Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ഇഹ്‌യാ ഉലൂമിദ്ദീന്‍

കെ.എ ഖാദര്‍ ഫൈസി

തൗഹീദ്, ഫിഖ്ഹ്, ഹദീസ്, തസവ്വുഫ്, മനശ്ശാസ്ത്രം, സാമൂഹികശാസ്ത്രം, പെരുമാറ്റചട്ടങ്ങള്‍ തുടങ്ങി നിരവധി വിജ്ഞാനീയങ്ങളുടെ സമാഹാരമായ ഇഹ്‌യാ ഉലൂമിദ്ദീന്‍ ഒരു ചെറു ഇസ്‌ലാമിക വിജ്ഞാനകോശം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ക്രി.വ 1097 മുതല്‍ 1104 വരെയുള്ള ഏഴു വര്‍ഷമാണ് ഇതിന്റെ രചനാ കാലം. ബൈത്തുല്‍ മഖ്ദിസില്‍ നിന്നും പ്രാരംഭം കുറിച്ച ഈ മഹദ് സംരംഭം സമാപിച്ചത് ദമസ്‌കസിലായിരുന്നു.

പശ്ചാത്തലം
ഇമാം ഗസാലി, സ്വൂഫിസത്തിലാകൃഷ്ടനായ ശേഷം പ്രശസ്തമായ തന്റെ അധ്യാപക ജോലിയുപേക്ഷിച്ച് ദമസ്‌കസിലും തൂസിലുമായി കഴിഞ്ഞിരുന്ന കാലം. സമൂഹം ദീനില്‍നിന്നകലുകയും പണ്ഡിതന്മാര്‍ ഭൗതികാസക്തരും ഭരണാധികാരികളുടെ ചട്ടുകങ്ങളുമായിരുന്ന സന്ദര്‍ഭം. ഭൗതിക സുഖഭോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനായി നാടുവിട്ട ഗസാലിയില്‍ സ്വാഭാവികമായും ഈ സാഹചര്യം ഒരു വെല്ലുവിളിയായി നിലകൊണ്ടു. ഇതിനെ നേരിടേണ്ടത് തന്റെ ഉത്തരവാദിത്വമായി കണ്ട അദ്ദേഹം, ഇഹ്‌യായുടെ രചന ആരംഭിക്കുകയായിരുന്നു. അദ്ദേഹം തന്നെ പറയട്ടെ:
''പ്രവാചകന്മാരുടെ അനന്തരവന്മാരായ പണ്ഡിതന്മാരാണ് മാര്‍ഗദര്‍ശികള്‍. പക്ഷേ, ശൈഥില്യം ബാധിച്ച അവരില്‍, കേവല രൂപങ്ങള്‍ മാത്രമാണിപ്പോള്‍ അവശേഷിച്ചിരിക്കുന്നത്. പൈശാചിക സ്വാധീനത്തിന്നടിമപ്പെട്ട അവരില്‍ ഭൂരിഭാഗത്തിനും നന്മ- തിന്മാ വിവേചനം നടത്താന്‍ കഴിയുന്നില്ല. തദ്വാരാ, മത വിജ്ഞാനം മാഞ്ഞുപോയിരിക്കുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള സന്മാര്‍ഗ ദീപസ്തംഭങ്ങള്‍ നിഷ്പ്രഭങ്ങളായി തീര്‍ന്നിരിക്കുന്നു. താഴെക്കിടയിലുള്ളവരുടെ ബഹളം പരിഹരിക്കുന്നതിനായി 'ഖാദിമാര്‍' ഉപയോഗപ്പെടുത്തുന്ന ഔദ്യോഗിക വിധികള്‍, ഔന്നത്യം കാംക്ഷിച്ചു പ്രതിയോഗികളെ പരാജയപ്പെടുത്താനുപയോഗപ്പെടുത്തുന്ന തര്‍ക്കശാസ്ത്രം, പാമരന്മാരെ വശീകരിക്കാന്‍ ഉപദേശികള്‍ ഉപയോഗപ്പെടുത്തുന്ന പ്രാസമൊത്ത വാക്യങ്ങള്‍  ഇവ മാത്രമാണ് വിജ്ഞാനമെന്നാണ് ആളുകള്‍ക്ക് തോന്നിയിരിക്കുന്നത്. ഹറാമും ഭൗതികാഡംബരങ്ങളും നേടാനുള്ള കെണിവലകളായി അവര്‍ കാണുന്നത് ഈ മൂന്നിനെയുമാണല്ലോ. 'ഫിഖ്ഹ്, ഹിക്മത്ത്, ഇല്‍മ്, ദിയാഅ്, നൂര്‍, ഹിദായത്ത്, റുഷ്ദ് എന്നീ പേരുകളില്‍ ഖുര്‍ആനില്‍ അല്ലാഹു വിശേഷിപ്പിച്ച പാരത്രിക മാര്‍ഗജ്ഞാനം ആളുകള്‍ക്കിടയില്‍ വിസ്മൃതമായി കഴിയുകയും ചെയ്തിരിക്കുന്നു.
