Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

ആം ആദ്മി ശക്തിപ്പെടുത്തുന്നത് ആരുടെ രാഷ്ട്രീയത്തെ?

എ. റശീദുദ്ദീന്‍

അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി ഭരണം നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാനിലും ദല്‍ഹിയിലും കോണ്‍ഗ്രസ് പിഴുതെറിയപ്പെട്ടു. താരതമ്യേന മികച്ച ഭരണം കാഴ്ച വെച്ച ഷീലാ ദീക്ഷിതിന്റെയും അശോക് ഗഹ്‌ലോത്തിന്റെയും സര്‍ക്കാറുകളെ നേരത്തെ ലഭിച്ചതിന്റെ നാലിലൊന്ന് സീറ്റ് പോലും കൊടുക്കാതെയാണ് ജനം താഴെയിറക്കിയത്. ദല്‍ഹിയില്‍ കോണ്‍ഗ്രസിന് വെറും 8 സീറ്റ് മാത്രമാണ് ലഭിച്ചത്. രാജസ്ഥാനില്‍ 21-ഉം. മധ്യപ്രദേശില്‍ 143 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് 163-ലേക്ക് ഉയരാനായി. ഛത്തീസ്ഗഢില്‍ ഉണ്ടായിരുന്ന സീറ്റുകളില്‍ ഒന്നു കുറഞ്ഞെങ്കിലും ഭരണം സുഗമമായി നടത്തിക്കൊണ്ടു പോകാനാവശ്യമായ ഭൂരിപക്ഷം രമണ്‍ സിംഗിനും ലഭിച്ചു. അഴിമതിക്കറയില്ലാത്ത മികച്ച ഭരണാധികാരി എന്ന പ്രതിഛായ ഉണ്ടായിട്ടും ഷീലാ ദീക്ഷിതിന് ദല്‍ഹിയില്‍ 25000-ത്തില്‍ പരം വോട്ടുകളുടെ തോല്‍വിയാണ് ജനം സമ്മാനിച്ചത്. ദല്‍ഹിയിലെ ബലാത്സംഗവും കോമണ്‍വെല്‍ത്ത് അഴിമതിക്കേസുകളുമാണ് ഷീലയുടെ വിധിയെഴുതിയതെന്ന് വ്യക്തം. അതേസമയം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസുകളില്‍ ഇന്ത്യയില്‍ ഒന്നാമത്തെ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. ഒപ്പമുണ്ടായിരുന്ന നാല് മന്ത്രിമാര്‍ അഴിമതിയെ ചൊല്ലിയും ലൈംഗികാരോപണങ്ങളും കൊലക്കുറ്റവും ഏറ്റുവാങ്ങിയും രാജിവെച്ചവരായിട്ടും ശിവരാജ് സിംഗ് ചൗഹാന് ജനം സമ്മാനിച്ചത് തകര്‍പ്പന്‍ വിജയമാണ്. ഈ വിജയപരാജയങ്ങള്‍ക്ക് ഏകീകൃതമായ ഒരു അളവുകോല്‍ ഒരിക്കലും ഉണ്ടായിരുന്നില്ല.
