Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

പ്രവാചകത്വവും ദിവ്യബോധനവും

ഡോ. മുഹമ്മദ് ഹമീദുല്ല

പ്രവാചകത്വത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചിലതിവിടെ പറയേണ്ടതുണ്ട്. കാരണം, മതങ്ങള്‍ ഭിന്നാഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഒരു വിഷയമാണിത്. ദൈവം മനുഷ്യശരീരത്തില്‍ ജന്മമെടുക്കും എന്ന് വിശ്വസിക്കുന്നു ചിലര്‍. ഏത് ശരീരത്തിലാണോ ദൈവം പ്രവേശിച്ചത് ആ മനുഷ്യന്റെ വാക്കുകളും പ്രവൃത്തികളും ദൈവത്തിന്റെ തന്നെ വാക്കുകളും പ്രവൃത്തികളുമാണ്. മനുഷ്യരില്‍ തെരഞ്ഞെടുക്കപ്പെട്ട ചിലര്‍ക്ക് ദൈവം അവന്റെ സന്ദേശം അയക്കുന്നു എന്നതാണ് മറ്റൊരു കാഴ്ചപ്പാട്. പല രീതിയില്‍ ഈ സന്ദേശം കൈമാറ്റം ചെയ്യപ്പെടാം. ചിലപ്പോള്‍ ദൈവത്തിന്റെ ശബ്ദം നേര്‍ക്കുനേരെ തെരഞ്ഞെടുക്കപ്പെട്ട ആ മനുഷ്യനില്‍ എത്തും. ആദമും മൂസയും ഉദാഹരണം. അവര്‍ ഇരുവരോടും ദൈവം നേരില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു മാലാഖ വഴി സന്ദേശം എത്തിക്കുക എന്നത് മറ്റൊരു രീതിയാണ്. മറവിയോ ഓര്‍മത്തെറ്റോ വരുത്താതെ വളരെ സത്യസന്ധതയോടെയായിരിക്കും മാലാഖ സന്ദേശം കൈമാറുക.
മാലാഖ കൊണ്ടുവരുന്ന സന്ദേശത്തെ നാം ദിവ്യബോധനം/വെളിപാട് എന്ന് വിളിക്കുന്നു. എങ്ങനെയാണ് നാം ദിവ്യബോധനത്തെ നിര്‍വചിക്കുക? ഇസ്‌ലാം വിമര്‍ശകരായ പലരും പ്രവാചകന് ലഭിക്കുന്ന ദിവ്യബോധനത്തെ ഒരു 'ശാരീരിക രോഗ'മായിട്ടാണ് കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിച്ച പ്രശസ്ത ജര്‍മന്‍ ഓറിയന്റലിസ്റ്റാണ് സ്പ്രങര്‍ (Sprenger). അദ്ദേഹം വൈദ്യം പഠിച്ചു. അറബി അറിയാമായിരുന്നു. അറബി സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി അദ്ദേഹം ഒരു പ്രവാചക ചരിത്രം എഴുതിയിട്ടുണ്ട്. പ്രവാചകന് ദിവ്യബോധനം ലഭിക്കുന്നു എന്ന പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം അത് അപസ്മാരം പോലുള്ള എന്തോ ശാരീരിക അസ്വസ്ഥത ആണ് എന്നാണ്.
അറബി സ്രോതസ്സുകള്‍ പരതിയാല്‍ അവയില്‍, പ്രവാചകന് ദിവ്യബോധനം ലഭിക്കുമ്പോള്‍ മുഖം ചുവന്ന് തുടുക്കുമായിരുന്നു എന്ന് വിവരിച്ചിട്ടുണ്ട്. അദ്ദേഹം വിയര്‍ത്ത് കുളിക്കും. ആ അവസ്ഥയില്‍ അദ്ദേഹം പരിപൂര്‍ണ നിശ്ശബ്ദനായിരിക്കും. ഇതിനെയാണ് സ്പ്രങര്‍ അപസ്മാര രോഗമായി കാണുന്നത്. രേഖകളൊന്നും വേണ്ടരീതിയില്‍ പരിശോധിക്കാതെയാണ് ഇദ്ദേഹം ഇങ്ങനെയൊരു വിധിതീര്‍പ്പിലേക്ക് ചാടിവീഴുന്നത്. ഒട്ടും സത്യസന്ധമോ പണ്ഡിതോചിതമോ അല്ല ഈ നിലപാട്.
