Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 20

സിറിയയിലെ സൈനിക ഇടപെടല്‍ പിന്നില്‍ കളിക്കുന്നത് ഇസ്രയേല്‍

യാസിര്‍ സആതിറഃ / വിശകലനം

സിറിയയില്‍ ബശ്ശാറുല്‍ അസദ് നടത്തിയ രാസായുധ പ്രയോഗത്തെ ആ രാജ്യത്ത് സൈനികമായി ഇടപെടാനുള്ള അവസരമായി ഉപയോഗപ്പെടുത്തുക മാത്രമാണ് അമേരിക്കയും അതിന്റെ പാശ്ചാത്യ കൂട്ടാളികളും. ധാര്‍മിക മനസ്സാക്ഷിയാണ് ഈ നീക്കത്തിന് പിന്നിലെങ്കില്‍, ഒരു ലക്ഷത്തിലധികം സിറിയക്കാര്‍ കൂട്ടക്കശാപ്പ് ചെയ്യപ്പെട്ടിട്ടും അവര്‍ ഇതുവരെ അനങ്ങാതിരുന്നതെന്ത്? കുട്ടികളുടെ തലമുടി പോലും നരപ്പിക്കുന്ന തരത്തിലുള്ള എത്രയെത്ര ഭീകരതാണ്ഡവങ്ങളാണ് ഒന്നു രണ്ട് വര്‍ഷങ്ങളായി സിറിയയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്!
ആഭ്യന്തരയുദ്ധം തുടങ്ങിയ ശേഷം പാശ്ചാത്യര്‍ സിറിയയില്‍ ഇടപെട്ടില്ലെന്ന് മാത്രമല്ല, മേത്തരം ആയുധങ്ങളൊന്നും പോരാളികള്‍ക്ക് കിട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. അത്തരം ആയുധങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഒരു വര്‍ഷം മുമ്പ് തന്നെ പോരാട്ടത്തിന് അന്ത്യം കുറിക്കാന്‍ കഴിയുമായിരുന്നു. എന്തുകൊണ്ടാണ് പാശ്ചാത്യര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്? സംശയിക്കാനൊന്നുമില്ല. അത് ഇസ്രയേലിന്റെ നിലപാടായതുകൊണ്ടു തന്നെ. പശ്ചിമേഷ്യയില്‍ ഇസ്രയേലിന്റെ നിലപാടാണല്ലോ അമേരിക്ക സ്വന്തം നിലപാടായി പ്രഖ്യാപിക്കാറുള്ളത്. അത് ഏറ്റുപാടുക മാത്രമാണ് മറ്റു പാശ്ചാത്യ രാഷ്ട്രങ്ങള്‍ ചെയ്യുക. റഷ്യയുടെ നിലപാടിനെ വരെ അത് സ്വാധീനിക്കുകയും ചെയ്യുന്നു. സിറിയന്‍ ഭരണകൂടത്തിന് എസ്-300 മിസൈല്‍ സിസ്റ്റംസ് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ നല്‍കാതിരുന്ന കാര്യം ശ്രദ്ധിക്കുക. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഈ പിന്‍വാങ്ങല്‍.
അതെ, ഈ പുതിയ നീക്കങ്ങളത്രയും ഇസ്രയേലിന്റെ ആവശ്യപ്രകാരമുള്ളതാണ്. മിക്ക സംഭവങ്ങളും നല്‍കുന്ന സൂചന അതാണ്. അമേരിക്കയിലെ ജൂത ലോബി ഒരു തീരുമാനമെടുത്താല്‍ മറുത്തൊന്നും പറയാന്‍ കഴിയുന്ന നിലയിലല്ല ബറാക് ഒബാമ. സിറിയയെ ആക്രമിക്കുന്ന കാര്യത്തില്‍ ആവേശപ്രഖ്യാപനങ്ങളൊന്നും ഒബാമ നടത്തിയില്ലെന്ന കാര്യം ശ്രദ്ധിക്കുക. മേഖലയില്‍ പുതിയൊരു സൈനിക അധിനിവേശത്തിന് തുടക്കമിടാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. അമേരിക്കക്കകത്ത് മീഡിയ ഉണ്ടാക്കുന്ന കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്താന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയാണ്.
