Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

നോമ്പ്, ഹജ്ജ്

ഡോ. മുഹമ്മദ് ഹമീദുല്ല / പഠനം

നോമ്പിനെക്കുറിച്ച് താല്‍പര്യമുണര്‍ത്തുന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി പാരീസില്‍ നിന്ന്. ഡോ. ജിയോഫ്രി എന്നൊരാളാണ് ഗ്രന്ഥകാരന്‍. വൈദ്യശാസ്ത്രത്തിന്റെ പക്ഷത്ത് നിന്നുകൊണ്ട് നോമ്പിന് അനുകൂലമായി വാദിക്കുകയാണ് അദ്ദേഹം. വ്രതമനുഷ്ഠിക്കുന്നത് മനുഷ്യന്‍ മാത്രമല്ല, മരങ്ങളും മൃഗങ്ങളും ഉള്‍പ്പെടെ സകല ജീവജാലങ്ങളും ആ കര്‍മം അനുഷ്ഠിക്കുന്നുണ്ട്- അദ്ദേഹം പറയുന്നു. അതിശൈത്യവും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ വന്യ മൃഗങ്ങള്‍ ആഴ്ചകളോ മാസങ്ങളോ ഒരു ഭക്ഷണവും കഴിക്കാതെ കഴിച്ചുകൂട്ടുന്നുണ്ട്. എന്നിട്ടും അവ അതിജീവിക്കുന്നു. പാമ്പുകളും ഇതുപോലെ ശൈത്യകാലത്ത് മാളത്തില്‍ നിന്ന് പുറത്തിറങ്ങാതെ അര്‍ധ നിദ്രയില്‍ കഴിഞ്ഞുകൂടാറുണ്ട്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ഈ ഘട്ടത്തിന് ശേഷമാണ് പാമ്പുകള്‍ക്ക് ഉന്മേഷവും നവജീവനും കൈവരുന്നത്. അവ പഴയ പുറന്തൊലികള്‍ പൊഴിച്ച് കളയുകയും പുതിയ തൊലികളുമായി യുവത്വം തിരിച്ചുപിടിക്കുകയും ചെയ്യുന്നു. ഉപവാസം കൂടുതല്‍ കരുത്തും ഉന്മേഷവും പകര്‍ന്നു നല്‍കുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍. ശൈത്യകാലത്ത് മരങ്ങള്‍ അവയുടെ ഇലകള്‍ പൊഴിച്ചു കളയുന്ന വേളയിലും ഇതുപോലെ ഉപവാസത്തിന്റെ ഒരവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ആഴ്ചകളോ മാസങ്ങളോ അവ വെള്ളം വലിച്ചെടുക്കാതെ കഴിഞ്ഞുകൂടും. ഋതുമാറ്റത്തിന്റെ തുടക്കത്തില്‍ ആ മരങ്ങളില്‍ പുതിയ തളിരിലകള്‍ കുരുക്കും; പൂമൊട്ടുകളുണ്ടാകും; പൂക്കള്‍ വിരിയും; പിന്നെയവ നമുക്ക് പഴക്കുലകള്‍ സമ്മാനിക്കും. എങ്ങും സൗന്ദര്യം, ഊര്‍ജസ്വലത, യുവത്വം.
ഈ പ്രകൃതിപ്രതിഭാസങ്ങളെ മുന്‍നിര്‍ത്തി ഡോ. ജിയോഫ്രി വാദിക്കുന്നത്, മനുഷ്യര്‍ക്കും ഉപവാസം വളരെയധികം പ്രയോജനം ചെയ്യുമെന്നാണ്. അത് ആരോഗ്യം നിലനിര്‍ത്തും; നവോന്മേഷം പ്രദാനം ചെയ്യും. ഇനിയും മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്ത പല രോഗങ്ങളെയും ഉപവാസം കൊണ്ട് ചികിത്സിക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതെല്ലാം സമര്‍ഥിച്ച ശേഷം ഗ്രന്ഥകാരന്‍ പുസ്തകത്തിന്റെ ഒടുവില്‍ പറയുന്നത്, വര്‍ഷത്തില്‍ ഓരോ വ്യക്തിയും ഏഴ് ആഴ്ച വ്രതമനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ് എന്നാണ്. ഇതില്‍ ഓരോ  ആഴ്ചയും ഒരു ദിവസം വ്രതത്തില്‍ നിന്ന് വിട്ടുനില്‍ക്കാം. അപ്പോള്‍ വര്‍ഷത്തില്‍ 42 ദിവസം (6x7) നോമ്പെടുക്കണം. ക്രൈസ്തവ വിശ്വാസമനുസരിച്ചുള്ള ഉപവാസത്തിന്റെ ചുവട് പിടിച്ചാണ് ഈ എണ്ണം കണക്കാക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
