Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി രചനാലോകം

അബ്ദുര്‍റഹ്മാന്‍ മങ്ങാട്‌

ഗ്രന്ഥരചനയില്‍ ഇമാം ഗസാലിക്കുള്ള കഴിവ് വിസ്മയകരമായിരുന്നു. അമ്പത്തഞ്ചു വര്‍ഷം ജീവിച്ച അദ്ദേഹം പതിനൊന്ന് വര്‍ഷക്കാലം വനവാസത്തിലും ദേശസഞ്ചാരത്തിലുമായി കഴിഞ്ഞിരുന്നു. എല്ലാ സന്ദര്‍ഭങ്ങളിലും നൂറ്റമ്പതില്‍ കുറയാത്ത വിദ്യാര്‍ഥികള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്നാല്‍, ഏറ്റവും കൂടുതല്‍ ഗ്രന്ഥരചന നടത്തിയ ഇമാം ത്വബരി, ഇമാം നവവി, സുബുകി, സുയൂത്വി തുടങ്ങിയവരുടെ നിരയില്‍ പ്രമുഖസ്ഥാനമാണ് ഇമാം ഗസാലിക്ക്. വിഷയവൈവിധ്യവും ചിന്തയിലെ മൌലികതയും അവതരണ ലാളിത്യവും മനഃശാസ്ത്ര സമീപനവും മറ്റ് എഴുത്തുകാരില്‍നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു.
നാല്‍പതു വാല്യങ്ങളുള്ള 'യാകൂതുത്തഅ്വീല്‍ ഫീ തഫ്സീരിത്തന്‍സീല്‍' ഉള്‍പ്പെടെ ഇരുനൂറിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചതായി ഖൈറുദ്ദീനുസ്സര്‍കലി 'അല്‍ അഅ്ലാം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇഹ്യയുടെ വ്യാഖ്യാനമായ ഇത്ഹാഫില്‍ ഇമാം ഗസാലിയുടെ എഴുപതു ഗ്രന്ഥങ്ങളുടെ ഒരു പട്ടിക ഗ്രന്ഥകര്‍ത്താവ് മുര്‍തദാ സബീദി ചേര്‍ത്തിട്ടുണ്ട്. ഇമാം ഗസാലിയുടെ ഏതാനും ഗ്രന്ഥങ്ങള്‍ ഇവിടെ പരിചയപ്പെടാം.
1) ഇഹ്യാ ഉലൂമിദ്ദീന്‍ 2) അല്‍ ഇംലാഅ് അലാ മുശ്കിലാതില്‍ ഇഹ്യാഅ്. 3) അല്‍ അര്‍ബഈന്‍ ഫീ ഉസൂലിദ്ദീന്‍ 4) അല്‍ അസ്മാഉല്‍ ഹുസ്ന 5) അല്‍ ഇഖ്തിസ്വാദു ഫില്‍ ഇഅ്തിഖാദ് 6) ഇല്‍ജാമുല്‍ അവാം അന്‍ ഇല്‍മില്‍ കലാം 7) അസ്റാറു മുആമലാതി ദ്ദീന്‍ 8) അസ്റാറു അന്‍വാറില്‍ ഇലാഹിയ 9) അഖ്ലാഖുല്‍ അബ്റാര്‍ വന്നജാതി മിനല്‍ അശ്റാര്‍ 10) അസ്റാറു ഇത്തിബാഇസ്സുന്നഃ 11) അസ്റാറു ഹുറൂഫില്‍ കലിമാതി 12) അയ്യുഹല്‍ വലദു 13) അല്‍ അജ്വിബതുല്‍ ഗസ്സാലിയ്യ ഫില്‍ മസാഇലില്‍ ഉഖ്റവിയ്യ 