Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി ഗസാലിയുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍

ശിഹാബുദ്ദീന്‍ ആരാമ്പ്രം

വിശ്വാസത്തെ തത്ത്വചിന്തയുടെയും ദര്‍ശനങ്ങളുടെയും പരിസരത്തു നിന്ന് വിശകലനം ചെയ്യുകയായിരുന്നു ഇമാം ഗസാലി. അതിന്റെ ഭാഗമായാണ് ഭാവനയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മ വിശകലനങ്ങള്‍. ഗ്രീക്ക് തത്ത്വചിന്ത സാഹിത്യത്തെയും ഭാവനയെയും പ്രത്യയശാസ്ത്രപരമായ തലങ്ങളിലേക്ക് വികസിപ്പിക്കുന്നത് അദ്ദേഹം കണ്ടു. ആ പശ്ചാത്തലത്തിലാണ് വിശ്വാസത്തിന് ഊര്‍ജം പകരുന്ന ഭാവനയെപ്പറ്റിയുള്ള അന്വേഷണം ഗസാലി ആരംഭിച്ചത്. പ്രമേയ സ്വീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശകലനങ്ങള്‍. ഇഹ്യാ ഉലൂമിദ്ദീന്‍, കീമിയാഉസ്സആദഃ തുടങ്ങിയ കൃതികളിലൂടെ വിശ്വാസത്തിലും ജീവിതത്തിലും മാത്രമല്ല; ഭാവനയിലും പരിവര്‍ത്തനം വരുത്താന്‍ കവികളോടും കലാകാരന്മാരോടും അദ്ദേഹം ആഹ്വാനം നല്‍കി.
സംഗീത ശ്രവണത്തെപ്പറ്റിയുള്ള ചര്‍ച്ചയിലൂടെയാണ് സൌന്ദര്യശാസ്ത്ര വിശകലനത്തിലേക്ക് ഗസാലി പ്രവേശിക്കുന്നത്. സംഗീത ശ്രവണത്തെപ്പറ്റി വിശദീകരിക്കാന്‍ അദ്ദേഹം പ്രയോഗിച്ചത് 'സമാഅ്' എന്ന അറബിപ്പദമാണ്. സൂഫീ വീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് സംഗീത ശ്രവണത്തെപ്പറ്റിയുള്ള ഗസാലിയുടെ വിശകലനങ്ങളും. സൂഫീ സദസ്സുകളിലെ സംഗീതാലാപനം വഴിമാറുന്നത് കണ്ടപ്പോഴാണ് ഭാവനയുടെ ആത്മാവിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ മുസ്ലിം ലോകത്ത് വീണ്ടും സജീവമായത്. 'ശ്രവണ സദസ്സുകളി'ലെ ഗാനങ്ങളെയും ആലാപന രീതികളെയും വിശ്വാസത്തിന്റെ ചൈതന്യവുമായി അടുപ്പിച്ച് നിര്‍ത്താന്‍ അത്തരം വിശകലനങ്ങള്‍ പിന്നീട് നിമിത്തമായി. ഭാവരചനകളുടെ പ്രമേയസ്വീകരണത്തെ അപഗ്രഥിച്ചു കൊണ്ടാണ് ഭാവനയുടെ സൌന്ദര്യത്തെപ്പറ്റിയുള്ള വിശകലനങ്ങള്‍ അദ്ദേഹം നടത്തിയത്. ഗസാലിയുടെ കാലം വരെയുള്ള രചനകളെയാണ് ആ വിശകലനത്തിന് അവലംബിച്ചത്. അവയെ ഏഴ് വിഭാഗമായി വര്‍ഗീകരിച്ച ശേഷമാണ് ഭാവനയുടെ സാധ്യതകളെപ്പറ്റി ഉണര്‍ത്തല്‍.
