Prabodhanm Weekly

Pages

Search

2013 നവംബര്‍ 22

സ്‌നേഹം

അബൂബക്കര്‍ അരിപ്ര / കഥ

''ആണുങ്ങളായാല്‍ അല്‍പം ആണത്തമൊക്കെ വേണം, ഇങ്ങനെ കിടന്നുറങ്ങി നേരം പോക്കും. ആ ചുമരൊക്കെ ആര് നനക്കും ന്ന് വിചാരിച്ചാ ഈ കിടത്തം? ..ഹും.''
കുടുംബനാഥയാണ്. കുടുംബനാഥനോട് അവള്‍ക്കുള്ള എല്ലാ സ്വാതന്ത്ര്യവും എടുത്തുകൊണ്ടാണ് ചോദ്യം. കാര്യം നിങ്ങള്‍ക്ക് മനസ്സിലായിക്കാണും.. വീടിന്റെ മുകള്‍ഭാഗം സിമന്റ് തേപ്പെല്ലാം കഴിഞ്ഞിരിക്കുന്നു. നനക്കണം. കുടുംബനാഥനെന്ന് പറയുന്നയാള്‍ ഉറക്കിലാണ്. അതെങ്ങനെ ശരിയാകും? അതും ഈ നാലു മണി നേരത്ത്, സഹധര്‍മിണി കുഞ്ഞോമനയുടെ വികൃതികളില്‍ പെട്ട് ഉറങ്ങാനാകാതെ അല്ലറ ചില്ലറ അടുക്കള പ്രശ്‌നങ്ങളില്‍ മുഴുകിയിരിക്കെ? അല്‍പം അസൂയയും കുറുമ്പുമൊക്കെയുള്ളവളാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ തോന്നിക്കാണും. മറിച്ചൊന്ന് ചിന്തിച്ച് നോക്കിയേ.. ഈ പെണ്ണുങ്ങളൊക്കെ നേരം വെളുത്ത് വൈകുവോളം നിരന്തരം ജോലിയിലല്ലേ? എപ്പോഴാ അവര്‍ക്ക് ഉറങ്ങാനൊരു സമയം കിട്ടുന്നേ? എപ്പോഴും ജോലി തന്നെ. പിന്നെയുള്ളത് ഇതുപോലുള്ള ദിനങ്ങളാണ്. അന്ന് ആണ്‍പെറന്നോന്‍ വീട്ടില്‍ കൂട്ടിനുണ്ടാകുമെന്നും കടം വീട്ടാനെന്ന വണ്ണം കൈയയച്ച് സഹായിക്കുമെന്നുമെല്ലാമാണ് പ്രതീക്ഷ. ആ പ്രതീക്ഷ സുന്ദരമായ കട്ടിലില്‍ മൃദു മെത്തയില്‍ നിദ്രാരൂപം പൂണ്ട് കിടക്കുന്നത് കാണുമ്പോള്‍ ഏത് പെണ്ണിനാ ദേഷ്യം വരാതിരിക്ക്വാ? പിന്നെയുള്ളത് ഇത്തരം മെത്തകളും കട്ടിലുകളുമൊക്കെ വാങ്ങിക്കാന്‍ വാശിപിടിച്ച കാര്യം... അത് വരാന്‍ പോകുന്ന ദുരന്തം മുന്‍കൂട്ടിക്കാണാന്‍ കഴിയുന്ന ആരെങ്കിലും ഈ ലോകത്തുണ്ടോ? ഇല്ലെന്നല്ലേ വാസ്തവം?
ഞാനിതാ എഴുന്നേറ്റേ എന്നും പറഞ്ഞ് പ്രിയതമന്‍ മറുഭാഗത്തേക്ക് തിരിഞ്ഞു കിടന്നു. ദേഷ്യം കൂടുമോ കുറയുമോ? അതെ കൂടും. അതുതന്നെയാ പ്രശ്‌നം. പക്ഷേ ഒന്നുണ്ട്. ഈ പ്രിയതമന്റെ ഭാഗവും നമ്മളൊന്ന് ആലോചിക്കേണ്ട? അയാള്‍ക്കറിയാത്തതല്ലല്ലോ മുകള്‍ നിലയുടെ പണിയെക്കുറിച്ചും ചുമരിനെക്കുറിച്ചും... മുകള്‍ നില പണിയിക്കണമെന്ന് കെട്ട്യോള് നിര്‍ബന്ധിക്കാന്‍ തുടങ്ങിയ അന്നേ മനസ്സിലാകെ അങ്കലാപ്പ്. എന്താന്നല്ലേ. വീട് പണി എന്ന് കേട്ടാല്‍ തന്നെ വിശദീകരണമാവശ്യമില്ലാത്തവിധം കാര്യം സുവ്യക്തമായില്ലേ?
