സദസ്സില്‍ നിന്ന് എണീറ്റ് പോകുന്ന അവസരത്തില്‍ ഇപ്രകാരം പറയുമായിരുന്നു:
 
(അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. നീ അല്ലാതെ ഒരു ഇലാഹുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് പാപമോചനം തേടുകയും നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു). ''സദസ്സ് പിരിയുന്ന അവസരത്തില്‍ ഈ പ്രാര്‍ഥന നിര്‍വഹിക്കുന്നുവെങ്കില്‍ ആ സദസ്സില്‍ വെച്ച് സംഭവിച്ചുപോയിട്ടുള്ള തെറ്റുകളും കുറ്റങ്ങളും പൊറുക്കപ്പെടുന്നതാണ്'' (ഹാകിം). മരണപ്പെട്ടവര്‍ക്കു വേണ്ടി ഇസ്തിഗ്ഫാര്‍ ചെയ്യണമെന്ന് നബി(സ) പറയുകയുണ്ടായി. മയ്യിത്തിനെ മറമാടിക്കഴിയുമ്പോള്‍ അവിടുന്ന് ഇപ്രകാരം പറയുമായിരുന്നു: ''നിങ്ങള്‍ നിങ്ങളുടെ സഹോദരനു വേണ്ടി പാപമോചനം തേടുക. പരേതന് സ്ഥൈര്യം (തസ്ബീത്ത്) ലഭിക്കാന്‍ അല്ലാഹുവോട് ചോദിക്കുക. പരേതന്‍ ഇപ്പോള്‍ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാകുന്നു'' (അബൂദാവൂദ്).
മലക്കുകള്‍ ഭൂമിയില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് വേണ്ടി, അവരുടെ പാപങ്ങള്‍ പൊറുക്കാനും വീഴ്ചകള്‍ വിട്ടുമാപ്പാക്കാനും വേണ്ടി അല്ലാഹുവോട് ഇസ്തിഗ്ഫാര്‍ ചെയ്യുന്നു. അല്ലാഹു പറയുന്നു: ''ദൈവസിംഹാസനത്തിന്റെ വാഹകരായ മലക്കുകളും അതിനു ചുറ്റും നിലകൊള്ളുന്നവരും എല്ലാം തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ട് കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. അവര്‍ അവനില്‍ വിശ്വസിക്കുന്നു. വിശ്വാസികള്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. അവര്‍ പ്രാര്‍ഥിക്കുന്നു: നാഥാ, കാരുണ്യത്താലും ജ്ഞാനത്താലും നീ സകല വസ്തുക്കളെയും ആവരണം ചെയ്തിരിക്കുന്നുവല്ലോ. അതിനാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവരെ പാപമുക്തരാക്കുകയും നരകശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യേണമേ'' (ഗാഫിര്‍ 7).


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