Prabodhanm Weekly

Pages

Search

2013 ജൂലായ് 12

ഉമറാബാദും ഉര്‍ദു ഭാഷയും / എന്റെ ജീവിതം-3 കരുവള്ളി മുഹമ്മദ് മൗലവി

സദ്‌റുദ്ദീന്‍ വാഴക്കാട്‌

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഏതെങ്കിലും പള്ളിദര്‍സില്‍ പോയി ദീന്‍ പഠിക്കണം എന്നതായിരുന്നു എന്റെ വാപ്പയുടെ ആഗ്രഹം. കട്ടിലശ്ശേരി മുഹമ്മദ് മൗലവിയാണ് എന്നെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടതും ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തിന് പുറത്തുപോകാന്‍ പ്രേരിപ്പിച്ചതും. സ്‌കൂളില്‍ എനിക്ക് സാമാന്യം നല്ല മാര്‍ക്കുണ്ടായിരുന്നു; അറബി ഭാഷയില്‍ നല്ല കഴിവും. ഇതൊക്കെ കണ്ടപ്പോള്‍ കട്ടിലശ്ശേരി എന്നോട് പറഞ്ഞു: ''ഇവിടെ പള്ളിദര്‍സില്‍ പഠിച്ചതുകൊണ്ടൊന്നും വലിയ കാര്യമില്ല. അതൊന്നും എവിടെയുമെത്തില്ല. ഉമറാബാദില്‍ അഹ്‌ലെ ഹദീസിന്റെ ഒരു കോളേജ് ഉണ്ട്. നീ അവിടെ പോയി പഠിക്ക്.'' അങ്ങനെയാണ് ഞാന്‍ ഉമറാബാദിലെത്തിയത്.

ഉമറാബാദ് ദാറുല്‍ ഉലൂമില്‍
1932-ലാണ് ഞാന്‍ ഉമറാബാദ് ദാറുല്‍ ഉലൂമില്‍ ചേരുന്നത്. നല്ല പഠനാന്തരീക്ഷമായിരുന്നു അവിടെ. ഖുര്‍ആന്‍, ഹദീസ്, താരീഖ് എന്നീ വിഷയങ്ങള്‍ക്കായിരുന്നു പ്രാധാന്യം. 'ബിദായത്തുല്‍ മുജ്തഹിദ്' പോലെയുള്ള ഗ്രന്ഥങ്ങളാണ് ഫിഖ്ഹില്‍ പഠിക്കാനുണ്ടായിരുന്നത്. അതുകൊണ്ട് വ്യത്യസ്ത മദ്ഹബുകളുടെ വീക്ഷണങ്ങള്‍ അറിയാനും പഠിക്കാനും സാധിച്ചു. ശാഫിഈ-ഹനഫി-ഹമ്പലി-മാലികി മദ്ഹബുകള്‍ എന്ന വ്യത്യാസമൊന്നും അവിടെ ഉണ്ടായിരുന്നില്ല. വേലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ രീതി. ബാഖിയാത്ത് മദ്ഹബിനെ അനുകരിക്കുന്നത് (മുഖല്ലിദ്) ആയിരുന്നു. ഉമറാബാദ് പ്രത്യേക മദ്ഹബിനെ അനുകരിക്കാത്തത് (ഗൈറുമുഖല്ലിദ്) ആയിരുന്നു. ഒരു മദ്ഹബിനെ പ്രത്യേകമായി തഖ്‌ലീദ് ചെയ്യാതെ ഖുര്‍ആനും ഹദീസും പിന്തുടരുന്ന രീതിയിലായിരുന്നു സിലബസ്സും പഠനവുമൊക്കെ.