സംഘര്‍ഷം നീളുന്നത് ഒടുവില്‍ ഇസ്രയേലിന് പ്രയോജനകരമായി ഭവിക്കുകയാണ് ചെയ്യുക. ഫലത്തില്‍ സംഭവിച്ചതും അതുതന്നെ. രാജ്യങ്ങള്‍ പലതും തകര്‍ക്കപ്പെട്ടു. ഇറാന്‍, തുര്‍ക്കി, ഹിസ്ബുല്ല, അറബ് വസന്തം ഇവയൊക്കെയും ഏതോ അര്‍ഥത്തില്‍ ദുര്‍ബലമാക്കപ്പെട്ടു. നമ്മള്‍ എപ്പോഴും ആവര്‍ത്തിക്കുന്നത് പോലെ, സുന്നി-ശീഈ വിഭാഗീയത ശക്തിപ്പെട്ടു. ഇങ്ങനെയൊക്കെ ആണെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയില്‍ രൂപപ്പെട്ടുവരുന്ന സാഹചര്യം ഇസ്രയേലിനെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു.
സിറിയയില്‍ പോരാട്ടം ഇപ്പോഴൊന്നും അവസാനിക്കുന്ന ലക്ഷണമില്ലെന്നത് ശരി തന്നെ. പക്ഷേ, പോരാളികള്‍ സാവധാനത്തിലാണെങ്കിലും പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ചില ജിഹാദി ഗ്രൂപ്പുകള്‍ വ്യക്തമായ മേല്‍ക്കൈ നേടുകയും ചെയ്തിരിക്കുന്നു. ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന സംഭവവികാസമാണ്. ബശ്ശാര്‍ വീഴുകയും അരാജകത്വം നടമാടുകയും ചെയ്താല്‍ ഇത്തരം ഗ്രൂപ്പുകളുടെ സാന്നിധ്യം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇപ്പോള്‍ സിറിയന്‍ പ്രതിപക്ഷം കൈവശം വെക്കുന്ന അറുപത് ശതമാനം ഭൂമിയിലെ പല തന്ത്രപ്രധാന കേന്ദ്രങ്ങളും ഇവരുടെ അധീനതയിലാണ്. ഇസ്രയേല്‍ നിരന്തരം സ്വയം സമ്മതിക്കാറുള്ളതുപോലെ, തങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ഇത്തരം ഗ്രൂപ്പുകളുടെ കൈവശം രാസായുധ ശേഖരങ്ങള്‍ എത്തിപ്പെടുന്നത് തടയാന്‍ അവര്‍ സ്വാഭാവികമായും ശ്രമിക്കും. അതിനൊരു മാര്‍ഗമേയുള്ളൂ. അത്തരം രാസായുധ ശേഖരങ്ങള്‍ നശിപ്പിക്കുക. പല കാരണങ്ങളാല്‍ ആ കൃത്യം ഒറ്റക്ക് ചെയ്യാന്‍ ഇസ്രയേലിന് കഴിയില്ല. ബശ്ശാറിന്റെയും സഖ്യകക്ഷികളുടെയും തിരിച്ചടി, അന്താരാഷ്ട്ര പ്രതികരണം ഇതൊക്കെയും ഇസ്രയേല്‍ ഭയപ്പെടുന്നുണ്ട്. രാസായുധങ്ങള്‍ മാത്രമല്ല, ദീര്‍ഘദൂര മിസൈലുകളും വിമാനവേധ മിസൈലുകളുമൊക്കെ വേറെയും കിടപ്പുണ്ടല്ലോ സിറിയയില്‍.