14) അല്‍ അദബു ഫി ദ്ദീന്‍ 15) ആദാബു സ്സൂഫിയ്യ 16) ആദാബുല്‍ കസ്ബി വല്‍ മആശ് 17) ബിദായതുല്‍ ഹിദായ 18) അല്‍ ബസീതു ഫില്‍ ഫുറൂഅ് 19) ബയാനുല്‍ ഖൌലൈനി ലിശ്ശാഫിഈ 20) ബദാഇഉസ്സുന്‍അ് 21) തന്‍ബീഹുല്‍ ഗാഫിലീന്‍ 22) തഹാഫതുല്‍ ഫലാസിഫ 23) തഹ്സീനുല്‍ മഅ്ഖദ് 24) തഹ്സ്വീനുല്‍ അദില്ല 25) തദ്ലീസ് ഇബ്ലീസ് 26) തഅ്ലീഖതുന്‍ ഫീ ഫുറൂഇല്‍ മദ്ഹബ് 27) തുഹ്ഫതുല്‍ മുലൂക് 28) തഖ്സീമുല്‍ ഔഖാത് വല്‍ അദവാത് 29) അത്തൌഹീദ് വഇഥ്ബാതുസ്സിഫാത് 30) ജവാഹിറുല്‍ ഖുര്‍ആന്‍ 31) ജാമിഉല്‍ ഹഖാഇഖ് ബി തജ്രിബതില്‍ ഖലാഇഖ്  32) അല്‍ജദ്വലുല്‍ മര്‍ഖൂം 33) ഹുജ്ജതുല്‍ ഹഖ് 34) ഹഖീഖതുര്‍റൂഫ് 35) ഹഖാഇഖുല്‍ ഉലൂം 36) അല്‍ഹിക്മതു ഫീ മഖ്ലൂഖാതില്ലാഹ് 37) ഖുലാസതുര്‍റസാഇല്‍ 38) ഖുലാസതുത്തസ്വാനീഫ് ഫിത്തസവ്വുഫ് 39) അല്‍ റിസാലതുല്‍ ഖുദ്സിയ്യ 40) അല്‍ റിസാലതുല്ലദുന്നിയ്യ 41) അര്‍റിസാലതുല്‍ വഅ്ദിയ്യ 42) രിസാലതു ത്വൈര്‍ 43) റൌദതുത്വാലിബീന്‍ വഉംദതുസ്സാലികീന്‍ 44) അസ്സിര്‍റുല്‍ മസ്വൂന്‍ 45) സിര്‍റുല്‍ ആലമീന്‍ വ കശ്ഫി മാഫിദ്ദാറൈനി 46) ശിഫാഉല്‍ അലീല്‍ ഫീ മസ്അലതി ത്തഅ്വീല്‍ 47) അഖീദതു അഹ്ലിസ്സുന്ന 48) ഇജാഇബുസ്വുന്‍ഇല്ലാഹ് 49) അദുര്‍റതുല്‍ ഫാഖിറ ഫീ കശ്ഫി ഉലൂമില്‍ ആഖിറ 50) ഗായതുല്‍ ശുര്‍ഫി മസാഇലി ദ്ദൂര്‍ 51) ഫൈസലുത്തഫ്രിഖ ബൈനല്‍ ഇസ്ലാമി വസ്സന്‍ദഖ 52) ഫദാഇലുല്‍ ഖുര്‍ആന്‍ 53) ഫതാവ മുശ്തമില: അലാ മിഅതിന്‍ വതിസ്ഈന 54) അല്‍ ഫിക്റതു വല്‍ ഇബ്റ: 55) ഫദാഇഉല്‍ ബാത്വിനിയ്യ 56) അല്‍ ഫുര്‍ഖാന്‍ ബൈനസ്സ്വാലിഹി വ ഗയ്രിസ്സ്വാലിഹി 57) അല്‍ഖിസ്ത്വാസുല്‍ മുസ്ത്വഖീം 58) ഖവാഇദുല്‍ അശ്റ 60) ഖാനൂനു ത്തഅ്വീല്‍ 61) അല്‍ഖാനൂനുല്‍ കുല്ലിയ്യ് 62) അല്‍ഖുര്‍ബതു ഇലല്ലാഹ് 63) അല്‍ ഖൌലുല്‍ ജമീല്‍ 64) കീമിയാസആദ 65) അല്‍ കശ്ഫു വത്തബ്യീന്‍ 66) കശ്ഫു ഉലൂമില്‍ ആഖിറ 67) അല്‍ മുസ്തസ്ഫാ ഫീ ഉസൂലില്‍ ഫിഖ്ഹ് 68) മന്‍ഖൂല്‍ 69) മുകാശഫതുല്‍ ഖുലൂബ് 70) മിന്‍ഹാജുല്‍ ആബിദീന്‍ 71) മിന്‍ഹാജുസ്സാലികീന്‍ 72) മീസാനുല്‍ അമല്‍ 73) അല്‍ മദ്മൂനുബിഹി അലാഅഹ്ലി ഗൈരിഹി 74) അല്‍ മഖ്സനുല്‍ അസ്ന ഫീ ശറഫി അസ്മാഇല്ലാഹില്‍ ഹുസ്ന 75) മഖാസിദുല്‍ ഫലാസിഫ 76) അല്‍ മുന്‍ഖിദു മിനദ്ദലാല്‍ 77) മിഅ്യാറുന്നസര്‍ 78) മിഅ്യാറുല്‍ ഇല്‍മ് 79) മിശ്കാതുല്‍ അന്‍വാര്‍ 80) മുസ്തസ്ഹരി ഫര്‍റദ്ദി അലല്‍ ബാത്വിനിയ്യ 81) അല്‍ മന്‍ഹജുല്‍ അഅ്ലാ 82) മആരിജുല്‍ ഖുദ്സ് ഫീ മദാരിജി മഅ്രിഫതിന്നഫ്സ് 83) അല്‍ മആരിഫുല്‍ അഖലിയ്യ വല്‍ ഹിക്മതുല്‍ ഇലാഹിയ്യ. 84) നസ്വീഹതുല്‍ മുലൂക് 85) വജീസ് 86) വസീത്വ് 87) യാകൂതുത്തഅ്വീല്‍ ഫിത്തഫ്സീര്‍.
ഇമാം ഗസാലിയുടെ രചനകളുടെ പട്ടിക അപൂര്‍ണമാണ്. അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ചില ഗ്രന്ഥങ്ങളെകുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. പ്രധാനമായും നാലു കൃതികളെ കുറിച്ചാണ് അഭിപ്രായ വ്യത്യാസമുള്ളത്. 1) മന്‍ഖൂല്‍ 2) മദ്നൂനുബീഹി അലാ ഗൈരി അഹ്ലീഹി 3) കിതാബുന്നഫ്ഖി വത്തസ്വിയ 4) സിര്‍റുല്‍ ആലമീന്‍
ഉസൂലുല്‍ഫിഖ്ഹിന്റെ രീതിശാസ്ത്രം വിശകലനം ചെയ്തുകൊണ്ടെഴുതിയ 'മന്‍ഖൂല്‍' എന്ന കൃതിയില്‍ ഇമാം അബൂഹനീഫക്കെതിരെ രൂക്ഷമായ വിമര്‍ശനമുണ്ടെന്നുള്ളതാണ് ആരോപണത്തിന്റെ പ്രധാന കാരണം. പ്രശസ്തമായ ഇഹ്യാ ഉലൂമിദ്ദീനില്‍ ഇമാം അബൂഹനീഫയെ ഇമാം ഗസാലി വാനോളം പുകഴ്ത്തിയിട്ടുമുണ്ട്. ഇതുകൊണ്ട് മാത്രം ആരോപണത്തില്‍ കഴമ്പില്ല. ശൈലിയും അവതരണരീതിയും വിശകലന സ്വഭാവവും എല്ലാം ഗസാലിയുടേതാണ്. ചരിത്രകാരന്മാരും നിവേദകന്മാരുമെല്ലാം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഇതിനെ എണ്ണിയിട്ടുമുണ്ട്. ഇമാമിന്റെ അഭിപ്രായ വ്യതിയാനങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ആരോപണത്തിന്റെ ദൌര്‍ബല്യം വ്യക്തമാകുന്നതുമാണ്.
