Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 06

സാഹിബും തേജ്പാലും

ഇഹ്‌സാന്‍ / മാറ്റൊലി

തെഹല്‍ക്ക പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരായ സ്ത്രീപീഡന കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഗോവയിലെ സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്ന പലരും ഇപ്പോഴുമുണ്ട്. പക്ഷേ എട്ടുകാലിയെ എട്ടുകാലിയെന്നു തന്നെ വിളിക്കുകയാണ് ഈ കേസില്‍ ഉചിതം. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഗോവയിലെ മനോഹര്‍ പരികര്‍ സര്‍ക്കാര്‍ അമിതാവേശം കാണിച്ചിട്ടുണ്ടെങ്കില്‍ പോലും തീര്‍ച്ചയായും കേസിലെ വസ്തുതകള്‍ അതായിരുന്നില്ല. പരാതിക്കിടയായ സാഹചര്യത്തെ വായിച്ചെടുക്കുന്നതില്‍ തെറ്റുപറ്റിയെന്നു തേജ്പാല്‍ കുറ്റസമ്മതം നടത്തിയ സ്ഥിതിക്ക് രാജ്യത്തെ നിയമത്തിന്റെ ഭാഷയില്‍ കുറ്റകരമായി മാറുന്ന സ്ത്രീ പീഡനം അദ്ദേഹം അംഗീകരിക്കുകയാണ് ചെയ്തത്; അതിന്റെ ഗൗരവം കൂടിയതായാലും കുറഞ്ഞതായാലും ശരി. സാര്‍വലൗകികമായ സ്ത്രീ-പുരുഷ സ്വാതന്ത്ര്യത്തിന്റെ ഭാഗമായ ഇത്തരം ഇടപെടലുകള്‍ ബലാത്സംഗം പോലെ അത്ര വലിയ തെറ്റല്ലെന്നു കരുതുന്ന 'പുരോഗമന സമൂഹം' ഇരട്ടത്താപ്പ് ഉപേക്ഷിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലത്. തേജ്പാലിന്റെ കാര്യത്തില്‍ മാത്രം സ്ത്രീപീഡനത്തില്‍ അപ്രമാദിത്വമൊന്നും വകവെച്ചു കൊടുക്കാന്‍ ഇന്ത്യന്‍ നിയമം അനുവദിക്കാത്ത സ്ഥിതിക്ക് തെറ്റു തെറ്റുതന്നെയാണ്. സുദീര്‍ഘമായ ഒരു വിശ്വാസത്തിന് കോട്ടം തട്ടിക്കുകയാണ് താന്‍ ചെയ്തതെന്ന് തേജ്പാല്‍ പെണ്‍കുട്ടിക്കെഴുതിയ കത്തില്‍ ഏറ്റുപറയുന്നുമുണ്ട്. സ്ഥാപനത്തിലെ ജൂനിയര്‍ സ്റ്റാഫ് ആണെന്നതു കൊണ്ടും തെഹല്‍ക്കയുടെ എഡിറ്റര്‍ ആയതു കൊണ്ടും തേജ്പാലിന് സ്ത്രീകളോട് മാന്യമല്ലാത്ത രീതിയില്‍ പെരുമാറാനുള്ള അവകാശം അംഗീകരിച്ചു കൊടുക്കാനാവില്ല. അരുന്ധതി റോയി ചൂണ്ടിക്കാട്ടിയതു പോലെ തെഹല്‍ക്ക ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ കൂടി ബലാത്സംഗമായിരുന്നു അത്. ഈ സ്ത്രീ പീഡന വാര്‍ത്ത പുറത്തു വന്ന ദിവസങ്ങളില്‍ അതിനേക്കാള്‍ ഭയാനകമായ മറ്റൊരു വാര്‍ത്തയും രാജ്യം കേള്‍ക്കുന്നുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി കുപ്പായം മുന്‍കൂട്ടി തയ്ച്ച് നാടുചുറ്റുന്ന മറ്റൊരു മാന്യനെ കുറിച്ചായിരുന്നു വാര്‍ത്ത. ഇന്ത്യയിലെ കാനാന്‍ ദേശമായി ഇതിനകം മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്ന ഗുജറാത്തിലെ കച്ച് സ്വദേശിയായ യുവതിയെ സംസ്ഥാന ആഭ്യന്തരസഹമന്ത്രി അമിത് ഷായെയും ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ.എല്‍ സിംഗാളിനെയും ഉപയോഗിച്ച് ഈ 'മാന്യ സാഹിബ്' പിന്തുടര്‍ന്നുവെന്നും ഈ യുവതി താമസിച്ച ഹോട്ടലുകള്‍ക്ക് ചുറ്റും ചാരന്മാരെ വെക്കുകയും അവളോടൊപ്പം റൂമെടുത്തു താമസിച്ച ഒരു യുവാവിന്റെയും അയാളുടെ സുഹൃത്തുക്കളുടെയും വരെ ടെലിഫോണ്‍ ചോര്‍ത്തുകയും ചെയ്തുവെന്നുമായിരുന്നു സ്‌തോഭജനകമായ വൃത്താന്തം. യുവതിയുമായി അടുപ്പമുണ്ടെന്ന് ഈ ആഭ്യന്തര സഹമന്ത്രിക്കും അദ്ദേഹത്തിന്റെ 'സാഹിബി'നും തോന്നുന്നവരെ നിരീക്ഷിക്കാനായി പോലീസുകാരെ വിമാനത്തിലടക്കം ഒപ്പം ടിക്കറ്റെടുത്തു കയറ്റിവിട്ട് ചാരപ്പണിയെടുക്കലായിരുന്നു ഗുജറാത്ത് ആഭ്യന്തരവകുപ്പിന്റെ രണ്ട് വര്‍ഷത്തോളമുള്ള അജണ്ട! യുവതിയുമായി അടുപ്പമുണ്ടായിരുന്ന ഒരു സിറ്റി പോലീസ് കമ്മീഷണറെ ഇങ്ങനെ 'നിരീക്ഷിച്ച്' ഒടുക്കം 'രാഷ്ട്രതാല്‍പര്യ'ത്തിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ കേസെടുത്തു. ഇത് പകപോക്കലിന്റെ ഭാഗമാണെന്നും 'സാഹിബു'മായുള്ള ചില എസ്.