Prabodhanm Weekly

Pages

Search

2011 ഗസാലിപ്പതിപ്പ്‌

അബൂ ഹാമിദില്‍ ഗസാലി പൗരാണികരിലെ ആധുനികന്‍

ഡോ. കെ. ജാബിര്‍

ഉപരിപഠനം പൂര്‍ത്തിയാക്കി സ്വദേശത്തേക്കുള്ള മടക്കയാത്രക്കിടെ അബൂഹാമിദില്‍ ഗസാലിയുടെയും സഹയാത്രികരുടെയും സാധന സാമഗ്രികളെല്ലാം കൊള്ളയടിക്കപ്പെട്ടുവത്രെ. നഷ്ടപ്പെട്ട സാമഗ്രികളില്‍ ഗുരുവര്യന്മാരുടെ മൊഴിമുത്തുകള്‍ രേഖപ്പെടുത്തിയ നോട്ടുപുസ്തകങ്ങളും ഉള്‍പ്പെട്ടിരുന്നു. കൊള്ളസംഘത്തിന്റെ തലവനെ അന്വേഷിച്ച് കുമാരനായ ഗസാലി പുറപ്പെട്ടു. കൊള്ളത്തലവനെ കണ്ടെത്തിയ അദ്ദേഹം ഇങ്ങനെ അപേക്ഷിച്ചു: ''ഞാന്‍ ധരിച്ച വസ്ത്രങ്ങളൊഴികെയുള്ള സാധന സാമഗ്രികളെല്ലാം നിങ്ങളുടെ ആളുകള്‍ അപഹരിച്ചു. വസ്ത്രങ്ങളും വിലപിടിപ്പുള്ള ഇതര വസ്തുക്കളും നഷ്ടപ്പെട്ടതില്‍ എനിക്ക് സങ്കടമില്ല. എന്നാല്‍, അപഹരിച്ച കടലാസുകള്‍ തിരിച്ചുതരാന്‍ നിങ്ങളുടെ കിങ്കരന്മാര്‍ക്ക് കല്‍പന കൊടുക്കാന്‍ കനിവുണ്ടാവണം.'' അസാധാരണമായ ഈ അപേക്ഷ കേട്ട് കൊള്ളത്തലവന്‍ അദ്ഭുതപ്പെട്ടു. ആകാംക്ഷയോടെ അയാള്‍ ചോദിച്ചു: ''ആട്ടെ, എന്ത് കടലാസുകളാണവ?'' ഗസാലി പ്രതിവചിച്ചു: ''പഠനം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്ന ഒരു വിദ്യാര്‍ഥിയാണ് ഞാന്‍. അധ്യാപകര്‍ ക്ലാസെടുക്കുമ്പോള്‍ ശ്രദ്ധേയമായ പോയിന്റുകളെല്ലാം ഞാന്‍ കുറിച്ചെടുക്കാറുണ്ടായിരുന്നു. അറിവിന്റെ കലവറയായ ആ കടലാസുകള്‍ തിരിച്ചുതരണമെന്നാണ് ഞാന്‍ അപേക്ഷിച്ചത്.''
കൊള്ളത്തലവന്‍ പറഞ്ഞു: ''കുട്ടീ, നിന്റെ വാക്കുകള്‍ എന്നെ സഹതാപ ഗ്രസ്തനാക്കിയിരിക്കുന്നു. നിന്റെ വിജ്ഞാനം തുണ്ടുകടലാസിലാണോ നിലനില്‍ക്കുന്നത്? ഹൃദയത്തിലല്ലേ അത് സൂക്ഷിക്കേണ്ടത്? കടലാസുകള്‍ നഷ്ടപ്പെടാം, അഗ്നിക്കിരയാകാം, പ്രാണികള്‍ ഭക്ഷിച്ചുപോകാം, സൂര്യതാപമേറ്റ് മങ്ങിപ്പോകാം, നനഞ്ഞു കുതിര്‍ന്ന് ദ്രവിച്ചുപോകാം. അത്തരം കടലാസു തുണ്ടുകളുടെ ആശ്രിതനാണോ നീ? എനിക്ക് നിന്നോട് സഹതാപം തോന്നുന്നു. എങ്കിലും നിന്റെ കടലാസുകള്‍ തിരികെ തരാം.''
പറഞ്ഞതിന്‍ പ്രകാരം കൊള്ള സംഘത്തിലൊരാളെ വിളിച്ച് തലവന്‍ കല്‍പന കൊടുക്കുകയും ആ തുണ്ടുകടലാസുകള്‍ ഗസാലിക്ക് തിരികെ ലഭിക്കുകയും ചെയ്തു. എങ്കിലും, ആ കൊള്ളത്തലവന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ആഞ്ഞു തറച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം ഒട്ടും സമയം പാഴാക്കാതെ ആ കുറിപ്പുകളെല്ലാം ഹൃദിസ്ഥമാക്കി.
സ്വന്തം ജീവിതാനുഭവമെന്ന നിലക്ക് അബൂ ഹാമിദില്‍ ഗസാലി തന്നെ ഉദ്ധരിക്കുന്ന ഈ സംഭവമായിരിക്കാം, പിന്നീട് തന്റെ ഗ്രന്ഥങ്ങളിലൊന്നില്‍ ഇങ്ങനെ കുറിച്ചിടാന്‍ അദ്ദേഹത്തിന് പ്രേരണയായത്: ''കപ്പല്‍ച്ചേതം വന്നാല്‍ പോലും നിനക്ക് നഷ്ടപ്പെടാത്തതെന്തോ അതു മാത്രമാണ് നിന്റെ സ്വത്ത്.'' വിജ്ഞാനമല്ലാത്ത മറ്റെന്തിനാണ് ഏതുതരം കടന്നാക്രമണത്തെയും അതിജീവിക്കാനാവുക? അതെ, ആ സ്വത്തിന്റെ സമ്പാദനത്തിനായി ശിഷ്ട ജീവിതം ഉഴിഞ്ഞുവെച്ച അബൂഹാമിദില്‍ ഗസാലിയെന്ന ബാല്യക്കാരന്‍ ഇമാം ഗസാലിയായി നൂറ്റാണ്ടുകള്‍ക്കിപ്പുറം നമുക്കിടയില്‍ ജീവിക്കുന്നുണ്ടെങ്കില്‍ അതിന്റെ നിമിത്തവും ഒരു പക്ഷേ, ആ കൊള്ളത്തലവന്റെ വാക്ശരങ്ങളായിരിക്കാം.
