Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ആനന്ദത്തിന്റെ രസതന്ത്രം

മുഹമ്മദ് ശമീം

കാര്യങ്ങളുടെ യാഥാര്‍ഥ്യം കണ്ടെത്താനുള്ള ഉല്‍ക്കടാഭിലാഷം ചെറുപ്പത്തിലേ തന്നിലങ്കുരിച്ചിരുന്നുവെന്ന് ഇമാം അബൂഹാമിദുല്‍ ഗസാലി, 'അല്‍ മുന്‍ഖിദു മിനദ്ദലാല്‍' എന്ന പുസ്തകത്തിലെഴുതി. തന്നില്‍ നിക്ഷിപ്തമായ നൈസര്‍ഗിക പ്രകൃതിയുടെ, ഈശ്വരേച്ഛയുടെ തേട്ടമായിരുന്നു അത്.
ഈ അഭിലാഷത്തിന്റെയും അന്വേഷണത്തിന്റെയും കഥയാണ് പ്രശസ്ത അമേരിക്കന്‍ ഡോക്യുമെന്ററി ചലച്ചിത്രകാരന്‍ ഒവിഡിയോ സലാസര്‍(Ovidio Salazar എന്ന Abdul Lathif Salazar)) തന്റെ Al Ghazali, The Alchemist of Happiness എന്ന സിനിമയിലൂടെ പറയുന്നത്. ഇമാം ഗസാലിയെ കണ്ടെത്തുന്നതിനായി സലാസര്‍ യാത്ര ചെയ്യുകയാണ്. അതേപ്പറ്റി അദ്ദേഹത്തിന്റെ തന്നെ ആത്മഗതം: "ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ഒരാള്‍ ജീവിച്ചിരുന്നു. മുസ്ലിമും അമുസ്ലിമുമായ, കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ വിഭാഗം ആളുകളിലും സ്വാധീനം ചെലുത്തിയ ഒരാള്‍. സ്വയം ചോദ്യം ചെയ്ത്, സ്വയം കണ്ടെത്തി, ലോകത്തിന്റെ നിഗൂഢതയെ അറിഞ്ഞ് സത്യാന്വേഷികള്‍ക്കയാള്‍ മാതൃകയും മാര്‍ഗദര്‍ശിയുമായി. അല്‍ ഗസാലിയായിരുന്നു അത്. അല്‍ഗസാലിയാണ് എന്റെയീ യാത്രയുടെ ലക്ഷ്യം. അതിന്റെ അകപ്പൊരുള്‍.'' സൈമന്‍ വാന്‍ഡര്‍ ബറുടെ തിരക്കഥക്ക് മഹ്മൂദ് കലാരി കാമറ ചലിപ്പിക്കുന്നു.
ഗസാലി സ്മൃതികളുറങ്ങുന്നിടങ്ങളെല്ലാം സലാസര്‍ സന്ദര്‍ശിച്ചു. ഗസാലി എന്ന ദര്‍ശനത്തെ ആഴത്തിലനുഭവിച്ച പലരെയും കണ്ടു. അവരുമായി ദീര്‍ഘനേരം സംസാരിച്ചു.
ചരിത്രത്തിന്റെ യാത്ര
സമാനമായി വികസിക്കുന്ന മൂന്നു പഥങ്ങളിലേക്ക് സലാസറിന്റെ ചിത്രം (Al Ghazali: The Alchemist of Happiness/doc/2004/80 min) നമ്മെ നയിക്കുന്നു. യാത്ര, ജീവിതം, ദര്‍ശനം എന്ന് നമുക്കാ പഥങ്ങളെ വിളിക്കാം. സത്യത്തില്‍ ഈ മൂന്നു ഭാഗങ്ങളും യാത്രകള്‍ തന്നെ. ഇമാം ഗസാലി എന്ന ചരിത്ര പുരുഷനിലേക്കുള്ള യാത്രയാണ് ഒന്നാമത്തേത്. അദ്ദേഹത്തെ അറിയുന്നതിനായുള്ള സലാസറുടെ സഞ്ചാരങ്ങളാണത്. ഉദാത്തമായൊരാധ്യാത്മകതയിലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ ചലനങ്ങളിലും ഭാവങ്ങളിലും പ്രകടമാണ്. രണ്ടാമത്തെ ഭാഗം ചരിത്ര പുരുഷന്റെ യാത്രയാണ്. ഇവിടെ ഗസാലിയുടെ ജീവിതത്തെത്തന്നെ ചിത്രീകരിക്കുന്നുണ്ട് ചലച്ചിത്രകാരന്‍. ആ കാലത്തെയും ദേശത്തെയും അതിസൂക്ഷ്മമായിത്തന്നെ ആവാഹിക്കുന്ന പരിസര സംവിധാനമൊരുക്കുന്നതില്‍ അദ്ഭുതകരമായ മികവു പുലര്‍ത്തുന്നു ചിത്രം. ലോകപ്രശസ്തരായ ഇറാനിയന്‍ ചലച്ചിത്ര താരങ്ങള്‍ ഗസാലിയുടെ ജീവിതമവതരിപ്പിക്കുന്നു. ഇമാം ഗസാലിയായി ഖൊര്‍ബാന്‍ നദ്ജാഫിയും ഇമാമിന്റെ പത്നിയായി മിത്ര ഹജ്ജറും വേഷമിടുന്നു. അബുല്‍ റെസാ കെര്‍മാനി(അഹ്മദ് ഗസാലി; ഇമാമിന്റെ അനുജന്‍) ദരിയുഷ് അര്‍ജുമന്ദ്(നിളാമുല്‍ മുല്‍ക് അത്ത്വൂസി) തുടങ്ങിയവരും ഇതിലഭിനയിക്കുന്നുണ്ട്.
