Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 20

ഇനിയും ഭൂപടത്തില്‍ തുന്നിച്ചേര്‍ത്തിട്ടില്ലാത്ത വാക്കുകളുടെ ദേശങ്ങള്‍

മെഹദ് മഖ്ബൂല്‍ / ഈ- എഴുത്ത്

മ്മെ ഒന്നു ചേര്‍ക്കാനും പരസ്പരം ആശയങ്ങള്‍ പറയാനുമെല്ലാം ഇന്റര്‍നെറ്റും സാങ്കേതികവിദ്യയും നല്‍കുന്ന സഹായം ചെറുതല്ല. എത്ര ദൂരങ്ങളിലാണെങ്കിലും ഇന്നാര്‍ക്കും അകല്‍ച്ച ഫീല്‍ ചെയ്യുന്നില്ല. ക്ലാസ് കഴിഞ്ഞാലും ആരും പിരിയുന്നില്ല. എവിടെയായിരുന്നാലും നമ്മള്‍ വേണ്ടപ്പെട്ടവരോട് മിണ്ടിപ്പറഞ്ഞുകൊണ്ടിരിക്കുന്നു. ഏതു നേരവും പച്ച കത്തി കിടപ്പുണ്ട് സുഹൃത്തുക്കള്‍. കോളേജ് കാലം കഴിഞ്ഞാലും കൂടെ പഠിച്ചവരെല്ലാം നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട്. ഈ ഇ-കാലത്ത് വിടപറച്ചിലും സെന്റോഫുമെല്ലാം അധികപ്പറ്റായി മാറുന്നു. ആര്‍ക്കും ആരോടും യാത്ര പറഞ്ഞ് പിരിഞ്ഞുപോകേണ്ടതില്ലാത്ത കാലം. തക്കാളിയും പച്ചമുളകും വരെ ഓണ്‍ലൈനായി കിട്ടുമോ എന്നന്വേഷിക്കുന്ന നേരമായതുകൊണ്ട് എഴുത്തിനും വായനക്കും മാത്രമായി ഓണ്‍ലൈന്‍ ലോകത്തേക്ക് കൂടുമാറാതെ വയ്യ.
എഴുത്ത് അങ്ങനെയാണ്. അല്‍പം നനവ് കിട്ടിയാല്‍ മതി, കിട്ടിയ ഇടങ്ങളില്‍ അത് പൊട്ടിമുളക്കും. അല്ലെങ്കിലും എഴുത്തിന് പൊതുവായ ഒരു ലോകമില്ല. ഓരോ എഴുത്തും ഓരോ ലോകമാണെന്നതാണ് ശരി. എന്താകണം എഴുത്ത് അല്ലേല്‍ സാഹിത്യം എന്ന ചോദ്യത്തിന് സംഗ്രഹിച്ചുത്തരം പറയല്‍ അസാധ്യം. അങ്ങേയറ്റം ലളിതമായ ഒരര്‍ഥം പേറുന്നതുകൊണ്ടാകാം സാഹിത്യം എന്തെന്ന് വിശദീകരിക്കാന്‍ പ്രയാസമുള്ളതായി മാറുന്നതെന്ന് റെയ്മണ്ട് വില്യംസ് പറയുന്നുണ്ട്.