പ്രവാചകനാവുന്നതിന് മുമ്പ് യേശു മരുഭൂമിയിലേക്ക് പോയിരുന്നെന്നും അവിടെയായിരിക്കെ തുടര്‍ച്ചയായി 40 ദിവസം വ്രതമനുഷ്ഠിച്ചെന്നും ബൈബിളില്‍ വിവരണമുണ്ട്. ആദ്യകാല ക്രൈസ്തവ വിശ്വാസികള്‍ ഈ മാതൃക പിന്തുടര്‍ന്നിരുന്നെങ്കിലും, പലേടത്തും പല രീതിയിലാണ് ഇത് അനുഷ്ഠിക്കപ്പെട്ട് പോന്നത്. ക്രി. 439-ന് മുമ്പ് റോമിലെ ക്രിസ്ത്യാനികള്‍ മൂന്ന് ആഴ്ച മാത്രമാണ് വ്രതമനുഷ്ഠിച്ചിരുന്നത്. അലക്‌സാണ്ട്രിയയിലുള്ളവര്‍ക്ക് ഏഴ് ആഴ്ച നീണ്ട വ്രതാനുഷ്ഠാനമായിരുന്നു. ശനി-ഞായര്‍ ദിവസങ്ങളെ ഒഴിവ് ദിനങ്ങളായി കണക്കാക്കി ഇതില്‍ നിന്നൊഴിവാക്കുകയും ഒരു 'വിശുദ്ധ ശനി'യെ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നതിനാല്‍ 36 ദിവസങ്ങളാണ് അലക്‌സാണ്ട്രിയക്കാര്‍ക്ക് നോമ്പെടുക്കേണ്ടിയിരുന്നത്. വര്‍ഷത്തിലെ പത്തിലൊന്ന് ദിവസങ്ങള്‍ എന്നതായിരിക്കാം ഈ കണക്കുകൂട്ടലിന് ആധാരം. മറ്റു ഉല്‍പന്നങ്ങളെപ്പോലെ ഭക്ഷണത്തിന്റെ പത്തിലൊന്നും അവര്‍ ദാനമായി നല്‍കിയിരുന്നു. പ്രഭാതം മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയായിരുന്നു ഈ വ്രതത്തിന്റെ ദൈര്‍ഘ്യം. 21 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും ഇത് നിര്‍ബന്ധവുമായിരുന്നു.
ഇബ്‌നുമാജ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ എല്ലാറ്റിനും 'സകാത്ത്' നിര്‍ബന്ധമാണ് എന്ന് വന്നിട്ടുണ്ട്. ശരീരത്തിന്റെ 'സകാത്ത്' (സംസ്‌കരണം) ആണ് വ്രതം. റമദാന്‍ മാസവും ശവ്വാല്‍ മാസത്തിലെ ആറ് ദിനങ്ങളും നോമ്പെടുത്തവര്‍ ഒരു വര്‍ഷം മുഴുക്കെ നോമ്പെടുത്തവരെപ്പോലെയാണെന്ന് മറ്റൊരു നബിവചനത്തിലുമുണ്ട്. 'ആരെങ്കിലും ഒരു നന്മ പ്രവര്‍ത്തിച്ചാല്‍ അവന് അതിന്റെ പത്തിരട്ടി പ്രതിഫലമുണ്ട്' (6:160) എന്ന ഖുര്‍ആനിക സൂക്തത്തിന്റെ ചുവട് പിടിച്ചാവാം ഈ കണക്ക് കൂട്ടല്‍. എങ്ങനെയായാലും കണക്ക് ശരിയാകും. ഒരു മാസവും ഒരാഴ്ചയും നോമ്പെടുത്തവന് ഒരു വര്‍ഷം മുഴുവന്‍ നോമ്പെടുത്തവന്റെ പ്രതിഫലം എന്ന് പറയുന്നതും പത്തിരട്ടി പ്രതിഫലം എന്ന് പറയുന്നതും തുല്യമാണല്ലോ. മറ്റൊരു രീതിയില്‍ കണക്ക് കൂട്ടി നോക്കാം. റമദാന്‍ മാസം ചിലപ്പോള്‍ 29-ഉം ചിലപ്പോള്‍ 30-ഉം ദിവസങ്ങളായിരിക്കും. ശവ്വാല്‍ മാസത്തിലെ 'ആറ് നോമ്പ്' കൂടി ഇതിനോടൊപ്പം ചേര്‍ത്താല്‍ വര്‍ഷാന്ത നോമ്പ് 35 അല്ലെങ്കില്‍ 36 ദിവസങ്ങളായിരിക്കും. ഇതിനെ പത്തുകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത് 350 അല്ലെങ്കില്‍ 360. ഇതിന്റെ ശരാശരിയായ 355 ദിവസങ്ങളാണ് ഒരു ശരാശരി ചന്ദ്രവര്‍ഷത്തിലും ഉള്ളത് എന്ന് നാം കണ്ടെത്തുന്നു.