ദര്‍ശനം എന്നത് ചരിത്രത്തിന്റെ യാത്രയാണ്. ഇമാമിനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും അധ്യാപനങ്ങളെയും കുറിച്ച ലഘുഭാഷണങ്ങളാണിതിലുള്ളത്. കേംബ്രിഡ്ജ് സര്‍വകലാശാല ഇസ്ലാമിക് സ്റഡീസ് ലക്ചറര്‍ തിമോതി ജോണ്‍ വിന്റര്‍(അബ്ദുല്‍ ഹകീം മുറാദ് എന്നും അറിയപ്പെടുന്ന ഇദ്ദേഹം, സിനിമയുടെ നിര്‍മാതാക്കളിലൊരാള്‍ കൂടിയാണ്), മസ്ഹദ് സര്‍വകലാശാലയില്‍ പാര്‍സി സാഹിത്യാധ്യാപകനായ മുഹമ്മദ് യഹാഗി, ലോകപ്രശസ്ത ചിന്തകനും ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ ഇസ്ലാമിക പഠനപ്രഫസറുമായ സയ്യിദ് ഹുസൈന്‍ നസ്വ്ര്‍, ബെര്‍ക്ലിയിലെ സെയ്തൂനാ കോളേജിലെ ശൈഖ് ഹംസ യൂസുഫ് എന്നിവര്‍ ഗസാലിയുടെ ദര്‍ശനത്തെപ്പറ്റി അവബോധം പകരുന്നു. സലാസറുടെ യാത്രയില്‍ അദ്ദേഹവുമായി സംവദിക്കുന്ന ഇസ്ഫഹാന്‍ സാങ്കേതിക സര്‍വകലാശാലയിലെ ഗണിത, തത്ത്വശാസ്ത്ര പ്രഫ. മഹ്മൂദ് ബിന, ഡോ. ഗുലാം റസാ അവാനി എന്നിവരും നമ്മെ ആ ചിന്തയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്.
ഈ മൂന്നു ഭാഗങ്ങളും പരസ്പരം തൊടാതെ, സമാന്തരമായി മുന്നോട്ടുപോവുകയല്ല ചെയ്യുന്നത്. ഇവ തമ്മില്‍ പലപ്പോഴും ഇടകലരുന്നു. കഥാപുരുഷനനുഭവിക്കുന്ന ധൈഷണിക സന്ത്രാസങ്ങള്‍ കഥാകാരനിലേക്കും പകരുന്നു. വടി പാമ്പാക്കിക്കാണിക്കുന്നുണ്ട് ചിത്രത്തിലൊരു മാന്ത്രികന്‍. ഈ മായക്കാഴ്ചകള്‍ വിസ്മയകരമാണ്, എന്നാലത് സത്യമല്ലെന്നെനിക്കറിയാം എന്ന, ഗസാലിയുടെ ദാര്‍ഢ്യം സംഭവത്തിന് സാക്ഷിയായിക്കൊണ്ട് അതേ ഫ്രെയിമില്‍ വരുന്ന ചലിച്ചിത്രകാരന്റെ മുഖത്തും നാം കാണുന്നു. മറ്റൊരു സീനില്‍ പരിവ്രാജകനായി, ഒരു കഴുതപ്പുറത്തേറി അന്വേഷണയാത്ര ചെയ്യുന്ന ഗസാലിയുടെ പാത. ആഖ്യാതാവിന്റെ മോട്ടോര്‍ വാഹനത്തിന്റെ പ്രയാണപഥവുമായി ഒത്തുചേരുന്നു. ട്രക്കിലിരുന്ന് കഥാകാരന്‍ അവധൂതന്റെ സഞ്ചാരത്തെ തിരിഞ്ഞുനോക്കിക്കൊണ്ടിരിക്കുന്നുമുണ്ട്.
പിതാവും ഗുരുവും
ഗസാലിയുടെ ജീവിതാന്ത്യത്തില്‍, 1111 ഡിസംബര്‍ 17ലെ ഖുറാസാനിലെ ത്വൂസില്‍ പ്രഭാതത്തിലാണ് ചിത്രം ആരംഭിക്കുന്നത് (ഡിസം 19നായിരുന്നു ഇമാമിന്റെ മരണം). മുഹമ്മദ് അല്‍ഗസാലിയും (അബൂഹാമിദ് മുഹമ്മദ്) അനിയന്‍ അഹ്മദ് അല്‍ ഗസാലിയും (അബുല്‍ ഫത്ഹ് അഹ്മദ്) ഉള്‍പ്പെടുന്ന ഒരു രംഗത്തില്‍നിന്ന് ഇമാമിന്റെ ആത്മഭാഷണത്തിന്റെ അകമ്പടിയോടെ ഫ്ളാഷ് ബാക്കിലേക്കു പോകുന്നു. അല്‍ മുന്‍ഖിദു മിനദ്ദലാല്‍ (ഭ്രഷ്ടമാര്‍ഗത്തില്‍നിന്ന് വിമുക്തി) എന്ന പുസ്തകമാണ് ചിത്രത്തിന്റെ മുഖ്യാധാരമെന്ന് മനസ്സിലാവുന്നു. അതില്‍നിന്നുള്ള തത്ത്വവിചാരങ്ങളായി, ഇമാമിന്റെ ആത്മഭാഷണങ്ങളാണ് നാം കേള്‍ക്കുന്നത്. (ഇംഗ്ളീഷില്‍ വോയ്സ് ഓവറായാണ് ഇതു വരുന്നത്. അതേസമയം, ഇമാമിന്റെ ജീവിത ചിത്രീകരണം പാര്‍സി ഭാഷയില്‍ത്തന്നെ നിര്‍വഹിച്ചിരിക്കുന്നു).
