Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

അസ്മാ ബിന്‍ത് അബീബക്ര്‍(റ) ധീരതയുടെ മഹിളാ മാതൃക

അബൂദര്‍റ് എടയൂര്‍

മുഹമ്മദ് നബി(സ) പ്രചരിപ്പിച്ച സത്യസന്ദേശത്തില്‍ ആകൃഷ്ടയായ പതിനെട്ടാമത്തെ അംഗം. പ്രമുഖ സ്വഹാബിയായ അബൂബക്‌റി(റ)ന്റെ മകള്‍. പ്രവാചകന്റെ മദീന പലായന വേളയില്‍ നിസ്തുലമായ സേവനങ്ങളര്‍പ്പിച്ച ഈ മഹതി ദാതുന്നിത്വാഖയ്ന്‍ (ഇരട്ട അരപ്പട്ടക്കാരി) എന്ന അപര നാമത്തില്‍ പ്രസിദ്ധയായി.
പ്രവാചകന്റെ മദീനാപലായനം ശത്രുക്കള്‍ മണത്തറിഞ്ഞു. അങ്ങനെ യാത്രാമധ്യേ ഒരു ഘട്ടത്തില്‍ അവര്‍ക്ക് സൗര്‍ ഗുഹയില്‍ അഭയം പ്രാപിക്കേണ്ടി വന്നു. ഏതാനും നാളുകള്‍ അവിടെ കഴിച്ചുകൂട്ടി. ആ സമയത്ത് അതീവ രഹസ്യമായി അവര്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്തിരുന്ന അസ്മാ ഒരു ദിവസം ഭക്ഷണപ്പൊതിയും വെള്ളം നിറച്ച തോല്‍പാത്രവും  കെട്ടാന്‍ കയറ് കിട്ടാതെ വിഷമിച്ചു. പിന്നെ ഒട്ടും അമാന്തിച്ചില്ല, തന്റെ അരയില്‍ ചുറ്റിക്കെട്ടിയിരുന്ന മുണ്ട് അഴിച്ചെടുത്ത് രണ്ടായി കീറി. ഭക്ഷണപ്പൊതിയും വെള്ളപ്പാത്രവും കെട്ടി. ഗുഹയിലെത്തിയപ്പോള്‍ പ്രവാചകന് കാര്യം പിടികിട്ടി. അന്നേരം അസ്മാഇന് സ്വര്‍ഗത്തില്‍ രണ്ട് അരപ്പട്ട നല്‍കേണമേ എന്ന് പ്രവാചകന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു. ഇരട്ട അരപ്പട്ടക്കാരി എന്ന നാമം ലഭിച്ചത് അങ്ങനെയാണ്.
പ്രവാചക ശിഷ്യന്‍ സുബൈറുബ്‌നുല്‍ അവ്വാമായിരുന്നു അസ്മായുടെ ഇണ. അദ്ദേഹത്തിന് വലിയ സാമ്പത്തിക ശേഷിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് കഴിയാന്‍ തയാറായ ഉത്തമ കുടുംബിനിയായിരുന്നു അസ്മാ. ഇല്ലായ്മകളുടെ ആവലാതികളുമായി നടക്കുന്നവര്‍ക്ക് അവര്‍ ഒരു മഹിത മാതൃകയാണ്.
പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അവര്‍ക്ക് ഹിജ്‌റക്ക് അവസരം ലഭിച്ചത്. ഇന്നത്തെപ്പോലെ ഗതാഗത സൗകര്യങ്ങളൊന്നുമില്ലാത്ത, പൂര്‍ണ ആരോഗ്യമുള്ളവര്‍ക്ക് പോലും നിരവധി യാത്രാക്ലേശങ്ങള്‍ സഹിക്കേണ്ടിവരുന്ന ആ കാലത്ത്, എല്ലാ പ്രയാസങ്ങളും അവഗണിച്ച് മക്കയില്‍ നിന്ന് മദീനയിലേക്ക് ആ ഇണ പ്രാവുകള്‍ പ്രയാണമാരംഭിച്ചു. മദീനയില്‍ നിന്ന് രണ്ട് മൈല്‍ അകലെയുള്ള ഖുബാ എന്ന സ്ഥലത്തെത്തിയപ്പോള്‍ ആ മഹതി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. അബ്ദുല്ലാഹ് എന്നാണ് ആ പൊന്നോമനക്ക് അവര്‍ പേരിട്ടത്. മദീനയിലെത്തിയ മുഹാജിറുകള്‍ക്ക് ജനിച്ച ആദ്യ സന്തതി. അതിനാല്‍ മുസ്‌ലിംകള്‍ അത്യധികം സന്തോഷിക്കുകയും തക്ബീര്‍ മുഴക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ പ്രവാചക സന്നിധിയിലെത്തിച്ചു. അദ്ദേഹം കുഞ്ഞിനെ മടിയില്‍ കിടത്തി അവന് വേണ്ടി പ്രാര്‍ഥിച്ചു.
