Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

മഴവില്‍ രാഷ്ട്രത്തിന്റെ ശില്‍പി

അബൂസ്വാലിഹ / മുദ്രകള്‍

''കറുത്തവര്‍, സങ്കരവര്‍ഗക്കാര്‍, വെള്ളക്കാര്‍, ഇന്ത്യക്കാര്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍, ജൂതന്മാര്‍ എന്നിങ്ങനെ പല തരത്തിലുള്ള ആളുകളെ നിങ്ങള്‍ക്ക് എണ്ണിപ്പറയാന്‍ കഴിയും. ഈ നാടിന്റെയും നാട്ടുകാരുടെയും ശോഭനമായ ഭാവി എന്ന പൊതു ലക്ഷ്യത്തിനു വേണ്ടി അവരെല്ലാവരും ഒന്നിച്ചിരിക്കുകയാണ്.'' 1994 മെയ് ഒമ്പതിന് കാപ്ടൗണില്‍ ചെയ്ത പ്രസംഗത്തില്‍ നെല്‍സണ്‍ മണ്ടേല പറഞ്ഞു. വര്‍ണ വിവേചനത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത ഈ വിമോചനപ്പോരാളി 95-ാം വയസ്സില്‍ വിടവാങ്ങിയപ്പോള്‍ അവശേഷിച്ച ഏറ്റവും മികച്ച പൈതൃകവും ഒരു പക്ഷേ സമന്വയത്തിന്റെ ഈ രാഷ്ട്രീയമായിരുന്നു. വര്‍ണ വിവേചന ഭരണവ്യവസ്ഥക്ക് അന്ത്യം കുറിച്ചപ്പോള്‍ അതിന് നേതൃത്വം നല്‍കിയിരുന്ന ന്യൂനപക്ഷമായ വെള്ളക്കാരെ അദ്ദേഹം കൈവിട്ടില്ല. അവരെയും തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തി. അവരെ മുറിപ്പെടുത്തുമെന്നതിനാല്‍ ഭൂപരിഷ്‌കരണം പോലുള്ള സമൂല വിപ്ലവ ചുവടു വെപ്പുകളില്‍ നിന്ന് വിട്ടുനിന്നു. അതിന്റെ ന്യായാന്യായങ്ങള്‍ മറ്റൊരു വിഷയമാണ്. രക്തച്ചൊരിച്ചിലിലേക്ക് വഴുതിവീഴാതെ ഒരു സ്വതന്ത്ര ജനാധിപത്യ 'മഴവില്‍' ദക്ഷിണാഫ്രിക്ക സാധ്യമാക്കിയത് 'മാദിബ'യുടെ ദൂരക്കാഴ്ചയായിരുന്നു.
രാഷ്ട്രീയ നേതാക്കളുമായി മാത്രമല്ല, വിവിധ മതപണ്ഡിതന്മാരുമായും അദ്ദേഹം ഊഷ്മളബന്ധം നിലനിര്‍ത്തി.അഹ്മദ് ദീദാത്തിന്റെ ജീവചരിത്രകാരനായ ഗുലാം വാഹിദ് Ahmed Deedat: The Man and His Mission എന്ന കൃതിയില്‍ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. 1994-ല്‍ സുഊദി അറേബ്യയിലായിരിക്കെ ദീദാത്തിന് ഒരു ഫോണ്‍ വരുന്നു. 'ഞാന്‍ നെല്‍സണ്‍ മണ്ടേല, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്.' ആരോ കളിയാക്കാന്‍ വിളിക്കുകയാണെന്നാണ് ദീദാത്ത് ആദ്യം കരുതിയത്. മണ്ടേല തന്നെയാണെന്ന് ഉറപ്പായപ്പോള്‍ തനിക്കത് വിശ്വസിക്കാനായില്ലെന്ന് ദീദാത്ത് ഓര്‍ക്കുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിന് സുഊദിയില്‍ എത്തിയതായിരുന്നു മണ്ടേല. ദീദാത്തിനെ കണ്ടപ്പോള്‍ മണ്ടേല പറഞ്ഞു: ''നമ്മള്‍ ഒരേ നാട്ടുകാരായതുകൊണ്ട് ഞാന്‍ എവിടെ ചെന്നാലും ദീദാത്തിനെ അറിയുമോ എന്ന് ആളുകള്‍ നിരന്തരം ചോദിക്കുന്നു.'' വിശദമായി സംസാരിക്കാന്‍ തലസ്ഥാനമായ ദര്‍ബനില്‍ ഒത്തുകൂടാമെന്ന് അവര്‍ സമ്മതിച്ചെങ്കിലും ആ സംഗമം നടക്കുകയുണ്ടായില്ല. ദീദാത്ത് രോഗശയ്യയിലാണെന്നറിഞ്ഞപ്പോള്‍ 'മഹാനായ ഇസ്‌ലാമിക പ്രബോധകന്‍' എന്നാണ് മണ്ടേല അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
1997 ജൂലൈ 11-ന് ഓക്‌സ്‌ഫോര്‍ഡ് ഇസ്‌ലാമിക് സെന്ററില്‍ നടത്തിയ പ്രഭാഷണത്തില്‍ ദക്ഷിണാഫ്രിക്കക്ക് സവിശേഷമായും ആഫ്രിക്കന്‍ വന്‍കരക്ക് പൊതുവായും ഇസ്‌ലാമും മുസ്‌ലിംകളും നല്‍കിയ സേവനങ്ങളെ അദ്ദേഹം അനുസ്മരിക്കുകയുണ്ടായി. ''യൂറോപ്യന്‍ കൊളോണിയലിസത്തിനെതിരെ ഉയര്‍ന്നുവന്ന പ്രതിരോധ രാഷ്ട്രീയത്തിന്റെ സമരമുഖത്തുടനീളം മുസ്‌ലിം സമൂഹങ്ങള്‍ നിലയുറപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിനെതിരെയും അവര്‍ പോരാടി.'' 2010-ല്‍ ആഗോള മുസ്‌ലിം പണ്ഡിത വേദിയുടെ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചപ്പോള്‍ മണ്ടേലയെ സന്ദര്‍ശിക്കുകയും തന്റെ ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ ഒരു സെറ്റ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തിരുന്നു. 'ആഫ്രിക്കയുടെ ഹീറോ' എന്നാണ് ഖറദാവി മണ്ടേലയെ വിശേഷിപ്പിച്ചത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