Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

ബംഗ്ലാദേശ് അന്യായമായ 'ന്യായവിധികള്‍'

അലി അല്‍ ഗാമിദി

ബംഗ്ലാദേശിലെ ഒരു സാദാ പ്രാദേശിക കോടതി (അത് സ്വയം വിളിക്കുന്നത് 'ഇന്റര്‍നാഷ്‌നല്‍ ക്രൈംസ് ട്രൈബ്യൂണല്‍' എന്നാണ്!) ആ രാജ്യത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ അധ്യക്ഷന്‍ തൊണ്ണൂറുകാരനായ പ്രഫസര്‍ ഗുലാം അഅ്‌സമിന് വിധിച്ചത് 90 വര്‍ഷത്തെ തടവ് ശിക്ഷയാണ്. പടിഞ്ഞാറെ പാകിസ്താനും കിഴക്കെ പാകിസ്താനും തമ്മില്‍ 42 വര്‍ഷം മുമ്പ് നടന്ന യുദ്ധത്തില്‍ (ഇതാണ് ബംഗ്ലാദേശ് രൂപവത്കരണത്തിന് വഴിവെച്ചത്) ഉണ്ടായി എന്ന് പറയപ്പെടുന്ന യുദ്ധകുറ്റകൃത്യങ്ങളുടെ പേരിലാണ് ഈ ശിക്ഷ. യുദ്ധ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ട പാക് സൈനികരെ വിചാരണ ചെയ്യാന്‍ 1973-ല്‍ നിലവില്‍ വന്ന കോടതിയുടെ പുനര്‍ജന്മമാണ് ശിക്ഷ വിധിച്ച ഈ ട്രൈബ്യൂണല്‍. ഇന്ത്യ യുദ്ധത്തടവുകാരായി പിടിച്ചവരായിരുന്നു വിചാരണക്ക് കൊണ്ടുവന്ന പാക് സൈനിക ഉദ്യോഗസ്ഥര്‍. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒപ്പുവെച്ച കരാര്‍ പ്രകാരം ആ ഉദ്യോഗസ്ഥരെ മുഴുവന്‍ വിട്ടയക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ ബംഗ്ലാദേശ് രാഷ്ട്രപിതാവായ മുജീബുര്‍റഹ്മാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രശസ്തമായ ഒരു പ്രസ്താവനയുണ്ട്. അദ്ദേഹം പറഞ്ഞു: ''ബംഗാളികള്‍ എങ്ങനെ മാപ്പ് കൊടുക്കുന്നുവെന്ന് ലോകം അറിയട്ടെ'' (Let the world know how Bengalies can forgive). നിലവിലെ ബംഗ്ലാദേശി ഭരണകൂടം ഗുലാം അഅ്‌സം ഉള്‍പ്പെടെയുള്ള പത്ത് പ്രതിപക്ഷ നേതാക്കളെ വിചാരണ ചെയ്യാനാണ് യുദ്ധകുറ്റകൃത്യ ട്രൈബ്യൂണലിനെ പുനര്‍ജീവിപ്പിച്ചിരിക്കുന്നത്.
നിലവിലെ ട്രൈബ്യൂണലിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് എ.ടി.എം ഫസല്‍ കബീര്‍ വിധി പ്രസ്താവത്തിന് മുമ്പ് നടത്തിയ പ്രസ്താവനയില്‍ തന്നെ ഗുലാം അഅ്‌സമിന്റെ നിരപരാധിത്വം തെളിയുന്നുണ്ട്. ഫസല്‍ കബീര്‍ പറഞ്ഞു: ''മറ്റുള്ള കേസുകളില്‍ നിന്ന് വ്യത്യസ്തമാണിത്. ഇപ്പറഞ്ഞ കുറ്റകൃത്യങ്ങളിലൊന്നും പ്രതി ഒരിക്കലും നേരില്‍ പങ്കാളിയായിട്ടില്ല. 1971-ലെ സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ കിഴക്കന്‍ പാകിസ്താനിലെ ജമാഅത്ത് ഘടകത്തിന്റെ അധ്യക്ഷന്‍ അദ്ദേഹം ആയിരുന്നതിനാലും, അല്‍ബദ്ര്‍, അശ്ശംസ് പോലുള്ള അര്‍ധ സൈനിക വിഭാഗങ്ങളില്‍ ധാരാളം ജമാഅത്ത് അംഗങ്ങള്‍ ഉണ്ടായിരുന്നതിനാലും ഇതിന്റെയൊക്കെ മേലുത്തരവാദിത്വം (Superior responsibility) ആണ് കുറ്റാരോപിതനില്‍ ചുമത്തിയിരിക്കുന്നത്.'' ജഡ്ജി ഇത്ര കൂടി പറഞ്ഞു: ''തെളിവായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ അപര്യാപ്തമാണ്. മൂര്‍ത്തമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളാണ് റഫറന്‍സ് എന്ന നിലക്ക് കൂടുതല്‍ സ്വീകാര്യമാവുക.''
ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ഗുലാം അഅ്‌സമിനെതിരെ ഇത്തരമൊരു ശിക്ഷാവിധി ഉണ്ടായത് വളരെ വിചിത്രമാണ്. പത്ര കട്ടിംഗുകള്‍ മാത്രമാണ് പ്രോസിക്യൂഷന് തെളിവായി സമര്‍പ്പിക്കാനുണ്ടായിരുന്നത്. ഒരൊറ്റ ദൃക്‌സാക്ഷിയെ പോലും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതിഭാഗം വക്കീല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. വിചാരണ നീതിപൂര്‍വമായിരുന്നെങ്കില്‍ ഒരു മിനിറ്റ് നേരത്തെ തടവ് ശിക്ഷ പോലും പ്രഫസര്‍ ഗുലാം അഅ്‌സമിന് ലഭിക്കുമായിരുന്നില്ല എന്നര്‍ഥം.
തൊട്ടുടനെയാണ് ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദിന് ഇതേ കാരണം പറഞ്ഞ് ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചത്. 1971-ലെ യുദ്ധത്തില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ വധശിക്ഷ വിധിക്കപ്പെട്ടവരുടെ എണ്ണം ഇതോടെ നാലായി. പ്രശസ്ത വാഗ്മിയും ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമിയുടെ ഉപാധ്യക്ഷനുമായ ശൈഖ് ദല്‍വാര്‍ ഹുസൈന്‍ സഈദി അവരില്‍ ഒരാളാണ്.
യുദ്ധകുറ്റകൃത്യങ്ങളുടെ പേരിലുള്ള ഈ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് രണ്ട് വിവാദങ്ങള്‍ ബംഗ്ലാദേശിനെ ഇളക്കി മറിച്ചത്. ഒന്നാമത്തേത് സ്‌കൈപ് (സ്യെുല) വിവാദം. ബ്രിട്ടീഷ് മാഗസിനായ ദി ഇക്കണോമിസ്റ്റ് ആണ് ഇത് പുറത്തുകൊണ്ടുവന്നത്. ട്രൈബ്യൂണലിന് നേതൃത്വം നല്‍കിയിരുന്ന മുഹമ്മദ് നിസാമുല്‍ ഹഖും ബ്രസ്സല്‍സില്‍ താമസിക്കുന്ന ബംഗാളി വംശജനായ അഹ്മദ് സിയാവുദ്ദീനും തമ്മില്‍ 'സ്‌കൈപ്' വഴി നടന്ന സംഭാഷണങ്ങളാണ് പത്രം പുറത്തുവിട്ടത്. ട്രൈബ്യൂണലുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് ഈ അഹ്മദ് സിയാവുദ്ദീന്‍. ഇദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടറുമായും ട്രൈബ്യൂണല്‍ ജഡ്ജിയുമായും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും, എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കാറുണ്ടെന്നും ഈ സംഭാഷണങ്ങളിലൂടെ വ്യക്തമായി. ഇതിന്റെ പേരില്‍ ട്രൈബ്യൂണല്‍ അധ്യക്ഷനായ ജഡ്ജിക്ക് സ്ഥാനം രാജിവെക്കേണ്ടിവന്നു. ട്രൈബ്യൂണല്‍ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇതുതന്നെ മതിയായ കാരണമാണ്. പക്ഷേ, അധികാരികള്‍ വിമര്‍ശനങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ മറ്റൊരാളെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ച് നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പ്രതിഭാഗം സാക്ഷിയായ സുഖ്‌റഞ്ജന്‍ ബാലിയെ തട്ടിക്കൊണ്ട് പോയതാണ് മറ്റൊരു വിവാദം. നിലവിലെ ബംഗ്ലാ ജമാഅത്ത് ഉപാധ്യക്ഷന്‍ ദല്‍വാര്‍ ഹുസൈന്‍ തന്റെ സഹോദരനെ വധിച്ചു എന്നാണ് ബാലി നല്‍കിയ മൊഴി എന്ന് പ്രോസിക്യൂഷന്‍ സാക്ഷ്യപ്പെടുത്തുന്നു. സാക്ഷികളുടെ കൂട്ടത്തിലും ബാലിയെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍, ദല്‍വാര്‍ ഹുസൈന്‍ തന്റെ സഹോദരനെ വധിച്ചു എന്ന് താന്‍ മൊഴി കൊടുത്തിട്ടില്ലെന്ന് ബാലി പറയുന്നു. ഇതത്രയും പ്രോസിക്യൂഷന്‍ തന്റെ പേരില്‍ കെട്ടിവെച്ചതാണ്. ഇത് ഔദ്യോഗികമായി തന്നെ തിരുത്താന്‍ കോടതിയിലേക്ക് പുറപ്പെട്ടതായിരുന്നു ബാലി. പക്ഷേ, കോടതി വാതില്‍ക്കലെത്തിയതും അദ്ദേഹത്തെ ആരോ ചിലര്‍ റാഞ്ചിയെടുത്തു. ഒരു രഹസ്യപ്പോലീസ് വാഹനത്തില്‍ അദ്ദേഹത്തെ കടത്തിക്കൊണ്ടുപോയി. പിന്നെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ല. സാക്ഷിയെ തട്ടിക്കൊണ്ട് പോയ വിവരം അഭിഭാഷകര്‍ കോടതിയെ അറിയിച്ചെങ്കിലും ഒരു അന്വേഷണവും നടക്കുകയുണ്ടായില്ല.