'ഇത് മതത്തിനേറ്റ ഏറ്റവും വലിയൊരു ഭംഗവും അപകടവുമാണ്. അതിനാല്‍ തന്നെ, മത വിജ്ഞാന നവോത്ഥാനവും പൂര്‍വസൂരികളുടെ സരണീ പ്രകാശനവും, വിജ്ഞാനങ്ങളില്‍ വര്‍ജ്യമായവയെ കുറിച്ച് പ്രവാചകന്മാരുടെയും പൂര്‍വസൂരികളുടെയും വിശദീകരണങ്ങളും ലക്ഷ്യം വെച്ചു ഇത്തരമൊരു കൃതി രചിക്കുക അനിവാര്യമായി തോന്നുന്നു.'  
അതെ, തികച്ചും നമ്മുടേത് പോലുള്ള ഒരു ജുഗുപ്‌സാവഹമായ കാലഘട്ടം തന്നെയായിരുന്നു, ഇഹ്‌യാ രചനവേളയില്‍ ഇമാം ഗസാലിയും അഭിമുഖീകരിച്ചിരുന്നതെന്ന് ചുരുക്കം.

ഉള്ളടക്കം
   ആരാധനകള്‍, ആചാരങ്ങള്‍, നാശകങ്ങള്‍, രക്ഷകങ്ങള്‍ എന്നിങ്ങനെ നാലു ഭാഗങ്ങളായാണ് ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഓരോ ഭാഗങ്ങളിലും 10 വീതം വിഷയങ്ങളുള്‍ക്കൊള്ളുന്നു.
1.    ആരാധനകള്‍: വിജ്ഞാനം, വിശ്വാസപ്രമാണം, ശുദ്ധി രഹസ്യം, നമസ്‌കാര രഹസ്യം, സകാത്ത് രഹസ്യം, വ്രത രഹസ്യം, ഹജ്ജ് രഹസ്യം, ഖുര്‍ആന്‍ പാരായണ മര്യാദകള്‍, ദിക്ര്‍- ദുആകള്‍, സമയാധിഷ്ഠിത പ്രാര്‍ഥനകള്‍ എന്നിങ്ങനെ 10 വിഷയങ്ങളാണ് ഈ ഭാഗത്തിലുള്‍പ്പെട്ടിരിക്കുന്നത്.
2.    ആചാരങ്ങള്‍: ഭക്ഷണ മര്യാദകള്‍, ദാമ്പത്യ മര്യാദകള്‍, സമ്പാദന നിയമങ്ങള്‍, വിധി വിലക്കുകള്‍, കൂട്ടുജീവിത മര്യാദകള്‍, പരിത്യാഗം, യാത്രാ മര്യാദകള്‍, സംഗീതം, സദ്കര്‍മോപദേശവും ദുഷ്‌കര്‍മ നിരോധവും, ജീവിത മര്യാദകള്‍, പ്രവാചകത്വ സ്വഭാവം.
3.    നാശകങ്ങള്‍: ഹൃദയാത്ഭുത വിശദീകരണം, ആത്മപരിശീലനം, ഭോജന-ഭോഗ വിപത്തുക്കള്‍, നാവിന്റെ വിപത്തുക്കള്‍, കോപവും വിദ്വേഷവും അസൂയയും, ഭൗതികാധിക്ഷേപം, ധനം, ലുബ്ധതാധിക്ഷേപം, പദവി, ലോകമാന്യാധിക്ഷേപം, അഹങ്കാരാധിക്ഷേപം, മായാമോഹം.
4.    രക്ഷകങ്ങള്‍: അനുതാപം, ക്ഷമ, കൃതജ്ഞത, ഭയവും പ്രതീക്ഷയും, ദാരിദ്ര്യവും സന്യാസവും, തൗഹീദും തവക്കുലും, സ്‌നേഹവും പ്രേമവും നേരമ്പോക്കും തൃപ്തിയും, തീരുമാനവും സത്യസന്ധതയും ആത്മാര്‍ഥതയും, നിരീക്ഷണം, ആത്മ വിചാരണ, ചിന്ത, മരണ സ്മരണ.