മദ്നൂനു ബീഹി അലാ ഗൈരി അഹ്ലിഹി എന്ന ഗ്രന്ഥം ഇമാമിന്റെ രചനയല്ലെന്ന് മുഹദ്ദിസ് ഇബ്നുസ്വലാഹും അല്ലാമാ ഇബ്നു സുബ്കിയും പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ അസ്മാഉര്‍റിജാലുകളിലെല്ലാം ഈ ഗ്രന്ഥം ഗസാലി രചിച്ചതെന്നു പറയുന്നു. മാത്രമല്ല അദ്ദേഹം രചിച്ചതെന്ന് സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ട ജവാഹിറുല്‍ ഖുര്‍ആനില്‍ മേല്‍പറഞ്ഞ ഗ്രന്ഥം രചിച്ചതായി ഇമാം തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്.
കിതാബുന്നഫ്ഖി വത്തസ്വിയ എന്ന ഗ്രന്ഥം ഇമാമിന്റെ രചനയല്ലെന്ന് ആരോപിച്ചിരിക്കുന്നത് ഇഹ്യക്കു വ്യാഖ്യാനമെഴുതിയ മുര്‍തസ ഹുസൈനി എന്ന മഹാനാണ്. ഈ അഭിപ്രായത്തിന് ഉപോല്‍ബലകമായി യാതൊരു തെളിവും അദ്ദേഹം സൂചിപ്പിച്ചിട്ടുമില്ല. ഈ അഭിപ്രായം മറ്റാരെങ്കിലും പറഞ്ഞിട്ടുള്ളതായും അദ്ദേഹം പറയുന്നില്ല. അതിനാല്‍ ഈ അഭിപ്രായം സ്വീകാര്യമല്ലെന്ന് ശിബ്ലി നുഅ്മാനി പറയുന്നു.
സിര്‍റുല്‍ ആലമീന്‍ ഇമാം ഗസാലിയുടെ കൃതിയല്ലെന്നാണ് പല വിശകലനങ്ങള്‍ക്കു ശേഷം ശിബ്ലി നുഅ്മാനി സമര്‍ഥിക്കുന്നത്.

ഇല്‍ജാമുല്‍ അവാം അന്‍ഇല്‍മില്‍ കലാം
ഇമാം ഗസാലിയുടെ അവസാന ഗ്രന്ഥം. ഹിജ്റ 505 ജമാദുല്‍ ഊലാ ആദ്യത്തിലാണ് ഇമാം ഇതിന്റെ രചന പൂര്‍ത്തീകരിച്ചത്. ആ മാസം 14ന് അദ്ദേഹം ചരമമടയുകയും ചെയ്തു. "പൊതുജനങ്ങളെ ഇല്‍മുല്‍ കലാമില്‍നിന്ന് കടിഞ്ഞാണിടുക'' എന്നാണ് ഗ്രന്ഥനാമത്തിനര്‍ഥം.
അല്ലാഹുവിന് തന്റെ സൃഷ്ടികളോട് സാദൃശ്യം (തശ്ബീഹ്) ഉണ്ടെന്ന് തോന്നിപ്പിക്കും വിധം ഉദ്ധരിക്കപ്പെട്ട ഹദീസുകളെക്കുറിച്ച ചോദ്യത്തിന് ഉത്തരമായിട്ടാണ് ഇമാം ഗസാലി ഈ ഗ്രന്ഥം രചിച്ചത്. അത്തരം ഖുര്‍ആന്‍-ഹദീസ് വാക്യങ്ങളെ അവയുടെ ബാഹ്യാര്‍ഥത്തില്‍ മാത്രം എടുക്കുക വഴി അല്ലാഹുവിനു കൈ-കാല്‍ തുടങ്ങിയവ ഉണ്ടെന്ന് വിശ്വസിക്കുകയും അതാണ് സലഫിന്റെ വീക്ഷണമെന്ന് അവകാശപ്പെടുകയും ചെയ്തിരുന്ന ഹശ്മിയ്യാക്കളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ ഗ്രന്ഥരചന നിര്‍വഹിച്ചിട്ടുള്ളത്.
