Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

ഈജിപ്തിലെ സൈനിക അട്ടിമറിയും ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും

ഈജിപ്തിലെ സൈനിക അട്ടിമറിയും ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും

അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല

''ഇക്കണക്കിന് നോക്കുമ്പോള്‍ തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന പ്രക്ഷോഭങ്ങള്‍ക്ക് അറബ് രാജ്യങ്ങളില്‍ സ്വേഛാധിപതികള്‍ക്കെതിരെ നടന്ന ജനകീയ പ്രതിഷേധ സമരങ്ങളോടായിരിക്കും കൂടുതല്‍ സാമ്യം. വാള്‍സ്ട്രീറ്റ് സമരത്തിന് മുമ്പ് തന്നെ തുനീഷ്യയില്‍ മുല്ലപ്പൂ വിപ്ലവം ആരംഭിച്ചുകഴിഞ്ഞിരുന്നു. അറബ് വസന്തം വാള്‍സ്ട്രീറ്റ് കൈയേറ്റസമരത്തിന് പ്രചോദനമായി പോലും വര്‍ത്തിക്കുകയുണ്ടായി. തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ സമരങ്ങളാണ് ഏറ്റവും പ്രസിദ്ധം...'' കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കുകയും സോളാര്‍ തട്ടിപ്പുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്ന സെക്രട്ടേറിയറ്റ് ഉപരോധ സമരത്തെക്കുറിച്ച് സി.പി.എം നേതാവും മുന്‍ കേരള ധനകാര്യ മന്ത്രിയുമായ ടി.എം തോമസ് ഐസക് സമരത്തിന് തൊട്ടുമുമ്പ് കലാകൗമുദി വാരികയില്‍ എഴുതിയ വിശകലന ലേഖനത്തില്‍ നിന്നുള്ളതാണ് ഈ ഉദ്ധരണി.
വിപ്ലവകാരികള്‍ക്ക് പുതിയ ദിശാബോധവും ഊര്‍ജസ്വലതയും സമ്മാനിച്ച വിപ്ലവ ശ്രമങ്ങളെ അഭിനന്ദിക്കുകയും അതിനെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴും, മറുഭാഗത്ത് ആ വിപ്ലവത്തിനു നേതൃത്വപരമായ പങ്കുവഹിച്ച പോരാളി വിഭാഗത്തെ യാതൊരു തെളിവോ ന്യായമോ ഇല്ലാതെ ശത്രുക്കളുടെ വക്താക്കളാക്കി അധിക്ഷേപിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് തുടര്‍ന്ന് ഡോ. ഐസക് എഴുതിയ വരികളില്‍ കാണുന്നത്. ''.... എന്നാല്‍ തുനീഷ്യയിലെന്ന പോലെ തന്നെ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട സ്വേഛാധിപതികള്‍ക്ക് പകരം ഇസ്‌ലാമിക മൗലികവാദ ചിന്തക്കാര്‍ക്ക് മുന്‍തൂക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഈജിപ്തിലും അധികാരത്തില്‍ വന്നത്. അവര്‍ക്ക് അമേരിക്കയുടെ പിന്തുണയും ഉണ്ടായിരുന്നു...'' -ഇതാണ് ഐസക് ഭാഷ്യം.
യഥാര്‍ഥത്തില്‍ ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള മിതവാദി ഇസ്‌ലാമിസ്റ്റുകളുടെ ചരിത്രവും അനുഭവവും പരിശോധിക്കുകയാണെങ്കില്‍ അവര്‍ ഒരിക്കലും അന്ധമായ മതമൗലികവാദികളല്ലെന്നും മറിച്ച് മതത്തിന്റെ വിമോചനപാഠങ്ങളുടെ മൗലികവാദികള്‍ മാത്രമാണെന്നും സുതരാം വ്യക്തമാണ്. മാത്രമല്ല, ആദര്‍ശശുദ്ധിയുടെയും സത്യസന്ധതയുടെയും ത്യാഗമനോഭാവത്തിന്റെയും കാര്യത്തില്‍ ലിബറല്‍ ജനാധിപത്യവാദികള്‍ക്കും സോഷ്യലിസ്റ്റ് കക്ഷികള്‍ക്കും സാധിക്കാത്ത വിധത്തിലുള്ള അര്‍പ്പണബോധവും മാന്യതയും അവരില്‍ ദര്‍ശിക്കാന്‍ കഴിയും. ഇതൊക്കെയായിട്ടും തോമസ് ഐസക് അടക്കമുള്ള ഇന്ത്യയിലെ ഇടതുപക്ഷ നേതാക്കള്‍ അവരെ മതമൗലികവാദികള്‍ എന്ന് വിളിച്ചാണ് അധിക്ഷേപിക്കുന്നത്. 