പൊതുജനം കോണ്‍ഗ്രസിനോടും കേന്ദ്രസര്‍ക്കാറിനോടുമുള്ള മുഴുവന്‍ വെറുപ്പും പ്രകടിപ്പിച്ചു എന്നതു നേരാണ്. ബി.ജെ.പിയെ ജനം വാരിപ്പുണര്‍ന്നു എന്നും പറയാവുന്നതാണ്. പക്ഷേ ഇതിലെല്ലാം ഒരല്‍പ്പം ശരികേടുകളുമുണ്ട്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് തോറ്റത് അവരുടെ ആഭ്യന്തര ദൗര്‍ബല്യങ്ങളെയാണ് ഒടുവില്‍ പുറത്തു കൊണ്ടുവരുന്നത്. വിജയാരവം മുഴക്കുന്നുണ്ടെങ്കില്‍ പോലും ബി.ജെ.പി അകമേ അസ്വസ്ഥരാണ്. അവകാശവാദങ്ങളില്‍ ചിലത് യാഥാര്‍ഥ്യങ്ങളുടെ മുമ്പില്‍ തകര്‍ന്നു വീഴുന്നതാണ് അവരെ ആശങ്കയിലാഴ്ത്തുന്നത്. ആം ആദ്മി പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബി.ജെ.പിക്ക് ദല്‍ഹിയില്‍ ഭരണത്തിലേറാനായില്ല. ഭരണം ലഭിച്ചില്ല എന്നത് ആ അര്‍ഥത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയൊന്നും ആയിരുന്നില്ല. പക്ഷേ കോണ്‍ഗ്രസിനെതിരെ ബദലായി ജനം തെരഞ്ഞെടുത്തത് ബി.ജെ.പിയെ അല്ലെന്ന തിരിച്ചറിവാണ് അവരെ ഞെട്ടിച്ചത്. മോഡി നാലിടത്ത് പ്രസംഗിച്ച ദല്‍ഹിയില്‍ നാലിലും ബി.ജെ.പി തോറ്റു. ദല്‍ഹിയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ 2008-ല്‍ ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ചതിനേക്കാള്‍ കുറവായിരുന്നു ഇക്കുറി ബി.ജെ.പിക്കു കിട്ടിയ വോട്ടുകളുടെ ശതമാനക്കണക്ക്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന്റെ കൈയിലിരുപ്പിന്റെ കൊള്ളരുതായ്മ കൊണ്ട് ബി.ജെ.പി രക്ഷപ്പെട്ടു എന്നു പറയുന്നതാണ് വലിയ ശരി. ഛത്തീസ്ഗഢില്‍ അവസാന നിമിഷം പരസ്പരം കാലുവാരി 10 സീറ്റില്‍ കോണ്‍ഗ്രസ് സ്വയം തോറ്റുവെന്നാണ് പി.സി.സി അധ്യക്ഷന്‍ ചരണ്‍ദാസ് മഹന്ത് തയാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. ആ 10 സീറ്റില്‍ കൂടി ജയിച്ചിരുന്നെങ്കില്‍ അജിത് ജോഗി ആയിരുന്നേനെ മുഖ്യമന്ത്രി. നരേന്ദ്ര മോഡി ഒരു തരംഗമായിട്ടുണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല വസ്തുതകളെന്ന് വിവേകമുള്ള ബി.ജെ.പിക്കാര്‍ തന്നെ അടക്കം പറയുന്നു. കണക്കുകള്‍ ഒന്നൊന്നായി പുറത്തു വരുന്തോറും പടനായകന്മാരെ കുറിച്ച ഇരു പാര്‍ട്ടികളുടെയും അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് ചുരുളഴിയുന്നത്.   
നിത്യജീവിതം ദുരിതമയമാക്കിയ കേന്ദ്രസര്‍ക്കാറിനെതിരെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ജനരോഷം ഉയരുന്നുണ്ടായിരുന്നു. പക്ഷേ സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയും തത്തുല്യമായ ജനവികാരം ഉണ്ടായിരുന്നു. ഒരു സംഘടന എന്ന നിലയില്‍ അമ്പേ പരാജയപ്പെട്ട കോണ്‍ഗ്രസിന് മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ജനങ്ങളുടെ മുമ്പില്‍ ബദലായി ഉയര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ 'ചാവല്‍ ബാബ'യേക്കാളുപരി 'മൈനിംഗ് ബാബ'യായ രമണ്‍ സിംഗിനെയും അഴിമതിക്കാരുടെ 'മാമ'യായ ശിവ്‌രാജ് സിംഗ് ചൗഹാനെയും അശോക് ഗഹ്‌ലോത്തിനെ പോലെയോ അതിനേക്കാള്‍ മോശമായ രീതിയിലോ ജനങ്ങള്‍ തോല്‍പ്പിച്ചു വിടുമായിരുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന്റെ പ്രചാരണം ഏറെ വൈകിയാണ് ആരംഭിച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും ശാപം തന്‍പോരിമയുള്ള നേതാക്കളും അവര്‍ക്കു വേണ്ടി നടക്കുന്ന ഗ്രൂപ്പുവഴക്കുമായിരുന്നു. 