ദിവ്യവെളിപാടിന് സാക്ഷികളായ ഒട്ടേറെ പ്രവാചക ശിഷ്യന്മാരുടെ വിവരണങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ലഭ്യമാണ്. ഒരു അനുചരന്‍ പറയുന്നത്, ദിവ്യബോധനം ലഭിക്കുന്ന സമയത്ത് പ്രവാചകന്റെ പ്രകൃതം അപ്പാടെ മാറുമെന്നാണ്. വെളിപാട് ലഭിച്ചുകഴിഞ്ഞാല്‍ അദ്ദേഹം മുമ്പത്തെ പോലെ സാധാരണ നില കൈവരിക്കുകയും ചെയ്യും. എല്ലാ അനുചരന്മാരും സമ്മതിക്കുന്ന ഒരു വസ്തുതയുണ്ട്. ദിവ്യബോധനം എന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോള്‍ താങ്ങാനാവാത്തത്ര ഒരു ഭാരം പ്രവാചകനെ ഞെരുക്കിക്കൊണ്ടിരിക്കും. പ്രവാചകന്‍ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുമ്പോഴാണ് വെളിപാട് ഉണ്ടാകുന്നതെങ്കില്‍ ആ മൃഗം ഭാരം കൊണ്ട് ഇരുന്നുപോകും. ഇനി ഒട്ടകത്തിന് കാല്‍മടക്കി ഇരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്പോള്‍ വീഴുമെന്ന നിലയില്‍ പതറിച്ചയോടെയായിത്തീരും അതിന്റെ നടത്തം. ഒരിക്കല്‍ പ്രവാചകന്‍ തന്റെ ഒരു കാല്‍ സൈദുബ്‌നു സാബിത് എന്ന അനുചരന്റെ കാലിന്മേല്‍ താങ്ങി വെച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ദിവ്യബോധനമുണ്ടാകുന്നത്. സൈദ് പറയുന്നത്, അന്നേരം തന്റെ കാലില്‍ കനത്ത ഭാരം അനുഭവപ്പെട്ടുവെന്നാണ്. തുടയെല്ല് പൊട്ടിപ്പോകുമോ എന്നു പോലും തോന്നി. പ്രവാചകനോടുള്ള ബഹുമാനാദരവുകള്‍ ഇല്ലായിരുന്നെങ്കില്‍ ആര്‍ത്ത് വിളിച്ച് താന്‍ കാല്‍വലിച്ചെടുക്കുമായിരുന്നു. കാരണം താങ്ങാന്‍ പറ്റാത്തത്ര ഉണ്ടായിരുന്നു ആ ഭാരം. വിമര്‍ശിക്കുമ്പോള്‍ ഇത്തരം വിവരണങ്ങളൊന്നും സ്പ്രങര്‍ കണക്കിലെടുക്കുന്നേയില്ല.
ഈ അത്യപൂര്‍വമായ അനുഭവത്തിലൂടെ നമ്മളാരും കടന്നുപോകുന്നില്ല എന്നതാണ് പ്രശ്‌നം. അതിനാല്‍ നമ്മുടെ പരിമിത അനുഭവങ്ങള്‍ വെച്ച് നമുക്ക് ഈ പ്രതിഭാസത്തെ വിലയിരുത്താനും കഴിയില്ല. ദിവ്യവെളിപാട് പ്രവാചകന്മാര്‍ക്ക് മാത്രമുള്ളതാണ്. അവര്‍ക്ക് തന്നെ എല്ലാ സമയത്തും അത് ലഭിക്കുകയുമില്ല. അപസ്മാരമിളകുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? കൈകാലുകള്‍ ഒരു പ്രത്യേക രീതിയില്‍ കോച്ചിവലിക്കും. തട്ടിപ്പിടക്കുകയും എന്തെല്ലാമോ ഒച്ചകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ആ ശബ്ദങ്ങള്‍ക്കൊന്നും ഒരു അര്‍ഥവും ഉണ്ടായിരിക്കില്ല. ഈ രോഗം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകരുന്നതുമാണ്.
