Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

സത്യാന്വേഷികളുടെ 'തെളിവ്'

പിപി അബ്ദുര്‍റസ്സാഖ്‌ / പഠനം

റിവിനെ മുന്നുപാധിയാക്കിയുള്ള സാര്‍വ ലൗകികതയുടെയും സാര്‍വ കാലികതയുടെയും സാര്‍വജനീനതയുടെയും  ഏകമായ വിശ്വാസവും, അതിനു പൂരകമായ ലക്ഷ്യവും മാത്രമേ  സത്യമാവൂ എന്നാണ് നാം വിശദീകരിച്ചത്. ഈ സത്യം ഏതാണെന്ന് കണ്ടെത്തുന്നതിനു വേണ്ടി  വ്യക്തിയും സമൂഹവും ഒറ്റക്കും കൂട്ടായും നടത്തുന്ന പ്രയത്‌നത്തെയാണ് സത്യാന്വേഷണം എന്ന് പറയുന്നത്.   പക്ഷേ, ഇത്  അത്ര എളുപ്പമുള്ളതല്ല. ഇത് ചരിത്രത്തെയും പ്രമാണങ്ങളെയും യുക്തിജ്ഞാന തലങ്ങളില്‍ നിന്ന് കൃത്യമായി നോക്കിക്കാണേണ്ട ഗൗരവമേറിയ പ്രശ്‌നമാണ്. മനസ്സിനെ  മുന്‍വിധികളില്‍ നിന്നും, മനസ്സിനെയും ജീവിതത്തെയും  വരിഞ്ഞു മുറുക്കുന്ന പലതരം ചങ്ങലകളില്‍ നിന്നും  മുക്തമാക്കിക്കൊണ്ട് മാത്രമേ ഈ സത്യാന്വേഷണത്തെ സാര്‍ഥകമാക്കാനും സാക്ഷാത്കരിക്കാനും  സാധിക്കുകയുള്ളൂ. അറിവ് കൂടാതെ അറിവിനെ മുന്നുപാധിയാക്കുന്ന ഈ സത്യം കണ്ടെത്താന്‍ സാധിക്കില്ല  എന്നതു പോലെ തന്നെ  ശരിയാണ്, ഇത് സത്യമാണ് എന്ന് അറിഞ്ഞതുകൊണ്ട് മാത്രം ഒരാള്‍ക്കും അത് സാക്ഷാത്കരിക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല എന്നതും. കാരണം മനുഷ്യരിലേറെ പേരും അവരുടെ ബോധ്യത്തിനും മനസ്സാക്ഷിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടാണ്, പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിഞ്ഞിട്ടും ബില്യന്‍ കണക്കിനു ഡോളറുകള്‍ ദിനേന പുകച്ചുരുളുകളായി മനുഷ്യന്റെ ശ്വാസകോശങ്ങളില്‍ പുരളുന്നതും അന്തരീക്ഷത്തെ മലീമസമാക്കുന്നതും. ഈ വൈരുധ്യം മനുഷ്യന്റെ മറ്റു നിരവധി പ്രവര്‍ത്തനങ്ങളിലും വിശ്വാസങ്ങളിലും വരെ വ്യാപിച്ചുകിടക്കുന്നു. ഒരു പക്ഷേ വിശ്വാസത്തിന്റെ മേഖലയിലാണ് ഈ പ്രവണത  ഏറെ ആഴത്തില്‍ ആണ്ടു പൂണ്ടിറങ്ങിയിട്ടുള്ളത്.  അതുകൊണ്ടാണ് ശാസ്ത്ര സാങ്കേതിക വാണിജ്യ രംഗങ്ങളില്‍ ഏറ്റവും ഉത്തമമായതിലേക്ക്  മാറാന്‍ ശ്രമിക്കുന്ന മനുഷ്യന്‍, വിശ്വാസരംഗത്ത്  പൊതുവെ അങ്ങനെയുള്ള ശ്രമങ്ങളൊന്നും നടത്താതിരിക്കുന്നത്; ഇനി യാദൃഛികമായി ശരിയായ അറിവ് ലഭിച്ചാല്‍ പോലും അതിനനുസരിച്ച് തിരുത്താത്തതും. അറിവ് ബോധമായും ബോധത്തിനനുസരിച്ച കര്‍മമായും മാറുമ്പോള്‍ മാത്രമാണ്  വ്യക്തിയിലും സമൂഹത്തിലും തദനുസാരമുള്ള പരിവര്‍ത്തനം നടക്കുന്നത്.