അവതരണ രീതി
അവതരണത്തില്‍ ഇമാം സ്വീകരിച്ച രീതി നിസ്തുലമാണ്. പ്രസംഗ ശൈലിയാണ് അദ്ദേഹം അവലംബിച്ചിരിക്കുന്നത്. ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ അവ്വിഷയകമായി വന്ന ഖുര്‍ആനിക സൂക്തങ്ങള്‍, തിരുവചനങ്ങള്‍, മഹദ് വചനങ്ങള്‍, ബൗദ്ധിക സാക്ഷ്യങ്ങള്‍ തുടങ്ങിയവ ഉദ്ധരിക്കുന്നു. അനന്തരം, വിഷയവുമായി ബന്ധമുള്ള കഥകളും സംഭവങ്ങളും വിശദീകരിക്കുന്നു. അങ്ങനെ, അനുവാചകനെ കൈപിടിച്ചു വിഷയത്തിന്റെ അകക്കാമ്പിലേക്ക് നയിച്ച്, അതില്‍ തളച്ചിടുന്ന രീതിയാണ് കാണാന്‍ കഴിയുക. ഓരോ കാര്യവും വളരെ സൂക്ഷ്മവും വ്യക്തവുമായ രീതിയിലാണ്  അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. വിജ്ഞാനം' എന്ന വിഷയം അവതരിപ്പിച്ച രീതി ഉദാഹരണം. ഒന്നാമത്തെ ഭാഗമായ 'ആരാധനകളി'ലാണിതുള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അധ്യായം ഏഴു ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
1.    വിജ്ഞാനം, അധ്യാപനം, അധ്യയനം എന്നിവയുടെ മഹത്വങ്ങള്‍. 2. വിജ്ഞാനം: ശ്‌ളാഘിക്കേണ്ടതും ആക്ഷേപാര്‍ഹവും 3. ശ്ലാഘ്യ വിജ്ഞാനം: ജനദൃഷ്ടിയില്‍ 4. ആളുകള്‍ ഭിന്നാഭിപ്രായങ്ങളില്‍ വ്യാപരിക്കാന്‍ കാരണം 5. അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും മര്യാദകള്‍ 6. ജ്ഞാന വിപത്തുകള്‍ 7. ബുദ്ധി: അതിന്റെ മഹത്വവും നിര്‍വചനവും വകഭേദങ്ങളും
'ജ്ഞാന വിപത്തുകള്‍' എന്ന ഭാഗത്ത് ദുഷ്ട പണ്ഡിതരില്‍നിന്ന് ശ്രേഷ്ട പണ്ഡിതരെ വേര്‍തിരിക്കുന്ന നിരവധി അടയാളങ്ങള്‍ വളരെ സുദീര്‍ഘമായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ശ്രേഷ്ട പണ്ഡിതനെ തിരിച്ചറിയുന്നതിന് അദ്ദേഹം നല്‍കിയ അടയാളങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1.    ജ്ഞാനത്തെ ഭൗതിക നേട്ടങ്ങളുടെ ഉന്നമാക്കാതിരിക്കുക 2. വാക്കും പ്രവൃത്തിയും വിരുദ്ധമാകാതിരിക്കുക 3. പരലോകത്ത് പ്രയോജനകാരിയും കീഴ്‌വണക്കത്തിന് പ്രചോദകവുമായ വിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക 4.    ഭക്ഷണപാനീയങ്ങള്‍, പാര്‍പ്പിട വസ്ത്രങ്ങള്‍ എന്നിവയില്‍ ആഡംബരവും സുഖലോലുപതയും കൈവെടിഞ്ഞു മിതത്വം പാലിക്കുക 5. ഭരണാധികാരികളില്‍നിന്ന് അകന്നുനില്‍ക്കുക 6. ഫത്‌വ നല്‍കാന്‍ ധൃതി കാണിക്കാതെ, കഴിവതും അകന്നുനില്‍ക്കുക 7. രഹസ്യജ്ഞാനം, ഹൃദയനിരീക്ഷണം, പാരത്രിക മാര്‍ഗജ്ഞാനം, കഠിനാധ്വാനവും നിരീക്ഷണവും വഴി അവ വെളിപ്പെടുമെന്ന ആത്മാര്‍ഥമായ പ്രതീക്ഷ എന്നിവക്ക് പ്രാധാന്യം നല്‍കുക. 8. വിശ്വാസം അചഞ്ചലമാക്കുന്നതില്‍ ബദ്ധശ്രദ്ധനാവുക 9. ദു:ഖിതനും നമ്രശിരസ്‌കനും മൗനിയുമാവുക 10. ഒതുക്കം, താഴ്മ, വിനയം 11. ഗ്രന്ഥങ്ങള്‍, ഏടുകള്‍, ശ്രവണം എന്നിവയേക്കാള്‍ ഉള്‍ക്കാഴ്ചയെയും കളങ്കമറ്റ ഹൃദയത്തെയും ജ്ഞാനാവലംബമായി സ്വീകരിക്കുക 12. നൂതനാശയങ്ങള്‍ സൂക്ഷിക്കുക
മറ്റു കൃതികളില്‍ വിവരിക്കപ്പെടുന്നവയാണ് ഈ വിഷയങ്ങളെങ്കിലും, അവയില്‍നിന്ന് ഈ കൃതിയെ മാറ്റിനിറുത്തുന്ന അഞ്ച് സവിശേഷതകള്‍ ഗ്രന്ഥകര്‍ത്താവ് അവകാശപ്പെടുന്നുണ്ട്:
1.    മറ്റു കൃതികളില്‍ അവ്യക്തമായി വിവരിക്കപ്പെട്ടവ ഇതില്‍ അപഗ്രഥനം നടത്തപ്പെടുന്നു. 2. അവയില്‍ ശിഥിലമായവ ഇതില്‍ ക്രമീകരിക്കപ്പെടുന്നു. 3. സ്ഥൂലമാക്കപ്പെട്ടവ  ഇതില്‍ സംഗ്രഹിക്കപ്പെടുന്നു. 4. ആവര്‍ത്തനം ഒഴിവാക്കപ്പെടുന്നു. 5. അവയില്‍ സൂചിപ്പിക്കപ്പെടാതിരിക്കുകയോ ദുര്‍ഗ്രാഹ്യങ്ങളായി കിടക്കുകയോ ചെയ്യുന്ന പലതും ഇതില്‍ സ്ഥാപിക്കപ്പെടുന്നു.