"ആത്യന്തിക യാഥാര്‍ഥ്യത്തെ അറിയാനായിരുന്നു എന്റെ ശ്രമം'' ഇമാമിന്റെ ആത്മഗതം.
"മനുഷ്യന്‍ ബാഹ്യേന്ദ്രിയങ്ങളിലൂടെയാണ് പ്രാഥമികമായി ജ്ഞാനമാര്‍ജിക്കുന്നത്.'' അദ്ദേഹം തുടരുന്നു: "നമ്മില്‍ സ്പഷ്ടമായ ഒന്നാമത്തെ സംവേദനോപാധി സ്പര്‍ശവുമായി ബന്ധപ്പെട്ടതാണ്. അങ്ങനെ നമുക്ക് ഉഷ്ണവും ശൈത്യവുമനുഭവപ്പെട്ടുതുടങ്ങി. സ്നിഗ്ധവും ശുഷ്കവും നാമറിഞ്ഞു. മിനുപ്പും പരുപ്പും വേര്‍തിരിച്ചു. എന്നാല്‍ സ്പര്‍ശമാത്ര സംവേദനത്തില്‍ വര്‍ണ ശബ്ദാദികള്‍ നമ്മുടെ അനുഭവത്തിനു പുറത്തുനില്‍ക്കുന്നു. ആകയാല്‍, അതിനെ ആത്യന്തിക യാഥാര്‍ഥ്യമായി പരിഗണിക്കാവതല്ല.
"തുടര്‍ന്ന് ദൃശ്യസംവേദിയായൊരു തലത്തിലേക്ക് നമ്മുടെ സ്വത്വം വികസിക്കുന്നു. ദര്‍ശനം നമ്മെ വര്‍ണങ്ങളുടെയും രൂപങ്ങളുടെയും ലോകത്തിലേക്ക് നയിക്കുന്നു. നമ്മുടെ അവബോധത്തെ ഏറ്റവും കൂടുതല്‍ വിശാലമാക്കുന്നത് കാഴ്ചയാണെന്നു പറയാം. എന്നാല്‍ ശ്രോത്രാവും കൂടി ഉള്‍ച്ചേര്‍ന്നപ്പോഴാണ് ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ നമുക്കു പറ്റിയത്.
"എന്നാല്‍, ഈ ഇന്ദ്രിയങ്ങള്‍ക്കെല്ലാമപ്പുറം ലോകത്തെ അറിയാനുള്ള കഴിവ് മനുഷ്യനില്‍ ഏതാണ്ടേഴു വയസ്സു മുതല്‍ വികസിച്ചുവരുന്നുണ്ട്.''
അഭൌതികമായ ഇന്ദ്രിയാനുഭവത്തെയാണ് ഗസാലി ഇവിടെ പരാമര്‍ശിക്കുന്നത്. അതില്‍ ലോകത്തിന്റെ തന്നെ അഭൌതിക തലവുമായി നമുക്കുണ്ടാക്കാവുന്ന സമ്പര്‍ക്കവും സൂചിതമാകുന്നു.
ഇമാമിന്റെ ആഖ്യാനം കേട്ടുകൊണ്ടിരിക്കെത്തന്നെ അദ്ദേഹത്തിന്റെ ബാല്യദൃശ്യങ്ങളാണ് നാം കാണുന്നത്. മരണശയ്യയില്‍ കിടക്കുന്ന പിതാവിന്റെ അരികില്‍ കുട്ടികളായ മുഹമ്മദും അഹ്മദും. തന്റെ സുഹൃത്തായ ദര്‍വീശിനെ മക്കളുടെ പഠനകാര്യങ്ങളേല്‍പിച്ച ശേഷം പിതാവ് ഇങ്ങനെ പറഞ്ഞു: "ഗുരു ആണ് പ്രധാനം. പിതാവ് ജീവന്റെ കാരണക്കാരന്‍ മാത്രം. ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ കൈ പിടിച്ചു നടത്താന്‍ ഗുരുവിനേ സാധിക്കൂ.''