ഇത്തരം എന്തെങ്കിലും രോഗലക്ഷണങ്ങള്‍-കോച്ചിവലിക്കല്‍, സന്ധിവേദന, കൈകാലിട്ടടിക്കല്‍-പ്രവാചകന്‍ പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരാളും തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മറിച്ച് പ്രവാചകന്‍ ആ സമയത്ത് അനക്കമറ്റ് പൂര്‍ണ നിശ്ശബ്ദനായിത്തീരുകയാണ് ചെയ്യുക. മേല്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍ ഒരാള്‍ പോലും പ്രവാചകന്റെ പേരില്‍ ആരോപിച്ചിട്ടില്ല. മാത്രവുമല്ല ഈ അവസ്ഥക്ക് ശേഷം പ്രവാചകന്റെ നാവില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന വാക്കുകള്‍ എത്ര ആശയസമ്പുഷ്ടമാണെന്ന് നോക്കൂ. ഏതൊരാള്‍ക്കും മനസ്സിലാവുന്ന വാക്കുകള്‍. അതെ, വിശുദ്ധ ഖുര്‍ആനിലെ വാക്യങ്ങള്‍!
അതിനാല്‍ സ്പ്രങറുടെ അഭിപ്രായം ആദ്യ നോട്ടത്തില്‍ തന്നെ തള്ളപ്പെടേണ്ടതാണ്. പ്രവാചകന് മക്കളുണ്ടായിരുന്നു. പ്രവാചകന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് സന്താനപരമ്പരകളും ഉണ്ടായിരുന്നു. അവരുടെ പിന്മുറക്കാര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോഴുമുണ്ട്. പ്രവാചകന്റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഈ രോഗം പാരമ്പര്യമായി അവരിലേക്കാര്‍ക്കെങ്കിലും പകര്‍ന്നതിന് ഒരു തെളിവുമില്ല. ദിവ്യബോധനം ലഭിക്കുന്ന വേളയില്‍ ജൈവികമായി പ്രവാചകനുണ്ടാകുന്ന മാറ്റം, തണുപ്പ് കാലമാണെങ്കില്‍ പോലും അദ്ദേഹം നന്നായി വിയര്‍ക്കുമായിരുന്നു എന്നതാണ്. മുഖത്ത് ചുവപ്പ് നിറം പടരുകയും ചെയ്യും. രക്തചംക്രമണത്തിന് വേഗത കൂടിയതാവാം ഇതിന് കാരണം. ബോധം മറിയുകയോ നിയന്ത്രണം വിടുകയോ അങ്ങനെയൊന്നുമില്ല. വെളിപാടിന്റെ സമയം കഴിഞ്ഞാല്‍ എല്ലാം പൂര്‍വസ്ഥിതിയിലാവുകയും ചെയ്യും.
ചില പാശ്ചാത്യ എഴുത്തുകാര്‍, വെളിപാടുണ്ടാകുന്ന സമയത്ത് പ്രവാചകന്‍ മുഖം മറച്ച് കിടക്കുമായിരുന്നുവെന്നും ഇത് പൗരാണിക കൈനോട്ടക്കാരുടെ സമ്പ്രദായമായിരുന്നുവെന്നും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ഈ വിഷയം ആഴത്തില്‍ പഠിച്ചു നോക്കിയപ്പോള്‍ ഇങ്ങനെ ഒരൊറ്റ സന്ദര്‍ഭമേ പ്രവാചക ജീവിതത്തില്‍ ആകെക്കൂടി ഉണ്ടായിട്ടുള്ളൂ. പലപ്പോഴും കിടക്കാനോ തലമൂടാനോ സാധിക്കുന്ന അവസ്ഥയിലായിരിക്കില്ല വെളിപാടുണ്ടാകുന്നത്. ഒട്ടകപ്പുറത്തിരിക്കുമ്പോഴോ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴോ ദിവ്യബോധനം വരികയാണെങ്കില്‍ കിടക്കാനോ തലമൂടാനോ ഒന്നും കഴിയില്ലല്ലോ. ഇനി തലമൂടിയ സംഭവം. അബൂബക്‌റി(റ)ന്റെ വീട്ടില്‍ പ്രവാചകന്‍ സന്ദര്‍ശനം നടത്തിയ സന്ദര്‍ഭത്തിലായിരുന്നു അത്. അപ്പോള്‍ പ്രവാചക പത്‌നിയും അബൂബക്‌റിന്റെ മകളുമായ ആഇശ(റ) അപവാദപ്രചാരണത്തെ തുര്‍ന്ന് പിതാവിന്റെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. അപ്പോഴാണ് ദിവ്യബോധനം ഇറങ്ങുന്നത്. അത് സ്വീകരിക്കാനായി പ്രവാചകന്‍ കിടന്നു. അബൂബക്‌റും അദ്ദേഹത്തിന്റെ ഭാര്യയും പ്രവാചകനോടുള്ള ആദരസൂചകമായി ഒരു കഷ്ണം തുണിയെടുത്ത് പ്രവാചകന്റെ തലഭാഗത്ത് ഇട്ടുകൊടുത്തു. ഇങ്ങനെ ഒരൊറ്റ സംഭവമേ ഉണ്ടായിട്ടുള്ളൂ. ഇതിനോട് സാദൃശ്യമുള്ള മറ്റൊരു സംഭവം ഇങ്ങനെയാണ്: ഒരു അനുചരന് പ്രവാചകനെ, വഹ്‌യ് അവതരിക്കുന്ന വേളയില്‍ കാണണമെന്ന് അതിയായ ആഗ്രഹം. വിടവാങ്ങല്‍ ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ അതിനുള്ള അവസരമുണ്ടായി. ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) ആ അനുചരനെ, ദിവ്യബോധനം ഇറങ്ങിക്കൊണ്ടിരുന്ന പ്രവാചകന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് വന്നു. അപ്പോള്‍ പ്രവാചകന്‍ ഒരു വിരിക്ക് പിന്നില്‍ ഇരിക്കുകയായിരുന്നു. വിരി ഒരല്‍പം നീക്കി ഉമര്‍ തന്റെ കൂടെയുള്ള അനുചരന് കാണാന്‍ അവസരമുണ്ടാക്കി. പ്രവാചകന്റെ മുഖം അപ്പോള്‍ ചുവന്നു തുടുത്തിരുന്നുവെന്നും അദ്ദേഹം കിതക്കുന്നുണ്ടായിരുന്നെന്നും ആ അനുചരന്‍ രേഖപ്പെടുത്തുന്നു.
ചോദ്യം പിന്നെയും ബാക്കിയാവുന്നു. എന്താണ് ദിവ്യവെളിപാട്? ഇത് കൃത്യമായി വിവരിക്കുക നമ്മെ സംബന്ധിച്ചേടത്തോളം അസാധ്യമാണ്. കാരണം, നമ്മിലാരും ആ അനുഭവത്തിലൂടെ കടന്നുപോയിട്ടില്ല. ഈ പ്രതിഭാസത്തിന് സാക്ഷിയായവരുടെ വിവരണങ്ങളെ ആസ്പദിച്ചേ നമുക്ക് എന്തെങ്കിലും ഈ വിഷയത്തില്‍ പറയാനാവൂ. ചില സംഭവങ്ങള്‍ നാം വിവരിച്ചു. മറ്റൊരു സംഭവം കൂടി പറയാം. ഒരിക്കല്‍ ഒരു ശിഷ്യന്‍ ധൈര്യം സംഭരിച്ച് പ്രവാചകനോട് ചോദിച്ചു: ''ദിവ്യവെളിപാടിറങ്ങുമ്പോള്‍ അങ്ങേക്ക് എങ്ങനെയാണ് അത് അനുഭവപ്പെടുന്നത്?'' കൗതുകമുണര്‍ത്തുന്ന മറുപടിയാണ് പ്രവാചകന്‍ പറഞ്ഞത്: ചിലപ്പോള്‍ കാതുകളില്‍ മണിമുഴങ്ങിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെടും. വല്ലാത്തൊരു പ്രയാസകരമായ അവസ്ഥയിലായിരിക്കും അപ്പോള്‍. ജീവിതാന്ത്യത്തിലേക്ക് നടന്നടുക്കുകയാണോ എന്നു പോലും തോന്നും. അപ്പോഴാണ് ചില ശബ്ദങ്ങള്‍ കേള്‍ക്കുക. കേട്ട വാക്കുകള്‍ അപ്പടി മനസ്സില്‍ കൊത്തിവെച്ചത് പോലെ പതിഞ്ഞിരിക്കും. ദിവ്യബോധനം നിലച്ച് കഴിഞ്ഞാല്‍ മുമ്പ് കേട്ടതൊക്കെയും നല്ല വണ്ണം മനഃപാഠമാക്കിയത് പോലെ മനസ്സിലുണ്ടാകും. അത് അതേപോലെ ജനങ്ങള്‍ക്ക് പാരായണം ചെയ്തുകൊടുക്കും.