ഹിന്ദുക്കള്‍ക്കും ഉണ്ട് വ്രതവും ഉപവാസവുമെല്ലാം. പക്ഷേ, വ്രതത്തിന്റെ എണ്ണമോ സമയകാലയളവോ ഒന്നും ക്ലിപ്തമല്ല. ചിലര്‍ മഹദ് വ്യക്തികളുടെ ജന്മദിനത്തിലും സൂര്യ ചന്ദ്രന്മാരുടെ ഗ്രഹണ ദിവസത്തിലുമൊക്കെ വ്രതമെടുക്കാറുണ്ട്. വൈകീട്ട് മൂന്ന് മണിയാവുമ്പോഴേക്ക് വ്രതം അവസാനിപ്പിക്കുകയും ചെയ്യും. മെക്‌സിക്കോയിലെ റെഡ് ഇന്ത്യന്‍ മത പുരോഹിതന്മാര്‍ ഓരോ ദിവസം ഇടവിട്ട് നോമ്പെടുക്കാറുണ്ട്. ദാവൂദ് നബി ഇങ്ങനെയാണ് നോമ്പെടുത്തിരുന്നതെന്ന് ഒരു നബിവചനത്തില്‍ വന്നിട്ടുണ്ട്. പുരാതന കാലത്തെ ചില രാജ്യങ്ങള്‍ വസന്തകാലത്ത് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയിരുന്നു. അവിവാഹിതര്‍ തമ്മിലുള്ള ലൈംഗിക വേഴ്ച തടയാനായിരുന്നുവത്രെ ആ നിയമം. പാതിവ്രത്യം സംരക്ഷിക്കാന്‍ നോമ്പെടുക്കൂ എന്ന് യുവാക്കളോട് പ്രവാചകന്‍ തന്നെ നിര്‍ദേശിച്ചിരുന്നുവല്ലോ.

ഹജ്ജ്

ഒരു പുണ്യവാളന്റെയോ ഗുരുവിന്റെയോ മതസ്ഥാപകന്റെയോ ശവക്കല്ലറയിലേക്ക് ഒരു യാത്ര. ഇതാണ് മിക്ക ജനവിഭാഗങ്ങളുടെയും തീര്‍ഥാടനം. പ്രകൃതിയുടെ അസാധാരണ പ്രതിഭാസങ്ങള്‍ കണ്ടുവരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നതും ഒരിനം തീര്‍ഥാടനമാണ്. ഉദാഹരണത്തിന്, ഹിന്ദുമത വിശ്വാസികള്‍ ഗംഗാ നദിയുടെ ഉത്ഭവസ്ഥാനത്തേക്ക് തീര്‍ഥയാത്ര നടത്തുന്നു. അവരെ സംബന്ധിച്ചേടത്തോളം അത് വളരെ പുണ്യകരമായ ഒന്നാണ്. അലഹബാദില്‍ ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലത്തേക്കുള്ള തീര്‍ഥാടനവും ഇതുപോലെ തന്നെ. യേശു ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗത്തിലേക്ക് പോയി എന്നാണ് ക്രൈസ്തവര്‍ പൊതുവെ വിശ്വസിക്കുന്നതെങ്കിലും, യേശുവിന്റെ ഒഴിഞ്ഞ കല്ലറ കാണുന്നത് അവര്‍ക്ക് വളരെ പുണ്യകരമാണ്. വിശുദ്ധ ഭൂമിയിലേക്ക് യാത്ര ചെയ്യാന്‍ സാമ്പത്തിക ഞെരുക്കമുള്ളവര്‍ക്ക് വത്തിക്കാനിലെ സെന്റ് പീറ്റര്‍ കല്ലറ സന്ദര്‍ശിച്ചാലും മതി. മതത്തെ പുഛിക്കുന്ന കമ്യൂണിസ്റ്റുകാര്‍ വരെ ലണ്ടനിലെ കാള്‍മാര്‍ക്‌സ് ശവകുടീരം സന്ദര്‍ശിക്കുന്നു. ഈ തീര്‍ഥയാത്രകളൊക്കെയും ബന്ധപ്പെട്ടിരിക്കുന്നത് ഒന്നുകില്‍ ഒരു പുണ്യവാളന്റെ ശവക്കല്ലറയുമായി, അല്ലെങ്കില്‍ ഒരു പ്രകൃതി പ്രതിഭാസവുമായി.