പണ്ഡിതാഭിപ്രായങ്ങള്‍
ഇഹ്‌യാ ഉലൂമിന് വമ്പിച്ച സ്വീകരണമാണ് പണ്ഡിത ലോകം നല്‍കിപ്പോരുന്നത്. എന്നാല്‍, മൂന്നുതരം കാഴ്ചപ്പാടുകളാണ് അതേ കുറിച്ച് പണ്ഡിതലോകത്തുണ്ടായത്. ഒരു വിഭാഗം അതിനെ വാനോളം പുകഴ്ത്തുന്നവരാണ്. ഇസ്‌ലാമിന് ലഭിച്ച മഹത്തായൊരു വൈജ്ഞാനിക സംഭാവനയായാണതിനെ അവര്‍ കരുതിപ്പോരുന്നത്.
ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ ഗ്രഹിക്കാനുള്ള ഒരുത്തമ ഗ്രന്ഥമെന്നാണ് അബുല്‍ ഫദല്‍ ഇറാഖി ഇഹ്‌യയെ വിശേഷിപ്പിച്ചത്. 'ഇഹ്‌യ ഖുര്‍ആനാകാറായിരിക്കുന്നു'വെന്നാണ് ഇമാം നവവിയുടെ വിലയിരുത്തല്‍.  മറ്റെല്ലാ വിജ്ഞാനങ്ങളും മായ്ച്ച് കളയപ്പെടുകയാണെങ്കില്‍ ഇഹ്‌യായില്‍ നിന്നത് ലഭിക്കുമെന്ന് കാസറൂനി അഭിപ്രായപ്പെടുന്നു.  എന്തിനധികം, ഇഹ്‌യായുടെ പേജുകള്‍ മറിച്ച ഒരു അവിശ്വാസിക്ക് മുസ്‌ലിമാകാതിരിക്കാനാവുകയില്ലെന്ന് വരെ അലി ബ്‌നു അബീബക്കര്‍ സഖാഫ് വിധിയെഴുതിയിട്ടുണ്ട്.  മരിച്ചു പോയവരെ അല്ലാഹു പുനരുജ്ജീവിപ്പിക്കുകയാണെങ്കില്‍, ജീവിച്ചിരിക്കുന്നവരോട് അവര്‍ക്ക് നല്‍കാനുള്ള ഉപദേശങ്ങള്‍ ഇഹ്‌യായുടെ ഉള്ളടക്കം മാത്രമായിരിക്കുമെന്നാണ് അബ്ദുല്‍ ഫില്‍ ഫാരിസി അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഹി. 503-ല്‍, മഗ്‌രിബില്‍ വെച്ച് ഇഹ്‌യ കത്തിച്ചുകളഞ്ഞപ്പോള്‍, ഗസാലിക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പണ്ഡിതന്മാര്‍ രംഗത്ത് വരികയുണ്ടായി. അബുല്‍ ഹസന്‍ ജുദാമി അല്‍ മുര്‍റി(മ. 509), അബൂ മുഹമ്മദ് റജ്‌റാജി അഗ്മാനി മൊറോക്കോ (മ. 540), അബുല്‍ ഫദല്‍ ഇബ്‌നു നഹ്‌വി, ഫാസ് (മ. 513) എന്നിവര്‍ ഇവരില്‍ പ്രമുഖരായിരുന്നു. അബുല്‍ ഫദല്‍ മുപ്പത് ഭാഗങ്ങളായി ഇഹ്‌യ പകര്‍ത്തിയെഴുതുകയും റമദാനില്‍ ഓരോ ദിവസവും ഓരോ ഭാഗം വായിക്കുകയും ചെയ്തിരുന്നുവത്രെ.
