Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 20

ഇ-ലോകം ഇടവും ഇടപെടലും

സുഹൈറലി തിരുവിഴാംകുന്ന്

സ്വഫാ മലമുകളില്‍ പ്രവാചകന്‍ ആദ്യത്തെ പരസ്യപ്രബോധനവീഥി തുറക്കുമ്പോള്‍ സമൂഹത്തിലെ ഇന്ററാക്റ്റീവ് മീഡിയയെ ഉപയോഗപ്പെടുത്തുകയായിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് പ്രബോധന സന്ദേശവുമായി  ദൂതന്മാര്‍ സഞ്ചരിക്കുമ്പോള്‍ കമ്യൂണിക്കേഷന്റെ സാധ്യതയും, വിശുദ്ധ ഖുര്‍ആന്‍ രേഖപ്പെടുത്തിവെക്കാന്‍ സൈദുബ്‌നു സാബിതിനെ നിയോഗിക്കുമ്പോള്‍ ഡോക്യുമെന്റേഷന്റെ സാധ്യതയും ഉപയോഗപ്പെടുത്തി. വിവരശേഖരണത്തിനും അത് കൈമാറ്റം ചെയ്യുന്നതിനും ത്യാഗപൂര്‍ണമായ ശ്രമങ്ങളാണ് ഇസ്‌ലാമിക ചരിത്രത്തില്‍ പിന്നീടുണ്ടായത്.
ആധുനികകാലത്ത് പാശ്ചാത്യ ലോകത്ത് നിന്നാരംഭിച്ച ടെക് റെവലൂഷന്‍ സാധ്യതകളുടെ അനന്തലോകമാണ് തുറന്ന് തന്നിരിക്കുന്നത്. ക്രിയാത്മകമായി അത്തരം മേഖലകളെ ഉപയോഗപ്പെടുത്തുകയെന്നത് കാലഘട്ടത്തിന്റെ താല്‍പര്യമാണ്. വിവര സാങ്കേതിക മേഖലയിലെ സാധ്യതകളെ രണ്ടായി തിരിച്ചാല്‍ അതിലൊന്ന് വാര്‍ത്താവിനിമയമാണ്; മറ്റൊന്ന് വിവരശേഖരവും (കമ്മ്യൂണിക്കേഷന്‍ ആന്റ് ഡോക്യുമെന്റേഷന്‍). ഈ രണ്ട് മേഖലയിലും നമ്മുടെ മാതൃകയാവട്ടെ പ്രവാചകനും.
ഏറ്റവും പുതിയ കണക്കനുസരിച്ച് 245 കോടിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ലോകത്തുള്ളത്. ഇതാവട്ടെ ജനസംഖ്യയുടെ 34.3 ശതമാനമാണ്. 2011 സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 3.1 ശതമാനം വീടുകളിലാണ് ഇന്റര്‍നെറ്റുള്ളത്. എന്നാല്‍, സ്മാര്‍ട്ട് ഫോണും ടാബുകളും ലാപ്‌ടോപുകളും പുതിയ തലമുറയുടെ ഭാഗമായതുകൊണ്ട് തന്നെ ഇനിയൊരു ഓഫ്‌ലൈന്‍ ജീവിതം പ്രയാസകരമാണ്. ദുരുപയോഗങ്ങളുടെ ആഴങ്ങളെ പെരുപ്പിച്ച് ഉപയോഗമേ പാടില്ല എന്ന ഗുണദോഷമല്ല ഇനിയാവശ്യം. ക്രിയാത്മകമായ ഉപയോഗത്തിനുള്ള വഴിതുറക്കുകയാണ് വേണ്ടത്.
ആഗോളതലത്തില്‍ ഈ സാധ്യതയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതില്‍ പിന്നിലാണെന്ന് പറയാനാവില്ല. ഡോക്യുമെന്റേഷന്‍ രംഗത്ത് അറബിയിലുള്ള എല്ലാ പ്രമുഖ പ്രാമാണിക ഗ്രന്ഥങ്ങളും ഇതിനകം തന്നെ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞുവെന്നത് ഈ മുന്നേറ്റത്തിന് സൂചനയാണ്.
