Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

മാഫിയാ താവളമാവുകയാണോ മുഖ്യമന്ത്രിയുടെ ഒഫീസ്

വയലാര്‍ ഗോപകുമാര്‍ / വിശകലനം

'എമ്പ്രാനല്‍പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികള്‍ ഒക്കെ കക്കും' എന്ന് പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത്, നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ ഇന്നത്തെ ഭരണക്രമത്തെയോ പറ്റി ആയിരുന്നില്ല. എന്നാല്‍, അതുപറഞ്ഞ നമ്പ്യാരുടെ ദീര്‍ഘദൃഷ്ടി  ഈ 2013-ലേക്കുവരെ നീളുന്നു എന്നതാണ് ഇന്നത്തെ ഭരണം കാണിച്ചുതരുന്നത്. മുഖ്യമന്ത്രിക്ക് പിഴച്ചാല്‍ മറ്റു പത്തൊമ്പതു മന്ത്രിമാരുടെയും അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഉമ്മന്‍ ചാണ്ടിക്ക് ഇന്നുവരെ ഒരു അഴിമതിക്കാരന്റെ പ്രതിഛായ ഉണ്ടായിരുന്നില്ല. ജനസമ്പര്‍ക്കത്തിലൂടെയും മറ്റു പ്രചാരണോപാധികളിലൂടെയും അദ്ദേഹം ജനകീയ പരിവേഷം നിലനിര്‍ത്തി വന്നിരുന്നു. ജനങ്ങള്‍ക്കു മുന്നില്‍ എന്നും അദ്ദേഹത്തിന്റെ മുഖത്തിന് മറ്റൊരു പ്രതിഛായ ഉണ്ടായിരുന്നു. ഈ മുഖം സൂക്ഷിക്കാന്‍ ഇപ്പോള്‍ അദ്ദേഹം പാടുപെടുകയാണ്. തട്ടിപ്പിനു മുതല്‍ സ്വര്‍ണക്കടത്തിനു വരെ അദ്ദേഹത്തിന്റെ ഓഫീസില്‍ സഹായികള്‍ ഉണ്ടെന്നതാണ് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.
കേരളം കണ്ട ഭരണാധികാരികളില്‍ ഏറ്റവും കൂടുതല്‍ ഏകാധിപത്യ പ്രവണത പ്രകടിപ്പിച്ച മുഖ്യമന്ത്രി, കെ. കരുണാകരനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും ആരോപിച്ചിട്ടുണ്ട്. കരുണാകരന്റെ ഈ ഏകാധിപത്യ പ്രവണതക്കെതിരെ വാളോങ്ങിയവരില്‍ ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നായക വേഷം കെട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയെന്നു പറഞ്ഞാല്‍ മന്ത്രിസഭയിലെ വെറും ഒരു ഒന്നാം സ്ഥാനക്കാരന്‍ മാത്രമാണെന്നും മറ്റു പ്രിവിലേജുകള്‍ ഒന്നുമില്ലെന്നും വിവരിക്കാന്‍ ആര്യാടനും ഉമ്മന്‍ ചാണ്ടിയും ഭരണഘടനയെ പലവിധത്തില്‍ ഉദ്ധരിച്ച് മെനക്കെട്ടിട്ടുണ്ട്. എന്നാല്‍, കരുണാകരന്‍ എത്രയോ ഭേദമായിരുന്നു എന്നാണ് സമകാലീന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അഴിമതിയുടെ പേരില്‍ കരുണാകരനെ ഇപ്പോള്‍ ആരോപണ വിധേയരായ നേതാക്കന്മാര്‍ പീഡിപ്പിച്ചതിന്റെ  ഓര്‍മകള്‍ കെ. മുരളീധരന് ഉണ്ടാകാതിരിക്കില്ല. അവയാണ് അദ്ദേഹത്തെ ഇടക്കെങ്കിലും ഒരു പോരാളിയാക്കി മാറ്റുന്നതെന്ന് തോന്നാറുണ്ട്.
