Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അനുകര്‍ത്താക്കള്‍ സത്യസന്ധരാണോ?

ഇമാം അബൂഹാമിദില്‍ ഗസാലി

ജനങ്ങള്‍ക്കാചാര്യന്മാരായിത്തീര്‍ന്ന പുകള്‍പെറ്റ പണ്ഡിതന്മാരെല്ലാം കര്‍മശാസ്ത്രവും തദനുസാരമുള്ള കര്‍മജീവിതവും സമഞ്ജസമായി സംശ്ളേഷിച്ചവരായിരുന്നു. അവര്‍ അഞ്ചു പേരുണ്ട്: ശാഫി, മാലിക്ക്, അബൂഹനീഫ, അഹ്മദ്ബ്നു ഹമ്പല്‍, സുഫ്യാന്‍ സൌരി. ഇവരോരുത്തരും സാത്വികരും ഭക്തരും ദൈവാരാധകരുമായിരുന്നു; സൃഷ്ടികളുടെ നന്മയുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രത്തിലെന്നപോലെ ആധ്യാത്മീയ ശാസ്ത്രത്തിലും വിശാരദന്മാരായിരുന്നു. എല്ലാ ശാസ്ത്രങ്ങളിലൂടെയും അവര്‍ തേടിയത് അല്ലാഹുവിന്റെ പ്രീതിയാണ്.
ഇമാം ശാഫി മഹാനായ ഒരു ആബിദ്(ദൈവാരാധകന്‍) ആയിരുന്നു. നിശയെ അദ്ദേഹം മൂന്നാക്കി വിഭജിച്ചു. മൂന്നിലൊന്ന് വിജ്ഞാനത്തിന്. അടുത്ത ഒന്ന് നമസ്കാരത്തിന്. അവശേഷിക്കുന്നത് നിദ്രക്കും. ഒരിക്കലദ്ദേഹം പറഞ്ഞു: പതിനാറു വര്‍ഷമായി ഞാന്‍ വയറുനിറച്ചു ഉണ്ടിട്ടില്ല. കാരണം അത് ശരീരം തടിപ്പിക്കും. ഹൃദയം കടുപ്പിക്കും. ധിഷണയെ ക്ഷയിപ്പിക്കും. നിദ്രയെ ആകര്‍ഷിക്കും. ഇബാദത്തില്‍ ദൌര്‍ബല്യമുളവാക്കും.
മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: സത്യമായോ കളവായോ ഞാന്‍ ഒരിക്കലും അല്ലാഹുവിനെപ്പിടിച്ചാണയിട്ടിട്ടില്ല. ശാഫിയും ശിഷ്യന്മാരും ഒരിക്കല്‍ അങ്ങാടിയിലൂടെ പോവുകയായിരുന്നു. അപ്പോള്‍ ഒരാള്‍ ഒരു വിദ്വാനെ ശകാരിക്കുന്നുണ്ടായിരുന്നു. അത് കേട്ട് ശാഫി ശിഷ്യന്മാരോട് പറഞ്ഞു: അസഭ്യ ശ്രവണത്തില്‍നിന്ന് നിങ്ങളുടെ കര്‍ണങ്ങളെ ശുദ്ധിയാക്കി വയ്ക്കുക. അതുച്ചരിക്കുന്നതില്‍നിന്ന് നിങ്ങളുടെ നാവുകളെയും. കേള്‍ക്കുന്നവന്‍ പറയുന്നവന്റെ പങ്കാളിയാകുന്നു. മൂഢന്‍ തന്റെ സഞ്ചിയിലെ ഏറ്റവും മ്ളേഛമായത് നോക്കിയെടുത്ത് നിങ്ങളുടെ സഞ്ചിയില്‍ നിറക്കാന്‍ ആര്‍ത്തി കാണിക്കും. മൂഢവചനം തള്ളപ്പെട്ടാല്‍ തള്ളിയവന്‍ ഭാഗ്യവാനായി. പറഞ്ഞവന്‍ ദുര്‍ഭഗനും.