ഗവണ്‍മെന്റിന്റെ വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതാനുള്ള സൗകര്യം ഉമറാബാദിലുണ്ടായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. അത് പല കുട്ടികളും ഉപയോഗപ്പെടുത്തിയിരുന്നു. ഞാന്‍ 1939-ല്‍ അവിടെ വെച്ചാണ് അഫ്ദലുല്‍ ഉലമ പരീക്ഷ എഴുതി പാസായത്. അഫ്ദലുല്‍ ഉലമ പരീക്ഷ എഴുതുന്നവര്‍ അന്ന് വളരെ കുറവായിരുന്നു. കാരണം, അഫ്ദലുല്‍ ഉലമാ സര്‍ട്ടിഫിക്കറ്റിന് അന്ന് വലിയ വിലയുണ്ടായിരുന്നില്ല. അതുകൊണ്ട് ജോലി കിട്ടാനുള്ള സാധ്യത കുറവായിരുന്നു. മലബാറില്‍ ഇന്നത്തെപോലെ വ്യാപകമായ അറബി അധ്യാപക പോസ്റ്റുകള്‍ ഗവണ്‍മെന്റ് സര്‍വീസില്‍ അന്ന് ഇല്ലല്ലോ. അതൊക്കെ പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഉണ്ടാകുന്നത്.
നാട്ടില്‍ തിരിച്ചെത്തിയ ശേഷം 1940-ലാണ് പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റായി എഴുതുന്നത്. എസ്.എസ്.എല്‍. സി പാസ്സായതിന്റെ പേരില്‍ അന്നെനിക്ക് ധാരാളം അഭിനന്ദനങ്ങള്‍ കിട്ടിയിട്ടുണ്ട്. അന്നതൊരു വലിയ സംഭവമായിരുന്നു. അന്ന് അഫ്ദലുല്‍ ഉലമ പാസായ അറബിക് മുന്‍ഷിമാരില്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയവര്‍ ഉണ്ടായിരുന്നില്ല, ഏഴാം ക്ലാസും മറ്റുമായിരുന്നു അവരുടെയൊക്കെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മലബാറില്‍ എസ്.എസ്.എല്‍.സി പാസ്സായ ആദ്യത്തെ അഫ്ദലുല്‍ ഉലമക്കാരന്‍ ഞാനാണ്. അതുകൊണ്ട് അന്ന് അധ്യാപകര്‍ക്കിടയിലൊക്കെ എനിക്ക് വലിയ സ്ഥാനവും ആദരവുമായിരുന്നു.
എന്നാല്‍, അഫ്ദലുല്‍ ഉലമയുടെ സിലബസ്സായിരുന്നില്ല സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നത്. നമ്മുടെ അറബിക്കോളേജുകളില്‍ ഇപ്പോള്‍ അഫ്ദലുല്‍ ഉലമയുടെ സിലബസ് മാത്രമേയുള്ളൂ, അതില്‍ പരീക്ഷ എഴുതി പാസാകലാണ് കുട്ടികളുടെ ലക്ഷ്യം എന്നതാണ് ഇവിടത്തെ വലിയൊരു പരിമിതി. ഉമറാബാദിലെ സിലബസനുസരിച്ച് തഫ്‌സീറും മറ്റു കിതാബുകളുമൊക്കെ പഠിച്ച് നന്നായി അറിവ് നേടാന്‍ സാധിച്ചിരുന്നു. കുട്ടികളുടെ സാമര്‍ഥ്യമനുസരിച്ച് ഏത് ക്ലാസില്‍ പഠിക്കുന്നവര്‍ക്കും അഫ്ദലുല്‍ ഉലമ പരീക്ഷ എഴുതാമായിരുന്നു. വലിയ ലൈബ്രറിയും ഒരുപാട് പുസ്തകങ്ങളും വൈജ്ഞാനിക വളര്‍ച്ചക്ക് അവസരമൊരുക്കി.
രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായാണ് ഞാന്‍ അവിടെ ചേര്‍ന്നത്. ഏഴു വര്‍ഷം അവിടെ പഠിച്ചു. സയ്യിദ് ഇസ്മാഈല്‍, ഹാഫിസ് അബ്ദുല്‍ വാജിദ്, അബ്ദുസുബ്ഹാന്‍ അഅ്‌സമി, സയ്യിദ് അബ്ദുല്‍ കരീം, ശാക്കിര്‍ സാഹിബ് തുടങ്ങിയ പ്രഗത്ഭരായ അധ്യാപകര്‍ അവിടെയുണ്ടായിരുന്നു. വാണിയമ്പാടി സ്വദേശി മൗലാനാ ഫദ്‌ലുല്ലാ സാഹിബായിരുന്നു പ്രിന്‍സിപ്പല്‍. ശാക്കിര്‍ സാഹിബിന്റെ കുടുംബക്കാരനാണ് ബ്രണ്ണന്‍ കോളേജില്‍ ഉര്‍ദു പ്രഫസറായിവന്ന ഹുസൈന്‍ ശാക്കിര്‍. അദ്ദേഹം എന്നോടൊപ്പം ഉമറാബാദില്‍ പഠിച്ചിരുന്നു. ലഖ്‌നൗ നദ്‌വത്തുല്‍ ഉലമയില്‍ പഠിച്ച അബുല്‍ ജലാല്‍ നദ്‌വി അവിടെ സ്ഥിര സന്ദര്‍ശകനായിരുന്നു. പുണര്‍പ്പ സ്‌കൂളില്‍ നടന്ന കേരള ജംഇയ്യത്തുല്‍ ഉമലയുടെ ഒരു ആദ്യകാല സമ്മേളനത്തില്‍ അബുല്‍ ജലാല്‍ നദ്‌വി പങ്കെടുത്തിട്ടുണ്ട്.

വി.പി മുഹമ്മദലി ഹാജി
ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവായിരുന്ന വി.പി മുഹമ്മദലി ഹാജിയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരന്‍ ഇരിമ്പിളിയം സ്വദേശി ടി.പി മുഹമ്മദ് മൗലവിയും ഉമറാബാദില്‍ എന്റെ സഹപാഠികളായിരുന്നു. പഠിക്കുന്ന കാലത്തും അതിനു ശേഷവും ഞാനും ഹാജിയും തമ്മില്‍ നല്ല ബന്ധമാണുണ്ടായിരുന്നത്.
ഹാജിക്ക് ആദ്യകാലത്ത് ജമാഅത്തിനെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. അതിനു കാരണം അക്കാലത്തെ അദ്ദേഹത്തിന്റെ ഉര്‍ദു പരിജ്ഞാനക്കുറവായിരുന്നു. ആദ്യമൊക്കെ അദ്ദേഹം മൗലാനാ മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ വായിക്കുന്നത് കുറവായിരുന്നു. പിന്നീടാണ് അദ്ദേഹം ഉര്‍ദു പഠിച്ചതും മൗദൂദിയുടെ ലേഖനങ്ങള്‍ വായിക്കാന്‍ ആരംഭിച്ചതും. പിന്നീട് ഉര്‍ദുഭാഷയില്‍ അദ്ദേഹം നല്ല കഴിവ് നേടുകയുണ്ടായി.
അക്കാലത്ത് ഉമറാബാദില്‍ മൗദൂദിയുടെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക വന്നിരുന്നു. വായിക്കാന്‍ രസമുള്ള എഴുത്താണ് മൗദൂദിയുടേത്. അത് അദ്ദേഹത്തിന്റെ ഉര്‍ദുവിന്റെ പ്രത്യേകതയാണ്. ഖുതുബാത്തിലും മറ്റും കാണുന്ന പോലെ മൗദൂദിയുടെ ഉര്‍ദുവിന് നല്ല ഒഴുക്കാണ്. പിന്നെ, സാധാരണക്കാര്‍ക്കൊക്കെ വേഗം മനസ്സിലാകുംവിധം ലളിതമായി, കുറെ ഉദാഹരണങ്ങള്‍ നിരത്തിയാണ് അദ്ദേഹം ഒരു കാര്യം സമര്‍ഥിക്കുക. അതൊക്കെ അന്ന് ഞങ്ങള്‍ വായിക്കാറുണ്ടായിരുന്നു.