'ജനങ്ങള്‍ക്ക് വിമോചനം സമ്മാനിക്കുമെങ്കില്‍ അത് മതപ്രോക്തമായാല്‍ തന്നെയെന്ത്?' എന്ന് ഇറാനിയന്‍ വിപ്ലവകാലത്ത് സാക്ഷാല്‍ ഫിദല്‍ കാസ്‌ട്രോ ചോദിച്ചിട്ടുണ്ട്. സാമ്പത്തിക പണ്ഡിതന്‍ മാത്രമല്ല, രാഷ്ട്രീയ പണ്ഡിതന്‍ കൂടിയായ ഡോ. തോമസ് ഐസകിന് അതേ നിലവാരത്തില്‍ ചിന്തിക്കാന്‍ കഴിയാഞ്ഞിട്ടാണെന്ന് തോന്നുന്നുമില്ല. കാരണം, കേരളത്തില്‍ ധനകാര്യമന്ത്രിയായിരിക്കെ 'അല്‍ബറക' എന്ന പേരില്‍ ഒരു ഇസ്‌ലാമിക ധനകാര്യ സംരംഭത്തിന് തുടക്കം കുറിക്കുമ്പോള്‍ അതൊക്കെ ഇസ്‌ലാമിക വേദഗ്രന്ഥത്തില്‍ പറഞ്ഞ സാമ്പത്തിക രീതി ആയതിനാല്‍ അതൊരു മതമൗലിക സംരംഭമാണെന്ന് തോന്നിയ ആളല്ലല്ലോ ഡോ. ഐസക്. അപ്പോള്‍ പ്രശ്‌നം അതൊന്നുമല്ല. ഇടതുപക്ഷ നേതാക്കള്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സമീപിക്കുമ്പോള്‍ സംഭവിക്കുന്നത് കക്ഷിപക്ഷപാതം ബാധിച്ച മാനസിക അപരത്വം മാത്രമാണ്. ഈ അപരത്വബാധ ഇടതുപക്ഷക്കാരനെ ബാധിച്ചുകഴിഞ്ഞാല്‍ പിന്നെ എല്ലാ സത്യങ്ങളെയും ന്യായങ്ങളെയും കുഴിച്ചുമൂടിക്കൊണ്ട് വസ്തുതകളെ ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കുമ്പോള്‍ താന്‍ മിത്രത്തെയാണോ ശത്രുവിനെയാണോ സഹായിക്കുന്നത് എന്ന് പലപ്പോഴും അവര്‍ക്ക് സ്വയം തിരിച്ചറിയാന്‍ കഴിയാറില്ല. ഈജിപ്തിലെ ഇടതുപക്ഷ കക്ഷിയുടെ ഇപ്പോഴത്തെ ദയനീയ സ്ഥിതി അതാണ് സൂചിപ്പിക്കുന്നത്. അറബ് വസന്താനന്തരമുള്ള ഈജിപ്തിലെ പ്രഥമ ജനാധിപത്യ ശിശുവിനെ അഥവാ മുര്‍സി സര്‍ക്കാറിനെ പിഴുതെറിയാന്‍ പട്ടാള ജണ്ടയോടൊപ്പം ചേര്‍ന്ന് കൂലിപ്രക്ഷോഭം നടത്തിയ അല്‍ബറാദഇ അടക്കമുള്ള പല ലിബറല്‍ ജനാധിപത്യക്കാരും പശ്ചാത്താപത്തിന്റെ പാതയിലേക്ക് തിരിഞ്ഞു നടന്നപ്പോള്‍ വിദേശങ്ങളില്‍ സ്വേഛാധിപതികളായ അറബ് രാജാക്കന്മാരും ആഭ്യന്തരരംഗത്ത് ഇടതുപക്ഷവും മാത്രമാണ് ഇപ്പോള്‍ മുതലാൡ സാമ്രാജ്യത്വ ഏജന്റായ പട്ടാള ഭരണാധികാരിയുടെ വക്താക്കളായി രംഗത്തുള്ളത്.
മുഹമ്മദ് മുര്‍സിയുടെ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് ഇപ്പോള്‍ ജനാധിപത്യ പുനഃസ്ഥാപന പോരാളികളെ ചോരയില്‍ മുക്കികൊല്ലുന്ന സ്വേഛാധിപതികളുടെ പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വം തന്നെയാണെന്ന് യൂഗോസ്ല്യാവ്യന്‍ ഭരണാധികാരി മദുറോ തുന്നടിച്ചിരുന്നു. മാത്രമല്ല, ഈജിപ്തില്‍ നിന്നും നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കാന്‍ പോലും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. ലോകത്ത് സാമ്രാജ്യത്വശക്തികള്‍ക്കെതിരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സോഷ്യലിസ്റ്റ് നേതാക്കളുടെ നിലപാട് ഇങ്ങനെയാണെന്ന് ഇന്ത്യയിലെ ഇടതുപക്ഷ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അറിയണം.