മാത്രമല്ല, ആദരണീയരിലും ആദരണീയ വസ്തുക്കളിലും ആരോപിക്കപ്പെടാറുള്ള അതിശയോക്തിപരമായ 'കെട്ടു കഥകള്‍' ഇഹ്‌യയെ കുറിച്ചും ഉണ്ടായിട്ടുണ്ട്. അബുല്‍ ഹസല്‍ അലി എന്നയാളെ കുറിച്ച് യാഫീ ഉദ്ധരിച്ച കഥ ഉദാഹരണം മാത്രം. മഗ്‌രിബിലെ പ്രശസ്തനും ജനസമ്മതനുമായ ഈ പണ്ഡിതന്‍ ഇഹ്‌യയെ കുറിച്ച് ശക്തമായ ആക്ഷേപമുള്ളയാളായിരുന്നുവത്രെ. ഇഹ്‌യയുടെ ലഭ്യമായ കോപ്പികള്‍ ശേഖരിച്ച് വെള്ളിയാഴ്ച ജുമുഅക്ക് അഗ്നിക്കിരയാക്കാന്‍ ഇദ്ദേഹം കല്‍പന കൊടുത്തു. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിനൊരു സ്വപ്നദര്‍ശനമുണ്ടായി. താന്‍ പള്ളിയിലെത്തിയപ്പോള്‍ നബി(സ)യും അബൂബക്കറും(റ), ഉമറും(റ) അവിടെ. നബിയുടെ മുമ്പില്‍ ഇമാം ഗസാലി നില്‍ക്കുന്നു. അബുല്‍ ഹസന്‍ എത്തിയപ്പോള്‍, ഇദ്ദേഹമാണ് തന്റെ പ്രതിയോഗിയെന്നും, ഇദ്ദേഹം പറയുന്നത് ശരിയാണെങ്കില്‍ താന്‍ പശ്ചാത്തപിച്ചു മടങ്ങാന്‍ സന്നദ്ധനാണെന്നും, അല്ലാത്ത പക്ഷം, തന്റെ അവകാശം വാങ്ങിത്തരണമെന്നും നബിയോട് ഗസാലി ആവശ്യപ്പെട്ടു. ഇഹ്‌യയുടെ ഒരു പ്രതി നബിക്ക് കൊടുക്കുകയും ചെയ്തു. ഗ്രന്ഥത്തിലെ ഓരോ പേജും ആദ്യന്തം വായിച്ചു നോക്കിയ തിരുമേനി അത് ശരിവെക്കുകയും നല്ല ഗ്രന്ഥമെന്ന് വിധിയെഴുതുകയും ചെയ്തുവത്രെ. പിന്നെ, അവിടുന്നു തന്നെ, അബൂബക്കറിനും ഉമറിനും അത് കൈമാറി. അവരും പരിശോധിച്ചു ശരിവെക്കുകയായിരുന്നു. ഇതോടെ വ്യാജാരോപണം നടത്തുന്നവര്‍ക്കുള്ള ശിക്ഷ അദ്ദേഹത്തിനു വിധിക്കുകയാണുണ്ടായത്. കുപ്പായമൂരി ചാട്ടവാര്‍ കൊണ്ട് പ്രഹരിക്കുകയാണ് ശിക്ഷ. പക്ഷേ, അഞ്ച് പ്രാവശ്യം പ്രഹരിച്ചപ്പോള്‍ അബൂബക്കര്‍(റ) അദ്ദേഹത്തിനു വേണ്ടി ശിപാര്‍ശ നടത്തി: 'അങ്ങയുടെ ചര്യക്ക് വിരുദ്ധമാണിതെന്ന് ഇദ്ദേഹം തെറ്റിദ്ധരിച്ചതാവാമല്ലോ.' നബി(സ) ഈ ശിപാര്‍ശ സ്വീകരിക്കുകയും ശിക്ഷ നിറുത്തിവെക്കാന്‍ കല്‍പിക്കുകയും ചെയ്തു. അബുല്‍ ഹസന്‍ ഉറക്കമുണര്‍ന്നപ്പോള്‍ അദ്ദേഹം വിവരം കൂട്ടുകാരെ അറിയിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തുവെന്നാണ് വിവരണം.
അബുല്‍ ഫതഹ് ശാവി എന്ന സൂഫി പണ്ഡിതനില്‍നിന്ന് മറ്റൊരു 'സ്വപ്ന കഥ' ഉദ്ധരിക്കപ്പെടുന്നുണ്ട്!
സൂഫി ഗ്രന്ഥങ്ങളില്‍ സാധാരണ കണ്ടുവരാറുള്ള അതിശയോക്തി വിവരണങ്ങളിലെ അവിശ്വസനീയത ഇതിലും വ്യക്തമാണല്ലോ.
ഈ ഗ്രന്ഥത്തിലുള്‍ക്കൊള്ളുന്ന ദുര്‍ബലങ്ങളും വ്യാജ നിര്‍മ്മിതങ്ങളുമായ ഹദീസുകള്‍, ഖുര്‍ ആനിനും സുന്നത്തിനും നിരക്കാത്ത കഥകള്‍, അഹ്‌ലുസ്സുന്നത്തിന് നിരക്കാത്ത സൂഫി തത്ത്വശാസ്ത്ര ആശയങ്ങള്‍ എന്നിവയുടെ പേരില്‍ അതിനെ ശക്തിയായി അധിക്ഷേപിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഹി. 503-ന്റെ തുടക്കത്തില്‍, മഗ്‌രിബില്‍ ഇഹ്‌യ എത്തിയപ്പോള്‍ സംഭവിച്ചത് ഈ ചിന്താഗതിയുടെ പ്രതിഫലനങ്ങളായിരുന്നു. പ്രദേശത്തെ ഖാദിയും, പ്രശസ്തനായ ഖാദി ഇയാദിന്റെ ഗുരുവുമായ ഇബ്‌നു ഹംദീന്റെ നേതൃത്വത്തില്‍ കുറെ പണ്ഡിതന്മാര്‍ ഗ്രന്ഥം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍, അത് കുഴപ്പമുള്ളതാണെന്ന് കണ്ടെത്തുകയും തങ്ങളുടെ അഭിപ്രായം അമീര്‍ അലി ബ്‌നു യൂസുഫ് ബ്‌നു താശ്ഫീന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹമാകട്ടെ, പണ്ഡിതരുടെയും പ്രമുഖരുടെയും സാന്നിധ്യത്തില്‍, കൊര്‍ദോവ പള്ളിയുടെ പടിഞ്ഞാറെ കവാടത്തില്‍ വെച്ചു അത് അഗ്നിക്കിരയാക്കാന്‍ കല്‍പന കൊടുക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട്, ഗസാലിയുടെ ശിഷ്യനാണെന്ന് പറയപ്പെടുന്ന ഇബ്‌നു തൂംര്‍റത്തിന്റെ നേതൃത്വത്തില്‍ മുവഹ്ഹിദുകള്‍ ഇഹ്‌യാ പാരായണം പ്രോത്സാഹിപ്പിക്കുകയും അങ്ങനെ അത് മതകീയമായി മാറുകയുമാണുണ്ടായത്.  