ഇമാം ഗസാലിയുടെ വിയോഗാനന്തരം 900 സൗരവര്‍ഷം പിന്നിടുന്ന ഈ വേളയില്‍, വൈവിധ്യമാര്‍ന്ന വിജ്ഞാനതുറകളില്‍ വ്യക്തിമുദ്ര പതിച്ച മഹാ ധിഷണാശാലികളുടെ നീണ്ട നിരതന്നെ ഇസ്‌ലാമിക ചരിത്രത്തിലുണ്ടെങ്കിലും ഇമാം ഗസാലി മാത്രം ഇത്രയധികം വായിക്കപ്പെടാനും ആഘോഷിക്കപ്പെടാനും കാരണമെന്ത് എന്ന ചിന്തയും അന്വേഷണവുമാണ് പൗരാണിക പ്രതിഭകളില്‍ ഇമാം ഗസാലിയുടെ മുഖം വേറിട്ട് തിളങ്ങാന്‍ നിമിത്തമായ ചില സവിശേഷതകള്‍ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.
ഇസ്‌ലാമിന്റെ ന്യായപ്രമാണ(ഹുജ്ജത്തുല്‍ ഇസ്‌ലാം)മെന്നും ദീനിന്റെ അലങ്കാര(സൈനുദ്ദീന്‍)മെന്നും രണ്ടാം ശാഫിഈ (അശ്ശാഫി അഥ്ഥാനി) എന്നും അഞ്ചാം നൂറ്റാണ്ടിന്റെ നവോത്ഥാന ശില്‍പി(മുജദ്ദിദുല്‍ ഖര്‍നില്‍ ഖാമിസ്)യെന്നുമെല്ലാം വിശേഷിപ്പിക്കപ്പെട്ട ഇമാം ഗസാലി ഏതാണ്ട് ഒരു സഹസ്രാബ്ദം മുമ്പ് ജീവിച്ച പൗരാണിക ധിഷണാശാലിയാണെങ്കിലും അദ്ദേഹത്തിന്റെ രചനകളില്‍ പൗരാണിക കൃതികളുടെ ലക്ഷണങ്ങള്‍ മായാതെ കിടക്കുന്നതോടൊപ്പം ആധുനികതയുടെ ആദ്യ കിരണങ്ങളും ദൃശ്യമാണ്. അറബി സാഹിത്യരംഗം അധഃപതനത്തിലേക്ക് മൂക്കുകുത്താന്‍ തുടങ്ങിയ കാലഘട്ടത്തില്‍ പിറന്നുവീണ അദ്ദേഹം, പിന്നീട് 700 വര്‍ഷങ്ങള്‍ക്കിപ്പുറം അറബി സാഹിത്യം നവോത്ഥാനം പ്രാപിച്ച കാലത്ത് വെളിച്ചം കണ്ട കൃതികളിലെ വായനാക്ഷമതയും ഭാഷാ സൗകുമാര്യവും അനുവാചകരെ പുസ്തകത്തിലേക്കടുപ്പിക്കുന്ന തന്ത്രങ്ങളും ധാരാളമായി വെളിച്ചപ്പെട്ടു നില്‍ക്കുന്ന ഒരു പറ്റം കൃതികളുടെ രചനാ നിര്‍വഹണത്തിലൂടെ ആധുനികനെന്ന വിശേഷണത്തിന് അര്‍ഹമാകുന്നതായും കാണാം. അത്തരമൊരു അന്വേഷണമാണ് ഈ ലേഖനം ലക്ഷ്യമിടുന്നത്. ഈ ലേഖനം രണ്ട് ഖണ്ഡങ്ങളായാണ് സംവിധാനിച്ചിരിക്കുന്നത്. ആധുനികനെന്ന വിശേഷണം ഇമാം ഗസാലി അര്‍ഹിക്കുന്നതെന്തുകൊണ്ടെന്ന അന്വേഷണം ഉള്‍ക്കൊള്ളുന്ന പ്രഥമ ഖണ്ഡവും ആധുനികനായി അംഗീകരിക്കപ്പെട്ടതിന്റെ അടയാളങ്ങള്‍ തേടുന്ന ദ്വിതീയ ഖണ്ഡവും.

പ്രഥമ  ഖണ്ഡം: ആധുനികനാകാനുള്ള ന്യായങ്ങള്‍
1. ശാസ്ത്രാവബോധവും വിഷയാധിഷ്ഠിതത്വവും.
പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളുടെ ശാസ്ത്രീയാപഗ്രഥനവും ഖുര്‍ആനികാശയങ്ങളുടെ ഉപോല്‍ബലകമായി അവയെ അവതരിപ്പിക്കാനുള്ള യത്‌നവും ഇമാം ഗസാലിക്ക് മുമ്പ് ആരും നിര്‍വഹിച്ചതായി കാണുന്നില്ല. അല്‍ഹിക്മത്തു ഫീ മഖ്‌ലൂഖാത്തില്ലാഹി (ദൈവസൃഷ്ടികളിലെ യുക്തി) എന്ന കൃതിയില്‍ ഇമാം ഗസാലി ശ്രമിക്കുന്നത്, അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളായി ഖുര്‍ആന്‍ എടുത്തുപറയുന്ന സൃഷ്ടികളുടെ ദൃഷ്ടാന്തപരത ശാസ്ത്രീയമായും ചിന്താപരമായും വെളിച്ചത്തുകൊണ്ടുവരാനാണ്. ആകാശം, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഭൂമി, സമുദ്രം, ജലം, വായു, അഗ്നി, മനുഷ്യന്‍, പക്ഷിമൃഗാദികള്‍, പ്രാണികളും ഷഡ്പദങ്ങളും, മത്സ്യങ്ങള്‍, സസ്യലതാദികള്‍ എന്നീ സൃഷ്ടികള്‍ അവയുടെ സ്രഷ്ടാവിലേക്ക് ചൂണ്ടുന്നതെങ്ങനെയെന്ന ശാസ്ത്രീയാപഗ്രഥനമാണ് ആ കൃതി.ഇരുപത്തൊന്നാം നൂറ്റാണ്ടാകുമ്പോഴേക്ക് മാനവരാശി കൈവരിച്ച ശാസ്ത്രാവബോധവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാലപാഠമായും ഉപരിപ്ലവമായും അനുഭവപ്പെട്ടേക്കാമെങ്കിലും ശാസ്ത്രീയമായി സ്ഥാപിതമാകുന്ന ഏതൊരു യാഥാര്‍ഥ്യത്തെയും ഉള്‍ക്കൊള്ളാനും ഖുര്‍ആനികാശയങ്ങളുമായി ഒത്തുനോക്കാനുമുള്ള അടിത്തറ ആ കൃതിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് നിസ്സംശയം പറയാം. അതുതന്നെയാണ് ആ കൃതിയുടെ കാലാതിവര്‍ത്തിത്വത്തിനുള്ള നിദര്‍ശനവും.