മുസ്‌ലിംകളുടെ തീര്‍ഥയാത്ര തീര്‍ത്തും വ്യത്യസ്തമാണ്. അത് 'ദൈവഭവനം' സന്ദര്‍ശിക്കാനുള്ള യാത്രയാണ്. പ്രതീകാത്മകമായി 'കഅ്ബ' ഈ പേരിലാണ് അറിയപ്പെടുന്നത്. ഈ പ്രതീകത്തിന്റെ പൊരുളുകളെക്കുറിച്ച് ആലോചിക്കുന്നത് താല്‍പര്യജനകമാണ്. എല്ലാ നല്ല പേരുകളും ദൈവത്തിലേക്ക് ചേര്‍ക്കാമെങ്കിലും, അവന്റേത് മാത്രമായി 99 പേരുകള്‍ വന്നിട്ടുണ്ട്. പേരുകളൊക്കെയും ദൈവത്തിന്റെ എന്തെങ്കിലും ഗുണവിശേഷണങ്ങളാണ്. 'സ്രഷ്ടാവ്', 'സംരക്ഷകന്‍'... പോലെ. എന്റെ അഭിപ്രായത്തില്‍, ഈ ഗുണങ്ങളില്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ഏറ്റവും മനോഹരമായി ആവിഷ്‌കരിക്കുന്നത് 'മാലിക്' (രാജാവ്) എന്ന ഗുണമാണ്.
നമ്മളൊരു പേര്/ഗുണം പറയുമ്പോള്‍ അതിന് സമൂഹത്തില്‍ മനസ്സിലാക്കപ്പെടുന്ന ഒരു അര്‍ഥമുണ്ടാകുമല്ലോ. 'രാജാവ്' എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ഒരു സിംഹാസനം ഉണ്ടായിരിക്കണം. ആകാശലോകം ദൈവത്തിന്റെ സിംഹാസനമാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. 'അര്‍ശ്' എന്ന അറബി വാക്കിന്റെ അര്‍ഥം സിംഹാസനം എന്നാണ്. രാജാവിന് ഒരു സൈന്യവും ഉണ്ടായിരിക്കും. ''ആകാശഭൂമികളില്‍ അല്ലാഹുവിന് സൈന്യങ്ങളുണ്ട്'' (48:4). രാജാവിന് ഖജനാവുകള്‍ ഉണ്ടാവും. ''ആകാശഭൂമികളുടെ ഖജനാവുകള്‍ അല്ലാഹുവിനുള്ളതാണ്'' (63:7). രാജാവിനൊരു രാജ്യവും ഉണ്ടാവുമല്ലോ. ''ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനുള്ളതാകുന്നു'' (3:188).
രാജ്യത്തിനൊരു തലസ്ഥാനമുണ്ടാവുക വളരെ അനിവാര്യം. തലസ്ഥാന നഗരിയെ കുറിക്കാന്‍ ഇംഗ്ലീഷില്‍ പ്രയോഗിക്കുന്ന വാക്ക് Metropolis എന്നാണ്. ഇത് ഗ്രീക്കില്‍ നിന്ന് കടമെടുത്ത വാക്കാണ്, അര്‍ഥം: 'നഗരങ്ങളുടെ മാതാവ്'. വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച 'ഉമ്മുല്‍ ഖുറാ' (6:92) എന്ന വാക്കിനും ഇതേ അര്‍ഥമാണുള്ളത്. മക്ക നഗരം ഉമ്മുല്‍ ഖുറ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദൈവിക സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയാണത് എന്നൊരു ധ്വനി ആ പ്രയോഗത്തിലില്ലേ?  തലസ്ഥാന നഗരിയുണ്ടെങ്കില്‍ അവിടെ ഒരു 'കൊട്ടാര'വും കാണുമല്ലോ. പരിശുദ്ധ ഭവനം (5:97) എന്ന് വിശേഷിപ്പിക്കപ്പെട്ട കഅ്ബയാണ് ആ രാജകൊട്ടാരം. രാജ്യത്തിനൊരു രാജാവുണ്ടെങ്കില്‍, പ്രജകള്‍ രാജാവിന്റെ കൈതൊട്ട് അനുസരണ പ്രതിജ്ഞ നടത്തുന്നതിനായി ആ തലസ്ഥാന നഗരിയിലേക്ക് വരുമല്ലോ.
