Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

പൊതുവിദ്യാഭ്യാസ മേഖല എങ്ങനെ തകരാതിരിക്കും?

അബൂബക്കര്‍ ദുബൈ

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഘടകങ്ങളെക്കുറിച്ച് മുന്‍ അലീഗഢ് വി.സി ഡോ. അബ്ദുല്‍ അസീസുമായി നടത്തിയ അഭിമുഖം ശ്രദ്ധേയമായി. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സമൂഹം ജാഗ്രത കാണിക്കണം എന്ന സന്ദേശം ഗൗരവതരം തന്നെ. എന്നാല്‍, പൊതു വിദ്യാഭ്യാസത്തിന്റെ അടിത്തറയായ എല്‍.പി/യു.പി സ്‌കൂളുകളുടെ നിലവാരം ഗ്രാമങ്ങളില്‍ എത്രമാത്രം തകര്‍ന്നിരിക്കുന്നു എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഗവണ്‍മെന്റ്-എയ്ഡഡ് പ്രൈമറി സ്‌കൂളുകളുടെ നിലവാര തകര്‍ച്ച മൂലം സമ്പന്നരും വിദ്യാസമ്പന്നരും തങ്ങളുടെ മക്കളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് അയക്കുന്നതോടെ ഇത്തരം സ്‌കൂളുകള്‍ തീര്‍ത്തും നാഥനില്ലാ കളരിയാവുകയാണ് പതിവ്. അടിസ്ഥാന സൗകര്യമില്ലാത്ത ക്ലാസ്സുകളില്‍ ലോവര്‍ പ്രൈമറിയില്‍ നഷ്ടപ്പെടുന്ന അടിസ്ഥാന വിജ്ഞാനം അവരെ മറ്റു ഉയര്‍ന്ന ക്ലാസ്സുകളിലും പിന്നാക്കം തള്ളുന്നു. അതിന് പ്രധാന കാരണം പൊതു വിദ്യാഭ്യാസ അധ്യാപകരെ സെന്‍സസ് / തെരഞ്ഞെടുപ്പ് കണക്കെടുപ്പ് ജോലിക്കായി നിയമിക്കുമ്പോഴുണ്ടാകുന്ന ക്ലാസ് നഷ്ടമാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിലെ പ്രധാന പോരായ്മ തന്നെ ഇത്തരം കണക്കെടുപ്പ് ജോലികളില്‍ അവരെ നിയമിക്കാം എന്നുള്ള നിയമ നിര്‍മാണത്തിലെ അപാകതയാണ്. ഇന്ത്യയില്‍ 10 വര്‍ഷം കൂടുമ്പോഴുണ്ടാകുന്ന ജനസംഖ്യാ കണക്കെടുപ്പിന് പുറമെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെയുള്ള സകലതിനും  ഈ അധ്യാപകരെ മാത്രം ഉപയോഗപ്പെടുത്തുമ്പോള്‍ വരേണ്യ വര്‍ഗത്തിന്റെ കേന്ദ്രീയ വിദ്യാലയങ്ങളടക്കമുള്ള സ്വകാര്യ അണ്‍ എയഡഡ് സ്‌കൂളുകളില്‍ നിന്ന് എത്ര അധ്യാപകരെ നിയോഗിക്കുന്നുണ്ടെന്ന് പരിശോധിച്ചാല്‍ അറിയാം പൊതു വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകര്‍ച്ചയുടെ കാരണങ്ങള്‍.
നിലവില്‍ പാഠ്യപദ്ധതികള്‍ (സിലബസ്) മാത്രം പരിഷ്‌കരിച്ചാല്‍ പോരാ. പൊതു ശുചിത്വം അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം സ്‌കൂളില്‍ ഉറപ്പ് വരുത്തണം. എയ്ഡഡ് മേഖലയിലെ അധ്യാപകരെയും സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. നിശ്ചിത നിലവാരം നിലനിര്‍ത്താത്ത എയിഡഡ് സ്‌കൂള്‍ സര്‍ക്കാര്‍ സ്‌കൂളുകളാക്കി മാറ്റണം. കൂടാതെ സെന്‍സസ്, ഇലക്ഷ്ന്‍ ഡ്യൂട്ടികളില്‍ നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് ലഭ്യമാക്കുമെന്ന് ഉറപ്പ് വരുത്തുകയും വേണം. ലോവര്‍ പ്രൈമറിയില്‍ നഷ്ടപ്പെടുന്ന ക്ലാസ്സുകള്‍ വിദ്യാര്‍ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കുമെന്നത് 'ആള്‍ പ്രമോഷ'ന്റെ  ഇക്കാലത്ത് ഗൗരവത്തില്‍ തന്നെ കാണേണ്ടതാണ്.