ഓരോ വര്‍ഷവും വിശ്വാസികള്‍ മക്കയിലേക്ക് നടത്തുന്ന തീര്‍ഥാടനം(ഹജ്ജ്) പ്രമേയമായി വരുന്ന രചനകളെപ്പറ്റിയാണ് ആദ്യം പരാമര്‍ശിക്കുന്നത്. വിശ്വാസിയുടെ വിചാരവികാരങ്ങള്‍ ഇഴചേര്‍ത്തുണ്ടാക്കിയ അനുഭൂതിയായാണ് ഹജ്ജിനെ കവികളെല്ലാം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കഅ്ബ, സംസം, സ്വഫാ-മര്‍വാ, മഖാമുഇബ്റാഹീം, അറഫ, മിന തുടങ്ങിയ നിരവധി ചിഹ്നങ്ങള്‍ അതിലുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറം ഉണ്ടായ ത്യാഗത്തിന്റെയും വിജയത്തിന്റെയും അനുഭവങ്ങളും അഭിലാഷങ്ങളും ഹജ്ജ് തീര്‍ഥാടനത്തിന് എത്തുന്ന വിശ്വാസിയുടെ ഭാവനയെ ഇളക്കി മറിക്കുന്നു. കവിതയായും ഗാനമായും സല്‍ക്കഥയായും അവയെ സമൂഹത്തിന് കൈമാറുകയാണ് ഹജ്ജ് പ്രമേയമായിരുന്ന രചനകള്‍. ഹജ്ജ് മാസം സമാഗതമാവുന്നതിന് മുമ്പുതന്നെ നാനാ പ്രദേശങ്ങളിലും, ഗാനങ്ങളും വാദ്യമേളകളുമായി ഹജ്ജിന്റെ ആരവങ്ങള്‍ ഉയരുക പതിവാണ്. അവ ജനങ്ങളില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ താല്‍പര്യം ഉണര്‍ത്തും. ഹജ്ജ് യാത്രയില്‍ വഴിമധ്യേ തീര്‍ഥാടകര്‍ ഗാനങ്ങള്‍ ആലപിക്കും. കഅ്ബയുടെയും പരിസരത്തിന്റെയും വര്‍ണനകളും പ്രശംസകളുമാണ് അവയില്‍ അധികവും. അനറബികളായ ദൂരദേശക്കാരുടെ യാത്രാ സംഘങ്ങളില്‍ ഹജ്ജ് കീര്‍ത്തന കാവ്യം പതിവായിരുന്നു. ഇമാം ഗസാലി സൂചിപ്പിക്കുന്നതുപോലെ വിശ്വാസികളുടെ ഹൃദയത്തെ കുളിരണിയിക്കുന്ന ഓര്‍മകളാണ് ഹജ്ജ് പകരുക. ലോകത്തെ ഏതാണ്ട് എല്ലാ ഭാഷകളിലും ഹജ്ജിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന രചനകള്‍ വന്നിട്ടുണ്ട്. അത്തരത്തിലുള്ളവ നമ്മുടെ ഭാഷയിലും കാണാം.
"ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്കാ മനസ്സില്‍ നില്‍പ്പൂ.
ലക്ഷങ്ങളെത്തി നമിക്കും മദീനാ
അക്ഷയ ജ്യോതിസ്സിന്‍ പുണ്യഗേഹം.''
എന്ന് തുടങ്ങുന്ന കെ.എച്ച് ഖാന്‍ സാഹിബിന്റെ ഗാനം സൃഷ്ടിക്കുന്ന ഭാവലോകം വിവരണാതീതമാണ്. 'ഖുര്‍ആന്റെ കുളിരിടും വാക്യങ്ങള്‍ എന്നുടെ കരളിലെ കറകള്‍ കഴുകിടുന്നു.' 'സ്വഫാ മര്‍വാ മലയുടെ ചോട്ടില്‍ സാഫല്യം നേടി; തേടിയോരെല്ലാം' തുടങ്ങിയ വരികള്‍ കാതങ്ങള്‍ക്കപ്പുറത്തുള്ള ഹജ്ജിന്റെ സ്ഥലരാശിയെ നമ്മുടെ ഹൃദയത്തോട് ചേര്‍ത്തുവെക്കുകയാണ്. മാപ്പിളപ്പാട്ടുകളിലും ഹജ്ജ് പ്രമേയമായി വരുന്ന രചനകള്‍ കാണാം. വി.എം കുട്ടിയുടെ 'ഹജ്ജിന്റെ രാവില്‍' എന്ന് തുടങ്ങുന്ന ഗാനം ഉദാഹരണം.
