Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

വിവാഹങ്ങള്‍ ഭക്ഷ്യമേളകളായി മാറുന്നുണ്ടോ?

അബൂദര്‍റ് എടയൂര്‍ / കവര്‍‌സ്റ്റോറി

സ്‌ലാം വിരോധിച്ച കാര്യങ്ങളിലാണ് അമിതവ്യയത്തിന്റെയും ദുര്‍വ്യയത്തിന്റെയും സ്ഥാനം. പക്ഷേ പലരും അതൊരു അലങ്കാരമായി കൊണ്ടുനടക്കുകയാണ്. പല കാരണങ്ങള്‍ അതിനുണ്ടാകാം. വളര്‍ന്ന സാഹചര്യം, കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് സമ്പന്നതയിലേക്കുള്ള കുതിച്ചുചാട്ടം, ധൂര്‍ത്തന്മാരുമായുള്ള സഹവാസം, ഇണയുടെയോ മക്കളുടെയോ സമ്മര്‍ദം, ജീവിതം അടിച്ചുപൊളിക്കാനുള്ളതാണെന്ന വികലമായ കാഴ്ചപ്പാട്, ഞാന്‍ സമ്പാദിച്ചത് എങ്ങനെ ചെലവഴിക്കണമെന്ന് ഞാന്‍ തീരുമാനിക്കുമെന്ന അഹംഭാവം, സമ്പത്ത് അല്ലാഹു ഏല്‍പിച്ച അമാനത്താണെന്നും അതില്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്നും അത് അല്ലാഹുവിന്റെ ഇഛാനുസാരം മാത്രമേ ചെലവഴിക്കാവൂ എന്നുമുള്ള ചിന്തയില്ലായ്മ, സമൂഹത്തിലെ സ്ഥാനമാനങ്ങളുടെ സ്വാധീനം, ജനപ്രീതി നേടാനുള്ള അഭിലാഷം, ധൂര്‍ത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച അവബോധത്തിന്റെ അഭാവം തുടങ്ങിയവ അതില്‍ പെടുന്നു.
ജീവിത വ്യവഹാരങ്ങളിലെല്ലാം മധ്യമ നിലപാട് സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ടവരാണ് സത്യവിശ്വാസികള്‍. സത്യവിശ്വാസികളുടെ സവിശേഷതയായി ഖുര്‍ആന്‍ എടുത്തുപറയുന്നു: ''ധനം ചെലവഴിക്കുമ്പോള്‍ പിശുക്കും അമിതവ്യയവും കാണിക്കാതെ മധ്യനില സ്വീകരിക്കുന്നവരാണവര്‍'' (അല്‍ഫുര്‍ഖാന്‍ 67). പിശുക്കോ ധാരാളിത്തമോ പാടില്ലെന്നും അത് വിനാശത്തിലേക്കുള്ള പാതയാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''നിന്റെ കൈ പിരടിയില്‍ കെട്ടിവെക്കരുത്. മുഴുവനായി തുറന്നിടുകയും അരുത്. അങ്ങനെയായാല്‍ നീ അധിക്ഷേപിക്കപ്പെടുന്നവനും ദുഃഖിതനുമായിത്തീരും'' (അല്‍ഇസ്‌റാഅ് 29). അമിതവ്യയം ചെയ്യുന്നവര്‍ ചെകുത്താന്‍മാരുടെ സഹോദരങ്ങളാണെന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുന്നു. അതുപോലെ, വസ്ത്രത്തെയും അന്നപാനീയങ്ങളെയും കുറിച്ച് പറയുന്നു: ''ആദം സന്തതികളേ, എല്ലാ ആരാധനാ സന്ദര്‍ഭങ്ങളിലും അലങ്കാരങ്ങള്‍ അണിഞ്ഞുകൊള്ളുക. തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പക്ഷേ അമിതമാവരുത്. അമിതത്വം കാണിക്കുന്നവരെ അല്ലാഹു വെറുക്കുന്നു'' (അല്‍അഅ്‌റാഫ് 31).