പിതാവിന്റെ ഖബറിടത്തില്‍, മക്കളോട് ഗുരു പറഞ്ഞു; "അദ്ദേഹത്തിന്റെ നിദ്ര ശാന്തിപൂര്‍വകമാവട്ടെ. മരിക്കുന്നതിനു മുമ്പ് നിങ്ങളുടെ പിതാവ് നിങ്ങളെ എന്നില്‍ ഭരമേല്‍പിച്ചു, നിങ്ങള്‍ക്ക് അറിവിന്റെ വഴി തെളിച്ചു തരാന്‍. മക്കളേ വരിക, ഇത് മരണത്തിന്റെ സ്ഥലമാണ്. നമുക്ക് ജീവിതത്തിലേക്ക്, ജീവനിലേക്ക് പോകേണ്ടതുണ്ട്.''
ജന്മദേശമായ ഖുറാസാന്‍, മുഹമ്മദ് യഹാഗിയുടെ അഭിപ്രായത്തില്‍ ഇസ്ലാമിന്റെ ബുദ്ധിപരവും രൂപപരവുമായ സ്വഭാവങ്ങളെ അതിന്റെ ശരിയായ നിലയില്‍ പ്രതിനിധീകരിച്ചിരുന്ന ഒരു സ്ഥലമായിരുന്നു. ഇമാം പഠനത്തില്‍ തല്‍പരനും ശ്രദ്ധാലുവുമായിരിക്കെ, സഹോദരന്‍ അഹ്മദ് സൂഫിസത്തിലേക്കാകൃഷ്ടനായതായി ഹുസൈന്‍ നസ്വ്ര്‍ വിശദീകരിക്കുന്നു.
ജ്ഞാനത്തെപ്പറ്റി
അപ്രതീക്ഷിത സമയത്തും സ്രോതസ്സില്‍നിന്നും അവബോധം ലഭിച്ചേക്കാമെന്ന് ഗസാലി പറയുന്നുണ്ട്. അതിനുദാഹരണമായി ഒരു സംഭവവും സിനിമയില്‍ നാം കാണുന്നു. ജുര്‍ജാനില്‍ രണ്ടു വര്‍ഷത്തെ പഠനം കഴിഞ്ഞ് ഒരു യാത്രാസംഘത്തോടൊപ്പം തിരിച്ചുവരവെ ഒരു കൊള്ളസംഘത്തിന്റെ പിടിയിലായി. ഒളിപ്പിക്കാന്‍ ശ്രമിച്ച പഠനക്കുറിപ്പുകള്‍ കൊള്ളത്തലവന്‍ പിടിച്ചുവാങ്ങിയപ്പോള്‍ തന്റെ അധ്യയനവും പ്രവര്‍ത്തനവുമെല്ലാം പാഴിലായിപ്പോകുമെന്നും അത് തിരിച്ചുതരണമെന്നും ഗസാലി അപേക്ഷിച്ചു. ഈ കടലാസുകള്‍ നശിച്ചാല്‍ മാഞ്ഞുപോകുന്നതാണെങ്കില്‍പ്പിന്നെ നിന്റെ ജ്ഞാനത്തിനെന്തു നിലനില്‍പാണുള്ളതെന്ന് കൊള്ളത്തലവന്‍. ഇത് ഗസാലിയുടെ ബോധത്തില്‍ വലിയ ചലനമുണ്ടാക്കി. ആ കുറിപ്പുകള്‍ മുഴുവന്‍ മാസങ്ങള്‍ കൊണ്ടദ്ദേഹം ഹൃദിസ്ഥമാക്കി.
കുട്ടിയായ ഗസാലി ഒരു ജലാശയത്തിനടുത്തിരിക്കുന്ന ദൃശ്യം. അതേ പശ്ചാത്തലത്തില്‍, പെട്ടെന്ന് യുവാവായി വളരുന്നു. ഈ സന്ദര്‍ഭത്തില്‍ ജ്ഞാനത്തോടുള്ള ഉല്‍ക്കട ദാഹത്തെക്കുറിച്ച് ഇമാമിന്റെ ആത്മഗതം. ജ്ഞാനതൃഷ്ണയെ ആഴത്തില്‍ അനുഭവിപ്പിക്കുകയാണ് ചലച്ചിത്രകാരന്‍. അബദ്ധത്തിനോ ആശയക്കുഴപ്പത്തിനോ ഇടമില്ലാത്ത, പൂര്‍ണവും വ്യക്തവുമായ ജ്ഞാനത്തിന്റെ അഭാവത്തില്‍ മനസ്സില്‍ അബദ്ധങ്ങള്‍ കടന്നുകയറും. എന്നാല്‍ ശക്തവും സ്പഷ്ടവുമായ ഈ അവബോധത്തിലേക്ക് നമ്മെ നയിക്കുന്നതെന്താണ്?
