Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി കവിതകളുടെ ലോകം

അബ്ദുര്‍റഹ്മാന്‍ ആദൃശ്ശേരി

ഇമാം ഗസാലിയുടെ ബഹുമുഖ വ്യക്തിത്വത്തെക്കുറിച്ച് ധാരണയുള്ളവര്‍ക്കുതന്നെ വേണ്ടത്ര പരിചയമുണ്ടാവാന്‍ ഇടയില്ലാത്തതാണ് അദ്ദേഹത്തിന്റെ കാവ്യലോകം. ഗസാലിയെപ്പോലൊരു ബഹുമുഖ പ്രതിഭ കാവ്യോപാസകനാവുക സ്വാഭാവികമാണ്. അദ്ദേഹം തന്റെ പല രചനകളിലും കവിതകള്‍ ഉദ്ധരിച്ചത് നമുക്കറിയാം. പാര്‍സി മാതൃഭാഷയായിട്ടും അല്‍ബിറൂനിയെയും ഇബ്‌നു സീനയെയും പോലെ അറബി ഭാഷയാണ് ഇമാം ഗസാലി രചനക്ക് തെരഞ്ഞെടുത്തതെന്ന കാര്യം ശ്രദ്ധേയമാണ്. ലളിതസുന്ദരമായ ഭാഷാ ശൈലിയുടെ ഉടമയാണദ്ദേഹം.
ഇമാം ശാഫിഈയുടെ കവിതകളെപ്പോലെ ഭാഷാ ഭംഗിയും ദാര്‍ശനിക ഗരിമയും അവകാശപ്പെടാവുന്നതല്ലെങ്കിലും സങ്കീര്‍ണതകളില്ലാത്ത, ഒഴുക്കുള്ള ഭാഷയില്‍ തന്നെയാണദ്ദേഹവും കാവ്യരചന നടത്തിയിട്ടുള്ളത്. ഗസാലി ചിന്തയുടെ കാതലായ ആധ്യാത്മികതതന്നെയാണ് അദ്ദേഹത്തിന്റെ കവിതകളുടെയും ഇതിവൃത്തം. ഗസാലിയുടെ വിവിധ ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളില്‍ നിന്നാണ് അദ്ദേഹത്തിന്റെ കവിതകള്‍ ലഭിച്ചിട്ടുള്ളത്. ഡോ. ജലാല്‍ ശൗഖി തെരഞ്ഞെടുത്ത അത്തരത്തിലുള്ള ഏതാനും കവിതകളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

1. ഫാതിഹയുടെ മഹത്വം
ഫാതിഹയുടെ മഹത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗസാലിയുടെ കവിത, പാരീസിലെയും കയ്‌റോയിലെയും ദേശീയഗ്രന്ഥാലയങ്ങളിലും ബഗ്ദാദിലെ അല്‍മക്തബതുല്‍ ഖാദിരിയ്യയിലും സൂക്ഷിച്ചിട്ടുണ്ട്. ഈ ലൈബ്രറികളിലുള്ള കൈയെഴുത്ത് പ്രതികളില്‍ പല വരികള്‍ തമ്മിലും പ്രകടമായ വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. പല കൈയെഴുത്ത് ഗ്രന്ഥങ്ങളിലും കാണാറുള്ള ഇത്തരം പദഭേദങ്ങള്‍ പകര്‍പ്പെഴുത്തുകാരുടെ അശ്രദ്ധ മൂലം സംഭവിച്ചതാകാനേ തരമുള്ളൂ.
കവിതയിലെ ഏതാനും വരികള്‍:
ഉപജീവനമാര്‍ഗങ്ങള്‍ നേടാനും ആഗ്രഹങ്ങള്‍ സഫലമാകാനും ശത്രുക്കളുടെ ചതികളില്‍ പെടാതിരിക്കാനും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ താമസം വിനാ പൂവണിയാനുമൊക്കെ ഫാതിഹയെ ആശ്രയിക്കുകയെന്നാണ് ഈ കവിതയുടെ പൊരുള്‍. ളുഹ്‌റിനും അസ്‌റിനും മഗ്‌രിബിനും ഇശാക്കും ശേഷം നൂറു തവണ ദിനേന ഫാതിഹ പാരായണം ചെയ്താല്‍ യശസ്സും പ്രതാപവും മഹത്വവുമെല്ലാം നേടാനൊക്കുമെന്നും ശത്രുഭയത്തില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും അധികാരികളുടെ പീഡനത്തില്‍നിന്നുമെല്ലാം സമാധാന ജീവിതം നയിക്കാനാകുമെന്നാണ് ഇമാം ഗസാലി ഈ കവിതയിലൂടെ ഉദ്‌ഘോഷിക്കുന്നത്. 1

2. അല്‍ഖസീദതുന്നൂനിയ്യ, വല്‍ ജൗഹറത്തുല്‍ ഫരീദത്തുല്‍ മുളിയ്യ
ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗസാലി എഴുതിയതാണ് അല്‍ ഖസീദതുന്നൂനിയ്യ എന്ന് വിശ്വസിക്കപ്പെടുന്നു.