സാമ്പത്തികത്തില്‍ പിശുക്ക് കലര്‍ത്തിയ കുടുംബനാഥനെ സംബന്ധിച്ചേടത്തോളം പ്രശ്‌നം പ്രശ്‌നം തന്നെയല്ലേ? ലേണെടുക്കാന്‍ ടിയാന് ആഗ്രഹമേതുമില്ല. അതിനാല്‍ തന്നെ നല്ല പാതിയുടെ ആഗ്രഹ സാഫല്യത്തിന് രണ്ടാണ്ട് ദൈര്‍ഘ്യം വന്ന് പോയി. മാത്രമല്ല, അധ്വാനത്തിന്റെ വില ഇപ്പോള്‍ പഴയ പോലെയല്ല എന്നതിനാല്‍ കുറഞ്ഞ അധ്വാനം മാത്രം കൊടുക്കാനാണ് ഭാവമെങ്കില്‍ ലോണില്‍ കെട്ടിപ്പിണയേണ്ടിവരും, കട്ടായം! ആയതിനാല്‍ ഭര്‍തൃ സമ്പത്ത് വിനിമയത്തില്‍ അതീവ ശ്രദ്ധ പതിപ്പിക്കുന്ന ഭാര്യ കൂടുതല്‍ അധ്വാനവിഹിതം വീട്ടില്‍ ഇറക്കാന്‍ സമ്മര്‍ദം ചെലുത്തി. അങ്ങനെ ഒരുവിധം പരുവപ്പെട്ടതിനാലാണ് ക്ഷീണിതനെങ്കിലും 'ഇതാ വരുന്നേ' എന്ന വിനീത ശബ്ദം തന്നെ ആ പുരുഷ കേസരിയുടെ വായില്‍ നിന്ന് നിര്‍ഗളിച്ചത്.
'ഇതാ വരുന്നേന്നും പറഞ്ഞ് തിരിഞ്ഞ് കിടന്നാ കാര്യം നടക്ക്വോ മനുഷ്യാ... എഴുന്നേല്‍ക്കാന്‍... ഞാനുണ്ടല്ലോ നിങ്ങളെ...' അര്‍ധവിരാമമാണ്. അഥവാ സംഗതി അടിയന്തര പ്രതികരണമര്‍ഹിക്കുന്നുവെന്ന് സാരം.
'നീയൊന്ന് ക്ഷമിക്ക്ന്ന്. ഈ ക്ഷീണമൊന്ന് മാറിക്കോട്ടെ. ഇതാ എഴുന്നേല്‍ക്ക്ണ്..'
അതെ അതാണ് പ്രശ്‌നം. അതിയാന്‍ ക്ഷീണിതനാണ്. രണ്ടു ദിവസമായി കുറച്ച് ദൂരെ ഒരു യാത്രയില്‍. ആ ഭാര്യാക്ഷേപ മുക്തി സൗഭാഗ്യം ഇന്ന് രാവിലെയങ്ങ് തീര്‍ന്നതേയുള്ളൂ. വന്നയുടന്‍ നല്ലപാതി ഒരുക്കിയ പ്രാതല്‍ കഴിച്ചു. കൈ കഴുകും മുമ്പ് പുഞ്ചിരിയും വിനയവും സമം കലര്‍ത്തിയ ഒരു മധുര യാചനയും.
'ദിവസോം ഞാന്‍ തന്നെയാ ആ ചൊമരൊക്കെ നനച്ചിരുന്നെ... നിങ്ങള് വന്നതല്ലേ. അതൊന്ന് നനക്ക്വോ..'
എത്ര വിനീതം, സ്‌നേഹമസൃണം. ഏത് പുരുഷനും മയങ്ങിവീഴില്ലേ? അങ്ങനെ ചുവരെല്ലാം നനച്ച്, പരിസരത്ത് വീണുകിടന്ന മരക്കഷ്ണങ്ങളെല്ലാം പെറുക്കിയെടുത്ത് ദൂരെക്കളഞ്ഞ് ആകെ വൃത്തികേടായി കിടന്ന പരിസരത്തെ ശുചീകരണ യജ്ഞം പൂര്‍ത്തിയാക്കി ഉച്ച ഭക്ഷണവും കഴിച്ചൊന്ന് കിടന്നു. കിടന്ന പാടെ ഉറങ്ങിപ്പോയി. യാത്രാ, ജോലി ക്ഷീണങ്ങള്‍ ചേര്‍ന്ന് ഉറക്കിക്കളഞ്ഞു എന്ന് പറയുന്നതാകും ശരി. മാത്രവുമല്ല ഈ ജോലിക്കിടയില്‍ പറ്റിയ ചെറിയൊരബദ്ധവുമുണ്ട്. അവളറിഞ്ഞാ പ്രശ്‌നമാ... അവള്‍ പറയും, 'ഇത്രേം ദിവസം ഞാനാ പണി ചെയ്തിട്ട് എനിക്കൊന്നും പറ്റീല... നിങ്ങള് പണിചെയ്യാതിരിക്കാന്‍ മനഃപൂര്‍വം ചെയ്ത പണിയാ..' എന്തിന് വയ്യാവേലി? സഹിക്കുക തന്നെ.