2008-ല്‍ സുരേഷ് പച്ചൗരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മറുപക്ഷത്തുള്ള താപ്പാന നേതാക്കള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത എതിര്‍ ഗ്രൂപ്പുകളുടെ സ്ഥാനാര്‍ഥികളെ പരസ്പരം വെട്ടിനിരത്തുകയാണ് ചെയ്തത്. വിജയം ഉറപ്പായിരുന്ന ഒരു ഡസന്‍ സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇങ്ങനെ പരാജയപ്പെട്ടിരുന്നു. ഈ അച്ചടക്കരാഹിത്യം അവസാനിപ്പിക്കാന്‍ സോണിയാഗാന്ധിക്കു കഴിഞ്ഞില്ല. അഞ്ചു വര്‍ഷം അതിന്റെ മുകളില്‍ അടയിരുന്നതിനു ശേഷം രാഹുല്‍ ഗാന്ധിക്ക് എന്തോ ചില വെടിനിര്‍ത്തലുകള്‍ സാധ്യമായെങ്കിലും ദിഗ്‌വിജയ് സിംഗിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും കമല്‍നാഥിനെയും കാന്തിലാല്‍ ബൂരിയയെയും അജയ് സിംഗിനെയും റാലികളില്‍ ഒരുമിച്ചു നിര്‍ത്തുന്നതിലപ്പുറം ബി.ജെ.പിക്കെതിരെ അജണ്ട നിശ്ചയിക്കാനോ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാനോ കഴിഞ്ഞില്ല. അങ്ങനെ നോക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാവനാശൂന്യതയാണ് ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായതെന്നു തന്നെയാണ് പറയേണ്ടത്.
ദല്‍ഹിയിലെ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ ഒരര്‍ഥത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പാപഭാരവും ചുമന്നാണ് പുറത്തേക്കു പോയത്. ഷീലാ ദീക്ഷിത് അഴിമതിക്കാരിയാണെന്ന് വിളിച്ചുപറയുകയല്ല ദല്‍ഹിയില്‍ അവരുടെ എതിരാളികള്‍ ചെയ്തത്, ഭരണത്തിലെ അഴിമതി അവസാനിപ്പിക്കണമെന്നും സുതാര്യവും ജനോപകാരപ്രദവുമായ സര്‍ക്കാര്‍ ഉണ്ടാവണമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ ലഭിക്കണമെന്നും പ്രചരിപ്പിക്കുകയായിരുന്നു. പൊതുജനത്തെ സ്വാധീനിക്കുന്ന ഈ വിഷയങ്ങള്‍ ദല്‍ഹിയില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും തുല്യമായോ അതിനേക്കാള്‍ കൂടിയ അളവിലോ ഉണ്ടായിരുന്നു. അഴിമതിയുടെയും ജനദ്രോഹത്തിന്റെയും കാര്യത്തില്‍ ഒട്ടും മോശമായിരുന്നില്ല രമണ്‍ സിംഗ് സര്‍ക്കാര്‍. സ്വകാര്യ മേഖലക്ക് ഖനനാനുമതി നല്‍കുന്നതില്‍ ഒരു തത്ത്വദീക്ഷയും ഈ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. വന്‍മുതലാളിമാര്‍ക്കു വേണ്ടി കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് കൈയും കണക്കുമില്ലാത്ത സംസ്ഥാനമാണ് ഛത്തീസ്ഗഢ്. പക്ഷേ കോണ്‍ഗ്രസിനെതിരെ ഈ വിഷയങ്ങള്‍ ഏറ്റെടുക്കാനുള്ള വിശ്വാസ്യത ബി.ജെ.പിക്ക് ഇല്ലാത്തതു കൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് ആ അവസരം വീണുകിട്ടി. അവര്‍ക്കു പക്ഷേ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത നിരുപാധിക പിന്തുണ വാങ്ങി ഭരിക്കാന്‍ താല്‍പര്യമില്ലെന്നും പുതിയൊരു തെരഞ്ഞെടുപ്പിനോടാണ് താല്‍പര്യമെന്നുമാണ് വ്യക്തമാവുന്നത്. പക്ഷേ ഈ പ്രക്രിയക്കിടയില്‍ ബാക്കിയാവുന്ന ചില അപ്രിയ സത്യങ്ങളുണ്ട്. ബി.