മദീനയിലെത്തിയ സുബൈര്‍ കച്ചവട രംഗത്തേക്ക് പ്രവേശിച്ചു. ക്രമേണ മദീനയിലെ അതിസമ്പന്നന്മാരില്‍ ഒരാളായി. ഈ സമൃദ്ധിയിലും ആര്‍ഭാടരഹിതമായിട്ടായിരുന്നു അസ്മാഇന്റെ ജീവിതം. പരലോകത്തെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ദാനധര്‍മത്തില്‍ ആനന്ദം കണ്ടെത്തിയ ആ മഹതിയെ കുറിച്ച് മകന്‍ അബ്ദുല്ല പറയുന്നു: എന്റെ മാതാവ് അസ്മാഇനെയും മാതൃസഹോദരി ആഇശയെയും പോലെ ധര്‍മിഷ്ഠകളായ സ്ത്രീകളെ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, അവരുടെ രീതികള്‍ ഭിന്നമായിരുന്നു. മാതൃസഹോദരി കിട്ടുന്നത് ശേഖരിച്ചുവെക്കുകയും വേണ്ടത്രയായാല്‍ ആവശ്യക്കാര്‍ക്ക് വീതിച്ചുകൊടുക്കുകയുമായിരുന്നു പതിവ്. എന്റെ മാതാവകട്ടെ, നാളേക്ക് ഒന്നും കരുതിവെക്കുമായിരുന്നില്ല.
പ്രതിസന്ധി ഘട്ടങ്ങളെ സമര്‍ഥമായി അതിജീവിക്കാന്‍ അസ്മാഇന് കഴിയുമായിരുന്നു. ആകെയുണ്ടായിരുന്ന ആറായിരം ദിര്‍ഹം കൈയിലെടുത്താണ് അബൂബക്ര്‍(റ) ഹിജ്‌റ പോയത്. കുടുംബത്തിന് വേണ്ടി ഒന്നും ബാക്കി വെച്ചിരുന്നില്ല. അക്കാലത്ത് ബഹുദൈവവിശ്വാസിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് അബൂഖുഹാഫ അസ്മാഇന്റെ അടുത്തെത്തി ചോദിച്ചു: 'അവന്‍ ഒന്നും തരാതെ പോയ്ക്കളഞ്ഞു അല്ലേ.'
ഉടനെ അസ്മാ പറഞ്ഞു: 'ഒരിക്കലുമില്ല, ധാരാളം സമ്പത്ത് ഞങ്ങള്‍ക്ക് തന്നിട്ടാണ് പോയത്.' ശേഷം കുറച്ച് കല്ലുകളെടുത്ത് പണം സൂക്ഷിക്കാറുണ്ടായിരുന്ന ചുമരിലെ പൊത്തില്‍ വെച്ച് ഒരു തുണികൊണ്ട് മൂടി. എന്നിട്ട്, കാഴ്ച നഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കൈ അതിലേക്ക് പ്രവേശിപ്പിച്ചിട്ട് പറഞ്ഞു: 'നോക്കൂ, എത്ര പണമാണ് അദ്ദേഹം ഇവിടെ വെച്ചിട്ടുള്ളതെന്ന്.' അത് ബോധ്യപ്പെട്ട അദ്ദേഹം പറഞ്ഞു: 'എങ്കില്‍ കുഴപ്പമില്ല.  ഇതൊക്കെ നിങ്ങള്‍ക്കുള്ളതാണെങ്കില്‍ വളരെ നല്ലത്.'  
വൃദ്ധനായ വല്യുപ്പയെ ആശ്വസിപ്പിക്കുക എന്നതോടൊപ്പം, അദ്ദേഹത്തെ ആശ്രയിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതുകൂടിയായിരുന്നു അസ്മാ ഉദ്ദേശിച്ചത്. അസ്മാഇന്റെ എല്ലാ നിലപാടുകളും ചരിത്രം വിസ്മൃതിയില്‍ തള്ളിയാലും തന്റെ മകനായ അബ്ദുല്ലയുമായുള്ള അവസാന കൂടിക്കാഴ്ചയില്‍ അവര്‍ സ്വീകരിച്ച ധീരോദാത്തമായ സമീപനം ആര്‍ക്കും മറക്കാനാവില്ല.