മുസ്‌ലിംകള്‍ തീര്‍ഥാടനത്തിനായി മക്കയിലെത്തിയാല്‍ കഅ്ബയില്‍ ചെന്ന് 'കറുത്ത കല്ലി'(അല്‍ ഹജറുല്‍ അസ്‌വദ്)നെ മുത്തുന്നു. കല്ലിന്റെ അടുത്ത് എത്തിപ്പെടാന്‍ കഴിയാത്തവര്‍ ദൂരെ നിന്ന് അതിന് നേരെ കൈവീശി കാണിച്ച് കൈയില്‍ മുത്തമിടുന്നു. കഅ്ബക്ക് ചുറ്റുമുള്ള നടത്തം ആരംഭിക്കുന്നത് ഇതോടെയാണ്. നമ്മുടെ പണ്ഡിതന്മാര്‍ ഈ മുത്തത്തിന് രണ്ട് പേര്‍ പറഞ്ഞു കാണുന്നുണ്ട്. ഒന്ന്, ഇസ്തിലാം (വിധേയപ്പെടല്‍). രണ്ട്, ബൈഅത്ത്. 'സ്വന്തത്തെ വില്‍ക്കുക' എന്നാണ് ബൈഅത്ത് എന്ന വാക്കിന്റെ അര്‍ഥം. ദൈവത്തിന് പൂര്‍ണമായി വിധേയപ്പെട്ട് കൊള്ളാമെന്ന പ്രതിജ്ഞയോടെ ഒരാള്‍ സ്വന്തത്തെ ദൈവത്തിന് വില്‍ക്കുകയാണ്. ദൈവവുമായി നാം ഒരു കരാറില്‍ ഏര്‍പ്പെടുകയാണ്. അത് പാലിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു. പ്രതിജ്ഞയെടുക്കുന്നതിന് അറബികള്‍ക്ക് ഒരു രീതിയുണ്ട്. പ്രതിജ്ഞയെടുക്കുന്ന ആള്‍ തന്റെ കൈ മറ്റേ ആളുടെ കൈമേല്‍ വെക്കുന്നു. ഇവിടെ നാമും നമ്മുടെ കൈ 'ദൈവത്തിന്റെ കൈ' മേല്‍ വെക്കുന്നു. 'ദൈവത്തിന്റെ കൈ' എന്ന പ്രയോഗം കണ്ട് ബേജാറാവേണ്ട. പ്രതീകാത്മകമായ അര്‍ഥത്തില്‍ പ്രയോഗിച്ചതാണ്. 'കറുത്ത കല്ല് ദൈവത്തിന്റെ, ഭൂമിയിലെ വലത് കൈ' ആണെന്ന അര്‍ഥത്തില്‍, പലരില്‍ നിന്നായി ഉദ്ധരിക്കപ്പെട്ട നബിവചനത്തിനും ഈ പ്രതീകാത്മക അര്‍ഥമാണുള്ളത്. അങ്ങനെ 'ദൈവത്തിന്റെ കൈ'യില്‍ കൈവെച്ച് നാം നമ്മുടെ കൂറും സന്നദ്ധതയും പ്രതിബദ്ധതയും പ്രഖ്യാപിക്കുകയാണ്. സര്‍വശക്തനായ പ്രപഞ്ചനാഥന് നാം നമ്മുടെ കളങ്കമേശാത്ത കൂറ് പ്രഖ്യാപിക്കുമ്പോള്‍ അവന്‍ നമ്മെ അവന്റെ ഭവനത്തിന്റെ കാവല്‍ക്കാരാക്കുന്നു.
നാം കഅ്ബക്ക് ചുറ്റും വലം വെക്കുമ്പോള്‍ ആ ഭവനത്തിന്റെ കാവലാളുകളായിത്തീരുകയാണ് നമ്മള്‍. ഈ ഡ്യൂട്ടി ജീവിതകാലം മുഴുവന്‍ 24 മണിക്കൂറും നാം ചെയ്യേണ്ടതാണ്. പക്ഷേ, കഅ്ബയെ ഏഴു വലം വെക്കല്‍ മതിയാവും എന്ന് ദൈവം നിശ്ചയിച്ചിരിക്കുകയാണ്. ഏഴ് എന്ന അക്കം വളരെ പ്രതീകാത്മകമാണ്. തുടക്കമോ ഒടുക്കമോ ഇല്ലാത്തതാണ് സമയം. പക്ഷേ, സമയം കണക്കാക്കാന്‍ വേണ്ടി നാമൊരു അതിര് വരക്കുമ്പോള്‍ നാം ഏഴ് എന്ന അക്കത്തെയാണ് ഉപയോഗിക്കുന്നത്. സമയത്തെ ഏഴ് ദിവസങ്ങള്‍ വീതമുള്ള ആഴ്ചയാക്കി തിരിക്കുന്നു. ആ ഏഴ് ദിനങ്ങള്‍ തന്നെയാണ് പിന്നെയും പിന്നെയും ആവര്‍ത്തിക്കുന്നത്. വേറെയും 'ഏഴുകള്‍' ഉണ്ട്. ഏഴാകാശങ്ങള്‍ ഉദാഹരണം. ഏഴ് എന്ന അക്കത്തിന് പ്രതീകാത്മകമായി പരിധികളില്ലാത്തത് എന്ന അര്‍ഥമാണ് നല്‍കപ്പെടുന്നത്. അപ്പോള്‍ കഅ്ബയെ നാം ഏഴു പ്രാവശ്യം വലം വെച്ചാല്‍ അനന്തമായി നാം ആ ഡ്യൂട്ടി ചെയ്യുന്നതിന് തുല്യമാണ്. ദൈവഭവനത്തിന്റെ സംരക്ഷണം എന്ന ഡ്യൂട്ടി. അത് വലിയൊരു ബഹുമതിയാണ്. വളരെ വിശ്വസ്തരും കൂറ് പുലര്‍ത്തുന്നവരുമായ പ്രജകള്‍ക്കേ ആ ബഹുമതി ലഭിക്കൂ എന്നും കൂട്ടത്തില്‍ അറിയുക. അത്തരക്കാര്‍ക്കല്ലേ 'രാജകീയ കൊട്ടാരം' സംരക്ഷിക്കാനാവൂ.