ഉമറാബാദില്‍ നിന്ന് പോന്ന ശേഷമാണ് മുഹമ്മദലി ഹാജി മൗദൂദിക്ക് കത്തെഴുതുന്നതും നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും. പഠാന്‍കോട്ടിലായിരുന്നു അന്ന് മൗദൂദി താമസിച്ചിരുന്നത്. അനുകൂല മറുപടി ലഭിച്ചപ്പോള്‍ ഹാജി മൗദൂദിയെ കാണാന്‍ പോയി. അദ്ദേഹത്തോടൊപ്പം താമസിച്ചു. പിന്നീടാണ് ഹാജി ദീനീ ദഅ്‌വത്തുമായി രംഗത്ത് വരുന്നതും കേരളത്തില്‍ ജമാഅത്തിന്റെ ഘടകം രൂപീകരിക്കുന്നതുമൊക്കെ. അതിനു ശേഷവും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുണ്ടായിരുന്നത്. അദ്ദേഹം ഉര്‍ദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്യുന്ന പലതും ഇവിടെ കൊണ്ടുവന്ന് എന്നെ കാണിക്കുമായിരുന്നു. ഞങ്ങളത് വായിച്ച് തെറ്റൊക്കെ തിരുത്തും. അപ്പോഴേക്കും അദ്ദേഹത്തിന് ഉര്‍ദുവില്‍ സംസാരിക്കാനും എഴുതാനുമൊക്കെ നല്ല ശേഷി കൈവന്നിരുന്നു.
അതിനു ശേഷമാണ് എടയൂരില്‍ നിന്ന് പ്രബോധനം പ്രസിദ്ധീകരിക്കാനാരംഭിച്ചത്. അവിടെ ഒരു പള്ളിയുടെ മുകളിലായിരുന്നു അതിന്റെ ഓഫീസ്. ചെറിയ പളളിയായിരുന്നു അത്. നമസ്‌കരിക്കാന്‍ കുറച്ചു പേരേ വരാറുണ്ടായിരുന്നുള്ളൂ. ഞാനും ഹാജിയും അവിടെ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. പ്രിലിമിനറി പരീക്ഷക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പഠിച്ചത്. ആ പള്ളിയുടെ മുകളില്‍ ഒന്നോ രണ്ടോ ദിവസം ഇരുന്ന് വായിക്കും. ഇവിടെ കരിഞ്ചാപാടിയിലെ പള്ളിയിലും അധികമാരുമുണ്ടാകില്ല. പലപ്പോഴും ഒഴിഞ്ഞു കിടക്കുകയായിരിക്കും. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം ഞങ്ങള്‍ ഇവിടെ പള്ളിയില്‍ താമസിച്ചും പഠിക്കും.ആശയപരമായി രണ്ടു വഴിക്കായെങ്കിലും മരണം വരെ ഞങ്ങള്‍ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

ഉര്‍ദു പഠനം
ഉമറാബാദില്‍ പോകുന്നതിനു മുമ്പേ ഞാന്‍ ഉര്‍ദു ഭാഷാ പഠനം ആരംഭിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ കട്ടിലശ്ശേരിയുടെ സ്‌കൂളില്‍ വെച്ചായിരുന്നു തുടക്കം. അവിടെ എന്റെ അധ്യാപകനായിരുന്ന കെ.ടി മുഹമ്മദ് മൗലവിയില്‍ നിന്നാണ് ഉര്‍ദു ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കിയത്. കട്ടിലശ്ശേരി തയാറാക്കിയ സിലബസില്‍ അറബി-ഉര്‍ദു ഭാഷാ പഠനം ഉള്‍പ്പെട്ടിരുന്നു. അക്ഷരങ്ങള്‍ എഴുതാനും വാക്കുകള്‍ ചേര്‍ത്ത് വായിക്കാനും പ്രാഥമിക നിയമങ്ങളുമൊക്കെ പഠിച്ചതിനാല്‍ ഉമറാബാദിലെത്തുമ്പോള്‍ ഉര്‍ദു എഴുത്തും വായനയും സാമാന്യം വശമുണ്ടായിരുന്നു. ഇത് വലിയ ഒരനുഗ്രഹമായി.