ഇസ്‌ലാമിക ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴിമാറിയ സന്ദര്‍ഭം. യസീദുബ്‌നു മുആവിയയുടെ മരണശേഷം അബ്ദുല്ലാഹിബ്‌നുസുബൈറിനെ ജനങ്ങള്‍ അധികാരത്തിലേറ്റി. ഹിജാസ്, ഈജിപ്ത്, ഇറാഖ്, ഖുറാസാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ അദ്ദേഹത്തിന്റെ കീഴില്‍ വന്നു. എന്നാല്‍ ഉമവീ ഭരണാധികാരികള്‍ ഇത് അംഗീകരിച്ചില്ല. അവര്‍ ഹജ്ജാജുബ്‌നു യൂസുഫിന്റെ നേതൃത്വത്തില്‍ അബ്ദുല്ലാഹിബ്‌നുസുബൈറിനെതിരെ യുദ്ധത്തിനിറങ്ങി. ഇരു വിഭാഗവും തമ്മില്‍ ശക്തമായ പോരാട്ടം നടന്നു. അബ്ദുല്ലാഹിബ്‌നുസുബൈറിന്റെ വീരസാഹസികതയുടെ വേദി കൂടിയായിരുന്നു അത്.
പക്ഷേ, നിര്‍ഭാഗ്യവശാല്‍ അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ പക്ഷം ക്രമേണ ദുര്‍ബലമായി. കുറെയാളുകള്‍ ഓടി രക്ഷപ്പെട്ടു. അദ്ദേഹവും ശേഷിക്കുന്നവരും കഅ്ബയുടെ സുരക്ഷാവലയത്തില്‍ അഭയം തേടി.  ഹജ്ജാജിന്റെ സൈന്യം മക്ക വളഞ്ഞു. വലിയ പാറക്കല്ലുകള്‍ വന്നു പതിച്ച് വീടുകള്‍ തകരാന്‍ തുടങ്ങി. ഭീരുവായി ജീവിക്കുന്നതിനേക്കാളും ഭേദം ധീരനായി മരിക്കലാണെന്ന് അദ്ദേഹം ഉറപ്പിച്ചു. മാതാവിന്റെ അടുക്കലെത്തിയ അബ്ദുല്ലാഹ് പറഞ്ഞു: 'ഉമ്മാ, ആളുകളൊക്കെ ഹജ്ജാജിനെ പേടിച്ച് പിന്‍മാറി. ഏതാനും ആളുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അബ്ദുല്‍ മലികിന്റെ മുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ചോദിക്കുന്നതെന്തും തരാമെന്നാണ് അവര്‍ പറയുന്നത്. ഞാന്‍ എന്താണ് ചെയ്യേണ്ടത്?'
അസ്മാഇന്റെ ധീരമായി മറുപടി ഇങ്ങനെയായിരുന്നു: 'ഇതില്‍ തീരുമാനമെടുക്കേണ്ടത് നീയാണ്. നിന്റെ പക്ഷമാണ് സത്യമെന്നും നീ സത്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഉറച്ച ബോധ്യമുണ്ടെങ്കില്‍ നിന്റെ കൊടിക്കീഴില്‍ രക്തസാക്ഷിത്വം വരിച്ച സുഹൃത്തുക്കളെ പോലെ മരണം വരെ നീ പൊരുതണം. ഇനി അതല്ല, ഭൗതിക താല്‍പര്യത്തിനാണ് നീ മുന്‍തൂക്കം നല്‍കുന്നതെങ്കില്‍, നിന്നേക്കാള്‍ ചീത്ത മനുഷ്യര്‍ വേറെയുണ്ടാവില്ല. മാത്രമല്ല, സ്വന്തത്തെയും നിന്നില്‍ വിശ്വാസമര്‍പ്പിച്ച അനുയായികളെയും നശിപ്പിക്കുകയാണ് അതുമുഖേന നീ ചെയ്യുന്നത്.'
'പക്ഷേ, ഉമ്മാ ഇന്ന് ഞാന്‍ വധിക്കപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.'
അസ്മാ:'ഹജ്ജാജിന് സ്വമേധയാ കീഴടങ്ങുന്നതിനേക്കാള്‍ നല്ലത് അതാണ്. കാരണം അങ്ങനെ ചെയ്താല്‍ ബനൂ ഉമയ്യയിലെ കുട്ടികള്‍ നിന്റെ തല കൊണ്ട് കളിക്കും.'
അബ്ദുല്ലാഹ്: 'കൊല്ലപ്പെടുന്നത് എനിക്ക് പേടിയില്ല. പക്ഷേ, അവര്‍ എന്നെ അംഗഛേദം ചെയ്യുമെന്നാണ് എന്റെ ഭയം.'