ഒരു നിഴല്‍ ഘടികാരത്തിന്റെ നിഴലുമായി ബന്ധപ്പെട്ട കാഴ്ചാനുഭവങ്ങളെ സൂക്ഷ്മമായി വിവരിച്ചുകൊണ്ട് ഇന്ദ്രിയാനുഭവജ്ഞാനവും യാഥാര്‍ഥ്യവും തമ്മില്‍ ചിലപ്പോഴുണ്ടാകാവുന്ന വൈരുധ്യങ്ങളെ ഗസാലി ചൂണ്ടിക്കാണിക്കുന്നു. ഇത് സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നുമുണ്ട്. ചിലപ്പോള്‍ ഇന്ദ്രിയ ജ്ഞാനത്തെ യുക്തി നിരാകരിക്കുന്നു. എന്നാല്‍ ഗണിതശാസ്ത്രപരമായ യുക്തിബോധം സൂക്ഷ്മമായ ഒരാധാരമാണോ? വടി പാമ്പായിക്കാണിച്ചുകൊണ്ട് മാന്ത്രികന്‍ വിസ്മയം സൃഷ്ടിക്കുന്ന പോലെ താര്‍ക്കിക യുക്തിയാല്‍ മൂന്ന് പത്തിനേക്കാള്‍ വലുതാണെന്ന് ഒരാള്‍ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞേക്കും. താര്‍ക്കിക യുക്തികള്‍ എല്ലായ്പ്പോഴും സത്യത്തെ പ്രതിനിധീകരിക്കുന്നില്ല. യുക്തി ഇന്ദ്രിയാനുഭവങ്ങള്‍ക്കപ്പുറം നില്‍ക്കുകയും ചിലപ്പോള്‍ അനുഭവങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു. എന്നതിനാല്‍ത്തന്നെ യുക്തിക്കപ്പുറമുള്ള ഒരു തീര്‍പ്പ്, ഒരു സ്രോതസ്സ് ഉണ്ടാവാനും സാധ്യതയുണ്ടല്ലോ?
ഇവിടെയാണ് വെളിപാട് എന്ന ആശയം വികസിച്ചുവരുന്നത്. കേവല ഇന്ദ്രിയാനുഭവങ്ങളുടെ ആധാരത്തില്‍ യുക്തിയെ നിരാകരിക്കും പോലെ അയുക്തികമാണ് യുക്തിയുടെ തലത്തില്‍നിന്നു കൊണ്ട് വെളിപാടിനെ നിഷേധിക്കുന്നതും. ഇക്കാര്യം തന്റെ പുസ്തകത്തിലും (അല്‍ മുന്‍ഖിദു മിനദ്ദലാല്‍) ഇമാം ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. യുക്തിയും വിവേചനബുദ്ധിയും മനുഷ്യനെ ഇന്ദ്രിയാനുഭവങ്ങളുടേതു മാത്രമായ അറിവിന്റെ തലങ്ങളില്‍നിന്ന് ഉയര്‍ത്തുന്നതുപോലെ വെളിപാട് അവനെ അസ്തിത്വാനുഭവങ്ങളുടെ പുതിയ ദിശയിലേക്ക് നയിക്കുന്നു.
അവബോധവും പ്രകൃതിയും
എത്ര ക്ഷണത്തിലാണ് ക്രൈസ്തവന്റെ മക്കള്‍ ക്രൈസ്തവരും ജൂതന്റെ മക്കള്‍ ജൂതരും മുസ്ലിമിന്റെ മക്കള്‍ മുസ്ലിംകളുമാകുന്നത്! വിശ്വാസത്തെസ്സംബന്ധിക്കുന്ന തീര്‍പ്പുകള്‍ ഇത്ര അനായാസകരമാണോ എന്ന് ഇമാം അതിശയിക്കുന്നു. ഈയന്വേഷണം വികസിക്കുന്നതാകട്ടെ, മനുഷ്യപ്രകൃതി(ഫിത്വ്റ)യെക്കുറിച്ച പഠനങ്ങളിലേക്ക്. "സകലരും പിറന്നു വീഴുന്നത് ഫിത്വ്റയിലാണ്. മാതാപിതാക്കള്‍(പരിസരം) ഒരാളെ ക്രിസ്ത്യാനിയോ ജൂതനോ മജൂസിയോ ഒക്കെ ആക്കുന്നു'' (മുഹമ്മദ് നബി).
ഇതേപ്പറ്റിയാണ് മഹ്മൂദ് ബിന, സലാസറുമായി സംസാരിക്കുന്നത്. ഫിത്വ്റയുമായി ബന്ധപ്പെട്ട ദര്‍ശനങ്ങള്‍ അതിലദ്ദേഹം വിശകലനം ചെയ്യുന്നു. അതുപസംഹരിക്കുന്നതിങ്ങനെ: "ദൈവത്തെ സ്നേഹിക്കാനും ആരാധിക്കാനും വേണ്ടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. സ്നേഹത്തിന്റെയും ആരാധനയുടെയും ഏറ്റവും വലിയ രൂപം ദൈവത്തെ അറിയുകയെന്നതാണ്.'' ഗസാലിയുടെ നിലപാടില്‍ അവനവനെത്തന്നെ (നഫ്സിനെ, ഫിത്വ്റയെ) അറിയലാണ് ദൈവത്തെ അറിയല്‍.
അന്നത്തെ മതപാഠശാലകളുടെ അശാസ്ത്രീയതയും മതാന്തരങ്ങളുടെ അസഹിഷ്ണുതയും ഇമാമിനെ അസ്വസ്ഥനാക്കുന്നതായി സലാസര്‍ ചിത്രീകരിച്ചിട്ടുണ്ട്. അഭിപ്രായാന്തരങ്ങളുടെ പേരില്‍ ഒരാളെ അവിശ്വാസിയെന്നാരോപിച്ചാക്രമിക്കുന്നത് ഇമാം കാണുന്നു.