ശറഹുല്‍ ജാമിഇസ്സഗീറില്‍ ഈ കവിത ഗസാലിയുടെ തലയിണയുടെ അടിയില്‍ നിന്ന് കണ്ടെടുത്തതെന്നാണ് അബ്ദുര്‍റഊഫ് അല്‍മനാവി പറയുന്നത്.2
ഇമാം ഗസാലിയുടെ ഭൗതിക ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ എഴുതിയതായി വിശ്വസിക്കപ്പെടുന്ന ഈ കവിതയില്‍ ഇഹലോക ജീവിതത്തെക്കുറിച്ചുള്ള ഇമാമിന്റെ വീക്ഷണം നമുക്ക് വായിച്ചെടുക്കാനാവും. ചേതനയറ്റ തന്റെ ഭൗതികശരീരം ഇഹലോകത്ത് ജീവിക്കാന്‍ ധരിച്ച കേവലമൊരു കുപ്പായമാണെന്നും തന്റെ യഥാര്‍ഥ സ്വത്വത്തെ ഒരു ചിപ്പിയിലൊളിപ്പിച്ച മുത്തായും കൂട്ടിലടച്ച കുരുവിയായും സൂക്ഷിച്ചുവെച്ച നിധിയായുമൊക്കെയായിട്ടാണദ്ദേഹം വര്‍ണിക്കുന്നത്. മരണത്തോടെ താന്‍ ചിപ്പിയില്‍ നിന്നും കൂട്ടില്‍ നിന്നുമൊക്കെ രക്ഷപ്പെട്ടതായി അദ്ദേഹം ആശ്വാസം കൊള്ളുന്നത് കാണാം. തന്നെ ഭൗതികശരീരമാകുന്ന തടവറയില്‍ നിന്ന് മോചിപ്പിച്ച അല്ലാഹുവിന് അദ്ദേഹം സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുന്നുണ്ട് ഈ കവിതയില്‍. ഇതേവരെ താന്‍ കഴിഞ്ഞുകൂടിയ ഭൗതികലോകത്ത് തുടരാന്‍ തനിക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് നിങ്ങളെവിട്ടേച്ചു അവിടെ നിന്നും യാത്രയായിരിക്കുകയാണെന്ന് അദ്ദേഹം തന്റെ അനുചരന്മാരെ ഉണര്‍ത്തുന്നു. മരണത്തിലൂടെ താന്‍ നാശമടയുകയല്ലെന്നും പ്രത്യുത തന്റെ ജീവിത ലക്ഷ്യം നേടാനുള്ള യാത്രയാണതെന്നും കവി തന്റെ കൂട്ടുകാരെ ഉണര്‍ത്തുന്നുണ്ട്. 'ജനങ്ങള്‍ ഉറങ്ങുകയാണ്, മരണത്തോടെ അവര്‍ ഉണരുന്നു' എന്ന അലി(റ)യുടെ ദര്‍ശനത്തിന്റെ ചുവടു പിടിച്ച്, മനുഷ്യര്‍ ഇഹലോക ജീവിതത്തില്‍ നിദ്രയിലകപ്പെട്ടിരിക്കുകയാണെന്നും മരണത്തോടെ അവര്‍ നിദ്രവെടിയുകയാണെന്നും അദ്ദേഹം തന്റെ മിത്രജനങ്ങളെ ഉണര്‍ത്തുന്നത് കാണാം. 3
നാഷ്‌നല്‍ ലൈബ്രറി (കയ്‌റോ), റാദുല്‍ കുതുബ് അന്‍വത്വനിയ്യ (ദോഹ), ബെര്‍ലിന്‍ ലൈബ്രറി, ബ്രിട്ടീഷ് ലൈബ്രറി (ലണ്ടന്‍) എന്നിവിടങ്ങളില്‍ ഈ കവിതയുടെ കൈയെഴുത്ത് പ്രതികള്‍ ലഭ്യമാണ്. ഫ്രഞ്ച് , ഹീബ്രു തുടങ്ങിയ ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.4 അല്‍ കൗകബുല്‍ മുതലാലീ ശറഹു ഖസീദത്തുല്‍ ഗസാലി എന്ന പേരില്‍ അബ്ദുല്‍ ഗനി ഇബ്‌നു ഇസ്മാഈല്‍ നാബ്‌ലിസി (1730) ഇതിന് ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

3. അല്‍ മുന്‍ഫരിജ ലികശ്ഫില്‍ കുറൂബ്
ഇമാം ഗസാലിയുടെ മറ്റൊരു കാവ്യരചനയാണിത്. പാരീസിലെ നാഷ്‌നല്‍ ലൈബ്രറിയില്‍ ഉള്ളതടക്കം പതിനാറ് കൈയെഴുത്ത് പ്രതികള്‍ ഇതിന്റേതായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. താനകപ്പെട്ട ദുരിതക്കയങ്ങളില്‍ നിന്ന് മോചനം തേടി കരുണാമയനിലേക്ക് കരങ്ങളുയര്‍ത്തി മനസ്സിന്റെ നൊമ്പരങ്ങള്‍ അവന്റെ മുമ്പില്‍ അര്‍പ്പിക്കുന്ന ഒരടിമയുടെ ആത്മവിലാപങ്ങള്‍ നമുക്കിതില്‍ വായിച്ചെടുക്കാം.