വിധിയുടെ നേരമ്പോക്കു കളിയില്‍, ആകണമെന്നാഗ്രഹിച്ചതൊന്നും ആകാന്‍ പറ്റാതെ ഏതൊക്കെയോ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയ ലക്ഷായിരങ്ങളുണ്ട്.  അവര്‍ വിഭിന്ന സ്ഥലകാലങ്ങളിലിരുന്ന് കുത്തിക്കുറിക്കുന്ന നെറ്റെഴുത്തുകള്‍ക്ക്, ആകാനാഗ്രഹിച്ച ഭാവിയുടെ ഉയിരും ഉടലുമുണ്ട്. മുഖ്യധാരാ എഴുത്തുകളെക്കാള്‍ ആത്മാര്‍ഥത ആ എഴുത്തുകളില്‍ നിഴലിക്കുന്നത് അതുകൊണ്ടാണ്. ആനുകാലികങ്ങളിലെ നിലവാരം കുറഞ്ഞ രചനകള്‍ കണ്ടാല്‍ ഇപ്പോള്‍ ആളുകള്‍ ചിരിക്കും. ഇതിനേക്കാള്‍ എത്രയോ മടങ്ങ് പ്രതിഭാ സ്പര്‍ശമുള്ള എഴുത്തുകള്‍ ഫേസ്ബുക്കിലുണ്ടല്ലോ എന്നവര്‍ അടക്കം പറയും.
പുതിയ കാലത്ത് ഫേസ്ബുക്ക് തന്നെ കഥകളും കവിതകളുമാവുകയാണ്. 'മതിലു കൊണ്ട് വീടു മറഞ്ഞുപോയി അയല്‍ക്കാരാ... വീട് ഫേസ്ബുക്കിലുണ്ട്. ഞാനും എന്റെ ചിരിയുമുണ്ട്' എന്നെഴുതുന്നത് ഹാരിസ് എടവന. സ്‌കൂളിലേക്ക് പോകുന്ന മകളോടുള്ള ഉപദേശം കവിതയായി രൂപപ്പെടുത്തുന്നു നാസര്‍ ഇരിമ്പിളിയം.
'മോളേ, ചോറ്റു പാത്രവും ജീരക വെള്ളവും ബാഗിലുണ്ട്.
എടുത്ത് കഴിക്കണം. സൂക്ഷിച്ച് പോണം.
ഉടുപ്പ് കാറ്റില്‍ സ്ഥാനം തെറ്റുന്നത് നോക്കണം
മൊബൈല്‍ കണ്ണുകള്‍ മാറി നടക്കണം
അല്ലെങ്കില്‍ സ്‌കൂളിലെത്തും മുമ്പേ നീ ഫേസ്ബുക്കിലെത്തും
അത് ലൈക്ക് ചെയ്തും
ഷെയര്‍ ചെയ്തും ലോകം മുഴുവന്‍ ആഘോഷിക്കും...'
ചില എഴുത്തുകള്‍ വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുകയാണെന്ന് തോന്നും. വിങ്ങുന്ന സായാഹ്നത്തിലെ പത്തു മഴത്തുള്ളികളില്‍ നിന്ന് പാറ്റകള്‍ പൊടിഞ്ഞുവരുന്നതുപോലെയാണ് എഴുത്തുകളെന്ന് ഒരിക്കല്‍ ഉറൂബ് എഴുതി. അങ്ങനെ പൊടിഞ്ഞുവരുന്ന ചെറിയ ചെറിയ വരികള്‍ തീര്‍ക്കുന്നത് ഇനിയും ഭൂപടത്തില്‍ ഇടം പിടിച്ചിട്ടില്ലാത്ത ആശയങ്ങളുടെ എങ്ങാണ്ടൊക്കെയോ ഉള്ള രാജ്യങ്ങളെയാണ്.
ഏതോ കിളിക്കൂടിന്റെ ഓര്‍മയില്‍ ഒരു മരം കരയുന്നുണ്ടിവിടെ എന്നെഴുതുന്നു സതീഷന്‍ ഒ.പി. വഴിയോടും പുഴുവിനോടും ആ മരം സങ്കടം പറയുന്നുണ്ടത്രെ. ഒറ്റപ്പെടലിലേക്ക് ചില്ലകള്‍ വിടര്‍ത്തിയും ഓര്‍മകളിലേക്ക് വേരുകളാഴ്ത്തിയും ഇടക്ക് അണപൊട്ടിപ്പോകുന്നതാണ് പോലും ആ സങ്കടങ്ങള്‍. ഒരു ഊഞ്ഞാലിന്റെ ഓര്‍മകള്‍ വരെ മരത്തെ കരയിക്കുന്നുണ്ടാകുമത്രെ..