പക്ഷേ, ധാക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രം ബാലി കൊല്‍ക്കത്തയിലെ ഒരു തടവറയിലുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, തന്നെ തട്ടിക്കൊണ്ട് പോയതാണെന്നും നിരവധി ആഴ്ചകള്‍ താന്‍ രഹസ്യപ്പോലീസിന്റെ പിടിയിലായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. പിന്നെ അതിര്‍ത്തിയില്‍ കൊണ്ടുവന്ന് ഇന്ത്യന്‍ മണ്ണിലേക്ക് തള്ളിവിട്ടു. അങ്ങനെ ഇന്ത്യന്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനിടെ പോലീസ് മര്‍ദനങ്ങള്‍ക്ക് അദ്ദേഹം ഇരയായി. ബാലി ബംഗ്ലാദേശിലേക്ക് തിരിച്ചുവന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാവുമെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ആശങ്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന് സംരക്ഷണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഈ ട്രൈബ്യൂണലിന്റെ വിശ്വാസ്യതയും സത്യസന്ധതയും ബംഗ്ലാദേശിലും വിദേശനാടുകളിലും നിശിതമായി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്, പ്രത്യേകിച്ച് ഈ രണ്ട് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം.
രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ഭരണകക്ഷിയുടെ ഒരു സാദാ രാഷ്ട്രീയക്കളി മാത്രമാണിതെന്ന് ബംഗ്ലാദേശിലെ ഓരോരുത്തര്‍ക്കുമറിയാം. ട്രൈബ്യൂണല്‍ പുനര്‍ജീവിപ്പിച്ചതിനെ ഏതാണ്ടെല്ലാ ലോക മനുഷ്യാവകാശ സംഘടനകളും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സില്‍, ഇന്റര്‍ നാഷ്‌നല്‍ ബാര്‍ അസോസിയേഷന്‍, ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ബ്രിട്ടനിലെ പ്രഭു സഭ എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടനവധി കൂട്ടായ്മകള്‍ അവയില്‍ പെടും.
ബ്രിട്ടീഷ് പ്രഭുസഭ ബംഗ്ലാദേശ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടത്, ട്രൈബ്യൂണല്‍ നടപടിക്രമങ്ങള്‍ വീക്ഷിക്കാന്‍ തങ്ങളുടെ അഭിഭാഷകരെ അനുവദിക്കണമെന്നും യുദ്ധക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ അവര്‍ക്ക് അവസരമൊരുക്കണമെന്നുമാണ്. പക്ഷേ, ഈ ആവശ്യം ബംഗ്ലാ ഗവണ്‍മെന്റ് അവഗണിച്ചു. നിയമപരമായി മിനിമം അന്തര്‍ദേശീയ നിലവാരം പോലും ഈ വിചാരണകള്‍ക്കില്ലെന്ന് സര്‍വരും അംഗീകരിച്ചു കഴിഞ്ഞതാണ്. ഈയിടെ തുര്‍ക്കിയില്‍ നിന്നുള്ള ഒരു അഭിഭാഷക സംഘവും ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാ രാഷ്ട്രീയത്തിലെ സമുന്നത വ്യക്തിത്വങ്ങള്‍ക്കെതിരെയുള്ള വിചാരണയെ സംബന്ധിച്ച് അവരും ചില നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. അതിലൊന്നും കുലുങ്ങാതെ അന്യായമായ ശിക്ഷാവിധികള്‍ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുകയാണ് ബന്ധപ്പെട്ട കക്ഷികള്‍.

(മുന്‍ സുഊദി നയതന്ത്രജ്ഞനായ ലേഖകന്‍ ദക്ഷിണേഷ്യന്‍ പഠനങ്ങളില്‍ വിദഗ്ധനാണ്. 2013 ജൂലൈ 24-ന് സുഊദി ഗസറ്റിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