ദുരിതങ്ങള്‍ ജീവിതാനന്ദത്തെ കെടുത്തിക്കളഞ്ഞിരിക്കുകയാണെന്നും ദുഃഖങ്ങളില്‍നിന്ന് ദ്രുതമോചനം കനിയണമെന്നും അദ്ദേഹം നാഥനോട് കേഴുന്നു. ദുരിതത്തിലകപ്പെട്ട ആത്മാക്കളുടെ മോചനം നിന്റെ കരങ്ങളിലത്രെ, കേഴുന്നവന് നീയല്ലാതെ മറ്റൊരു രക്ഷകനില്ല, ഞങ്ങളുടെ തെറ്റു കുറ്റങ്ങള്‍ കാരണം നിന്റെ കരുണയുടെ കവാടങ്ങള്‍ ഞങ്ങള്‍ക്കു നേരെ നീ കൊട്ടിയടക്കരുത്, നിന്റെ കാരുണ്യത്തില്‍ പ്രതീക്ഷകളര്‍പ്പിക്കുന്ന എത്രയോ പാപികളുണ്ട്. ഞങ്ങളുടെ നാഥാ കണ്ഠനാഡിയില്‍ കുരുക്കമര്‍ന്നിരിക്കുകയാണ്. നിന്റെ അടിമകള്‍ ആധിയുടെ ആഴികളിലകപ്പെട്ടിരിക്കുകയാണ്. അവരുടെ അകതാരില്‍ അഗ്നിയാണ്.കണ്ണില്‍ കനലുകളെരിയുകയാണ്.തങ്ങളുടെ പാപങ്ങളെക്കുറിച്ചോര്‍ത്ത് തപിക്കുന്ന മനസ്സുമായി, പിടക്കുന്ന അധരങ്ങളുമായി നിന്റെ സവിധത്തിലണഞ്ഞിരിക്കുകയാണ്. മനസ്സിന്റെ ആധികള്‍ നാഥന്റെ മുമ്പിലര്‍പ്പിച്ച്, ദയക്കുവേണ്ടി കേഴുന്ന ഒരു അടിമയുടെ ഹൃദയ നൊമ്പരങ്ങള്‍ നമുക്ക് ഈ കവിതയില്‍ കണ്ടെത്താന്‍ സാധിക്കും.
മൊത്തം 58 വരികളുള്ള ഈ കവിതയിലെ 1 മുതല്‍ 20 വരെയുള്ള വരികളില്‍ അടിമകളുടെ ദുരിതക്കഥകള്‍ വര്‍ണിക്കുകയും മോചനത്തിനായി അല്ലാഹുവോടിരക്കുകയും ചെയ്യുന്നു. 21 മുതല്‍ 29 വരെ വരികളില്‍ അല്ലാഹു അടിമകള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് അവന്റെ പേരില്‍ ആണയിടുന്നത് കാണാം. 30 മുതല്‍ 40 വരെ വരികളില്‍ മനസ്സിന്റെ പ്രാര്‍ഥനകള്‍ സമര്‍പ്പിക്കുന്നു. 40 മുതല്‍ 45 വരെയുള്ള വരികളില്‍ ആത്മനിരൂപണവും ആത്മോപദേശങ്ങളുമടങ്ങിയിരിക്കുന്നു. 46 മുതല്‍ 55 വരെയുള്ള വരികളില്‍ പ്രവാചകനെയും അനുചരന്മാരെയും അനുധാവനം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അവസാനവരികളില്‍ പ്രാര്‍ഥനയോടെ കവിത അവസാനിക്കുന്നു. പാരീസിലെ നാഷ്‌നല്‍ ലൈബ്രറി ഇസ്‌ലാമിക് ഔഖാഫ് ലൈബ്രറി മൗസില്‍ (ഇറാഖ്), പ്രിന്‍സറ്റണ്‍ യൂനിവേഴ്‌സിറ്റി ലൈബ്രറി (അമേരിക്ക), ദമസ്‌കസിലെ ദാഹിരിയ്യ ലൈബ്രറി എന്നിവിടങ്ങളില്‍ ഇതിന്റെ കൈയെഴുത്ത് പ്രതികള്‍ ലഭ്യമാണ്.

4. അല്‍ഖസീദത്തുല്‍ ഹാഇയ്യ ഫിന്നഫ്‌സ്
കയ്‌റോ സര്‍വകലാശാലാ ലൈബ്രറിയില്‍ സൂക്ഷിച്ച ഇമാം ഗസാലിയുടെ അല്‍മള്‌നൂനുബിഹി അലാ ഗൈരിഅഹ്‌ലിഹി എന്ന കൃതിയുടെ കൈയെഴുത്ത് പ്രതിക്കൊപ്പമുണ്ടായിരുന്ന അല്‍ഖസീദതുല്‍ ഹാഇയ്യഫിന്നഫ്‌സ് 1985-ലാണ് ഡോ. ജലാല്‍ ശൗഖി കണ്ടെത്തിയത്. ഇതോടൊപ്പം തസവ്വുഫിനെക്കുറിച്ച് അദ്ദേഹം രചിച്ച താഇയ്യ എന്ന കവിതയും ലഭിക്കുകയുണ്ടായി. 1927-ല്‍ മുഹ്‌യിദ്ദീന്‍ സബ്‌രി പ്രസിദ്ധീകരിച്ച ഇമാം ഗസാലിയുടെ മആരിജുന്നഫ്‌സ് എന്ന ഗ്രന്ഥത്തോടൊപ്പം ഈ കവിതകളും പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും പ്രസ്തുത കവിതകളുടെ സ്രോതസ്സിനെക്കുറിച്ച് അതില്‍ സൂചിപ്പിച്ചിരുന്നില്ല.
കവിതയിലെ ഏതാനും വരികള്‍:

ഇമാം ഗസാലിയുടെ മറ്റു കവിതകളിലെ ചര്‍ച്ചാവിഷയമായ ആധ്യാത്മിക ചിന്തകള്‍ തന്നെയാണ് ഇതിലെയും ഇതിവൃത്തം. ഭൗതികസുഖങ്ങളില്‍ രമിച്ചുകഴിയാനിഷ്ടപ്പെടുന്ന മനുഷ്യമനസ്സിന്റെ ആസക്തികള്‍ക്കു നേരെയുള്ള വിമര്‍ശനശരങ്ങളാണ് ഇതിലധികവും.
അല്ലാഹുവില്‍ പ്രതീക്ഷ പുലര്‍ത്തുന്ന മനസ്സ് സൃഷ്ടികളോട് പരാതി പറഞ്ഞു കാലം കഴിക്കുന്നതെന്തു കൊണ്ടാണെന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. സമസൃഷ്ടികളോട് പരാതിപ്പെടുന്നതിലൂടെ മനസ്സിന് അതിന്റെ ആത്മാര്‍ഥത നഷ്ടമാകുന്നുവെന്നദ്ദേഹം കണ്ടെത്തുന്നു. സൃഷ്ടികളോടടുക്കാന്‍ ശ്രമിക്കുന്നതിനു പകരം സ്രഷ്ടാവിനോടടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ സ്രഷ്ടാവിനത് പ്രിയങ്കരമാകുമായിരുന്നുവെന്നദ്ദേഹം പ്രത്യാശിക്കുന്നത് കാണാം.