ഖുര്‍ആനും പ്രവാചകനും വളരെ ശക്തമായ ഭാഷയില്‍ ഉണര്‍ത്തിയിട്ടും ധൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കാന്‍ പലര്‍ക്കും മനസ്സുവരുന്നില്ല. പ്രൗഢിയുടെയും പ്രതാപത്തിന്റെയും ചിഹ്നമായിട്ടാണ് ചിലര്‍ ധൂര്‍ത്തിനെ കാണുന്നത്. അത് അപകടസൂചനയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. സമ്പത്തിന്റെ ആധിക്യം കാരണം അധാര്‍മികതയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ ജീവിതശൈലിയും ദൈവഭയമില്ലായ്മയും മൂലം അല്ലാഹു ഏര്‍പ്പെടുത്തിയ പരീക്ഷണമാകാം പറങ്കിപ്പടയെന്ന് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫതുല്‍ മുജാഹിദീനില്‍ നിരീക്ഷിക്കുന്നുണ്ട്. ആഹാരവും വസ്ത്രവും പാര്‍പ്പിടവുമെല്ലാം ഐഹികജീവിതത്തിലെ അനിവാര്യതകളാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ജീവിത വിഭവങ്ങളെല്ലാം നല്‍കുന്നത് സ്രഷ്ടാവായതിനാല്‍ അക്കാര്യങ്ങളിലെല്ലാം അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മാനിക്കണമെന്ന ബോധമാണ് മറ്റുള്ളവരില്‍നിന്ന് ഒരു മുസ്‌ലിമിനെ വേറിട്ട് നിര്‍ത്തുന്നത്. ഇഹലോകത്തെ പേരും പെരുമയും ആനന്ദങ്ങളുമെല്ലാം നശ്വരമാണല്ലോ. ഒടുവില്‍ ചെന്നുനില്‍ക്കേണ്ടത് എല്ലാം നല്‍കിയ ദൈവത്തിന്റെ സന്നിധിയിലും. അതിനാല്‍ ഇഹലോകത്തെ സുഖഭോഗങ്ങളും ആഘോഷങ്ങളും അതിര് വിടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ പ്രധാന രംഗവേദികളിലൊന്നാണ് വിവാഹം. കമ്പോളവത്കരണത്തിന്റെ കടന്നുകയറ്റവും പൊങ്ങച്ചം പ്രകടിപ്പിക്കാനുള്ള ഉള്‍വിളിയും ഒന്നിച്ചുചേരുമ്പോള്‍ വിവാഹം മത്സരവേദിയായി മാറുന്നു. വിവാഹ ക്ഷണക്കത്ത് തീയതിയും സ്ഥലവും അറിയിക്കുക എന്നതില്‍ നിന്ന് മുന്നോട്ടുപോയി ആഡംബരത്തിന്റെ പ്രദര്‍ശന വസ്തുവായി. എത്ര ആയിരങ്ങളാണ് അതിന് വേണ്ടി തുലച്ചുകളയുന്നത്! വിവാഹത്തിന് തെരഞ്ഞെടുക്കുന്ന ഓഡിറ്റോറിയവും സ്റ്റാറ്റസിന്റെ സിംബലാണ്. എയര്‍കണ്ടീഷന്‍ ചെയ്ത ഓഡിറ്റോറിയത്തിന് വേണ്ടി ലക്ഷങ്ങള്‍ വാരിക്കോരി ചെലവിടുന്നു. പങ്കെടുക്കുന്നവരുടെ ആധിക്യം അന്തസ്സിന്റെ മാനദണ്ഡമായിത്തീര്‍ന്നിരിക്കുന്നു.
വധൂവരന്മാര്‍ക്ക് മാത്രം പോര പുതിയ വസ്ത്രങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണം; പെരുന്നാളിന് എടുത്ത വസ്ത്രത്തിന്റെ പുതുമണം മാറിയിട്ടില്ലെങ്കിലും. വിവാഹദിനത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ഉടുക്കാന്‍ വേണ്ടി പതിനായിരങ്ങളും ലക്ഷങ്ങളും ചെലവഴിച്ച് വസ്ത്രം വാങ്ങുന്നത് അമിതവ്യയമല്ല എന്ന് എങ്ങനെ വാദിക്കാനാവും? വിവാഹവസ്ത്രങ്ങള്‍ മറ്റുദിവസങ്ങളില്‍ ധരിക്കുന്നവര്‍ എത്രപേരുണ്ട് നമുക്കിടയില്‍?
ആഭരണങ്ങളുടെ കാര്യത്തിലുമില്ല നിയന്ത്രണം. നാള്‍ക്കുനാള്‍ പുതിയ ജ്വല്ലറി ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത് ആഭരണഭ്രമത്തിന്റെ മികച്ച തെളിവാണല്ലോ. നല്ല സാമ്പത്തിക ശേഷിയുണ്ടെന്ന് കരുതി മകളെ പൊന്നുകൊണ്ട് മൂടുന്നവര്‍ ആലോചിക്കണം, ഇതൊക്കെ അല്ലാഹു ഇഷ്ടപ്പെടുമോ എന്ന്. വിവാഹകമ്പോളത്തില്‍ നിന്ന് പത്ത് പവന്‍ കൊടുത്ത് മകള്‍ക്ക് ഒരു വരനെ വാങ്ങിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് ശേഷിയില്ലാത്തതിനാല്‍ വിവാഹം സ്വപ്നങ്ങളില്‍ ഒതുങ്ങിപ്പോയ പെണ്‍കുട്ടികളും, ചികിത്സക്ക് പണമില്ലാത്തതിനാല്‍ രോഗവും പേറി ദുരിതജീവിതം നയിക്കുന്നവരും, ചോര്‍ന്നൊലിക്കാത്ത മേല്‍ക്കൂരക്ക് കീഴില്‍ അന്തിയുറങ്ങാന്‍ കൊതിച്ചിട്ടും സഫലമാവാത്തവരും ചോദ്യചിഹ്നമായി നാട്ടിലുള്ളപ്പോള്‍ അതൊന്നും പ്രശ്‌നമാക്കാതെ ആഡംബരത്തിന് ഒരു കുറവും വരരുതെന്ന് ശഠിക്കുന്നത് അല്ലാഹു എങ്ങനെ ഇഷ്ടപ്പെടും? സ്വര്‍ണാഭരണം ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ല, അതിന് പരിധിയും നിശ്ചയിച്ചിട്ടില്ല എന്ന് ചിലര്‍ വാദിക്കാറുണ്ട്. എന്നാല്‍, ഭ്രാന്തമായ സ്വര്‍ണാഭരണ ഭ്രമം കാട്ടുന്ന സ്ത്രീകളെ കുറിച്ച ഒരു പ്രവാചകവചനം ശ്രദ്ധിക്കൂ ''മഞ്ഞയിലും  സ്വര്‍ണത്തിലും പൊതിഞ്ഞുനടക്കുന്ന സ്ത്രീകള്‍ക്ക് നാശം'' (ഇബ്‌നു ഹിബ്ബാന്‍).
നികാഹിന് ശേഷം വിവാഹസദ്യ നടത്തുക എന്നത് ഇസ്‌ലാം പഠിപ്പിച്ചതാണ്. വരനാണ് അത് നിര്‍വഹിക്കേണ്ടത്. അതേസമയം വധുവിന്റെ വീട്ടുകാര്‍ സദ്യയൊരുക്കുന്നതില്‍ തെറ്റൊന്നുമില്ല. ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യം തന്നെ. എന്നാല്‍ വിവാഹസദ്യ ഒരു ഭക്ഷ്യമേളയാക്കുന്നത് ഇസ്‌ലാമിന് അന്യമാണ്. പലതരം ബിരിയാണികള്‍, നെയ്‌ചോറ്, ഫ്രൈഡ്‌റൈസ്, പൊറോട്ട, ചപ്പാത്തി, വൈവിധ്യമാര്‍ന്ന പാശ്ചാത്യ-പൗരസ്ത്യ രീതികളില്‍ പാചകം ചെയ്യുന്ന മത്സ്യമാംസാദികള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഒരുക്കപ്പെടുന്നത്. മധുരപലഹാരങ്ങള്‍ വേറെയും. അങ്ങനെ ഈ ഭക്ഷണമാഹാത്മ്യത്തെ കുറിച്ച് അങ്ങാടിയില്‍ നാലാള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു സുഖമാണ് ചിലര്‍ക്ക്. വിവാഹത്തലേന്ന് ഒരു ക്വിന്റല്‍ അരിയാണത്രെ വെച്ചത്, കല്യാണത്തിന് രണ്ട് ചെമ്പ് ബിരിയാണി ബാക്കിയായത്രെ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിലരുടെ ഉള്‍ത്തടം അഭിമാനപൂരിതമാകുന്നു.