വളരെ അസാധാരണമായ കാര്യങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി കേരളം കണ്ടുവന്നത്. സരിതോര്‍ജം അരങ്ങുതകര്‍ത്ത് പിന്‍വാങ്ങിയ ശേഷമാണ് കേരളത്തെ ഞെട്ടിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നത്. ഇപ്പോഴത്തെ ഇന്റലിജന്‍സ് മേധാവി ടി.പി സെന്‍കുമാറും പോലീസ് മേധാവി ബാലസുബ്രഹ്മണ്യവും വിശ്വാസ്യത കൊണ്ടും സത്യസന്ധത കൊണ്ടും പേരെടുത്തിട്ടുള്ളവരാണ്. സെന്‍കുമാര്‍, പോലീസ് മേധാവിക്ക് ആഗസ്റ്റ് 25-ന് ഒരു റിപ്പോര്‍ട്ട് നല്‍കിയതായ വാര്‍ത്ത കേരളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. സംസ്ഥാനത്തെ സ്ഥിരം കുറ്റവാളികള്‍ മുഖ്യമന്ത്രിയുടെയും  മന്ത്രിമാരുടെയും ഓഫീസുകളില്‍ നിത്യ സന്ദര്‍ശകരാണെന്നതായിരുന്നു അത്. അതേതുടര്‍ന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ സെപ്റ്റംബര്‍ 7-ന് ഒരു സര്‍ക്കുലര്‍ ഇറക്കി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് ക്വോട്ടുചെയ്തുകൊണ്ടാണ് സര്‍ക്കുലര്‍ വന്നത്. കേരളത്തിലെ സ്ഥിരം കുറ്റവാളികളെ സംബന്ധിച്ച ഡാറ്റാ ബേസ് അടിയന്തരമായി തയാറാക്കണമെന്നതായിരുന്നു സര്‍ക്കുലറിന്റെ ഉള്ളടക്കം. അതനുസരിച്ചുള്ള ജോലികള്‍ പോലീസിന്റെ വിവിധ തലങ്ങളില്‍ പുരോഗമിക്കുന്നതായാണ് വിവരം. ഭരണതലത്തില്‍ കുറ്റവാളികള്‍ പിടിമുറുക്കുകയെന്ന ദുരന്തം അങ്ങനെ കേരളത്തിലും സംഭവിച്ചിരിക്കുന്നു.
സംസ്ഥാന മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും ഓഫീസുകളില്‍ ക്രിമിനലുകള്‍ പ്രതിദിനം കയറിയിറങ്ങുന്ന ഒരു ദുരവസ്ഥ കേരളത്തെ പോലെ പ്രബുദ്ധമായ (എന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പറയുന്ന) സംസ്ഥാനത്ത് സംഭവിക്കേണ്ടതായിരുന്നില്ല. പക്ഷേ, സെക്രട്ടേറിയറ്റിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളെ പോലും ഭരണകൂടം ഭയപ്പെടുന്ന അവസ്ഥയാണിപ്പോള്‍. ഓഫീസില്‍ വന്നു കണ്ടവര്‍ എത്തരക്കാരായിരുന്നു എന്ന ഉത്തമബോധ്യമാകാം മുന്‍നാളുകളിലെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.  തന്റെ ഓഫീസ് തെറ്റു ചെയ്തു എന്നു  മുഖ്യമന്ത്രി കുമ്പസരിച്ചു കഴിഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിനെ തെരഞ്ഞെടുത്തതില്‍ തെറ്റു പറ്റിയതായി അദ്ദേഹം ഏറ്റു പറഞ്ഞു. ഈ ഏറ്റു പറച്ചിലില്‍ എത്രത്തോളം ആത്മാര്‍ഥതയുണ്ടായിരുന്നു എന്നു വെളിപ്പെടുത്തുന്നതായി പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. കുറ്റാരോപിതനായ ഗണ്‍മാനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരായപ്പോള്‍ ഭരണകക്ഷിക്കാര്‍ പോലും ഞെട്ടി. ഭരിക്കുന്നവരുടെ തണലില്‍ കുറ്റവാസന തുടര്‍ന്നവരെ ജനങ്ങള്‍ തന്നെ നേരിട്ടു പിടികൂടി പോലീസില്‍ ഏല്‍പിച്ചപ്പോഴും തന്റെ നിലപാടുകളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതിലെ പ്രധാന സത്യവാചകം തന്റെ 'കടമകള്‍ പ്രീതിയോ ഭീതിയോ കൂടാതെ നിര്‍വഹിക്കും' എന്നാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങാതെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും എന്നാണ് ഈ വാചകത്തിന്റെ സാരം. അതനുസരിച്ച് സ്വന്തം ഓഫീസ് ആരോപണ വിമുക്തമായിരിക്കണമെന്ന ശാഠ്യം കാലാകാലങ്ങളില്‍ മിക്ക മന്ത്രിമാരും കാട്ടിയിട്ടുണ്ട്. അതിനു പറ്റുന്ന, കഴിവും സത്യസന്ധതയും പ്രതിബദ്ധതയും ഉള്ള സ്റ്റാഫിനെയാണ് അവര്‍ കണ്ടെത്തുക. അക്കാര്യത്തില്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കാതിരുന്നവര്‍ കുടുങ്ങിയിട്ടുമുണ്ട്. ജനകീയനെന്നും അഴിമതി വിരുദ്ധനെന്നും പേരു സമ്പാദിച്ചിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇതില്‍ പിഴവുപറ്റിയെന്ന് പറയുന്നത് കേരളത്തിലെ ജനങ്ങള്‍ അത്രവേഗം മുഖവിലക്കെടുക്കുമെന്നു പറയാനാവില്ല. അങ്ങനെ പറ്റിപ്പോയ പിഴവായിരുന്നുവെങ്കില്‍ അദ്ദേഹം അവരെ നിയമത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിക്കാന്‍ തുനിഞ്ഞതെന്തിന് എന്ന ചോദ്യം ഉയരുന്നു.  ക്രിമിനലുകളുടെ രക്ഷാകര്‍തൃത്വം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നുവോ? അതല്ലെങ്കില്‍ ആരോപണ വിധേയര്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും സമ്മതം കൂടാതെ അഡ്വക്കറ്റ് ജനറല്‍ സ്വമേധയാ കോടതിയില്‍ ഹാജരാവുകയായിരുന്നുവോ?
മുഖ്യമന്ത്രിയുടെ ഓഫീസ് ദുഷിക്കുക എന്നാല്‍ മൊത്തം മന്ത്രിസഭ ദുഷിക്കുക എന്നാണര്‍ഥം. മന്ത്രിമാരുടെ സ്ഥാപിത താല്‍പര്യങ്ങളെ നിയന്ത്രിക്കേണ്ടത് ഭരണത്തിനു നേതൃത്വം നല്‍കുന്ന ആളാണ്. മുഖ്യമന്ത്രിയില്‍ നിന്ന് ഒരു പാളിച്ച ഉണ്ടാകാന്‍ കാത്തിരിക്കുന്ന പലരും മന്ത്രിസഭയില്‍ എക്കാലവും ഉണ്ടാകാറുണ്ട്. ഭരണ നേതൃത്വത്തിന്റെ കണ്ണുതെറ്റിയാല്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ കാത്തിരിക്കുന്നവര്‍ പണ്ടും ഉണ്ടായിരുന്നു. എ.കെ ആന്റണി സ്വാശ്രയ പ്രഫഷണല്‍ കോളേജുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ നടത്തിപ്പിനും ഫീസ് പോലുള്ള കാര്യങ്ങളിലും വ്യക്തമായ മാനദണ്ഡം വേണമെന്ന് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചിരുന്നു. എന്നാല്‍, മാനേജുമെന്റുകള്‍ക്കു വേണ്ടി മാനദണ്ഡങ്ങള്‍ മുഖ്യമന്ത്രിപോലും അറിയാതെ അട്ടിമറിക്കപ്പെട്ടു. ഇക്കാര്യത്തില്‍ തന്നെ പിന്നില്‍ നിന്നു കുത്തിയെന്ന് ആന്റണി പിന്നീടു പലപ്പോഴും പരിതപിച്ചിട്ടുണ്ട്. അതുപോലുള്ള ശക്തികള്‍ അനുകൂലമായ അവസരം നോക്കിയിരിക്കും. നേതൃത്വം ഒന്നു പിഴച്ചാല്‍ പിന്നെ അവരുടെ ഊഴമാണ്.  അഴിമതിയുടെ തേര്‍വാഴ്ചയാണ് പിന്നിട് നടമാടുക.
ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.  ആരോപണ വിധേയനായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ആത്മവിശ്വാസം പകരുന്നത് സ്ഥാപിത താല്‍പര്യക്കാര്‍ക്കാണ്. ജനങ്ങളോട് പൊതുവെ ബാധ്യതകളില്ലാത്ത ഘടകകക്ഷികള്‍ക്കും ഒറ്റയാന്മാരായ മന്ത്രിമാര്‍ക്കും ഈ അവസ്ഥ ഏറെ അവസരങ്ങള്‍ നല്‍കുന്നു. മാഫിയകള്‍ സര്‍ക്കാര്‍ ഓഫീസുകളെയും മന്ത്രിമന്ദിരങ്ങളെയും താവളമാക്കുന്നത് ഇത്തരുണത്തിലാണ്. സര്‍വീസ് മേഖലകളിലാണ് അവരുടെ തേരോട്ടം. കോടികള്‍ മുടക്കി നന്നാക്കിയ റോഡുകള്‍ ഒറ്റ മഴക്ക് തകരുന്നതും ആരോരുമറിയാതെ ടോള്‍ നിരക്കു വര്‍ധന വരുന്നതും ഉപയോഗ ശൂന്യമായതും ഗുണമേന്മയില്ലാത്തതുമായ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യേണ്ടിവരുന്നതുമെല്ലാം ഇത്തരം മാഫിയകള്‍ക്ക് ഭരണ നേതൃത്വം തണല്‍വിരിക്കുന്നതുകൊണ്ടാണ്.
ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായാല്‍ അത് വല്ലാത്ത പൊല്ലാപ്പ് സൃഷ്ടിക്കാറുണ്ട്. എന്നാല്‍, ജനസമ്പര്‍ക്ക പരിപാടിയായും അല്ലാതെയും മുഖ്യമന്ത്രി ഇപ്പോള്‍ മിക്ക ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിലും ഇടപെടുന്നു എന്നത് സെക്രട്ടേറിയറ്റില്‍ പരസ്യമാണ്. പക്ഷേ, അതുസംബന്ധിച്ച് അസ്വസ്ഥതകളൊന്നും ആരും പ്രകടിപ്പിക്കുന്നില്ല.  മറ്റു പല താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടുന്ന പക്ഷം അവര്‍ എന്തിന് അസ്വസ്ഥരാകണം!
സൗരോര്‍ജ കേസില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായോ എന്നത് ഇപ്പോഴും വിവാദമായി നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ഓഫീസ് ഇടപെട്ടു എന്ന് വ്യക്തമാവുകയും ചെയ്തു. അതിനുശേഷവും ആ വക ഇടപെടലുകള്‍ നടക്കുന്നതായി ഉപശാലകളില്‍ സംസാരമുണ്ട്. മുടികൊഴിച്ചിലിനുള്ള മരുന്ന്, സൗന്ദര്യ സംവര്‍ധക മരുന്നുകള്‍ തുടങ്ങിയവ  ഉല്‍പാദിപ്പിക്കുന്ന ചില കമ്പനികള്‍ക്കെതിരെ മാജിക്കല്‍ റെമഡീസ് ആക്ട് പ്രകാരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ തുടങ്ങിവെച്ച നടപടികള്‍ എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്ന ചോദ്യം ഇപ്പോഴും ഭരണത്തിന്റെ ഉപശാലകളില്‍ നിലനില്‍ക്കുന്നു. സയന്‍സ് ആന്റ് ടെക്‌നോളജി പോലെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത വകുപ്പുകളിലെ നടപടികളും ഇതുപോലെ ചര്‍ച്ചാവിഷയമാകുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ പദ്ധതികളില്‍ കൈവെക്കാന്‍ സത്യസന്ധരായ പല ഉദ്യോഗസ്ഥര്‍ക്കും ഇപ്പോള്‍ ഭയമാണ്. എന്നാല്‍ ഇതിനൊക്കെ അനുയോജ്യരായവരെ ഇത്തരം സീറ്റുകളിലേക്ക് കണ്ടെത്താന്‍ മന്ത്രിമാര്‍ക്ക് കഴിയുന്നുമുണ്ട്. അത്തരക്കാര്‍ കുടിയിരിക്കുന്ന ഓഫീസുകളില്‍ ക്രിമിനലുകളുടെ വിളയാട്ടം ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! നിയമത്തെയോ സ്വന്തം പാര്‍ട്ടിയെയോ പ്രതിപക്ഷത്തെയോ സമൂഹത്തെയോ ജനങ്ങളെയോ എന്നു തുടങ്ങി ജനകീയ ഭരണത്തിന്റെ ഉപകരണങ്ങളെയൊന്നിനെയും ബഹുമാനിക്കാത്ത ഭരണാധികാരികള്‍ ഉണ്ടാകാതിരിക്കുക എന്നതു മാത്രമാണ് ഇതിനൊക്കെ തടയിടാനുള്ള ഏക പോംവഴി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