ത്വവാഫ് (കഅ്ബ വലംവെക്കല്‍) എന്ന അനുഷ്ഠാനത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. വേറെയും അനുഷ്ഠാനങ്ങളുണ്ട്. സ്വഫ-മര്‍വ കുന്നുകള്‍ക്കിടയിലെ ഓട്ടമാണ് മറ്റൊരു അനുഷ്ഠാനം. പിന്നെ 'അറഫ'യിലേക്കുള്ള യാത്രയും 'മിന' സന്ദര്‍ശനവുമുണ്ട്. സ്വഫ-മര്‍വക്കിടയിലെ ഓട്ടം ഇബ്‌റാഹീം പ്രവാചകന്റെ ജീവിതകഥയെ പ്രതീകവത്കരിക്കുന്നു. ദൈവകല്‍പന പ്രകാരം ഇബ്‌റാഹീം തന്റെ ഭാര്യ ഹാജറിനെയും ശിശുപ്രായത്തിലുള്ള മകന്‍ ഇസ്മാഈലിനെയും വിജനമായ മരുഭൂമിയില്‍ ഉപേക്ഷിച്ച് തിരിച്ചുപോകുന്നു. അല്‍പം ഭക്ഷണവും ഒരു തോല്‍പാത്രത്തില്‍ കുറച്ച് വെള്ളവും മാത്രമാണ് കൈയിലുള്ളത്. ദിവസങ്ങള്‍ക്കകം ആ ഭക്ഷണവും വെള്ളവും തീര്‍ന്നു. വിശന്നും ദാഹിച്ചും കുഞ്ഞ് കരയാന്‍ തുടങ്ങി. വെള്ളമന്വേഷിച്ച് ആ മാതാവ് പരക്കം പാഞ്ഞു. പക്ഷേ, വെള്ളത്തിന്റെ യാതൊരു ലക്ഷണവും എങ്ങുമില്ല. സ്വഫാ ചെറിയൊരു കുന്നാണ്. അതിന് മുകളില്‍ കയറിയാല്‍ എവിടെയെങ്കിലും വെള്ളമുണ്ടെങ്കില്‍ കാണുമായിരിക്കും. ആ പ്രതീക്ഷയോടെ ഹാജര്‍ കുന്നുകയറി. ചുറ്റും നോക്കി. വെള്ളത്തിന്റെ യാതൊരു സൂചനയുമില്ല. അപ്പോള്‍ മറ്റൊരു കുന്നു കണ്ടു-മര്‍വ. അങ്ങോട്ടോടി, വെള്ളം കിട്ടുമോ എന്ന് നോക്കാന്‍. ഒരിറ്റ് വെള്ളം കിട്ടുമെന്ന പ്രതീക്ഷ അവിടെ നിന്നൊന്നും ലഭിച്ചില്ല. അസാധാരണമായ ശുഭപ്രതീക്ഷയുള്ള ഒരു മാതാവായിരുന്നു ഹാജര്‍. അവര്‍ കുഞ്ഞിനെ നോക്കാനായി ഓടി വരും. പിന്നെ സ്വഫയിലേക്കും മര്‍വയിലേക്കും ഓടിക്കയറും. ഏഴു തവണ ഈ അന്വേഷണം നീണ്ടു. ഇവിടത്തെ ഏഴും അനന്തതയെയും അനശ്വരതയെയും  പ്രതീകവത്കരിക്കുന്നു. ഏഴാം തവണ തിരിച്ച് വന്നു നോക്കുമ്പോള്‍ ശിശു കാലിട്ടടിച്ച ഭാഗത്ത് ഒരു ഉറവ് പൊട്ടിയൊഴുകുന്നതായി ഹാജര്‍ കണ്ടു. ഈ സംഭവം ഹജ്ജ് അനുഷ്ഠാനങ്ങളില്‍ ഉള്‍പ്പെടുത്തിയത് അപാരമായ മാതൃസ്‌നേഹത്തിന്റെ ഓര്‍മക്ക് വേണ്ടിയാണ്. സ്രഷ്ടാവിന് തന്റെ സൃഷ്ടികളോടുള്ള അപാ രസ്‌നേഹത്തെയും ഈ സംഭവം പ്രതീകവത്കരിക്കുന്നുണ്ട്.