വിമോചനത്തെയും സ്വാതന്ത്യ്രസമരത്തെയും പ്രമേയമാക്കിയ രചനകളെയാണ് ഗസാലി രണ്ടാമതായി എണ്ണിയത്. സമൂഹത്തെ ഉണര്‍ത്താനും അധര്‍മത്തിനെതിരെ ബോധവത്കരിക്കാനും ഭാവന കരുത്തുറ്റ മാധ്യമമാണ്. അധിനിവേശ വിരുദ്ധ മനോഭാവം സൃഷ്ടിക്കാനും ദീനരായ സമൂഹത്തെ സംഘടിപ്പിക്കാനും സമരപ്രേരകങ്ങളായ രചനകള്‍ക്കേ കഴിയുകയുള്ളൂ. ഹജ്ജ് പ്രമേയമായി വരുന്ന രചനകളില്‍നിന്ന് വ്യത്യസ്തമായിരിക്കും അവയെന്ന് ഗസാലി വ്യക്തമാക്കിയിട്ടുണ്ട്. സമരഗാനങ്ങളെ സൂഫീ സാഹിത്യത്തിന്റെ ഘടകമായി എണ്ണിയതിലൂടെ, പള്ളിയിലും മറ്റിടങ്ങളിലും ആത്മവിശുദ്ധിക്ക് വേണ്ടി ധ്യാനിക്കുന്നത് പോലെ നീതിക്കും വിമോചനത്തിനും വേണ്ടിയുള്ള സമരമാര്‍ഗവും അതിന്റെ ഭാഗമായി ഗസാലി പരിഗണിച്ചിരിക്കുകയാണ്. ലോകത്തെ വിവിധ ഭാഷകളില്‍ അത്തരം നിരവധി രചനകളുണ്ട്. മാപ്പിളപ്പാട്ട് സാഹിത്യത്തിലെ പടപ്പാട്ടുകള്‍ മാത്രമല്ല; ഖാദീ മുഹമ്മദിന്റെ 'ഫത്ഹുല്‍ മുബീന്‍' ചരിത്ര കാവ്യവും എം. ഗോവിന്ദന്റെ 'കുഞ്ഞാലി മരക്കാരും' പി. കുഞ്ഞിരാമന്‍നായരുടെ 'വീരമുസല്‍മാനു'മെല്ലാം നീതിക്കുവേണ്ടിയും നിലനില്‍പ്പിന് വേണ്ടിയുമുള്ള ചെറുത്തുനില്‍പിന്റെ വീരേതിഹാസങ്ങളാണ്.