വീക്ഷണപരമായ പലഘട്ടങ്ങള്‍ പിന്നിട്ടശേഷം തന്റെ അവസാന വീക്ഷണം പ്രകടിപ്പിക്കുന്ന ഈ ചെറു ഗ്രന്ഥത്തിനു മൂന്ന് അധ്യായങ്ങളാണുള്ളത്- അല്ലാഹുവിന് സൃഷ്ടികളോട് തശ്ബീഹ്(സാദൃശ്യത) തോന്നിപ്പിക്കുന്ന വാക്യങ്ങളെ സംബന്ധിച്ച് സലഫിന്റെ വീക്ഷണമെന്ത് എന്ന ചര്‍ച്ചയാണ് ഒന്നാം അധ്യായത്തില്‍. രണ്ടാം അധ്യായത്തില്‍ സലഫിന്റെ വീക്ഷണമാണ് സത്യമെന്നും അതിനോട് വിരുദ്ധമായിട്ടുള്ളതെല്ലാം ബിദ്അത്താണെന്നും സ്ഥാപിക്കുന്നു- ഈ വിഷയവുമായി ബന്ധപ്പെട്ടതും പ്രയോജനകരവുമായ മറ്റു കാര്യങ്ങളാണ് മൂന്നാം അധ്യായത്തിലുള്ളത്.
കീമിയാസആദ
(വിജയത്തിന്റെ രസതന്ത്രം)
ഇമാം ഗസാലി പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച ഗ്രന്ഥങ്ങളില്‍ പ്രധാനമായത്. ഇമാമിന്റെ മാസ്റര്‍ പീസായ ഇഹ്യാ ഉലൂമിദ്ദീനിന് ശേഷമാണ് ഇത് രചിക്കപ്പെട്ടത്. ഉള്ളടക്കത്തില്‍ ഇഹ്യയോട് ഏറെ സാദൃശ്യം പുലര്‍ത്തുന്നതുകൊണ്ട് അതിന്റെ പേര്‍ഷ്യന്‍ പരിഭാഷയാണിത് എന്ന് അഭിപ്രായപ്പെട്ടവര്‍ പോലുമുണ്ട്.
മനുഷ്യനെ മൃഗീയതയില്‍നിന്ന് സമുദ്ധരിച്ച് ആത്മീയ സംസ്കരണത്തിലൂടെ സദ്ഗുണ സമ്പൂര്‍ണനും ശാശ്വത സൌഭാഗ്യവാനുമാക്കി മാറ്റാനുതകുന്ന ആത്മീയ രസതന്ത്ര വിദ്യകളാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
മുഖവുരയായി നാലു ശീര്‍ഷക(ഉന്‍വാന്‍)ങ്ങളും വിഷയങ്ങള്‍ക്ക് നാലു കാണ്ഡ(റുക്നുകള്‍)ങ്ങളുമായിട്ടാണ് ഗ്രന്ഥം ക്രമീകരിച്ചിട്ടുള്ളത്. ആത്മജ്ഞാനം, ദൈവജ്ഞാനം, ഇഹലോകജ്ഞാനം, പരലോകജ്ഞാനം എന്നിവയാണ് നാലു ഉന്‍വാനുകളുടെ വിഷയങ്ങള്‍. ഒന്നാം കാണ്ഡം ആരാധനയാണ്. ഇബാദത്ത് എന്ന ശീര്‍ഷകത്തിലാണ് അഖീദ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആചാര രീതികളും പെരുമാറ്റ മര്യാദകളുമാണ് ആദാബുല്‍ മുആമലാത്ത് എന്ന രണ്ടാം കാണ്ഡം. മൂന്നാം കാണ്ഡം ഇസ്ലാമിക ജീവിതപാതയിലെ കടമ്പകളാണ്. മുഹ്ലികാത്ത്(നാശകാരികള്‍) എന്ന ഈ കാണ്ഡത്തില്‍ മനുഷ്യന് സംഭവിക്കാറുള്ള വീഴ്ചകളും ദൌര്‍ഭാഗ്യങ്ങളും അവയുടെ ചികിത്സയുമാണ് വിവരിച്ചിട്ടുള്ളത്. നാലാം കാണ്ഡം മുന്‍ജിയാത്ത് (മോക്ഷദായകങ്ങള്‍). മനുഷ്യന് രക്ഷയും മോക്ഷവും കിട്ടാന്‍ ആവശ്യമായ കാര്യങ്ങളാണ് ഇതിലെ പ്രതിപാദ്യം.