ഒരു വേദഗ്രന്ഥത്തിലെയോ സാധാരണ കൃതിയിലെയോ പ്രതിപാദ്യങ്ങളെ വിഷയാധിഷ്ഠിതമായി സമീപിക്കുകയെന്നതും ആധുനിക പ്രവണതയാണ്. ഒരു ഗ്രന്ഥത്തെ ഒറ്റ ഏകക(unit)മായെടുത്ത് സാകല്യേന സമീപിക്കുകയെന്നതായിരുന്നു പൗരാണിക-ക്ലാസിക്കല്‍ കൃതികളുടെ രീതി. ഖുര്‍ആന്‍ വ്യാഖ്യാന കൃതികളില്‍ മേല്‍പ്പടി ഇരു സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ തഫ്‌സീര്‍ നസ്സ്വിയ്യ് (Textual interpretation), തഫ്‌സീര്‍ മൗളൂഇയ്യ് (subjectwise interpretation) എന്നിങ്ങനെ രണ്ടിനങ്ങള്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. അവയില്‍ ആദ്യത്തേത് പൗരാണിക/ സാമ്പ്രദായിക സമീപനവും രണ്ടാമത്തേത് ആധുനികവും കൂടുതല്‍ ഉപകാരപ്രദവുമായ സമീപനവുമാണ്. വിഷയാധിഷ്ഠിത ഖുര്‍ആന്‍ വ്യാഖ്യാന കൃതികളുടെ ചരിത്രം കൈകാര്യം ചെയ്യുന്ന കൃതികളിലൊന്നും ഇമാം ഗസ്സാലിക്ക് മുമ്പ്, അത്തരം വ്യാഖ്യാനകൃതികള്‍ പുറത്തുവന്നതായി പരാമര്‍ശമില്ലെന്നത് നമ്മുടെ നിലപാടിന് സാധൂകരണമായി കണക്കാക്കാം. എന്നാല്‍, ഇമാം ഗസാലിയുടെ 'ജവാഹിറുല്‍ ഖുര്‍ആന്‍ വ ദുററുഹു' (ഖുര്‍ആനിലെ മുത്തുകളും രത്‌നങ്ങളും) എന്ന ഗ്രന്ഥമാകട്ടെ, പൗരാണിക ശൈലി നിലനിര്‍ത്തി വിഷയം കൈകാര്യം ചെയ്യുന്നു. ഇങ്ങനെ ഒരേസമയം പൗരാണിക-ആധുനിക ഭാവങ്ങള്‍ പ്രകടിപ്പിച്ച ഗ്രന്ഥകാരനായിരുന്നു ഇമാം ഗസാലി.
2. കൃതികളുടെ നാമകരണവും ഉള്ളടക്കവും.
ഇമാം ഗസാലിയെ ആധുനികനെന്ന് വിശേഷിപ്പിക്കുമ്പോള്‍ അതിന് സാധൂകരണം നല്‍കുന്ന പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ് കൃതികളുടെ നാമകരണത്തിലും ഉള്ളടക്കത്തിലും അദ്ദേഹം ദീക്ഷിച്ച സൂക്ഷ്മതയും നവീനതയും. ഖുര്‍ആന്‍-ഹദീസ് വ്യാഖ്യാനങ്ങള്‍, ഇസ്‌ലാമിക ചരിത്രം, കര്‍മശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളില്‍ ഗസാലിയുടെ കാലംവരെ വിരചിതമായ ഒട്ടുമിക്ക ഗ്രന്ഥങ്ങളുടെയും നാമങ്ങള്‍ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ ദ്യോതിപ്പിക്കാത്തതോ ഗ്രന്ഥകാരനിലേക്ക് ചേര്‍ത്തുപറയപ്പെട്ടതോ ആയിരുന്നു. ഇബ്‌നുസീനയുടെ കിതാബുശ്ശിഫാ ഉദാഹരണം. ഇബ്‌നുസീനയെന്ന ഭിഷഗ്വര പ്രമുഖന്റെ പേരും ശിഫാ (രോഗശാന്തി)യെന്ന ഗ്രന്ഥനാമവും കേള്‍ക്കുന്ന മാത്രയില്‍ അന്തരംഗത്തേക്ക് ഓടിയെത്തുക ഇബ്‌നുസീന രചിച്ച വൈദ്യശാസ്ത്ര കൃതിയായിരിക്കും അതെന്ന ചിന്തയാണ്. എന്നാല്‍, പ്രസ്തുത ഗ്രന്ഥം അദ്ദേഹത്തിന്റെ എണ്ണംപറഞ്ഞ തത്ത്വശാസ്ത്ര കൃതിയാണെന്നതാണ് യാഥാര്‍ഥ്യം. ഈ പാരമ്പര്യത്തില്‍ നിന്ന് ഭിന്നമായി, ഇമാം ഗസാലിയുടെ മിക്ക കൃതികളുടെയും നാമങ്ങള്‍ നേര്‍ക്കുനേരെ ഉള്ളടക്കത്തെ സൂചിപ്പിക്കുന്നത് കാണാം. തഹാഫതുല്‍ ഫലാസിഫ (തത്ത്വജ്ഞാനികളുടെ ചേര്‍ച്ചക്കേട്), ഇഹ്‌യാ ഉലൂമിദ്ദീന്‍ (ദീനീ വിജ്ഞാനങ്ങളുടെ പുനരുജ്ജീവനം), അല്‍ ഹിക്മത്തു ഫീ മഖ്‌ലൂഖാതില്ലാഹി (ദൈവസൃഷ്ടികളിലെ യുക്തി), ബിദായത്തുല്‍ ഹിദാ (സന്മാര്‍ഗ ലബ്ധിയുടെ പ്രാരംഭം), മആരിജുല്‍ ഖുദ്‌സ് ഫീ മദാരിജി മഅ്‌രിഫത്തിനഫ്‌സ് (ആത്മീയ ജ്ഞാനത്തിന്റെ വഴിയിലെ വിശുദ്ധിയുടെ ഏണിപ്പടികള്‍) എന്നിവ ഉദാഹരണം. എന്നാല്‍, കീമിയാഉ സ്സആദ (സൗഭാഗ്യത്തിന്റെ രസതന്ത്രം) എന്ന ഗ്രന്ഥനാമം ആധുനികതയും കവിത്വവും സാഹിത്യപരതയുമൊക്കെ തുളുമ്പിനില്‍ക്കുന്ന ഒന്നാണ്. കലാബോധമില്ലാത്ത ആധുനികനായ എഴുത്തുകാരന്‍ മേല്‍കൃതിക്ക് ശുറൂത്വുസ്സആദ (സൗഭാഗ്യത്തിന്റെ നിബന്ധനകള്‍) എന്നേ നാമകരണം ചെയ്യൂ. രാഷ്ട്രീയം (politics), രസതന്ത്രം (alchemy/chemistry) പോലുള്ള പദങ്ങള്‍ ആലങ്കാരികാര്‍ഥത്തില്‍ ലേഖന/പുസ്തക ശീര്‍ഷകങ്ങളായും വാചകങ്ങള്‍ക്കിടയിലും പ്രയോഗിക്കപ്പെടുന്നത് തീര്‍ത്തും ആധുനികമായ പ്രവണതയാണ്. ഏതാണ്ട് ഒരു സഹസ്രാബ്ദം മുമ്പുതന്നെ ഇത്തരം പുതുമകള്‍ക്ക് പ്രോദ്ഘാടനംകുറിച്ച ഇമാം ഗസാലി തന്റെ സമകാലികരെ ബഹുദൂരം പിറകിലാക്കിക്കളഞ്ഞു.
3. പുത്തന്‍ പദപ്രയോഗങ്ങള്‍
ഗ്രന്ഥനാമകരണത്തില്‍ കൃത്യമായ ആധുനികതാ പ്രവണത പ്രകടിപ്പിച്ച ഇമാം ഗസാലിയുടെ കൃതികളിലൂടെ കണ്ണോടിച്ചാല്‍, അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് പ്രയോഗത്തിലില്ലാതിരുന്നതും എന്നാല്‍ പില്‍ക്കാലത്ത് പ്രചുര പ്രചാരം നേടിയതുമായ ചില ശൈലികളും പദങ്ങളും നമുക്ക് കണ്ടെത്താന്‍ സാധിക്കും. അത്തരം ചില പദപ്രയോഗങ്ങളുടെ അപഗ്രഥനമാണ് ചുവടെ.
1. സഫ്‌സത്വ (sophistry)
മിഅ്‌റാജുസ്സാലികീന്‍ എന്ന കൃതിയില്‍ ഗ്രീക്ക് തത്ത്വചിന്തയെക്കുറിച്ച പരാമര്‍ശത്തിനിടയിലാണ് സഫ്‌സത്വ പ്രയോഗിക്കപ്പെട്ടത്.1  Plausible but fallacious argumentation, subtle but unsoud or fallacious reasoning എന്നെല്ലാമുള്ള നിര്‍വചനങ്ങളാണ് ഇംഗ്ലീഷ് നിഘണ്ടുക്കളില്‍ അതിന് കൊടുത്തു കാണുന്നത്. യുക്തിപരമെന്ന് തോന്നിപ്പിക്കുന്ന മിഥ്യാധിഷ്ഠിത വാദഗതി, നിഗൂഢവും എന്നാല്‍ ആഴം കുറഞ്ഞതുമായ മിഥ്യാധിഷ്ഠിത യുക്തിചിന്ത എന്നു മലയാളം. sophistry എന്ന് ഒറ്റവാക്കില്‍ മൊഴിമാറ്റം ചെയ്യപ്പെടുന്ന സഫ്‌സത്വ ലോജിക്കുമായി ബന്ധപ്പെട്ട ഏറെ അര്‍ഥതലങ്ങളുള്ള സംജ്ഞയായി പിന്നീട് മാറി. എന്നാല്‍ ഈ പദത്തിന്റെ നിര്‍മിതിയിലുമുണ്ട് ശ്രദ്ധേയമായ ഒരു ആധുനികത. സാമ്പ്രദായിക രീതിയില്‍ അറബിഭാഷാ പഠനം നിര്‍വഹിച്ചവര്‍ക്ക് അടിസ്ഥാനാക്ഷരങ്ങള്‍ നാലെണ്ണമുള്ള അറബി ക്രിയാപദങ്ങള്‍ (ഫിഅ്ല്‍ റുബാഈ- ചതുരാക്ഷര ക്രിയകള്‍) അംഗുലീ പരിമിതമായേ അനുഭവപ്പെടൂ. എന്നാല്‍, ആധുനിക കാലത്ത് പുതുതായി രൂപപ്പെട്ടുവരുന്ന ആശയങ്ങള്‍ പ്രകാശിപ്പിക്കാന്‍  ഏറ്റവും പ്രയോജനപ്പെടുന്നത് ചതുരാക്ഷര ക്രിയകളാണ്.  ഔലമഃ (globalisation), അസ്‌ലമഃ (Islamization), ഹൗറഫഃ (transliteration) തുടങ്ങിയവ ഉദാഹരണം. ഈയൊരു ആധുനിക പ്രവണതയുടെ ആദ്യ ചുവടായി സഫ്‌സത്വയെ കാണാവുന്നതാണ്. അറബിഭാഷ ആധുനികലോകത്ത് അതിജീവിക്കുന്നതും ഇംഗ്ലീഷ്, ഫ്രഞ്ച് പോലുള്ള ആധുനിക ഭാഷകളോട് കിടപിടിക്കുന്നതും ഈ കവാടം തുറന്നു വെച്ചതിലൂടെയാണെന്ന് നിസ്സംശയം പറയാം.
