Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

യാസീന്‍ എന്ന മഹാ വിസ്മയം

സി. ദാവൂദ് / യാത്ര

ത് ഗസ്സ സിറ്റിയിലെ അല്‍സബ്‌റ. പ്രധാന റോഡില്‍ നിന്ന് അകത്തേക്ക് വീതി കുറഞ്ഞൊരു റോഡ്. അല്‍പം മുന്നോട്ടു പോയാല്‍ മസ്ജിദുല്‍ മുജമ്മഅ് കാണാം. മസ്ജിദിന്റെ എതിര്‍വശത്ത് നിന്ന് ഇടുങ്ങിയ, നീണ്ട ഒരു ഗല്ലി ആരംഭിക്കുന്നു. കൂനിക്കുനുങ്ങി നില്‍ക്കുന്ന, ആസ്ബസ്റ്റോസ് മേഞ്ഞ കൊച്ചു വീടുകളുടെ നീണ്ട നിര. അതില്‍ മൂന്നാമത്തെ വീടാണ് ഞങ്ങളുടെ ലക്ഷ്യ സ്ഥാനം. ചുമരില്‍ അറബിയിലുള്ള മങ്ങിയ ആ നാമഫലകം വായിക്കുക-ശൈഖ് അഹ്മദ് യാസീന്‍. ആധുനിക ഇസ്‌ലാമിക സമൂഹം ജന്മം നല്‍കിയ ഒരു മഹാവിസ്മയത്തിന്റെ വീടാണത്.
ശൈഖ് അഹ്മദ് ഇസ്മാഈല്‍ ഹസന്‍ യാസീന്‍ (1937-2004) എന്ന ശൈഖ് യാസീനെക്കുറിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ അത്രയെളുപ്പം അവസാനിപ്പിക്കാന്‍ പറ്റില്ല. വലിയൊരു ഗ്രന്ഥം തന്നെ അതിന് വേണ്ടി വരും. അതിനാല്‍ ശൈഖ് യാസീനെക്കുറിച്ച് അധികമറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഡോ. ഹുസൈന്‍ അല്‍ഗഫ്ഫാന്‍ എഴുതിയ രണ്ടു വാള്യങ്ങളുള്ള 'ശൈഖ് അഹ്മദ് യാസീന്‍' എന്ന പുസ്തകം വായിക്കുക. ശൈഖ് യാസീനെക്കുറിച്ച് ആലോചിക്കവെ, ഒറ്റവാക്കില്‍ അദ്ദേഹത്തെ എന്തു വിളിക്കാം എന്ന് ഞാന്‍ സ്വയം ചോദിച്ചു. മഹാഭാഗ്യവാന്‍ എന്നതായിരിക്കും ഏറ്റവും ശരിയായ ഉത്തരം. നോക്കൂ; 67 വയസ്സ് വരെ ജീവിക്കുന്നു. 11 മക്കള്‍. താന്‍ രൂപം കൊടുത്ത പ്രസ്ഥാനം തന്റെ ജീവിത കാലത്ത് തന്നെ മഹാപ്രതിഭാസമായി വികസിച്ചത് കണ്ണുതുറന്ന് കാണാന്‍ അവസരം ലഭിക്കുന്നു. പഠനം, പലായനം, യുദ്ധം, സമാധാനം, രോഗം, തടവ്, വിമോചനം എന്നിങ്ങനെ ഏതാണ്ടെല്ലാ അവസ്ഥകളിലൂടെയും ജീവിതത്തെ കടത്തിവിടാനുള്ള അവസരം ലഭിക്കുന്നു. ഒടുവില്‍, ഉപ്പൂറ്റികളുരസി കട്ടിലില്‍ കിടന്നുപോവേണ്ട പ്രായത്തില്‍ രക്തസാക്ഷിത്വത്തിന്റെ ചെഞ്ചോരപ്പുതപ്പണിഞ്ഞ് ആഹ്ലാദപൂര്‍വം ജനലക്ഷങ്ങളുടെ യാത്രാമൊഴി വാങ്ങി ഈ ലോകത്ത് നിന്ന് വിടവാങ്ങാനുള്ള അവസരം. ഇതില്‍പരം മഹാഭാഗ്യം മറ്റെന്ത് ലഭിക്കാന്‍?
