Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലിപ്രബോധനത്തിന്റെ പൈതൃകം

സദ്‌റുദ്ദീന്‍ വാഴക്കാട്‌

ഭാഷകളുടെയും ദേശരാഷ്ട്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും കാലഘട്ടങ്ങളുടെയും അതിരുകളും പരിധികളും അതിവര്‍ത്തിച്ച് അറിവിന്റെ ചക്രവാളങ്ങളിലേക്ക് വാതില്‍ തുറക്കുകയായിരുന്നു പ്രബോധനം, കഴിഞ്ഞ ആറുപതിറ്റാണ്ടുകാലം. ഇസ്ലാമിക പ്രമാണങ്ങളുടെ ആഴമുള്ള വിശകലനങ്ങള്‍, കാലാനുസൃതമായ വ്യാഖ്യാനങ്ങള്‍, ഇസ്ലാമിക ലോകത്തെ പുതിയ ചിന്തകളും വായനകളും, മുസ്ലിം ലോകത്തിന്റെ മാത്രമല്ല, ലോകജനതയുടെ തന്നെ കുതിപ്പും കിതപ്പും.. പ്രബോധനത്തിന്റെ വൈജ്ഞാനിക സംഭാവന ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണ്. 1949 മുതലുള്ള പ്രബോധനം ലക്കങ്ങള്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ വിഷയമാക്കാവുന്ന വിജ്ഞാനസാഗരമാണ്.
സമകാലിക സംഭവങ്ങളോട് സര്‍ഗാത്മകമായി സംവദിക്കുകയും ദിശനിര്‍ണയിക്കുന്ന ഇടപെടലുകള്‍ നടത്തുകയും മാത്രമല്ല, പ്രബോധനം ചെയ്തിട്ടുള്ളത്. ഇസ്ലാമിക ചരിത്രത്തില്‍ യശോധാവള്യം പരത്തിയ പണ്ഡിതപടുക്കളുടെയും ചിന്തകരുടെയും നവോത്ഥാന നായകരുടെയും ജ്ഞാനസരിത്തിലേക്ക് വായനക്കാരെ കൈപിടിച്ചു നടത്തുക കൂടി ചെയ്തിട്ടുണ്ട് പ്രബോധനം.
ഇബ്നു ഹജറുല്‍ അസ്ഖലാനി, ഇബ്നുതൈമിയ, ഇബ്നു ഖയ്യിംഅല്‍ ജൌസിയ, ശാഹ് വലിയുല്ലാഹിദ്ദഹ്ലവി..... നിരവധി പൂര്‍വകാല മഹത്തുക്കളുടെ രചനകള്‍ പഴയകാല പ്രബോധനം താളുകളില്‍ വായിക്കാനാകും. ആത്മസംസ്കരണത്തിന്റെ നിറവെളിച്ചം തൂകുന്ന ഇബ്നു ഖയ്യിം അല്‍ ജൌസിയുടെ ലേഖനങ്ങള്‍ തുടര്‍ച്ചയായി പ്രബോധനം (1984) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സയ്യിദ് സുലൈമാന്‍ നദ്വി മുതല്‍ അബുല്‍ ഹസന്‍ അലി നദ്വി വരെ, മുഹമ്മദ് അസദ് മുതല്‍ സിയാഉദ്ദീന്‍ സര്‍ദാര്‍ വരെ പ്രബോധനം ജ്ഞാനാന്വേഷികളിലേക്ക് എത്തിച്ച പണ്ഡിതരുടെയും ചിന്തകരുടെയും പേരുകള്‍ ഏറെയുണ്ട്. അലിമിയാന്റെ ലേഖന പരമ്പര തന്നെ പ്രബോധനം (1987-88) പ്രസിദ്ധീകരിച്ചതു കാണാം. സിയാഉദ്ദീന്‍ സര്‍ദാറിന്റെ രചനകള്‍ 1980കളില്‍ തന്നെ പ്രബോധനത്തിലുടെ മലയാളത്തിലെത്തിയിട്ടുണ്ട്.