സത്യത്തിന്റെ അന്വേഷണം തുടങ്ങേണ്ടത് മനുഷ്യചരിത്രത്തില്‍ നിന്നു തന്നെയാണ്.  കാരണം,  നിലവില്‍ ലോകം വിശ്വസിക്കുന്ന എല്ലാ മതങ്ങളും ദര്‍ശനങ്ങളും ചരിത്രത്തിന്റെ സംഭാവനകളാണ്.  പിന്നെ, സാര്‍വകാലികവും സാര്‍വലൗകികവുമായ സത്യം ഇന്നലെയില്‍ നിന്നും വ്യത്യസ്തമാവുകയുമില്ല. അപ്പോള്‍  കൃഷ്ണനും കണ്‍ഫ്യൂഷ്യസും മോസസും  ബുദ്ധനും യേശുവും നമ്മുടെ അന്വേഷണ വിഷയമാകണം.  അവര്‍ ലോകത്തിലെ വലിയ ഒരു വിഭാഗം മനുഷ്യരെ ഇന്നും വിശ്വാസപരമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പേരില്‍ വിശ്വസിക്കപ്പെടുന്നതൊക്കെ അവര്‍ പഠിപ്പിച്ചത് തന്നെയോ എന്നും പരിശോധിക്കപ്പെടണം. ഒരു കാര്യം നാം അംഗീകരിച്ചേ തീരൂ. അവരെല്ലാവരും അതതു കാലത്തെ ജനതതികളെ നയിച്ച മഹാന്മാരായ ചരിത്ര പുരുഷന്മാരോ ചരിത്രാതീത കാല പുരുഷന്മാരോ ആയിരുന്നു. അവരുടെ അധ്യാപനങ്ങളും ചരിത്രവും യഥാതഥം ലഭ്യമല്ലാത്തതിനാല്‍ നിലവില്‍ അവരുടെ പേരില്‍ വിശ്വസിക്കപ്പെടുന്നതൊക്കെ അവര്‍ പറഞ്ഞതും പ്രചരിപ്പിച്ചതും തന്നെയാണോ എന്ന സംശയം സംഗതമാണെങ്കിലും,  ആ വിഷയം നാം ഇവിടെ  പ്രശ്‌നവത്കരിക്കുന്നില്ല. നമ്മെ സംബന്ധിച്ചേടത്തോളം അതിന്റെ ആവശ്യവും ഇല്ല. നമ്മുടെ പ്രശ്‌നം തെളിവിന്റേതാണ്. ഉദാഹരണത്തിന്, ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും മോസസും ജീസസും അവരുടെ  ദൗത്യത്തിനു  തെളിവായി നിരവധി അത്ഭുതങ്ങള്‍ കാണിച്ചതായി പറയുന്നുണ്ട്. ഒരു പക്ഷേ കൃഷ്ണനും   കണ്‍ഫ്യൂഷ്യസും ബുദ്ധനും ഇത്തരത്തില്‍ തെളിവുകള്‍  നല്‍കിയിട്ടുണ്ടാവാം. അതതു കാലക്കാര്‍ അതിനു സാക്ഷികളാവുകയും അത് അനുഭവിക്കുകയും അതിനെ  വെല്ലുവിളിക്കുകയും ചെയ്തിട്ടുമുണ്ടാവാം. പക്ഷേ, നമ്മെ സംബന്ധിച്ചേടത്തോളം  ആ തെളിവുകള്‍ക്ക് നാം സാക്ഷിയാവാത്ത കാലത്തോളം, അല്ലെങ്കില്‍ ആ    സംഭവങ്ങളെ മറ്റു നിലക്ക് സ്ഥിരപ്പെടുത്തുന്ന സ്ഥായിയായ വേറൊരു തെളിവിന്റെ  അഭാവത്തില്‍  അവ വെറും ചരിത്രകഥയോ ചരിത്രാതീത കാലത്തെ പുരാണമോ മാത്രം ആകുന്നു. മറ്റൊരു തെളിവ് കൂടാതെ നമുക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത കേവല വിശ്വാസങ്ങള്‍ മാത്രമാണ് അവ.         
