Prabodhanm Weekly

Pages

Search

2013 ഒക്ടോബര്‍ 25

മാര്‍പാപ്പ പറഞ്ഞത്

''ആധുനിക ലോകം പിന്തുടരുന്ന സാമ്പത്തിക വ്യവസ്ഥ മാനവികതക്ക് അത്യന്തം ഹാനികരമാകുന്നു. സമ്പത്തിനെ ദൈവമാക്കിയിരിക്കുകയാണത്. ഒരു വശത്ത് ധനം പൂജിക്കപ്പെടുമ്പോള്‍ മറുവശത്ത് ദരിദ്ര കോടികളുടെ ജീവിത പ്രശ്‌നങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ഇത് ഏതെങ്കിലും ഭൂപ്രദേശത്തിന്റെ അവസ്ഥയല്ല. മുഴുവന്‍ ലോകവും അനുഭവിച്ചുവരുന്ന പ്രശ്‌നമാണ്. നിലവിലുള്ള സാമ്പത്തിക ക്രമം മാറേണ്ടിയിരിക്കുന്നു. ഈ ഘടന ഗുരുതരമായ ദുരിതങ്ങളിലാണ് നമ്മെ എത്തിച്ചിരിക്കുന്നത്. മാനവികതക്ക് ഹാനികരമായ, പണത്തെ ദൈവത്തിന്റെ പദവിയില്‍ പ്രതിഷ്ഠിച്ച ഇന്നത്തെ സാമ്പത്തിക ക്രമം നമുക്കാവശ്യമില്ല. മനുഷ്യന്‍ ആരാധിക്കേണ്ടത് ദൈവത്തെയാണ്; പണത്തെയല്ല...'' കത്തോലിക്ക സഭയുടെ ആഗോളാധ്യക്ഷന്‍ മാര്‍പാപ്പ ഫ്രാന്‍സിസിന്റേതാണ് സുപ്രധാനമായ ഈ അഭിപ്രായ പ്രകടനം. സെപ്റ്റംബര്‍ 22-ന് ഇറ്റലിയില്‍ സംഘടിപ്പിക്കപ്പെട്ട, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തൊഴില്‍ രഹിതരുടെ മഹാ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അഭിവന്ദ്യനായ മാര്‍പാപ്പ. നേരത്തെ എഴുതി തയാറാക്കിയ പ്രഭാഷണമായിരുന്നു അദ്ദേഹം അവിടെ അവതരിപ്പിക്കേണ്ടിയിരുന്നത്. പക്ഷേ, തന്നെ കാണാന്‍ തടിച്ചുകൂടിയ തൊഴില്‍ രഹിതരുടെ വന്‍ പട കണ്ട് വികാരാധീനനായ മാര്‍പാപ്പ അവരുടെ ദാരുണമായ സ്ഥിതിവിശേഷത്തിനുത്തരവാദി നിലവിലുള്ള ഭൗതികപ്രമത്തവും മനുഷ്യത്വരഹിതവുമായ സാമ്പത്തിക സംവിധാനമാണെന്ന് തറപ്പിച്ചു പറയുകയായിരുന്നു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തൊഴിലില്ലായ്മയുടെ ദുരിതം പേറുന്ന വന്‍ ജനക്കൂട്ടത്തെ കണ്ടപ്പോഴുണ്ടായ നൈമിഷികമായ വികാര പ്രകടനമായിരുന്നു മാര്‍പാപ്പയുടേത്. അതുകൊണ്ട് തന്റെ വാക്കുകള്‍ ആര്‍ക്കൊക്കെയാണ് ആഘാതമാവുക, ആര്‍ക്കൊക്കെയാണ് തലോടലാവുക, നിലവിലുള്ള വ്യവസ്ഥ അധാര്‍മികമാണെങ്കില്‍ ധാര്‍മികമായ ബദല്‍ സംവിധാനം എന്താണ് എന്നൊന്നും അപ്പോള്‍ അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവില്ല. വാസ്തവത്തില്‍ ഇന്നത്തെ ഏകധ്രുവ മൂലധന സാമ്രാജ്യത്വ സാമ്പത്തിക ക്രമത്തെ നേര്‍ക്കു നേരെ നിശിതമായി വിമര്‍ശിക്കുകയാണദ്ദേഹം ചെയ്തത്. ആ നിലക്ക് ആഗോള തലത്തില്‍ സഗൗരവമായ ചര്‍ച്ചക്ക് വിധേയമാകേണ്ടതായിരുന്നു ആ പ്രഭാഷണം. എന്തുകൊണ്ടോ അതുണ്ടായില്ല. ഒരു പക്ഷേ, ആത്മീയ സമാധാനത്തെ അഗണ്യ കോടിയില്‍ തള്ളി ഭൗതിക സുഖത്തില്‍ മാത്രം കേന്ദ്രീകരിച്ച ജീവിത ദര്‍ശനത്തിന്റെ സ്വാധീനം കൊണ്ടാവാം. ഇവിടെ സമ്പത്ത്-അതിലുള്ള ആധിപത്യം ആണ് എല്ലാറ്റിന്റെയും അടിത്തറ. അമേരിക്കയാണീ സമ്പദ്ഘടനയുടെ ധ്വജവാഹകന്‍. അവര്‍ ഒരു വശത്ത് പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ രാജ്യങ്ങളെ കൊള്ളയടിച്ച് സ്വന്തം ജനതയുടെ ഭൗതിക സുഖങ്ങളും