ആരോഗ്യത്തിന്റെ നിലനില്‍പിനും ശരീരപുഷ്ടിക്കും വേണ്ടി മാത്രമല്ല, ആസ്വാദനത്തിന് വേണ്ടിയും നാം ഭക്ഷണം കഴിക്കാറുണ്ട്. അതേസമയം ആമാശയത്തിന്റെ അടിമകളായി ജീവിക്കുന്നത് നമുക്ക് ഒട്ടും ഭൂഷണമല്ല. അത്തരമൊരു ഭക്ഷണസംസ്‌കാരം പ്രോത്സാഹിപ്പിക്കപെടാനും പാടില്ല. വിവാഹസദ്യ രുചിഭേദങ്ങളുടെ ഉത്സവമാക്കുന്നവര്‍ ധനം ധൂര്‍ത്തടിക്കുന്നുവെന്ന് മാത്രമല്ല, പരിധി വിട്ട് ഭക്ഷണം കഴിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒപ്പം, അത്ര വിഭവസമൃദ്ധമായ സദ്യ ഒരുക്കാത്തവരും അതിന് കഴിയാത്തവരും മോശക്കാരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ആളുകള്‍ക്ക് തിന്നാന്‍ കൊടുക്കുന്നതില്‍ എന്താണിത്ര തെറ്റ് എന്ന് ചോദിച്ച് വിമര്‍ശകരുടെ വായടപ്പിക്കുന്ന ചിലരുണ്ട്. അമിതമായി തിന്നരുത് എന്നും അമിതവ്യയം അരുത് എന്നുമുള്ള അല്ലാഹുവിന്റെ കല്‍പനകള്‍ ലംഘിക്കപ്പെടാന്‍ ഇടയാക്കുന്നത് തെറ്റുതന്നെയല്ലേ? തെറ്റിന് പ്രേരിപ്പിക്കുന്നതും തെറ്റുതന്നെയാണല്ലോ.
ജനപ്രീതി നേടാനും പ്രൗഢി കാണിക്കാനുമുള്ള ബദ്ധപ്പാടിനിടയില്‍ പരിപാവനമായ വിവാഹകര്‍മത്തിലേക്ക് ദൈവകോപവും അനിഷ്ടവും ക്ഷണിച്ചുവരുത്തുന്നത് വിഡ്ഢിത്തമല്ലേ. പണമുള്ളവര്‍ക്ക് അല്‍പമൊക്കെ ആഡംബരമാവാമെന്ന കാഴ്ചപ്പാട് ഇസ്‌ലാമികമല്ല. മുആദുബ്‌നു ജബലിനെ യമനിലേക്ക് ഗവര്‍ണറായി അയക്കുമ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''ആഡംബര ജീവിതം ഒഴിവാക്കുക. ലൗകിക സുഖത്തിന് പിന്നാലെ പോകുന്നവരല്ല അല്ലാഹുവിന്റെ ദാസന്‍മാര്‍'' (അഹ്മദ്). 'ദാരിദ്ര്യമല്ല, സമ്പന്നതയാണ് ഞാന്‍ നിങ്ങളുടെ കാര്യത്തില്‍ ഭയപ്പെടുന്നതെ'ന്ന പ്രവാചകന്റെ ദീര്‍ഘദര്‍ശനം എത്ര അര്‍ഥവത്താണെന്ന് കാലം തെളിയിക്കുന്നു.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