Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

ഫേസ്ബുക്കിലെ മുസ്‌ലിം രാഷ്ട്രീയം

സാബിര്‍ കോട്ടപ്പുറം / പ്രതികരണം

തവുമായി ഏറ്റവുമധികം ഇഴുകി ചേര്‍ന്ന് ജീവിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ 'മുസ്‌ലിം വിഷയങ്ങള്‍' എപ്പോഴും ചൂടുള്ള ചര്‍ച്ച തന്നെയാണ്. അജണ്ടകള്‍ നിശ്ചയിക്കപ്പെട്ടു സൃഷ്ടിക്കപ്പെടുന്ന പല ചര്‍ച്ചകള്‍ക്കും ചൂട് കൂട്ടാന്‍ അറിഞ്ഞോ അറിയാതെയോ മുസ്‌ലിം സമൂഹവും പങ്കാളികളാവാറുണ്ട്. ഇതിന്റെ അനന്ത  സാധ്യതകള്‍ കണ്ടു കൊണ്ട് തന്നെ ഇറക്കപ്പെട്ട ഇസ്‌ലാം വിരുദ്ധ പുസ്തകങ്ങളും സിനിമകളും ചിന്തകളും നല്ല വിപണി നേടി. മുസ്‌ലിംകളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിനെക്കുറിച്ചും അത് തെരഞ്ഞെടുപ്പില്‍ നേട്ടമാക്കി മാറ്റുന്നതിനെക്കുറിച്ചും ശ്രീമതി ഇന്ദിരാഗാന്ധിയോട് ചോദിച്ചപ്പോള്‍ എന്ത് പ്രശ്‌നം പരിഹരിച്ചാലും, ഒരു തെരഞ്ഞെടുപ്പിന്റെ തലേന്ന് വരുന്ന വിഷയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുസ്‌ലിം സമുദായം പെരുമാറുക എന്ന് പറഞ്ഞതായി ഒരു കഥയുണ്ട്. ഇത് സത്യമായാലും അല്ലെങ്കിലും, മുസ്‌ലിം സമുദായത്തെ സംബന്ധിച്ച ഒരു നല്ല നിരീക്ഷണമാണ്.
മുസ്‌ലിം വൈകാരികത എങ്ങനെയൊക്കെ മുതലെടുക്കാം എന്ന് ഭരണകൂടങ്ങളും, എങ്ങനെ മാര്‍ക്കറ്റു ചെയ്യാം എന്ന് വിപണിയും പുതിയ പരീക്ഷണങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുന്ന കാലമാണിത്. സോഷ്യല്‍ മീഡിയയും ഇതില്‍നിന്ന് ഭിന്നമല്ല. മുസ്‌ലിം വൈകാരികതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ലൈകും കമന്റും ചര്‍ച്ചയും കൊണ്ട് നിറയുന്നത്. പര്‍ദയും ഹിജാബും പതിനാറു വയസ്സും നിറഞ്ഞുനില്‍ക്കുന്നതിന്റെ നാലിലൊന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിം സമൂഹം നേരിടുന്ന അനേകം പ്രശ്ങ്ങളെക്കുറിച്ച ചര്‍ച്ച ഉണ്ടാവുന്നില്ല. മുസ്‌ലിം നാമധാരിയുടെ  ശൈശവ വിവാഹം വന്‍പ്രചാരം നേടുകയും ആലപ്പുഴയിലെയും, ഇടുക്കിയിലെയും അമുസ്‌ലിംകള്‍ക്കിടയിലെ ശൈശവവിവാഹം ചര്‍ച്ചയാവാതിരിക്കുകയും ചെയ്യുന്നു.
മുസ്‌ലിം വിഷയങ്ങളില്‍ രണ്ടു വിഭാഗം ആള്‍ക്കാരെയാണ് ഫേസ്ബുക്കിലെ ചര്‍ച്ചകളില്‍ പ്രധാനമായും കാണുന്നത്. ഒന്ന് മുസ്‌ലിം എന്ന് കേട്ടാല്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം പോലും നേരാംവണ്ണം മനസ്സിലാക്കാതെ തെറിവിളി തുടങ്ങുന്നവര്‍. അന്ധമായ മുസ്‌ലിം വിരോധവുമായി നടക്കുന്നവര്‍ക്ക്, സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയോ മുസ്‌ലിം സമുദായത്തിന്റെ വിവിധ പ്രശ്‌നങ്ങളുടെ പരിഹാരമോ ഒന്നുമല്ല വിഷയം. മാപ്പിളമാരെ നാല് തെറി വിളിച്ചാല്‍ കിട്ടുന്ന ആത്മസുഖം, അത് മാത്രം. മുസ്‌ലിം എന്ന് കേട്ടാല്‍ തന്നെ അതുമായി ബന്ധപ്പെട്ട എന്തിനെയും പിന്തുണച്ച് അന്ധമായ മുസ്‌ലിം സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം എന്ത് എന്നത് മേല്‍ പറഞ്ഞവര്‍ക്കെന്നപോലെ  ഇക്കൂട്ടര്‍ക്കും പ്രശ്‌നമല്ല . അത് സമുദായത്തെ എത്രമാത്രം ബാധിക്കുന്നു എന്നോ, പലരും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി പടച്ചു വിടുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ട ആവശ്യമുണ്ടോ എന്നു പോലും ചിന്തിക്കാതെ, തെറിവിളിക്കുന്നവര്‍ക്ക് മറുതെറി വിളിച്ചുനടക്കുന്നവര്‍. ഈ രണ്ട് കൂട്ടര്‍ക്കുമിടയില്‍ മുസ്‌ലിം സമുദായത്തിന്റെ പുരോഗതി ലക്ഷ്യംവെച്ച് സദുദ്ദേശത്തോടെ ചര്‍ച്ച നടത്തുന്ന അമുസ്‌ലിം-മുസ്‌ലിം സുഹൃത്തുക്കളുടെ ശബ്ദങ്ങള്‍ക്ക് മേല്‍ക്കോയ്മ കിട്ടാതെ പോകുന്നു.