അപ്പോള്‍ ഈ സൈനികാക്രമണം സയണിസത്തെ രണ്ടു തരത്തില്‍ സഹായിക്കും. ബശ്ശാറിനൊപ്പം ജിഹാദി സംഘങ്ങളെയും തകര്‍ക്കാം. ആക്രമണ ലക്ഷ്യങ്ങള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുന്നത് ഇസ്രയേലാണ്. അമേരിക്കയും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളും ഉണ്ടെന്ന് പറയപ്പെടുന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ ഏറെക്കുറെ മുഴുവന്‍ സ്രോതസ്സും ഇസ്രയേല്‍ തന്നെയാണെന്ന് മനസ്സിലാക്കണം. ജിഹാദി ഗ്രൂപ്പുകളെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യവും ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കണം.
അടുത്ത ചോദ്യം: ഏതൊരു തരം ആക്രമണമാണ് ബശ്ശാര്‍ ഭരണകൂടത്തിനെതിരെ നടത്താന്‍ പോകുന്നത്? ഇസ്രയേല്‍ പത്രങ്ങളും ഔദ്യോഗിക വക്താക്കളുടെ വിശദീകരണങ്ങളും പരിശോധിച്ചപ്പോള്‍ വ്യക്തമായത്, ദമസ്‌കസിലെ ബശ്ശാര്‍ ഭരണകൂടത്തെ തകര്‍ക്കുക ഈ ആക്രമണത്തിന്റെ ലക്ഷ്യമല്ല എന്നാണ്. 'ശിക്ഷിക്കുക', 'ഭയപ്പെടുത്തി പിന്തിരിപ്പിക്കുക' എന്നീ രണ്ട് പ്രയോഗങ്ങളാണ് ഇസ്രയേല്‍ മീഡിയ ഭാഷ്യങ്ങളില്‍ കാണുന്നത്. അമേരിക്കന്‍ വക്താക്കളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിലും അതേ പ്രയോഗങ്ങള്‍ കടന്നുവരുന്നു. ഇരു കൂട്ടരും വായിക്കുന്നത് ഒരേ പുസ്തകമാണല്ലോ! എന്നല്ല ചില ഇസ്രയേലി മാധ്യമങ്ങള്‍ സൈനികാക്രമണം 'പ്രതീകാത്മകം' മാത്രമായിരിക്കുമെന്ന് വരെ പറഞ്ഞുവെച്ചു.
ഓപ്പറേഷന്റെ രണ്ടാം ഘട്ടം എങ്ങനെയായിരിക്കും? ചിലപ്പോഴത് നാം പറഞ്ഞതുപോലെ പരിമിതമായ ആക്രമണമായിരിക്കും. അത് കഴിഞ്ഞ് മുമ്പത്തെപ്പോലെ സകല എതിരാളികളെയും ദുര്‍ബലപ്പെടുത്തുന്ന കളിയില്‍ അവര്‍ മുഴുകുകയും ചെയ്യും.
രണ്ടാമതൊരു സാധ്യത കൂടി നിലനില്‍ക്കുന്നുണ്ട്. അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും ഒപ്പം നില്‍ക്കുന്ന അറബ് രാഷ്ട്രങ്ങളും എല്ലാം ചേര്‍ന്ന് റഷ്യയുമായി ചര്‍ച്ച നടത്തുകയും ഭരണമാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുക. എന്നിട്ട് ആര്‍ക്കും അലോസരമുണ്ടാക്കാത്ത, വരുതിയില്‍ നില്‍ക്കുന്ന ഒരു ഭരണകൂടത്തെ പ്രതിഷ്ഠിക്കുക. ആ ഭരണകൂടം അറബ് വസന്ത വിരുദ്ധ കലാപങ്ങള്‍ക്ക് ധനസഹായം നല്‍കിയ അറബ് ഭരണാധികാരികളെയോ സയണിസ്റ്റ് രാഷ്ട്രത്തെയോ ശല്യപ്പെടുത്തുന്നതാവരുത്. ചര്‍ച്ചകളില്‍ ഇസ്രയേലിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ഒരു ഭരണകൂടം.