സമരത്തിന് പ്രേരിപ്പിക്കുന്ന സാഹിത്യത്തെപ്പോലെ മുഖാമുഖം പോരടിക്കുന്ന രണാങ്കണ വര്‍ണനകളെയാണ് മൂന്നാമതായി അദ്ദേഹം എണ്ണിയത്. സ്വന്തത്തിനും സഹയോദ്ധാക്കള്‍ക്കും ആവേശം പകരുകയാണ് അത്തരം രചനകളുടെ ദൌത്യം. ആകര്‍ഷകമായ പദപ്രയോഗങ്ങളിലൂടെ അവ ആവിഷ്കരിക്കപ്പെടുമ്പോള്‍ മനസ്സ് ഉത്തേജിതമാവും. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടില്‍ അത്തരം ഒരു രംഗം കാണാം. ബദര്‍ യുദ്ധ പശ്ചാത്തലത്തില്‍ നബിയും സ്വഹാബിമാരും സജ്ജമാക്കിയ ജല സംഭരണിയില്‍നിന്ന് ശത്രുപക്ഷത്തെ ശൂരപരാക്രമി അസ്വദ് ഇബ്നു അബ്ദുല്‍ ഉസ്സ വെള്ളം എടുക്കാന്‍ വന്നു. അപ്പോള്‍ നബി(സ)യുടെ പിതൃവ്യനും സേനാംഗവുമായ ഹസ്റത് ഹംസ അയാളെ പ്രതിരോധിക്കുന്നതാണ് രംഗം:
ആനെ പോദ് അസദുല്‍ ഇലാഹ്
അരിഹംസ ചാടി അടുത്തുടന്‍
എന്ന് തുടങ്ങുന്ന 44-ാം ഇശലില്‍നിന്ന് 49-ാം ഇശലില്‍ എത്തുമ്പോള്‍ നേര്‍ക്കു നേരെയുള്ള ആയുധ പ്രയോഗങ്ങളുടെ വിവരണം കാണാം:
ഇരുപുറം തഹയ്യറിനാല്‍ നിലക്കവെ
ഇകല്‍ ഹംസ ശൈബത്തുമായ് തിരക്കവെ
ഉരം ഇറയ് ഹരിഹംസ താന്‍ അടുക്കവെ
ഈറമുറ്റി കൂടെ ശൈബത്ത് യേകകുത്ത് താന്‍ ഒശിത്ത്
തേറി ഹംസ പാടെ കട്കത്താല്‍ അടിത്തിട്ടോന്‍ തടുത്ത്
തടവൊടു നീട്ടും അടവൊടു ചാട്ടും
തടമിടെ അടല്‍ കൊടു തുടര്‍ബിന കടുകട''
തുടങ്ങിയ വരികളിലൂടെ യുദ്ധത്തിന്റെ ആരവങ്ങള്‍ രണാങ്കണത്തില്‍ നിന്നുള്ള ദൃക്സാക്ഷി വിവരണം കണക്കിന് നല്‍കുകയാണ് കവി.
നാലാമതായി ഗസാലി എടുത്തുപറയുന്ന സാഹിത്യ ശാഖയാണ് വിലാപ കാവ്യങ്ങള്‍. അവയെ രണ്ടായി തിരിച്ചിരിക്കുന്നു. ഒന്ന്, അല്ലാഹുവിന്റെ നിശ്ചയത്തെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഒരാളുടെ വിയോഗത്തില്‍ വിലപിക്കല്‍. അത്തരം ശോക പ്രകടനങ്ങള്‍ അല്ലാഹു വിലക്കിയതിനാല്‍ ആ ഗണത്തില്‍പ്പെടുന്ന രചനകള്‍ പരിഗണനീയമല്ലെന്നാണ് ഗസാലിയുടെ വീക്ഷണം. രണ്ട്, ആത്മസംസ്കരണത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടിയുള്ള വിലാപങ്ങളെ സ്വീകാര്യമായവയായി ഗണിച്ചിരിക്കുന്നു. ജീവിതത്തിലെ വീഴ്ചകള്‍, തെറ്റുകളില്‍നിന്ന് മുക്തമാവാനുള്ള ദാഹം എന്നിവയെ പ്രമേയമാക്കുന്ന വിലാപ കാവ്യങ്ങളിലാണ് വിമോചനത്തിന്റെ വേരുകള്‍ ആണ്ടിറങ്ങിയിട്ടുള്ളത്. വിഖ്യാത ഉര്‍ദു കവികളായ അല്‍ത്താഫ് ഹുസൈന്റെ ഹാലിയുടെ 'മുഖദ്ദസും' അല്ലാമാ ഇഖ്ബാലിന്റെ 'ശിക്വ ജവാബെ ശിക്വ'യും അത്തരം വിലാപ കാവ്യങ്ങളില്‍പ്പെടുന്നു. സമൂഹത്തിന്റെ ശോചനീയാവസ്ഥയില്‍ വിപരീതോക്തികള്‍ വഴി വിലപിക്കുകയാണ് ഹാലി:
'മറ്റുള്ളവര്‍ വിഗ്രഹപൂജ നടത്തിയാല്‍ കാഫിര്‍, ദൈവത്തിന് പുത്രന്മാരെ സങ്കല്‍പിച്ചാല്‍ കാഫിര്‍, അഗ്നിക്കു മുമ്പില്‍ പ്രണമിച്ചാല്‍ കാഫിര്‍, നക്ഷത്രങ്ങളില്‍ ദിവ്യശക്തി ദര്‍ശിച്ചാല്‍ കാഫിര്‍,
എന്നാല്‍- വിശ്വാസികളുടേത് വിശാലം.