'തിരുമേനി(സ)യെ കുറിച്ച് ഇത്രമാത്രം നുണപറയുന്ന ഒരു കൃതി ലോകത്ത് നിലവിവിലില്ലെ'ന്നാണ് ഇമാം ത്വര്‍ത്വൂസി പറയുന്നത്. സമകാലീന മാലികി ഗ്രന്ഥങ്ങള്‍ ഇഹ്‌യയുടെ മുഖവുരയില്‍ വിമര്‍ശിക്കപ്പെട്ടുവെന്നതായിരുന്നു മാലികികള്‍ ഇഹ്‌യക്കെതിരെ തിരിയാന്‍ കാരണം. വ്യാജങ്ങളും ദുര്‍ബലങ്ങളുമായ ഹദീസുകളുള്‍ക്കൊണ്ടതിനാല്‍ ഹമ്പലികളും ഇഹ്‌യയെ എതിര്‍ത്തു.
നിഷ്പക്ഷമായി ഇഹ്‌യയെ വിലയിരുത്തിയവരാണ് മൂന്നാമത്തെ വിഭാഗം. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ഈ വിഭാഗത്തില്‍ പെടുന്നു. ധാരാളം പ്രയോജനമുള്ള ഒരു കൃതിയാണ് ഇഹ്‌യയെന്നും എന്നാല്‍, തൗഹീദ്, നുബുവ്വത്ത്, മആദ് എന്നിവയുമായി ബന്ധപ്പെട്ട് ആക്ഷേപാര്‍ഹമായ പല തത്ത്വചിന്തകരുടെ വാക്കുകള്‍ അദ്ദേഹം ഉദ്ധരിക്കുന്നുവെന്നും, സൂഫീ വിജ്ഞാനീയങ്ങളെകുറിച്ചു പറയുമ്പോള്‍, അവക്ക് ദീനീ പരിവേഷം നല്‍കി വഞ്ചനാപരമായൊരു നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ദുര്‍ബല വ്യാജ ഹദീസുകളുടെ സാന്നിധ്യവും സൂഫികളുടെ പൊള്ളവാദങ്ങളും ഇവരുടെയും ആക്ഷേപത്തിന്നു വിധേയമായിട്ടുണ്ട്.
കര്‍മശാസ്ത്ര നിയമങ്ങള്‍ കൈയൊഴിച്ചു, സൂഫി ശൈലിയിലാണ് ഇഹ്‌യയുടെ ക്രോഡീകരണമെന്നും അതുകൊണ്ടാണ് ദുര്‍ബല ഹദീസുകള്‍ അതില്‍ കടന്നുകൂടാനിടവന്നതെന്നും അബുല്‍ മുദഫ്ഫറിനെ പോലുള്ളവര്‍ പറയുന്നു. വായനക്കാരില്‍ പ്രചോദനവും മുന്നറിയിപ്പും സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ, ദുര്‍ബല ഹദീസുകള്‍ ഉദ്ധരിക്കുന്നത് ആക്ഷേപകരമല്ല, വ്യാജമായിരിക്കരുതെന്നു മാത്രം- ഇതാണ് മൗലാ അബുല്‍ ഖൈറിന്റെ മതം.

പാശ്ചാത്യരും ഇഹ്‌യയും
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അബുല്‍ ഫറജ്, സുറിയാനി യാക്കോബ് ചര്‍ച്ചിലെ പ്രസിദ്ധനായ പുരോഹിതനും സുറിയാനിയിലും അറബിയിലും നല്ല എഴുത്തുകാരനുമായിരുന്നു. അദ്ദേഹം ഇഹ്‌യായിലെ പല അധ്യായങ്ങളും ചില്ലറ വ്യത്യാസത്തോടെ തന്റെ Ethicon, The Book of The Dove എന്നീ ഗ്രന്ഥങ്ങളില്‍ പകര്‍ത്തിയിരുന്നുവെന്ന് ചില പാശ്ചാത്യ പണ്ഡിതന്മാര്‍ കണ്ടു പിടിച്ചിട്ടുണ്ട്. ക്രിസ്തീയ മഠങ്ങളില്‍ പതിവായി വായിക്കപ്പെട്ടിരുന്ന ഗ്രന്ഥങ്ങളാണ് മേല്‍ പറഞ്ഞവയെന്നതും പ്രസ്താവ്യമാണ്. അവയെ സൂക്ഷ്മമായി പരിശോധിച്ച വെന്‍സിങ്ക് അവയിലെ വിഷയങ്ങള്‍ ഇഹ്‌യയുടെ അതേ ക്രമത്തിലാണ് വിവരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതേപോലെ, ഇഹ്‌യായും ആധുനിക തത്ത്വ ശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദെക്കാര്‍ത്തിന്റെ ഡിസ്‌ക്കോഴ്‌സ് ഓണ്‍ മെത്തേഡും തമ്മില്‍ വളരെയേറെ സാദൃശ്യം കാണുന്നുവെന്ന് പാശ്ചാത്യ പണ്ഡിതനായ ലൂയിസും വാദിക്കുന്നു.