2 ഇസ്‌ലാമിയ്യൂന്‍ (Islamists)
ഇമാം ഗസാലിയുടെ ആധുനിക ചായ്‌വ് വെളിപ്പെടുന്ന മറ്റൊരു പ്രയോഗമാണിത്. അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ എഴുത്തുകളില്‍ വന്നിട്ടില്ലാത്തതും എന്നാല്‍ ഗ്രന്ഥകര്‍ത്താവ് ഉദ്ദേശിക്കുന്ന ആശയങ്ങള്‍ കണിശമായി പ്രകാശനം ചെയ്യുന്നതുമാണീ പ്രയോഗം. ഇസ്‌ലാം എന്ന ആശയത്തെ പ്രതിനിധീകരിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ മുസ്‌ലിമൂന്‍ എന്ന് പ്രയോഗിക്കാനേ പൗരാണികര്‍ ഒരുമ്പെടുമായിരുന്നുള്ളൂ. മിഅ്‌റാജുസ്സാലികീനില്‍ മനുഷ്യാത്മാവിനെ സംബന്ധിച്ച ചര്‍ച്ചയിലാണ് ഈ പ്രയോഗം വന്നിട്ടുള്ളത്.  (ഇസ്‌ലാമിസ്റ്റുകളും ദൈവിക2  ശരീഅത്തുവാദികളും അഭിപ്രായപ്പെട്ടത് മനുഷ്യാത്മാവ് തുടക്കമുള്ളതും എന്നാല്‍ നശിക്കാന്‍ സാധിക്കാത്തതുമായ ഒരു പുത്തന്‍ സൃഷ്ടിയാണെന്നാണ്). ദൈവിക ശരീഅത്തുവാദികളായ മുസ്‌ലിം തത്ത്വജ്ഞാനികള്‍ എന്ന് പ്രയോഗിച്ചാലും ഇമാം ഉദ്ദേശിച്ച ആശയം ലഭിക്കുമായിരുന്നെങ്കിലും ഇമാം ഗസാലിയുടെ ആധുനിക ഭാവം അവിടെ പ്രകടമാകുമായിരുന്നില്ല. മുസ്‌ലിംകള്‍, ഇസ്‌ലാമിസ്റ്റുകള്‍ (ഇസ്‌ലാമിയ്യൂന്‍) എന്നീ രണ്ട് പദങ്ങള്‍ ഇന്ന് വ്യത്യസ്ത ആശയങ്ങളെ പ്രകാശനം ചെയ്യുന്നു. ഇസ്‌ലാമികാദര്‍ശത്തെ അംഗീകരിക്കുന്നവര്‍ മുസ്‌ലിംകളായും അതിന്റെ സംസ്ഥാപനത്തിനായി കര്‍മഗോദയിലിറങ്ങിയവര്‍ ഇസ്‌ലാമിസ്റ്റുകളായും ഇന്ന് വ്യവഹരിക്കപ്പെടുന്നു. ക്രിയാധാതു(മസ്വ്ദര്‍)വിലേക്ക് യാഅ് എന്ന അക്ഷരത്തെ ചേര്‍ത്ത് (നിസ്ബഃ) കര്‍തൃപദങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന നവീന രീതിക്ക് ധാരാളം ഉദാഹരണങ്ങള്‍ ആധുനിക അറബിഭാഷയില്‍ കണ്ടെത്താനാകും. ചാവേറ് (ഫിദാഇ+യ്യ്), ഭീകരവാദി (ഇര്‍ഹാബി+യ്യ്), സോഷ്യലിസ്റ്റ് (ഇശ്തിറാകി+യ്യ്) തുടങ്ങിയവ ഉദാഹരണം
3. മുവാസിയ (Parellel)
മനുഷ്യാത്മാവിനെ സംബന്ധിച്ച ചര്‍ച്ചയിലാണ് ഇമാം ഗസ്സാലി മുവാസിയ എന്ന പദവും പ്രയോഗിച്ചുകാണുന്നത്. (ബൃഹത്തായ പ്രപഞ്ചത്തി3ന്റെ ആത്മാവിന് സമാന്തരമായ(മുവാസിയ) കൊച്ചുആത്മാവാണ് മനുഷ്യന്റെ ആത്മാവ്). ഒരേസമയം യോജിപ്പിനെയും വിയോജിപ്പിനെയും കുറിക്കുന്ന സംജ്ഞയാണ് സമാന്തരം എന്നത്. കണിശമായ നിലപാട് സ്വീകരിച്ച് ഒരിക്കലും സംഗമിക്കാതെ മുന്നോട്ടുപോകുന്ന രണ്ടു സംഗതികളെ സമാന്തരം എന്ന് വിശേഷിപ്പിക്കും. അതേപോലെ, സമാന സ്വഭാവം നിലനിര്‍ത്തി, പരസ്പരം ഏറ്റുമുട്ടാതെ മുന്നോട്ടുപോകുന്ന രണ്ട് സംഗതികളെയും സമാന്തരം എന്ന് വിശേഷിപ്പിക്കാം. ഇങ്ങനെ ഒരേസമയം ചേര്‍ച്ചയും ചേര്‍ച്ചക്കേടും സംഗമിക്കുന്ന ആശയത്തെ പ്രകാശിപ്പിക്കാനാണ് മുവാസിയ (Parellel) ഉപയോഗിക്കുക. ഈ പദപ്രയോഗവും തികച്ചും ആധുനികമായ ഒന്നാണ്. മനുഷ്യാത്മാവിനെയും പ്രപഞ്ചാത്മാവിനെയും ബന്ധപ്പെടുത്തി സംസാരിക്കുമ്പോള്‍ അവ രണ്ടും സമാനമാണെന്നോ വിഭിന്നമാണെന്നോ പറയാന്‍ വയ്യെന്നിരിക്കെ അവ സമാന്തരങ്ങളാണെന്ന് പദപ്രയോഗത്തില്‍ കൃത്യതയും സൂക്ഷ്മതയും ദര്‍ശിക്കാം. ഇമാം ഗസാലിയുടെ ആധുനികഭാവം ഒന്നുകൂടി സ്പഷ്ടമാക്കുകയാണിവിടെ. ഇമാം ഗസാലിയെ ആധുനികനായി ഗണിക്കാന്‍ ഉതകുന്ന പദാവലികള്‍ ഇനിയുമുണ്ട്. തത്ത്വചിന്ത കൈകാര്യം ചെയ്യുന്ന വേളയിലാണ് അദ്ദേഹം നവീന ആശയങ്ങള്‍ പ്രകാശിപ്പിക്കുന്ന പദങ്ങള്‍ പ്രയോഗിക്കുന്നത്. ഒരു പുതിയ അറിവ്/കലാസൃഷ്ടി/സംഭവം അനുവാചകരിലോ പ്രേക്ഷകരിലോ ഉണ്ടാക്കുന്ന ആദ്യപ്രതികരണം എന്ന ആശയത്തെ ദ്യോതിപ്പിക്കുന്ന ഇന്‍ഫിആല്‍ (reaction) അവയുടെ തുടര്‍ പ്രതിഫലനങ്ങളെ സൂചിപ്പിക്കുന്ന ഇന്‍തിബാഅ് (impression) തുടങ്ങിയ പ്രയോഗങ്ങള്‍ പില്‍ക്കാലത്ത് സാഹിത്യനിരൂപണ മേഖലയിലെ സാങ്കേതിക സംജ്ഞകളായി സ്വീകരിക്കപ്പെട്ടു. ഇമാം ഗസാലി പ്രയോഗിച്ച സാങ്കേതിക പദങ്ങളുടെ ഒരു നിഘണ്ടുതന്നെ Essai Sur Le Lexique De Ghazali (രചന: Farid Jabre) എന്ന പേരില്‍ ഫ്രഞ്ചു ഭാഷയില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട് എന്നതു മാത്രം മതി ഇമാം ഗസാലിയുടെ സൃഷ്ടിപരതയും നൂറ്റാണ്ടുകള്‍ക്ക് മുന്നിലേക്ക് ചിന്തിക്കാനുള്ള സിദ്ധിവിശേഷവും ബോധ്യപ്പെടാന്‍.