പാരമ്പര്യ അജണ്ടകളില്‍
നിന്ന് വഴിമാറി നടക്കണം

മത സംഘടനകളെക്കുറിച്ച ചര്‍ച്ച വായിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം പുരോഗമനാത്മക കാഴ്ചപ്പാടാണ് വെച്ചുപുലര്‍ത്തിയത്. പാരമ്പര്യ അജണ്ടകളില്‍ നിന്ന് ഒരു വഴിമാറി നടത്തം ഈ ചര്‍ച്ച ആവശ്യപ്പെടുന്നു. കേരളീയ മുസ്‌ലിംകളില്‍ സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിയാണ് മുമ്പില്‍ നില്‍ക്കുന്നത്. ആത്മീയ മുന്നേറ്റം കെട്ട്കാഴ്ചകളായി മാറുകയാണ്. പള്ളി സ്വഫുകളില്‍ കാണുന്ന തിരക്ക് ധാര്‍മികരംഗത്ത് സൂക്ഷ്മത കാണിക്കുന്നതില്‍ തെളിയുന്നില്ല.  സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഗള്‍ഫില്‍നിന്നും മറ്റും വന്നുചേരുന്ന പണം ലോക കാര്യങ്ങള്‍ക്ക് മാത്രമായി ചെലവാക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.  മുസ്‌ലിം സമൂഹത്തിലെ ഈ പണാസക്തി അത്രത്തോളം മറ്റു സമുദായങ്ങളില്‍ കാണുന്നില്ല. ധാര്‍മികത വിളംബരം ചെയ്യുന്ന ക്ലാസ്സുകളും വഅ്‌ളുകളും നടത്തുന്ന സമുദായത്തെക്കാളും ഇതൊന്നുമില്ലാത്ത മറ്റു സമുദായങ്ങളില്‍ ധാര്‍മികരംഗത്ത് സൂക്ഷ്മത കാണുന്നുവെന്നത് മത നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കണം. നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന നയനിലപാടുകളും കാഴ്ചപ്പാടുകളും മത സംഘടനകള്‍ പുനരവലോകനത്തിന് വിധേയമാക്കണം. സമുദായത്തിന്റെ കരുത്തായ യുവജന വിഭാഗത്തെ ആത്മീയ ധാര്‍മിക മൂല്യങ്ങളില്‍ ഉറപ്പിച്ച് തന്നെ അവരെ സമൂഹത്തിന് നേതൃത്വം കൊടുക്കുന്നവരാക്കി മാറ്റാന്‍ ഇതനിവാര്യമാണ്.
എന്‍.പി അബ്ദുല്‍ കരീം
ചേന്ദമംഗല്ലൂര്‍

സുഖദുഃഖങ്ങളാണ് ജീവിതം

'കണ്ണ് നിറഞ്ഞോട്ടെ, ഖല്‍ബ് പിടയല്ലേ!' (ലക്കം 2828) എന്ന പി.എം.എ ഗഫൂറിന്റെ ലേഖനം വായിച്ചപ്പോള്‍ 'സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു, ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്റുലമാടുന്നു.... ജീവിതം അതു ജീവിതം' എന്നു തുടങ്ങുന്ന അതിമനോഹരമായ പഴയകാല ഗാനം ഓര്‍ത്തുപോയി. സുഖവും ദുഃഖവും ജീവിതത്തിലെ അനിവാര്യമായ രണ്ട് ധ്രുവങ്ങളാണ്. സുഖങ്ങളുടെയും ഐശ്വര്യങ്ങളുടെയും തനിമ അനുഭവിച്ചറിയണമെങ്കില്‍ ദുരിതങ്ങളും ദുഃഖങ്ങളും ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. പ്രസ്തുത രണ്ടനുഭവങ്ങളും ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഗുണകരവും അത്ഭുതകരവുമാണ്. ഐശ്വര്യമാണ് വന്നുഭവിക്കുന്നതെങ്കില്‍ വിശ്വാസി അല്ലാഹുവോട് നന്ദിയുള്ളവനായിത്തീരുന്നു. ദുരിതങ്ങളാണെങ്കില്‍ എല്ലാം സര്‍വശക്തനായ ജഗന്നിയന്താവില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞ് ക്ഷമിക്കുകയും ചെയ്യുന്നു. സുഖങ്ങളും ദുഃഖങ്ങളും ഒരു മുസ്‌ലിമിന് ഗുണകരമാണെന്നര്‍ഥം!
സാലിം ചോലയില്‍ ചെര്‍പ്പുളശ്ശേരി

 

 പ്രവാചക മൂല്യങ്ങളെ
പുനരാവിഷ്‌കരിക്കണം

ഞാന്‍ പ്രബോധനം വാരികയുടെ സ്ഥിരം വായനക്കാരനാണ്. സമകാലിക ദുഷ്ട ലോകത്ത് ഇസ്‌ലാമിന്റെ പ്രസക്തി വളരെയധികം വര്‍ധിച്ചിരിക്കുന്നു. പ്രവാചക മൂല്യങ്ങളെ പുനരാവിഷ്‌കരിക്കാനും മതേതര ബഹുസ്വര പൊതു സമൂഹത്തില്‍ സ്വീകാര്യത ഉറപ്പുവരുത്താനും ശേഷിയുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ രാഷ്ട്രീയ കക്ഷികളും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
കെ.സി ജെയിംസ് കുന്നപ്പള്ളി,  കോട്ടയം