മറ്റു ചിലപ്പോള്‍ മനുഷ്യരൂപത്തില്‍ ഒരാളെ കാണും. മനുഷ്യനെപ്പോലെ തന്നെയാണ് അയാള്‍ സംസാരിക്കുക. അല്ലെങ്കില്‍ പറക്കാന്‍ കഴിവുള്ള ഒരു അസ്തിത്വമായി വായുവില്‍ തങ്ങിനിന്ന് അത് പ്രവാചകനോട് സംസാരിക്കും. പ്രവാചകന്‍ ഓരോ വാക്കും ശ്രദ്ധാപൂര്‍വം കേട്ട് മനഃപാഠമാക്കി വെക്കും. ഇത് അതേപടി ജനങ്ങള്‍ക്കും പറഞ്ഞുകൊടുക്കും.
'ജീവന്‍ വേര്‍പെടുന്ന പോലെ തോന്നും' എന്ന പ്രവാചകന്റെ വിവരണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആ ഭാരം ഒരു ഒട്ടകത്തിന് പോലും താങ്ങാന്‍ പറ്റില്ല എന്ന് പറഞ്ഞത് വെറുതെയല്ല. വളരെ അസാധാരണ സ്ഥിതിവിശേഷമായി പ്രവാചകന്‍ തന്നെ അതിനെ മനസ്സിലാക്കിയിരുന്നു. ഇതിനപ്പുറം ദിവ്യവെളിപാട് എന്ന അനുഭവത്തെ വിശദീകരിക്കാന്‍ നമുക്ക് കഴിയില്ല. പ്രവാചകന്മാര്‍ക്ക് മാത്രമുള്ള അനുഭവമാണിത്. ഒരു സാദാ മനുഷ്യന്റെ ഏതനുഭവവുമായും അതിന് സമാനതകളില്ല. ഈ അനുഭവത്തെ കൂടുതലായി മനസ്സിലാക്കാന്‍ വൈദ്യശാസ്ത്ര വിദഗ്ധര്‍ക്കും കഴിയണമെന്നില്ല.
ഇസ്‌ലാമിലെ വിശ്വാസ പ്രമാണങ്ങളെക്കുറിച്ചാണ് നാം പറഞ്ഞുവന്നത്. ദൈവത്തില്‍, അവന്റെ മാലാഖമാരില്‍, അവന്റെ വേദഗ്രന്ഥങ്ങളില്‍, അവന്റെ പ്രവാചകന്മാരില്‍, പരലോകത്തില്‍ ഉള്ള വിശ്വാസം. മനുഷ്യന്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നതാണ് ഈ വിശ്വാസങ്ങളുടെയെല്ലാം അന്തസ്സത്ത. ഇത് വിശ്വാസപരമായും മനശ്ശാസ്ത്രപരമായും വളരെ പ്രാധാന്യമുള്ള ഒന്നാണ്. പ്രതിഫലത്തെക്കുറിച്ച പ്രതീക്ഷയും ശിക്ഷയെക്കുറിച്ച ഭയവുമാണ് മനുഷ്യനെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അവനെ തിന്മകളില്‍നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നതും ഈ ബോധം തന്നെ.
ദൈവത്തോടുള്ള ബാധ്യത നിര്‍വഹിക്കുക മാത്രമാണ് ഒരു ദാസന്‍ ചെയ്യുന്നത്. അതിന്റെ പേരില്‍ അവന് കൂടുതല്‍ പ്രതിഫലം നല്‍കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ ആ ദാസന്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കാതിരുന്നാലോ? ആ ധിക്കാരത്തിന് അവന്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാവുകയില്ല. ചുരുക്കത്തില്‍, നരകം ഏതര്‍ഥത്തിലും വളരെ അനിവാര്യമാണ്; എന്നാല്‍ സ്വര്‍ഗം ഒരു അനിവാര്യതയല്ല. നമ്മള്‍ ദൈവദാസന്മാരാണ്. നമ്മള്‍ അനുസരണക്കേട് കാണിച്ചാല്‍ അവന് നമ്മെ ശിക്ഷിക്കാം. അതേസമയം നാമവനെ അനുസരിച്ചാല്‍ നമുക്ക് പ്രതിഫലം നല്‍കാന്‍ അവന്‍ ബാധ്യസ്ഥനല്ല. കാരണം, നാം നമ്മുടെ ഡ്യൂട്ടി നിറവേറ്റുക മാത്രമാണ് ചെയ്യുന്നത്. എന്നിട്ടും, ബാധ്യത നിറവേറ്റുന്നതിന്റെ പേരില്‍ ദൈവം നമുക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അവന്റെ അപാരമായ അനുഗ്രഹം എന്നേ അതിനെപ്പറ്റി കരുതേണ്ടതുള്ളൂ.

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