ഇനി ലോകത്തിലെ നാലിലൊരു ഭാഗം ജനങ്ങള്‍ വിശ്വസിക്കുകയും അവരുടെ മാതൃകയായി സ്വീകരിക്കുകയും ചെയ്യുന്ന പ്രവാചകന്‍ മുഹമ്മദിനെ പഠനവിധേയമാക്കാം.  അദ്ദേഹം ഒരു പുരാണ കഥാപാത്രമല്ല. മറിച്ച്, അദ്ദേഹം ചരിത്രത്തിന്റെ പൂര്‍ണ വെളിച്ചത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന മഹല്‍ വ്യക്തിത്വമാണ്. അദ്ദേഹത്തിനു മുമ്പോ  ശേഷമോ വന്ന ലോകത്തെ  മറ്റേതൊരു ചരിത്ര പുരുഷനെക്കാളും വിശദമായും സൂക്ഷ്മമായും പ്രവാചകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കും നോക്കും, ചലനവും മൗനവും, ഇരുത്തവും നടത്തവും കിടത്തവും, അന്നപാനവും  അനുചര ബന്ധവും  എന്നുവേണ്ട മുഴുവന്‍ ജീവിതവും തന്നെ ഏതൊരാള്‍ക്കും ഇന്നും എന്നും അനുഭവവേദ്യമാകുന്ന രൂപത്തില്‍ ലഭ്യമാണ്. ഇത്ര സൂക്ഷ്മമായും വിശദമായും സത്യസന്ധമായും അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെടുന്നതിനു   അഞ്ചു  ലക്ഷത്തോളം വ്യക്തികളാണ് നിഷ്‌കൃഷ്ടമായ പഠനത്തിനും നിരൂപണത്തിനും വിധേയരായത്. അദ്ദേഹത്തിന്റെ  വചനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി നടന്ന, ഭാഷയുടെയും ആശയത്തിന്റെയും തലങ്ങളിലെ നിരൂപണ പഠനങ്ങള്‍ക്ക് ശേഷമാണിത്. മുഹമ്മദിന്റെ ശാരീരിക സാന്നിധ്യമേ ഇല്ലാത്തതായുള്ളൂ. അദ്ദേഹത്തിന്റെ  ജീവിതം നമ്മുടെ മുമ്പിലുണ്ട്. മാതൃകയാവട്ടെ അദ്ദേഹത്തിന്റെ ശരീരത്തിലല്ല, മറിച്ച് ജീവിതത്തിലുമാണ്. ഇവിടെയാണ് മുഹമ്മദിന്റെ  ജീവിതത്തിന്റെ ചരിത്രാനുഭവപരത  നിലകൊള്ളുന്നത്. അതുകൊണ്ട് കൂടിയാണ്  വിശുദ്ധ ഖുര്‍ആന്‍, ജനങ്ങളില്‍ ഏറെ പേരും കേവലം അനുമാനങ്ങളെയും ഊഹങ്ങളെയുമാണ്  പിന്‍പറ്റുന്നതെന്നും ഊഹാപോഹങ്ങള്‍  അനുഭവാധിഷ്ഠിത സത്യത്തിനു  സമാനമാകില്ലെന്നും പറഞ്ഞത് (10:36). നേരത്തെ പറഞ്ഞ ആചാര്യന്മാരില്‍ നിന്നും മുഹമ്മദിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു പ്രധാന കാര്യം അദ്ദേഹം കേവലം വിശ്വസിക്കപ്പെടുക മാത്രമല്ല, മറിച്ച് ജീവിതത്തിന്റെ  സമസ്ത മേഖലകളിലും അനുയായികളാല്‍ അനുധാവനം ചെയ്യപ്പെടുകയും അനുസരിക്കപ്പെടുകയും പിന്തുടരപ്പെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് എന്നുള്ളതാണ്. അതിനുവേണ്ടി കൂടിയാണ് അദ്ദേഹത്തിന്റെ ചരിത്രം ഇത്രയും സൂക്ഷ്മമായും വിശദമായും രേഖപ്പെടുത്തപ്പെട്ടതും. മുഴുവന്‍ ചരിത്രകാരന്മാരും സമ്മതിക്കുന്ന ഒരു സത്യമാണ് പ്രവാചകത്വത്തിനു മുമ്പും  ശേഷവും  ശത്രു-മിത്ര ഭേദമന്യേ മുഹമ്മദിനെ   അദ്ദേഹത്തിന്റെ സമകാലികര്‍ സത്യസന്ധനും വിശ്വസ്തനും ഉദ്ഗ്രഥിത  വ്യക്തിത്വത്തിന്റെ ഉടമയുമായി  കണ്ടിരുന്നു എന്നത്.  