ആ ജീവിതം ഒന്നു നോക്കൂ; അഷ്‌കലോനിലെ അല്‍ജുര്‍റ ഗ്രാമത്തിലാണ് ജനനം. രണ്ടാം വയസ്സില്‍ തന്നെ പിതാവ് നഷ്ടപ്പെട്ട് അനാഥനായി. പത്താം വയസ്സില്‍ ഇസ്രയേലി അധിനിവേശത്തെത്തുടര്‍ന്ന് നാടുവിടേണ്ടി വന്നു. തുടര്‍ന്ന് ജീവിതം ഗസ്സയിലെ അല്‍ഷാത്തി അഭയാര്‍ഥി ക്യാമ്പില്‍. 12-ാം വയസ്സില്‍ സുഹൃത്തായ അബ്ദുല്ലാ അല്‍കാതിബുമായി ഗുസ്തി കളിക്കവെ ഗുരുതരമായ അപകടം. നട്ടെല്ലിന് മാരകമായ ക്ഷതമേറ്റു. അന്ന് മുതല്‍ ഒരു ഭാഗം തളര്‍ന്ന ശരീരവുമായാണ് ജീവിതം. അല്‍കാതിബിന്റെ കുടുംബവുമായി തന്റെ കുടുംബം വഴക്കിടേണ്ട എന്നോര്‍ത്ത് അപകടത്തിന്റെ യഥാര്‍ഥ കാരണം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചു. ബീച്ചില്‍ തവളച്ചാട്ടം കളിക്കവെ പിണഞ്ഞ അപകടമാണെന്നാണ് വീട്ടില്‍ പറഞ്ഞത്. പരിക്ക് കാരണം ഔദ്യോഗിക വിദ്യാഭ്യാസം തുടരാന്‍ പറ്റിയില്ല. എങ്കിലും വീട്ടിലിരുന്നും ഇടക്കൊക്കെ പള്ളിക്കൂടത്തില്‍ പോയും വിദ്യ അഭ്യസിച്ചു. അറബി ഭാഷയിലും ഇസ്‌ലാമിക മതമീമാംസയിലും പ്രാഗത്ഭ്യം നേടി. അറബി അധ്യാപകനായി ജോലി സമ്പാദിച്ചു. ഗസ്സയിലെ പള്ളികളില്‍ ഇസ്‌ലാമിക പ്രഭാഷണം നടത്തി ഖ്യാതി നേടി. പതിയെപ്പതിയെ ഗസ്സക്കാരുടെ ആത്മീയ നായകനായി ഉയരുകയായിരുന്നു.