മലയാളം സൈബര്‍ലോകം ശക്തമായി വരികയാണ്. മേശപ്പുറത്തെ പെട്ടിയില്‍ നിന്ന് മടിയിലേക്കും കൈവെള്ളയിലേക്കും വിരല്‍ തുമ്പിലേക്കുമെല്ലാം ഇന്റര്‍നെറ്റ് എത്തിച്ചേര്‍ന്നതോടെ സൈബര്‍ വായനയും അന്വേഷണവും സാധാരണക്കാരില്‍ വ്യാപകമായി കഴിഞ്ഞു. അടുത്തകാലം വരെ അത്ര സജീവമല്ലാതിരുന്ന മലയാളത്തിലെ ഇസ്‌ലാമിക സൈറ്റുകളും പുത്തനുണര്‍വിലാണ്. വെബ്‌സൈറ്റുകളും ന്യൂസ് പോര്‍ട്ടലുകളും ബ്ലോഗുകളുമെല്ലാം അക്കൂട്ടത്തിലുണ്ട്. എന്നാല്‍, ഇസ്‌ലാമിക വിവരശേഖരണ രംഗത്ത് സൈബര്‍ മലയാളത്തെ സജീവമാക്കുന്ന കാര്യമായ ഒരു ഉദ്യമവും ഉണ്ടായിട്ടില്ല. ഒട്ടനേകം സാധ്യതകള്‍ നിലനില്‍ക്കെയാണ് ഈ മേഖല ഇപ്പോഴും ശൂന്യമായി കിടക്കുന്നത്.
മലയാള സൈബര്‍ ലോകത്തെ സമകാലിക സാന്നിധ്യമാണ് ഇവിടെ പരിശോധിക്കുന്നത്. മലയാളത്തില്‍ ഇസ്‌ലാമിക സൈറ്റുകള്‍ കടന്നുവരാത്ത കാലത്താണ് 'വഴി' (vazhi.org) എന്ന പേരില്‍ പരേതനായ ജലീല്‍ താഴശ്ശേരി ശ്രദ്ധേയമായ ഒരു കാല്‍വെയ്പ് നടത്തിയത്. വിവിധ വിഷയങ്ങളില്‍ ലഘുലേഖനങ്ങള്‍ തയാറാക്കിയായിരുന്നു സൈറ്റിന്റെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് ഈ സൈറ്റ് വഴികാട്ടിയായി. അറബി-ഖുര്‍ആന്‍ ഓണ്‍ലൈന്‍ ടൂട്ടോറിയലിനായി മറ്റൊരു സൈറ്റാരംഭിച്ചെങ്കിലും പൂര്‍ത്തികരിക്കാനായില്ല.  
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇസ്‌ലാം ഓണ്‍ലൈവ് (islamonlive.in) സന്ദര്‍ശകരുടെ എണ്ണത്തില്‍ വളരെ ഗണ്യമായ വര്‍ധനവ് ഉണ്ടാക്കിയ ഇസ്‌ലാമിക് പോര്‍ട്ടലാണ്. കേരളം, ദേശീയം, അന്തര്‍ദേശീയം, പ്രവാസം എന്നിങ്ങനെ വിവിധ സെഷനുകളിലായാണ് വാര്‍ത്തകള്‍ ക്രമീകരിക്കുന്നത്. പാരന്റിംഗുമായി ബന്ധപ്പെട്ട ഒട്ടേറെ ലേഖനങ്ങളും സൈറ്റിലുണ്ട്. സമകാലിക രാഷ്ട്രീയം, സോഷ്യല്‍ മീഡിയ, ആനുകാലികം, പുസ്തകങ്ങള്‍ എന്നിവയുടെ വിശകലനങ്ങളും കോളങ്ങളും കുട്ടികളുടെ പേജും ശ്രദ്ധേയമാണ്. ഡി ഫോര്‍ മീഡിയയാണ് സൈറ്റ് ഒരുക്കുന്നത്.
ഇസ്‌ലാം പാഠശാലയാണ് ശ്രദ്ധേയമായ മറ്റൊരു പോര്‍ട്ടല്‍ (islampadasala.com). ആലുവ അസ്ഹറുല്‍ ഉലൂമില്‍ നിന്നാണ് ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍. ഇസ്‌ലാമിക പഠനങ്ങള്‍ക്കാണ് പാഠശാല പ്രാധാന്യം കൊടുക്കുന്നത്. ഖുര്‍ആന്‍ പാഠശാല, വനിതാ പാഠശാല, ഹജ്ജ്-റമദാന്‍-മുഹമ്മദ് നബി സ്‌പെഷ്യല്‍ പേജുകള്‍ എന്നിവയും സൈറ്റിലുണ്ട്. മലയാളം ഇ-ബുക്‌സ്, വീഡിയോ തുടങ്ങിയവയും സൈറ്റിനെ ശ്രദ്ധേയമാക്കുന്നു.
ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റിയുടേതാണ് ഇസ്‌ലാം ഓണ്‍ സൈറ്റ് (islamonsite.com). ഇസ്‌ലാം, മുഹമ്മദ്, ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, വായന, ശാസ്ത്രം എന്നിങ്ങനെയാണ് പ്രധാന മെനു. കിഡ്‌സ് കോര്‍ണര്‍, ഫത്‌വ, ഓഡിയോ-വീഡിയോ, സോഫ്റ്റ്‌വെയര്‍, ബുക്‌സ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ അദബുല്‍ മുഫ്‌റദ് എന്ന പേരില്‍ ഹദീസ് പരിഭാഷയും സമ്പൂര്‍ണ ഖുര്‍ആന്‍ മലയാള പരിഭാഷയും സൈറ്റിലുണ്ട്.
മറ്റൊരു വെബ് പോര്‍ട്ടലാണ് ഇസ്‌ലാംഓണ്‍വെബ് (islamonweb.net).  പാണക്കാട് സയ്യിദ് റശീദ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മിഷന്‍സോഫ്റ്റ്  ഫൗണ്ടേഷനാണ് സൈറ്റിന് പിന്നില്‍. ഖുര്‍ആന്‍, മുഹമ്മദ്(സ), ചരിത്രം, ആരോഗ്യം, ശാസ്ത്രം, ലൈഫ് സ്റ്റൈല്‍, തസവ്വുഫ് തുടങ്ങിയ അനേകം മെനുകളുണ്ട്. ഐ.സി.എഫ് രിയാദ് തയാറാക്കിയ സൈറ്റാണ് മുസ്‌ലിം പാത്ത് (muslimpath.com). ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ക്വിക് റഫറന്‍സാണ് സൈറ്റിന്റെ ലക്ഷ്യം.
വിക്കിസോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന സൈറ്റാണ് മുജാഹിദ് പ്രവര്‍ത്തകര്‍ ആരംഭിച്ച പൂങ്കാവനം (ponkavanam.com). വിരലിലെണ്ണാവുന്ന മലയാളം സൈറ്റുകളേ വിക്കി സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. വിജ്ഞാനകോശം പോലെ വിവരങ്ങള്‍ ശേഖരിക്കാമെങ്കിലും, തീര്‍ത്തും സംഘടനാപരമായ വിഷയങ്ങളും വീക്ഷണങ്ങളുമാണ് ലഭ്യമാവുക.
ചില വേള്‍ഡ് വൈഡ് ലാംഗ്വേജ് സൈറ്റുകളിലും മലയാള സാന്നിധ്യമുണ്ട്. ഇസ്‌ലാം ഹൗസിലെ (islamhouse.com) അമ്പതോളം ഭാഷകളില്‍ മലയാളവുമുണ്ടെങ്കിലും ഉള്ളടക്കം ദരിദ്രമാണ്. മലയാളമുള്‍പ്പെടെ അറുപതോളം ഭാഷകളിലാണ് ഹാറൂണ്‍ യഹ്‌യയുടെ സൈറ്റ്. ml.harunyahya.com എന്നാണ് മലയാള സൈറ്റിന്റെ വിലാസം. മിറാക്കിള്‍സ് ഓഫ് ദ ഖുര്‍ആന്‍, അമേസിങ് അനിമല്‍സ്, ലിവിങ് ഫോസില്‍സ് തുടങ്ങി 19 മലയാളം ഡോക്യുമെന്ററികള്‍ സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മലയാളമടക്കം വിവിധ ഭാഷകളിലുള്ള ഇ-ബുക്‌സുകള്‍ ലഭിക്കുന്ന സൈറ്റാണ് islamicbooks.ws/malayalam.
ഖുര്‍ആന്റെ അര്‍ഥവും ആശയവും പാരായണ നിയമവും ഏത് സാധാരണക്കാരനും എളുപ്പത്തില്‍ മനസ്സിലാക്കാനും പഠിക്കാനും സാധിക്കുന്ന രൂപഘടനയോട് കൂടിയ ഓണ്‍ലൈന്‍ പാഠ്യപദ്ധതിയാണ് 'ഖുര്‍ആന്‍ പഠനം(quranpadanam.com).tanzil.net, quran-for-all.com, voiceofquran.info എന്നീ ഖുര്‍ആന്‍ സൈറ്റുകളില്‍ നൂറില്‍പരം ഭാഷകളില്‍ ഖുര്‍ആന്‍ പരിഭാഷകളുണ്ട്. മലയാളത്തില്‍ നിന്ന് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെയും ശൈഖ് മുഹമ്മദ് കാരകുന്നിന്റെയും ഖുര്‍ആന്‍ വിവര്‍ത്തന ഗ്രന്ഥങ്ങള്‍ കാണാം. 'ഖുര്‍ആന്‍ ഫോര്‍ ഓള്‍' തുറക്കുമ്പോഴേക്കും പ്രസ്തുത അധ്യായത്തിന്റെ ഓഡിയോയും തുറന്നുവരും. ഖുര്‍ആന്‍ ലളിത സാരം ഓഡിയോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും സൈറ്റില്‍ ലഭ്യമല്ല. esaywaytoquran.blogspot.in എന്ന ബ്ലോഗ് ഖുര്‍ആന്‍ പഠനത്തിന് സഹായകമാണ്.
മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ ഖുര്‍ആന്‍ സൈറ്റും സോഫ്റ്റ്‌വെയറും എം.പി.ത്രിയും ഹുദാ ഇന്‍ഫോ(hudainfo.com)യുടേതായിരുന്നു. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ സോഫ്റ്റ്‌വെയര്‍ പതിപ്പ് sulfisoft.blogspot.com വഴി ഡൗണ്‍ലോഡ് ചെയ്യാം.  ഇമാം റാസിയുടെ തഫ്‌സീറുല്‍ കബീറിന്റെ മലയാളം സോഫ്റ്റ്‌വെയര്‍ പതിപ്പും ഓഡിയോ പതിപ്പും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും നെറ്റില്‍ ലഭ്യമല്ല. തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം സോഫ്റ്റ്‌വെയറും വെബ്‌സൈറ്റും ഈ മേഖലയിലെ ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു (thafheem.net). തഫ്ഹീമുല്‍ ഖുര്‍ആനിന്റെ പൂര്‍ണ രൂപത്തോടൊപ്പം, വാക്കര്‍ഥങ്ങളും ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണങ്ങളും അനുബന്ധ കുറിപ്പുകളും ഓഡിയോ-വീഡിയോ-ചിത്രങ്ങളും നല്‍കിയിരുന്നു. lalithasaram.net, malayalamquran.com എന്നിവ മലയാള ഖുര്‍ആന്‍ സൈറ്റുകളാണ്. ആന്‍ഡ്രോയ്ഡ് ഖുര്‍ആന്‍ എന്ന ആപ്ലിക്കേഷനിലും ഈ രണ്ട് ഖുര്‍ആന്‍ പരിഭാഷകളിലൊന്ന് സെറ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. തഫ്ഹീം മലയാളത്തിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഇപ്പോള്‍ പണിപ്പുരയിലാണ്.
തഫ്ഹീം സോഫ്റ്റ്‌വെയറില്‍ തഫ്ഹീമിലെയും ഖുര്‍ആനിലെയും വിഷയങ്ങള്‍ പ്രത്യേകം തെരയാനുള്ള സൗകര്യമുണ്ട്. ഖുര്‍ആനിലെ വിഷയങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനായി ആരംഭിച്ച സൈറ്റാണ് malayalamquransearch. com. തെരഞ്ഞെടുത്ത ഹദീസുകളും ഇതില്‍ കൊടുത്തിട്ടുണ്ട്. ഇമാം നവവിയുടെ രിയാളുസ്സ്വാലിഹീന്‍ മലയാളം പരിഭാഷയും ഇതില്‍ കാണാം.
ഇസ്‌ലാമിക പ്രബോധന സൈറ്റുകളില്‍ ഒന്നാണ് നിച്ച് ഓഫ് ട്രൂത്ത് ഡോട്ട് ഓര്‍ഗ് (nicheoftruth.org). മുഹമ്മദ് നബിയെ പരിചയപ്പെടുത്താനായി muhammadnabi.info എന്ന സൈറ്റും ഉണ്ട്. ഡയലോഗ് സെന്റര്‍ കേരളയുടെ സൈറ്റാണ് islammalayalam.net. ഇസ്‌ലാമിക അടിത്തറകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം ഇരുപതോളം ഇ-ബുക്‌സും സൈറ്റില്‍ ലഭ്യമാണ്. malayalam.feelislam.com, zamzammedia.net, islampadanam.com തുടങ്ങിയ സൈറ്റുകളും ശ്രദ്ധേയം. dishaislamonline.net, light.ismkerala. com/virtual-exhibition എന്നിവ ഇസ്‌ലാമിക് വിര്‍ച്വല്‍ എക്‌സിബിഷന്‍ സൈറ്റുകളാണ്.