മാത്രവുമല്ല,  അദ്ദേഹം സത്യസന്ധന്‍ എന്ന് അര്‍ഥമുള്ള 'അല്‍ അമീന്‍' എന്ന അപരനാമത്തിലായിരുന്നു അറിയപ്പെട്ടിരുന്നതും. ഇവിടെ സത്യാന്വേഷിയില്‍ ഒരു ചോദ്യം ന്യായമായും ഉയരുന്നു. അദ്ദേഹത്തിന്റെ പ്രവാചകത്വവാദം സത്യമായിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ എങ്ങനെയാണ് സത്യസന്ധനെന്നു വിശേഷിപ്പിക്കാന്‍ സാധിക്കുക?   ഇല്ലാത്ത പ്രവാചകത്വവാദം നടത്തിയതിന്റെ പേരില്‍, അങ്ങനെ കോടിക്കണക്കിനു മനുഷ്യരെ വഴിപിഴപ്പിച്ചതിന്റെ പേരില്‍, ഏറ്റവും വലിയ അസത്യവാദിയായിട്ടാണല്ലോ അദ്ദേഹം വിശേഷിപ്പിക്കപ്പെടേണ്ടത്?
ഒരു കാര്യം ഉറപ്പാണ്. ചരിത്രത്തിന്റെ പൂര്‍ണ വെളിച്ചത്തിലുള്ള മുഹമ്മദ് ഒരേസമയം പൂര്‍ണ സത്യസന്ധനായിരിക്കുകയും പ്രവാചകന്‍ അല്ലാതിരിക്കുകയും ചെയ്യുക   എന്നത് യുക്തിപരമായി അസംഭവ്യമാണ്.   പിന്നെ നമുക്ക് ചോദിക്കാവുന്ന കാര്യം അദ്ദേഹം  ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകളും വിശ്വസിക്കുന്ന പോലെ അന്ത്യ പ്രവാചകത്വം അവകാശപ്പെട്ടിരുന്നോ, അതോ ഇതുപോലുള്ള വിശ്വാസങ്ങള്‍ മറ്റു ചരിത്ര പുരുഷന്മാരില്‍ പലരിലും നാം കാണുന്നത് പോലെ പില്‍ക്കാലക്കാരാല്‍ അടിച്ചേല്‍പിക്കപ്പെട്ടതാണോ എന്നാണ്.   മുഹമ്മദ് അന്ത്യ പ്രവാചകത്വം അവകാശപ്പെട്ടിരുന്നു എന്ന കാര്യത്തില്‍ വിയോജിക്കുന്നത് പോകട്ടെ   അഭിപ്രായാന്തരം പുലര്‍ത്തിയ ഒരൊറ്റ ചരിത്രകാരനെയും പാശ്ചാത്യലോകത്തോ പൗരസ്ത്യലോകത്തോ കാണാന്‍ സാധിക്കില്ലെന്നതാണ് വസ്തുത.    നാം യോജിച്ചാലും ഇല്ലെങ്കിലും മുഹമ്മദ് അന്ത്യപ്രവാചകത്വം അവകാശപ്പെട്ടിരുന്നു  എന്നത്  അത്രയും  അവിതര്‍ക്കിതവും സുസമ്മതവുമായ വസ്തുതയാണ്. വിശുദ്ധ ഖുര്‍ആനിലും (ഉദാഹരണത്തിന്ന്  ചില സൂക്തങ്ങള്‍:  2: 101; 2:119; 2:143; 2:151; 2:285; 3:144; 4:79; 5:41; 5:67; 8:24; 9:33; 17:105; 21:107; 25:56; 33:21; 33:40; 33:45; 34:28; 35:24: 48:8; 48:28; 73:15) അദ്ദേഹത്തിന്റെ തന്നെ നിരവധി വചനങ്ങളിലും ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്. പ്രവാചകന്‍ പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: ''ഇസ്രയേല്‍ സമൂഹം പ്രവാചകന്മാരിലൂടെയാണ് മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടത്.  അവരില്‍ ഒരു പ്രവാചകന്‍ ദിവംഗതനായപ്പോള്‍ മറ്റൊരു പ്രവാചകന്‍ ആഗതനായിരുന്നു. പക്ഷേ എനിക്ക് ശേഷം ഒരു പ്രവാചകനും വരില്ല. ഖലീഫമാരാണ് എന്നെ തുടര്‍ന്ന് ഉണ്ടാവുക.'' തിര്‍മിദി  ഉദ്ധരിച്ച മറ്റൊരു പ്രവാചകവചനത്തില്‍ ഇങ്ങനെ  കാണാം: ''പ്രവാചകന്മാരുടെയും ദൈവ ദൂതന്മാരുടെയും ശൃംഖല  എന്നോടു കൂടി അവസാനിച്ചിരിക്കുന്നു.  എനിക്ക് ശേഷം ദൈവദൂതരോ പ്രവാചകരോ ഉണ്ടാവില്ല.''  അതുകൊണ്ട് തന്നെ അന്ത്യപ്രവാചകത്വം അദ്ദേഹത്തിന്റെ മേല്‍  പില്‍ക്കാലക്കാരാല്‍ ആരോപിക്കപ്പെട്ടതല്ല എന്ന് അസന്ദിഗ്ധമായും ഖണ്ഡിതമായും വ്യക്തമായി.  പക്ഷേ, അവകാശവാദം കൊണ്ട്   മാത്രം ഒന്നും സ്ഥാപിക്കപ്പെടുകയില്ല; അധിക  അവകാശ വാദങ്ങളും പെരും നുണകളും കെട്ടിച്ചമച്ച കഥകളും ആണെന്ന്  ജനം മനസ്സിലാക്കുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും.  അവകാശവാദങ്ങളെ സ്ഥാപിക്കുകയും പിന്‍ബലപ്പെടുത്തുകയും ചെയ്യുന്ന തെളിവുകള്‍  സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. തെളിവുകള്‍ യുക്തിപരതയുടെ തേട്ടമാണ്.  അത് നാം കണ്ടും തൊട്ടും അറിയുമ്പോള്‍, നാമതിനെ വെല്ലുവിളിക്കുകയോ അത് നമ്മെ വെല്ലുവിളിക്കുകയോ ചെയ്ത് നാം അതിന്റെ മുമ്പില്‍ നിസ്സഹായരായി മാറുമ്പോള്‍ അത് നമ്മുടെ അനുഭവജ്ഞാനത്തിന്റെ ഭാഗം  കൂടിയായി മാറുന്നു. മുഹമ്മദ് അദ്ദേഹത്തിന്റെ അന്ത്യപ്രവാചകത്വത്തിനു തെളിവായി വല്ലതും കാണിച്ചിരുന്നുവോ? അത് ഇപ്പോഴും ലഭ്യമാണോ? അതല്ല, ആ 'തെളിവും' വെറും വിശ്വാസം മാത്രമാണോ?  ആ തെളിവ് നമുക്ക് ലഭ്യവും അനുഭവവേദ്യവുമാണെങ്കില്‍ അത് സ്വയം തന്നെ തെളിവെന്ന് അവകാശപ്പെടുന്നുണ്ടോ? അതിനെ നമുക്ക് കാണാനും തൊട്ടു നോക്കാനും അനുഭവിക്കാനും വെല്ലുവിളിക്കാനും സാധിക്കുമോ? വെല്ലുവിളി സ്വീകരിച്ച് തെളിവിനെ തെളിവല്ലെന്ന് സ്ഥാപിക്കാന്‍ ആര്‍ക്കെങ്കിലും ഇതുവരെ സാധിച്ചിരുന്നോ? മുഹമ്മദിന്റെ അന്ത്യ പ്രവാചകത്വം യുക്തിപരതയുടെയും അനുഭവ ജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്നതിനു ഈ ചോദ്യങ്ങള്‍ക്കുള്ള  ഉത്തരം കണ്ടെത്തല്‍ വളരെ പ്രധാനമാണ്.  