പ്രായം കൂടുന്ന മുറക്ക് യാസീന്റെ ആരോഗ്യവും ശോഷിച്ചുവന്നു. പരസഹായമില്ലാതെ നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ കാര്യങ്ങളെത്തി. ജീവിതം ചക്രക്കസേരയിലേക്ക് കുനിഞ്ഞിരുന്നു. പക്ഷേ, ശരീര ശക്തി കുറയുന്തോറും യാസീന്റെ ആത്മശക്തി വര്‍ധിച്ചുകൊണ്ടേയിരുന്നു. തലവേദനയും മൂക്കൊലിപ്പും വരുമ്പോഴേക്ക് കര്‍മപഥത്തില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് യാസീന്റെ ജീവിതം ഒരു സാങ്കല്‍പിക കഥ മാത്രമായിരിക്കും. ഫലസ്ത്വീന്‍ ജനതയുടെ മിന്നല്‍പിണറായി മാറിയ ഹമാസ് പ്രസ്ഥാനത്തിന് 1987-ല്‍ രൂപം നല്‍കി.  വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്ന ഒരു വൃദ്ധന്‍ രൂപം നല്‍കിയ പ്രസ്ഥാനം പൊടുന്നനെ ലോകത്തെ മുന്‍നിര സൈനിക ശക്തിയായ ഒരു രാഷ്ട്രത്തിന്റെ രാപ്പേടിയായി മാറിയത് പിന്നീടത്തെ ചരിത്രം. പ്രസ്ഥാനം രൂപീകരിച്ച് രണ്ട് വര്‍ഷത്തിനകം, 1989-ല്‍, യാസീന്‍ ഇസ്രയേലി തടവറയിലായി. ജീവപര്യന്തം തടവിനാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. അതായത്, മരണം വരെ ഇസ്രയേലി ജയിലില്‍ കഴിയണമെന്നായിരുന്നു വിധി. പക്ഷേ, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, 1997-ല്‍ അദ്ദേഹം പുറത്തിറങ്ങി. യാസീന് പുറംലോകം കാണാന്‍ കഴിയുമെന്ന് ഏറ്റവും ശുഭാപ്തി വിശ്വാസക്കാരനായ ഫലസ്ത്വീനി പോലും കരുതാത്ത സമയത്തായിരുന്നു അദ്ദേഹത്തിന്റെ മോചനം. ജോര്‍ദാനിയന്‍ തലസ്ഥാനമായ അമ്മാനില്‍ ഖാലിദ് മിശ്അലിനെ വിഷം കുത്തിവെച്ച് കൊല്ലാന്‍ വന്ന രണ്ട് മൊസാദ് ചാരന്മാരെ അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ പിടികൂടിയിരുന്നു. അവരുടെ മോചനത്തിന് പകരമായാണ് ഇസ്രയേല്‍ ശൈഖ് യാസീനെ വിട്ടയക്കേണ്ടിവന്നത്. ഫലസ്ത്വീന്‍ കണ്ട ഏറ്റവും വലിയ ജനസാഗരമാണ് തടവ് കഴിഞ്ഞുവന്ന യാസീനെ സ്വീകരിക്കാന്‍ ഒത്തു ചേര്‍ന്നത്.
ചക്രക്കസേരയിലിരുന്ന് വീണ്ടും അദ്ദേഹം ആ പ്രസ്ഥാനത്തെ നയിച്ചു. 2003 സെപ്റ്റംബര്‍ ആറിന് ഹമാസിന്റെ സമുന്നത നേതാക്കളോടൊത്ത് ഒരു മീറ്റിംഗില്‍ പങ്കെടുക്കവെ യോഗം നടക്കുന്ന കെട്ടിടത്തില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചു. യാസീനെ കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. ഇസ്രയേല്‍ ഹിറ്റ്‌ലിസ്റ്റിലുണ്ടെന്നറിഞ്ഞിട്ടും, ഒരു തവണ ആക്രമിക്കപ്പെട്ടിട്ടും പ്രത്യേകിച്ച് എന്തെങ്കിലും മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ യാസീന്‍ സന്നദ്ധനായില്ല. താമസം അല്‍സബ്‌റയിലെ ആ ആസ്ബസ്റ്റോസ് വീട്ടില്‍ തന്നെ. എല്ലാ ദിവസവും പുലര്‍ച്ചെ ചക്രക്കസേരയിലിരുന്ന് സഹായികളോടൊത്ത് മസ്ജിദുല്‍ മുജമ്മഇലേക്ക് പോവും. നമസ്‌കാര ശേഷം അല്‍പനേരം ഖുര്‍ആന്‍ ദര്‍സ്.  