മഖാസിദുല്‍ഫലാസിഫ
ഗ്രീക്ക് തത്ത്വശാസ്ത്രത്തെ പഠന വിധേയമാക്കി ഇമാം ഗസാലി രചിച്ച ഗ്രന്ഥം. തത്ത്വശാസ്ത്രത്തെ നിഷേധിക്കും മുമ്പ് അതില്‍ തനിക്കുള്ള മികച്ച പാണ്ഡിത്യത്തെ പ്രകടിപ്പിക്കുകയായിരുന്നു പ്രസ്തുത രചനയുടെ ലക്ഷ്യം. പൊതുവെ ദുര്‍ഗ്രഹമായിരുന്ന തത്ത്വശാസ്ത്രത്തെയും തര്‍ക്ക ശാസ്ത്രത്തെയും തന്റെ രചനയിലൂടെ അദ്ദേഹം സരളമാക്കി.
മുസ്ലിം ലോകത്ത് വലിയ പ്രചാരത്തിലില്ലാത്ത ഈ ഗ്രന്ഥം യൂറോപ്യന്‍ പണ്ഡിതന്മാര്‍ വളരെ താല്‍പര്യത്തോടു കൂടിയാണ് സൂക്ഷിച്ചിട്ടുള്ളത്. സ്പെയിന്‍ രാജകീയ ലൈബ്രറിയില്‍ പോലും സൂക്ഷിച്ചിട്ടുള്ള ഇതിന് വിവിധ യൂറോപ്യന്‍ ഭാഷകളില്‍ വിവര്‍ത്തനങ്ങളുമുണ്ട്.
തഹാഫുതുല്‍ ഫലാസിഫ
തത്ത്വദര്‍ശനങ്ങളിലെ വൈരുധ്യങ്ങളെയും വൈകല്യങ്ങളെയും ദാര്‍ശനിക ബുദ്ധിയോടുകൂടി നേരിട്ട് അപഗ്രഥിച്ച് തുറന്നു കാട്ടുന്നതാണ് പ്രസ്തുത ഗ്രന്ഥം. ഹീബ്രു ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ യൂറോപ്യന്‍ ഭാഷകളില്‍ ഇതിന്റെ വിവര്‍ത്തനം ലഭ്യമാണ്. തര്‍ക്കശാസ്ത്രത്തില്‍ മീസാനുല്‍ അമല്‍ എന്ന ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.
മുഖവുരയില്‍ അദ്ദേഹം എഴുതുന്നു: "നമ്മുടെ കാലത്ത് ചില മനുഷ്യര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവര്‍ തങ്ങളുടെ ബുദ്ധിയും തലച്ചോറുമാണ് മറ്റെല്ലാ മനുഷ്യരുടേതിനേക്കാളും മികച്ചതെന്ന് വിചാരിക്കുന്നു. അരിസ്റോട്ടില്‍, പ്ളാറ്റോ മുതലായ മുന്‍കാല ഗ്രീക്കു തത്ത്വശാസ്ത്രജ്ഞന്മാര്‍ മതത്തെ വ്യര്‍ഥമായി കരുതിയിരുന്നെന്നും ഈ തത്ത്വജ്ഞാനികള്‍ എല്ലാ കാലങ്ങളുടെയും സ്ഥാപകരായിരുന്നതു കൊണ്ട് ബുദ്ധിയിലും അറിവിലും അവര്‍ക്കു തുല്യരായി ആരുമില്ലെന്നും ഇവര്‍ മതങ്ങളെ നിരസിക്കുന്നത് മതം ഉപയോഗശൂന്യമാണെന്നതിനും അതിന്റെ നിബന്ധനകള്‍ വെറും പകിട്ടാണെന്നുള്ളതിനും തക്കതായ തെളിവാകുന്നു എന്നും കരുതുന്നു.''