നിനക്കിഷ്ടമുള്ളവരെ ആരാധിക്കാം.
നബിയെ ദൈവമായി കാണിക്കാം.
നബിയെക്കാള്‍ ഇമാമുകളെ ഉയര്‍ത്താം.
മഖ്ബറകളില്‍ വഴിപാടുകളര്‍പ്പിക്കാം.
ശുഹദാക്കളോട് പ്രാര്‍ഥിക്കാം.
തകരില്ല തൌഹീദ്!
നശിക്കില്ലിസ്ലാം!
പിഴക്കില്ല ഈമാന്‍!'

അല്ലാമാ ഇഖ്ബാലിന്റെ ശിക്വ ജവാബെ ശിക്വയിലും സമൂഹത്തിന്റെ ശോചനീയാവസ്ഥയില്‍ നോവുന്ന വരികളുണ്ട്.
"വാക്ചാതുരി മൂലമാറിത്തണുത്തു
വാരുറ്റൊരാത്മീയ ചൈതന്യസത്ത്
ഇങ്ങുണ്ടു ബാങ്കിന്‍ ചിറകറ്റ ഘോഷം
ഇല്ലാ ബിലാലിന്റെ യാത്മാവു ശേഷം''
(വിവ: ടി. ഉബൈദ്)
വിലാപകാവ്യങ്ങളെ മാത്രമല്ല ആനന്ദവും ആഹ്ളാദവും പകരുന്ന രചനകളെയും വിശ്വാസത്തിന്റെ ചൈതന്യ പ്രസരണ ശ്രേണിയില്‍ ഗസാലി ഉള്‍പ്പെടുത്തി. പെരുന്നാള്‍ സുദിനങ്ങള്‍, വിവാഹ വേളകള്‍, ജനനത്തോട് അനുബന്ധിച്ചുള്ള ആഘോഷം (അഖീഖ), ഖുര്‍ആന്‍ മനഃപാഠം പൂര്‍ത്തീകരിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ആലപിക്കുന്ന ഗാനങ്ങളെയും കവിതകളെയുമാണ് ആഹ്ളാദവും ആനന്ദവും പകരുന്ന രചനകളായി അദ്ദേഹം പരിഗണിച്ചത്. നബി(സ) മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയില്‍ എത്തിയ സന്ദര്‍ഭത്തില്‍ മദീനാ നിവാസികള്‍ വാദ്യമേളങ്ങളോടെ സ്വാഗതഗാനം പാടി അദ്ദേഹത്തെ സ്വീകരിച്ചത് ഗസാലി ഓര്‍മപ്പെടുത്തുന്നു. എന്നാല്‍, ആഹ്ളാദവേളയില്‍ പോലും സഭ്യതയുടെ കാവലാളാവാന്‍ അദ്ദേഹം ആവര്‍ത്തിച്ച് ഉണര്‍ത്തുന്നു.
മാപ്പിളപ്പാട്ട് സാഹിത്യത്തിലെ മികച്ച ഒപ്പനപ്പാട്ടുകളും കല്യാണപ്പാട്ടുകളും ഗസാലിയുടെ നിരീക്ഷണത്തിനുള്ള ഉദാഹരണങ്ങളാണെന്ന് പറയാം. അവ കൂടാതെ വിശ്വാസികളെ ആഹ്ളാദിപ്പിക്കുന്ന ഒട്ടേറെ കാവ്യങ്ങള്‍ വേറെയും കാണാം. ടി. ഉബൈദിന്റെ 'റംസാന്‍ പെരുമാള്‍' റമദാന്‍ ആഗതമാവുമ്പോള്‍ വിശ്വാസികളുടെ ഹൃദയത്തിലുണ്ടാവുന്ന ആനന്ദാനുഭൂതികളാണ് ആവിഷ്കരിക്കുന്നത്.