ജെ.പിയെ എതിര്‍ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാന തത്ത്വം എ.എ.പി അട്ടിമറിക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നയങ്ങള്‍ ഒന്നാണെന്നും ഇരുവരും സഖ്യമുണ്ടാക്കി ഭരിക്കുകയാണ് വേണ്ടതെന്നുമാണ് കെജ്‌രിവാളിന്റെ പ്രസ്താവന. പക്ഷേ ജന്‍ലോക്പാല്‍ ഡിസംബര്‍ 29-നകം കൊണ്ടുവരുമെന്ന് എഴുതി നല്‍കാമെങ്കില്‍ ബി.ജെ.പിയെ തുണക്കാമെന്നാണ് പ്രശാന്ത് ഭൂഷന്റെ വ്യക്തിപരമായ നിലപാട്. ഈ രണ്ട് പ്രസ്താവനകളിലും മതേതരത്വവുമായി ബന്ധപ്പെട്ട മുഴുവന്‍ സങ്കല്‍പ്പങ്ങളുടെയും നിരാസമുണ്ടായിരുന്നു.
ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസിനോടുള്ള വെറുപ്പും വിരോധവും ബി.ജെ.പിയോടില്ലെന്ന് ഈ സംഘടനയുടെ സ്ഥാപക കാലഘട്ടം തൊട്ട് അതിനെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും തിരിച്ചറിയാനാവുമായിരുന്നു. ബി.ജെ.പിയെ അവര്‍ കാര്യമായി എതിര്‍ത്തിരുന്നില്ല. 31 ശതമാനം ആം ആദ്മിക്കാരും നരേന്ദ്ര മോഡി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നവരാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഒരു സര്‍വേ ചൂണ്ടിക്കാട്ടുന്നത്. വല്ലപ്പോഴുമൊക്കെ ഒരു കൊട്ട് കൊടുക്കുമെങ്കിലും ഷീലാ ദീക്ഷിതിനെയോ മന്‍മോഹന്‍ സിംഗിനെയോ എതിര്‍ക്കുന്ന തീവ്രതയോടെ ഒരിക്കല്‍ പോലും ബി.ജെ.പിയിലെ ഏതെങ്കിലുമൊരു നേതാവിനെ മാത്രം പേരെടുത്തു പറഞ്ഞ് അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും പിറകെ കൂടിയിട്ടില്ല. ബി.ജെ.പിയുടെ അഴിമതിയെ തത്ത്വം എന്ന നിലയില്‍ മാത്രം വിമര്‍ശിക്കുക, കോണ്‍ഗ്രസിലെ ഓരോ വ്യക്തിയെയും ഏതറ്റം വരെയും ആക്രമിക്കുക എന്നതായിരുന്നു എ.എ.പിയുടെ രാഷ്ട്രീയം. ചിലരെങ്കിലും ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയോടൊപ്പം നില്‍ക്കണമെന്ന് ഒളിഞ്ഞോ തെളിഞ്ഞോ പറഞ്ഞിട്ടുമുണ്ട്. അണ്ണായോടൊപ്പം നിന്ന കിരണ്‍ബേദി കെജ്‌രിവാളിനോടൊപ്പം നില്‍ക്കാതിരുന്നത് ബി.ജെ.പിയോടുള്ള അമിതമായ വിധേയത്വം മൂലമായിരുന്നല്ലോ. ജന്‍ലോക്പാല്‍ ബില്‍ ഉള്‍പ്പെടെയുള്ള എ.എ.പിയുടെ ആവശ്യങ്ങളും അജണ്ടയും അംഗീകരിക്കുമെന്ന് എഴുതി നല്‍കിയാല്‍ ബി.ജെ.പിക്ക് പിന്തുണ കൊടുക്കാമെന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചതിനു ശേഷം അതൊരു പരിഹാസമായിരുന്നെന്നും ബി.ജെ.പിക്ക് ഒരിക്കലും അതിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ഉദ്ദേശിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ തിരുത്തിപ്പറഞ്ഞു. ജന്‍ലോക്പാല്‍ പാസായാല്‍ ഇന്ത്യയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ തീര്‍ന്നു എന്നും അത് പാസാക്കിയാല്‍ ബി.ജെ.പി നല്ല പിള്ളയായി മാറിയെന്നുമല്ലേ ഇപ്പറയുന്നതിന്റെ അര്‍ഥം? എന്തൊരു അസംബന്ധമാണിത്!  