ഒരു വിഭാഗം പറയുന്നതിനെ, അത് പറയുന്നതവരാണെന്ന കാരണത്താല്‍ തള്ളിക്കളയാവതല്ലെന്നാണ് ഇമാമിന്റെ നിലപാട്. വിവേക ശൂന്യനായ മുസ്ലിം ഇസ്ലാമിന് അവിശ്വാസിയേക്കാള്‍ അപകടമുണ്ടാക്കുന്നു. ഒരു കാര്യത്തിന്റെ ശരിതെറ്റുകള്‍ തീരുമാനിക്കുന്നതിന് കാര്യമെന്താണെന്നതിനു പകരം അത് പറഞ്ഞതാരാണെന്നതിനെ ആധാരമാക്കുന്നവന്‍ വിവേകശൂന്യനാണ്. വിവേകശൂന്യമായ നിലപാടുകളാണ് മതത്തെ കേവല അനുധാവനമാക്കി മാറ്റിയത്. ഇതിനോടുള്ള ഇമാമിന്റെ എതിര്‍പ്പ് ആളുകളുടെ രോഷത്തിനിടയാക്കിയെങ്കിലും അന്നത്തെ സല്‍ജൂക് ഭരണാധികാരി സുല്‍ത്വാന്‍ മലിക് ഷായുടെ പ്രധാനമന്ത്രി നിളാമുല്‍ മുല്‍ക് അത്ത്വൂസി അദ്ദേഹത്തെ കണ്ടെത്തുകയും ആദരിക്കുകയും ചെയ്യുന്നു. നിളാം അദ്ദേഹത്തെ ബഗ്ദാദിലെ നിളാമിയാ കോളേജില്‍ ദൈവശാസ്ത്ര പഠനവിഭാഗം തലവനായി നിയമിച്ചു.
അന്വേഷണം
രണ്ടുതവണ ഇമാം ഗസാലി ധൈഷണികമായി കടുത്ത സന്ദിഗ്ധാവസ്ഥയില്‍ ചെന്നുപെടുന്നുണ്ട്. അതില്‍ ആദ്യഘട്ടത്തില്‍ നിളാമുല്‍ മുല്‍കിന്റെ രക്ഷാകര്‍തൃത്വവും അധ്യാപനവൃത്തിയും അദ്ദേഹത്തിന് സമാശ്വാസമായിത്തീരുന്നു. നിളാം കൊല്ലപ്പെടും വരെ അദ്ദേഹമവിടെ തുടര്‍ന്നു.
ഇമാമിന്റെ ഭാവങ്ങളുടെയും എഴുത്ത് തുടങ്ങിയ ചില പ്രവര്‍ത്തികളുടെയും സമീപ, അതിസമീപ ദൃശ്യങ്ങളിലൂടെ ചലച്ചിത്രകാരന്‍ അദ്ദേഹത്തിന്റെ അസ്വാസ്ഥ്യം നമ്മിലേക്കും പകരുന്നു. സ്വൂഫിയായ സഹോദരന്‍ അഹ്മദ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഇമാമിനെ കൂടുതല്‍ അസ്വസ്ഥനാക്കി. അധ്യാപനം ഒരധ്യാപകനില്‍ എന്തെങ്കിലും പരിവര്‍ത്തനമുണ്ടാക്കുന്നുണ്ടോ? അഹ്മദിന്റെ ചോദ്യമാണ്. ഇരുമ്പുരക്കുന്ന കല്ല് ഇരുമ്പിന് മൂര്‍ച്ച നല്‍കുന്നു. എന്നാല്‍ സ്വയം മൂര്‍ച്ച നേടുന്നുമില്ല.
ഗസാലി അസ്വാസ്ഥ്യത്തിന്റെ മൂര്‍ധന്യത്തിലെത്തി. അജ്ഞതയുടെയും മാര്‍ഗഭ്രംശത്തിന്റെയും ചരിത്രാവസ്ഥകളില്‍, തങ്ങളുടെ ബോധോദയ പ്രാപ്തിക്കു മുമ്പായി നബിയും സരതുഷ്ട്രയും ബുദ്ധനുമൊക്കെ അഭിമുഖീകരിച്ച ബൌദ്ധിക പ്രതിസന്ധികളോട് ഇതിനെ താരതമ്യം ചെയ്യാവുന്നതാണ്. ഈ ഘട്ടത്തില്‍ ഇമാമിന് സംസാരശേഷി നഷ്ടപ്പെടുന്നു.
ഈ സന്ത്രാസത്തെ അദ്ദേഹത്തിന്റെ അസ്വാഭാവികമായ പ്രവൃത്തികളിലൂടെ അറിയുന്നതോടൊപ്പം പശ്ചാത്തലത്തില്‍ ഒരു പേര്‍ഷ്യന്‍ മിസ്റിക് ഗാനവും നാം കേള്‍ക്കുന്നുണ്ട്. "If  it was possible to be without you, The whole world would turn inside-out, Oh friend, The garden of Eden would dry out, The garden of  Eden would dry out, It is not possible without you."
രോഗപീഡിതനായ ഇമാം, യഥാര്‍ഥത്തില്‍ ക്ഷീണം ബാധിച്ചിരിക്കുന്നത് ശരീരത്തിനല്ലെന്നും ധിഷണക്കാണെന്നും മനസ്സിലാക്കി, അതില്‍നിന്ന് മുക്തി നേടുന്നതിനായി യാത്രയാരംഭിക്കുന്നു. കുടുംബത്തോടും സഹോദരനോടും വിട പറഞ്ഞ്. രക്ഷയുടെ വഴിതേടി, ദൈവിക യാഥാര്‍ഥ്യത്തെ അറിയാന്‍, സ്വയം മനസ്സിലാക്കാന്‍ വേണ്ടിയുള്ള യാത്ര. പത്തുവര്‍ഷത്തിലധികം നീണ്ടുനിന്ന വിപ്രവാസവും.
ഒരു പള്ളിയുടെ അകത്തുനിന്ന് മിനാര വിടവിലൂടെ ആകാശത്തേക്ക് കാമറ തിരിച്ചുകൊണ്ടെടുത്ത ഒരു ദൃശ്യമുണ്ടിവിടെ. കുംഭഗോപുരത്തിന്റെ അകം, അതിന്റെ ആഴം. കഥാ പുരുഷനനുഭവിക്കുന്ന സന്ത്രാസത്തിന്റെ ആഴം ഈ ദൃശ്യത്തില്‍ സലാസര്‍ വരച്ചുവെച്ചിരിക്കുന്നു. "ഞാന്‍ എന്നെത്തന്നെ ശുദ്ധീകരിക്കാനാണ് ശ്രമിക്കുന്നത്.'' ഇമാമിന്റെ വാക്കുകള്‍. "എന്റെ സ്വഭാവത്തെ വിമലീകരിക്കാന്‍. ഈശ്വരനോടുള്ള ദൃഢാനുരാഗത്തില്‍ എന്റെ ഹൃദയത്തെ ഉറപ്പിച്ചു നിര്‍ത്താന്‍. അപാരതയെക്കുറിച്ച അന്വേഷണത്തില്‍നിന്ന് ഞാനഭ്യസിച്ച തത്ത്വങ്ങളുടെ നിര്‍വഹണത്തില്‍ നിലകൊള്ളാനും.''
അന്ന് നിലനിന്നിരുന്ന വ്യത്യസ്ത വിചാരധാരകളെ, ജ്ഞാനശാഖകളെ അദ്ദേഹം പഠിച്ചനുഷ്ഠിച്ചറിഞ്ഞു. വചനശാസ്ത്രം(ഇല്‍മുല്‍കലാം) എന്നു വിളിക്കപ്പെട്ടിരുന്ന സിദ്ധാന്തദൈവശാസ്ത്രം, തത്ത്വചിന്തകള്‍, ഗുരുപദേശ ചിന്താ പ്രസ്ഥാനം(തഅ്ലീമിയ), സ്വൂഫീ ചിന്തകള്‍ ഇങ്ങനെയെല്ലാം. തത്ത്വചിന്തകളില്‍ത്തന്നെ ഭൌതികവാദം, പ്രകൃതിവാദം, ആശയവാദം എന്നീ ശാഖകളെയും ഗണിതം, തര്‍ക്കം, ഭൌതികം, അഭൌതികം, രാഷ്ട്രതന്ത്രം, ധര്‍മമീമാംസ തുടങ്ങിയ മേഖലകളിലെല്ലാമുള്ള തത്ത്വചിന്താ പദ്ധതികളെയും ഇഴകീറി പരിശോധിച്ചു. അല്‍ മുന്‍ഖിദു മിനദ്ദലാലില്‍ ഇവയെല്ലാം വിശകലനം ചെയ്യപ്പെടുന്നുണ്ട്.
ദര്‍ശനങ്ങളിലൂടെയുള്ള ധൈഷണിക യാത്രകളുടെ നൈരന്തര്യത്തെ അനുഭവിപ്പിക്കുന്ന കുറെ ഷോട്ടുകളുണ്ട് സിനിമയില്‍. ഏറ്റവുമവസാനം ഇമാം സ്വൂഫീ പാതയിലേക്ക് പ്രവേശിക്കുന്നു. സ്വൂഫികളെ അദ്ദേഹം ഇങ്ങനെ വിലയിരുത്തുന്നു: "അവരുടെ ജീവിതത്തെക്കാള്‍ സുന്ദരമായിട്ടൊന്നുമില്ല. അവരുടെ മാര്‍ഗത്തേക്കാള്‍ ശരിയായതോ സ്വഭാവത്തേക്കാള്‍ ശുദ്ധമായതോ ആയ ഒന്നുമില്ല. ദൈവശാസ്ത്ര ചിന്തകരുടെ ധിഷണയും തത്ത്വചിന്തകന്മാരുടെ യുക്തിബോധവും മതപണ്ഡിതന്മാരുടെ ജ്ഞാനവും ഒത്തുചേര്‍ന്നതാണ് സ്വൂഫീ ആശയങ്ങളും ചര്യകളും.''
ഗുലാം റസാ അവാനി, സലാസറിനോട് പറയുന്നതും ഇതോട് ചേര്‍ത്തുവായിക്കാം: "സ്വൂഫിസം ദൈവസ്മരണയുടെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു. ഖുര്‍ആന്റെ പരമപ്രധാനമായ കല്‍പനയാണത്. Religion itself on the base on the rememberance of God എന്നാണ് സ്വൂഫിസം പഠിപ്പിക്കുന്നത്. ഈ സ്മരണ ഏതു സമയത്തും നിലനിര്‍ത്താനുള്ള പരിശീലനമാണത് നല്‍കുന്നത്.''