സംഗ്രഹങ്ങളും വ്യാഖ്യാനങ്ങളും പരിഭാഷകളും
ഇഹ്‌യക്ക് നിരവധി സംഗ്രഹങ്ങള്‍ വിരചിതമായിട്ടുണ്ട്. ഗസാലിയുടെ സഹോദരന്‍ അബുല്‍ ഫത്ഹ് അഹ്മദ് ഗസാലി(മ. 520) എഴുതിയ 'ലുബാബുല്‍ ഇഹ്‌യാ'യാണ് ഏറ്റവും ആദ്യത്തെ സംഗ്രഹം. ഇബ്‌നുല്‍ ജൗസിയുടെ 'മിഹാജുല്‍ ഖാസിദീന്‍', ത്വാശ്കുബുരിയുടെ 'മിഫ്താഹുസ്സആദ', ശൈഖ് ജമാലുദ്ദീന്‍ ഖാസിമിയുടെ 'അല്‍മുര്‍ശിദ് അല്‍അമീന്‍ ഇലാ മൗഇദതില്‍ മുഅമിനീന്‍', മുഹമ്മദ് ബ്‌നു ഉസ്മാന്‍ ബല്‍ഖിയുടെ 'ഐനുല്‍ ഇല്‍മി വ സൈനുല്‍ ഹില്‍മ്', മഹ്മൂദ് അലി ഖറാഅയുടെ 'സ്വഫ്‌വതുല്‍ ഇഹ്‌യാ', മുഹമ്മദ് ബ്‌നു മുര്‍തദാ മുഹ്‌സിന്‍ കാശിയുടെ 'അല്‍ മഹജ്ജതുല്‍ ബൈദാഅ ഫീ ഇഹ്‌യായില്‍ ഇഹ്‌യാ', മുല്ലാ അലിയ്യുല്‍ ഖാരിയുടെ 'ഫഹ്മുല്‍ മഅലൂം', 'ഖുലാസത്തി ത്വസാനിഫ് ഫിത്തസ്വവ്വുഫ്', 'ഇസ് ആദുല്‍ ഉമ്മതി ഫീമാ ജാഅബിഹില്‍ ഖുര്‍ആന്‍ വസ്സുന്ന' എന്നിങ്ങനെ നീണ്ടു പോകുന്നു ഈ പട്ടിക.  ശംസുദ്ദീന്‍ മുഹമ്മദ് ബ്‌നു അലി അജലൂനി, മുഹമ്മദ് ബ്‌നു സഈദ് യമനി, അഹ്മദ് ബ്‌നു മൂസ മൗസിലി, ഹാഫിദ് ജലാലുദ്ദീന്‍ സുയൂത്വി എന്നിവര്‍ ഇഹ്‌യാ സംഗ്രഹങ്ങളെഴുതിയ മുന്‍ഗാമികളില്‍ പെടുന്നു. അബ്ദുസ്സലാം ഹാറൂന്റെ 'തഹ്ദീബുല്‍ ഇഹ്‌യാ', അബുല്‍ ഹസന്‍ അലി ഹസന്‍ നദ്‌വിയുടെ 'തഹ്ദീബുല്‍ അഖ്‌ലാഖ്', അല്‍ ഹാജ് ഫദ്‌ലുല്‍ കരീം രചിച്ച Ihya Uloomudheen [English],  തുടങ്ങിയവ ആധുനിക സംഗ്രഹങ്ങളില്‍ പെടുന്നു.
എഴുപതോളം വ്യാഖ്യാനങ്ങള്‍ ഇഹ്‌യാക്ക് എഴുതപ്പെട്ടിട്ടുണ്ട്. മുര്‍തദ സബീദി എന്ന മഹാ പണ്ഡിതന്‍, 'ഇത്ഹാഫുസ്സാദതില്‍ മുത്തഖീന്‍ ബി ശര്‍ഹി ഇഹ്‌യാ ഉലൂമിദ്ദീന്‍' എന്ന പേരില്‍ 10 വാള്യങ്ങളുള്ള ഒരു ബൃഹത്തായ വ്യാഖ്യാനമാണ് രചിച്ചത്. ഇബ്‌നുല്‍ ജൗസി, ഇബ്‌നു യൂനുസ് എന്നീ പണ്ഡിതന്മാരും ഇഹ്‌യായുടെ വ്യാഖ്യാതാക്കളില്‍ പെടുന്നു.