 

നവീനാശയങ്ങളുടെ തെളിമയില്‍
സ്വാമി രചനകള്‍

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖനങ്ങള്‍ നല്ല നിലവാരം പുലര്‍ത്തുന്നു. സമകാലിക സമൂഹത്തില്‍ മതവര്‍ഗീയ വൈരങ്ങളും രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളും ആശങ്കാജനകമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ ദുരവസ്ഥയില്‍ മാനവ സ്‌നേഹത്തിന്റെയും മാനസിക രഞ്ജിപ്പിന്റെയും തത്ത്വബോധിയാകുന്ന സ്വാമിയുടെ രചനകളില്‍, വായനക്കാരില്‍ മാനസികോന്നമനമുണ്ടാക്കാനുതകുന്ന നവീനാശയങ്ങളുടെ തെളിമയുണ്ട്. ഇന്ത്യന്‍ രാഷ്ട്രഗാത്രത്തെ ആമൂലാഗ്രം ഗ്രസിച്ചുകഴിഞ്ഞ വര്‍ഗീയ ഫാഷിസമെന്ന രക്തരക്ഷസിന്റെ കരിനിഴല്‍ രാഹു പാര്‍ലമെന്റിലേക്കു വരെ നീങ്ങിക്കൊണ്ടിരിക്കുന്ന ഭയാനകമായ ചുറ്റുപാടില്‍ സ്വാമിയുടെ മത മാനവ സാഹോദര്യ ചിന്തകള്‍ക്ക് സമൂഹത്തിലുടനീളം വേരോട്ടമുണ്ടായെങ്കിലെന്ന് വെറുതെയെങ്കിലും മോഹിച്ചുപോകുന്നു. ഡിസംബര്‍ 6-ലെ പ്രബോധനത്തില്‍ സ്വാമി എഴുതിയ 'ഇസ്ഹാഖ് സാഹിബിന്റെ കൈരളി ഭഗവദ് ഗീത ഒരു ഓര്‍മപ്പെടുത്തല്‍' എന്ന പുസ്തക നിരൂപണത്തിലും ഇപ്പറഞ്ഞതിനെ ബലപ്പെടുത്തുന്ന പര്യാലോചനകള്‍ തന്നെയാണുള്ളത്.
ഏഴു നിറങ്ങള്‍ കൊണ്ട് ഏറെ മനോഹരമായ മഴിവില്ലഴക് രചിക്കുന്ന പ്രപഞ്ചശില്‍പി വൈവിധ്യത്തെ സാദരം വരവേല്‍ക്കുന്നുവെന്ന് സ്വാമി നിരീക്ഷിക്കുന്നു.  നാനാത്വത്തില്‍ ഏകത്വമെന്ന സിദ്ധാന്തത്തിന്റെ ആഴങ്ങളില്‍ നിന്ന് വഴിയുന്ന ലാവണ്യലയം പ്രതിഭയുടെ സൂക്ഷ്മ സ്പര്‍ശിനി കൊണ്ട് സ്വാമി തിരിച്ചറിയുന്നുവെന്നതിന്റെ ഉത്തമോദാഹരണം തന്നെയിത്.
പല മതസ്സാരവുമേകം എന്ന കാഴ്ചപ്പാടിലൂന്നി ഭഗവദ് ഗീതയും മനുസ്മൃതിയും സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വിദ്വാന്‍ എ. ഇസ്ഹാഖ് സാഹിബിന്റെ അമൂല്യമായ മത താരതമ്യ പഠന സംരംഭത്തിനുള്ള ഉചിതമായ രാഗാര്‍ച്ചനയായി ഈ ലേഖനം. വീക്ഷണ വിശാലതകൊണ്ട് വിദ്വല്‍ സദസ്സുകളില്‍ വേറിട്ടു തിളങ്ങിയ വാല്‍നക്ഷത്രമായുദിച്ചുയര്‍ന്ന ഇസ്ഹാഖ് സാഹിബിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നത് പ്രാധാന്യമേറുന്ന സല്‍കൃത്യമാണ്.
മുഹമ്മദ് കുട്ടി എളമ്പിലാക്കോട്


അക്കാദമിക മികവാര്‍ന്നതും ജനാധിപത്യപരവും സന്ദര്‍ഭോചിതവുമായ ഉള്ളടക്കമായിരുന്നു 'പെണ്ണുണര്‍വു'കളുമായി ഇറങ്ങിയ 2827-ാം ലക്കം. മലയാളത്തിലെ ഉജ്വലമായ വായനാനുഭവമാണ് ഏത് ആശയക്കാര്‍ക്കും പ്രബോധനം.
എം.കെ ആരിഫ അഴിയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