Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി പുതിയ വായനകള്‍

കെ. അശ്‌റഫ്‌

ഇമാം ഗസാലിയെക്കുറിച്ച് വായിക്കണമെന്ന് തോന്നിയത് എമല്‍ മാഗസിന്റെ ഒരു കവര്‍‌സ്റ്റോറി കണ്ടപ്പോഴാണ്. ശൈഖ് ഹംസ യൂസുഫ് ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരും പ്രബോധകരും തങ്ങളുടെ ഗസാലി അനുഭവം പങ്കുവെക്കുകയാണ് മാഗസിന്റെ ആ ലക്കത്തില്‍. ഇതുവരെ ഗസാലിയെക്കുറിച്ച് കേട്ടതില്‍ നിന്നും വായിച്ചതില്‍ നിന്നും വ്യത്യസ്തമായി എന്താണ് അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും എന്ന് അന്വേഷിക്കാന്‍ തുടങ്ങിയത് അപ്പോഴാണ്.
പൊതുവെ, ഇംഗ്ലീഷില്‍ രണ്ടുതരം പുസ്തകങ്ങളാണ് കിട്ടുക- ഒന്ന്, മുസ്‌ലിം പണ്ഡിതന്മാര്‍ എഴുതുന്നത്. കാലാനുഗതമായി ഗസാലിയുടെ ജീവചരിത്രം പറഞ്ഞുപോവുക മാത്രമായിരിക്കും അത്തരം കൃതികളില്‍. അവ വായിച്ചാല്‍ ഗസാലിയെ മാത്രമല്ല, മറ്റൊരു ഇസ്‌ലാമിക ചിന്തകനെയും പിന്നീടൊരിക്കലും നമുക്ക് വായിക്കാന്‍ തോന്നില്ല. രണ്ട്, പാശ്ചാത്യ അക്കാദമികളില്‍ നടക്കുന്ന ഗസാലി പഠനങ്ങള്‍. എന്നാല്‍,  ഒരു വിശ്വാസി എന്ന നിലയില്‍, ഇസ്‌ലാമിക പാരമ്പര്യത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന വായനക്കാരനെന്ന നിലയില്‍, സമകാലിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടുന്നവനെന്ന നിലയില്‍ ഗസാലിയെ സമീപിക്കുന്ന പഠനങ്ങള്‍ വളരെ അപൂര്‍വമാണ്. നമ്മുടെ ജീവിതത്തിന്റെ ബഹുതല സ്പര്‍ശിയായ സങ്കീര്‍ണതകളെ കാണുന്ന രീതിയില്‍ ഗസ്സാലി ഇമാമിന്റെ ജീവിതം കാണിച്ചുതരുന്ന പഠനമാണ് ദക്ഷിണാഫ്രിക്കന്‍ ഇസ്‌ലാമിക പണ്ഡിതനായ ഇബ്‌റാഹീം മൂസയുടെ Ghazali and the Poetics of Imagination എന്ന പുസ്തകം.
രണ്ടുതരം ഇസ്‌ലാമിക പണ്ഡിതന്മാരെ ഇന്നു കാണാന്‍ സാധിക്കുന്നുണ്ട്. ഒന്ന്, ഏഷ്യനാഫ്രിക്കന്‍ ദര്‍സുകള്‍, ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികള്‍ എന്നിവയില്‍ നിന്ന് പുറത്തുവരുന്നവര്‍. രണ്ട്, യൂറോ-അമേരിക്കന്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് പുറത്തുവരുന്നവര്‍. ഇബ്‌റാഹീം മൂസ ഈ രണ്ട് പാരമ്പര്യത്തിനുമിടക്കുള്ളയാളാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സമീപനങ്ങള്‍ മനസ്സിലാക്കാന്‍ സമകാലിക തത്ത്വചിന്താ പാരമ്പര്യങ്ങളെയും ഇസ്‌ലാമിക ചിന്താപാരമ്പര്യങ്ങളെയും സാമാന്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഘടനാവാദം, ഉത്തര ഘടനാവാദം തുടങ്ങി ജദ്‌ലിയ്യ വരെയുള്ള ബൗദ്ധിക പാരമ്പര്യങ്ങളുടെ ഒരു സമ്മേളനമാണ് ഈ പുസ്തകത്തില്‍ കാണാനാവുക. നിരവധി വായനകളിലൂടെ നടത്തുന്ന തീവ്രയജ്ഞത്തിനു മാത്രമേ പുസ്തകത്തിന്റെ അകക്കാമ്പിലേക്ക് പ്രവേശനം സാധ്യമാവൂ. ഇത്രയും വിപുലമായ പുസ്തക പരിചയം ഇവിടെ സാധ്യമല്ല. പുസ്തകത്തിന്റെ ചില വശങ്ങള്‍ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
ഇസ്‌ലാമിക ചിന്താ പാരമ്പര്യത്തിന്റെ പുനര്‍വായനകളെക്കുറിച്ചുള്ള സംസാരം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പല സമകാലിക ചിന്തകരും തങ്ങളുടെ നിലനില്‍പിന് ന്യായമായി ഇത്തരം ചിന്താപദ്ധതികളോടുള്ള സമീപനങ്ങള്‍ വെളിവാക്കാറുണ്ട്. അതിലേറ്റവും കൗതുകകരമായ ഒന്ന് സിയാഉദ്ദീന്‍ സര്‍ദാറിന്റേതാണ്. Desperately Seeking Paradise എന്ന തന്റെ കൃതിയില്‍ സര്‍ദാര്‍ കൗമാരകാലത്തെ തന്റെ കിടപ്പുമുറിയിലെ സഹവാസിയായി ഇമാം ഗസാലിയുടെ 'ഇഹ്‌യാ'യെ കാണുന്നുണ്ട്. നമ്മുടെ ഗ്രന്ഥകാരന്‍ ഇബ്‌റാഹീം മൂസ കൗമാരകാലത്ത് ബോംബെ സന്ദര്‍ശിച്ചിരുന്നുവത്രെ. അവിടെ പഴകിപ്പൊളിഞ്ഞൊരു പുസ്തകശാലയില്‍ നിന്നാണ് ഇഹ്‌യാ കണ്ടെടുക്കുന്നത്. നിറം മങ്ങിയ ചുവപ്പു ചട്ടയോടുകൂടിയ ആ പുസ്തകം വായിക്കാന്‍ അക്കാലത്ത് അദ്ദേഹം നന്നായി പ്രയാസപ്പെട്ടു. കൗമാരത്തിന്റെ അസ്ഥിരതകളും ധിറുതികളും മൂസയെ ഇഹ്‌യയില്‍ നിന്നകറ്റി. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മൂസ, ഗസാലിയുടെ മാസ്റ്റര്‍ പീസ് തേടി വരുന്നത്. ഈ തേടിവരവിന്റെ പ്രതിഫലനമാണ് മുന്നൂറോളം പേജ് വരുന്ന ഈ പുസ്തകം.
സാധാരണ കുടുംബത്തില്‍ ജനിച്ച ഗസ്സാലി നമുക്കറിയാവുന്ന പോലെ, ലോകത്തെ ഇളക്കി മറിച്ച തത്ത്വചിന്താ മുന്നേറ്റത്തിന്റെയും ആത്മീയ ശിക്ഷകന്റെയും പേരാണ്. ജീവിച്ചിരുന്ന കാലത്ത് ഇന്ത്യയിലും സ്‌പെയിനിലും ഗസാലിയുടെ പുസ്തകങ്ങള്‍ അഗ്നിക്കിരയായിട്ടുണ്ടെന്ന് നാമോര്‍ക്കണം. സാധാരണ മുസ്‌ലിമിന് ഉസ്താദും ഇമാമുമാണ് ഗസാലി. ചിന്താ പരിപാടികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുടര്‍ച്ചകളാഗ്രഹിക്കുന്നവര്‍ക്ക് ഗസാലി തത്ത്വചിന്തയുടെ പ്രകാശഗോപുരമാണ്.