അരിസ്റോട്ടില്‍, പ്ളാറ്റോ തുടങ്ങിയ ചിന്തകന്മാരുടെ ധിഷണാപാടവം മനുഷ്യ സഹജമല്ലെന്ന് വിശ്വസിച്ചിരുന്ന പണ്ഡിതന്മാര്‍ പോലും നിലവിലിരുന്ന സമയത്താണ് അദ്ദേഹം ഗ്രീക്കു തത്ത്വശാസ്ത്രത്തെ വെല്ലുവിളിച്ചത്. അല്ലാമാ ഇബ്നു റുഷ്ദ് ഇമാം ഗസാലിയുടെ തഹാഫതുല്‍ ഫലാസിഫക്ക് ഒരു ഖണ്ഡനമെഴുതിയിട്ടുണ്ട്.
ഫൈസലുത്തഫ്രിഖ ബൈനല്‍ ഇസ്ലാമി വസ്സന്‍ദഖ്
പില്‍ക്കാലത്ത് ഇമാം ഗസാലി കടുത്ത അശ്അരി വിമര്‍ശകനായിരുന്നു. തന്റെ ഗ്രന്ഥങ്ങളില്‍ അശ്അരി വിഭാഗത്തിന് അസ്വീകാര്യമായ ചില അഭിപ്രായങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവര്‍ അദ്ദേഹത്തെ വഴിപിഴച്ചവനും അവിശ്വാസിയുമായി മുദ്രകുത്തി. ഇതില്‍ ദുഃഖിതനായ തന്റെ പ്രിയപ്പെട്ട ഒരു ശിഷ്യന്‍ ഇമാമിന്ന് കത്തെഴുതി. സ്നേഹപൂര്‍ണമായ ഈ കത്തിന് ഇമാം ഗസാലി സുദീര്‍ഘമായ ഒരു മറുപടി എഴുതി. ആ കത്താണ് ഫൈസലുത്തഫ്രിഖ ബൈനല്‍ കുഫ്രി വസ്സന്‍ദഖ എന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നത്.
അദ്ദേഹം എഴുതുന്നു: "സ്നേഹമുള്ള സഹോദരാ, എന്റെ ചില ഗ്രന്ഥങ്ങളെക്കുറിച്ച് അസൂയാലുക്കള്‍ ആക്ഷേപം പറയുകയും ആ ഗ്രന്ഥങ്ങള്‍ ഇസ്ലാം മതത്തിലെ പൂര്‍വികന്മാര്‍ക്കും ഇല്‍മുല്‍ കലാം അഭ്യസിച്ച മഹാന്മാര്‍ക്കും എതിരാണെന്ന് കരുതുകയും ചെയ്യുന്നു. അശ്അരിയുടെ മദ്ഹബില്‍നിന്ന് ഒരു തലനാരിഴയെങ്കിലും വ്യതിചലിക്കുന്നത് കുഫ്റാണെന്ന് അവര്‍ വാദിക്കുന്നു. താങ്കള്‍ക്കുണ്ടായ വ്യസനത്തെയും വിഷമത്തെയും ഞാന്‍ മാനിക്കുന്നു. പ്രിയസുഹൃത്തേ! താങ്കള്‍ ക്ഷമകൈക്കൊള്ളുക. അവരുടെ വാദം അവഗണിക്കുക. റസൂല്‍(സ) തന്നെയും ആക്ഷേപത്തില്‍നിന്ന് മോചിതനായിട്ടില്ലെങ്കില്‍ പിന്നെ എന്റെ സ്ഥിതി പറയണോ?