മോഡിയെ മുന്നില്‍ നിര്‍ത്തി ബാബാരാംദേവ് മുതല്‍ അംബാനി വരെയുള്ള കള്ളപ്പണക്കാരും കോര്‍പറേറ്റുകളും നടത്തുന്ന നീക്കത്തോട് സാധാരണക്കാരന്റെ (ആം ആദ്മിയുടെ) നിലപാട് എന്താവണമെന്ന് ഈ കെജ്‌രിവാള്‍ ഇനിയും പറഞ്ഞു തന്നിട്ടില്ല. കള്ളപ്പണവും കോര്‍പറേറ്റുകളും മാത്രമാണ് വിഷയമെങ്കില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേരിയ ചില അതിര്‍വരമ്പുകളേ തട്ടിനിരത്തേണ്ടതായുള്ളൂ. ഗുജറാത്തിനെ കെജ്‌രിവാള്‍ ശരിയായി പഠിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ വോട്ടുബാങ്കായ ആം ആദ്മിക്കാരന് ദല്‍ഹിയിലെ മന്‍മോഹന്‍ സിംഗിനേക്കാളും ഗാന്ധി നഗറിലെ മോഡി മെച്ചപ്പെട്ടവനാകുന്ന ഒരു സാഹചര്യവും ഉണ്ടാവേണ്ട കാര്യമില്ല. പൊതുമുതലാണ് ഗുജറാത്തിലെ 'വികസന നായകന്‍' ടാറ്റക്കും അംബാനിക്കും അദാനിക്കും എസ്സാറിനും ചുളുവിലയ്ക്ക് എറിഞ്ഞു കൊടുക്കുന്നത്. മന്‍മോഹന്‍ സിംഗ് അദ്ദേഹമിരിക്കുന്ന കസേരയുടെ പദവിക്കനുസരിച്ച് ഈ ഇടപാട് വിദേശ അംബാനിമാരുമായി നടത്തുന്നു എന്നു മാത്രം. 19-ഉം 20-ഉം തമ്മിലുള്ള വ്യത്യാസമാണ് അക്കാര്യത്തില്‍ മോഡിയും സിംഗും തമ്മിലുള്ളത്. മോഡിക്ക് അവസരം കിട്ടിയാല്‍ മന്‍മോഹനേക്കാള്‍ നന്നായി ഇങ്ങോര്‍ ഇന്ത്യയെ വില്‍ക്കുന്ന കാഴ്ചയാണ് നാം കാണേണ്ടി വരിക. പക്ഷേ സാമ്പത്തിക അഴിമതി, ഭരണം കൊണ്ട് മൂടിവെക്കാനും ഉരുക്കുമുഷ്ടി ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനും അവരിലൊരാള്‍ക്ക് കഴിഞ്ഞതു കൊണ്ടും, ഭരണത്തെ ഉപയോഗിച്ച് സര്‍ക്കാറിനെതിരെയുള്ള കേസുകള്‍ കോടതിയിലെത്താതെ നോക്കാന്‍ മറ്റൊരാള്‍ക്ക് കാര്യപ്രാപ്തി ഇല്ലാതിരുന്നതു കൊണ്ടും അവരിലൊരാള്‍ ശരിയാവുന്നതെങ്ങനെ? കൂട്ടത്തില്‍ തിണ്ണമിടുക്കു കൂടിയവന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ് കെജ്‌രിവാള്‍ ഇതുവരെ ചെയ്തത്. മാത്രവുമല്ല ചില