രണ്ട് ഗസാലിമാര്‍
ഗസാലിയുടെ  ജീവിതത്തില്‍ രണ്ട് പ്രധാനപ്പെട്ട ഘട്ടങ്ങളുണ്ടെന്നാണ് ഇബ്‌റാഹീം മൂസ പറയുന്നത്. ഒന്ന്, പതിനഞ്ചാം വയസ്സില്‍ തുടങ്ങി ഇരുപത്തെട്ടാം വയസ്സുവരെ ത്വൂസ്, നൈസാപൂര്‍, ബഗ്ദാദ് തുടങ്ങിയ സ്ഥലങ്ങളില്‍ അല്‍ ജുവൈനി തുടങ്ങിയവരുടെ ശിക്ഷണം. മുസ്‌ലിം നിയമം, രാഷ്ട്രീയം, ദൈവശാസ്ത്രം, യുക്തി തുടങ്ങിയവയില്‍ സ്വതന്ത്രമായ പഠനങ്ങള്‍, അക്കാലത്തെ പ്രബലരായ ഇസ്‌ലാമിക പണ്ഡിതന്മാരുമായുള്ള സംവാദങ്ങള്‍ എന്നിവയൊക്കെ നടത്തുന്നത് ഇക്കാലത്താണ്. ഇരുപത്തെട്ട് വയസ്സാവുന്നതോടു കൂടി ഗസാലിയില്‍ ചില മാറ്റങ്ങള്‍ കാണുന്നുണ്ട്. ഗസാലിയുടെ തന്നെ സ്വത്വത്തിന്റെ ഇരുപുറങ്ങള്‍ ഒരേസമയം പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ഇത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയായിട്ടാണ് ഇബ്‌റാഹീം മൂസ വിലയിരുത്തുന്നത്. ഒരേസമയം ലോകമറിയുന്ന പണ്ഡിതനായും ആരുമറിയാത്ത ഫഖീറായും ഗസാലിയുടെ വ്യക്തിത്വം വിഭജിക്കപ്പെട്ടു തുടങ്ങുന്ന കാലമാണിത്. ഗസാലിയുടെ പാണ്ഡിത്യത്തിന്റെ ആഴം ആദ്യമറിഞ്ഞത് സ്വന്തം ഉസ്താദായ അല്‍ ജുവൈനി തന്നെയായിരുന്നു. 'കടലോളം അറിവുള്ളവന്‍' എന്നാണ് സ്വന്തം ഉസ്താദ് ഗസാലിയെ വിശേഷിപ്പിച്ചത്. അന്ന് നിലവിലുണ്ടായ എല്ലാ വൈജ്ഞാനിക മേഖലകളോടും പ്രതിപത്തി പുലര്‍ത്തിയിരുന്ന ഗസാലി, തത്ത്വചിന്ത വായിച്ചിരുന്നത് ഒഴിവ് വേളകളിലായിരുന്നുവത്രെ. അങ്ങനെയാണ് വിശ്വ വിഖ്യാതമായ മഖാസിദു ഫലാസിഫ (തത്ത്വചിന്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍) പിറവികൊള്ളുന്നത്. ഏത് സാധാരണക്കാരനും ഉള്ളം കൈയില്‍ വെച്ച് വായിക്കാവുന്ന പുസ്തകമായിരുന്നു അത്. തത്ത്വചിന്തയുടെ അകംപൊരുളുകള്‍ അങ്ങനെ അങ്ങാടിപ്പാട്ടായി. ഉടന്‍വന്നു വിമര്‍ശനം. ജനം തത്ത്വചിന്ത വായിച്ചു വഴികേടിലാവുന്നുവെന്ന്. പക്ഷേ, ഗസാലി തത്ത്വചിന്ത സാധാരണക്കാരന് പ്രാപ്യമാക്കിയതിന്റെ പൊരുള്‍ The Incoherence of Philosophers-ലൂടെയാണ് ലോകമറിഞ്ഞത്. അന്നോളം നിലവില്‍വന്ന തത്ത്വചിന്താ നിഗമനങ്ങളെ ഗസാലി കടപുഴക്കി. ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ ഗസാലി തത്ത്വചിന്തയുടെ ഗ്രീക്ക് അധീശത്വത്തെ വെല്ലുവിളിച്ചു. ഗസാലി നേരത്തേ ആമുഖം നല്‍കിയതിനാല്‍ വിമര്‍ശനം കൊള്ളേണ്ടിടത്ത് കൊണ്ടു. ഗസാലി തത്ത്വചിന്തയുടെ ആറു ഘടകങ്ങള്‍ വേര്‍തിരിച്ചെടുത്തിരുന്നു. അതിനകത്ത് അതിഭൗതികത (metaphysics) എന്നത് ഭൗതികലോകത്തിന്റെ കണ്ണാടിയിലൂടെ രൂപപ്പെട്ടതാണെന്നും ഇസ്‌ലാമിക ചിന്താപാരമ്പര്യത്തിനകത്ത് അതിന് കാതലായ ഇരുപത് വിമര്‍ശനങ്ങള്‍/ സമീപനങ്ങള്‍ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട്: ഇങ്ങനെ ചിന്തയുടെ പടവുകള്‍ കയറിയ ഗസാലി വളരെ നാടകീയമായ ഒരു പിന്മടക്കം നടത്തുന്നുണ്ട്. ഇത് നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു ഫഖീറിന്റെ മനസ്സ് സൂക്ഷിച്ചതിനാലാണ് സാധ്യമാവുന്നത്. വന്‍ കലാലയങ്ങളിലെ പ്രഫസര്‍ഷിപ്പില്‍ നിന്ന് ബഗ്ദാദിലെ ഒരു പള്ളിയിലെ തൂപ്പുകാരനിലേക്കുള്ള മടക്കം വിവരിക്കാന്‍ നമ്മുടെ വാക്കുകള്‍ അശക്തമാണ്. വന്‍ അനുയായിവൃന്ദം, പുസ്തക പരിചയം, ജനസ്വീകാര്യത ഇവയൊക്കെയുണ്ടായിരിക്കെ ഗസാലി പെട്ടെന്നൊരു ദിവസം തന്റെ ക്ലാസ് മുറിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ നാവിനു ചലനമറ്റു. പല ഡോക്ടര്‍മാരും ചികിത്സിച്ചു. ഒരു ഫലവുമുണ്ടായില്ല. ഒടുവില്‍ ഗസാലി തന്നെ സ്വയം ചികിത്സ കണ്ടെത്തി. എല്ലാമുപേക്ഷിച്ച് ഒരു യാത്ര. മൗനത്തിലേക്കുള്ള ആ വീഴ്ച മക്കയിലേക്കുള്ള യാത്രയായി പരിണമിച്ചു. അതുവരെ ചിന്തയിലെ രോഗങ്ങളെ ചികിത്സിച്ച ഗസാലി പിന്നെ ഹൃദയത്തിന്റെ രോഗങ്ങളെ ചികിത്സിക്കാന്‍ തുടങ്ങി. പരലോകത്തെ ലക്ഷ്യമിട്ടുള്ള ഒരു ബോധനരീതി ഗസാലി ജീവിതത്തിലൂടെ വികസിപ്പിച്ചു. ഇഹ്‌യാ ഉലൂമിദ്ദീന്‍ എഴുതുന്നത് ഈ രണ്ടാം പകുതിയിലാണ്.

ഗസാലിയുടെ കാലവും ലോകവും
ഏതൊരു ചിന്തകനും തന്റെ കാലഘട്ടത്തിന്റെ മാത്രമല്ല, ജീവിച്ച സ്ഥലത്തിന്റെ കൂടി സൃഷ്ടിയാണെന്ന് പറയാറുണ്ട്. ഗസാലി ജീവിച്ച കാലവും ലോകവും അതില്‍നിന്നൊട്ടും വ്യത്യസ്തമല്ല. ത്വൂസ് എന്ന ഗ്രാമത്തില്‍ തന്നെയായിരുന്നു ഇബ്‌നു ഖല്‍ദൂന്‍ പിന്നീട് ജനിച്ചത്. പൊതുവെ നല്ല കാമ്പുള്ള പണ്ഡിതന്മാരെ ആ പേര്‍ഷ്യന്‍ ഗ്രാമം ലോകത്തിനു നല്‍കിയിരുന്നു. ആ കാലഘട്ടത്തിന്റെ മുഴുവന്‍ വൈവിധ്യങ്ങളും കാണാന്‍ വൈജ്ഞാനികമായിത്തന്നെ ഗസാലിക്ക് കരുത്ത് കിട്ടിയിരുന്നു. തന്റെ കാലഘട്ടത്തിലെ ദുന്‍യാദാസന്മാരും മൂഢന്മാരുമായ പണ്ഡിതവൃന്ദത്തെ ഗസാലി നിശിത വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. പണ്ഡിതന്മാരിലെ യഥാര്‍ഥ അന്വേഷകരെ അദ്ദേഹം വിലമതിച്ചിരുന്നു. ഗസാലിയുടെ ഉസ്താദായ അല്‍ ജുവൈനി, സല്‍ജൂക്കുകള്‍ക്കെതിരെ നിലപാടെടുത്തതിനാല്‍ ഏഴു വര്‍ഷം നാടുകടത്തപ്പെട്ടയാളാണ്. മാത്രമല്ല, അദ്ദേഹം ജീവിച്ചതിനു മുപ്പതു വര്‍ഷം മുമ്പാണ് ഇബ്‌നുസീന ജീവിച്ചിരുന്നത്.  ഇബ്‌നു ഖല്‍ദൂന്‍ ഒരു പരിധിവരെ അദ്ദേഹത്തിന്റെ സമകാലികനുമായിരുന്നു. അത്തരമൊരു വിമര്‍ശന സംസ്‌കാരം തന്നെയായിരുന്നു അന്നത്തെ ഇസ്‌ലാമിക ചിന്തയുടെ ആരോഗ്യത്തെ നിലനിര്‍ത്തിയത്.
ഗസാലിയെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പില്‍ക്കാലത്തും വളരെ കൗതുകകരമായ രീതിയില്‍ പിന്തുടര്‍ന്നിട്ടുണ്ട്. മുഹ്‌സിന്‍ അല്‍ കാഷാനി പോലെയുള്ള ശീഈ പണ്ഡിതന്മാര്‍, ഇഹ്‌യാ ഉലൂമിദ്ദീന്‍ ശീഈ സൗന്ദര്യ ദര്‍ശനത്തിനനുസൃതമായി വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നാണ് ഇബ്‌റാഹീം മൂസ പറയുന്നത്. മാത്രമല്ല, ഗസാലിയുടെ അല്‍ മഹജ്ജതുല്‍ ബയ്ദാഅ് ഇന്നും ഇറാനില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകമാണ്. ഗസാലിയെ പില്‍ക്കാലത്ത് ഹെല്ലനിക് ചിന്താപദ്ധതികളുടെ പേരില്‍ നിശിതമായി വിമര്‍ശിച്ച ഇമാം ഇബ്‌നു തൈമിയ്യ പോലും ഖുര്‍ആനും സുന്നത്തും ഗസാലി അടിസ്ഥാനമാക്കിയതിനെയും ഉള്‍ക്കൊണ്ടതിനെയും അങ്ങേയറ്റം ആദരവോടുകൂടിയാണ് വീക്ഷിച്ചത്.

ഇന്നത്തെ മുസ്‌ലിം ലോകം ഗസാലിയെ കാണുന്നത്
തീര്‍ച്ചയായും സലഫികള്‍ തന്നെയാണ് ഗസാലിയെ നന്നായി വിമര്‍ശിച്ചിട്ടുള്ളത്. നേരത്തേ സൂചിപ്പിച്ചപോലെ, ഇബ്‌നു ഖയ്യിം, ഇബ്‌നു തൈമിയ്യ എന്നിവരൊക്കെ രീതിശാസ്ത്രപരവും ജ്ഞാനശാസ്ത്രപരവുമായ ഒട്ടേറെ അപഭ്രംശങ്ങള്‍ ഗസാലിയില്‍ കാണുന്നുണ്ട്. റാഡിക്കല്‍ സലഫി പണ്ഡിതന്മാര്‍ ഗസാലിയെ വിമര്‍ശിച്ചൊതുക്കുമ്പോള്‍ 'മിതവാദികള്‍' ഗസാലിയെക്കുറിച്ച് നിശ്ശബ്ദരാവുകയും ചെയ്യുന്നു. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് രിദാ തുടങ്ങിയവര്‍ ഗസാലിയുമായി സര്‍ഗാത്മക ബന്ധം സ്ഥാപിച്ചവരായിരുന്നു. ജമാഅത്തെ ഇസ്‌ലാമി, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്നീ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഗസാലി ചിന്തയില്‍ വേരൂന്നി നില്‍ക്കുന്നവയാണ്. അറബ് ദേശീയതയുടെയും കൊളോണിയലിസത്തിന്റെയും സന്ദര്‍ഭത്തില്‍ ഗസാലിയെ വിമര്‍ശനപരമായി വായിച്ച ചിന്തകനാണ് അമീര്‍ ശകീബ് അര്‍സലാന്‍ (Our Decline and Its Causes കാണുക).