പുഞ്ചിരി തൂകിനാന്‍ കൊച്ചു തിങ്കള്‍
നെഞ്ചു കുളിര്‍ത്തു ജഗത്തിനൊപ്പം
ദൈവ ഗേഹങ്ങളണിഞ്ഞൊരുങ്ങി
ശ്രീവായ്ക്കും റംസാനെ സ്വീകരിപ്പാന്‍.''
പ്രേമത്തെയും അനുരാഗത്തെയും പ്രകാശിപ്പിക്കുന്ന രചനകളെയാണ് ആറാമതായി ഗസാലി അപഗ്രഥിക്കുന്നത്. എന്നാല്‍, വഴിവിട്ട പ്രേമപ്രകടനങ്ങളെ അദ്ദേഹം അംഗീകരിക്കുന്നില്ല. മാപ്പിളപ്പാട്ട് സാഹിത്യത്തിലെ ഒട്ടേറെ കത്തുപാട്ടുകള്‍, കെസ്സുപാട്ടുകള്‍ എന്നിവ ഈ ഗണത്തില്‍പ്പെട്ടവയാണ്. ദമ്പതിമാരുടെ വിരഹവേദനയില്‍ മനം നൊന്ത് ആലപിക്കപ്പെടുന്ന അത്തരം രചനകളില്‍ അനുരാഗത്തിനുള്ളിലെ വിശ്വാസത്തെയും വിശ്വാസത്തിലെ അനുരാഗത്തെയും ചേതോഹരമായി ആവിഷ്കരിച്ചത് കാണാം.
1921-ലെ മലബാര്‍ സമരത്തെ തുടര്‍ന്ന് തടവുകാരനായി പിടിക്കപ്പെട്ട ഒരു ചെറുപ്പക്കാരന്‍ ബെല്ലാരി ജയിലില്‍ വെച്ച് തന്റെ ഭാര്യയെപ്പറ്റി അപവാദങ്ങള്‍ കേള്‍ക്കാനിടയായി. ഭാര്യാമാതാവിനെഴുതിയ ഒരു കത്തില്‍ അത് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു. ആ കത്ത് കണ്ട് മനസ്സുരുകി എഴുതിയതാണ് 'മറിയക്കുട്ടിയുടെ കത്ത്.' - പുലിക്കോട്ടില്‍ ഹൈദറിന്റേതാണ് രചന. തന്റെ മേല്‍ നാട്ടുകാര്‍ ആരോപിക്കുന്ന അപവാദങ്ങള്‍ തുറന്ന് കാണിച്ച് നിരപരാധിത്വം ബോധിപ്പിക്കുകയാണ്.