എന്താ കാര്യംന്ന് മനസ്സിലായോ? ഈ കുടുംബനാഥന്‍ ആളു നിസ്സാരനല്ല. സമൂഹ മനസ്സാക്ഷി ഉണര്‍ത്താന്‍ നിരന്തരം പാടുപെടുന്നയാള്‍.. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ, അരുതായ്മകള്‍ക്കും നെറികേടുകള്‍ക്കുമെതിരെ അതിശക്തമായിത്തന്നെ പ്രതികരിക്കുന്നയാള്‍ തന്റെ സഹധര്‍മിണിയുടെ മുന്നിലല്ലാതെ പരാജയപ്പെട്ട ചരിത്രവുമില്ല. പക്ഷേ, ഇപ്പോള്‍ സംഭവിച്ചതോ? വലിയ പ്രതിസന്ധിതന്നെ. നീട്ടി വലിക്കാതെ കാര്യത്തിലേക്ക് കടക്കാം.
രാവിലെത്തെ സേവന പര്‍വത്തിനിടയില്‍ സംഭവിച്ചതാണ്. സമൂഹത്തിലെ തിന്മകള്‍ക്കും അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കും അന്യായങ്ങള്‍ക്കും ആഭാസങ്ങള്‍ക്കുമെല്ലാമെതിരെ, അധികാരി വര്‍ഗത്തിനു നേരെ അതിശക്തമായി ചൂണ്ടിയിരുന്ന സ്വന്തം ചൂണ്ടുവിരല്‍ നിസ്സാരമായൊരു കല്ലിനടിയില്‍ പെട്ടുപോയി അല്‍പം രക്തദാനം നടത്തേണ്ടിവന്നു; അത്ര തന്നെ. പക്ഷേ, അതിന്റെ നോവും വേവും ആരോട് പറയാന്‍? പറഞ്ഞാലോ...?
സമാധാനമാണ് ഭാര്യ. ശാന്തിയും സ്‌നേഹവുമാണ് ഭാര്യ. ഭാര്യയില്ലെങ്കില്‍? ജീവിതമില്ല. ഒന്നുമില്ല. ഇതെല്ലാമാണെങ്കിലും ചിലപ്പോള്‍ അശാന്തിയും അസമാധാനവും ആവാറുണ്ടോ? ഒരുപാട് ഭര്‍ത്താക്കന്മാര്‍ തന്നെപ്പോലെ തുല്യ ദുഃഖിതരായുണ്ട് എന്നതാണ് നമ്മുടെ കുടുംബനാഥന്റെ സമാധാനം. അങ്ങനെയത്രെ പലരും. സ്വന്തം സുഖ-ദുഃഖങ്ങള്‍ അളക്കാന്‍ മറ്റുള്ളവരെ അളക്കും. അന്യരുടെ ദുഃഖം സ്വന്തം സുഖവും, അവരുടെ സുഖം സ്വന്തം ദുഃഖവുമാക്കുന്നവര്‍. അന്യരുടെ ദുഃഖത്തില്‍ സ്വന്തം ദുഃഖം മറക്കുന്നവര്‍, അന്യരുടെ സുഖത്തില്‍ സ്വന്തം ദുഃഖം വര്‍ധിക്കുന്നവര്‍... അങ്ങനെയങ്ങനെ..