മലയാളം വീഡിയോ പോര്‍ട്ടലുകളില്‍ ശ്രദ്ധേയമാണ് സകീന്‍ ടി.വി (zakeen.in). സ്റ്റുഡിയോ വര്‍ക്കും എഡിറ്റിംഗും സ്വന്തമായി ചെയ്ത വീഡിയോകളാണ് ഈ ഓണ്‍ലൈന്‍ ടിവിയിലുള്ളത്. പ്രമുഖ പണ്ഡിതരുമായുള്ള സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ഷോട്ട് ഫിലിമുകള്‍ എന്നിവ സൈറ്റില്‍ കാണാം. ഡി ഫോര്‍ മീഡിയയുടെ യൂടൂബ് ചാനലില്‍(youtube.com/d4mediaonline) ആയിരത്തോളം പ്രഭാഷണങ്ങളുണ്ട്. islamkerala.com ല്‍ സുന്നി വിഭാഗം പണ്ഡിതരുടെ വീഡിയോകളാണ്. jumakhutba.in, fridayspeech.com, fridaykhutba.com മുതലായവ ഖുത്വ്ബ വീഡിയോ സൈറ്റുകളാണ്.
പ്രവാസികള്‍ തുടക്കം കുറിച്ച മലയാളം ഓണ്‍ലൈന്‍ റേഡിയോ സൈറ്റുകളാണ് മറ്റൊരു മേഖല. alislahradio.com, dawavoice.com, sunnionlineclass.com, sunniglobalvoice.com തുടങ്ങിയ മുഴുസമയ ഓഡിയോ സൈറ്റുകളുമുണ്ട്. ബൈലക്‌സ് മെസ്സഞ്ചര്‍ വഴിയും ഓഡിയോ പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ മുതലായവ നടന്നുകൊണ്ടിരിക്കുന്നു.  
മുസ്‌ലിം ആനുകാലികങ്ങളുടെ ഇ-പതിപ്പുകളാണ് മറ്റൊരു മേഖല. സ്‌നേഹസംവാദം മാസികയുടെ ഈ പതിപ്പുകള്‍ തുടക്കം മുതല്‍ തന്നെ പി.ഡി.എഫില്‍ ലഭ്യമായിരുന്നു. 2007 ജനുവരി മുതലുള്ള പ്രബോധനം വാരികയും prabodhanam.net എന്ന സൈറ്റിലുണ്ട്. വിവിധ കാലങ്ങളില്‍ പുറത്തിറക്കിയ സ്‌പെഷ്യല്‍ പതിപ്പുകളും ലഭ്യമാണ്. shababweekly.net sathyadhara. com, risalaonline.com, islahmonthly.com, samvadam monthly.com, aramamonline.net, malarvadi.net, bodhanam.net, thejasnews.com, thelicham.com, esalsabeel.com, islamicdocs.com, malayalamfathwa. com, utharakalam.com  മുതലായവ ഓണ്‍ലൈന്‍ ഇ-പത്രങ്ങളാണ്.
സംഘടനാ വെബ് സൈറ്റുകള്‍ കേരളത്തില്‍ കുറവാണ്. ജമാഅത്തെ ഇസ്‌ലാമി കേരളയുടെ jihkerala .org ആണ് ഇവയില്‍ ശ്രദ്ധേയം. samastha.info, solidartiyym.org,  siokerala.org, giokerala.org, ismkerala. org തുടങ്ങിയവയും സംഘടനാ സൈറ്റുകളാണ്.
മലയാളത്തില്‍ ഇസ്‌ലാമിക വിജ്ഞാനകോശം ഇനിയും  ഈ മേഖലയില്‍ വരവറിയിക്കാത്തത് വലിയ പോരായ്മയായി അവശേഷിക്കുന്നു. അതിന്റെ സോഫ്റ്റ്‌വെയര്‍ പതിപ്പും ഉണ്ടായിട്ടില്ല. മലയാളം സൈബര്‍ ലോകത്ത് എത്താത്ത മറ്റൊന്നാണ് നിഘണ്ടു. അറബി-മലയാളം നിഘണ്ടുവിന്റെ സോഫ്റ്റ്‌വെയറോ വെബ് പേജോ ഇപ്പോഴും ലഭ്യമായിട്ടില്ല.  മലയാളത്തിലുള്ള ഇസ്‌ലാമിക് ഗെയിമുകള്‍, ഫ്‌ളാഷ് മൂവികള്‍, ആപ്ലിക്കേഷനുകള്‍ ഇതൊക്കെ ഇനിയും ഉണ്ടായിട്ട് വേണം.

zuhairalik@gmail.com
(മലയാളം വിക്കിപീഡിയ നിരീക്ഷകാംഗ-patroller-മാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/22-23
എ.വൈ.ആര്‍