ഈ അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ച ശേഷം ഹാജി പിന്നെ നീങ്ങുന്നത് അറഫയിലേക്കാണ്. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം വളരെ കാലങ്ങള്‍ കഴിഞ്ഞ് ആദമും ഹവ്വയും വീണ്ടും സന്ധിക്കുന്നത് ഇവിടെ വെച്ചാണെന്ന് ഒരു നബിവചനത്തില്‍ കാണാം. ദൈവം ആദമിന്റെ വീഴ്ച മാപ്പാക്കുകയാണുണ്ടായത്. അതിനാല്‍ അറഫയില്‍ നില്‍ക്കുന്ന ഒരാള്‍ മനുഷ്യസമൂഹത്തിന്റെ മഹാനായ ആദിപിതാവിനെ ഓര്‍മിക്കുകയാണ്. ആദമിനെ പോലെ തനിക്കും ദൈവം പൊറുത്തു തരും എന്ന് പ്രതീക്ഷിക്കുകയാണ്.
അറഫയില്‍ നിന്ന് പിന്നെ പോകുന്നത് മിനായിലേക്ക്. ഹദീസുകള്‍ പ്രകാരം, തന്റെ മകന്‍ ഇസ്മാഈലിനെ ബലികൊടുക്കണമെന്ന ദൈവാജ്ഞ ഇബ്‌റാഹീം നിറവേറ്റാനൊരുങ്ങുന്നത് മിനയില്‍ വെച്ചാണ്. മക്കയില്‍ നിന്ന് മകനെയും കൂട്ടി ഇബ്‌റാഹീം ബലിദാനത്തിനായി വരികയാണ്. അചഞ്ചലനായി, തീരുമാനത്തില്‍ ഒട്ടും പതറാതെ വരുന്ന ഇബ്‌റാഹീമിനെ പിശാച് കാണുന്നുണ്ട്. ഒരു മനുഷ്യ വേഷം പൂണ്ട് അദ്ദേഹത്തെ വഴിതെറ്റിക്കാനാവുമോ എന്നാണ് പിശാച് നോക്കുന്നത്. മനുഷ്യവേഷത്തില്‍ വന്ന പിശാച് പറഞ്ഞു: 'അല്ലയോ ഇബ്‌റാഹീം, സൂക്ഷിക്കണം. സ്വപ്നത്തില്‍ കണ്ടതല്ലേ. ഒരു പക്ഷേ ദൈവത്തിന്റെ രൂപത്തില്‍ വന്നത് പിശാച് തന്നെ ആണെങ്കിലോ?' മനസ്സില്‍ സംശയങ്ങള്‍ വിതക്കാനുള്ള പിശാചിന്റെ വേലകളൊന്നും വിലപ്പോയില്ല. പ്രവാചകന്മാര്‍ക്ക് സ്വന്തമായ ഉള്‍ക്കാഴ്ച കൊണ്ട്, തന്നെ വഴിതെറ്റിക്കാന്‍ വന്ന പിശാചിനെ ഇബ്‌റാഹീം തിരിച്ചറിഞ്ഞു. അദ്ദേഹം കുറച്ച് കല്ലുകള്‍ പെറുക്കിയെടുത്ത് പിശാചിനെ എറിഞ്ഞു. ഉടന്‍ തന്നെ പിശാച് അപ്രത്യക്ഷനായെങ്കിലും മറ്റൊരു രൂപത്തില്‍ ദൂരെ വീണ്ടും പ്രത്യക്ഷനായി. ഇത്തവണ ഭാര്യ ഹാജറിനെ വഴിതെറ്റിക്കാനായിരുന്നു ശ്രമം. ഒരേയൊരു മകനല്ലേ, അവനെ ഭര്‍ത്താവ് ബലി കൊടുക്കുക എന്നൊക്കെ പറഞ്ഞാല്‍... ആദ്യത്തെ പരീക്ഷണത്തേക്കാള്‍ കടുത്തതായിരുന്നു ഈ രണ്ടാമത്തെ പരീക്ഷണം. പക്ഷേ, ഹാജറും പിശാചിനെ തിരിച്ചറിയുകയും കല്ലെടുത്ത് എറിഞ്ഞ് അവനെ ഓടിക്കുകയും ചെയ്തു. പക്ഷേ, പിന്നെയും അതാ പിശാച്! ഇത്തവണ വന്നിരിക്കുന്നത് മകന്‍ ഇസ്മാഈലിന്റെ മുമ്പില്‍. ഒരു പിതാവ് സ്വന്തം മകനെ ഇങ്ങനെ അരുംകൊല