എന്നാല്‍ മനസ്സ് അതിന്റെ നാഥനെ കണ്ടെത്താന്‍ ശ്രമിക്കാതെ അവന്റെ സൃഷ്ടികളോടടുക്കാന്‍ ഉദ്യമിക്കുന്നതിനാല്‍ അത് സ്രഷ്ടാവില്‍ നിന്നകന്നുപോയെന്നദ്ദേഹം വിലപിക്കുന്നു. തന്റെ സുഖദുഃഖങ്ങള്‍ക്ക് കാരണക്കാര്‍ സൃഷ്ടികളാണെന്ന ധാരണയില്‍ മനസ്സ് അതിന്റെ ആകുലതകള്‍ അവതരിപ്പിക്കുന്നത് സൃഷ്ടികള്‍ക്ക് മുമ്പിലാണ്. എന്നാല്‍, അത് തന്റെ പരിദേവനങ്ങള്‍ സ്രഷ്ടാവിന്റെ മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെങ്കില്‍ അതിന്റെ ദുരിതങ്ങള്‍ക്ക് ശമനം ലഭിക്കുകയും അവന്‍ അതിന് ആനന്ദം പ്രദാനം ചെയ്യുകയും ചെയ്‌തേനെ. പക്ഷേ, വിഡ്ഢിയായ മനസ്സ് സൃഷ്ടികളെ പ്രീതിപ്പെടുത്താന്‍ സ്രഷ്ടാവിനെ പ്രകോപിപ്പിക്കുന്നു. ഹാ! കഷ്ടം തന്നെ. പകരം അത് സൃഷ്ടികളെ അപ്രീതിപ്പെടുത്തിയിട്ടാണെങ്കിലും സ്രഷ്ടാവിന്റെ പ്രീതി സമ്പാദിച്ചിരുന്നുവെങ്കില്‍ അവന്‍ അതിനെ ഇഷ്ടപ്പെടുമായിരുന്നു.5
ഈ കവിതയുടെ ഒന്നു മുതല്‍ പത്തുവരെ വരികളില്‍ സ്രഷ്ടാവിനെ അവഗണിച്ച് സൃഷ്ടികളെ അവലംബിക്കുന്ന മനുഷ്യ മനസ്സിന്റെ താല്‍പര്യങ്ങളെ കുറ്റപ്പെടുത്തുകയാണ്. 11 മുതല്‍ 29 വരെയുള്ള വരികളില്‍ ആത്മവിമര്‍ശനങ്ങളാണ്. ദൈവിക മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച്, ശാശ്വത ഗേഹത്തെ വിസ്മരിച്ച്, നശ്വര ലോകത്തില്‍ വ്യാപരിച്ച് ആനന്ദോല്ലാസങ്ങളില്‍ മതിമറന്നു കാലം കഴിക്കുന്ന മനസ്സിന്റെ ചെയ്തിയെ കുറ്റപ്പെടുത്തുകയും അഹംഭാവം, ലോകമാന്യം തുടങ്ങിയ മനോനിലകളെ വിമര്‍ശന വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ദേഹേഛകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ശ്രമിക്കുകയും വ്രതമനുഷ്ഠിച്ച് മനസ്സിന്റെ താല്‍പര്യങ്ങളെ അടിച്ചമര്‍ത്തി നിത്യവും ഭക്തികൊണ്ട് ആത്മവിശുദ്ധിവരുത്തുന്ന ഒരാളെയും തന്നെയും തുലനം ചെയ്യുകയാണ് 30 മുതല്‍ 35 വരെയുള്ള വരികളില്‍.
ഈ രൂപത്തില്‍ മെരുക്കിയെടുത്ത മനസ്സുകളെ അല്ലാഹു ഇഷ്ടപ്പെടുകയും അതിന്റെ പ്രാര്‍ഥനകള്‍ക്ക് പ്രത്യുത്തരം നല്‍കുകയും അത് ഇഛിക്കുന്നതൊക്കെ നല്‍കുകയും ചെയ്യുമെന്നാണ് 36 മുതല്‍ 40 വരെയുള്ള വരികളില്‍ പ്രതിപാദിക്കുന്നത്.
41 മുതല്‍ 61 വരെയുള്ള വരികളില്‍ സംതൃപ്ത മനസ്സിനെയും (അന്നഫ്‌സുല്‍ മര്‍ളിയ്യ) തന്റെ മനസ്സിനെയും താരതമ്യം ചെയ്യുന്നത് കാണാം. 62 മുല്‍ 64 വരെ വരികളില്‍ തന്റെ മനസ്സിന്റെ വീഴ്ചകള്‍ക്ക് മോചനം ലഭിക്കാന്‍ തുണക്കുന്നതിനായി അല്ലാഹുവിനോട് യാചിക്കുകയാണ്.
