Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

അവരുടെ ലക്ഷ്യം 'പെര്‍മിസീവ്' സൊസൈറ്റി

പ്രഫ. കെ. മുഹമ്മദ്, മോങ്ങം / ചിന്താവിഷയം

നുഷ്യസമൂഹത്തിന്റെ നിയന്ത്രണവും അതിന്റെ മേലുള്ള ആധിപത്യവും കൈക്കലാക്കാനും നിലനിര്‍ത്താനുമാണ് എക്കാലത്തും യുദ്ധങ്ങളും സമരങ്ങളും നടന്നിട്ടുള്ളത്. സമൂഹത്തെ തങ്ങളുടെ ചൊല്‍പ്പടിക്ക് കീഴില്‍ കൊണ്ട് വരാന്‍ വേണ്ടി മനുഷ്യഹത്യ നടത്താനും അക്രമം അഴിച്ച് വിടാനും മടിക്കാത്ത ഒരു വിഭാഗം എന്നും നിലനിന്നിട്ടുണ്ട്. കാലദേശ വ്യത്യാസമനുസരിച്ച് ഈ വിഭാഗം പല പേരുകളിലും രൂപങ്ങളിലും പ്രത്യക്ഷപ്പെടും. തോന്നിയത് പോലെ ജീവിക്കാനും ധര്‍മാധര്‍മ വിവേചനമോ അതിര്‍വരമ്പുകളോ ഇല്ലാതെ ജീവിക്കാനും മനുഷ്യന്റെ മേല്‍ ആധിപത്യം ചെലുത്തി വാഴാനും എന്നും അത്തരക്കാര്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കും. നമുക്കവരെ തിന്മയുടെ ശക്തികളെന്നോ ഇരുട്ടിന്റെ ശക്തികളെന്നോ വിളിക്കാം. അവര്‍ ആ പേരുകളിലൊന്നും അറിയപ്പെടാന്‍ ആഗ്രഹിക്കുകയില്ല. ലോകത്ത് കഴിഞ്ഞുപോയ പ്രവാചകന്മാരും പരിഷ്‌കര്‍ത്താക്കളും മനുഷ്യരില്‍ നന്മയുടെയും ധര്‍മത്തിന്റെയും മൂല്യങ്ങളും വ്യവസ്ഥകളും സ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അവര്‍ക്കെതിരെ രംഗത്ത്‌വന്ന് വിഘ്‌നം സൃഷ്ടിക്കുന്നത് ഈ ശക്തികളാണ്. തോന്നിയത് പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്ന് ഭയന്ന് നന്മയെ തല്ലിക്കെടുത്തുന്നവരാണവര്‍. നാടിന്റെ നായകത്വം തങ്ങള്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതാണെന്നും ധര്‍മവും സത്യവും നീതിയും പ്രചരിപ്പിക്കുന്നവരും അതിനുവേണ്ടി ത്യാഗം സഹിച്ച് പണിയെടുക്കുന്നവരുമൊക്കെ പിന്തിരിപ്പന്മാരും രാജ്യദ്രോഹികളും മതഭ്രാന്തന്മാരുമാണെന്നും ജല്‍പ്പിച്ച് ജനങ്ങളില്‍ പുകമറ സൃഷ്ടിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കും. എല്ലാ പ്രവാചകന്മാരുടെ കാലഘട്ടങ്ങളിലും ഇത്തരക്കാര്‍ രംഗത്തിറങ്ങി ജനങ്ങളെ പാട്ടിലാക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
രാജാക്കന്മാരുടെയും ഏകാധിപതികളുടെയും സര്‍വാധിപതികളുടെയും ഭരണത്തില്‍ അവരുടെ ശിങ്കിടികളും മുഖസ്തുതിക്കാരുമായി അവിഹിത സമ്പാദ്യങ്ങളും ജീവിത മാര്‍ഗങ്ങളും നേടുന്നവര്‍. ഏകാധിപത്യത്തിന്നെതിരെ ശബ്ദിച്ചേക്കാമെങ്കിലും തങ്ങള്‍ക്ക് ഭരണമോ നിയന്ത്രണാധികാരമോ കിട്ടിയില്ലെങ്കില്‍ ഏത് ഏകാധിപതിയെയും താങ്ങിനിര്‍ത്താന്‍ മടികാണിക്കാത്തവര്‍. ഏകാധിപത്യത്തിന്നെതിരെ മുദ്രാവാക്യം വിളിക്കും. പക്ഷേ, തങ്ങള്‍ക്കിഷ്ടം സാത്വികരായ ഭരണനായകന്മാരെക്കാള്‍ ദുര്‍വൃത്തനായ നായകന്മാരെയായിരിക്കും. എല്ലാത്തിന്റെയും അടിസ്ഥാനം തങ്ങള്‍ക്ക് മേല്‍കൈയും ആധിപത്യവും വേണമെന്നതാണ്.