ഇമാം അബൂഹാമിദില്‍ ഗസാലിയുടെ ജ്ഞാനനിര്‍ഝരി കേരളീയ മുസ്ലിം സമൂഹത്തിലേക്ക് ഒഴുകിയെത്തിയതില്‍ കഴിഞ്ഞകാലത്ത് പ്രബോധനം നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്. ഏതെങ്കിലും ഒറ്റപ്പെട്ട ലക്കങ്ങളില്‍ ഗസാലിയെ പരാമര്‍ശിച്ചുപോവുകയല്ല പ്രബോധനം ചെയ്തിട്ടുള്ളത്. 1980കളില്‍ 25 ലേറെ ലക്കങ്ങളിലാണ് ഗസാലിയുടെ രചനകള്‍ പ്രബോധനം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. 'ഇഹ്യാ'യില്‍ നിന്നും മറ്റുമുള്ള ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്ത്, പ്രത്യേകം ബോക്സില്‍ ആകര്‍ഷകമായി ലേ ഔട്ട് ചെയ്ത് പരമ്പരയായാണ് പ്രസിദ്ധീകരിച്ചു വന്നത്.
ടാബ്ളോയ്ഡ് രൂപത്തിലിറങ്ങിയ വാരികയില്‍ 1983 ജൂണ്‍ 4ന്റെ ലക്കത്തില്‍ 'രണ്ടുതരം പണ്ഡിതര്‍' എന്ന ലേഖനം വായിക്കാം. ഭൌതിക പ്രമത്തരായ ദുഷിച്ച പണ്ഡിതരെയും പരലോക മോക്ഷം ലക്ഷ്യം വെക്കുന്ന നിസ്വാര്‍ഥരായ പണ്ഡിതരെയും കുറിച്ചാണ് ലേഖനം. സ്വഭാവ സംസ്കരണം(83 ഒക്ടോ. 22), സല്‍സ്വഭാവവും ദുസ്വഭാവവും(83 ഒക്ടോ. 29), സ്വഭാവം എന്നാല്‍ (83 നവം. 5), സല്‍സ്വഭാവത്തിന്റെ ഘടകങ്ങള്‍(83 നവം. 12) സ്വഭാവം-വൈശിഷ്ട്യവും വൈകല്യവും(83 നവം. 19), സ്വഭാവവിശുദ്ധിയുടെ പടവുകള്‍(83 നവം. 26), സൌഭാഗ്യത്തിന്റെ മാര്‍ഗം (83 ഡിസം. 24), മനസിനെ പരിശീലിപ്പിക്കുക(83 ഡിസം 31), പുണ്യവും പാപവും(84 ജനു. 7), ദൈവസ്നേഹത്തിന്റെ ലക്ഷണം(84 ജനു. 21)...... ഇങ്ങനെ 25ഓളം ലക്കങ്ങളില്‍ തുടര്‍ച്ചയായി ഗസാലീ ലേഖനങ്ങള്‍ വന്നിട്ടുണ്ട്. 85ലും 86ലും ഇതുപോലുള്ള ലേഖനങ്ങള്‍ അച്ചടിച്ചു വന്നിട്ടുണ്ട്. ഏറെയും ആത്മസംസ്കരണ പ്രധാനമായവ തന്നെ.
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ പണ്ഡിതനും ചിന്തകനുമായിരുന്ന മുഹമ്മദുല്‍ ഗസാലി(1917-1996) ഇമാം അബൂഹാമിദില്‍ ഗസാലിയെക്കുറിച്ച് എഴുതിയ ലേഖനവും പ്രബോധനത്തില്‍(1986 ഫെബ്രുവരി 22) വായിക്കാം.
ഇമാം ഗസാലി വിടപറഞ്ഞ് 900 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും അദ്ദേഹത്തെക്കുറിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ മലയാളത്തില്‍ ഒരു ഗസാലി വിശേഷാല്‍പതിപ്പ് പുറത്തിറക്കുകയെന്ന ചരിത്രനിയോഗം പ്രബോധനം പൂര്‍ത്തീകരിക്കുന്നതും ആ പൈതൃകത്തിന്റെ തുടര്‍ച്ച തന്നെയാണ്.

Comments

Other Post