അല്ലാഹുവിനോടുള്ള ഭക്തിയും പ്രേമവും ആവിഷ്കരിക്കുന്ന കവിതകളെപ്പറ്റിയാണ് ഗസാലി അവസാനം പ്രതിപാദിക്കുന്നത്. അത്തരം രചനകള്‍ അല്ലാഹുവിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. അഗ്നി ഇരുമ്പില്‍നിന്ന് തുരുമ്പിനെ അകറ്റുന്നതിനോടാണ് സാഹിത്യം വിശ്വാസത്തെ സ്വാധീനിക്കുന്നതിനെ ഗസാലി ഉപമിച്ചത്. ഇരുമ്പില്‍ അഗ്നിവരുത്തുന്ന അതേ പ്രവര്‍ത്തനം തന്നെയാണ് ഹൃദയത്തില്‍ സാഹിത്യം വരുത്തുന്നതെന്നാണ് ഗസാലിയുടെ നിരീക്ഷണം. അതിലൂടെ മനുഷ്യന്‍ അല്ലാഹുവിനോട് അടുക്കുന്നു. അല്ലാഹുവുമായി അടുക്കാനുള്ള മനുഷ്യന്റെ അഭിനിവേശത്തെ കമലാ സുറയ്യയുടെ 'യാ അല്ലാഹ്' എന്ന കവിതാ സമാഹാരം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അല്ലാഹുവിനെ പ്രേമഭാജനമായി കണ്ട് അവര്‍ ആലപിച്ച വരികളില്‍ കേരളീയതയുടെ ചാരുദൃശ്യങ്ങള്‍ക്കൊപ്പമാണ് ദൈവിക സന്നിധി പൂകാനുള്ള അഭിലാഷം ആവിഷ്കൃതമാകുന്നത്. കവിത്വത്തെയും വിശ്വാസത്തെയും അഗാധമാക്കുന്ന ചിത്രങ്ങളാണ് ആ വരികളില്‍:
"തമ്പുരാനേ,
നീയാണെന്റെ കുടുംബം
നീയാണെന്റെ ബന്ധു
ഇന്നെന്റെ നാലുകെട്ടില്‍
ഒഴിഞ്ഞ നെല്ലറകളില്ല.
വിളക്കുകത്താത്ത മച്ചുകളില്ല.
നീ പ്രവേശിക്കാത്ത കവാടങ്ങളില്ല.
നീ ശയിക്കാത്ത സപ്രമഞ്ചങ്ങളില്ല
നീ വിഹരിക്കാത്ത ഉദ്യാനങ്ങളില്ല
നീ നീന്താത്ത ജലാശയങ്ങളില്ല
ഒടുവിലത്തെ തറവാട്
നിന്റേതാണ് തമ്പുരാനേ
നീര്‍മാതളപ്പൂവിന്റെ
സുഗന്ധമെന്ന പോലെ
എന്നെ നീ തഴുകുന്നു.''
സൌന്ദര്യശാസ്ത്രത്തിന് വിശ്വാസത്തിന്റെ മാനം പ്രദാനം ചെയ്ത ചിന്തകനും പരിഷ്കര്‍ത്താവുമാണ് ഇമാം ഗസാലി. തന്റെ കാലം വരെയുള്ള ആഖ്യാനരീതികളെ മുന്‍നിര്‍ത്തി വിശ്വാസത്തിന് ഊര്‍ജം പകരുന്ന സൌന്ദര്യസങ്കല്‍പങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. മനസ്സിനെ സംസ്കരിക്കാനുള്ള കൃതികള്‍ അറബി- പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച് സാഹിത്യലോകത്ത് പുതിയ വിപ്ളവത്തിന് നാന്ദി കുറിച്ചു. വീരഗാഥകളിലും സ്തുതി കീര്‍ത്തനങ്ങളിലും ഒതുങ്ങിനിന്ന പേര്‍ഷ്യന്‍ ഭാവനക്ക് ആ രചനകള്‍ പുതുരക്തം നല്‍കി. ഗസാലിയുടെ ചിന്തകള്‍ സ്വാധീനിക്കപ്പെടുന്നത് വരെയും പേര്‍ഷ്യന്‍ സാഹിത്യം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നില്ലെന്ന് ശിബ്ലി നുഅ്മാനി രേഖപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസത്തെ ഉത്തേജിപ്പിക്കുന്ന സൌന്ദര്യശാസ്ത്ര സങ്കല്‍പങ്ങളെ വ്യാഖ്യാനിക്കാന്‍ ഗാനങ്ങളെയാണ് ഗസാലി തെരഞ്ഞെടുത്തത്. മനുഷ്യനോടും മനുഷ്യേതര ജീവജാലങ്ങളോടും സംവദിക്കുന്ന ആവിഷ്കാരമെന്ന നിലയിലാവാം അദ്ദേഹം ഗാനങ്ങളെ പരിഗണിച്ചിട്ടുണ്ടാവുക. ഒട്ടകങ്ങളെയും പക്ഷികളെയുമെല്ലാം സ്വാധീനിക്കാന്‍ മാത്രം മാസ്മരികതയുള്ള കലാശാഖയായി ഗാനങ്ങളെ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ വിനോദ മാധ്യമങ്ങളില്‍ ഒന്നായ സംഗീതത്തെ ആധ്യാത്മിക ഉത്കര്‍ഷത്തിനുള്ള ചാലക ശക്തിയാക്കാനാണ് തന്റെ വിശകലനങ്ങളിലൂടെ ഗസാലി ലക്ഷ്യമാക്കിയത്.