പുതിയ കാലത്ത് മൊറോക്കോയിലെ ലിബറല്‍ ചിന്തകന്‍ ആബിദ് അല്‍ ജാബിരി, ചിന്തയെ യുക്തിരാഹിത്യത്തില്‍ തളച്ചിടുകയാണ് ഗസാലി ചെയ്തതെന്ന് ആരോപിക്കുന്നു. തത്ത്വചിന്തക്ക് പകരം ദൈവമീമാംസ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും നൈതിക ചട്ടക്കൂടെന്ന നിലയിലുള്ള ഫിഖ്ഹിന്റെ സ്തംഭനാവസ്ഥ മുതലെടുത്ത് മിസ്റ്റിസത്തിന്റെ നിഗൂഢതകളിലേക്ക് മുസ്‌ലിംകളെ വഴിനടത്തുകയും ചെയ്തത് ഗസാലിയാണെന്ന് ആബിദി പറയുന്നു. ഇബ്‌നു റുശ്ദിന്റെ ഹിമാലയന്‍ പരിശ്രമങ്ങള്‍ക്ക് പോലും ഇസ്‌ലാമിക ചിന്തയെ രക്ഷിക്കാന്‍ കഴിയാതെ പോയതിന്റെ ഏക ഉത്തരവാദി ഗസാലിയാണെന്ന ആബിദിയുടെ വിമര്‍ശനം ചരിത്രത്തോട് നീതി പുലര്‍ത്താത്തതും കേവല അവകാശവാദവുമാണെന്നാണ് ഇബ്‌റാഹീം മൂസയുടെ പക്ഷം. ആബിദ് അല്‍ ജാബിരി, ഹസന്‍ ഹനഫി തുടങ്ങിയ ലിബറല്‍ ഇസ്‌ലാമിക ബുദ്ധിജീവികളുടെ വിമര്‍ശനം, ഗസാലി വിമര്‍ശനത്തിലൂടെ ഇസ്‌ലാമിക ചിന്തയെ തന്നെ നിരാകരിക്കുന്ന നവ ഓറിയന്റലിസ്റ്റ് പാരഡൈമിലും വ്യാവഹാരിക ഭാഷയിലുമാണെന്നാണ് ഇബ്‌റാഹീം മൂസയുടെ വിമര്‍ശനം.

ഗസാലിയിലേക്ക് വീണ്ടും
'ദിഹ്‌ലിസ്' എന്ന രൂപത്തെ മുന്‍നിര്‍ത്തിയാണ് ഈ പുസ്തകത്തിന്റെ ആദര്‍ശാടിത്തറ ഇബ്‌റാഹീം മൂസ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ദിഹ്‌ലിസ് എന്നത് ഗസാലിയുടെ തന്നെ ഒരു രൂപകമാണ്. ഇടക്കുള്ള സ്ഥലം എന്നാണതിനര്‍ഥം. വീടിനും ഗേറ്റിനുമിടക്കുള്ള സ്ഥലം പോലെയാണത്. ഗേറ്റിനു പുറത്തുനിന്ന് നോക്കിയാല്‍ ദിഹ്‌ലിസിനകത്താണ് വീട്. വീടിനകത്തു നിന്ന് നോക്കിയാല്‍ ദിഹ്‌ലിസ് നോക്കുന്നയാളുടെ വീടിനു പുറത്ത് ഗേറ്റിനോട് ചേര്‍ന്നാണ് ദിഹ്‌ലിസ്. സൂഫി ഭാഷയില്‍ പറഞ്ഞാല്‍ ഒരു ളാഹിരിക്ക് ബാത്വിനയും ബാത്വിനിക്ക് ളാഹിറയും തോന്നുന്ന സ്ഥലവും കാലവും ആണ് ദിഹ്‌ലിസ്. ഗസ്സാലിയുടെ വ്യക്തിത്വം തന്നെ ദിഹ്‌ലിസീയനാണെന്നാണ് ഇബ്‌റാഹീം മൂസ പറയുന്നത്. തലച്ചോറിന്റെയും ചിന്തയുടെയും ലോകത്ത് നില്‍ക്കുന്നുവെന്ന് പറയുമ്പോഴും അതിനെ നിരാകരിച്ച് ഹൃദയത്തിന്റെയും ആത്മീയതയുടെയും ലോകത്തെ കാണാനും അദ്ദേഹത്തിന് സാധിക്കുന്നു. ബഗ്ദാദിലെ ഒരു പള്ളിയില്‍ ആരോരുമറിയാതെ ഒരു തൂപ്പുകാരനായി നില്‍ക്കുമ്പോള്‍, അവിടെ നടന്ന ഒരു തത്ത്വചിന്ത ചര്‍ച്ചയില്‍ താനറിയാതെ പങ്കെടുത്തുപോയെന്ന് സ്വയം വെളിപ്പെടുത്തുന്നുണ്ട് ഗസാലി. മാത്രമല്ല, ബാല്യകാലത്ത് ദാരിദ്ര്യം മാറ്റാനാണ് പിതാവ് സ്‌കൂളിലയക്കുന്നത്. ദാരിദ്ര്യവും വിജ്ഞാനവും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ചും അതിലൂടെ രൂപപ്പെട്ട തന്റെ പാണ്ഡിത്യത്തെയും ഗസാലി സംശയത്തോടെയായിരുന്നു കണ്ടിരുന്നത്. ഇങ്ങനെ വിരുദ്ധ ധ്രുവങ്ങളില്‍ നിന്ന് ഇരട്ട വ്യക്തിത്വത്തിന്റെ സംഘര്‍ഷം ഗസാലി അനുഭവിക്കുന്നുണ്ട്. ദിഹ്‌ലിസ് ഗസാലിയുടെ വ്യക്തിത്വത്തിന്റെ മാത്രമല്ല, ചിന്താരീതിയുടെയും പേരാണ്. ഗസാലിയെ 'യുക്തിയെ കൊന്നവന്‍' എന്നു വിളിക്കുന്നവരോട്- യുക്തിയെക്കുറിച്ച ഗസാലിയുടെ നിരീക്ഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന അറിവുകള്‍ തന്നെ ധാരാളമാണെന്നാണ് മനസ്സിലാവുന്നത്.