എം.എസുകളും അദ്ദേഹത്തോടൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ഈ യുവതി തനിക്കു കൈമാറിയിട്ടുണ്ടാവുമോ എന്നു ഭയപ്പെട്ടാണ് കള്ളക്കേസെടുത്തതെന്നും ചൂണ്ടിക്കാട്ടി പ്രസ്തുത പോലീസ് കമ്മീഷണര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ലിഫ്റ്റിലേക്ക് അന്യയായ ഒരു യുവതിയെ വലിച്ചു കയറ്റാന്‍ ശ്രമിച്ച തേജ്പാലിന്റെ കുറ്റം ഗൗരവമാകുന്നത് അദ്ദേഹം ഇത്രയും കാലം നിലകൊണ്ട ആശയങ്ങളുടെ പേരിലാണെങ്കില്‍ മാതൃകാ പുരുഷോത്തമനും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ 'സനാതന' മൂല്യങ്ങളുടെ രക്ഷാധികാരിയുമാകേണ്ടുന്ന ആളെ കുറിച്ച് ചില രഹസ്യ വീഡിയോകള്‍ തന്നെ ഉണ്ടെന്നല്ലേ വരുന്നത്? ആളറിഞ്ഞാല്‍ നാണക്കേടാവുമെന്ന് 'സാഹിബ്' ഭയന്ന വിവരങ്ങള്‍ പുറത്താവുന്നുണ്ടോ എന്നറിയാനല്ലേ ഒരു സംസ്ഥാന പോലീസ് രണ്ടുവര്‍ഷം ചാരപ്പണിയെടുത്തത്? ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കവെയാണ് രാജ്യത്ത് ബി.ജെ.പിയുടെ പരമോന്നത നേതാവിനെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത് എന്നത് വിഷയത്തെ കൂടുതല്‍ ഗൗരവപൂര്‍ണമാക്കി മാറ്റുകയാണ്. മുഖമല്ലാതെ മറ്റൊന്നും മുമ്പില്‍ വെക്കാനില്ലാത്ത ബി.ജെ.പിയെ നേരിടാന്‍ നേതാവിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കൂടുതല്‍ ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വരാനിടയുണ്ടെന്നും കേള്‍ക്കുന്നു. വരും ദിവസങ്ങളില്‍ ഇത് ഇന്ത്യയില്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിയൊരുക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല. അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് പ്രധാനമന്ത്രി നേരിട്ടാണ് മുന്നറിയിപ്പ് നല്‍കിയത്. തേജ്പാലിനു നേരെ നിയമനടപടികള്‍ ശക്തമായതിനു പിന്നില്‍ 'സാഹിബ്' വിഷയത്തില്‍ നിന്നും തല്‍ക്കാലത്തേക്കെങ്കിലും ജനശ്രദ്ധ വഴിതിരിച്ചു വിടുക എന്ന ഉദ്ദേശ്യം ഗോവന്‍ സര്‍ക്കാറിന് ഉണ്ടായിരിക്കാം. പക്ഷേ 'സാഹിബിന്റെ' കേസ് അതുകൊണ്ടൊന്നും അടങ്ങുന്ന ഒന്നല്ല എന്നാണ് സൂചനകള്‍. കോബ്രാ പോസ്റ്റും ഗുലയ്‌ലുമാണ് ഈ ഫോണ്‍ ചോര്‍ത്തലുമായി രംഗത്തെത്തിയതെങ്കിലും തെഹല്‍ക്ക അത് ഏറ്റുപിടിക്കുന്നതില്‍ ഒട്ടും പിറകിലായിരുന്നില്ല. ഈ ആരോപണത്തിന്റെ പൊതുജനമറിയാത്ത എന്തോ ചിലത് കൂടി ഇനിയും പുറത്തു വരാനുണ്ടെന്ന സൂചനകളും ഈ വാര്‍ത്തകളോടൊപ്പമുണ്ടായിരുന്നു. കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ വേട്ടയാടിയ പ്രദീപ് ശര്‍മ എന്ന പോലീസ് ഉദ്യോഗസ്ഥനും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയേക്കും. പക്ഷേ എല്ലാം കളഞ്ഞു കുളിച്ചത് തരുണ്‍ തേജ്പാല്‍ എന്ന ഒറ്റ വ്യക്തിയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കതീതമായി ജനപക്ഷത്തു നിന്നും ഇത്തരം വിഷയങ്ങളെ സമീപിക്കാറുള്ള തെഹല്‍ക്കക്ക് ഇതിനേക്കാള്‍ മികച്ച ഒരവസരം കിട്ടുമായിരുന്നില്ല. പക്ഷേ തരുണ്‍ തേജ്പാല്‍ വിഷയത്തില്‍ മാഗസിന്‍ സ്വീകരിച്ച ഇരട്ടത്താപ്പ് അവരുടെ വിശ്വാസ്യതക്കു മങ്ങലേല്‍പ്പിക്കുകയാണ് ചെയ്തത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/71-74
എ.വൈ.ആര്‍