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മഹാകവി കുമാരനാശാന്‍ രചിച്ച ദുരവസ്ഥ എന്ന കാവ്യം മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ ചോര ചിന്തുന്നു എന്ന രീതിയിലായിരുന്നു എഴുതപ്പെട്ടത്. അത് അക്കാലത്തെ മുസ്‌ലിംകള്‍ക്ക് വളരെ മനഃപ്രയാസം ഉണ്ടാക്കുകയും ചെയ്തു. അന്ന് തിരുവനന്തപുരത്ത് മുസ്‌ലിം ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന കെ.എം സീതി സാഹിബിന്റെ നേതൃത്വത്തില്‍ ഹോസ്റ്റലില്‍വെച്ചു മുസ്‌ലിം വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും സംഘടിപ്പിച്ച് ഈ കാവ്യത്തെ കുറിച്ചൊരു ചര്‍ച്ച സംഘടിപ്പിക്കുകയും, അതില്‍ അതിഥികളായി കുമാരനാശാന്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി പോലുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്തു. ഗഹനവും വിജ്ഞാനപ്രദവുമായ ചര്‍ച്ചക്കൊടുവില്‍ കുമാരനശാനുണ്ടായ തെറ്റിദ്ധാരണകള്‍ തിരുത്തപ്പെടുകയും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് അവിടെ ഉണ്ടായിരുന്നവരോട് അദ്ദേഹം നന്ദി പറയുകയും മാറ്റങ്ങളോടെ ദുരവസ്ഥ പുനഃപ്രകാശനം ചെയ്യാം എന്ന് മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് വാക്ക് കൊടുക്കുകയും ചെയ്തു. പക്ഷേ ഈ വാക്ക് പാലിക്കുന്നതിന് മുമ്പ് ബോട്ടപകടത്തില്‍ അദ്ദേഹം മരണപ്പെടുകയാണുണ്ടായത്. ഈ ചരിത്രം വലിയ പാഠം നല്‍കുന്നുണ്ട് .
വ്യത്യസ്ത സംസ്‌കാരങ്ങളും വീക്ഷണങ്ങളുമുള്ള ജനവിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുമ്പോള്‍ തെറ്റുകളും തെറ്റിദ്ധാരണകളും ഉണ്ടാവുക സ്വാഭാവികമാണ്. അതിനെ മാന്യമായ ചര്‍ച്ചകളിലൂടെ അറിയുകയും അറിയിക്കുകയുമാണ് വേണ്ടത്. വിഷയം എന്തായാലും, ശ്രീ നാരയണ ഗുരു പറഞ്ഞ പോലെ, വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും ആകട്ടെ ഓരോ ചര്‍ച്ചയും.  
വൈകാരിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാറി അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ചര്‍ച്ചയെ കൊണ്ടുവരാന്‍ സോഷ്യല്‍ മീഡിയയില്‍ ലൈവായ മുസ്‌ലിം ചെറുപ്പക്കാര്‍ രംഗത്ത് വരണം. ഫോട്ടോ ഷെയറിംഗിനും, ടിന്റുമോന്‍ കഥകള്‍ക്കുമപ്പുറം സോഷ്യല്‍ മീഡിയ വലിയ അവസരമാണ് നല്‍കുന്നത്. അറിവ്  നേടാനും വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സത്യസന്ധമായി സംവദിക്കാനുമുള്ള അവസരം. 'ശബ്ദമില്ലാത്തവന്റെ ശബ്ദം' ആയിത്തീരാന്‍ ഓരോ വ്യക്തിക്കും അത് സ്വാതന്ത്ര്യം നല്‍കുന്നു . മാധ്യമ -ഭരണകൂട അജണ്ടകളില്‍ തങ്ങളുടെ ശബ്ദം കേള്‍ക്കാതെ പോകുന്നു എന്ന മുസ്‌ലിം സമൂഹത്തിന്റെ പരാതിയെ മറികടക്കാന്‍, ഒരു പരിധി വരെയെങ്കിലും സത്യത്തെ തുറന്നുകാണിക്കാന്‍ കിട്ടുന്ന ഈ അവസരം ക്രിയാത്മകമായി ഉപയോഗിക്കാവുന്നതാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മുസ്‌ലിം വിഷയങ്ങളെ അവഗണിക്കുന്നെന്നും മുന്‍ധാരണകളോട് കൂടി കാര്യങ്ങള്‍ കാണുന്നെന്നുമുള്ള പരാതി പറഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍, ക്രിയാത്മകമായി മുസ്‌ലിം സമൂഹത്തിന്റെ കാര്യങ്ങള്‍ പൊതുമധ്യത്തില്‍ എത്തിക്കുന്നതിന് വിദ്യാസമ്പന്നരായ മുസ്‌ലിം ചെറുപ്പക്കാര്‍ തുടക്കം കുറിക്കേണ്ടതുണ്ട്.
 
sabiv007@gmail.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