ഉമറാബാദില്‍ ഉയര്‍ന്ന ക്ലാസ്സുകളില്‍ അറബിയായിരുന്നു അധ്യയന മാധ്യമം. താഴെ ക്ലാസ്സുകളില്‍ ഉര്‍ദുവും. അവിടത്തെ മുസ്‌ലിംകളുടെ പ്രാദേശിക സംസാരഭാഷ കൂടിയായിരുന്നു ഉര്‍ദു. മലയാളം സംസാരിക്കാന്‍ അവസരം കുറവ്. മുസ്‌ലിംകളുടെ പ്രാദേശിക സംസാരം ഉര്‍ദുവിലായതിനാല്‍ മറ്റുള്ളവരോട് ആശയ വിനിമയം നടത്താന്‍ ഉര്‍ദു ഭാഷ അറിയല്‍ നിര്‍ബന്ധം. ഞാന്‍ താമസിച്ചിരുന്നതാകട്ടെ മലയാളികളോടൊന്നിച്ചായിരുന്നില്ല. എന്റെ ഹോസ്റ്റല്‍ മേറ്റ്‌സ് ഉര്‍ദുക്കാരായിരുന്നു. ഇതൊക്കെയാണ് ഉര്‍ദു പഠിക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കിയത്. എട്ടാം ക്ലാസ് കഴിഞ്ഞിട്ടാണല്ലോ ഇവിടെ നിന്ന് പോകുന്നത്. അപ്പോള്‍ ഇംഗ്ലീഷില്‍ എനിക്ക് എസ്.എസ്.എല്‍.സിയുടെ നിലവാരം ഉണ്ടായിരുന്നു. അതുകൊണ്ട് ഉമറാബാദിലെത്തിയപ്പോള്‍ വലിയ ഇംഗ്ലീഷുകാരന്‍ ഞാനായിരുന്നു. അതും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കൂടെ താമസിക്കാന്‍ അവസരമൊരുക്കി. മുഹമ്മദ് ഖലീല്‍, അബ്ദുല്‍ ബാരി, അബ്ദുല്‍ ഖയ്യൂം എന്നീ ബാംഗ്ലൂര്‍ സ്വദേശികളായിരുന്നു എന്റെ റൂം മേറ്റ്‌സ്. അവര്‍ ഉര്‍ദു സംസാരിക്കുന്നവരായിരുന്നു. അബ്ദുല്‍ ബാരി പിന്നീട് ബാംഗ്ലൂരില്‍ ഹൈസ്‌കൂള്‍ നടത്തിയിരുന്നു. അഹ്‌ലെ ഹദീസിന്റെ നല്ല പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. മുഹമ്മദ് ഖലീല്‍ ഈയടുത്താണ് മരിച്ചത്. ബിഹാറുകാരന്‍ ഒരു മുഹമ്മദ് യൂനുസ് ഉണ്ടായിരുന്നു. ഇവരോടൊക്കെയുള്ള സാമീപ്യം ഭാഷ പഠിക്കാന്‍ സഹായകമായി. പിന്നെ, അവിടെ വരുന്ന ഉര്‍ദു പത്രങ്ങളും പുസ്തകങ്ങളും ധാരാളമായി വായിക്കും. അത് ഭാഷയില്‍ കഴിവ് വളര്‍ത്താനുള്ള പ്രധാന വഴിയാണല്ലോ. സമീന്‍ദാര്‍, ഭായി തുടങ്ങിയ പത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചെറിയ പുസ്തകങ്ങള്‍ തുടങ്ങിയവയൊക്കെ ഭാഷാ പഠനത്തിന് വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക അധ്യാപകനില്‍ നിന്നല്ല, ഇങ്ങനെയൊക്കെ സ്വന്തമായിത്തന്നെയാണ് ഉര്‍ദു ഭാഷ പഠിച്ചെടുത്തത്.