സൗകര്യങ്ങളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. മറുവശത്ത് പലവിധ തന്ത്രങ്ങളിലൂടെ അവികസിത -വികസ്വര സമൂഹങ്ങളെ ഉപഭോഗത്തിന്റെയും വികസനത്തിന്റെയും ധനസമാഹരണത്തിന്റെയും ആരാധകരാക്കി മാറ്റുന്നു. അവരുടെ ഉപഭോഗതൃഷ്ണയും വികസനാര്‍ത്തിയും അമേരിക്കന്‍ മൂലധനത്തിന് വമ്പന്‍ വിപണിയൊരുക്കുന്നു. ഉപഭോഗത്തിന്റെയും വികസനത്തിന്റെയും തേരോട്ടത്തില്‍ ചതഞ്ഞരയുന്ന ജനകോടികള്‍ അവര്‍ക്ക് പ്രശ്‌നമല്ല. അതൊക്കെ പുരോഗതിയുടെ കുതിപ്പില്‍ അനിവാര്യമായ ക്ഷതങ്ങള്‍ മാത്രം!!
പ്രൊട്ടസ്റ്റന്റുകാരായ അമേരിക്കയുടെ നടപടികളില്‍ തങ്ങളുടെ സഭക്ക് ഉത്തരവാദിത്വമില്ലെന്ന് വേണമെങ്കില്‍ കത്തോലിക്കര്‍ക്ക് വാദിക്കാവുന്നതാണ്. പക്ഷേ, ബ്രിട്ടന്‍ ഒഴിച്ചുള്ള യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കത്തോലിക്കരാണ്. അവരെല്ലാം അമേരിക്കയുടെ സഖ്യകക്ഷികളുമാണ്. അമേരിക്കയുടെ ദര്‍ശനങ്ങളും നയനിലപാടുകളും പങ്കിടുന്നവരുമാണ്. മിക്ക ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളുടെയും പ്രകൃതി വിഭവങ്ങള്‍ അവര്‍ കൈയടക്കി വെച്ചിരിക്കുന്നു. മധ്യ പൂര്‍വ ദേശത്തെ എണ്ണ ശേഖരങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നതില്‍ യൂറോപ്പും അമേരിക്കയും എന്നും ഒറ്റക്കെട്ടാണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശവും സിറിയന്‍ അധിനിവേശത്തിനുള്ള തയാറെടുപ്പുമെല്ലാം അതിന്റെ സാക്ഷ്യങ്ങളാകുന്നു. ഈ സാഹചര്യത്തില്‍ കത്തോലിക്കാ യൂറോപ്പ് മാര്‍പാപ്പക്ക് ചെവി കൊടുക്കുക എളുപ്പമല്ല.  എന്നാല്‍, ആത്മീയതയുടെ തരിമ്പെങ്കിലും പാശ്ചാത്യ മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ യൂറോപ്പും അമേരിക്കയും മാര്‍പാപ്പയുടെ  വാക്കുകളെ സ്വാഗതം ചെയ്യേണ്ടതാണ്. ഭൗതിക പ്രമത്തതയിലധിഷ്ഠിതമായ ജീവിത ദര്‍ശനത്തെക്കുറിച്ച് ഒരു പുനരാലോചനക്ക് വിധേയമാക്കാനും തയാറാകണം. ഒപ്പം പ്രശ്‌നപരിഹാരത്തിന് അദ്ദേഹത്തിന്റെ  മുന്നിലുള്ള മാര്‍ഗമെന്താണെന്നും ബദല്‍ സാമ്പത്തിക സംവിധാനം ഏതാണെന്നും അഭിവന്ദ്യ പിതാവിനോടു ചോദിക്കുകയും വേണം. മാര്‍പാപ്പയുടെ അഭിപ്രായ പ്രകടനം കമ്യൂണിസ്റ്റ് ചിന്തകരെ സന്തുഷ്ടരാക്കിയിട്ടുണ്ടാകും. പക്ഷേ, സാമൂഹിക നീതിയെക്കുറിച്ച് മാര്‍പാപ്പയോട് വല്ലതും സംസാരിക്കാവുന്ന പരുവത്തിലല്ല അവരിപ്പോള്‍. മാര്‍പാപ്പയും വത്തിക്കാനുമൊക്കെ ബൂര്‍ഷ്വാസിയുടെ ചൂഷണോപാധികളാണെന്ന് പണ്ട് ഘോരഘോരം ഘോഷിച്ചിട്ടുണ്ട് എന്നതുകൊണ്ടല്ല. മുതലാളിത്ത മൂലധനത്തിന്റെ അപ്രതിഹതമായ മുന്നേറ്റം ആ പ്രസ്ഥാനത്തിന്റെ ബദല്‍ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. ഇന്ന് ഒരു ബദല്‍ സാമ്പത്തിക  ക്രമത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയുക ഇസ്‌ലാമിക സാമ്പത്തിക വിദഗ്ധര്‍ക്കാണ്. അവരത് സംസാരിക്കാനും മറ്റുള്ളവര്‍ കേള്‍ക്കാനും സന്നദ്ധരാകേണ്ട സന്ദര്‍ഭമാണിത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/42-47
എ.വൈ.ആര്‍