Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

കളിയല്ല കല്യാണം

'ളിയല്ല കല്യാണം' എന്ന ചൊല്ല് സൂചിപ്പിക്കുന്നത് സഗൗരവം അന്വേഷിച്ചും ആലോചിച്ചും വേണം അത് നടത്താനെന്നാണ്. യുവതീ യുവാക്കളുടെ വ്യക്തിത്വ ഗുണങ്ങള്‍ തമ്മിലുള്ള പൊരുത്തം, സാംസ്‌കാരിക നിലവാരം, വിദ്യാഭ്യാസം, സമ്പത്ത്, സൗന്ദര്യം, അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. എല്ലാം ഒത്തുകിട്ടുക പ്രയാസമാണ്. വിട്ടുവീഴ്ച ചെയ്യേണ്ടത് സമ്പത്തിലും സൗന്ദര്യത്തിലുമാണ്. ഒട്ടും വിട്ടുവീഴ്ചയരുതാത്തതാണ് മനപ്പൊരുത്തവും സംസ്‌കാരവും. ഇപ്പോള്‍ സംഗതി കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും മനപ്പൊരുത്തത്തിലുമെല്ലാം വിട്ടുവീഴ്ചയാകാം, സൗന്ദര്യത്തില്‍ പറ്റില്ല. അത് സ്‌ക്രീനില്‍ കണ്ട് മനസ്സിലുറപ്പിച്ചതുതന്നെ കിട്ടണം. ഇങ്ങനെ കണ്ടെത്തുന്ന ബന്ധങ്ങളിലേറെയും അശാന്തമാണ്. ഈ അശാന്തി സമൂഹത്തില്‍ മോശപ്പെട്ട രീതിയില്‍ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്.
പെണ്‍കുട്ടി പുര നിറയുമ്പോള്‍ രക്ഷിതാക്കളുടെ മനസ്സില്‍ തീ നിറയുന്നു.വിവാഹം വൈകിയാല്‍ അവളുടെ ഭാവി ഇരുളടയും, അല്ലെങ്കില്‍ അവള്‍ പുര പൊളിച്ച് പുറത്തു ചാടുമെന്ന ഭയം. പണമുള്ളവര്‍ക്ക് പൊന്നും പണവും കൂടുതല്‍ കൊടുത്ത് പെണ്‍മക്കളെ കെട്ടിക്കാം. ഇത് രണ്ടും കൈയിലില്ലാത്തവരെ ചൂഷണം ചെയ്യാന്‍ കല്യാണം കൊണ്ട് കളിക്കുന്നവരും കച്ചവടം ചെയ്യുന്നവരും പറന്നു നടക്കുന്നുണ്ട്. അങ്ങനെയാണ് അറബിക്കല്യാണവും മൈസൂര്‍ കല്യാണവും രണ്ടാം കെട്ടുകളും നാലാം കെട്ടുകളുമൊക്കെ നാട്ടില്‍ അരങ്ങേറുന്നത്. പണവും പൊന്നും കൊടുക്കാനില്ലാത്ത നിസ്സഹായനായ രക്ഷിതാവിനു മുമ്പില്‍ അതു രണ്ടും ഇങ്ങോട്ടു വാഗ്ദാനം ചെയ്ത് അറബിയെത്തുമ്പോള്‍ അങ്ങനെയെങ്കിലും മകള്‍ക്കൊരു ദാമ്പത്യ ഭാഗ്യമുണ്ടാകട്ടെ എന്ന് അയാള്‍ മോഹിക്കുന്നു. കുറഞ്ഞ പൊന്നും പണവും ചോദിക്കുന്ന മൈസൂര്‍ക്കാരെയും സ്വീകരിക്കുന്നു. അറബിക്കല്യാണവും മൈസൂര്‍ കല്യാണവുമൊക്കെ മുക്കാലേമുണ്ടാണിയും നടത്തിക്കൊടുക്കുന്നത് യുവതികളുടെ മാതാപിതാക്കള്‍ തന്നെയാണ്. അതില്‍ ചില പെണ്‍കുട്ടികള്‍ രക്ഷപ്പെടുന്നു. ചിലര്‍ കൊടും പീഡനങ്ങളനുഭവിച്ച് നാളുകള്‍ തള്ളിനീക്കുന്നു. ചിലര്‍ കൈക്കുഞ്ഞുമായി സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നു. അറബിക്കല്യാണവും മൈസൂര്‍ കല്യാണവും കേരളത്തില്‍ ഉറക്കെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അതില്‍ ഇസ്‌ലാമും മുസ്‌ലിം സമുദായവും ആക്ഷേപിക്കപ്പെട്ടുവെങ്കിലും ആ രണ്ട് കല്യാണങ്ങളും ഗണ്യമായി കുറഞ്ഞുവെന്നത് വസ്തുതയാണ്. പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതം നരകീയമാക്കുന്ന പല തരത്തിലുള്ള വിവാഹങ്ങള്‍ എല്ലാ സമുദായങ്ങളിലും നടക്കുന്നുണ്ട്. താരതമ്യേന കൂടുതല്‍ നടക്കുന്നത് മുസ്‌ലിം സമുദായത്തിലാണ്. വിവാഹമോചനം കൂടുതല്‍ നടക്കുന്നതും ഇത്തരം ദാമ്പത്യങ്ങളിലാണ്. സാമ്പത്തികവും വിദ്യാഭ്യാസപരവും മതപരവുമായ പിന്നാക്കാവസ്ഥയാണിതിന്റെ യഥാര്‍ഥ കാരണം. ഈ മൂന്ന് കാര്യങ്ങളിലും സമുദായത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുകയാണ് ശരിയായ പരിഹാരം.
കോഴിക്കോട്ട് ഈയിടെയുണ്ടായ ഒരറബിക്കല്യാണത്തിന്റെ തകര്‍ച്ച ദയനീയമാണ്. പതിനേഴുകാരിയായ ഒരനാഥ പെണ്‍കുട്ടി പതിനേഴ് ദിവസത്തെ ദാമ്പത്യത്തിനു ശേഷം ചവച്ചരച്ച ചണ്ടി പോലെ പരിത്യക്തയായി കണ്ണീര്‍ കയത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. പ്ലസ്ടു വരെ പെണ്‍കുട്ടിയെ പഠിപ്പിച്ച കോഴിക്കോട്ടെ പ്രശസ്തമായ അനാഥാലയത്തിലാണ് ഈ വിവാഹം നടന്നത്. ഇന്ത്യന്‍ നിയമമനുസരിച്ച് പതിനെട്ട് വയസ്സ് തികയാതെ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്നത് കുറ്റകരമാണ്. വരന്‍ അറബിയാണെന്നിരിക്കെ, അയാള്‍ പെണ്‍കുട്ടിയെ കൈവെടിഞ്ഞ് നാട്ടിലേക്ക് പറക്കാതിരിക്കാനും പറന്നാലും അവളുടെ ഭാവി ജീവിതം ഭദ്രമാകാനും വേണ്ട മുന്‍കരുതലുകളെടുക്കാന്‍ സ്ഥാപനം ശ്രദ്ധിച്ചില്ല. ഈ അബദ്ധങ്ങള്‍ സ്ഥാപനത്തിന്റെ ഉത്തരവാദപ്പെട്ടവര്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. മാധ്യമങ്ങളില്‍ വിഷയം വന്‍ ചര്‍ച്ചയായി. പോലീസും വനിതാ കമീഷനും മനുഷ്യാവകാശ കമീഷനും ശിശുക്ഷേമ സമിതിയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡുമെല്ലാം പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നു. സ്ഥാപനാധികാരികളുള്‍പ്പെടെ പതിനൊന്നു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അവരില്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലാണ്. സിയെസ്‌കോ അനാഥാലയത്തെക്കുറിച്ചറിയുന്നവരാരും അവര്‍ തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരന്തേവാസിനിയുടെ ജീവിതം തകര്‍ത്തുകളയുമെന്ന് വിശ്വസിക്കുന്നില്ല. പെണ്‍കുട്ടിയുടെ നല്ല ഭാവിക്കുതകുമെന്ന സദുദ്ദേശ്യത്തോടെ തന്നെയാകണം അവരീ വിവാഹത്തിന് കൂട്ടുനിന്നത്. വിവാഹം ആ കുട്ടിയുടെ പിതാവ് തന്നെയാണ് നടത്തിക്കൊടുത്തതെങ്കിലും കേട്ടിടത്തോളം അതിന്റെ പരിണതി ഇതുതന്നെയാവാനാണ് സാധ്യത. പരിണതി ഇതായിരുന്നില്ലെങ്കില്‍ ഈ കേള്‍ക്കുന്ന കോലാഹലങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. കേരളത്തില്‍ മുസ്‌ലിം സമുദായത്തില്‍ മാത്രമല്ല, മറ്റു സമുദായങ്ങളിലും പതിനേഴ് വയസ്സ് തികയും മുമ്പ് പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നത് അപൂര്‍വമല്ല. അതാരും അത്ര പ്രശ്‌നമാക്കാറില്ല. വിവാഹം പതിനെട്ട് വയസ്സിന് മുമ്പായതിന്റെ പേരില്‍ ദാമ്പത്യ ബന്ധം തകര്‍ന്നുപോകാറുമില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ ദാമ്പത്യ ബന്ധത്തിലേര്‍പ്പെടും മുമ്പ് ആവശ്യമായ വിദ്യാഭ്യാസവും പക്വതയും നേടുന്നതിനു വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം ഉത്തരവാദപ്പെട്ട സ്ഥാപനം മാനിക്കാതിരുന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്. പ്രശ്‌നത്തിലിടപെട്ട ഔദ്യോഗിക ഏജന്‍സികള്‍ അതന്വേഷിക്കുന്നുണ്ടല്ലോ. അവര്‍ വേണ്ട നടപടിയെടുക്കട്ടെ.
കോഴിക്കോട്ടെ സംഭവത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ മുസ്‌ലിം സമുദായത്തിനെതിരെ അന്യായമായി ആക്ഷേപങ്ങളുന്നയിക്കുന്നതില്‍ സമുദായ നേതൃത്വം കുണ്ഠിതപ്പെട്ടത് സ്വാഭാവികമാണ്. സമുദായത്തെ അകാരണമായി ശകാരിക്കുമ്പോള്‍ 'ബലേ ഭേഷ്' പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കാവില്ലല്ലോ. അതോടൊപ്പം ഇത്തരം ശകാരങ്ങള്‍ക്ക് ഇടയാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സമുദായ നേതൃത്വം യുക്തമായ നടപടികളാരായേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കാനുതകുന്ന വാര്‍ത്തകള്‍ മാധ്യമ മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള ചരക്കാണ്. മുന്‍കാലങ്ങളില്‍ നടന്ന, പതിനെട്ട് വയസ്സ് കവിയാത്ത വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുമായി സംഭവത്തെ ബന്ധിപ്പിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ചിലര്‍ വിവാദത്തിലിടപെടുന്നത്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും വര്‍ഗീയവത്കരിച്ച് കാണാന്‍ കാത്തിരിക്കുന്ന പാര്‍ട്ടികളും പത്രങ്ങളും അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അതൊക്കെ അങ്ങനെ നടക്കും. സങ്കടപ്പെട്ടിട്ട് കാര്യമില്ല. അതിനൊന്നും അവസരം സൃഷ്ടിക്കാതിരിക്കാന്‍ നോക്കുക; അതിലാണ് കാര്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