ചെയ്യുകയെന്ന് വെച്ചാല്‍... അതിന് സമ്മതിക്കരുത്, പിശാച് ഉപദേശിച്ചു. ചെറുപ്പമാണെങ്കിലും പ്രവാചകന്റെ ഉള്‍ക്കാഴ്ചയോടെ ഇസ്മാഈലും പിശാചിനെ കൈയൊഴിഞ്ഞു. കല്ലെടുത്ത് അവനെ എറിഞ്ഞാട്ടുകയും ചെയ്തു. പിന്നെയുള്ള സംഭവങ്ങള്‍ വളരെ പ്രസിദ്ധം. ഇബ്‌റാഹീം ഇസ്മാഈലിനെ മുഖം മണ്ണോട് കമിഴ്ത്തി കിടത്തി. ഇബ്‌റാഹീം തന്റെ കണ്ണുകള്‍ ഒന്നുംകാണാനാവാത്ത വിധം മൂടിക്കെട്ടിയിരുന്നു. പിന്നെ, ഒട്ടും ശങ്കയില്ലാതെ കത്തി മകന്‍ ഇസ്മാഈലിന്റെ കഴുത്തിലേക്ക്...ബലി കഴിഞ്ഞ് ഇബ്‌റാഹീം കണ്ണിന്റെ കെട്ടഴിച്ചപ്പോള്‍, മകന്‍ പുഞ്ചിരിച്ച് കൊണ്ടതാ തന്റെ കണ്‍മുന്നില്‍! പകരമായി ബലി കൊടുക്കപ്പെട്ട ഒരാട് തൊട്ടപ്പുറത്തും.
ദൈവത്തിന് വേണ്ടി എന്തും ബലി കൊടുക്കും എന്ന ഇബ്‌റാഹീമിന്റെ പ്രഖ്യാപനത്തെ പരീക്ഷിക്കുകയായിരുന്നു ദൈവം. അതികഠിന പരീക്ഷണത്തിലൂടെയാണ് അദ്ദേഹത്തിന് കടന്നുപോകേണ്ടിവന്നത്. നൂറ് വയസ്സോളം പ്രായമായ ഘട്ടത്തില്‍ തനിക്കുണ്ടായ മകനെയാണ് ഇബ്‌റാഹീമിനോട് ബലി കൊടുക്കാന്‍ ആവശ്യപ്പെട്ടത്. സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും സമ്പൂര്‍ണ മാതൃക സമര്‍പ്പിക്കുകയായിരുന്നു ഇബ്‌റാഹീം. പരീക്ഷണത്തില്‍ അദ്ദേഹം വിജയകിരീടം ചൂടി. ആ മഹാനായ പ്രവാചകന്‍ പൈശാചിക പ്രേരണകള്‍ക്ക് വശംവദനാവാതെ നിലയുറപ്പിച്ചതിനെയാണ് 'പിശാചിനെ' കല്ലെറിയുന്നതിലൂടെയും ബലി മൃഗത്തെ അറുക്കുന്നതിലൂടെയും നാം മിനയില്‍ വെച്ച് ഓര്‍മിച്ചെടുക്കുന്നത്. മൂന്നിടത്താണ് നാം കല്ലെറിയുന്നത്. ദൈവാജ്ഞകള്‍ നടപ്പാക്കുന്നതിന് മുമ്പില്‍ പിശാച് കെട്ടിപ്പൊക്കുന്ന സര്‍വ മാര്‍ഗ തടസ്സങ്ങളെയും അതിജീവിക്കുമെന്ന പ്രതിജ്ഞയാണ് കല്ലേറ് എന്ന അനുഷ്ഠാനത്തിലൂടെ തീര്‍ഥാടകന്‍ പുതുക്കുന്നത്.
ഇസ്‌ലാമിലെ ആരാധനകളെക്കുറിച്ചാണല്ലോ നാം പറഞ്ഞുവന്നത്. മറ്റൊരു പ്രധാന ആരാധനാ കര്‍മമാണ് സകാത്ത്. ഇത് ഒരാളുടെ സ്വത്തിനെ വിശുദ്ധമാക്കുന്നു. ആത്മീയ-ഭൗതിക മൂല്യങ്ങളെ സമന്വയിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഇഹലോകത്തും പരലോകത്തും നന്മ ഉണ്ടാകണമെന്ന് അത് ലക്ഷ്യമാക്കുന്നു. സാമൂഹിക ക്ഷേമത്തിന് പണം നല്‍കിക്കൊണ്ട് ആത്മീയ മികവ് നേടിയെടുക്കുകയാണ് സകാത്തിലൂടെ ഒരാള്‍ ചെയ്യുന്നത്.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