ചില സാധ്യതകളാണ് പറഞ്ഞത്. പക്ഷേ, ഓപ്പറേഷനുമായി മുന്നോട്ടു പോകുമ്പോള്‍ പല അപ്രതീക്ഷിത വഴിത്തിരിവുകളും രൂപപ്പെട്ടേക്കും. അതാര്‍ക്കും മുന്‍കൂട്ടി കാണാനാവില്ല. ഒരുപക്ഷേ ഇറാനും റഷ്യയുമൊക്കെ ഭാഗഭാക്കാവുന്ന ഒരു അപ്രതീക്ഷിത വഴിമാറലും ഉണ്ടായിക്കൂടെന്നില്ല. അമേരിക്ക നടത്താന്‍ കൂടുതല്‍ സാധ്യതയുള്ളതും അത്തരമൊരു നീക്കമാണ്. മോസ്‌കോയുമായി നല്ല ബന്ധം നിലനിര്‍ത്തുന്ന ഇസ്രയേലും അതിന് എതിര് നില്‍ക്കാന്‍ ഇടയില്ല.
ഇറാനും സഖ്യകക്ഷികളും ഉയര്‍ത്തുന്ന ഭീഷണികള്‍ക്കൊന്നും വലിയ അര്‍ഥമില്ല. അമേരിക്കന്‍ നീക്കത്തിന്റെ ലക്ഷ്യം ബശ്ശാര്‍ ഭരണകൂടമാവരുത് എന്നേ അതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നുള്ളൂ. ബശ്ശാര്‍ ഭരണകൂടത്തിന്റെ ഭീഷണികളെയും പലരും കാര്യമായെടുക്കുന്നില്ല. ഇസ്രയേലിലെ 'ചാനല്‍ പത്ത്' ചില സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്, രണ്ടു വര്‍ഷത്തെ ആഭ്യന്തര യുദ്ധം കൊണ്ട് തിരിച്ചടിക്കാന്‍ കഴിയാത്ത വിധം ബശ്ശാര്‍ ഭരണകൂടം ദുര്‍ബലമായിട്ടുണ്ടെന്നാണ്.
ചുരുക്കത്തില്‍, സൈനിക നീക്കത്തെ ഒരു നിലക്കും നമുക്ക് അംഗീകരിക്കാനാവില്ല. കാരണം, ബാഹ്യശക്തികളുടെ ഏത് ഇടപെടലിനോടും അടിസ്ഥാനപരമായി തന്നെ നമുക്ക് വിയോജിപ്പുണ്ട്. ഇതിന്റെ മുഴുവന്‍ തിരക്കഥയും തയാറാക്കിയത് ഇസ്രയേലാണെന്നും നാം മനസ്സിലാക്കുന്നു. അതൊരിക്കലും സിറിയന്‍ സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരിക്കില്ല. അതേസമയം ഓരോ ദിവസവും രക്തപ്പുഴകള്‍ നീന്തിക്കയറുന്ന സിറിയന്‍ ജനത സൈനിക ഇടപെടലിനെ സ്വാഗതം ചെയ്യുന്ന നിസ്സഹായാവസ്ഥ നമുക്ക് കാണാതിരിക്കാനുമാവില്ല.
ആഭ്യന്തര യുദ്ധം എത്ര നീണ്ടാലും എത്രയധികം പേര്‍ ബലികൊടുക്കപ്പെട്ടാലും വിപ്ലവശക്തികള്‍ ആര്‍ക്കെങ്കിലും കീഴൊതുങ്ങിക്കൊടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ബാഹ്യശക്തികള്‍ പ്ലാന്‍ ചെയ്തുണ്ടാക്കുന്നതാവണമെന്നില്ല സിറിയയുടെ ഭാഗധേയം. സ്വതന്ത്രമായ ഇഛാശക്തി-അത് ആ സമൂഹത്തിനുണ്ട്.
(അല്‍ജസീറ നെറ്റില്‍ കോളമിസ്റ്റാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/22-23
എ.വൈ.ആര്‍