ഫരീദുദ്ദീന്‍ ഖവാറസ്മിയാണ് ആദ്യമായി ഇഹ്‌യക്ക് പരിഭാഷ തയാറാക്കിയത്. പേര്‍ഷ്യന്‍ ഭാഷയിലാണിത്. 'മദാഖുല്‍ ആരിഫീന്‍' എന്ന പേരില്‍ ഒരു ഉര്‍ദു പരിഭാഷയുമുണ്ട്. നിരവധി ലോക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഇഹ്‌യക്ക് മലയാളത്തിലും പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

വിമര്‍ശനങ്ങളും മറുപടികളും
ഈ മഹത്തായ കൃതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കൃതികള്‍ വിരചിതമായിട്ടുണ്ടെന്നതും ഇതിന്റെ പ്രാധാന്യമാണ് വിളിച്ചോതുന്നത്. ഇഹ്‌യായിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട്, അബുല്‍ ഫറജ് ബ്‌നുല്‍ ജൗസി ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. 'ഇഅലാമുല്‍ അഹ്‌യാഇ ബി അഗ്‌ലാത്വില്‍ ഇഹ്‌യാ' എന്നാണതിന്റെ പേര്. തന്റെ 'തല്‍ബീസ് ഇബ്‌ലീസ്' എന്ന കൃതിയില്‍, അവയില്‍ ചിലത് സൂചിപ്പിച്ചിട്ടുണ്ട്. അബുല്‍ ഹസന്‍ ബ്‌നു സകര്‍ എന്ന പണ്ഡിതന്‍ 'ഇഹ്‌യാഉ മയ്യിതില്‍ അഹ്‌യാ ഫിര്‍ റദ്ദി അലാ കിതാബില്‍ ഇഹ്‌യാ' എന്ന പേരില്‍ മറ്റൊരു കൃതിയും രചിച്ചിട്ടുണ്ട്. ഡോ. സകി മുബാറക്കിന്റെ 'അല്‍ അഖ്‌ലാഖു ഇന്തല്‍ ഗസാലി' എന്ന കൃതി ഇഹ്‌യയെ കുറിച്ച അതിരൂക്ഷ വിമര്‍ശനങ്ങളാണുള്‍ക്കൊള്ളുന്നത്.
എന്നാല്‍, തന്റെ കൃതിക്കെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് ഗസാലി തന്നെ മറുപടി പറയുന്നുണ്ട്. 'അല്‍ ഇമ്‌ലാഉ അലാ മുശ്കിലില്‍ ഇഹ്‌യാ' എന്ന കൃതിയിലാണത്. 'അല്‍ അജ്‌വിബതുല്‍ മുസ്‌കിത അനില്‍ അസ്ഇലതില്‍ മുബ്ഹിത' എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നുണ്ട്.
ഇഹ്‌യായിലെ ഹദീസുകളുടെ പരമ്പരകള്‍ വിവരിച്ചുകൊണ്ട്, ഹാഫിദ് സൈനുദ്ദീന്‍ അബ്ദുര്‍റഹീം ഹസന്‍ ഇറാഖി, 'സഗീര്‍', 'കബീര്‍' എന്നീ രണ്ടു കൃതികള്‍ രചിച്ചിട്ടുണ്ട്. 'അല്‍ മുഗ്‌നി അന്‍ ഹമ്‌ലില്‍ അസ്ഫാരി ബില്‍ അസ്ഫാര്‍ ഫീ തഖ്‌രീജി മാ ഫില്‍ ഇഹ്‌യാഇ മിനല്‍ അഖ്ബാര്‍' എന്നാണ് രണ്ടാമത്തെ കൃതിയുടെ പേര്. പിന്നെ, അദ്ദേഹത്തിന്റെ ശിഷ്യന്‍ ഹാഫിദ് ഇബ്‌നു ഹജര്‍ അസ്ഖലാനിയും ശൈഖ് സൈനുദ്ദീന്‍ ഖാസിം ബ്‌നു ഖത്വ്‌ലൂബിഗാ ഹനഫിയും ഇവ്വിഷയകമായി രചന നടത്തി. 'തുഹ്ഫത്തുല്‍ അഹ്‌യാഇ ഫീമാ ഫാത മിന്‍ തഖാരീജി അഹാദീഥില്‍ ഇഹ്‌യാ' എന്നാണ് ഇദ്ദേഹത്തിന്റെ കൃതിയുടെ പേര്. തദ്വിഷയകമായി ഇബ്‌നുല്‍ മുലഖന്‍ എഴുതിയ 'അല്‍ബദറുല്‍ മുനീര്‍', ഏഴു വാള്യങ്ങളുള്ള ഒരു ബൃഹദ് ഗ്രന്ഥമാണ്.

(ഇഹ്‌യാ ഉലൂമിദ്ദീന്‍ ഒന്നാംവാല്യം വിവര്‍ത്തനം ചെയ്തിട്ടുണ്ട് ലേഖകന്‍)
kaderka2005@gmail.com

Comments

Other Post