മനസ്സിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ച് വളരെയധികം എഴുതിയ ഗസാലി തന്റെ അവസാന കാല രചനയായ രിസാലതുന്‍ ഫില്‍ മഅ്‌രിഫയില്‍ മനസ്സിന്റെ ഏഴവസ്ഥകളെ വര്‍ണിക്കുന്നത് ഇപ്രകാരമാണ്:
1. അന്നഫ്‌സുല്‍ അമ്മാറത്തുന്‍ ബിസ്സൂഅ്: ഈ ഘട്ടത്തില്‍, പിശുക്ക്, ഭൗതികത്വര, അജ്ഞത, അഹങ്കാരം, വികാരങ്ങള്‍, അസൂയ, ദേഷ്യം തുടങ്ങിയ പ്രേരണകളില്‍ രമിക്കുന്നതാണ്.
2. അന്നഫ്‌സുല്ലവ്വാമ: കുതന്ത്രം, ധിക്കാരം, അഹംഭാവം, അര്‍ഥത്തിലും കളത്രത്തിലുമുള്ള അഭിനിവേശം എന്നിവയില്‍ രമിച്ചുകഴിയും.
3. അന്നഫ്‌സുല്‍ മുല്‍ഹമ: ഔദാര്യം, ധീരത, തൃപ്തി, അറിവ്, വിനയം, പശ്ചാത്താപ ബോധം, ക്ഷമ, സഹനം തുടങ്ങിയ ഗുണങ്ങള്‍ പ്രകടമാകുന്ന അവസ്ഥയാണിത്.
4. അന്നഫ്‌സുല്‍ മുത്മഇന്ന: അല്ലാഹുവിലുള്ള സമര്‍പ്പണം, ആത്മനിരാസം, വണക്കം, സ്തുതി, തൃപ്തി, ഉദാര മനസ്‌കത തുടങ്ങിയ ഗുണങ്ങള്‍ ആധിപത്യം ചെലുത്തുന്ന ഘട്ടമാണിത്.
5. അന്നഫ്‌സുര്‍റാളിയ: മഹത്വം, ആത്മാര്‍ഥത, സൂക്ഷ്മത, സാധന, ദിക്‌റ് (ദൈവസ്മരണ), കര്‍ത്തവ്യ നിര്‍വഹണം തുടങ്ങിയവ ഈ ഘട്ടത്തില്‍ സംഭവിക്കുന്നു.
6. അന്നഫ്‌സുല്‍ മര്‍ളിയ്യ: ഇലാഹീ സാമീപ്യം, ധ്യാനം, മാന്യത, സ്വഭാവ വൈശിഷ്ട്യം എന്നീ ഗുണങ്ങള്‍ ഈ ഘട്ടത്തിന്റെ സവിശേഷതകളാണ്.
7. അന്നഫ്‌സുസ്സാഫിയ: ആത്മനിന്ദ, ഹൃദയവ്യഥ, മനഃസമാധാനം, അല്ലാഹുവിലുള്ള ആശ്രിതത്വം എന്നീ ഗുണങ്ങള്‍ ഈ മാനസികാവസ്ഥയില്‍ സാധ്യമാകുന്നു.
ഈ കവിത, പത്ത് വര്‍ഷത്തോളം നീണ്ട തന്റെ ഏകാന്തവാസത്തിനു പുറപ്പെടുന്നതിന് മുമ്പുള്ള സന്ദേഹ ഘട്ടത്തില്‍ രചിച്ചതാവാന്‍ സാധ്യതയുണ്ട്. കാരണം, ആത്മവിചാരണയും സ്വയംവിമര്‍ശനവും ഇതില്‍ വളരെയധികം പ്രകടമാണ്. കവിതയുടെ അവസാനഭാഗത്ത് സന്മാര്‍ഗം കണ്ടെത്താന്‍ തന്റെ മനസ്സിനെ തുണക്കാനും നിന്ദ്യതയില്‍ നിന്നും പാപങ്ങളില്‍നിന്നും മോചനം ലഭിക്കാനും അല്ലാഹുവിനോട് കേണപേക്ഷിക്കുന്നത് കാണാം.