ഉര്‍ദു അധ്യാപകന്‍
കേരളത്തില്‍ വന്ന് അധ്യാപകനാകാന്‍ അപേക്ഷിച്ചപ്പോള്‍ ആദ്യമായി എനിക്ക് നിയമനം ലഭിച്ചതും ഉര്‍ദു പണ്ഡിറ്റിന്റെ തസ്തികയിലാണ്. ഞാന്‍ പക്ഷേ, അന്നും ഇന്നും ഉര്‍ദുവില്‍ ഒരു പരീക്ഷയും പാസാവുകയോ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയോ ചെയ്തിട്ടില്ല.
അന്ന് അധ്യാപകരെ നിയമിക്കുന്നത് മദ്രാസില്‍ നിന്നാണ്. മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നല്ലോ. അഫ്ദലുല്‍ ഉലമ-എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ വെച്ചുകൊണ്ട് ഒഴിവുണ്ടായിരുന്ന ഒരു അറബി അധ്യാപക തസ്തികയിലേക്ക് ഞാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതിന് 'അറബിക് മുന്‍ഷി ഫാസില്‍' പാസാകണം. ഉര്‍ദു അധ്യാപകനാവാന്‍ 'അദീബെ ഫാസിലും.' അന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍മാരും മറ്റു ഉദ്യോഗസ്ഥരുമൊക്കെ കൂടുതലും ഹിന്ദുക്കളാണല്ലോ. എന്റെ അപേക്ഷ കണ്ട ഒരു അമുസ്‌ലിം ഉദ്യോഗസ്ഥന്‍, അഫ്ദലുല്‍ ഉലമ ഉര്‍ദുവിന്റേതാണെന്ന് തെറ്റിദ്ധരിച്ച്, മലപ്പുറം ഹൈസ്‌കൂളില്‍ ഒഴിവുവന്ന ഒരു ഉര്‍ദു പോസ്റ്റിലാണ് എന്നെ നിയമിച്ചത്. പക്ഷേ, ഉര്‍ദു അധ്യാപകനാകാന്‍ നിയമപരമായി യോഗ്യനല്ലാത്ത ഞാന്‍ നിയമന ഉത്തരവുമായി ഹെഡ്മാസ്റ്റുടെ അടുത്ത് ചെന്ന് വിവരം പറഞ്ഞു; 'അപേക്ഷിച്ചത് അറബി അധ്യാപകനാകാനാണ്, നിയമനം ഉര്‍ദു അധ്യാപകനായാണ്. ഞാന്‍ അതിന് യോഗ്യനല്ല.' പക്ഷേ, ഹെഡ്മാസ്റ്ററുടെ നിലപാട് മറ്റൊന്നായിരുന്നു. 'നിങ്ങള്‍ക്ക് ഉര്‍ദു അറിയാമോ, പഠിപ്പിക്കാന്‍ കഴിയുമോ?'- അദ്ദേഹം ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. 'എങ്കില്‍ ഈ വര്‍ഷം ഇവിടെ ഉര്‍ദു പഠിപ്പിക്കുക. ബാക്കിയൊക്കെ പിന്നീട് നോക്കാം'-ഇതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. അങ്ങനെയാണ് 1942-ല്‍ മലപ്പുറം ഹൈസ്‌കൂളില്‍ ഞാന്‍ ഉര്‍ദു അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.