അതെ, തീര്‍ച്ചയായും മുഹമ്മദ് അദ്ദേഹത്തിന്റെ അന്ത്യപ്രവാചകത്വത്തിനു തെളിവ് സമര്‍പ്പിച്ചിരുന്നു.  അത് ഖുര്‍ആന്‍ മാത്രമായിരുന്നു. മുഹമ്മദിന്റേത് അന്ത്യ പ്രവാചകത്വമായതിനാലും അത് ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക്  ബാധകമായതിനാലും അദ്ദേഹത്തിനു നല്‍കപ്പെട്ട തെളിവ് ലോകാവസാനം വരെ നിലനില്‍ക്കുന്നതാക്കി   അവശേഷിപ്പിച്ചു.  മുഹമ്മദിനു ഖുര്‍ആന്‍ അല്ലാത്ത, അദ്ദേഹത്തിന്റെ കാലക്കാര്‍ക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന വല്ലതുമായിരുന്നു തെളിവായി നല്‍കിയിരുന്നതെങ്കില്‍ അത് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ കാലപരമായ പരിമിതിയാകുമായിരുന്നു. ഖുര്‍ആന്‍ മുഹമ്മദിന്റെ പ്രവാചകത്വത്തിനുള്ള  തെളിവാണ് എന്നത് ഒരു ആരോപണം അല്ല.  മറിച്ച്, അത് ഖുര്‍ആന്‍ തന്നെ പറഞ്ഞതാണ്: ''(ഓ, മുഹമ്മദ്) പറയുക: ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍നിന്നുമുള്ള വ്യക്തമായ തെളിവുമായാണ് ആഗതമായിട്ടുള്ളത്''(6:57), ''... നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവില്‍നിന്ന് വ്യക്തമായ തെളിവും മാര്‍ഗ ദര്‍ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു''  (6:157).  ഇത് പോലെ നിരവധി സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ ഖുര്‍ആനെ തെളിവെന്ന് വിശേഷിപ്പിച്ചതായി കാണാം (11:17; 47:14; 98:1; 98:4). ഈ തെളിവ് ലോകാവസാനം വരെ സുരക്ഷിതമായി നിലനില്‍ക്കുമെന്നും ഖുര്‍ആന്‍   അവകാശപ്പെടുന്നു.  ''തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആനിനെ അവതരിപ്പിച്ചിട്ടുള്ളത്.  തീര്‍ച്ചയായും നാം തന്നെ അതിനെ സംരക്ഷിച്ചു  നിലനിര്‍ത്തും''  (15:9). 14 നൂറ്റാണ്ട് ഇപ്പുറത്ത് നിന്ന് നോക്കുമ്പോള്‍ മുഹമ്മദീയ പ്രവാചകത്വത്തിന്റെ തെളിവിന്റെ കൂടി സംരക്ഷണമായി വള്ളി പുള്ളി വ്യത്യാസമില്ലാതെയുള്ള ഖുര്‍ആനിന്റെ  സംരക്ഷണം ഒരു അനിഷേധ്യ ചരിത്രാനുഭവമായി നാം  മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ തെളിവ് നഷ്ടപ്പെടുകയോ വെറും ഒരു വിശ്വാസം