Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 06

സംഘടനകള്‍ ജനിക്കുന്നത് എങ്ങനെ?

ഇ.കെ.എം പന്നൂര്‍

മ്മുടെ ചര്‍ച്ചകളില്‍ സാധാരണ വരാറുള്ള പ്രയോഗമാണ് സംഘടനയുടെ അജണ്ടകള്‍ എന്നത്. ആദ്യം സംഘടനയുണ്ടാകുന്നു; പിന്നീട് അജണ്ടയും എന്നാണ് ഇത് അര്‍ഥമാക്കുന്നത്. ഇത് ശരിയല്ല. ആദ്യമുണ്ടാകുന്നത് അജണ്ടകളാണ്. അജണ്ടകള്‍ക്കു വേണ്ടിയുണ്ടാക്കുന്ന ചട്ടക്കൂടുകളാണ് സംഘടനകള്‍. സമൂഹത്തിന്റെ നിലവിലുള്ള അവസ്ഥയിലും വഴക്കങ്ങളിലും എല്ലാവരും സംതൃപ്തരാണെങ്കില്‍ സംഘടനകള്‍ ജനിക്കുകയില്ല. ശൂന്യതയെ സൂക്ഷിക്കാന്‍ ആരും പെട്ടിയുണ്ടാക്കുകയില്ലല്ലോ; പണമോ സ്വര്‍ണമോ ഉണ്ടെങ്കിലല്ലാതെ.
രണ്ടു തരത്തിലാണ് സംഘടനകള്‍ ജനിക്കുക. ഒന്ന്, നിലവിലുള്ള വ്യവസ്ഥിതിയോടുള്ള അതൃപ്തിയും ജനങ്ങളോടുള്ള ഗുണകാംക്ഷയും ശക്തമാകുമ്പോള്‍. രണ്ട്, അങ്ങനെ രൂപം കൊള്ളുന്ന സംഘടനയുടെ പ്രത്യുല്‍പന്നങ്ങള്‍ (രീൗിലേൃ ുൃീറൗരെേ) എന്ന നിലക്ക്. ഇത് മനസ്സിലാവാന്‍ കേരള ജംഇയ്യത്തുല്‍ ഉലമാ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, അഖിലേന്ത്യാ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം എന്നിവയുടെ ജന്മം പരിശോധിക്കാം.
മരിച്ചുപോയ മഹാത്മാക്കളോട് സഹായാര്‍ഥന നടത്തുകയും നേര്‍ച്ചയര്‍പ്പിക്കുകയും സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന, അനാചാരങ്ങള്‍ കട്ട പിടിച്ച, മുസ്‌ലിംകളുടെ മതപ്രമാണം ഖുര്‍ആനും നബിചര്യയുമാണെന്നറിയാത്ത സാമൂഹിക വ്യവസ്ഥയോട് ഒരു കൂട്ടം പണ്ഡിതന്മാര്‍ക്കുള്ള അതൃപ്തിയും ജനങ്ങള്‍ നന്മയിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടണം എന്ന ഗുണകാംക്ഷയുമാണ് കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന മുജാഹിദ് സംഘടനയുടെ ജനനത്തിനു കാരണം. അതിന്റെ ആശയത്തിലും പ്രവര്‍ത്തനങ്ങളിലും എതിര്‍പ്പുണ്ടായപ്പോള്‍ ഒരു പ്രതിരോധ സംഘടനയെന്ന നിലക്കാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപം കൊണ്ടത്. മരിച്ചവരിലൂടെ ലഭിക്കുമെന്ന് അവര്‍ കരുതുന്ന ഗുണങ്ങള്‍ മുജാഹിദാശയക്കാരുടെ (അന്ന് ആ പേരില്ല) സംഘടനാ പ്രവര്‍ത്തനം കൊണ്ട് സമൂഹത്തിന് നഷ്ടപ്പെടരുത് എന്നാണ് സമസ്ത ആഗ്രഹിച്ചത്. അവരെ സംബന്ധിച്ചേടത്തോളം അത് ജനങ്ങളോടുള്ള ഗുണകാംക്ഷയാണ്. രണ്ട് വ്യത്യസ്ത അജണ്ടകളുണ്ടായതും ശേഷം അതിന് ചട്ടക്കൂടുകളുണ്ടായതുമാണ് ഇവിടെ നാം കണ്ടത്.
കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയെ പരിശോധിക്കുമ്പോള്‍, അജണ്ടകള്‍ സംഘടനയാക്കുന്നത് വ്യക്തമായി മനസ്സിലാക്കാം. മണ്‍മറഞ്ഞ മഹാത്മാക്കളോടുള്ള സഹായാര്‍ഥന, തവസ്സുല്‍, നേര്‍ച്ച, സ്ത്രീ പള്ളിപ്രവേശം, ഖുത്വ്ബയുടെ ഭാഷ തുടങ്ങിയവയില്‍ മുജാഹിദുകളുടെ ആശയം പിന്തുടര്‍ന്നുപോരുന്നവരായിരുന്നു ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിലെ അംഗങ്ങള്‍. ഇസ്‌ലാമിന്റെ രാഷ്ട്രീയ വശത്തിന് ശക്തമായ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആദര്‍ശത്തോട് ആഭിമുഖ്യമുണ്ടായ കുറെയാളുകള്‍ക്ക് അത് കേരള മുസ്‌ലിംകളില്‍ പ്രബോധനം ചെയ്യണമെന്ന ആഗ്രഹമുണ്ടായി. അങ്ങനെയൊരജണ്ട നടപ്പാക്കാനുണ്ടായിരുന്നില്ലെങ്കില്‍ അവര്‍ മുജാഹിദുകളായി തുടരുമായിരുന്നു. ഇങ്ങനെ അജണ്ടകള്‍ നടപ്പാക്കാന്‍ രൂപം കൊടുക്കപ്പെട്ട സംഘടനകള്‍ക്ക് അതില്‍ നിന്ന് അപ്രസക്തമോ അപ്രായോഗികമോ ആയ അജണ്ടകള്‍ വെട്ടിക്കളയുകയോ പുതിയ അജണ്ടകള്‍ ചേര്‍ക്കുകയോ, നിലവിലുള്ളത് പരിഷ്‌കരിക്കുകയോ ഒക്കെ വേണ്ടിവരിക സ്വാഭാവികമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജന്മം. മൗദൂദി സാഹിബിന്റെ കൃതികളിലോ ഇതര ജമാഅത്ത് കൃതികളിലോ ജമാഅത്തിന്റെ ആനുകാലികങ്ങളിലോ ഒരു സെക്യുലര്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ രൂപീകരണം എന്ന അജണ്ടയില്ല. സാഹചര്യത്തിന്റെ സമ്മര്‍ദം അജണ്ടകളുടെ പരിഷ്‌കരണത്തിനും പുതിയ സൃഷ്ടിക്കും കാരണമാകുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.
മുഖ്യ അജണ്ടയില്‍ മുറുക്കിപ്പിടിച്ച് അപ്രസക്തമായത് വെട്ടിക്കളയുകയും പുതിയത് ചേര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യുന്നതിന് മുജാഹിദ് പ്രസ്ഥാനത്തില്‍ ഉദാഹരണങ്ങള്‍ കാണാം. പ്രാര്‍ഥന അല്ലാഹുവോടു മാത്രം, മണ്‍മറഞ്ഞവരോടുള്ള സഹായാര്‍ഥന പ്രാര്‍ഥനയാകയാല്‍ അത് ശിര്‍ക്കാണ് എന്നത് കെ.എന്‍.എമ്മിന്റെ ഒന്നാം അജണ്ടയാണ്. അത് എക്കാലത്തേക്കുമുള്ള അജണ്ടയാണ്. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള എഴുത്തോ പ്രഭാഷണമോ ഇന്ന് അതിന്റെ അജണ്ടയിലില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഈ അജണ്ട ഇന്ന് എല്ലാവരും നടപ്പിലാക്കി കഴിഞ്ഞു. പ്ലസ്ടു വരെ പഠിക്കാത്ത മുസ്‌ലിം പെണ്‍കുട്ടികള്‍ ചുരുക്കമാണ് എന്നിടത്തേക്കെത്തി ആ വിപ്ലവത്തിന്റെ വിജയം.
സ്ത്രീധന സമ്പ്രദായം ഒരു അര്‍ബുദമായി മാറിയപ്പോള്‍ സ്വന്തം അണികളില്‍ നിന്നുതന്നെ സംസ്‌കരണം നടത്തുകയാണ് കെ.എന്‍.എം ചെയ്തത്. ഇത് കാലം ആവശ്യപ്പെട്ട കൂട്ടിച്ചേര്‍ക്കലാണ്. സ്ത്രീധന രഹിത വിവാഹങ്ങളും ലളിത വിവാഹങ്ങളും നടത്തി മാതൃക കാണിച്ചു. പൂര്‍ണമായ വിജയം നേടി എന്നു പറഞ്ഞുകൂടാ. എങ്കിലും ഗണ്യമായ പുരോഗതി കൈവന്നു. എത്രത്തോളമെന്നാല്‍  'സ്ത്രീധനം അനിസ്‌ലാമികം, വാങ്ങരുത് പ്രോത്സാഹിപ്പിക്കരുത്' എന്ന മുദ്രാവാക്യത്തെ വാചികമായും ലിഖിതമായും എതിര്‍ത്ത സമസ്ത പണ്ഡിതന്മാര്‍ ഇന്ന് അതു മാറ്റി.