വളര്‍ന്നപ്പോള്‍ പാകമാകാതെ പോയ ഉടുപ്പുകള്‍ പോലെയാണ് ചില സൗഹൃദങ്ങളെന്ന് നെടുവീര്‍പ്പിടുന്നു അജേഷ് വയലില്‍. നമുക്ക് ഭാരമായിപ്പോയ സൗഹൃദങ്ങളെ ഇതിലും നന്നായെങ്ങനെയാണ് വരികളിലേക്ക് വരക്കുക..?
ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ 'എടങ്ങേറ്' എന്ന മിനിക്കഥ ഇങ്ങനെയാണ്: 'രണ്ടു രൂപക്ക് വാങ്ങിയ അരീന്റെ ചോറ്റില് മുന്നൂറ് ഉറുപ്യ കൊടുത്ത് വാങ്ങ്യ അയ്‌ക്കോറ കൂട്ടാന്റെ ചാറ് പാരാന്‍ മനസ്സിനൊരു എടങ്ങേറ്'. പൊള്ളുന്ന സത്യങ്ങളെ ഹാസ്യത്തില്‍ ചാലിച്ച് എത്ര സുന്ദരമായാണ് ശങ്കരനാരായണന്‍ വാക്കുകളെ നെയ്യുന്നത്.
ആന്തരാവയവങ്ങള്‍ പോലും ജാതി മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുമോ എന്ന ആശങ്ക വാഴും കാലത്ത് ജമാല്‍ മൂക്കുതലയുടെ 'ഹൃദയം' എന്ന കവിത ആരുടെയും ഹൃദയം തൊടാതെ പോകില്ല. 'ദൈവമേ, നീ തുന്നിച്ചേര്‍ക്കാന്‍ മറന്നുപോയ ഞങ്ങളുടെ ഹൃദയങ്ങള്‍ വെച്ച പളുങ്കു പാത്രവുമായി എന്നായിരിക്കും ആ പ്രവാചകന്മാര്‍ ഒരിക്കല്‍ കൂടി വരുന്നത്..'
'നൊന്തതെനിക്കല്ലേ, എന്നിട്ടുമേ വരും നിന്നെ വിളിക്കുന്നു തൊട്ടാവാടീ' എന്നെഴുതുന്നത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രം എഴുതിത്തുടങ്ങിയ അയ്യപ്പന്‍ ആചാര്യ. കാനഡയിലിരുന്ന് മലയാളത്തില്‍ വാക്കുകള്‍ മെനയുന്ന അയ്യപ്പന്‍ ആചാര്യയുടെ എഴുത്തുകള്‍ക്ക് ഇരുത്തം വന്ന ഒരെഴുത്തുകാരന്റെ കൈവഴക്കം വേണ്ടുവോളമുണ്ട്. ദേഹത്ത് നിറയെ മുള്ളുണ്ടായിട്ടും നീയെന്തേ ഇങ്ങനെ തൊട്ടാവാടി ആയിപ്പോയതെന്ന് ഉസ്മാന്‍ ഇരിങ്ങാട്ടിരിയും എഴുതുന്നു.  പത്തരയുടെ പകല്‍ചൂടില്‍ വീണ്ടുമൊരു അസംബ്ലിക്ക് കൂടണമെന്ന മോഹം പറയുന്നു ഷാജി അമ്പലത്തിന്റെ കവിത.