അസ്മാ: 'മോനേ, കൊലക്ക് ഇരയായ ശേഷം പേടിക്കാനെന്തിരിക്കുന്നു. അറുത്ത ആടിന്റെ തൊലിയുരിക്കുമ്പോള്‍ അതിന് വേദനിക്കുകയില്ല.'
ഇതു കേട്ടപ്പോള്‍ അബ്ദുല്ലയുടെ മുഖം പ്രസന്നമായി. അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ എത്ര അനുഗൃഹീതയായ മാതാവാണ്! മഹത്തായ സദ്ഗുണങ്ങളുടെ ഉടമയാണ് നിങ്ങള്‍. ഈ മറുപടി കേള്‍ക്കാന്‍ തന്നെയാണ് ഞാനീ സമയത്ത് ഇവിടെ വന്നത്. ഞാന്‍ ഭീരുവോ ദുര്‍ബലനോ ആയിട്ടില്ലെന്ന് അല്ലാഹുവിന് അറിയാം. ഞാന്‍ ഈ ദൗത്യത്തിന് ഇറങ്ങിയത് ദുന്‍യാവിനോടോ അതിന്റെ സൗന്ദര്യങ്ങളോടോ ഉള്ള താല്‍പര്യം കൊണ്ടല്ല, അല്ലാഹുവിന്റെ ആദരണീയതകള്‍ ഹനിക്കപ്പെടുന്നതിലുള്ള ധാര്‍മിക രോഷം കൊണ്ട് മാത്രമാണെന്നതിന് അവന്‍ സാക്ഷിയാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് ഞാനിതാ പുറപ്പെടുന്നു.  ഞാന്‍ വധിക്കപ്പെട്ടാല്‍ എന്നെയോര്‍ത്ത് ദുഃഖിക്കരുത്. നിങ്ങളുടെ കാര്യം അല്ലാഹുവില്‍ അര്‍പ്പിക്കുക'
അസ്മാ: 'നീ അസത്യത്തിന് വേണ്ടി കൊല്ലപ്പെട്ടാലേ എനിക്ക് സങ്കടമുണ്ടാവൂ.'
അബ്ദുല്ലാഹ്: 'നിങ്ങളുടെ മകന്‍ ഇന്നുവരെ ബോധപൂര്‍വം ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു നീചവൃത്തിയിലും ഏര്‍പ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ നിയമം ലംഘിച്ചിട്ടില്ല. ആരെയും ചതിച്ചിട്ടില്ല. ഒരാളെയും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ല. അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ടല്ലാതെ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ പരിശുദ്ധനാണെന്ന് പറയുകയല്ല. എന്നെ കുറിച്ച് നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്. നിങ്ങളുടെ മനസ്സമാധാനത്തിന് വേണ്ടിയാണ് ഇത്രയും പറഞ്ഞത്.'
അസ്മാ: 'അല്ലാഹുവിനും എനിക്കും ഇഷ്ടപ്പെട്ട രീതിയില്‍ നിന്നെ ആക്കിത്തീര്‍ത്ത സര്‍വശക്തന് സ്തുതി. മോനേ, നീ എന്റെ അടുത്തേക്ക് വരൂ. ഞാന്‍ നിന്നെ ഒന്നു ചുംബിക്കട്ടെ. നിന്നെയൊന്ന് വാരിപ്പുണരട്ടെ.'
ആ മകന്‍ സ്‌നേഹനിധിയും കരുത്തുറ്റ ഈമാനിന്റെ പ്രതീകവുമായ ആ ഉമ്മയുടെ കൈകാലുകള്‍ മതിവരുവോളം ചുംബിച്ചു. 'പ്രിയപ്പെട്ട ഉമ്മാ, നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം' എന്ന് പറഞ്ഞുകൊണ്ട് ആ പോരാളി ഹജ്ജാജിനോട് പോരാട്ടത്തിനിറങ്ങി രക്തസാക്ഷിത്വം വരിച്ചു. ഏകദേശം രണ്ടാഴ്ച കഴിയും മുമ്പെ, ആ ചരിത്ര പോരാട്ടത്തിന് ആവേശവും ഊര്‍ജവും നല്‍കിയ അസ്മാഉം ഇഹലോകവാസം വെടിഞ്ഞു. മരിക്കുമ്പോള്‍ നൂറ് വയസ്സായിരുന്നെങ്കിലും അവരുടെ പല്ലു കൊഴിയുകയോ ബുദ്ധിമാന്ദ്യം സംഭവിക്കുകയോ ചെയ്തിരുന്നില്ല.
 
(അവലംബം: സുവറുന്‍ മിന്‍ ഹയാതിസ്സ്വഹാബ/ അബ്ദുര്‍റഹ്മാന്‍ റഅ്ഫത്ത് ബാഷ)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