ആവലാതികളുമായി വരുന്നവരെ കേട്ടിരിക്കും. പതിവുകള്‍ തെറ്റിക്കാനോ പതിവ് വഴികളില്‍ നിന്ന് മാറി സഞ്ചരിക്കാനോ യാസീന്‍ ഒരുക്കമല്ലായിരുന്നു. 2004 മാര്‍ച്ച് 22-ന് അദ്ദേഹം ആഗ്രഹിച്ചത് സംഭവിച്ചു. അന്ന് സ്വുബഹ് നമസ്‌കാരവും ഖുര്‍ആന്‍ ദര്‍സും കഴിഞ്ഞ്  വീട്ടിലേക്ക് മടങ്ങവെ രക്തസാക്ഷിത്വം വഹിച്ചുകൊണ്ടുള്ള മിസൈലുകള്‍ ആ ചക്രക്കസേരയില്‍ പതിച്ചു. വികലാംഗനായ ഒരു വൃദ്ധനെ കൊല്ലാന്‍ മിസൈല്‍ പറഞ്ഞയക്കുന്ന ചരിത്രത്തിലെ ക്രൂരവിരോധാഭാസത്തിന് ആ തെരുവ് അന്ന് സാക്ഷ്യം വഹിച്ചു. യാസീന്റ തലയോട്ടികള്‍ ആ തെരുവില്‍ ചിന്നിച്ചിതറി. പുകപടലങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മഹേതിഹാസം ചുരുള്‍നിവര്‍ന്നുയര്‍ന്നു വന്നു. അന്നത്തെ ആക്രമണത്തിന്റെ വെടിപ്പാടുകള്‍ സമീപത്തെ കെട്ടിടങ്ങളില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്.
യാസീന്റെ വീട് ഇന്ന് വെറുമൊരു വീടല്ല. പോരാളികളുടെ തീര്‍ഥാടന കേന്ദ്രമാണത്. അത് ആ നിലയില്‍ തന്നെ സംരക്ഷിച്ചുനിര്‍ത്താന്‍ യാസീന്റെ കുടുംബം ശ്രദ്ധിക്കുന്നുമുണ്ട്. 11-ാമത്തെ മകന്‍ അബുല്‍ ഹയ്യ് ആണ് ഇപ്പോള്‍ അവിടെ താമസിക്കുന്നത്. ഗസ്സ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ പൂന്തോട്ടക്കാരനാണ് ഹയ്യ്. യാസീന്‍ ഉപയോഗിച്ച സര്‍വ വസ്തുക്കളും അങ്ങനെത്തെന്ന സൂക്ഷിച്ചുവെച്ചിരിക്കുന്നു. സെന്‍ട്രല്‍ ഹാളിലെ ചുമര്‍ മുഴുവന്‍ ചിത്രങ്ങളാണ്. പല ലോകനേതാക്കളോടൊത്ത് നില്‍ക്കുന്ന യാസീന്റെ ചിത്രങ്ങള്‍. അദ്ദേഹം കൈകാര്യം ചെയ്ത ഫയലുകള്‍. അനാഥകളുടെയും രക്തസാക്ഷി കുടുംബങ്ങളുടെയും സംരക്ഷണം അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ആകുല വിഷയമായിരുന്നു. അതുമായി ബന്ധപ്പെട്ട ഫയലുകളാണ് അധികവും. അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഇസ്മാഈല്‍ ഹനിയ്യ ഉപയോഗിച്ച കമ്പ്യൂട്ടര്‍, യാസീന്റെ പേന, കണ്ണട...