മാത്രമായി  അത് മാറുകയോ ചെയ്തില്ല. മറിച്ച്,  ഈ തെളിവ് നിലനില്‍ക്കുകയും അത്  നാമോരോരുത്തരുടെയും ഒരു നിത്യാനുഭവമായി മാറുകയും ചെയ്തു. ഈ തെളിവ് സത്യത്തെ അസത്യത്തില്‍ നിന്നും, തഥ്യയെ മിഥ്യയില്‍ നിന്നും, ധര്‍മത്തെ അധര്‍മത്തില്‍ നിന്നും, ന്യായത്തെ അന്യായത്തില്‍ നിന്നും, ശരിയെ തെറ്റില്‍ നിന്നും, നീതിയെ അനീതിയില്‍നിന്നും സദാചാരത്തെ അത്യാചാരങ്ങളില്‍നിന്നും 'വേര്‍തിരിക്കുന്ന' (ഖുര്‍ആന്‍ 'തെളിവ്'   എന്നതിനു അറബിയില്‍ ഉപയോഗിച്ച 'ബയ്യിനത്ത്' എന്ന വാക്കിന്റെ അര്‍ഥം  വേര്‍തിരിക്കുന്നത് എന്നു കൂടിയാണ്) ഉരക്കല്ല് (ഫുര്‍ഖാന്‍) കൂടിയാണ്.  ഈ തെളിവ് അവകാശവാദത്തിനും അപ്പുറത്ത് അതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നത് അത് ആ തെളിവിനെ നിഷേധിക്കുന്നവനെ വെല്ലുവിളിക്കുകയും ആ വെല്ലുവിളിക്ക് മുമ്പില്‍ നിഷേധി നിസ്സഹായനാണെന്ന് വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ടാണ്. വിശുദ്ധഖുര്‍ആന്റെ അസന്ദിഗ്ധ വെല്ലുവിളിയുടെ മുഴക്കംതന്നെ നമ്മെ അമ്പരപ്പിക്കുന്നതാണ്. ''നാം നമ്മുടെ ദാസന്റെ മേല്‍ അവതരിപ്പിച്ചതില്‍ നിങ്ങള്‍ക്ക് വല്ല സന്ദേഹവും ഉണ്ടെങ്കില്‍, നിങ്ങള്‍ ഇതുപോലുള്ള ഒരു  സൂറഃ (അധ്യായം)യെങ്കിലും കൊണ്ടുവരിക. നിങ്ങള്‍ അതിനു വേണ്ടി അല്ലാഹുവിനെ കൂടാതെയുള്ള  സകലമാന ശക്തികളുടെയും  സഹായം തേടുകയും ചെയ്തുകൊള്ളുക.  നിങ്ങള്‍ നിങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍!''  (2:23).  ഈ വിഷയത്തിലെ നിഷേധിയുടെ നിസ്സഹായതയും വിശുദ്ധഖുര്‍ആന്‍ തന്നെ തൊട്ടടുത്ത വചനത്തില്‍ തന്നെ ചിത്രീകരിക്കുന്നത് കാണുക: ''നിങ്ങള്‍ക്ക് അത് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് അത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല''(2:24). ഈ സുവ്യക്ത തെളിവിനു മുമ്പിലെ നിഷേധിയുടെ ഇതഃപര്യന്തമുള്ള നിസ്സഹായതയും കൃത്യമായ ചരിത്രാനുഭവമാണ്. ഇതിനും പുറമേ, വിശുദ്ധഖുര്‍ആന്‍ അതിന്റെ ഒറിജിന്‍ ദൈവത്തില്‍ നിന്നുള്ളതാണെന്നതിനു ധാരാളം തെളിവുകള്‍ ഖുര്‍ആനില്‍ തന്നെയുള്ളതായും അവകാശപ്പെടുന്നു(4:82).