മുന്‍ഖിദില്‍ ഇത്രയും കൂടി കാണാം: "ഏറെ ഉന്നതനായൊരു സ്വൂഫി ആ നിലയിലെത്തുന്നത് കേവലമായ പഠനം വഴിയല്ല. ആത്മീയാനുഭവങ്ങളുടെ(ഹാല്‍) വിവിധ പടവുകള്‍ താണ്ടി, നിരന്തര സാധനകളിലൂടെ പ്രാപിക്കുന്നതാണാ പദം.''
വ്യത്യസ്ത മാര്‍ഗങ്ങള്‍
എന്നാല്‍, നിലവിലുള്ള ഒരന്വേഷണമാര്‍ഗത്തെയും ഇമാം ഗസാലി തള്ളിപ്പറയുന്നില്ല. അതിലേതെങ്കിലും മാര്‍ഗേണ ജ്ഞാനമോ സമാശ്വാസമോ സിദ്ധിച്ചവരെ ആക്ഷേപിക്കുന്നുമില്ല. "രോഗങ്ങള്‍ പോലെ വ്യത്യസ്തമാണ് അവക്കുള്ള പ്രതിവിധികളും. ഒരു രോഗിക്ക് ശമനവും എന്നാല്‍ മറ്റൊരു രോഗിക്ക് ദ്രോഹവും വരുത്തുന്ന എത്രയോ മരുന്നുകളുണ്ടല്ലോ.''
ഈ വിചാരം വളരെ പ്രധാനമാണ്. ഇസ്ലാമിക നവോത്ഥാന പ്രക്രിയക്ക് പൊതുവില്‍ത്തന്നെ ഇത് ബാധകവുമാണ്. കാലം ആവശ്യപ്പെടുന്ന ഓരോ തരത്തിലുള്ള ആവിഷ്കാരങ്ങളാണ് ഓരോ നവോത്ഥാന സംരംഭത്തിന്റെയും ആധാരം. പഴയകാലത്തെ തള്ളിപ്പറയുന്ന പരിഷ്കരണ ചിന്തകളും പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ ത്രാണിയില്ലാത്ത യാഥാസ്ഥിതിക നിലപാടുകളും ഒരുപോലെ അപകടങ്ങളാകുന്നു.
തിരിച്ച് ബഗ്ദാദിലെത്തി, കുടുംബവുമായി സംഗമിക്കുന്നു ഇമാം ഗസാലി. പിന്നീടദ്ദേഹം ഗ്രന്ഥരചനക്കും പ്രാര്‍ഥനകള്‍ക്കുമായി ഏറെ സമയം ചെലവഴിച്ചു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ മറ്റിടപെടലുകളെ സിനിമ പരാമര്‍ശിക്കുന്നേയില്ല. 1111 ഡിസംബര്‍ 19 തിങ്കളാഴ്ച ആ ധന്യജീവിതത്തിന്റെ അന്ത്യമുഹൂര്‍ത്തങ്ങളെക്കുറിച്ച ചിത്രീകരണത്തോടൊപ്പം സഹോദരന്‍ അഹ്മദ് ഗസാലിയുടെ സംഭവവിവരണത്തിന്റെ ശബ്ദരേഖയും: "എന്റെ സഹോദരന്‍ അബൂഹാമിദ് മുഹമ്മദ് ഉണര്‍ന്നു. പ്രഭാതത്തിലെ പ്രാര്‍ഥന നിര്‍വഹിച്ചു. ശേഷം മരണത്തിനുവേണ്ടി സ്വയം തയാറെടുക്കുകയായിരുന്നു. എന്നോടദ്ദേഹം തനിക്കുവേണ്ടി കരുതിയ കഫന്‍ പുടവ ചോദിച്ചു. ഞാനത് നല്‍കുകയും ചെയ്തു.''
വീണ്ടും സഹോദരന്‍ മുറിയിലേക്ക് കയറുന്നു ദൃശ്യം.
കഫന്‍ പുടവയില്‍ സ്വയം മൂടി, നിശ്ചേഷ്ടനായിക്കിടക്കുന്ന ഇമാം ഗസാലി. തുറന്നു കിടന്നിരുന്ന മുഖം മൂടിയ ശേഷം അഹ്മദ് ഇമാമിന്റെ ഗ്രന്ഥങ്ങളുടെ കെട്ട് അഴിക്കുന്നു. ഇതാണ് ചിത്രത്തിന്റെ അന്തിമദൃശ്യം. പ്രവാചകനു ശേഷം ഇസ്ലാമിക ചിന്തയെ ഉല്‍ബുദ്ധമാക്കിയ ഇമാം അബൂഹാമിദ് മുഹമ്മദ്ബ്നു അഹ്മദുല്‍ ഗസാലി ആ പുസ്തകത്താളുകളിലൂടെ ജീവിക്കുന്നുവെന്ന പ്രഖ്യാപനം.

(മീഡിയ വണ്‍ ചാനലില്‍ പ്രോഗ്രാം പ്രൊഡ്യൂസറാണ് ലേഖകന്‍)
mail.metaphor@gmail.com

Comments

Other Post