എല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. രക്തസാക്ഷിയാവുമ്പോള്‍ അദ്ദേഹം സഞ്ചരിച്ച ചക്രക്കസേര നടുവില്‍ തന്നെയുണ്ട്. ആ യാത്രയില്‍ അദ്ദേഹം ധരിച്ച, രക്തക്കറ മായാത്ത ജാക്കറ്റ് ചക്രക്കസേരയില്‍ തൂക്കിയിട്ടത് കാണുമ്പോള്‍ നമ്മുടെ കണ്ണു നനഞ്ഞുപോവും. കസേരയില്‍ യാസീന്റെ വലിയ ചിത്രം കൂടിയാവുമ്പോള്‍ അദ്ദേഹം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്ന് തോന്നിപ്പോവും. യാസീന്റെ കിടപ്പു മുറിയും അങ്ങനെത്തന്നെയുണ്ട്. അദ്ദേഹം ഉപയോഗിച്ച കട്ടിലില്‍ അദ്ദേഹത്തിന്റെ വലിയൊരു ചിത്രം കിടത്തി വെച്ചിരിക്കുന്നു. വൈകാരികതയുടെ തിരകള്‍ സൃഷ്ടിക്കുന്ന ദൃശ്യങ്ങള്‍. അബുല്‍ഹയ്യിന് ശൈഖ് യാസീന്റെ അതേ ഭാവമാണ്. നീണ്ട മൂക്കുകള്‍. വിടര്‍ന്ന കണ്ണുകള്‍. ഇടതൂര്‍ന്ന താടി. യാസീന്റേത് പോലെത്തന്നെ പതിഞ്ഞ, സ്‌ത്രൈണത കലര്‍ന്ന ശബ്ദം. എങ്കിലും വാപ്പയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആവേശം തന്നെയാണ് ഹയ്യിന്. ഓരോ മുറിയിലെത്തുമ്പോഴും ഓരോ വസ്തു കാണുമ്പോഴും അവയെ വിശദീകരിച്ച്, ഒരു ടൂറിസ്റ്റ് ഗൈഡിന്റെ പ്രഫഷണല്‍ കൃത്യതയോടെ ഹയ്യ് സംസാരിക്കും. ഒടുവില്‍ മടങ്ങുമ്പോള്‍, മറുപടി സംസാരത്തിനുള്ള എന്റെ ഊഴമായിരുന്നു. ആ മഹാമനുഷ്യന്റെ ഓര്‍മകള്‍ ഓരോ അണുവിലും തങ്ങിനില്‍ക്കുന്ന വൈകാരികത മുറ്റിയ അന്തരീക്ഷത്തില്‍ എനിക്ക് സംസാരം മുഴുമിപ്പിക്കാന്‍ പറ്റിയില്ല. വാക്കുകള്‍ ഇടറി. നാവ് കുഴഞ്ഞു. ശരീരം വിയര്‍ത്തു. ജലാല്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മുറിഞ്ഞ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാനാവാതെ ഞങ്ങള്‍ അവിടെ നിന്ന് പുറത്തുകടന്നു.
ശൈഖ് യാസീന്റെ വീട് സന്ദര്‍ശിച്ചുകൊണ്ടാണ് ഗസ്സ സന്ദര്‍ശനം തുടങ്ങിയതെങ്കില്‍ യാസീനെക്കുറിച്ചുള്ള പുസ്തകം അന്വേഷിച്ചുകൊണ്ടാണ് ആ യാത്ര അവസാനിച്ചത്. ശൈഖ് യാസീന്‍ പുസ്തകങ്ങളൊന്നുമെഴുതിയിട്ടില്ല. പുകവലിയുടെ ദൂഷ്യങ്ങള്‍ വിശദമാക്കുന്ന ഒരു കൈപ്പുസ്തകം മാത്രമാണ് അദ്ദേഹത്തിന്റേതായുള്ളത്. സിഗരറ്റ് ഫലസ്ത്വീന്‍, ഈജിപ്ത് ദേശങ്ങളിലെ ദേശീയ ഭക്ഷണമാണ്. കയ്‌റോവില്‍ ഏറ്റവും തിരക്കേറിയ തെരുവുകളില്‍ പോലും വാഹനപ്പുകയെ അതിജയിക്കും വണ്ണം സിഗരറ്റ് പുകച്ചുരുളുകളുടെ സാന്നിധ്യമുണ്ടാവും. മുഖത്തെ മറ്റൊരു അവയവമാണോ സിഗരറ്റ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഈജിപ്തുകാരും സിഗരറ്റും തമ്മിലുള്ള ബന്ധം. എന്നാലോ, സ്വന്തമായി ഉല്‍പാദിപ്പിച്ചത് കാണാനേ ഇല്ല. എല്ലാം പരദേശി ബ്രാന്റുകള്‍. ഏതാണ്ട് ഇതുതന്നെയായിരുന്നു ഫലസ്ത്വീനിലെയും അവസ്ഥ. ശൈഖ് യാസീന്റെയും ഹമാസിന്റെയും വ്യാപകമായ ബോധവത്കരണമാണ് ഗസ്സയിലെ സിഗരറ്റ് ഉപഭോഗം കുറച്ചത്.