4. വിഷയാവതരണ ശൈലി
പൗരാണിക കാലത്ത് വിരചിതമായ അറബി ഗ്രന്ഥങ്ങളുടെ പൊതുസ്വഭാവം അവ അനിവാര്യമല്ലാത്ത, എന്നാല്‍ അറബി അലങ്കാര ശാസ്ത്രജ്ഞാനികള്‍ക്ക് ആസ്വാദ്യകരമായ പ്രാസവ്യവസ്ഥകളാല്‍ ബന്ധിതമായിരുന്നു എന്നതത്രെ. പദപ്രയോഗപരമായ ചമത്കാരങ്ങള്‍ക്കും ശ്രവണ സുഖത്തിനും അവ ഊന്നല്‍ നല്‍കി. ഈ സമീപനം, ഉപേക്ഷിക്കാവുന്ന പദങ്ങളെ ഉള്‍പ്പെടുത്താനും അതുമൂലം ഉള്ളടക്കം ഇരുവശങ്ങളിലൂടെയും കവിഞ്ഞു സഞ്ചരിക്കാനും ഇടയാക്കും. എന്നാല്‍, ആധുനിക കാലത്തേക്കു വരുമ്പോള്‍ പൗരാണികരുടെ ഗ്രന്ഥരചനാ തന്ത്രങ്ങളില്‍ പുറംമോടിക്കു നല്‍കിയിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടുപോവുകയും ഉള്ളടക്കത്തില്‍ വര്‍ധിച്ച ഊന്നല്‍ പ്രകടമാവുകയും ചെയ്തു. അതേസമയം, പൗരാണികരില്‍ തന്നെ ഗദ്യരചനയില്‍ അന്ത്യപ്രാസത്തിന് ഊന്നല്‍ നല്‍കിയതോടൊപ്പം ഉള്ളടക്കം കാടുകയറിപ്പോകാതെ ശ്രദ്ധിച്ച ജ്ഞാനപ്രഭുക്കളും ഉണ്ടായിരുന്നു. 'കിതാബുല്‍ ഇബര്‍' എന്ന തന്റെ ചരിത്ര ഗ്രന്ഥ വ്യൂഹത്തിന് ആമുഖം (മുഖദ്ദിമഃ) രചിച്ച അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഖല്‍ദൂന്റെ രചനാശൈലി അത്തരത്തിലുള്ളതായിരുന്നു. ഇമാം ഗസാലിക്കു ശേഷം 200-ലധികം വര്‍ഷം പിന്നിട്ട് ഭൂജാതനായ അദ്ദേഹം ഗ്രന്ഥരചനയില്‍ പൗരാണികശൈലിയെ ആശ്രയിച്ചപ്പോള്‍ ഗസാലി, ആ പൗരാണിക ചട്ടക്കൂടിനെ ഭേദിച്ച് ആശയ ഉള്ളടക്ക പ്രധാനമായ രചനാശൈലി മുറുകെപിടിച്ചു. അദ്ദേഹത്തിന്റെ മിക്ക കൃതികളും പുറംമോടിയെ അവഗണിച്ച് ഉള്ളടക്കത്തിലൂന്നി വിരചിതമായവയാണ്. ഇക്കാരണം കൊണ്ടാവാം, മുമ്പെന്നത്തേക്കാളുമുപരിയായി പൗരസ്ത്യ പാശ്ചാത്യ ഭേദമന്യേ വായനാവൃത്തങ്ങളിലെല്ലാം അദ്ദേഹം ഇന്നും സ്വീകരിക്കപ്പെടുന്നത്.

ദ്വിതീയ ഖണ്ഡം: ആധുനികനായതിന്റെ സാക്ഷ്യങ്ങള്‍
പ്രഥമ ഖണ്ഡത്തില്‍ പറഞ്ഞ ന്യായങ്ങളെ ആസ്പദിച്ച് ഇമാം ഗസാലിയെ പുതുലോകം സ്വീകരിച്ചതിന്റെയും ആധുനികനെന്ന വിശേഷണം അദ്ദേഹത്തില്‍ സഫലമായതിന്റെയും ലഘുവിവരണമാണിനി.