ഭാഷയിലും ശൈലിയിലും ഉള്ളടക്കത്തിലും ചര്‍ച്ച ചെയ്യുന്ന പ്രമേയങ്ങളുടെ വ്യാപ്തിയിലും ആഴത്തിലും പരപ്പിലും ആശയങ്ങളുടെ സൂക്ഷ്മതയിലും സമഗ്രതയിലും വിശദാംശത്തിലും  വികസനാത്മകതയിലും സംഭവങ്ങളുടെ പ്രവചനാത്മകതയിലും  എല്ലാം ഈ ആന്തരികമായ തെളിവുകള്‍ നിലകൊള്ളുന്നുണ്ട്.  ഖുര്‍ആനില്‍ തന്നെ അതിന്റെ ദൈവികതക്ക് തെളിവായി നിലനില്‍ക്കുന്ന പല തലങ്ങളിലെ ആന്തരിക തെളിവുകള്‍ക്ക് ഓരോന്നിനും നിരവധി ഉദാഹരണങ്ങള്‍ പറയാന്‍ സാധിക്കും. നക്ഷത്രങ്ങള്‍ കെട്ടണഞ്ഞു തമോഗര്‍ത്തമായി മാറുന്നുവെന്നും  (ഖുര്‍ആന്‍ 77:8),  പ്രപഞ്ചം   വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും (ഖുര്‍ആന്‍ 51:47), കാറ്റു  പരാഗണത്തിന്റെ കൂടി മാര്‍ഗമാണെന്നും (ഖുര്‍ആന്‍ 15:22) സൂര്യ ചന്ദ്ര നക്ഷത്രാദികളുള്‍പ്പെടെ  മുഴുവന്‍ പ്രപഞ്ചവും ചലിച്ചു കൊണ്ടിരിക്കുന്നുവെന്നും പറഞ്ഞ ഖുര്‍ആന്‍, ദിഗന്തങ്ങളില്‍ ദൃഷ്ടാന്തങ്ങളെ കാണിക്കുമെന്നും കൃത്യമായിത്തന്നെ അവകാശപ്പെടുന്നുണ്ട് (ഖുര്‍ആന്‍ 41:53). ചില ചരിത്രാവശിഷ്ടങ്ങള്‍ അത്ഭുതകരമായ രൂപത്തില്‍ സംരക്ഷിക്കപ്പെട്ടതിനെ കുറിച്ചും (10:92), സൂക്ഷ്മങ്ങളില്‍ സൂക്ഷ്മമായ അനേക കോടി കൈവിരലടയാളങ്ങളിലോരോന്നും  അദ്വിതീയമാക്കിയതിനെ കുറിച്ചും (ഖുര്‍ആന്‍ 75:4), മറ വിട്ടൊഴുകാത്ത കടലുകളെ കുറിച്ചും (ഖുര്‍ആന്‍ 25:53; 55:19), ഗര്‍ഭസ്ഥ ശിശുവിന്റെ ഭിന്ന അവസ്ഥകളെ കുറിച്ചും (22:5; 23:14; 39:6; 40:67;75:38; 96:2) മേഘങ്ങളുടെ രൂപപ്പെടലിനെയും അവയിലെ വൈവിധ്യത്തെയും    ചലനത്തെയും  കുറിച്ചും (2:164; 7:57; 13:12; 24:40: 24:43; 30:48; 35:9; 78:14), ഭൂമിയുടെ ചലനത്തെകുറിച്ചും (27:88), ഒരു പന്തിന്റെ ആകൃതിയിലുള്ള അതിന്റെ ചലനത്തിലൂടെയാണ് രാപ്പകലുകള്‍ ഉണ്ടാകുന്നതെന്നതിനെ കുറിച്ചും (39:5) ഭൂമിയിലെ  പര്‍വതങ്ങളുടെ സ്ഥാനത്തെകുറിച്ചും (21:31; 27:61; 31:10; 41:10; 50:7; 77:27) പ്രപഞ്ചത്തിന്റെ തന്നെ ഉത്ഭവത്തെ കുറിച്ചും (21:30;41:10),  അവയിലെ  അനേക കോടി താരങ്ങളും ഗോളങ്ങളും പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ അവക്കിടയില്‍     നമ്മുടെ നേത്രങ്ങള്‍ക്ക്  കാണാന്‍  സാധിക്കാത്ത തൂണുകളായി ആകര്‍ഷണബന്ധത്തെ നിശ്ചയിച്ചതിനെ കുറിച്ചും (13:2; 31:10) ജലത്തില്‍ നിന്നാണ് മുഴുവന്‍ ജീവികളുടെയും ഉത്ഭവമെന്നതിനെ കുറിച്ചുമൊക്കെയുള്ള ഖുര്‍ആന്റെ സുവ്യക്ത പരാമര്‍ശങ്ങള്‍ അതിന്റെ ദൈവികതക്കുള്ള ആന്തരിക തെളിവുകളെന്ന നിലയില്‍ ഏതൊരു സത്യാന്വേഷിയുടെയും  കണ്ണ്  തുറപ്പിക്കാന്‍ പര്യാപ്തമാണ്.  
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