ശൈഖ് യാസീനെക്കുറിച്ചുള്ള ഡോ. ഹുസൈന്‍ അല്‍ ഗഫ്ഫാന്റെ പുസ്തകത്തെക്കുറിച്ച് അറിഞ്ഞ ഞങ്ങള്‍, അത് വേണമെന്ന് നേരത്തെ തന്നെ ജലാലിനോട് പറഞ്ഞിരുന്നു. മടക്കയാത്രയിലാണ് ബുക് സ്റ്റാളില്‍ കയറാനുള്ള അവസരം കിട്ടിയത്. റിമാലിലെ വലിയൊരു പുസ്തകക്കടയില്‍ ആ പുസ്തകം അന്വേഷിച്ചെങ്കിലും അത് അവിടെയില്ല. ജലാല്‍ ആദ്യമായി ദേഷ്യപ്പെടുന്നത് കണ്ടത് അപ്പോഴാണ്. അന്യദേശത്ത് നിന്ന് വന്നവര്‍ നമ്മുടെ ശൈഖിനെക്കുറിച്ച പുസ്തകമന്വേഷിച്ചിട്ട് കൊടുക്കാനില്ലെങ്കില്‍ പിന്നെ താനെന്തിനാണ് പുസ്തകക്കട നടത്തുന്നതെന്നായിരുന്നു ജലാലിന്റെ ചോദ്യം. ചോദ്യത്തിന് മുന്നില്‍ പരുങ്ങി നില്‍ക്കാനേ അയാള്‍ക്ക് കഴിഞ്ഞുള്ളൂ. എങ്കിലും മറ്റൊരു ബുക്സ്റ്റാളില്‍ നിന്ന് അത് സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ലോക പുസ്തക മാര്‍ക്കറ്റിലെ ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ പോലും ആ കടയില്‍ ലഭ്യമായിരുന്നു.
ഗസ്സയില്‍ നിന്ന് എന്താണ് കൊണ്ടുവരാനുള്ളത് എന്ന് ചോദിച്ചാല്‍ യാസീന്റെ ജീവിതം എന്നതായിരിക്കും ഏറ്റവും ലളിതമായ ഉത്തരം. ചക്രക്കസേരയിലെ അനന്തവിസ്മയം എന്ന് നമുക്ക് ആ ജീവിതത്തെ വിശേഷിപ്പിക്കാം. പ്രതിസന്ധികള്‍ എന്നൊരു വാക്കേ നിഘണ്ടുവിലില്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച മഹാമനുഷ്യന്‍. അദ്ദേഹത്തിന്റെ സാന്നിധ്യമാകാം ആ ജനതക്ക് ഇത്രയും നിശ്ചയദാര്‍ഢ്യം നേടിക്കൊടുത്തത്. 12-ാം വയസ്സില്‍ നട്ടെല്ലിന് ക്ഷതമേറ്റ ഒരു മനുഷ്യന്‍ ലോകത്തുള്ള മുഴുവന്‍ പോരാളികളുടെയും നട്ടെല്ലായി സ്വയം പരിവര്‍ത്തിക്കപ്പെടുന്നതിന്റെ അസാധാരണമായ കാഴ്ചയാണ് ആ ജീവിതം. ചക്രക്കസേരയിലിരിക്കുമ്പോഴും കുനിയാതിരിക്കുക എന്നതാണ് അദ്ദേഹം പഠിപ്പിച്ച പാഠം.
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