ഗസാലി സമകാലിക ജീവിതത്തിന് എന്തുത്തരമാണ് നല്‍കുന്നതെന്നാണ് ഇബ്‌റാഹീം മൂസ അന്വേഷിക്കുന്നത്. നിരവധി സമകാലിക ചിന്തകളെയും ചിന്തകന്മാരെയും അദ്ദേഹം ഗസാലിയുമായി തട്ടിച്ചും സാമ്യപ്പെടുത്തിയും വായിക്കുന്നു. ഒരൊറ്റ ഉദാഹരണം മാത്രം പറയാം. ഫ്രഞ്ച് നരവംശ ശാസ്ത്രജ്ഞനായ ക്ലോഡ് ലെവിസ്‌ട്രോസിന്റെ പ്രധാനപ്പെട്ട ഒരു വാദഗതിയെ ഗസാലിയിലൂടെ കാണാന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകാരന്‍. Engineering, Bricolage എന്നീ രണ്ട് സാധ്യതകളുടെ സമന്വയമാണ് ഗസാലി എന്നാണ് ലെവിസ്‌ട്രോസിനെ കൂട്ടുപിടിച്ച് ഇബ്‌റാഹീം മൂസ പറയുന്നത്. നിലവിലുള്ള സാമൂഹിക ഘടനകളുടെ പരിമിതിയെ മറികടക്കുന്നയാളുടെ പേരാണ് ലെവിസ്‌ട്രോസിന്റെ Engineer. ഭാഷ, സംസ്‌കാരം, നാഗരികത എന്നിവയുടെ കാല/സ്ഥല പരിമിതികളെ ലംഘിക്കാനുള്ള ശ്രമമാണ് ഈ Engineering.
എന്നാല്‍, നിലവിലുള്ള ഘടനകളുടെ പരിമിതിയെ മനസ്സിലാക്കുന്ന, അതില്‍ തന്നെ പുതിയതിനെ കാണാനുള്ള കഴിവുള്ളയാളാണ് Bricoleur.  ഈ പ്രക്രിയയാണ് Bricolage. ഗസാലി ഒരേ സമയം പാരമ്പര്യത്തെ കാണുകയും അവഗണിക്കുകയും ചെയ്യുന്നുണ്ട്. ആധുനികമാവുകയെന്നതിനെയും ഗസാലി കാണുകയും അവഗണിക്കുകയും ചെയ്യുന്നുണ്ട്.
തന്റെ ദിഹ്‌ലിസ് എന്ന രൂപകത്തെ ഗസാലി സമര്‍ഥമായി നിലനിര്‍ത്തുന്നു. അങ്ങനെ തത്ത്വചിന്തകര്‍ക്കിടയിലെ സൂഫിയായും സൂഫികള്‍ക്കിടയിലെ തത്ത്വചിന്തകനായും ഗസാലി നിലനില്‍ക്കുന്നു. ഇന്നത്തെ മുസ്‌ലിം ലോകത്താണെങ്കില്‍ സലഫികള്‍ക്കിടയിലെ സൂഫിയായും സൂഫികള്‍ക്കിടയിലെ സലഫിയായും ഗസാലിക്ക് ജീവിച്ചിരിക്കാന്‍ സാധിക്കുന്നു.