പ്രസിദ്ധനായ കവിയായിരുന്നില്ലെങ്കിലും തത്ത്വചിന്താപരമായ റുബാഈ കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളോടൊപ്പം അത്തരം കൃതികളും പില്‍ക്കാലക്കാരായ സാഹിത്യകാരന്മാരെ സ്വാധീനിച്ചു. വിശ്വാസത്തിന്റെ രാജപാതയിലേക്ക് ഭാവനയെ നയിക്കാന്‍ സാഹിത്യ സമ്രാട്ടുകള്‍ക്ക് ഗസാലി പ്രചോദനമായി. ഫരീദുദ്ദീന്‍ അത്താര്‍, സഅ്ദി ശീറാസി, ജലാലുദ്ദീന്‍ റൂമി തുടങ്ങിയ വിശ്വപ്രസിദ്ധ പേര്‍ഷ്യന്‍ മഹാകവികളെല്ലാം ഗസാലി വിഭാവന ചെയ്ത സൌന്ദര്യശാസ്ത്ര സീമകളില്‍നിന്ന് മനുഷ്യനെയും മനസ്സിനെയും ദര്‍ശിച്ചവരാണ്. അതിന്റെയെല്ലാം ഫലമായി മുസ്ലിം ലോകത്തെ സൌന്ദര്യശാസ്ത്ര സങ്കല്‍പങ്ങളില്‍ ഗസാലിയുടെ വീക്ഷണങ്ങള്‍ ഏറെ സ്വീകാര്യത നേടി. സ്വൂഫീ സാഹിത്യത്തില്‍ മാത്രമല്ല, ജിഗീര്‍ കീര്‍ത്തനങ്ങള്‍, ഇലാഹീ ഗാനങ്ങള്‍ മുതല്‍ നമ്മുടെ ഭാഷയിലെ മാപ്പിളപ്പാട്ടുകളില്‍ വരെ അദ്ദേഹത്തിന്റെ സ്വാധീനം കാണാം. സംഗീതാസ്വാദനത്തിന്റെ സൌന്ദര്യശാസ്ത്രത്തെപ്പറ്റി ചര്‍ച്ച ചെയ്ത് കൊണ്ട്, സാഹിത്യാസ്വാദനത്തിന്റെ സൌന്ദര്യ സങ്കല്‍പങ്ങള്‍ അനാവരണം ചെയ്യുകയാണ് ഗസാലി. ലോകത്തെ വിവിധ ഭാഷകളില്‍ വിശ്വാസത്തിന് കരുത്ത് പകരുന്ന ഒട്ടേറെ കൃതികള്‍ ആ ചിന്തയുടെ ചൂടേറ്റ് വിരിഞ്ഞവയാണെന്നതില്‍ പക്ഷാന്തരമുണ്ടാവില്ല. എങ്കിലും, വിവിധ ഭാഷയിലും സാഹിത്യത്തിലും ചിതറിക്കിടക്കുന്ന അത്തരം കൃതികളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ഭാവനയെയും ഭാവരചനകളെയും സാമൂഹിക പരിഷ്കരണത്തിന് വേണ്ടി തിരുത്തി എഴുതിയ മധ്യകാലത്തെ വിഖ്യാത സൌന്ദര്യശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു ഗസാലിയെന്ന് അത്തരം പഠനങ്ങള്‍ സാക്ഷ്യപ്പെടുത്താതിരിക്കില്ല.

(ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം അസി.എഡിറ്ററാണ് ലേഖകന്‍)

Comments

Other Post