Prabodhanm Weekly

Pages

Search

2013 ജൂലായ് 12

മലപ്പുറത്തെ ടെറ്റനസ് കുട്ടികള്‍

പ്രതികരണം / ഡോ. കാസിം റിസ്‌വി

പിന്നാക്ക പ്രദേശങ്ങളായ പാലക്കാട്ടെ അട്ടപ്പാടി, വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസി മേഖലകള്‍ എന്നിവിടങ്ങളില്‍ പോലും ടെറ്റനസ്, ഡിഫ്തീരിയ തുടങ്ങിയ, വാക്‌സിന്‍ കൊണ്ട് തടയാവുന്ന മാരക രോഗങ്ങള്‍ ഇല്ലാതായെങ്കിലും, മലപ്പുറത്ത് നിന്ന് ധാരാളം കുട്ടികള്‍ ഈ രോഗങ്ങളുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്നുകൊണ്ടേയിരിക്കുകയാണ്. ഇത് ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തുന്നു. മുസ്‌ലിം സമുദായത്തില്‍നിന്നാണ് ഈ കുട്ടികള്‍ വരുന്നത്. മലപ്പുറത്തെ ടെറ്റനസ് കുട്ടികള്‍, മെഡിക്കല്‍ കോളേജിലെ മുസ്‌ലിം സമുദായത്തില്‍ പെട്ട ഡോക്ടര്‍മാര്‍ക്ക് വല്ലാത്ത അവഹേളനവും അപകര്‍ഷതാബോധവുമാണ് ഉണ്ടാക്കുന്നത്.
മലപ്പുറം ഒഴികെയുള്ള കേരളത്തിലെ മറ്റു ജില്ലകളിലെല്ലാം നൂറു ശതമാനത്തിനടുത്തു കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭിക്കുമ്പോള്‍ മലപ്പുറത്ത് ഇത് എഴുപത് ശതമാനത്തിലും താഴെയാണ്. ഇന്ത്യയിലെ പിന്നാക്ക സംസ്ഥാനങ്ങള്‍ പോലും അടുത്ത കാലത്തായി പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തില്‍ വളരെയേറെ മുന്നേറിയിട്ടുണ്ട്. ലോകതലത്തിലും എല്ലാ പിന്നാക്ക രാഷ്ട്രങ്ങളും ഈ വിഷയത്തില്‍ മുന്നേറുകയാണ്. എല്ലാ ആശയഗതിക്കാരായ രാഷ്ട്രങ്ങളും കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നു. കമ്യൂണിസ്റ്റ് ചൈനയായാലും ഇടതുപക്ഷ ക്യൂബയായാലും മുതലാളിത്ത അമേരിക്ക ആയാലും പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. മതേതര ഫ്രാന്‍സും യൂറോപ്യന്‍ വെല്‍ഫെയര്‍ രാഷ്ട്രങ്ങളായി അറിയപ്പെടുന്ന നോര്‍വെ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ് എന്നിവയും കുഞ്ഞുങ്ങളുടെ പ്രതിരോധ കുത്തിവെപ്പുകള്‍ വ്യവസ്ഥാപിതമായി നല്‍കുന്നവയാണ്. മുസ്‌ലിം രാഷ്ട്രങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. സലഫീ ആശയക്കാരായ സുഊദി അറേബ്യയും സാമ്രാജ്യത്വ വിരുദ്ധ ഇസ്‌ലാമിക ചേരിയിലുള്ള ഇറാനും ഇസ്‌ലാമിക ലോകത്തെ പുതിയ പ്രതീക്ഷകളായ മലേഷ്യയും തുര്‍ക്കിയുമെല്ലാം ഇമ്യൂണൈസേഷന്‍ പ്രോട്ടോകോളുകള്‍ കൃത്യമായി നടപ്പാക്കുന്ന രാജ്യങ്ങളാണ്.
കേരളത്തിലെ, പ്രത്യേകിച്ച് മലപ്പുറത്തെ മുസ്‌ലിം സമുദായത്തെ ലക്ഷ്യം വെച്ച് കൊണ്ട് പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെയും ശാസ്ത്രീയ വൈദ്യത്തിനെതിരെയും ശാസ്ത്ര വിരുദ്ധ ചികിത്സാ രീതികളുടെ വക്താക്കള്‍ പലതരം പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. എയ്ഡ്‌സ് എന്ന രോഗം ഇല്ല; രക്തദാനവും രക്തം സ്വീകരിക്കലും പ്രകൃതി വിരുദ്ധമാണ്; മത്സ്യ-മാംസാദികള്‍ കഴിക്കാന്‍ പാടില്ല; രോഗാണുക്കള്‍ എന്ന സംഭവമേ ഇല്ല; രോഗാണുക്കള്‍ ഉണ്ടെന്നുള്ളത് അലോപ്പതി മാഫിയയുടെ വ്യാജ പ്രചാരണമാണ്; എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ ഒന്നും യഥാര്‍ഥത്തില്‍ ഇല്ല; ടൈഫോയ്ഡും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്നും കിണറിലെ വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഇടണമെന്നും ഡോക്ടര്‍മാര്‍ പറയുന്നത് അപകടകരമായ നിര്‍ദേശമാണ്; തിളപ്പിച്ചാറ്റിയാല്‍ വെള്ളത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടു പോവും; ബ്ലീച്ചിംഗ് പൗഡര്‍ ഭാരതീയരെ നശിപ്പിക്കാന്‍ അമേരിക്ക നിര്‍മിച്ച വിഷം ആണ്; രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ നമ്മുടെ കുഞ്ഞുങ്ങളെ ഷണ്ഡീകരിക്കാനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ്; ഇവയെല്ലാം അലോപ്പതി ലോബിയുടെയും മരുന്നു കമ്പനികളുടെയും, ജനങ്ങളെ രോഗികളാക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ്- ഇങ്ങനെയൊക്കെയാണ് ശാസ്ത്രവിരുദ്ധ ചികിത്സാരീതികളുടെ വക്താക്കള്‍ പ്രചരിപ്പിക്കുന്നത്.
ഈ സിദ്ധാന്തങ്ങള്‍ക്ക് മുസ്‌ലിം സമൂഹത്തിനിടയില്‍ പ്രചാരം ലഭിക്കുന്നതെന്തുകൊണ്ടാണ്? വിശ്വാസികളായതിനാല്‍ ശാസ്ത്രത്തോട് റിബല്‍ സ്വഭാവം കാണിക്കേണ്ടതുണ്ടെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നതു കൊണ്ടാണോ? ഗയ്ബി(മറഞ്ഞത്)ലുള്ള വിശ്വാസം എന്നത് വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അപ്പുറത്തേക്ക് കൂടി വ്യാപിപ്പിച്ചുകൊണ്ട്,തെളിവുകളില്ലാത്ത, യുക്തിവിരുദ്ധമായ സിദ്ധാന്തങ്ങള്‍ കൂടി ഏറ്റെടുക്കുന്നതിലേക്ക് നമ്മുടെ വിശ്വാസം വഴിതെറ്റുന്നുവോ? ആധുനിക ശാസ്ത്രം എന്നാല്‍ പടിഞ്ഞാറന്‍ ശാസ്ത്രം ആണെന്നും അത് സാമ്രാജ്യത്വത്തിന്റെ ആയുധമാണെന്നും നാം ധരിച്ചുവെച്ചിട്ടുണ്ടോ? മുഖ്യധാരക്കു പുറത്തുള്ളതെല്ലാം വിശിഷ്ടമാണ് എന്ന ചിന്ത ഉത്തരാധുനിക പ്രതിഭാസത്തില്‍ നിന്നാണോ ലഭിച്ചത്?
ആധുനിക ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ഉറവിടങ്ങളെക്കുറിച്ച് പഠിച്ചാല്‍ ഇസ്‌ലാമിക നാഗരികതക്ക് ഇവ രണ്ടും വളര്‍ത്തിക്കൊണ്ടുവന്നതിലുള്ള പങ്ക് നമുക്ക് മനസ്സിലാവും. പടിഞ്ഞാറന്‍ എന്നതിനേക്കാള്‍ ഇസ്‌ലാമികം ആണ് ശാസ്ത്രവും വൈദ്യശാസ്ത്രവും. കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക ലോകം കാര്യമായ സംഭാവനകള്‍ ഒന്നും അര്‍പ്പിച്ചിട്ടില്ലെന്നു മാത്രം. പടിഞ്ഞാറന്‍ എന്നു ബ്രാന്റ് ചെയ്ത ശാസ്ത്രത്തെയും വൈദ്യശാസ്ത്രത്തെയും അകറ്റിനിര്‍ത്തുന്നത് വിഡ്ഢിത്തമാണ്.
പൊതുജനാരോഗ്യ മേഖലയെ പ്രോത്സാഹിപ്പിക്കല്‍ എല്ലാ വിശ്വാസികളുടെയും ബാധ്യതയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറാണ് നടത്തുന്നത്. പൊതുമേഖലക്ക് വന്‍ പ്രാധാന്യം ഉള്ളതിനാലാണ് കേരളം വിവിധ ആരോഗ്യ സൂചികകളില്‍ വികസിത രാഷ്ട്രങ്ങളോടൊപ്പം എത്തിയത്. സര്‍ക്കാറിന്റെ പ്രതിരോധ പരിപാടികള്‍ക്കെതിരെയും പൊതു ജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പ്രചാരണം നടത്തുന്നവര്‍ സര്‍ക്കാര്‍ മേഖല പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ്.
dr.kasimresivi@yahoo.com.in
(കോഴിക്കോട് മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 87-91
എ.വൈ.ആര്‍