ഈജിപ്തില്‍ മുര്‍സിയെ താഴെയിറക്കാന്‍ സമരം ചെയ്ത കൂലി പ്രക്ഷോഭകര്‍ക്കിടയില്‍ വര്‍ധിച്ച സ്ത്രീസാന്നിധ്യമുണ്ടായിരുന്നെന്ന് ഡോ. ഐസക് കണ്ടുപിടിച്ചിരിക്കുന്നു. ഇസ്‌ലാമിസ്റ്റുകളുടെ നേതൃത്വത്തില്‍ ജനാധിപത്യ പുനഃസ്ഥാപനത്തിനായി നടക്കുന്ന പ്രക്ഷോഭത്തില്‍ ധാരാളം സ്ത്രീകള്‍ കുടുംബസമേതം പങ്കെടുക്കുന്നു. മുതിര്‍ന്ന ഇഖ്‌വാന്‍ നേതാവ് അഹ്മദ് ബല്‍താഗിയുടെ പുത്രി അസ്മാ ബല്‍താഗി അടക്കം നിരവധി സ്ത്രീകള്‍ റാബിഅ അദബിയ്യ ചത്വരത്തില്‍ രക്തസാക്ഷികളാവുക കൂടി ചെയ്തിട്ടുണ്ട്. തോമസ് ഐസക് ഇതുമായി ബന്ധപ്പെട്ട് വേറൊരു കൗതുകവാര്‍ത്ത കൂടി അറിയണം. ബ്രദര്‍ഹുഡ് നയിക്കുന്ന പ്രക്ഷോഭ ക്യാമ്പിലെ സ്ത്രീകള്‍ രാത്രി മുഴുവന്‍ ധ്യാനത്തിലിരുന്ന് പകല്‍ സമരത്തിലും സേവനത്തിലും വ്യാപൃതരായി അവരുടെ പോരാട്ട ദൗത്യം അര്‍ഥപൂര്‍ണമാക്കുമ്പോള്‍, ഇടതുപക്ഷക്കാര്‍ അടക്കമുള്ള കൂലി പ്രക്ഷോഭകരുടെ ക്യാമ്പില്‍ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയായിരുന്നു. അരാജകവാദികളായ ഈ ഭൗതികപ്രമത്തരുടെ ക്യാമ്പില്‍ പങ്കെടുത്ത നൂറുകണക്കിന് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി വന്ന വാര്‍ത്തകള്‍ ഡോ. ഐസകിനെ പോലുള്ളവരെ അലോസരപ്പെടുത്തേണ്ടതല്ലേ?
ആദര്‍ശ ധീരതയോട് തരിമ്പും കാപട്യം കാണിക്കാത്ത ഇസ്‌ലാമിസ്റ്റുകളുടെ സമരാനുഭവങ്ങളുടെ മഹത്വം ഇന്നത്തെ പെറ്റി ബൂര്‍ഷ്വാ ഇടതുപക്ഷത്തിന് സ്വപ്നം കാണാന്‍ പോലും കഴിയില്ല. ഒറ്റ ദിവസം മാത്രം കുത്തിയിരുന്ന് കഴിഞ്ഞപ്പോള്‍ തലസ്ഥാന നഗരിയിലെ സമര നേതാക്കളുടെ ബേജാറും അവസാനം ഒത്തുതീര്‍പ്പിന്റെ കള്ളക്കളിയും എല്ലാം ഇപ്പോള്‍ നാട്ടില്‍ പാട്ടാണല്ലോ. രണ്ടാമതൊരു ദിവസം കൂടി സമരക്കാര്‍ക്ക് കരുത്തോടെ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന ആശങ്കയും ബാരക്കില്‍ നിന്നും കേന്ദ്ര സേന തോക്കുമായി ഇറങ്ങിവന്നാലുണ്ടാകാവുന്ന പുകിലുകളെക്കുറിച്ചുള്ള ബേജാറും തിരുവനന്തപുരം സമരത്തെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം പോലെ വെറുമൊരു ചട്ട വെടി മാത്രമാക്കി മാറ്റി. തലസ്ഥാനത്തേക്ക് ഒഴുകിയെത്തി തെരുവില്‍ കുത്തിയിരുന്നവരുടെ കൂട്ടത്തില്‍ ഇടത് നേതാക്കളുടെ കുടുംബങ്ങളുണ്ടായിരുന്നോ? എന്നാല്‍ കേട്ടോളൂ. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ സമുന്നത നേതാക്കള്‍ തങ്ങളുടെ ഭാര്യമാരും മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് സമരനിരതരായത്; മാസങ്ങളോളം സമര മൈതാനങ്ങളില്‍ ജനങ്ങളോടൊപ്പം കഴിച്ചുകൂട്ടിയത്. പ്രക്ഷോഭനാളുകളില്‍ രക്തസാക്ഷിയായവരുടെ കൂട്ടത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ അധ്യക്ഷന്‍ മുഹമ്മദ് ബദീഇന്റെ മകന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായ അമ്മാര്‍ ബദീഉം, ബ്രദര്‍ ഹുഡ് സ്ഥാപകന്‍ ശഹീദ് ഹസനുല്‍ ബന്നായുടെ പൗത്രന്‍ ഖാലിദ് ഫിര്‍നാസ് അബ്ദുല്‍ ബാസിതും നേതൃനിരയിലെ മറ്റനേകം യുവാക്കളുമുണ്ടായിരുന്നു എന്ന സത്യം ആധുനിക വാചാടോപ സമരക്കാര്‍ അറിയണം.