സമൂഹത്തില്‍ നന്മയും ധര്‍മവും നീതിയും വിളയാനും നീതിയിലധിഷ്ഠിതമായ പൊതുജീവിതം കെട്ടിപ്പടുക്കാനും പ്രതിജ്ഞാബദ്ധവും ത്യാഗസന്നദ്ധവുമായി രംഗത്തുവന്ന ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ വേലികെട്ടി തടുത്ത് നിര്‍ത്താന്‍ എക്കാലവും മുന്‍പന്തിയിലുള്ളത് നടേ പറഞ്ഞ വിഭാഗമാണ്. സെക്യുലരിസ്റ്റുകളെന്നും ജനാധിപത്യവാദികളെന്നും സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ കടുത്ത പക്ഷപാതികളും നീതിബോധമില്ലാത്ത മതവിരോധികളുമാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടായി ലോകത്തിന്റെ പല രാജ്യങ്ങളിലും വളര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങളില്‍ സ്വാധീനമുണ്ടാവുകയും പലയിടത്തും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത് മുതല്‍ ഇക്കൂട്ടര്‍ക്ക് വിറളി പിടിച്ച് തുടങ്ങിയിരിക്കുന്നു. അവരെ അകമഴിഞ്ഞ് സഹായിക്കാന്‍ സാമ്രാജ്യത്വവും സയണിസവും എന്നും എപ്പോഴും തയാര്‍.
ഈജിപ്ത്, തുനീഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നപ്പോള്‍ ഇക്കൂട്ടരുടെ സ്വാസ്ഥ്യം കെട്ടു. ഏകാധിപതികളെ വലിച്ച് താഴെയിടാന്‍ വിപ്ലവങ്ങള്‍ നയിച്ച് ഒടുവില്‍ അധികാരം തങ്ങളുടെ കൈകളില്‍ കിട്ടാതായപ്പോള്‍ തിരിഞ്ഞ് കൊത്തുകയാണവര്‍. ഗൂഢാലോചനയിലൂടെ സൈന്യത്തെ ഉപയോഗിച്ച് അട്ടിമറി നടത്തി ആഭ്യന്തര രംഗം കലുഷിതമാക്കിക്കൊണ്ടിരിക്കുന്ന, പണ്ട്മുതലേ സമൂഹത്തില്‍ വേരുറച്ച് കഴിഞ്ഞ താഗൂത്തിന്റെ വാഹകരായ ഇവര്‍ എല്ലായിടത്തും ഒരേ മുദ്രാവാക്യമാണുയര്‍ത്തുന്നത്. മുര്‍സിയെയും ഗനൂശിയെയും ഉറുദുഗാനെയും ഒരു നിലക്കും മുന്നോട്ട് നീങ്ങാന്‍ അനുവദിക്കാതെ നീതിയെ അണകെട്ടി തടുത്ത് നിര്‍ത്തുകയാണവര്‍. മതേതരത്വവും മതമുക്തമായ സാമൂഹിക ജീവിതവും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധരായി എന്ത് നെറികേടും ചെയ്യാന്‍ അവര്‍ മടിക്കില്ല. മദ്യവും മദിരാക്ഷിയും ചൂഷണവും കൊടികുത്തിവാഴുന്ന ഒരു 'സുന്ദരലോക'മാണിവരുടെ ഭാവനയിലുള്ള ലോകം. ധാര്‍മിക നിയന്ത്രണങ്ങളൊന്നുമില്ലാത്ത ഒരു പെര്‍മിസീവ് സൊസൈറ്റിയാണ് ഇവരുടെ ലക്ഷ്യം. ഇസ്‌ലാം എവിടെ ക്ലച്ച് പിടിക്കുന്നുവോ അവിടെയൊക്കെ അതിനെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നതിന്റെ താല്‍പര്യവും മറ്റൊന്നല്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