5. അല്‍ഖസീദത്തുത്താഇയ്യ:
366 ഈരടികളുള്ള ഈ കവിതയുടെ പ്രതിപാദ്യ വിഷയവും തസവ്വുഫ് അഥവാ ആധ്യാത്മിക ദര്‍ശനം തന്നെയാണ്. നേരത്തേ സൂചിപ്പിച്ചതുതുപോലെ, കയ്‌റോ സര്‍വകലാശാല ലൈബ്രറിയിലുള്ള ഗസാലിയുടെ ഒരു രചനയുടെ കൈയെഴുത്ത് പ്രതിയോടൊപ്പമാണ് ഇത് ലഭിച്ചത്. ഗസാലിയെ വേട്ടയാടിയ സന്ദേഹ കാലഘട്ടത്തിലെ ഏകാന്തവാസം, യാഥാര്‍ഥ്യാന്വേഷണം എന്നീ അവസ്ഥകളുടെ പ്രതിഫലനം ഈ കവിതയില്‍ ദര്‍ശിക്കാവുന്നതാണ്. ഇന്ദ്രിയാനുഭവങ്ങള്‍ക്ക് അഗോചരമായ അല്ലാഹുവിന്റെ ദിവ്യദീപ്തി (നൂറുത്തജല്ലി), പ്രജ്ഞക്ക് അനുഭവവേദ്യമാകുന്ന അവസ്ഥകളുടെ വര്‍ണനകളാണ് ഇതിലെ മുഖ്യ പ്രതിപാദ്യ വിഷയം. സങ്കീര്‍ണമായ ആധ്യാത്മിക ചിന്തകളും കവിയുടെ അശാന്തമായ മനോവ്യാപാരങ്ങളും നമുക്കീ ദീര്‍ഘകവിതയില്‍ വായിക്കാം. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഒറ്റപ്പെട്ട ധാരാളം കവിതകളും ഇമാം ഗസാലിയുടേതായി വേറെയും കണ്ടെത്തിയിട്ടുണ്ട്. മിന്‍ഹാജുല്‍ ആബിദീന്‍ എന്ന കൃതിയില്‍ ആധ്യാത്മിക സംബന്ധിയായി അദ്ദേഹം രചിച്ച ഏതാനും കവിതകള്‍ കാണാവുന്നതാണ്.
മഹാരഥന്മാരുടെ മാര്‍ഗം അവലംബിക്കാന്‍, താല്‍പര്യമുണ്ടെങ്കില്‍ ഏതു പ്രതിസന്ധികളിലും പതറാത്ത മനസ്സോടെ ക്ഷമയവലംബിച്ച്, നാവിനെ നിയന്ത്രിച്ച് നോട്ടങ്ങളെ ശ്രദ്ധിച്ച്, തപിക്കുന്ന ഹൃദയത്തോടെ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്, വിശന്ന വയറുമായി സുസ്‌മേരവദനനായി പകലില്‍ ജനസേവനം ചെയ്തും രാത്രിയില്‍ ആരാധനകളില്‍ മുഴുകിയും കഴിഞ്ഞുകൂടുകയാണ് രക്ഷാമാര്‍ഗമെന്നാണ് ഗസാലി ഈ കവിതയില്‍ ആഹ്വാനം ചെയ്യുന്നത്. ''ഞാന്‍ രാത്രിയില്‍ ഉറങ്ങിക്കഴിഞ്ഞാല്‍ സ്വന്തത്തെയും, പകല്‍ ഉറങ്ങിത്തീര്‍ത്താല്‍ പ്രജകളെയും പാഴാക്കി'' എന്ന ഉമറുബ്‌നുല്‍ ഖത്വാബിന്റെ ജീവിത ദര്‍ശനം നമുക്കിതില്‍ വായിച്ചെടുക്കാന്‍ കഴിയും.
ഒരു കവിതയില്‍, ഇമാം തന്റെ മകന് നല്‍കിയ വസ്വിയ്യത്തില്‍ ഇങ്ങനെ പറയുന്നത് കാണാം: മകനേ, നീ നിന്റെ കൂട്ടുകാര്‍ക്കൊപ്പം കഴിയുക. എന്നാല്‍, അവരെ മാതൃകയാക്കരുത്. ജനങ്ങളെ മാറ്റിനിര്‍ത്തി, അല്ലാഹുവിനെ മിത്രമായി സ്വീകരിക്കുക. ജനങ്ങളോട് ഇടപെടുമ്പോള്‍ സ്‌നേഹത്തോടെ വര്‍ത്തിക്കുകയും മാനസികമായി അവരോട് അകലം പാലിക്കുകയും ചെയ്യുക.