എന്തായിരിക്കാം അവള്‍ ഇത്ര ധൈര്യത്തോടെ തന്നെ അടക്കി ഭരിക്കുന്നത്? അതല്ല ഭരിക്കപ്പെടുന്നുവെന്നത് തന്റെ വെറും തോന്നലുകളാണോ? അവളുടെ വാക്കുകള്‍ക്ക് എതിരു നില്‍ക്കാന്‍ തനിക്ക് കഴിയാത്തത് എന്തുകൊണ്ടാകാം? അല്ലെങ്കിലും തനിക്ക് അവളെ ശാസിക്കാനും തിരുത്താനും അവകാശമുള്ളതുപോലെ അവള്‍ക്ക് തന്നെയും ശാസിക്കാനും തിരുത്താനും അവകാശമില്ലേ? സ്‌നേഹിക്കുന്നവര്‍ക്ക് ശാസിക്കാനും ശിക്ഷിക്കാനും അവകാശമുണ്ടെന്നല്ലേ വിദഗ്ധ മതം? അത് പെണ്ണായാല്‍ നിഷേധിക്കപ്പെടേണ്ടതാണോ? യഥാര്‍ഥത്തില്‍ അവള്‍ തന്നെയല്ലേ തന്നെ രൂപപ്പെടുത്തേണ്ടത്? അതിനു സഹന സമരം മാത്രമേ പാടുള്ളൂ എന്നുണ്ടോ?
ധാരാളം പെണ്ണുങ്ങള്‍ക്ക് തങ്ങളുടെ നല്ല പാതിയെ തിരുത്തുന്നതിന് പകരം, സഹനത്തിന്റെയും ക്ഷമയുടെയും ആള്‍രൂപങ്ങളായി, കണ്ണീരുല്‍പാദന യന്ത്രങ്ങളായി രൂപപ്പെടേണ്ടിവരുന്നതെന്തു കൊണ്ടാകാം? ആണ്‍ എന്ന് പറയുന്നവന്‍ അസഹിഷ്ണുതയുടെയും അക്ഷമയുടെയും കരിമ്പടം എടുത്തണിയുന്നതിനാലാവുമോ? പരസ്പരം സ്‌നേഹമുള്ളവര്‍ എല്ലായ്‌പ്പോഴും പുഞ്ചിരിച്ചു കൊണ്ട് മാത്രമേ കാണാവൂ എന്നുണ്ടോ? അവര്‍ ഒന്നു പരസ്പരം ദേഷ്യപ്പെട്ടാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? ബോധമുണ്ടാകുമ്പോള്‍ പശ്ചാത്തപിക്കാനും വിട്ടുവീഴ്ചക്കും തയാറായാല്‍ സ്‌നേഹം കൂടുകയല്ലേ ചെയ്യുക? വിട്ടുവീഴ്ച പെണ്ണുങ്ങള്‍ മാത്രം ചെയ്യേണ്ടതാണോ?
കൂടുതല്‍ കലുഷിതമായ അന്തരീക്ഷം കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമത്രെ! ആയതിനാല്‍ ഉന്നതമായ, ഇത്തരം പെണ്‍ പക്ഷ ചിന്തകളോടെ മാതൃകാ പുരുഷന്‍ തന്റെ പ്രിയതമയുടെ കല്‍പനകള്‍ ബക്കറ്റ്, കപ്പ് എന്നിതുകള്‍ കൈകളിലേന്തി കോണിപ്പടികള്‍ കയറി. മുകളില്‍ ചാരിവെച്ച താല്‍ക്കാലിക ഗോവണിയില്‍ വലിഞ്ഞുകയറി....
അയാളുടെ വിശാലതയുള്ള ആ വലിയ മനസ്സ് ഉള്‍ക്കൊള്ളാനാകാതെ ഗോവണിയുടെ അഴികള്‍ വിനയാന്വിതമായി. അയാള്‍ വീടിന്റെ മേല്‍ ഭാഗം നിരീക്ഷിക്കാനെന്ന വണ്ണം മലര്‍ന്നു കിടന്നു.
മുകളില്‍ കറങ്ങുന്ന ഫാന്‍ ആശുപത്രിയിലേതാണെന്ന് മനസ്സിലായത് ഗ്ലൂക്കോസിന്റെ ബോട്ടില്‍ കണ്ടപ്പോഴാണ്. തൊട്ടടുത്തിരുന്ന് കരയുന്ന പ്രിയപ്പെട്ടവളുടെ കരങ്ങള്‍ മുടിയിഴകളിലൂടെ രോമകൂപങ്ങള്‍ക്ക് യഥാര്‍ഥ സ്‌നേഹം പകര്‍ന്ന് നല്‍കി പതിയെ നിരങ്ങി നീങ്ങിയപ്പോള്‍ കഴിഞ്ഞതെല്ലാം മനോമുകുരത്തില്‍ തെളിഞ്ഞു. യഥാര്‍ഥ സ്‌നേഹം എന്താണെന്ന് അയാളുടെ മസ്തിഷ്‌കത്തില്‍ ആ കരങ്ങള്‍ വരച്ചിടുകയായിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/60-65
എ.വൈ.ആര്‍