1. കൃതി മൊഴിമാറ്റങ്ങള്‍
ഇസ്‌ലാമിക ചരിത്രത്തിലെ പ്രതിഭാശാലികളായ എഴുത്തുകാരില്‍ ഗ്രന്ഥങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടവരുടെ കണക്കെടുക്കുമ്പോള്‍ ഇമാം ഗസാലി തന്നെയാണ് മുന്നില്‍ വരുന്നത്. ഖുര്‍ആന്‍-ഹദീസ് വ്യാഖ്യാനഗ്രന്ഥങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഇമാം ഗസാലിയുടെ പൂര്‍വികരില്‍ മൊഴിമാറ്റ ഭാഗ്യം ലഭിച്ച കൃതികള്‍ രചിച്ചവര്‍ അംഗുലീപരിമിതമാണെന്നു പറയാം. മുഅല്ലഖ പോലുള്ളഏതാനും കവിതകള്‍, അലിയ്യുബ്‌നു അബീത്വാലിബിന്റെ പ്രഭാഷണ ശേഖരമായ നഹ്ജുല്‍ ബലാഗ, അബുല്‍ അലാ അല്‍ മഅര്‍റി പോലുള്ള തത്ത്വജ്ഞാനികളായ കവികളുടെ ഏതാനും കാവ്യ സൃഷ്ടികള്‍,തത്ത്വജ്ഞാനിയും ഭിഷഗ്വരനുമായിരുന്ന ഇബ്‌നു സീനയുടെ അല്‍ഖാനൂനു ഫിത്ത്വിബ്ബ്... ഇതര ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട് പുതിയ വായനാ സമൂഹത്തിന്റെ കൈകളാല്‍ ഏറ്റുവാങ്ങപ്പെടാന്‍ ഭാഗ്യം ലഭിച്ച കൃതികള്‍ പൗരാണിക അറബി ഗ്രന്ഥശേഖരങ്ങളില്‍ അധികമില്ല. എന്നാല്‍,ഈ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് ആധുനിക ലോകത്ത് ഇമാം ഗസാലി മുന്നേറിക്കൊണ്ടിരിക്കുന്നത്. ആ തൂലികയില്‍ നിന്നുതിര്‍ന്നു വീണ് ഗ്രന്ഥരൂപം പ്രാപിച്ചവയില്‍ മൊഴിമാറ്റവിധേയമാവാത്തവയുടെ കണക്കെടുക്കലായിരിക്കും ലളിതമെന്ന് തോന്നുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ പാശ്ചാത്യ ലോക ഭാഷകള്‍ മുതല്‍ മലായ്, ഇന്തോനേഷ്യന്‍ വരെയുള്ള വിദൂര പൗരസ്ത്യ ഭാഷകള്‍ വരെ അദ്ദേഹത്തിന്റെ കൃതി ഭാഷാന്തരം ചെയ്യപ്പെട്ട് ചെന്നെത്തി. അതില്‍ തന്നെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടാത്ത ഗസാലീകൃതികള്‍ ഇല്ലെന്നുതന്നെ പറയാം. ഗ്രന്ഥരചനാവേളയില്‍ ഇമാം ദീക്ഷിച്ച ചില നിഷ്ഠകളായിരിക്കാം ആധുനിക സമൂഹത്തിന് അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്. തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ പുരോഗമനപരത, സമകാലികരില്‍നിന്ന് ഭിന്നമായി ഭാഷാ സൗകുമാര്യത്തേക്കാള്‍ ഉള്ളടക്ക പ്രധാനമായി ഗ്രന്ഥരചന നിര്‍വഹിക്കണമെന്ന ശാഠ്യം, വിഷയപരമായ വൈവിധ്യവും സമഗ്രതയും തുടങ്ങിയ നിഷ്ഠകള്‍ ഇമാം പാലിച്ചിരുന്നതായി അദ്ദേഹത്തിന്റെ കൃതികളിലൂടെ പ്രയാണം നടത്തുന്ന ആര്‍ക്കും ബോധ്യപ്പെടും. അതിനെല്ലാം പുറമെ, കൈവെച്ച വിഷയങ്ങളുടെ ആധുനിക പ്രസക്തി എന്ന സവിശേഷതയാണ് ഇത്രയധികം സ്വീകാര്യത അദ്ദേഹത്തിന് നേടിക്കൊടുത്തത്. നാല് മദ്ഹബ് ഇമാമുമാര്‍, അബൂ ഉസ്മാന്‍ അംറ് ബ്‌നു ബഹ്ര്‍ അല്‍ ജാഹിള് തുടങ്ങിയ ഗദ്യസാഹിത്യ പടുക്കള്‍, കവിതാസ്വാദക സമൂഹത്തെ ഹഠാദാകര്‍ഷിക്കുന്ന ഒരുപറ്റം കവികള്‍- ഇവരെല്ലാം അറബിയില്‍ മാത്രം വായിക്കപ്പെട്ടവരായിരുന്നു എന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തി വേണം ഇമാം ഗസാലിയുടെ വലിപ്പം നമ്മള്‍ വിലയിരുത്താന്‍. കേവലമായ അനുഷ്ഠാന ചട്ടങ്ങളും കര്‍മശാസ്ത്ര വിധികളും കൈകാര്യം ചെയ്യാന്‍ വേണ്ടി രചിക്കപ്പെട്ട കൃതികള്‍ ഭൂരിഭാഗവും കര്‍മശാസ്ത്രജ്ഞരുടെ സ്വദേശത്തെ സാമൂഹിക-രാഷ്ട്രീയ-വിശ്വാസ സാഹചര്യങ്ങളാല്‍ ബന്ധിതമായിരുന്നു. അതിനാല്‍ത്തന്നെ, അവക്ക് കാലാതിവര്‍ത്തിയായി ആധുനിക തലമുറയെ സ്വാധീനിക്കാന്‍ കഴിയുമായിരുന്നില്ല. അറബിയിലെ ക്ലാസിക്കല്‍ ഗദ്യ-കാവ്യ കൃതികളാകട്ടെ, ഉള്ളടക്കത്തിലും ഉപമാലങ്കാരങ്ങളിലും പൗരാണികത്വത്തില്‍ ആണ്ടു കിടന്നു. ഇക്കാരണങ്ങള്‍ കൊണ്ടാകാം, ആധുനിക സമൂഹത്തിന് സംവേദ്യമാകുന്ന മറ്റൊരു ഭാഷയുടെ മതില്‍കെട്ട് കടക്കാന്‍ അവക്ക് കഴിയാതെ പോയത്. മേല്‍പറഞ്ഞ ഗദ്യ-കാവ്യ രചനകളുടെ മൂല്യം കുറച്ചുകാണിച്ചുകൊണ്ടല്ല ഇത് പറയുന്നത്. അറബി ഭാഷയെ അതിന്റെ ആഴങ്ങളില്‍ ആവാഹിച്ച ഒരു വായനക്കാരനെ സംബന്ധിച്ചേടത്തോളം അവനെ വേണ്ടുവോളം ആസ്വദിപ്പിക്കാനാവശ്യമായ കോപ്പുകള്‍ അവയിലെല്ലാമുണ്ട്. എന്നാല്‍, ഇമാം ഗസാലി ആധുനിക ഭാഷകളുടെ വന്‍മതിലുകള്‍ താണ്ടി അനുവാചക ഹൃദയങ്ങളിലേക്ക് ചെന്നെത്തിയതിന്റെ മഹത്വം ബോധ്യപ്പെടണമെങ്കില്‍ ഇങ്ങനെയൊരു താരതമ്യം കൂടിയേ തീരൂ.