അശ്അരികള്‍ക്കോ അല്ലെങ്കില്‍ മുഅ്തസലികള്‍ക്കോ അതുമല്ലെങ്കില്‍ ഹമ്പലി മദ്ഹബുകാര്‍ക്കോ മറ്റേതെങ്കിലും വിഭാഗത്തില്‍ പെട്ടവര്‍ക്കോ എതിരായ ഒരു അഭിപ്രായം സ്വീകരിക്കുന്നത് കുഫ്റ്(അവിശ്വാസം) ആണെന്ന് ഒരാള്‍ കരുതിയാല്‍ അയാള്‍ വിഡ്ഢിയാണ്. അവനെ നന്നാക്കാന്‍ ശ്രമിച്ച് വിലയേറിയ സമയം നഷ്ടപ്പെടുത്തരുത്. ഇമാം അശ്അരിക്കു വിരുദ്ധമായ അഭിപ്രായം സ്വീകരിക്കുന്നത് കുഫ്റ് ആണെന്ന് വിശ്വസിക്കുന്ന പക്ഷം ഇമാം ബാഖില്ലാനിയെ കാഫിറെന്ന് പറയേണ്ടി വരും. ബാഖില്ലാനിയോട് ഭിന്നത പുലര്‍ത്തുന്ന അശ്അരിയേക്കാള്‍, അശ്അരിയോട് ഭിന്നത പുലര്‍ത്തുന്ന ബാഖില്ലാനി കുഫ്ര്‍ ആരോപണത്തിന് എങ്ങനെ അര്‍ഹനായി? സത്യം ഒരാളോടൊപ്പം ഉണ്ടായിരിക്കുകയും മറ്റെയാള്‍ക്കൊപ്പം ഇല്ലാതിരിക്കുകയും ചെയ്തതെങ്ങനെ? മുമ്പ് ജനിച്ചുപോയതാണോ കാരണം? എങ്കില്‍ മുഅ്തസിലികളില്‍ പലരും അശ്അരിക്കു മുമ്പുള്ളവരാണ്. അപ്പോള്‍ സത്യം അവരോടൊപ്പമായിരിക്കണമല്ലേ? അതോ, ശ്രേഷ്ഠതയിലും വിജ്ഞാനത്തിലുമുള്ള വ്യത്യാസമാണോ കാരണം? എങ്കില്‍ ഏത് അളവുപാത്രമുപയോഗിച്ചാണ് വിജ്ഞാനവും ശ്രേഷ്ഠതയും അളന്നു തിട്ടപ്പെടുത്തിയത്.''
കാഴ്ചപ്പാടിലെ വ്യത്യാസങ്ങളെ ക്കുറിച്ച് ഇമാം ഗസാലി എഴുതുന്നു: "വിദൂരതയില്‍നിന്ന് ചൂട്ട് കത്തിച്ചു നടന്നു വരുന്ന ആളെ കണ്ട വ്യക്തി ഇങ്ങനെ രേഖപ്പെടുത്തും. ഒരു പ്രകാശഗോളം നേര്‍രേഖയില്‍ വരുന്നതായി ഞാന്‍ കണ്ടു. ചൂട്ട് ആഞ്ഞു വീശുന്ന രീതിയില്‍ അതേ വ്യക്തിയെ മറ്റൊരാള്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയായിരിക്കും. ഒരു പ്രകാശ ഗോളം മുകളില്‍നിന്ന് താഴേക്കും താഴെനിന്നു മുകളിലേക്കും സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു. ഇതേ വ്യക്തിയെ മൂന്നാമതൊരാള്‍ കാണുമ്പോള്‍ എതിര്‍ ദിശയിലേക്കു വീശുകയാണ്. എങ്കില്‍ അയാള്‍ പറയുക ഇങ്ങനെയാകുമല്ലോ: ഒരു പ്രകാശ ഗോളം ഇടത്തു നിന്ന് വലത്തോട്ടും വലത്തു നിന്ന് ഇടത്തോട്ടും സഞ്ചരിക്കുന്നതായി ഞാന്‍ കണ്ടു.'' മൂന്നു പേരും കണ്ടത് ഒരാളെ ആണെങ്കിലും അവരുടെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. ഇവിടെ ഒരാള്‍ മറ്റൊരാളെ നിഷേധിക്കുന്നതിലോ പരസ്പരം തര്‍ക്കിക്കുന്നതിലോ അര്‍ഥമില്ലെന്ന് ഇമാം വ്യക്തമാക്കുന്നു.

(ചരിത്ര ഗവേഷകനായ ലേഖകന്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്)

Comments

Other Post