പൊതുസമൂഹത്തോടുള്ള ബന്ധം വിഛേദിക്കാതെതന്നെ ഏകാന്തത എങ്ങനെ സാധ്യമാകുമെന്ന് 'തന്റെ സ്‌നേഹിതനെക്കൊണ്ട് തനിക്ക് ഉപകാരമാണോ ഉപദ്രവമാണോ ഭവിക്കുകയെന്ന് തിരിച്ചറിയാന്‍ കഴിയാത്ത മര്‍ത്യന് എല്ലാറ്റിനും കഴിവുള്ള നാഥനില്‍ സമര്‍പ്പിക്കുകയല്ലേ ബുദ്ധി' എന്നദ്ദേഹം ഒരു കവിതയില്‍ ചോദിക്കുന്നത് കാണാം. തന്റെ മാതാപിതാക്കളേക്കാള്‍ തന്നോടു കരുണയുള്ളവനാണല്ലോ തന്റെ നാഥന്‍. ഈവഴി തെരഞ്ഞെടുക്കുകയാണെങ്കില്‍ ഇഹലോകത്ത് മനഃശാന്തിയും പരലോകത്ത് പുണ്യവും നേടാമല്ലോ? കവി ചോദിക്കുന്നു.
ആത്മജ്ഞാനത്തിന്റെ പൊരുളിനെക്കുറിച്ച് രിസാലത്തുന്‍ ഫില്‍ മഅ്‌രിഫയില്‍ വിശദീകരിക്കുന്നത് കാണാം.
ആധ്യാത്മിക ചിന്തകള്‍ പ്രകാശിപ്പിക്കുന്ന ധാരാളം കവിതകള്‍ ഗസാലിയുടെ വിവിധ ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ക്കൊപ്പം കാണാന്‍ സാധിക്കും. സ്രഷ്ടാവുമായുള്ള ബന്ധത്തിന്റെ വിവിധ തലങ്ങള്‍, ആത്മീയത, സൃഷ്ടികളുടെ നിസ്സഹായത, മനസ്സിന്റെ ഏകാന്തത തുടങ്ങി ആധ്യാത്മിക മണ്ഡലങ്ങളില്‍ വ്യാപരിക്കുന്ന കവിതകളാണ് അവയധികവും.
ചന്ദ്രമണ്ഡലങ്ങളെക്കുറിച്ച് ഗസാലി എഴുതിയ ഒരു കൊച്ചു കവിത രാംപൂരിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.7
പ്രവാചകനെ വര്‍ണിച്ചുകൊണ്ടെഴുതിയ ഒരു കവിത ബെര്‍ലിന്‍ ലൈബ്രറിയില്‍ കൈയെഴുത്ത് പ്രതികള്‍ക്കൊപ്പം സൂക്ഷിച്ചിട്ടുണ്ട്.8
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഇമാം ഗസാലിയുടെ അപ്രകാശിത കവിതകളെക്കുറിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.

(ഫറൂഖ് റൗദത്തുല്‍ഉലൂം അറബിക് കോളേജില്‍ അധ്യാപകനാണ് ലേഖകന്‍)
കുറിപ്പുകള്‍
1. നജ്മുന്‍ ഫീ ഫദ്‌ലില്‍ ഫാതിഹ. പാരീസ് നാഷ്‌നല്‍ ലൈബ്രറിയിലുള്ള കൈയെഴുത്ത് പ്രതി. നമ്പര്‍ (അറബി) 2689.
2. ശൈഖ് സൈനുദ്ദീന്‍ മുഹമ്മദ് അബ്ദുര്‍റഊഫ് അല്‍ മനാവി അല്‍ ഖാഹിരി (1622).
3. അല്‍ഖസീദതുന്നൂനിയ്യ വല്‍ജൗഹറതുല്‍ ഫരീദത്തുമുളിയ്യ. ദാറുല്‍ കുത്ബ് അല്‍ഖത്തരിയ്യ ദോഹ. നമ്പര്‍ 143.
4. മുഅല്ലഫാത്തുല്‍ ഗസാലി, ഡോ. അബ്ദുര്‍റഹ്മാന്‍ ബദവി കുവൈത്ത്. 1977, പേജ് 372,373.
5. അല്‍മുന്‍ഫരിജ ലികശ്ഫില്‍ കുറൂബ്, ദാറുല്‍ കുത്ബ് അല്‍ ഖത്തരിയ്യ (ദോഹ), നമ്പര്‍ (7) 363.
6. മിന്‍ഹാജുല്‍ ആബിദീന്‍, ഇമാം ഗസ്സാലി, പേജ് 56.
7. റസാ ലൈബ്രറി റാംപൂര്‍ (ഉത്തര്‍പ്രദേശ്), നമ്പര്‍ എം. 3701-8996.
8. ബര്‍ലിന്‍ ലൈബ്രറി അല്‍വാര്‍ഡറ്റ് കാറ്റലോഗ്, നമ്പര്‍ 7633.

Comments

Other Post