2. ഗവേഷണ വിഷയം
ആധുനിക ലോകത്തെ ഇമാം ഗസാലിയുടെ സാന്നിധ്യം പണ്ടെന്നോ കൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടു എന്നതില്‍ ഒതുങ്ങുന്നില്ല. ഇന്നും അദ്ദേഹത്തിന്റെ കൃതികള്‍ക്ക് വിവിധ പ്രാദേശിക ഭാഷകളില്‍ മൊഴിമാറ്റം പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നതിലും അത് പരിമിതപ്പെടുന്നില്ല. മറിച്ച് ഇന്ന് പൗരസ്ത്യ-പാശ്ചാത്യ ഭേദമന്യേ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണ പ്രക്രിയകളിലെ സജീവ സാന്നിധ്യമാണ് ഇമാം ഗസാലിയുടെ ബൗദ്ധിക സംഭാവനകള്‍.ലോകത്ത് ഇതിനകം നടന്ന 200-ലധികം ഡോക്ടറേറ്റ് ഗവേഷണങ്ങളും 20-ല്‍ പരം മാസ്റ്റേഴ്‌സ് ഡിസര്‍ട്ടേഷനുകളും ഇമാം ഗസാലിയുടെ ചിന്തകളെ അപഗ്രഥിച്ചും വ്യാഖ്യാനിച്ചും കൊണ്ടുള്ളവയായിരുന്നു എന്ന വസ്തുത മാത്രം മതി ആധുനിക അക്കാദമിക ലോകം ഇമാം ഗസാലിയെ എത്ര ഉന്നതിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നു ബോധ്യപ്പെടാന്‍. ഇസ്‌ലാമിക ചരിത്രത്തില്‍ എന്നല്ല, ലോക ചരിത്രത്തില്‍ തന്നെ ഒരു പൗരാണിക പ്രതിഭ ഇത്രയധികം പഠന-മനനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടാവില്ല. ഗസാലി കൃതികളിലെ സദാചാര സംഹിത, തത്ത്വചിന്ത, മൂല്യവ്യവസ്ഥ, യോഗാത്മകവാദം, വൈവാഹിക നിയമങ്ങള്‍, അതിഭൗതികത, ആത്മീയത, യുക്തിചിന്ത, രാഷ്ട്ര മീമാംസ, വിദ്യാഭ്യാസ ചിന്ത, ജ്ഞാനവ്യവസ്ഥ, തര്‍ക്കശാസ്ത്രം തുടങ്ങി ഡോക്ടറേറ്റ് ഗവേഷണങ്ങള്‍ക്ക് വിഷയമാകാതെ ഒന്നും വിട്ടുപോയിട്ടില്ലെന്നു പറയാം.

കുറിപ്പുകള്‍
1. മിഅ്‌റാജു സ്സാലികീന്‍, പേജ് 4
2. അതേ പുസ്തകം, പേജ് 36
3. അതേ പുസ്തകം, പേജ് 48

അവലംബ കൃതികള്‍:
1. ഇമാം ഗസാലി, അഅ്‌ലാമുല്‍ മുസ്‌ലിമീന്‍ പരമ്പര: 43
by സ്വാലിഹ് അഹ്മദ് അശ്ശാമി, ദാറുല്‍ ഖലം, ദിമിശ്ഖ് 1992
2. അല്‍ ഹിക്മത്തു ഫീ മഖ്‌ലൂഖാതില്ലാഹി
by ഇമാം ഗസാലി, ദാറുല്‍ ഇഹ്‌യാഇല്‍ ഉലൂം, ബെയ്‌റൂത്ത്, 1978
3. അള്ളാഹിറതുല്‍ ജമാലിയ്യ: ബയ്‌ന ഇബ്‌നി ഹസ്മ് വ അബീ ഹാമിദില്‍ ഗസാലി. മാസ്റ്റേഴ്‌സ് ഡിസ്സര്‍ട്ടേഷന്‍
by ഹാജീ മുബാറക്: അല്‍ ജസാഇര്‍ യൂനിവേഴ്‌സിറ്റി
4. ബിദായത്തുല്‍ ഹിദായ:
by ഇമാം ഗസാലി, മക്തബതുല്‍ മദ്ബൂലി, കെയ്‌റോ 1993
5. ഫറാഇദുല്ലആലിഅ് മിന്‍ റസാഇലില്‍ ഗസാലി
6. മിശ്കാത്തുല്‍ അന്‍വാര്‍, by ഇമാം ഗസാലി, അല്‍ മക്തബതുല്‍ അറബിയ്യ, ഈജിപ്ത് 1964
7. മആരിജുല്‍ ഖുദ്‌സ് ഫീ മദാരിജി മഅ്‌രിഫത്തിന്നഫ്‌സ്
by ഇമാം ഗസാലി, ദാറുല്‍ കുതുബില്‍ ഇല്‍മിയ്യ, ലബനാന്‍, 1988
8. മവാഇളുല്‍ ഇമാം ഗസാലി
by സ്വാലിഹ് അഹ്മദ് അശ്ശാമി, അല്‍ മക്തബുല്‍ ഇസ്‌ലാമി, ബയ്‌റൂത്ത് 2006
9. മുകാശഫതുല്‍ ഖുലൂബ് by ഇമാം ഗസാലി
10. മിന്‍ഹാജുല്‍ ആബിദീന്‍ by ഇമാം ഗസാലി, മുഅസ്സസതുര്‌രിസാല, ബയ്‌റൂത്ത് 1989
11. ഹദ്‌റാത്തുന്‍ ഫീ ഫിക്‌രില്‍ ഗസാലി
by ഡോ. ആമിര്‍ നജ്ജാര്‍, ശരികത്തുസ്സ്വഫാ, കെയ്‌റോ
12. അല്‍ ആദാബുത്തആമുലിയ്യ ഫീ ഫിക്‌രില്‍ ഇമാം ഗസാലി
by ഡോ. അഹ്മദ് ഖ്വാജ, അല്‍ മുഅസ്സസത്തുല്‍ ജാമിഇയ്യ, ബയ്‌റൂത്ത് 1986
13. അല്‍ ഇഖ്തിസ്വാദു ഫില്‍ ഇഅ്തിഖാദ്
by ഇമാം ഗസാലി, ദാറുഖുതയ്ബ, ദമസ്‌കസ്, 2003
14. അല്‍ ഇമാം ഗസാലി ബയ്‌ന മാദിഹീഹി വ നാഖിദീഹി
by ഡോ. യൂസുഫുല്‍ ഖറദാവി, മുഅസ്സസത്തുര്‍രിസാല, ബയ്‌റൂത്ത് 1994
15. മസ്‌ലകുല്‍ മുനാസബ: ഇന്‍ദല്‍ ഇമാം അല്‍ ഗസാലി വല്‍ ഉസ്വൂലിയ്യീന്‍, മാസ്‌റ്റേഴ്‌സ് ഡിസര്‍ട്ടേഷന്‍
by അയ്മന്‍ മുസ്ത്വഫാ ഹുസൈന്‍ ദബ്ബാഗ്. ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റി, 2000

Comments

Other Post