ഇരട്ടത്താപ്പുകളും ആം ആദ്മി പാര്‍ട്ടിക്കുണ്ട്. ദല്‍ഹിയിലെ പൊതുഭൂമി നിയമ വിരുദ്ധമായി കൈയേറിയവര്‍ക്കു വേണ്ടിയാണ് കെജ്‌രിവാളും കൂട്ടരും ഏറ്റവുമധികം ശബ്ദമുയര്‍ത്തിയത് എന്ന ശരദ് പവാറിന്റെ പരിഹാസം ശ്രദ്ധിക്കുക. ദല്‍ഹിയിലെ അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കുമെന്നും അവിടെ വെള്ളവും വെളിച്ചവും റോഡും എത്തിക്കുമെന്നും എ.എ.പി വാഗ്ദാനം ചെയ്യുന്നില്ലേ? വോട്ടുബാങ്ക് ഉണ്ടാക്കാന്‍ വേണ്ടി പൊതുമുതല്‍ കൈയേറുന്നതിനെ അംഗീകരിക്കുകയല്ലേ ഇത്? ഇങ്ങനെയുള്ള അനധികൃത കോളനികളില്‍ നിന്നാണ് എ.എ.പിക്ക് ഏറ്റവുമധികം വോട്ടുകള്‍ ദല്‍ഹിയില്‍ ലഭിച്ചതെന്നു കൂടി അറിയുക.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സാമ്പത്തിക കുറ്റകൃത്യങ്ങളാണോ അതോ സാമൂഹിക കുറ്റകൃത്യങ്ങളാണോ എന്ന കാര്യത്തില്‍ ഒരുതരം അഴകൊഴമ്പന്‍ നിലപാടാണ് കെജ്‌രിവാളിന്റെ പാര്‍ട്ടി ഇന്ത്യക്ക് സമ്മാനിക്കുന്നത്. രണ്ടും ഒരേപോലെ പ്രധാനമാണെന്ന് ഇദ്ദേഹം തിരിച്ചറിയുന്നില്ല. ദല്‍ഹിയില്‍ കോണ്‍ഗ്രസിന് എട്ടു സീറ്റുകള്‍ മാത്രം ലഭിച്ചപ്പോഴും അതില്‍ അഞ്ചും മുസ്‌ലിം മണ്ഡലങ്ങളായിരുന്നുവെന്ന് എ.എ.പി കാണാതെ പോകരുത്. എന്തുകൊണ്ട് അഴിമതിക്കാരുടെ ഈ 'മഹാപ്രസ്ഥാന'ത്തെ മുസ്‌ലിംകള്‍ എ.എ.പിയേക്കാള്‍ കൂടുതല്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരായി? ഗുജറാത്തില്‍ നിന്ന് പുറപ്പെട്ട് ദല്‍ഹിയുടെ തൊട്ടയല്‍പക്കമായ മുസഫര്‍ നഗറില്‍ എത്തിയ ഒരു ദുരന്തത്തെയാണ് ഈ സമൂഹം കൂടുതല്‍ ഗൗരവമുള്ളതായി കാണുന്നത്. അമിത്ഷാക്കും മോദിക്കും അഴിമതി ഒട്ടുമില്ലെന്നു തന്നെ സങ്കല്‍പ്പിക്കുക. അതുകൊണ്ട് അവരെ ഈ രാജ്യത്തിന് അംഗീകരിക്കാനാവുമോ? ഒരു ലോക്പാല്‍ ബില്‍ പാസാക്കി നല്‍കിയാല്‍ പൊറുക്കാനാവുന്നതാണോ ആ കുറ്റങ്ങള്‍?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