=========


52 ശതമാനം വോട്ട് നേടി ജനസമ്മതിയോടെ അധികാരത്തിലേറിയ മുഹമ്മദ് മുര്‍സിയുടെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് വെറും 16 ശതമാനം വോട്ട് മാത്രം നേടിയവരെ അധികാരത്തിലേറ്റിയ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ക്രൂരമായ ജനാധിപത്യ കശാപ്പിനെ ഹല്ലേലൂയ പാടുകയാണ് മതേതര ജനാധിപത്യ വാദികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിലുള്ള ഇടതുപക്ഷം. ''ജനകീയ പ്രക്ഷോഭത്തെ മാനിക്കാത്ത മുര്‍സിയെ സൈന്യം ഇടപെട്ട് പുറത്താക്കി'' എന്നാണ് ഈ ജനാധിപത്യ കശാപ്പിനെക്കുറിച്ച് ഇവരുടെ മുഖപത്രമായ ദേശാഭിമാനി(5.8.2013) അച്ചുനിരത്തിയത്. ജനപിന്തുണയോടെ അധികാരത്തിലേറിയ സര്‍ക്കാറിനെ സൈനിക ശക്തി കൊണ്ട് അട്ടിമറിക്കുന്ന 'ജനകീയ പ്രക്ഷോഭം' ഇടതുപക്ഷ ദൃഷ്ടിയില്‍ ബഹുകേമമാണത്രെ.
ഈജിപ്ഷ്യന്‍ പ്രതിഷേധക്കാരെ നേരിടാന്‍ അമിത ബലപ്രയോഗം നടത്തുന്ന സൈനിക നടപടിയെ യു.എന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ വിമര്‍ശിച്ചപ്പോള്‍, സമരക്കാര്‍ക്കെതിരായ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഈജിപ്തുമായി ചേര്‍ന്നുള്ള സൈനികാഭ്യാസം റദ്ദാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സൈന്യത്തിന് നിര്‍ദേശം നല്‍കുകയും, പാശ്ചാത്യ രാജ്യങ്ങള്‍ മിക്കതും സൈനിക നടപടിയെ അപലപിക്കുകയും ചെയ്തപ്പോള്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള സമാധാന സമരത്തിനെതിരെ ജനം ഒന്നടങ്കം പ്രതിഷേധിക്കാനാണ് ഈജിപ്തിലെ ഇടതുപക്ഷ സഖ്യമായ സാല്‍വേഷന്‍ ഫ്രണ്ട് ആഹ്വാനം ചെയ്തുകളഞ്ഞത്!
ഈജിപ്തിലെ സൈനിക അട്ടിമറിക്ക് പിന്നില്‍ നിന്ന് കരു നീക്കങ്ങള്‍ നടത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വവും സയണിസ്റ്റ് ഇസ്രയേലുമാണെന്നതിന് അനിഷേധ്യമായ തെളിവുകള്‍ പുറത്ത് വന്നിട്ടും സാമ്രാജ്യത്വത്തിനും ഇസ്രയേലിനുമെതിരെ സദാ സിംഹ ഗര്‍ജനം നടത്താറുള്ള നമ്മുടെ ഇടതുപക്ഷം, മറ്റാരേക്കാളും ഈജിപ്തിലെ സൈനിക ഭരണകൂടത്തിന്റെ വഴിവിട്ട ചെയ്തികള്‍ക്ക് സര്‍വ പിന്തുണയും നല്‍കുന്നത് ഇക്കൂട്ടരുടെ ഇരട്ടത്താപ്പ് നയത്തിന്റെ വികൃത മുഖം വെളിച്ചത്ത് കൊണ്ടുവരാന്‍ ഏറെ സഹായകമായിരിക്കുകയാണ്.

റഹ്മാന്‍ മധുരക്കുഴി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