ഒരുപാട് പ്രത്യേകതകളുള്ള ഭാഷയാണ് ഉര്‍ദു. മറ്റു പല ഭാഷകളില്‍ നിന്നും പദങ്ങള്‍ ചേര്‍ത്താണ് അതുണ്ടായിട്ടുള്ളത്. അത് കാലാന്തരത്തില്‍ വികസിച്ചുകൊണ്ടിരിക്കും. മറ്റു ഭാഷകളില്‍നിന്ന് പദങ്ങള്‍ സ്വീകരിക്കുന്നതിന് ഉര്‍ദുവില്‍ തടസമില്ല. പരിഷ്‌കരിച്ച അറബി ഭാഷയും ഇപ്പോള്‍ ഏറെക്കുറെ അങ്ങനെ ആയിട്ടുണ്ട്. മറ്റൊരു ഭാഷയില്‍നിന്ന് പദം സ്വീകരിക്കുന്നതിന് പ്രയാസമില്ല. സംസ്‌കൃതവും ഹിന്ദിയുമൊന്നും അങ്ങനെയല്ല. അവര്‍ പഴയതില്‍ തന്നെ ഉറച്ചുനില്‍ക്കും. അത് ഒരുതരം 'തഅസ്സ്വുബിയ്യത്ത്' ആണ്. അറബി ഭാഷയിലും മുമ്പ് ഈ 'തഅസ്സ്വുബിയ്യത്ത്' ഉണ്ടായിരുന്നു. ഇപ്പോഴതൊക്കെ ഏറെക്കുറെ മാറി. ഇപ്പോള്‍, ഞാന്‍ ഒരാള്‍ക്ക് ഫോണ്‍ ചെയ്തു എന്നതിന്, 'തലഫന്‍തു ഫുലാന്‍' എന്നു പറഞ്ഞാല്‍ മതി. പല പുതിയ പദങ്ങളും ഇങ്ങനെ അറബി ഭാഷ ഉള്‍ക്കൊള്ളുന്നുണ്ട്. പുതിയ ഡിക്ഷനറികള്‍ പരിശോധിച്ചാല്‍ ഇത് നമുക്ക് മനസ്സിലാകും. മുമ്പ് അറബിയില്‍ പദങ്ങളില്ലാതിരുന്ന മെഷിനറി സാധനങ്ങള്‍ക്കൊക്കെ ഇന്ന് പുതിയ പുതിയ അറബി പദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിവിധ മെഷീനുകളുടെയും അവയുടെ പാര്‍ട്‌സുകളുടെയും പേരുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പുതിയ ഡിക്ഷനറികള്‍ തന്നെ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. കുറച്ചുമുമ്പ് ഫറോക്ക് കോളേജിലെ പി.ജി വിദ്യാര്‍ഥികള്‍ ഒരു പരിപാടിയില്‍ എനിക്ക് ഒരു സ്വീകരണം തന്നിരുന്നു. അവിടെ ചെന്നപ്പോള്‍ വിവിധ മെഷീനുകളുടെ പേരുകള്‍ക്കും മറ്റുമായി പ്രഫസര്‍മാര്‍ തയാറാക്കിയ ഒരു പുസ്തകം കാണാനിടയായി. ഇങ്ങനെ പരിഷ്‌കരിക്കപ്പെടുകയെന്ന സൗകര്യം അറബിക്കും ഉര്‍ദുവിനുമുണ്ട്. പിന്നെ ഉര്‍ദു ഭാഷ വളരെ ലളിതമാണ്. അല്‍പസ്വല്‍പം ഗ്രാമറൊക്കെ ഉണ്ടെന്നതൊഴിച്ചാല്‍ വളരെ ഫ്രീയായി, ഒഴുക്കോടെ സംസാരിക്കാം. സംഗീതത്തിന് വളരെ ചേര്‍ന്നതും സുഖകരവുമാണ് ഉര്‍ദു ഭാഷയെന്നത് അതിന്റെ വലിയൊരു പ്രത്യേകതയാണ്. അതുകൊണ്ടാണല്ലോ ഉര്‍ദുവില്‍ നല്ല പാട്ടുകളും ഗായകരുമൊക്കെ ധാരാളം ഉണ്ടായത്. മുഹമ്മദ് റാഫി, തലത്ത് മഹ്മൂദ് തുടങ്ങിയ എത്ര പ്രഗത്ഭരായ ഗായകരുണ്ട് ഉര്‍ദുവില്‍. മുമ്പ് പാട്ടുപെട്ടിയിലും ഗ്രാമഫോണ്‍ റെക്കോര്‍ഡുകളിലുമൊക്കെ അവരുടെ പാട്ടുകള്‍ കേള്‍ക്കാറുണ്ടായിരുന്നു. അക്കാലത്തൊന്നും റേഡിയോയും ടി.വിയുമില്ലല്ലോ.


Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