ആക്ഷേപ ഹാസ്യ എഴുത്തുകള്‍ക്കും ഓണ്‍ ലൈന്‍ ലോകത്ത് ഒട്ടും പഞ്ഞമില്ല. ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ സാക്ഷികളെല്ലാം കൂട്ടത്തോടെ കൂറ് മാറുന്ന നേരത്ത് 'ടി.പി വധം സി.പി.എം റിപ്പോര്‍ട്ട് പുറത്തുവന്നു' എന്ന തലക്കെട്ടില്‍ പ്രചരിച്ച ഇമേജിലെ വരികള്‍ ഇങ്ങനെയായിരുന്നു: 'ടി.പി ചന്ദ്രശേഖരന്‍ സ്വയം വെട്ടിയും കുത്തിയും ആത്മഹത്യക്ക് ശ്രമിക്കുമ്പോള്‍ കൊടി സുനിയും കൂട്ടരും തടയാന്‍ ശ്രമിച്ചു. എന്നാല്‍ വടിവാള്‍ വീശിയും ബോംബെറിഞ്ഞും ടി.പി അവരെ വിരട്ടി. ഭയന്നു വിറച്ച കൊടി സുനിയും കൂട്ടരും അതുവഴി വന്ന ഇന്നോവ കാറില്‍ രക്ഷപ്പെടുകയായിരുന്നു.'
അബ്ദുന്നാസിര്‍ മഅ്ദനി മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ ജാമ്യത്തില്‍ വന്ന സമയത്തും ഓണ്‍ലൈന്‍ ലോകം സംവാദങ്ങള്‍ കൊണ്ട് ബഹളമയമായിരുന്നു. മഅ്ദനി നിക്കാഹ് ഖുത്വ്ബയില്‍ പറഞ്ഞ കാര്യങ്ങള്‍ ജാമ്യവ്യവസ്ഥ ലംഘിക്കുന്നതാണെന്നും ഉടനെ ജാമ്യം റദ്ദ് ചെയ്യണമെന്നുമുള്ള ബി.ജെ.പിയുടെ നിലപാടുകളെ ഫേസ് ബുക്കില്‍ കൈകാര്യം ചെയ്തത് തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെയായിരുന്നു.
മഅ്ദനി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന ഫോട്ടോക്ക് കീഴെയുള്ള കമന്റ്: 'നോക്കൂ പ്രിയരേ.. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് മഅ്ദനി ഭക്ഷണം കഴിക്കുന്നത്. പ്ലേറ്റിന്റെ മധ്യ ഭാഗത്ത് പുതിയാപ്ലക്കോര മത്സ്യത്തെ കാണാം. ലഷ്‌കറെ ത്വയ്യിബയുടെ കടലിലെ ഏജന്റാകുന്നു പുതിയാപ്ലക്കോര. ഇതേപ്പറ്റി വേഗം തങ്ങള്‍ വേണ്ടപ്പെട്ടവരെ അറിയിക്കുന്നുണ്ട്.'
എഴുത്തിലെ സകല വര്‍ണ വ്യവസ്ഥകള്‍ക്കും തിരുത്ത് വെക്കുന്നു എന്നതുകൊണ്ട് കൂടി ഓണ്‍ലൈന്‍ എഴുത്തുകള്‍ക്ക് പ്രസക്തിയുണ്ട്. പ്രതികരണമെന്നത് സൗന്ദര്യ ശാസ്ത്രത്തിലേക്കുള്ള വാതായനം കടക്കലിന്റെ ആദ്യ പടിയാണെന്ന് പറയുന്നുണ്ട് ബാലചന്ദ്രന്‍ വടക്കേടത്ത്. ഫേസ്ബുക്കിനേക്കാള്‍ വേഗതയേറിയ പ്രതികരണ ലോകം ഇനി ഉണ്ടായിട്ട് വേണം. ഡയറക്ട് ഡമോക്രസി അക്ഷരാര്‍ഥത്തില്‍ സ്ഥിതി നില്‍ക്കുന്നത് ഇ-ലോകത്താണെന്ന് തോന്നുന്നു. ഇവിടെ നിന്ന് ജനാധിപത്യത്തിന് വരെ പുതിയ പുതിയ നിര്‍വചനങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു.
'ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന എന്നൊക്കെ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന രോമാഞ്ചമാകുന്നു ജനാധിപത്യം.'
mehdmaqbool.blogspot.in

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/22-23
എ.വൈ.ആര്‍