ഇപ്പോള്‍ എല്ലാ മുസ്‌ലിം സംഘടനകളുടെയും അജണ്ടയാവേണ്ട കാര്യമാണ് വിവാഹത്തിലെ ധൂര്‍ത്തിനെതിരെയുള്ള സമരം. സാമ്പത്തികാഭിവൃദ്ധി സൃഷ്ടിച്ച പൊങ്ങച്ച സംസ്‌കാരമാണ് ഈ ധൂര്‍ത്ത്. വിവാഹത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ ആധിക്യമല്ല ധൂര്‍ത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷണ ഇനങ്ങളുടെ എണ്ണം കണ്ടമാനം വര്‍ധിപ്പിച്ച് പാഴാക്കുക, മറ്റു അനാവശ്യ ആഡംബരങ്ങള്‍ക്കായി പണം ഇടിച്ചുതള്ളുക തുടങ്ങിയവയാണ് ധൂര്‍ത്ത്. ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും ഇത് കാണുന്നില്ല. ഈ വിഷയത്തില്‍ അവരില്‍ നിന്ന് പാഠമുള്‍ക്കൊള്ളാം.
മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സംഘടനയില്‍ അജണ്ടയാവാറുണ്ട്. വര്‍ഗീയതയും തീവ്രവാദവുമില്ലാത്ത മുസ്‌ലിം ലീഗ് എന്ന മതേതര പാര്‍ട്ടിയുണ്ടായിരിക്കെ ഒന്നുകില്‍ അതില്‍ ചേരുക, അതിന്റെ നയനിലപാടുകളോട് വിയോജിപ്പുണ്ടെങ്കില്‍ മറ്റു മതേതര പാര്‍ട്ടികളില്‍ ചേരുക എന്നല്ലാതെ ഓരോ മുസ്‌ലിം സംഘടനക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടി എന്നത് അഭിലഷണീയമല്ല.
മത സമൂഹങ്ങള്‍ക്കിടയിലും മുസ്‌ലിം സംഘടനകള്‍ക്കിടയിലും ആദര്‍ശപരമായ വ്യക്തിത്വവും വ്യതിരിക്തതയും നിലനിര്‍ത്തിക്കൊണ്ട് തന്നെ പൊതു വിഷയത്തില്‍ സഹകരിക്കുകയും ശാന്തമായ സാമൂഹികാന്തരീക്ഷം യാഥാര്‍ഥ്യമാക്കുകയും ചെയ്യാന്‍ പദ്ധതിയാവിഷ്‌കരിക്കല്‍ എല്ലാ മുസ്‌ലിം സംഘടനകളുടെയും അജണ്ടയാവണം. ആദര്‍ശവിഷയങ്ങളില്‍ എത്രമാത്രം സംവാദങ്ങള്‍ നടന്നാലും ഒരേ ഗ്രന്ഥത്തിലും ഒരേ പ്രവാചകനിലും വിശ്വസിക്കുകയും ഒരേ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുകയും ചെയ്യുന്നവര്‍ എന്ന നിലക്ക് എല്ലാവരും പരസ്പര ബഹുമാനം പുലര്‍ത്തി സാമൂഹിക ബാധ്യത (ഹഖുല്‍ മുസ്‌ലിം) പുലര്‍ത്തണം.
ആരാധനാലയങ്ങളുടെയും മതവിദ്യാ കേന്ദ്രങ്ങളുടെയും വര്‍ധനവ് നന്മയുടെ വര്‍ധനവുണ്ടാക്കി എന്ന് മുസ്‌ലിംകള്‍ ജീവിതം കൊണ്ട് അന്യരെ ബോധ്യപ്പെടുത്തണം. സാമ്പത്തിക പുരോഗതിയും ഭൗതിക വിദ്യാഭ്യാസ പുരോഗതിയും ആത്മീയമായ അധോഗതി സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. അതിലാണ് ഇസ്‌ലാമിന്റെ പ്രതാപം. മുസ്‌ലിംകളെ ഉന്നത മേഖലകളിലെത്തിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കണം. മദ്‌റസകളുടെ ഉപയോഗം രണ്ടോ രണ്ടരയോ മണിക്കൂര്‍ മതപഠനത്തില്‍ പരിമിതമാക്കരുത്. ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ദരിദ്ര-ഇടത്തരം വിഭാഗങ്ങളെ പുതിയ വിജ്ഞാന ശാഖകളുമായി ബന്ധപ്പെടുത്താന്‍ മദ്‌റസകളില്‍ സംവിധാനമുണ്ടാക്കാവുന്നതാണ്. അതോടൊപ്പം പൗരന്മാര്‍ക്ക് രാഷ്ട്രത്തോടുള്ള ബാധ്യതാ ബോധം സൃഷ്ടിക്കുകയും വേണം. ഇന്ന് അവകാശബോധമാണ് എല്ലാവര്‍ക്കുമുള്ളത്. പൊതുമുതല്‍ നശിപ്പിക്കുന്ന സമരമുറ ബാധ്യതാ ബോധത്തിന്റെ അഭാവം കൊണ്ടുണ്ടായതാണ്. ഇത് തടയുകയെന്നത് മത സംഘടനകളുടെ അജണ്ടയാക്കേണ്ടതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/71-74
എ.വൈ.ആര്‍