ഈ ആദ്യവായനയില്‍ സാധ്യമാവുന്ന ഒരൊറ്റ വിമര്‍ശനം മാത്രം സൂചിപ്പിച്ച് ഈ കുറിപ്പവസാനിപ്പിക്കാം. ഇബ്‌റാഹീം മൂസ ബഹുസ്വരതയുടെയും ലിബറല്‍ പാരമ്പര്യത്തിന്റെയും സാധ്യതകളെ കുറിച്ചാണ് ഈ പുസ്തകത്തിലൂടെ സംസാരിക്കുന്നത്. ലോകത്ത് ഇസ്‌ലാമടക്കമുള്ള, മനുഷ്യന് ആധുനികമാവാന്‍ സാധ്യതയുള്ള ജീവിത സാഹചര്യങ്ങളെ അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹം എഴുതുന്നത്. അതിനാല്‍, വ്യത്യസ്ത ചിന്താപദ്ധതികള്‍ തമ്മിലുള്ള സമന്വയത്തിന്റെയും സാമ്യതയുടെയും സൂചനകള്‍ക്കാണ് അദ്ദേഹം പ്രാമുഖ്യം നല്‍കുന്നത്. എന്നാല്‍, ഇത്തരം ആഭിമുഖ്യങ്ങള്‍ 'വ്യത്യസ്ത ആധുനികതകള്‍'ക്കിടയിലുള്ള അധീശതയുടെയും (domination) അധികാരത്തിന്റെയും (power) പ്രശ്‌നങ്ങളെ എത്ര കണ്ട് കേന്ദ്രമാക്കിയെടുക്കുന്നുണ്ടെന്ന് തന്നെ ചോദിക്കേണ്ടതുണ്ട്. വിശിഷ്യാ ഇന്നത്തെ യൂറോ-ലിബറല്‍ ജീവിതത്തിന്റെ അതിപ്രസരം സര്‍വ വ്യത്യാസങ്ങളെയും ഇല്ലാതാക്കുന്നതിനാല്‍.
മാത്രമല്ല, ഗസാലിയെത്തന്നെ ഇത്തരം ലിബറല്‍ പാരമ്പര്യത്തിന്റെ വിമര്‍ശനമായി കാണുന്ന പഠനങ്ങള്‍/ പ്രയോഗങ്ങള്‍ ധാരാളമായി വരുന്ന കാലഘട്ടവുമാണിത്.  Ethical Soundscape  Casette sermons and Islamic Counter public എന്ന പുസ്തകത്തില്‍ ചാള്‍സ് ഹിഷ്‌കിന്ദ്, ഗസാലി മരണത്തെ എങ്ങനെയാണ് കാണുന്നതെന്ന് വിശദീകരിക്കുന്നുണ്ട് (പേജ് 201-203). എന്നാല്‍, ഇബ്‌റാഹീം മൂസയില്‍ നിന്ന് വ്യത്യസ്തമായി ഹിഷ്‌കിന്ദ് ക്രിസ്ത്യന്‍, ഗ്രീക്ക് സമകാലിക തത്ത്വചിന്താ പാരമ്പര്യങ്ങളും സെനക്ക, ഫൂക്കോ തുടങ്ങിയ ചിന്തകന്മാരും മരണത്തെ കണ്ടതിനെക്കുറിച്ച് പറയുമ്പോള്‍ത്തന്നെ ഇസ്‌ലാമിന്റെ വ്യത്യാസത്തെ (difference) കാണുന്നു, ഗസാലിയുടെ കാഴ്ചപ്പാടിനെ അടയാളപ്പെടുത്തുന്നു. ഇത് വളരെ പ്രധാനപ്പെട്ടതാണ്. വിശിഷ്യാ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ജീവിതലോകം അന്യവല്‍ക്കരിക്കപ്പെടുന്ന ലോക സാഹചര്യത്തില്‍.  
(യൂനിവേഴ്‌സിറ്റി ഓഫ് ജോഹനാസ് ബര്‍ഗില്‍ ഗവേഷകനാണ് ലേഖകന്‍. ഇസ്‌ലാമും പോസ്റ്റ് കൊളോണിയലിസവും എന്ന വിഷയത്തില്‍ ഫരീദ് ഇസാക്കിന് കീഴിലാണ് പ്രൊജക്ട്.)
ashrafk497@gmail.com

Comments

Other Post