പ്രസിദ്ധി മോഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: പ്രസിദ്ധി മോഹം ഒരു പരീക്ഷണമാണ്. ജഡികേഛകള്‍ പണ്ഡിതന്മാരുടെ മനോദൃഷ്ടിയുടെ നൂലുകളിന്മേല്‍ അതിനെ കെട്ടിയിടുന്നു. സ്വാതന്ത്യ്രത്തിന്റെ തെറ്റായ ഉപയോഗത്തിലൂടെ അവരത് നോക്കുന്നു. അങ്ങനെ അവരുടെ കര്‍മങ്ങള്‍ നശിക്കുന്നു. നിങ്ങള്‍ ആത്മവഞ്ചനയെ ഭയപ്പെടുമ്പോള്‍ ദൈവത്തിന്റെ പ്രീതിയിലേക്ക് നോക്കുക. ആഗ്രഹിക്കേണ്ട പീഡനങ്ങളെക്കുറിച്ചും നന്ദി പ്രകടിപ്പിക്കേണ്ട സുഖങ്ങളെ കുറിച്ചും. ഓര്‍ക്കേണ്ട പരീക്ഷണങ്ങളെക്കുറിച്ചും ചിന്തിക്കുക.
വിജ്ഞാനത്തിലൂടെയും സംവാദത്തിലൂടെയും ശാഫി തേടിയത് അല്ലാഹുവിന്റെ പ്രീതിയായിരുന്നു. അദ്ദേഹം പറഞ്ഞു: പ്രതിയോഗിക്ക് തെറ്റു പറ്റണമെന്നാശിച്ചുകൊണ്ട് ഞാനാരോടും സംവാദം നടത്താറില്ല. തിരുത്താനും സഹായിക്കാനും അല്ലാഹുവിന്റെ കാരുണ്യവും സംരക്ഷണവും ലഭിക്കാനുമല്ലാതെ, എന്റെയോ അപരന്റെയോ നാവിലൂടെ അല്ലാഹു സത്യം വെളിപ്പെടുത്തണമെന്നാഗ്രഹിച്ചു കൊണ്ടല്ലാതെ ഞാനാരോടും സംസാരിക്കാറില്ല.
ഇമാം മാലിക്കും  മഹദ്ഗുണങ്ങളാല്‍ സമ്പന്നനായിരുന്നു. വിദ്യാഭ്യാസത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു: അത് സുന്ദരവും സമുല്‍കൃഷ്ടവുമാണ്. എന്നാല്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ നിങ്ങള്‍ക്കാവശ്യമായതെന്തോ അവയെക്കുറിച്ചു കൂടുതല്‍ പഠിക്കുക. അത് മുറുകെപ്പിടിക്കുക. ശാഫി ഇമാമിനോട് ഒരിക്കല്‍ നാല്‍പതു ചോദ്യങ്ങള്‍ ചോദിച്ചു. മുപ്പത്തി രണ്ടെണ്ണത്തിന്നും 'എനിക്കറിയില്ല' എന്നാണദ്ദേഹം മറുപടി നല്‍കിയത്.
ഇമാം അബൂഹനീഫയും ഇപ്രകാരം തന്നെയായിരുന്നു. രാത്രിയുടെ പകുതി സമയം അദ്ദേഹം നമസ്കാരത്തിനു വിനിയോഗിച്ചിരുന്നു. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തെ രാത്രി മുഴുവന്‍ നമസ്കരിക്കുന്ന ആള്‍ എന്നു വിശേഷിപ്പിക്കാനിടയായി. അതിനുശേഷം അദ്ദേഹം രാത്രി മുഴുവന്‍ നമസ്കരിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: "എന്നിലില്ലാത്ത ഗുണം കൊണ്ട് വിശേഷിപ്പിക്കപ്പെടുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.''
അഹ്മദ്ബ്നു ഹമ്പലും സുഫ്യാന്‍ സൌരിയും ഇവ്വിധം തന്നെയായിരുന്നു. ഇരുവരുടെയും ഭക്തിയും സൂക്ഷ്മതയും സുപ്രസിദ്ധമാകുന്നു. എന്നാല്‍ ഇവരെയൊക്കെ അനുകരിക്കുന്നുവെന്നു വാദിക്കുന്നവരെക്കുറിച്ച് ചിന്തിച്ചു നോക്കുക. അവരുടെ വാദത്തില്‍ അവര്‍ സത്യസന്ധരാണോ?
(പ്രബോധനം 1985 മാര്‍ച്ച് 16ന്
പ്രസിദ്ധീകരിച്ച ഗസാലിയുടെ
ലേഖനത്തില്‍നിന്ന്)

Comments

Other Post